Home Latest പിന്നെയും അവിടെ നിന്നു നാണം കെടാൻ ഉള്ള ശക്തി എനിക്ക് ഉണ്ടായില്ല…

പിന്നെയും അവിടെ നിന്നു നാണം കെടാൻ ഉള്ള ശക്തി എനിക്ക് ഉണ്ടായില്ല…

0

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. ”

പെട്ടന്നുള്ള അഭിയേട്ടന്റെ തിരിഞ്ഞു നോട്ടം എന്റെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടാക്കി..

“ലുക്ക്‌ സരയൂ … താൻ പറയാൻ വരുന്നത് എന്താണ് എന്ന് എനിക്ക് നന്നായി തന്നെ അറിയാം… സൊ.. പറയണം എന്നില്ല… ”

“പ്ലീസ്… എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ … ”

“നിനക്കിപ്പോ വയസ്സ് പതിനെട്ടല്ലേ ആയുള്ളൂ… എനിക്കിപ്പോ വയസ്സ് മുപ്പത്തിരണ്ട് കഴിഞ്ഞു… ഈ പ്രായത്തിൽ പിള്ളേർക്ക് പലതും തോന്നും അത് ഒരു പ്രായം കഴിയുമ്പോൾ മാറിക്കോളും… ”

“എന്നെ ഒന്ന് മനസിലാക്കു… ”

“എന്തോന്ന് മനസിലാക്കാൻ… എന്റെ പെങ്ങമ്മാരെ മുഴുവൻ പറഞ്ഞു റെഡി ആക്കി വച്ചേക്കുവല്ലേ നി… എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണ് അല്ലാതെ പെങ്ങമ്മാരല്ല.. ”

“ഇത്രക്ക് എന്നെ വെറുക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തെ… ”

“എന്റെ പൊന്നു കൊച്ചേ എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല… എന്റെ പെങ്ങമ്മാരിൽ ഒരാൾ ആയെ ഞാൻ നിന്നെ കണ്ടിട്ടുള്ളു… ”

പിന്നെയും അവിടെ നിന്നു നാണം കെടാൻ ഉള്ള ശക്തി എനിക്ക് ഉണ്ടായില്ല…

മറുത്തൊന്നും പറയാതെ.. വയലോരം ചേർന്നു നടക്കുമ്പോൾ എന്റെ കാലിടറാതിരിക്കാൻ ഞാൻ പാടുപെട്ടു..

എല്ലാ ഞായറാഴ്ചയും രാവിലെ കുളിച്ചു അമ്പലത്തിലേക്ക് ഓടുന്നത്… കണ്ണനെ തൊഴാൻ എന്നതിൽ ഉപരി അഭിയേട്ടനെ ഒന്ന് കാണാനാ… പക്ഷെ ഇപ്പൊ എന്നോട് തന്നെ എനിക്ക് അവക്ഞ്ഞ തോന്നുവാ…

“ആഹാ സരയൂ.. നിന്നെ ഞാൻ എവിടെ ഒക്കെ തിരക്കി… ‘

“എന്താ ചേച്ചി…? ”

“ഇന്ന് കാവിലെ അമ്പലത്തിൽ പാലും നൂറും കൊടുക്കനുണ്ട്… നീ വാ… നമുക്ക് അങ്ങോട്ട്‌ പോകാം… ”

“അയ്യോ… എനിക്ക് വല്ലാത്ത തലവേദന… ഒന്ന് പോയി കിടക്കണം… ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല… നി വാ.. നിന്റെ തലവേദനയുടെ കാരണം ഒക്കെ എനിക്ക് പിടി കിട്ടി… നീ അത് വിട്… അയാൾക്ക്‌ നിന്നെ കിട്ടാൻ യോഗം ഇല്ലാന്ന് കൂട്ടിയാൽ മതി … ”

ഞാൻ ഒന്ന് മിണ്ടാതെ പാറു ചേച്ചിടെ കൂടെ നടന്നു..

കൃഷ്ണന്റെ അമ്പലത്തിൽ നിന്നുള്ള പാടം കേറിയാൽ ഭഗവതീടെ കാവുണ്ട്.. അതിനോട് ചേർന്നാണ് സർപ്പക്കാവ്…

കളമെഴുതി… നമ്പൂതിരി മഞ്ഞളും അടയ്ക്കാമര പൂക്കുലയും കീറി… നാഗങ്ങളുടെ പ്രതിഷ്ഠക്കു മുകളിൽ വെക്കുമ്പോൾ ആണ്… എന്റെ നേരെയുള്ള ആ കണ്ണുകൾ ഞാൻ വീണ്ടും കണ്ടത്…

അഭിയേട്ടൻ… !!

