Home Latest ഭാര്യയെ കുറിച്ച് പറയുമ്പോൾ സ്നേഹത്തള്ളിച്ച കൊണ്ട് ശരത്തിനു വാക്കുകൾ കിട്ടുന്നില്ലായിരുന്നു എന്നത് നിഖിൽ ശ്രദ്ധിച്ചു…

ഭാര്യയെ കുറിച്ച് പറയുമ്പോൾ സ്നേഹത്തള്ളിച്ച കൊണ്ട് ശരത്തിനു വാക്കുകൾ കിട്ടുന്നില്ലായിരുന്നു എന്നത് നിഖിൽ ശ്രദ്ധിച്ചു…

0

കാഴ്ചകൾ തിരുത്തുമ്പോൾ

രചന : അമ്മു സന്തോഷ്

അലീനയുടെ കടും ചുവപ്പു ഷാൾ കാറ്റിൽ വഴുതി മാറിയപ്പോൾ കഴുത്തിൽ തെളിഞ്ഞു കണ്ട നീല ഞരമ്പിൽ നിഖിലിന്റെ കണ്ണുടക്കി .അയാളുടെ ഉള്ളിലൊരു തീപ്പൊരി വീണ പോലെ തോന്നിച്ചു
അലീന ജ്യൂസ് ഗ്ലാസ് നീക്കി വെച്ച് വശ്യമായി മന്ദഹസിച്ചു

“അപ്പോൾ നാളേയ്ക്ക് ഫിക്സ് ചെയ്യാം .എന്റെ ഫ്രണ്ടിന്റെ വീടാണ് അവര് ഇന്ന് രാത്രി ഡൽഹിക്കു പോകും .”

നിഖിൽ മെല്ലെ തലയാട്ടി .ഒന്നിച്ചു കുറച്ചു സമയം ചിലവഴിക്കണമെന്നു അലീന തന്നെയാണയാളോട് പറഞ്ഞത്
അലീനയുടെ രൂപഭംഗി കാണെ അയാൾ ഭാര്യ ലക്ഷ്മിയെ കുറിച്ചോർത്തു പ്രസവം കഴിഞ്ഞു ആകെ തടിച്ച്‌, വസ്ത്രധാരണത്തിൽ ഒരു ശ്രദ്ധയുമില്ലാതെ സദാഎണ്ണ മെഴുക്കു നിറഞ്ഞമുഖവും കൈകളും. . ഒന്ന് ശ്രദ്ധിച്ചാൽ ഇതൊക്കെ മാറ്റാം എന്ന് പലതവണ പറഞ്ഞു . വീട്ടിലെ ജോലിത്തിരക്കും കുഞ്ഞുങ്ങളുടെ കാര്യവും കഴിഞ്ഞു ഒന്നിനും സമയമില്ല എന്ന സ്ഥിരം പല്ലവി കേൾക്കെ മടുപ്പാണ് തോന്നുക . അയാൾ പെട്ടെന്ന് തലകുടഞ്ഞു ആ ഓർമകളിൽ നിന്ന് രക്ഷപ്പെടാനെന്ന വണ്ണം .

ഓഫീസിൽ അലീന തന്റെ സെക്ഷനിൽ പുതുതായി ജോയിൻ ചെയ്ത പെൺകുട്ടിയാണ്. ഡിവോഴ്സി ആണ് എന്നാരോ പറഞ്ഞു കേട്ടു .വ്യക്തിപരമായ കാര്യങ്ങളൊന്നും പരസപരം സംസാരിച്ചിട്ടില്ല .വല്ലാത്ത ഒരു ആകർഷണം, ഇഷ്ടം ഒക്കെ ഉണ്ട് രണ്ടുപേർക്കും പരസ്പരം. ഇപ്പോളാണ് ജീവിതത്തിനു ഒരു ഭംഗി ഉണ്ടെന്നൊക്കെ തോന്നുന്നത് . മടുപ്പിൽ നിന്ന് ഒരു മോചനം

അലീനയെ ഹോസ്റ്റലിൽ വിട്ടു അയാൾ വീട്ടിലേക്കു യാത്ര തിരിച്ചു

” നാളെ ഒരു ഒഫീഷ്യൽ ടൂർ ഉണ്ട് രാത്രി അയലത്തെ വീട്ടിലെ സുഭദ്രാമ്മയെ വിളിച്ചു കിടത്തിക്കൊള്ളൂ ”

ട്രാവൽ ബാഗിൽ വസ്ത്രങ്ങൾ അടുക്കി വെയ്ക്കുമ്പോൾ ലക്ഷ്മിയുടെ മുഖത്ത് നോക്കാതെ അയാൾ പറഞ്ഞു

