Home Latest വീട്ടുകാരറിയാതെ ഹൃദയം കൊണ്ട് ഞങ്ങൾ പരസ്പരം ജീവിതം തുടങ്ങിയിരുന്നു..

വീട്ടുകാരറിയാതെ ഹൃദയം കൊണ്ട് ഞങ്ങൾ പരസ്പരം ജീവിതം തുടങ്ങിയിരുന്നു..

0

എന്റെ പെണ്ണ്

രചന : സോളോ-മാൻ

പെണ്ണു കാണാൻ ചെന്നപ്പൊ അധികമായൊന്നും ആലോചിക്കേണ്ടി വന്നില്ല.

എനിക്കാകെ ഒരു നിർബന്ധമെ ഉണ്ടായിരുന്നുള്ളു,

വല്ലാതെ യാഥാസ്തികയായ ഒരു പൈങ്കിളി ആയിരിക്കരുതേന്ന്..

അമ്മേടെ വകയിലൊരു കുടുംബത്തീന്നു തന്നെ ആയോണ്ട് ഇനിയങ്ങനെ ആയാലും മറുത്തൊന്നും പറയാൻ പറ്റില്ല..

കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും പിന്നെ..

പക്ഷെ നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ ആ പേടിയങ്ങ് തീർന്നു കിട്ടി..

നല്ല ഉയർന്ന ചിന്തയും,വിദ്യാഭ്യാസവും..അത്യാവശ്യത്തിനു മോഡേണും..മൊത്തത്തിൽ നല്ലൊരു ന്യൂജെൻ കാന്താരി മുളക്..

വീട്ടുകാർ ഇഷ്ടായോടാന്ന് ചോദിക്കാനൊന്നും ഞാൻ നിന്നില്ല..

ഒരു നൂറുവട്ടം ഇഷ്ടായീന്നങ്ങ് പറഞ്ഞു..

അധികം കാത്തിരിക്കാൻ വയ്യാത്തോണ്ട് അന്നു തന്നെ വിവാഹത്തിനുള്ള തീയതിയും കണ്ടു വെച്ചു..

പിറ്റേന്ന് തന്നെ ഞാൻ ബാംഗ്ലൂരിലേയ്ക്ക് തിരിച്ചു.

അവിടൊരു കമ്പനിയിലാണെനിക്ക് ജോലി..

ഇനിയൊരു മൂന്നു മാസത്തെ കാത്തിരിപ്പും കൂടി..അതു കഴിഞ്ഞാൽ കല്ല്യാണമാണു..

ഇങ്ങാട് വണ്ടി കേറും മുന്നെ പെങ്ങളൂട്ടിയെ കൊണ്ട് ഒതുക്കത്തിൽ അവൾടെ നമ്പർ തരപ്പെടുത്താൻ മറന്നില്ല ഞാൻ..

ഞങ്ങളെന്നും ഒരുപാട് നേരം സംസാരിക്കും..

കുറച്ചേറെ ദിവസങ്ങൾ കൊണ്ടു തന്നെ വീട്ടുകാരറിയാതെ ഹൃദയം കൊണ്ട് ഞങ്ങൾ പരസ്പരം ജീവിതം തുടങ്ങിയിരുന്നു..

കാത്തിരിപ്പുകൾ വല്ലാതെ വീർപ്പുമുട്ടിച്ചൊടുവിൽ കല്ല്യാണത്തീയതി അടുത്തു..

ഇനിയൊരു രണ്ടാഴ്ചക്കാലം കൂടി..

അന്നും പതിവു പോലെ സന്ധ്യ കഴിഞ്ഞ് അവളെ വിളിക്കാമെന്ന് കരുതി കാൾ ചെയ്തു..

രണ്ടു പ്രാവശ്യം വിളിച്ചിട്ടും എടുത്തു കണ്ടില്ല..

ചിലപ്പൊ എന്തെങ്കിലും തിരക്കിലായിരിക്കും..തീയതിയൊക്കെ അടുത്തില്ലെ..

നല്ല ക്ഷീണമായിരുന്നത് കൊണ്ട് ഞാൻ പെട്ടെന്ന് കിടന്നുറങ്ങി..

നിർത്താതെയുള്ള മൊബൈൽ റിങ് കേട്ടാണു രാവിലെ ഉണർന്നത്..

വീട്ടിൽ നിന്നടക്കം പല നമ്പരുകളിൽ നിന്നും ഒരുപാട് കാൾ..

ഇന്നലെ രാത്രി തൊട്ട് വിളിക്കുന്നുണ്ട്..

