Home Latest ചിലപ്പോൾ തോന്നിയിരുന്നു തിരിച്ചു വരാത്ത എല്ലാം ഇട്ടെറിഞ്ഞ ഒരു യാത്ര സ്വന്തം വീട്ടിലേക്ക് പോയാലോ എന്ന്…

ചിലപ്പോൾ തോന്നിയിരുന്നു തിരിച്ചു വരാത്ത എല്ലാം ഇട്ടെറിഞ്ഞ ഒരു യാത്ര സ്വന്തം വീട്ടിലേക്ക് പോയാലോ എന്ന്…

0

സഹനം സാഗരം

രചന – ഷെയ്റ ഷാന

അവളൊരു മെഴുകുതിരി പോലെ ഉരുകി, ഉരുകി തീർന്നിട്ടും ,അയാൾ അവളുടെ ഭർത്താവ് കണ്ടിട്ടും കാണാത്തതായി നടിച്ചു..

അവൾക്ക് തീരെ വയ്യാതെ ആയിരിക്കുന്നു.. വിട്ടു മാറാത്ത ചുമ ശ്വാസം മുട്ടിച്ചു കൊല്ലാതെ കൊല്ലാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി.. എന്നിട്ടും ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ അവളുടെ ദിനങ്ങൾ എങ്ങനെയോ വിടരാതെ കൊഴിഞ്ഞു കൊണ്ടിരുന്നു..

എന്നോ മരണപ്പെട്ട ബാപ്പയും ,കുഞ്ഞു നാളിലേ നഷ്ടപ്പെട്ട ഉമ്മയും.

ചിലപ്പോൾ തോന്നിയിരുന്നു തിരിച്ചു വരാത്ത എല്ലാം ഇട്ടെറിഞ്ഞ ഒരു യാത്ര സ്വന്തം വീട്ടിലേക്ക് പോയാലോ എന്ന്.. പിന്നീട് ഒരു നെടുവീർപ്പോടെ ഓർക്കും.. മൂന്ന് ദിവസം നിന്ന് മടങ്ങേണ്ട സ്ഥാനത്തിനപ്പുറം ആങ്ങളയുടെ വീട്ടിൽ താനാരാണെന്ന്..

ശ്വാസമെടുക്കാനാവാത്ത ചുമ അധികമായ ഒരു ദിവസം അവൾ അയാളോട് പറഞ്ഞു..
എനിക്ക് വയ്യ ഒന്നു ആശുപത്രിയിൽ കൊണ്ടു പോകുമോ..?

ആ.. എനിക്ക് സമയമില്ല.. നീ ആരെയെങ്കിലും കൂട്ടി പോകാൻ നോക്ക്…

പ്രതീക്ഷിച്ച മറുപടി ആയതിനാൽ അവൾക്കാശ്ചര്യം തോന്നിയില്ല..
കരയാൻ അവൾക്ക് കണ്ണുനീരൊക്കെ എന്നോ വന്ന വലിയ വരൾച്ചയിൽ വറ്റി വരണ്ടു പോയിരുന്നു..

ഇരട്ടകളായ മക്കളെ ഓർക്കുമ്പോൾ മനസ്സിനൊരു കുളിരാണ്..
അവൾക്ക് ശ്വാസം കിട്ടാതെ ചുമച്ചു വീഴുമ്പോൾ കൈ പിടിച്ച് കൊണ്ടുപോയി കിടത്താനും നെറ്റിത്തടത്തിൽ വിക്സ് പുരട്ടാനും ,ആ മക്കള് മറന്നില്ല..

മോള് സഹതാപത്തോടെ അവളെ നോക്കി പറഞ്ഞു…. ഉമ്മാ … വേഗം മാറും കേട്ടോ… ഞാൻ ചുക്ക് കാപ്പിയിട്ടു തരാം..
തന്റെ മകൾ പക്വതയോടെ ചുക്ക് കാപ്പിയിട്ടു വന്നപ്പോൾ അവളുടെ ഒരു മിഴികൾ ഒരു വേള നിറഞ്ഞിരുന്നുവോ.. ഞാനില്ലാതായാലും എന്റെ മോള് തളരാതെ വീടു പുലർത്തുമെന്ന് തോന്നിയിരുന്നുവോ..?

