Home Latest അമ്മ യുടെ മുഖം കാണെ എനിക്ക് വീണ്ടും എന്തോ പോലെ… അമ്മയോട് സ്നേഹത്തോടെ സംസാരിച്ചിട്ട് എത്ര...

അമ്മ യുടെ മുഖം കാണെ എനിക്ക് വീണ്ടും എന്തോ പോലെ… അമ്മയോട് സ്നേഹത്തോടെ സംസാരിച്ചിട്ട് എത്ര നാളായിട്ടുണ്ടാകും?

0

കാണാത്ത ഒരു നിമിഷം

“മനുവേ നീ എവിടെയാ? എപ്പോളും ഫോണിൽ കളിച്ചോണ്ടിരുന്നോ,,, പി എസ് സീ പരീക്ഷ യ്ക്ക് ഒന്നു പഠിച്ചൂടെ നിനക്ക്?

ഞാൻ ഫേസ്ബുക് ലോഗ് ഔട്ട്‌ ചെയ്തു മടുപ്പോടെ അമ്മയുടെ അരികിൽ ചെന്നു അമ്മ . അയയിൽ തുണി വിരിക്കുകയാണ്

“ബാക്കി നീ വിരിക്കു.. അടുക്കളയിൽ ഒരു നൂറു കൂട്ടം ജോലിയുണ്ട് ”

അമ്മ എന്നെ ഏല്പിച്ചു പോയി
എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.

എപ്പോ നോക്കിയാലും മനുവേ മനുവേ മനുവേ…ഒരു സ്വാതന്ത്ര്യം ഇല്ല. കൂട്ടുകാർക്കൊപ്പം ഒന്ന് കറങ്ങാൻ പോയാൽ കൃത്യമായ ഇടവേളകളിൽ വിളിയുണ്ടാകും. സന്ധ്യക്ക്‌ മുന്നെ വീടെത്തിയിരിക്കണം കൂട്ടുകാർ ചില്ലറ അല്ല പരിഹസിക്കുന്നത്. മടുത്തു. അച്ഛൻ പട്ടാളത്തിൽ നിന്ന് ഒന്നു വന്നാൽ മതിയാരുന്നു സ്വസ്ഥത കിട്ടിയേനെ

തുണി വിരിച്ചു അകത്തു ചെന്നപ്പോൾ തന്നു അടുത്ത ജോലി.

“ആ തേങ്ങ ഒന്ന് തിരുമ്മിക്കൊ.. ഒരു ചമ്മന്തി അരയ്ക്കാം ”

“ഇന്നും മീനില്ലേ? ”

ഞാൻ ശുണ്ഠിയോടെ ചോദിച്ചു

“ഇല്ല ഡാ.. നീ ഇന്നും കൂടെ അഡ്ജസ്റ്റ് ചെയ്യു.. അച്ഛന്റെ പണം ഒന്ന് വന്നോട്ടെ ”

“എത്ര ദിവസം ആയി ചമ്മന്തി, തോരൻ, അവിയൽ, മടുത്തു.. ഇച്ചിരി ഇറച്ചി കറി കൂട്ടിയ നാൾ മറന്നു. കൂട്ടുകാരുടെ വീട്ടിൽ പോകാനും സമ്മതിക്കില്ല അല്ലേൽ അവിടുന്ന് എങ്കിലും കിട്ടിയേനെ ”

മുതുകിൽ ഒരു അടി വീണു.

“കഞ്ഞി ആണെങ്കിലും മൂടി കുടിക്കാൻ പഠിക്കണം. അവനവന്റെ ഇല്ലായ്മ മനസിലാക്കണം. അല്ലാതെ തെണ്ടി തിന്നാൻ പോകരുത് ” അമ്മയുടെ കണ്ണുകളിൽ അഗ്നി.

എനിക്ക് നല്ല ദേഷ്യം വന്നു. ഇരുപത്തി ഒന്ന് വയസ്സായി എനിക്ക്. ഇപ്പോളും ദേഷ്യം വന്നാൽ അമ്മ എന്നെ തല്ലും ചെവിക്കു പിടിക്കും

ഞാൻ ദേഷ്യം പിടിച്ചു മുറിയിലേക്ക് പോയി. കഴിക്കാൻ ചെല്ലാതിരുന്നപ്പോൾ അമ്മ മുറിയില് വന്നു അതാണെന്റെ വജ്രായുധം പട്ടിണി കിടക്കുക