” അത് സാരോല്ല നമ്മുടെ മക്കൾ ഉണ്ടല്ലോ ഏട്ടാ കൂട്ടിന് ..പേടിക്കണ്ട ..ഫുഡ് ഒക്കെ അവിടെ കിട്ടുമല്ലോ അല്ലെ ?’
അയാൾ ഒന്ന് മൂളി

“ജംഗഷനിൽ നിന്ന് വളവു തിരയുമ്പോൾ ഒരു ആൽമരമുണ്ട് .അവിടെ നിന്ന് വലത്തേക്ക് നാലാമത്തെ വീടാണ്. കീ പൂച്ചെടികൾക്കിടയിൽ ഉണ്ട്. ഗേറ്റ് പൂട്ടിയിട്ടില്ല. എത്തിയിട്ട് വിളിച്ചാൽ മതി. ഞാൻ ഒരു മണിക്കൂർ കഴിഞ്ഞു എത്തിക്കൊള്ളാം ”
അലീന ഫോണിൽ പറഞ്ഞതോർമിച്ചു അയാൾ ആല്മരത്തിനടുത്തു നിന്നും കാർ വലത്തേക്ക് തിരിച്ചു .പൊടുന്നനെ ഒരു ശബ്ദത്തോടെ വാഹനം നിന്ന് പോയി .സ്റ്റാർട്ട് ആക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല .അയാൾ പുറത്തിറങ്ങി ബോണറ്റ് ഉയർത്തി നോക്കാൻ തുടങ്ങി

” എടാ നിഖിലേ”
ഒരു വിളിയൊച്ച .പരിചിതമായ ശബ്ദം .” ശരത് ” കോളേജിൽ അഞ്ചു വര്ഷം ഒന്നിച്ചായിരുന്നു .നിഖിൽ ഒന്ന് വിളറി .

” ആഹാ നീയെന്താ ഇവിടെ ?’ വല്ല വിധേനയും അവൻ ചോദിച്ചു

” ദേ ആ മൂന്നാമത്തെ വീട എന്റെ .””എത്ര നാളായി കണ്ടിട്ട്?ഇടയ്ക്ക് എന്റെ മൊബൈൽ ചീത്തയായി നമ്പറൊക്കെ പോയി.. നീ വീട്ടിലോട്ടു വാ ഞാൻ മെക്കാനിക്കിനെ വിളിച്ചു പറയാം . വാ ”

ശരത് നടന്നു കഴിഞ്ഞു .നിഖിലിന് പിന്നാലെ ചെല്ലുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല ,

നല്ല വീടായിരുന്നു നിഖിലിന്റെത്,വൃത്തിയും വെടിപ്പുമായി കിടക്കുന്ന പരിസരം .മുറ്റത്തു ധാരാളം ചെടികൾ

” നീ എന്റെ ഭാര്യയെ കണ്ടിട്ടില്ലല്ലോ വാ ” അവൻമുറിക്കുള്ളിലേക്കു നടന്നു

വീൽ ചെയറിൽ നന്നേ വെളുത്തു മെലിഞ്ഞ ഒരു സ്ത്രീ രൂപം നിഖിലിന്റെ മുന്നിലേക്ക് വന്നു .
” എന്റെ ഭാര്യ ആത്മ .അതവളുടെ പേരാണ് കേട്ടോ .ഒരു തരത്തിൽ അവളെന്റെ ആത്മാവ് തന്നെയാണ് .”

നിഖിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു .കോളേജിൽ ഒരു പാട് ആരാധകരുള്ള ഒരു ഗായകനായിരുന്നു ശരത് . അതിസുന്ദരൻ.ഒരു നോട്ടത്തിനായി പെൺകുട്ടികൾ മത്സരിച്ചിരുന്നു

” ഞാൻ ചായ എടുക്കാം ” വീൽ ചെയർഅകത്തേക്ക് ഉരുളുന്നത് നിഖിൽ നോക്കി നിന്ന് പോയി

” കല്യാണം കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞപ്പോൾ ഉണ്ടായ ഒരു അപകടമാണ് . ഇപ്പോൾ നല്ല മാറ്റമുണ്ട് .ഇനി അഥവാ മാറ്റമില്ലെലും എന്റെ ചുമലുകൾക്കു നല്ല ശക്തി ഉണ്ടെടാ അവളെ ചുമക്കാൻ “ശരത് ചിരിയോടെ കൈകൾ ഉയർത്തി

” വീൽ ചെയറിലാണെങ്കിലും അവൾ വെറുതെ ഇരിക്കില്ല കേട്ടോ ഇതൊക്കെ അവൾ വരച്ച ചിത്രങ്ങളാണ് ” ഭിത്തിയിൽ തൂങ്ങുന്ന ചിത്രങ്ങൾ നോക്കി നിൽക്കെ വേറെയും ചില കരവിരുതുകൾ അവൻ കാണിച്ചു തന്നു ചിരട്ടയിൽ തീർത്ത മനോഹര ശില്പങ്ങൾ .