മോൻ അപ്പോഴും വിക്സ് പുരട്ടി തലോടുകയായിരുന്നു അവളുടെ നെറ്റിത്തടം..
ഉമ്മാ ഇത് എത്രാമത്തെ വിക്സ് ടപ്പിയാന്ന് വല്ല കണക്കുമുണ്ടോ.. പുരട്ടി തീർന്നത്..

അവളൊന്നും പറയാതെ കണ്ണടച്ചു കിടന്നു..
മനസ്സിനകത്ത് മക്കളുടെ മുഖങ്ങൾ മാത്രമായിരുന്നു..
അവർക്ക് ഏറെ ഇഷ്ടമുള്ള ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കി കൊടുക്കണം..

കുറുമ്പി കോഴിയെ അട വിരിയിക്കാൻ മുട്ട വയ്ക്കണം. മോന് കോഴികളെ വലിയ ഇഷ്ടമാണ്..
തീറ്റ കൊടുക്കാനും, കൂട് വൃത്തിയാക്കാനും അവന് ഒട്ടും മടിയില്ല..
അവനെറ് ചെറിയ ആവശ്യങ്ങൾക്കും മറ്റും മുട്ട വിറ്റവൻ പൈസ കണ്ടെത്തിയിരുന്നു..

ഇടയ്ക്കിടെ അവന്റെ പെങ്ങൾക്ക് വളകളും മാലകളും വാങ്ങി നൽകാനും മറന്നില്ല..

സ്വന്തമായി ജുവല്ലറിയും തുണി ക്കടയുമുള്ള വീട്ടിലെ കുട്ടികളാണെന്ന ഒരു ഭാവവും അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല.. എന്തിനേറെ അയാൾ മോൾക്കൊരു കമ്മല് വാങ്ങിച്ചു കൊടുത്തത് വയസ്സറിയിച്ചതിന് ശേഷമാണ്.. അതും താൻ ഒരുപാട് പറഞ്ഞു തഴമ്പിച്ചപ്പോൾ..

കുന്നോളം സമ്പാദിക്കുന്നുണ്ട്.. കുന്നിക്കുരു പോലും അനുഭവിപ്പിക്കില്ലെന്ന് മാത്രം:.
ആർക്കു വേണ്ടിയാണാവോ..?

കല്യാണം കഴിഞ്ഞു വന്ന നാളുകളിൽ പോലും മനസ്സു തുറന്ന് സംസാരിക്കാനും, ഒന്നിച്ച് യാത്ര പോകാനും, തോളോടു തോൾ ചേർന്നിരുന്ന് ഭാവിയിലേക്കുള്ള സ്വപ്നങ്ങൾ നെയ്തുകൂട്ടാനും ഒരുപാട് കൊതിച്ചു;.. ഒന്നുമുണ്ടായില്ല..

എന്നും ഏകയായി ജീവിതം, മിണ്ടാനും പറയാനും, കേൾക്കാനും ആരുമില്ലാതെ.. പതിയെ എല്ലാത്തിനോടും പൊരുത്തപ്പെടാൻ മനസ്സിനെ പാകപ്പെടുത്തി.

രണ്ട് മക്കളെ തന്നപ്പോൾ അതും ഇരട്ട കുട്ടികളെ, അപ്പോഴും ഒരുപാടാഗ്രഹിച്ചു.. ചേർത്തു പിടിക്കുമെന്ന്..

വീർത്തുന്തിയ വയറുമായി അടുക്കളയിലെ അടുപ്പിനോടും തീയോടും മല്ലിടുമ്പോൾ പലപ്പോഴും കണ്ണുനിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു…
നിറഞ്ഞ പുകയിൽ ശ്വാസം കിട്ടാതെ പുകഞ്ഞിരുന്ന അവസ്ഥകൾ…

തിന്നാൻ കൊതിച്ച പലതും ഗർഭാവസ്ഥയിൽ വാങ്ങി തരേണ്ടയാൾ ആരായുക പോലും ചെയ്യാതിരുന്നപ്പോൾ വേദന തോന്നാതിരുന്നില്ല..