ഓടിയൊളിക്കണം എന്ന് തോന്നി എനിക്ക്…

പുള്ളുവൻ പാട്ടിന്റെ ഈണം എന്റെ കാതുകളിൽ തറഞ്ഞു കയറി… അപ്പോളും ഇടയ്ക്കിടെ എന്റെ കണ്ണുകൾ അഭിയേട്ടനിലേക്ക് ഓടിക്കൊണ്ടിരുന്നു…

കണ്ണടച്ച് പ്രാർത്ഥിക്കുന്ന ആ മുഖത്തു ഓടി ചെന്നു ഉമ്മകൾ കൊണ്ടു പൊതിയണം എന്ന് തോന്നി..

ഓർമ വച്ച കാലം മുതൽ കാണുന്ന രൂപം.. ബാല്യം കൗമാരത്തിലേക്കും യൗവനത്തിലേക്കും കടക്കുമ്പോൾ ആ കട്ടമീശയും കുറ്റിത്താടിയും എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയിരുന്നു…

പലരും വഴി ഞാൻ എന്റെ ഇഷ്ടം അറിയിച്ചിട്ടും ആ മനുഷ്യൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.. ഇന്ന് എല്ലാ ധൈര്യവും സംഭരിച്ചു നേരിട്ട് പറയാൻ ചെന്നപ്പോൾ ആട്ടി ഓടിച്ചു…

പൂജ കഴിയുന്നതുവരെ അവിടെ പിടിച്ചു നിൽക്കാൻ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു…

“ചേച്ചി… ”

“ഉം.. ”

“നമുക്ക് പോകാം… ”

“ഡി… ഇപ്പൊ പാൽ പായസം കിട്ടും.. അതുകൂടി വാങ്ങിട്ടു പോകാം… ”

“പ്ലീസ്… ”

“ഹോ നിന്നെ കൊണ്ട് തോറ്റു… ”

പാറു ചേച്ചിയെ പിടിച്ചു വലിച്ചു തിരിച്ചു നടക്കുമ്പോൾ വയലിലെ കലക്കൽ വെള്ളത്തേക്കാൾ കലങ്ങി മറിഞ്ഞ എന്റെ മനസ്സ് ഒരു പൊട്ടി കരച്ചിൽ ആയി പെയ്തിറങ്ങി…

******

തിരിച്ചു വീട്ടിൽ വന്നപ്പോൾ ഉമ്മറത്തെ മുല്ലക്കൊമ്പുകൾ വെട്ടിയൊതുക്കുകയായിരുന്നു അമ്മ..

” സരൂ… ”

“ഉം… ”

“അച്ഛമ്മ വിളിച്ചിരുന്നു… നിന്നോട് അത്രേടം വരെ ഒന്ന് ചെല്ലാൻ… ”

“എന്തിനാ… ”

“ആശുപത്രിയിൽ മറ്റോ പോകാൻ ആണെന്ന് തോന്നുന്നു… ”

“അതിനു ചെറിയമ്മ ഇല്ലെ അവിടെ… ”

“നിന്നോട് ചെല്ലാൻ പറഞ്ഞാൽ നീ പോകാ…അല്ലാതെ അവരുടെയും ഇവരുടെയും ഒന്നും തലയിൽ വക്കാൻ നോക്കണ്ട.. ”

ഞാൻ അത് കേൾക്കാൻ നിൽക്കാതെ എന്റെ മുറിയിലേക്ക് പോന്നു…

എന്റെ അലമാര തുറന്.. അതിൽ നിന്നും എന്റെ ഡയറി എടുത്തു അതിനുള്ളിൽ ഞാൻ ആരും കാണാതെ നിധി പോലെ സൂക്ഷിച്ചു വച്ച എന്റെ അഭിയേട്ടന്റെ ഫോട്ടോയിലേക്ക് നോക്കി…

സങ്കടം ഒരു കടലായി ഇരമ്പി മറിഞ്ഞു… അതിന്റെ അലയൊലികൾ എന്റെ കണ്ണുകളിൽ പടർന്നിറങ്ങി..