ഞാൻ കാര്യമറിയാനായി വീട്ടിലേയ്ക്ക് വിളിച്ചു..

നീയൊന്നും അറിഞ്ഞില്ലേയെന്ന അമ്മയുടെ ചോദ്യത്തീന്നു തന്നെ ഞാനെന്തൊ അപകടം മണത്തു..

പിന്നീട് അമ്മ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല..മരവിച്ചു പോയിരുന്നു ഞാൻ..

*പത്തൊമ്പതുകാരി പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു,*

വാർത്തകളിലും,സോഷ്യൽ മീഡിയകളിലും നിറഞ്ഞു നിൽക്കുന്ന അന്നത്തെ ചൂടുള്ള വാർത്ത..

ഫോട്ടോയിൽ താൻ താലിചാർത്താൻ ഒരുങ്ങുന്ന എന്റെ പെണ്ണ്..ദേവു..

വീട്ടുകാരൊക്കെ കല്ല്യാണമറിയിക്കാൻ ദൂരെ ബന്ധു വീട്ടിലേയ്ക്ക് പോയതായിരുന്നു..

കൂടെ പോകാൻ നിർബന്ധിച്ചെങ്കിലും അവൾ പോയില്ലത്രെ..

ഈശ്വരാ..ഇങ്ങനൊരു വിധി വേണമായിരുന്നൊ..

കാണും തോറും കേൾക്കും തോറും എന്റെ ഉള്ള് പിടഞ്ഞു നീറുകയായിരുന്നു..

ഇനിയൊന്നും കാണരുതെന്ന് ഉറച്ച് കയ്യിലെ മൊബൈൽ വലിച്ചെറിഞ്ഞു പൊട്ടിച്ച് ഞാൻ നാട്ടിലേയ്ക്ക് തിരിച്ചു..

നാട്ടിലാകെയും സംസാര വിഷയം ഇതു തന്നെ..

ആളുകളുടെ സഹതാപ നോട്ടങ്ങളും,പിറു പിറുക്കലും..

ഞാൻ ഹോസ്പിറ്റലിലേയ്ക്ക് എത്തുമ്പൊഴേയ്ക്കും അവൾക്ക് സ്വബോധം തിരിച്ചു കിട്ടിയിരുന്നു..

ആരെയും കാണാൻ സമ്മതിക്കാതെ വാശിപിടിച്ചു നിൽക്കുന്ന അവൾക്കരികിലേയ്ക്ക് ഞാൻ ചെന്നു..

ഞാൻ നശിച്ചു പോയല്ലൊ ഏട്ടാന്ന് പറഞ്ഞ് വിതുമ്പിക്കരയുമ്പോൾ ഞാനവളെ ചേർത്തു പിടിച്ചു പറഞ്ഞു..

“അങ്ങനെ തീർന്നു പോകുന്നതല്ല പെണ്ണെ എനിക്ക് നീ..ഒന്നു കുളിച്ച് തോർത്തിയാൽ തീർന്നു നിന്നിലെ അശുദ്ധി..അത്രയെ ഉള്ളൂ..അത്രയേ ഉണ്ടാകാവൂ..”

അവിടെ നിന്നും ഇറങ്ങി ഞാൻ നേരെ അവളുടെ അമ്മയ്ക്കും അച്ഛനുമരികിലെത്തി..

“തീയതീം മുഹൂർത്തമൊന്നും നോക്കണ്ട..ഞാനവളെ കൊണ്ടു പോകുവാ..എന്റെ പെണ്ണായിട്ട്.. എന്റെ ലോകത്തേയ്ക്ക്..”

****************************************************

( *തന്റേതല്ലാത്ത കാരണത്താൽ നഷ്ടപ്പെടുന്ന പെണ്ണിന്റെ മാനത്തിനു അശുദ്ധി കൽപ്പിക്കരുത്..അവളെ വീണ്ടും ആക്രമിക്കാതെ ചേർത്തു പിടിക്കേണ്ട ഉത്തരവാദിത്വം നമ്മൾ സമൂഹത്തിനുണ്ട്..ഒന്നു കുളിച്ചു തോർത്തിയാൽ തീരാവുന്ന അശുദ്ധിയെ അവളുടെ ശരീരത്തിനുള്ളൂ…

പെണ്ണിന്റെ സംരക്ഷണം നമ്മുടെ ഉത്തരവാധിത്വമാണു,,ഇനിയെങ്കിലും ഇരയ്ക്കു പകരം നാം വേട്ടക്കാരനെ തിരയൂ..* )

*ശുഭം*

*സോളോ-മാൻ*

LEAVE A REPLY

Please enter your comment!
Please enter your name here