Home Latest അവനു എന്നെ വിട്ടുപോകാൻ വിഷമം ഉണ്ടെന്നു തുറന്നു പറഞ്ഞു… പാവം…

അവനു എന്നെ വിട്ടുപോകാൻ വിഷമം ഉണ്ടെന്നു തുറന്നു പറഞ്ഞു… പാവം…

0

പനി എന്നോട് പ്രണയത്തിലായിട്ടു രണ്ടുദിവസമായി….. പഠിച്ച പണി പതിനെട്ടും പയറ്റി… ഒരു രക്ഷയും ഇല്ല… മദർ ഇൻ ലോയുടെ മന്ത്ര ചരട് മുതൽ വിമലയുടെ കഷായം വരെ പരീക്ഷിച്ചു….. പനി കെട്ടിപിടിച്ചു നിൽപ്പാണ്…

ഇനി താമസിച്ചാൽ ഞാൻ പനിക്കൊപ്പം നാടുവിടുമെന്നു പേടിച്ചു ഹസ് എന്നെ ആശുപത്രിയിൽ എത്തിച്ചു…

“ആകെ അവശയാണല്ലോ… വായില് നാക്കില്ലന്നു തോന്നും കണ്ടാൽ… ”

ആശുപത്രിയിൽ വിറച്ചു എത്തിയ എന്നെ കണ്ടു അലക്സ്‌ ഡോക്ടർ ചിരിച്ചു..

പനി എന്റെ വായ്‌ പൊത്തിപിടിച്ചില്ലായിരുന്നേൽ എന്തെങ്കിലും മറുപടി ഡോക്ടറിനോട് പറയണം എന്നുണ്ടായിരുന്നു….

“രണ്ടു ദിവസം ഇവിടെ കിടക്കു… ഇൻജെക്ഷൻ ഉണ്ട് ” അലക്സ്‌ ഡോക്ടർ എന്നെ അവിടെ അഡ്മിറ്റാക്കി.. ജനൽ തുറന്നാൽ പുഴയും അമ്പലവും കാണുന്ന മുറിയിൽ ഞാനും പനിയും കേറിക്കൂടി….

“വീട്ടിന്നു എന്തെങ്കിലും കൊടുത്തു വിടണോ ” ഹസ് വാച്ചു നോക്കി ചോദിച്ചു.. തിരക്കിലാണ്… പോവാൻ തിരക്കുണ്ടെണ്ടെന്നു മുഖം കണ്ടാൽ അറിയാം…

“ആരേലും വരുവണേൽ എന്റെ മൊബൈൽ ഒന്ന് കൊടുത്തുവിടണം.. പിന്നെ എന്റെ പുതപ്പും “….ഹസ് എന്നെ ഒരു ഭീകര ജീവിയെ നോക്കുന്ന പോലെ നോക്കിയിട്ട് തിരികെ പോയി….

നേഴ്സ് വന്നു പുഞ്ചിരിച്ചു… എനിക്ക് പരിചയമുണ്ട്.. ഇടയ്ക്കിടെ രക്തം പരിശോധിക്കാൻ വരുമ്പോൾ കാണാറുള്ളതാണ്…

“കൈ കാണിച്ചേ “…നേഴ്സ് സൂചി എടുത്തു… പനി പേടിച്ചു എന്നെ നോക്കി… കുത്തുമ്പോൾ ഞാൻ പുഴയെ നോക്കിയിരുന്നു….

പനിയും ഞാനും വർത്താനം പറഞ്ഞു ഒരു പുതപ്പിനകത്തു അന്ന് കിടന്നു…
എനിക്കു മനസ്സിലായി പനിക്ക് എന്നോട് അഗാധമായ സ്നേഹം ഉണ്ട്… അവനു എന്നെ വിട്ടുപോകാൻ വിഷമം ഉണ്ടെന്നു തുറന്നു പറഞ്ഞു…
പാവം !…. അന്ന് രാത്രി മുഴുവൻ ഞങ്ങൾ കഥകൾ പറഞ്ഞു…

പിറ്റേന്ന് രാവിലെ കണ്ണുതുറക്കുമ്പോൾ എന്റെ മൊബൈൽ മേശപുറത്തുണ്ട്…. പുതപ്പ് എന്റെ ദേഹത്തുണ്ട്… മദർ ഇൻ ലോ എന്റെ നെറ്റിയിൽ കൈവച്ചിരിപ്പുണ്ട്….

ഞാൻ ചരിഞ്ഞു നോക്കിയപ്പോൾ പനി ഉറക്കത്തിലാണ്…. രാത്രി വർത്താനം പറഞ്ഞു ഉറങ്ങിയില്ല…. ശല്യം ചെയ്യേണ്ട… ഉറങ്ങട്ടെ….