“സരൂ.. വേഗം ചെല്ലാൻ നോക്കു.. ”

ഞാൻ വേഗം യാത്രയായി പടിക്കെട്ടുകൾ ഇറങ്ങി…

*****

ദിവസങ്ങൾ ഓരോന്നും തള്ളി നീക്കുമ്പോൾ അഭിയേട്ടനെ പല വട്ടം ഞാൻ കണ്ടു… ഓരോ തുള്ളി കണ്ണുനീർ… ഒരു ഓർമ്മ പെടുത്തൽ എന്നോണം അപ്പോൾ ഒക്കെയും എന്റെ കണ്ണിൽ നിന്നും നിലത്തു വീണു ചിതറി…

കോളേജിൽ നിന്നും വീട്ടിലേക്കു നടക്കുമ്പോൾ പടിക്കെട്ടുകൾ ഇറങ്ങി വരുന്ന അഭിയേട്ടനെ കണ്ടതും എന്റെ കാലിന്റെ വേഗത കുറഞ്ഞു വന്നു..

“സരൂ വന്നോ… ”

“എന്താ ഇവിടെ…?? ”

“സരൂ .. എന്റെ വിവാഹം ആണ്.. ഈ വരുന്ന എട്ടാം തിയതി… അമ്മയേം കൂട്ടി താനും വരണം… ”

കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി എനിക്ക്…

എന്റെ കൃഷ്ണ… ഇതിനായിരുന്നോ ഇത്രയും കാലം ഞാൻ കാത്തിരുന്നേ…

“തനിക്ക് വിഷമം ഉണ്ടെന്ന് അറിയാം… അതൊക്കെ ഒരു പ്രായം… ”

“മതി… ഇനി പറയണ്ട… കല്യാണത്തിന് വന്നേക്കാം… ”

എന്ന് പറഞ്ഞു… ഞാൻ വീട്ടിലേക്കു ഓടി….

ഉമ്മറത്തു നിൽക്കുന്ന അമ്മയെ പോലും വക വയ്ക്കാതെ അകത്തേക്ക് കയറുമ്പോൾ ഒന്നും മനസിലാകാതെ ആ പാവം പകച്ചു നില്പുണ്ടായിരുന്നു…

അകത്തെ മേശമേൽ ഇരിക്കുന്ന കല്യാണക്കുറിയിൽ എന്റെ കണ്ണുകൾ ഉടക്കി…

സ്വർണ്ണ ലിപിയിൽ അഭിലാഷ് വെഡ്സ് അഞ്ജന എന്ന ആ വരികൾ അതെന്റെ ചങ്കിലൂടെ ഒരു മിന്നൽ കടത്തിവിട്ടു….

കരയാൻ മാത്രമേ എനിക്കിപ്പോ കഴിയുള്ളൂല്ലോ…

****

ഇന്നാണ് ആ ദിവസം… എന്റെ സ്വപ്നങ്ങൾക്കു മേലെ വലിയൊരു തീഗോളം വീഴാൻ നിൽക്കുന്ന ദിവസം…

അലമാര തുറന്നു നല്ലൊരു ചുരിദാർ എടുത്തു ഇട്ടു… ഡയറി തുറന്നു ആ ഫോട്ടോ ഒന്നുടെ നോക്കി ഞാൻ അവിടെ തന്നെ വച്ചു..

അമ്മയോടൊപ്പം കല്യാണമണ്ഡപത്തിലേക്ക് നടക്കുമ്പോൾ എന്റെ കാലുകൾ മാത്രം അല്ല നാവും ചലനമറ്റിരുന്നു…

അലങ്കരിച്ച മണ്ഡപത്തിൽ… പ്രൊഡിയോടെ ഇരിക്കുന്ന ആ മുഖം ഞാൻ നോക്കി നിന്നു… തൊട്ടടുത്തു സുന്ദരി ആയൊരു യുവതി… അവരുടെ മുഖത്തു കല്യാണപെണ്ണിന്റേതായ ഒരു നാണമൊന്നും ഇല്ല… അവൾ ഇടയ്ക്കിടെ അബിയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു…

അഭി ആ കഴുത്തിൽ താലി കെട്ടുന്നത് ഞാൻ നോക്കി നിന്നു…

എന്തോ അപ്പോൾ എന്റെ കണ്ണു നിറഞ്ഞില്ല…

അങ്ങനെ അഭിയേട്ടന്റെ കല്യാണത്തിന്റെ പാലട എന്റെ തൊണ്ടയിൽ തന്നെ കുരുങ്ങി കിടന്നു…

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ എന്റെ കണ്ണുനീർ ഒക്കെ വറ്റിവരണ്ടു പോയിരുന്നു…

****

പിന്നീട് കണ്ണനെ തൊഴാൻ മാത്രം ആയി അമ്പലത്തിൽ പോക്ക്… പലവട്ടം അവിടെ ഞാൻ ആ നവമിഥുനങ്ങളെ കണ്ടു… പക്ഷെ ഞാൻ കരഞ്ഞില്ല…