അമ്മ പിന്നാലെ വന്നോളും എന്നെനിക്കു അറിയാം

“അമ്മേടെ പൊന്നുമോനല്ലേ അച്ചന്റെ പൈസ വന്നാൽ അമ്മ ബിരിയാണി വാങ്ങി തരാം.. ”

“ഒന്ന് പോകുന്നുണ്ടോ മുറിയില് നിന്ന് ശല്യം”

ഞാൻ അറിയാതെ പറഞ്ഞു പോയതാണ്. അമ്മ എന്റെ അരികിൽ നിന്നും എണീറ്റു പോയി

അതൊരു പിണക്കം ആയിരുന്നു. അമ്മ എന്നോട് പിണങ്ങി. ഞാനും വിട്ടുകൊടുക്കില്ല എന്ന് തീരുമാനിച്ചു. അമ്മയോട് മിണ്ടാൻ പോയില്ല.

അന്ന് കോച്ചിങ് കഴിഞ്ഞു വരുമ്പോൾ വീട് പൂട്ടികിടക്കുന്നതു കണ്ടു ഞാനടുത്ത വീട്ടിൽ ചെന്നു

“ഇന്നാ മനു താക്കോൽ അമ്മ നരേന്ദ്രൻ മാമന്റെ വീട്ടിൽ പോയി. അവിടുത്തെ ആയമ്മയ്ക്കു തീരെ വയ്യ. നാളെ എത്തും. നിനക്കുള്ള ഭക്ഷണം അടുക്കളയിൽ ഉണ്ട് ട്ടോ ”

ഞാൻ വീട്ടിലേക്കു പോരുന്നു

വീടിനു ഒരു വെളിച്ചം ഇല്ല.

രാത്രി ആയി. ഞാൻ എല്ലാ മുറികളിലും ലൈറ്റ് ഇട്ടു. പക്ഷെ ഒരു തെളിച്ചം ഇല്ല.
ഞാൻ അമ്മയുടെ മുറിയിൽ ചെന്നു. കട്ടിലിൽ അഴിച്ചിട്ട സാരീ എടുത്തു മടക്കി. അലമാരയിൽ വെയ്ക്കും മുന്നെ അത് മുഖത്ത് ചേർത്തു ശ്വാസം ഉള്ളിലേക്കെടുത്തു. അമ്മയുടെ ഗന്ധം.
മേശപ്പുറത്തു ഇരിക്കുന്ന ഫോട്ടോ യിലെ ചിരിക്കുന്ന അമ്മ യുടെ മുഖം കാണെ എനിക്ക് വീണ്ടും എന്തോ പോലെ… അമ്മയോട് സ്നേഹത്തോടെ സംസാരിച്ചിട്ട് എത്ര നാളായിട്ടുണ്ടാകും? അമ്മയ്ക്ക് ആരാ ഉള്ളെ? പാവം !എനിക്ക് കൂട്ടുകാരുണ്ട്… അമ്മയ്ക്ക് അങ്ങനെ വലിയ സൗഹ്രദങ്ങൾ ഒന്നുമില്ല. എപ്പോളും വീട്, ഞാൻ, അച്ഛന് കത്തെഴുതല് ഇതൊക്കെ തന്നെ.

അടുക്കളയിൽ കടന്ന് പാത്രങ്ങൾ തുറന്ന് നോക്കി.. നെയ്ച്ചോറും കോഴിക്കറിയും

പാത്രത്തിനടിയിൽ ഒരു കടലാസ്

“അമ്മയുണ്ടാക്കിയതാട്ടോ ആദ്യം ആയത്കൊണ്ട് നന്നായിട്ടുണ്ടാവില്ല. വന്നിട്ടു മൂസക്ക യുടെ കടയിൽ നിന്ന് ബിരിയാണി വാങ്ങി തരാം എന്റെ മോൻ കഴിക്കണം ട്ടോ ”

ഞാൻ എന്ത് വേണമെന്ന് അറിയാതെ വിങ്ങി കരഞ്ഞു

എനിക്ക് അമ്മയെ കാണണം വേറെ ഒന്നും വേണ്ട…

ഞാൻ വാതിൽ പൂട്ടി നടന്നു തുടങ്ങി.

അമ്മമ്മയുടെ വീട്ടിലെത്തുമ്പോൾ രാത്രി ഒൻപതു മണി ആയി.

അമ്മ പതിവ് പോലെ അടുക്കളയിൽ തന്നെ.