ജനലിന്റെ അരികിൽ ചെന്നു നോക്കി…. പുഴ രാവിലെ നിശ്ചലമായിരിക്കുന്നു… ഒട്ടും ഒഴുക്കില്ലാതെ അവൾ എന്തോ ഓർത്ത് കിടക്കുന്നു… അരയാലിനെ ചുറ്റി അമ്പലത്തിലേക്ക് ആളുകൾ പോവുകയും വരുകയും ചെയ്യുന്നു…തിരിഞ്ഞു നോക്കിയപ്പോൾ
അവിടെ കണ്ണുതുറന്നു പനി എന്നെ തിരയുന്നു….

അലക്സ്‌ ഡോക്ടർ മുറിയിലേക്ക് വന്നു… “ന്യൂമോണിയ ആണ്… ഭക്ഷണം ഇപ്പഴും കുറവാണു അല്ലേ.. കൌണ്ട് വീണ്ടും കുറഞ്ഞിരിക്കുന്നു.. ഇത് ഇങ്ങനെ പോയാൽ ശരിയാവില്ല”

അതുപറയുമ്പോൾ ഡോക്ടർ ചിരിച്ചില്ല. . പനി എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു…

വീണ്ടും വീണ്ടും കുത്തിവയ്‌പ്പുകൾ… ഡോക്ടർ പനിയുമായി ഒരു വെല്ലുവിളിക്ക് തന്നെ മുതിർന്നു… പിന്നെയും പനിയുമായി ഒരു ഉറക്കം… ഇത്തവണ കഥകൾ പറയാൻ പറ്റിയില്ല… ഉറങ്ങിപ്പോയി…

വൈകുന്നേരം ദീപാരാധനയ്ക്കുള്ള മണിയൊച്ച കേട്ടാണ് എഴുന്നേറ്റത്… അടുത്ത് പനിയില്ല… “എവിടെ പോയി”…ചുറ്റുപാടും നോക്കി.. അവിടെ ജന്നലിനരുകിലായി ഇരിപ്പുണ്ട്.. അടുത്ത് ചെന്നപ്പോൾ കെറുവിച്ചു മാറിയിരുന്നു…

പുഴയിൽ ആരൊക്കെയോ അലക്കിക്കുളിക്കുന്നു… ഒരു സ്ത്രീയും രണ്ടു കൊച്ചുങ്ങളും ഉണ്ട് അവിടെ… സ്ത്രീ കുളിക്കുന്നത് നോക്കിയിരിക്കുന്ന കൊച്ചുങ്ങൾ…
അവർ കുളികഴിഞ്ഞു നിറമുള്ള സാരിയുടുത്തു അവിടെ വച്ചുതന്നെ മുടിയൊതുക്കി….

പിന്നെ കുഞ്ഞുങ്ങളെ അരയാലി നരുകിലിരുത്തി ആരുടെയോ കൂടെ വണ്ടിയിൽ കയറിപ്പോയി… കൊച്ചുങ്ങൾ അവിടിരുന്നു കല്ലുകളിച്ചു..

കുറേ പെണ്ണുങ്ങൾ ദീപാരാധന തൊഴുതു അരയാലിനെ ചുറ്റിപോകുന്നു… അവരുടെ കുഞ്ഞുങ്ങൾ കല്ലുകളിക്കുന്ന കുഞ്ഞുങ്ങളെ മാറിനിന്നു നോക്കി..

കല്ലുകളിച്ചിരുന്ന കുട്ടികളിൽ ഇളയത് ആ കുട്ടികളെ നോക്കിചിരിച്ചു… തിരിച്ചുകിട്ടാത്ത പുഞ്ചിരി….

പനി അന്ന് വന്നില്ല കഥ പറഞ്ഞു കൂടെ കിടക്കാൻ… ഒരു മൂലയിൽ കുത്തിയിരുപ്പുണ്ട്… ഞങ്ങളുടെ നടുക്കായി അലക്സ്‌ ഡോക്ടർ ഒരു ലക്ഷ്മണരേഖ വരച്ചിരുന്നു….

പിറ്റേന്ന് മദർ ഇൻ ലോ യുടെ കഞ്ഞിയും അച്ചാറും കഴിച്ചു കഴിയുമ്പോൾ വിയർത്തിരുന്നു…. പനി വാതിൽക്കൽ നിന്ന് എന്നെ തിരിഞ്ഞു നോക്കി…

“ഞാൻ പോകുന്നു “…അവൻ നടന്നുപോയി….

ജനാലക്കൽ ചെന്നു അവൻ താഴെ നടന്നു പോകുന്നത് കണ്ടു…
പുഴക്കരയിൽ ആ സ്ത്രീ മുങ്ങികുളിക്കുന്നു… കൊച്ചുങ്ങൾ എന്തോ വീതം വച്ചു കഴിക്കുന്നുണ്ട്……

രചന : Chithra

LEAVE A REPLY

Please enter your comment!
Please enter your name here