വീടിന്റെ തെക്കേ പറമ്പിലെ മാവിന്റെ ചുവട്ടിൽ ഞാൻ കുഴിച്ചിട്ട അഭിയേട്ടന്റെ ഫോട്ടോക്ക് ഇപ്പോൾ ചിതലുകൾ അവകാശം പറഞ്ഞു വന്നു കാണും…

******

വർഷങ്ങൾ പിന്നെയും പാഞ്ഞു…

പി ജി കഴിഞ്ഞു ബി എഡ് എടുത്തു… നെറ്റും സെറ്റും ഒക്കെ പാസ്സായി…

ഇപ്പൊ എനിക്ക് വയസ്സ് ഇരുപത്തിയാറ്…

വിവാഹം എന്നൊരു കീറാമുട്ടിയെ ഉൾകൊള്ളാൻ ഇനിയും വയ്യ എങ്കിലും അമ്മയുടെ നിർബന്ധത്തിനു വഴങ്ങി പുതിയൊരു ജീവിതത്തിലേക്ക് ഇന്ന് കാലെടുത്തു വക്കുകയാണ് ഞാൻ…

“മോളെ വേഗം ഒരുങ്ങു..അവരൊക്കെ എത്തി… ”

പാവം എന്റെ അമ്മ..
ഓടി നടന്നു വയ്യാതെ ആയിട്ടുണ്ട്… ഒച്ച പോലും പോയി തുടങ്ങിയിരിക്കുന്നു…

മണ്ഡപത്തിലേക്ക് കയറുമ്പോൾ എനിക്ക് മുന്നേ വിമൽ മണ്ഡപത്തിൽ ഇടം പിടിച്ചിരുന്നു…

പൂജിച്ചു വച്ച താലി എന്റെ കഴുത്തിലേക്ക് വീഴുമ്പോൾ കണ്ണടച്ചു ഞാൻ തൊഴുതു നിന്നു…

ഒരു നുള്ളു കുങ്കുമം എന്റെ നെറുകയിൽ അണിയിക്കുമ്പോൾ വിമലിന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു…

കത്തിച്ചു വച്ച നിലവിളക്കിനു പ്രദക്ഷിണം വച്ചു… തിരിച്ചു വന്നിരിക്കുമ്പോൾ ആൾക്കൂട്ടത്തിലും ആ കണ്ണുകൾ ഞാൻ കണ്ടു… ആ കട്ട മീശയും… കണ്ണിൽ നിന്നും ഊർന്നു വീണ ഒരു തുള്ളി കണ്ണുനീർ ആരും കാണാതെ തുടച്ചു നീക്കുമ്പോൾ ഞാൻ അത് കാണും എന്ന് അബി പ്രതീക്ഷിച്ചില്ല…

നരവീണ മുടിയിഴകൾ ചുമ്മാ തഴുകി അയാൾ മുഖം എന്നിൽ നിന്നും മറച്ചു പിടിച്ചു…

എന്തിനു വേണ്ടി തന്നെ തഴഞ്ഞു എന്ന ഉത്തരം കിട്ടാത്ത ചോദ്യം മാത്രം അവശേഷിച്ചു… ആ ഓർമ്മകളും ചോദ്യങ്ങളും ആ മാവിൻ ചുവട്ടിൽ തന്നെ കുഴിച്ചു മൂടി….

വിമലിനെ മനസ്സിൽ വരിച്ചു… ആ കയ്യും പിടിച്ചു ഞാൻ എന്റെ എന്റെ വീടിന്റെ പടിയിറങ്ങി…

“എന്റെ താലി പാതി വഴിയിൽ വലിച്ചെറിഞ്ഞ കണ്ണാ… എന്റെ മകൾക്കു ഈ വിധി വരുത്തരുതേ… കാത്തോണേ എന്റെ കുട്ട്യോളെ ….. ”

അകത്തെ പൂജാമുറിയിൽ ഓടക്കുഴൽ വിളിച്ചിരിക്കുന്ന കണ്ണനെ നോക്കി അമ്മ അത് പറയുമ്പോൾ കണ്ണനും പുഞ്ചിരി തൂകുന്നുണ്ടായിരുന്നു…

കാരണം മനസ്സ് കൊണ്ടു ആദ്യം വരിച്ചവനെ കൊന്ന് കുഴിച്ചു മൂടിയിട്ടാണ് ഞാൻ പോകുന്നത് എന്ന് കണ്ണനല്ലേ അറിയൂ ….. !!!

രചന :   ജ്വാല മുഖി

LEAVE A REPLY

Please enter your comment!
Please enter your name here