ഭാര്യയെ കുറിച്ച് പറയുമ്പോൾ സ്നേഹത്തള്ളിച്ച കൊണ്ട് ശരത്തിനു വാക്കുകൾ കിട്ടുന്നില്ലായിരുന്നു എന്നത് നിഖിൽ ശ്രദ്ധിച്ചു

” ചായ ” മുന്നിൽ ചായ എത്തി

” നല്ല ചായയായിരുന്നു അത്

” എത്ര കുട്ടികളുണ്ട് ?’

” രണ്ട്”

” അവർക്കു കൊടുക്ക് ഇത്

‘ രണ്ട് പാവകൾ നീട്ടി ആത്മ പുഞ്ചിരിച്ചു .”
“ഇനി വരുമ്പോൾ അവരെയും കൊണ്ട് വരണം”

നിഖിൽ മെല്ലെ തലയാട്ടി

.ആ പകലിൽ അയാൾ ഒരു ജീവിതം കണ്ടു ആത്മയുടെയും ശരത്തിന്റെയും ജീവിതം ..മനോഹരമായ ഒരു പെയിന്റിംഗ് പോലെ, തിരുത്തപ്പെടേണ്ടത് കാഴ്ചപ്പാടാണെന്ന തിരിച്ചറിവിൽ ഇടയ്ക്കെപ്പോഴോ ഉള്ളിലെ ലക്ഷ്മിയുടെ രൂപത്തിന് അപൂർവമായ ഒരു ഭംഗി കൈ വന്നു .തന്റെ കുഞ്ഞുങ്ങളുടെ അമ്മയുടെ മഹത്വത്തിനും മേലെ അല്ല ലോകത്തു ഒരു പെണ്ണിന്റെയും സ്ഥാനം എന്നും ആ പകൽ അയാൾക്ക്‌ മനസിലാക്കി കൊടുത്തു വിവാഹപ്പന്തലിൽ കൈ പിടിക്കുന്ന നാളു മുതൽ പുരുഷൻ കാവലാളുക കൂടെ ആണ് . ആസ്വാദനത്തിനും അപ്പുറം ഭാര്യയുടെ ഹൃദയത്തിന്റെ ഉടമസ്ഥൻ കൂടിയാവുകയാണ് ,മോഹവലയത്തിൽ അറിയാതെ മനസൊന്നു പതറി .അയാൾ ദീർഘമായി നിശ്വസിച്ചു .

കാവിൽ വിളക്ക് വെച്ചു തിരിയുകയായിരുന്നു ലക്ഷ്മി. പെട്ടെന്ന് മുന്നിൽ നിഖിലിനെ കണ്ടപ്പോൾ അത്ഭുതത്താൽ അവളുടെ കണ്ണുകൾ വിടർന്നു.

” ഇതെന്താ വരില്ല എന്ന് പറഞ്ഞിട്ട് ?”
നിഖിൽ ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു

ഉള്ളിൽ ഒരു കണ്ണീർകുടം പൊട്ടിയുടയുന്നു

അവന്റെ കണ്ണ് നിറഞ്ഞു
” എന്താ നിഖിലേട്ടാ?’ ആകുലതയോടെ കവിളിൽ തൊടുന്ന വിരലുകൾ
” നിന്നെ ഒന്ന് കാണാൻ… സോറി സോറി …” അയാൾ ലക്ഷ്മിയെ നെഞ്ചോടു അമർത്തി പിടിച്ചു
” ഇത്ര പാവമാവല്ലേ നിഖിലേട്ടാ ..ലക്ഷ്മി സ്നേഹത്തോടെ പറഞ്ഞു . ” പോയി കുളിച്ചു വരൂ ..കഴിക്കാനെടുക്കാം “നിഖിൽ നിറഞ്ഞ കണ്ണുകൾ തുടച്ചു. ഒരു മഴ പെയ്തു തോർന്ന പോലെ തണുത്തു ആ മനസ്സ്.

രചന : അമ്മു സന്തോഷ്

LEAVE A REPLY

Please enter your comment!
Please enter your name here