എന്നെ കണ്ടു അമ്മയുടെ മുഖം വിടർന്നു
“എന്താടാ ഇപ്പോൾ? ”

“പോകാം അമ്മേ ”

“നാളെ പോരെ? “അമ്മ വാത്സല്യത്തിൽ എന്റെ മുടിയിൽ തഴുകി

“പോരാ.. ഇപ്പൊ പോകണം ”

ഞാൻ മെല്ലെ പറഞ്ഞു. വേണെങ്കിൽ നടന്നു പോകാം. പക്ഷെ കുറച്ചു ദൂരം നടക്കണം.അമ്മ ക്ഷീണിതയാണ്. ഞങ്ങൾ ബസിൽ കയറി.

ബസിന്റെ വശത്തെ ജനൽ ഞാൻ അടച്ചു.

അമ്മ എപ്പോഴോ എന്റെ തോളിൽ ചാരി മയങ്ങി തുടങ്ങി യിരുന്നു

ഞാൻ അമ്മയുടെ തോളിൽ കൈയിട്ടു അമ്മയെ എന്റെ ദേഹത്തോട് ചേർത്തു പിടിച്ചിരുന്നു….എന്റെ അമ്മയെ പിരിഞ്ഞു ഒരു രാത്രി പോലും എനിക്ക് സാധിക്കില്ലല്ലോ എന്നാ നിസ്സഹായതാവസ്ഥ ഞാൻ തിരിച്ചറിയുകയായിരുന്നു.

വീട്ടിലെത്തി

“നീയിതൊന്നും കഴിച്ചില്ലേ? “”നന്നായിട്ടില്ലെടാ?അമ്മ ആകുലതയോടെ എന്റെ മുഖത്തു നോക്കി ”

ഞാൻ രണ്ടു പ്ലേറ്റിൽ നെയ്ച്ചോറും കറിയും വിളമ്പി

“അമ്മ എനിക്ക് വാരി തരുമോ? ” അത് ചോദിക്കുമ്പോൾ എനിക്ക് നാണക്കേടൊന്നും തോന്നിയില്ല. എന്റെ അമ്മയല്ലേ?

അമ്മ എന്റെ തോളിൽ ഒന്നടിച്ചു

“ഈ ചെക്കന് വട്ടാണോ “തനിയെ കഴിക്കു ചെക്കാ ”

“പ്ലീസ് പ്ലീസ് ഒരു ഉരുള.”

ഞാൻ കെഞ്ചി. അമ്മ തല കുലുക്കി ചിരിച്ചു കൊണ്ട് ഉരുള വായിൽ വെച്ചു തന്നു

ആ ഉരുള ചോറിന്റെ രുചി !

അന്ന് വരെ ഞാൻ കഴിച്ചതിലേക്കും ഏറ്റവും രുചിയുള്ളതു …

അന്ന് കിടക്കാൻ പോകുമ്പോൾ ഞാൻ ഒരു തീരുമാനം എടുത്തു. ജോലിക്കായി പഠിക്കുന്നതിനൊപ്പം ഒരു ജോലി ചെയ്യണം. എന്റെ അമ്മക്ക് എന്തെല്ലാമോ വാങ്ങി കൊടുക്കണം… എന്റെ അമ്മയുടെ അലമാരയിലെ സാരികൾ നരച്ചു നിറം മങ്ങിയിരുന്നു. കണ്മഷി യും പൊട്ടുമൊക്കെ അവിടെ എന്നോ വാങ്ങിയതിന്റെ ശേഷിപ്പുകൾ ആയി കിടന്നിരുന്നു.

അമ്മ മാറി നിന്ന രണ്ടു മണിക്കൂറിനു എന്നെ ഇത്രയും വേദനിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അമ്മയില്ലാത്ത കുഞ്ഞുങ്ങൾ എന്ത് വേദനിക്കുന്നുണ്ടാകും ”

എന്റെ അമ്മ ദൈവം എനിക്ക് തന്ന നിധിയാണ്. എന്റെ അമ്മ മാത്രമല്ല കേട്ടോ ഓരോ അമ്മയും അതാണ്. ദൈവം ദാനം തന്ന നിധി. അതെനിക്കു അറിയാം പക്ഷെ അറിയാതെ നാക്ക്‌ പിഴച്ചു പോകും ഇടക്ക്. അതെന്റെ അമ്മ ക്ഷമിച്ചോളും. ഒരു മലവെള്ളപ്പാച്ചിലിലും പിടിവിടാതെ എന്നെ ചേർത്തു പിടിക്കുന്ന ആ കരുതലിനോളം വരുമോ ലോകത്തെ ഏതു ദൈവവും?

രചന :  അമ്മു സന്തോഷ്

LEAVE A REPLY

Please enter your comment!
Please enter your name here