പ്രസവ സമയത്തും അയാൾക്ക് ലീവെടുത്ത് കൂടെ വരാൻ തോന്നിയില്ല.. കൂടെപിറപ്പും നാത്തൂനും അതിശയപ്പെട്ടു..
പൊന്നിൻകുടം പോലത്തെ മോനും, മോളും…

അവരിന്ന് ഒൻപതാം ക്ലാസിൽ എത്തിയിരിക്കുന്നു…

മക്കളോടൊപ്പം ഓട്ടോ വിളിച്ച് ഹോസ്പിറ്റൽ പോകുമ്പോയും ചുമ കാരണം ശ്വാസമെടുക്കാൻ അവൾ വളരെ പ്രയാസപ്പെട്ടു..

കുറിച്ചു കൊടുത്ത മരുന്നുകൾക്കപ്പുറം, ബയോപ്സി ടെസ്റ്റിനു കൂടെ എഴുതി കൊടുത്തു കൊണ്ട് ഡോക്ടർ അവളെ വഴക്ക് പറഞ്ഞു.. ചികിത്സിക്കാതെ വലിച്ചു നീട്ടിയതിന്..

ഡോക്ടറുടെ കാബിനിൽ നിന്ന് രണ്ട് മക്കളുടേയും കരം ഗ്രഹിച്ച് ലബോറട്ടറിയിലേക്ക് നടക്കുമ്പോൾ അവൾക്കും ചില സംശയങ്ങൾ തോന്നാതിരുന്നില്ല..

റിസൽട്ട് കിട്ടാൻ രണ്ട് ദിവസം കഴിയും.. എങ്ങോ അയക്കണമെന്ന് ലാബിൽ നിന്നവൾ അവളോട് പറഞ്ഞു..

വൈകീട്ട് അയാളു വന്നപ്പോൾ എന്തിനൊക്കെയോ അവളോട് ദേഷ്യപ്പെട്ടു..
ഡോക്ടറെ കാണിച്ചോ.., എന്തു പറഞ്ഞു എന്നോ അയാള് ചോദിച്ചുമില്ല, അവൾ പറഞ്ഞുമില്ല..

അങ്ങനെ മൂന്നാമത്തെ ദിവസം റിസൽട്ടുമായി മക്കളുമായി.. ഡോക്ടറുടെ റൂമിലിരിക്കുമ്പോൾ അവൾക്ക് തെല്ല് ഭയം തോന്നാതിരുന്നില്ല..

ഡോക്ടർ അവളോട് പുകവലി ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ചിരി അമർത്തി കൊണ്ടവൾ പറഞ്ഞു, ഇന്നുവരെ ഇല്ല ഡോക്ടർ..

വീട്ടിലാരെങ്കിലും..?

ഭർത്താവിനുണ്ട്..

ഉം.. ഡോക്ടർ മൂളി..

അസുഖം എന്തുണ്ടെങ്കിലും പറഞ്ഞോളൂ എന്ന അവളുടെ മറുപടിയിൽ ഡോക്ടർക്ക് തന്നെ ആശ്ചര്യം തോന്നി..

ഒരുപാട് പുക ശ്വസിച്ച മാതിരി.. ഇയാൾടെ ശ്വാസകോശം ദ്രവിച്ചിരിക്കുന്നു..
എത്രയും പെട്ടെന്ന് നല്ലൊരു ഓങ്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുക.. ആർ.സി.സിയിലേക്ക് റഫറൻസ് ലെറ്റർ തരാം.. വൈകരുത്..

ഒന്നു നിർത്തി മടിച്ചു കൊണ്ട് മുഖം നോക്കാതെ ഡോക്ടർ പറഞ്ഞു… അല്ലെങ്കിലും ചാൻസ് ..അത് ദൈവത്തിന്റെ കൈയ്യിലാണ്..

അവൾക്ക് കരച്ചിലോ ,ഞെട്ടലോ വന്നില്ല..
പക്ഷേ മകൾ കരഞ്ഞു തുടങ്ങിയിരുന്നു..മോന്റെ മുഖം കാർമേഘത്താൽ പെയ്യാൻ വെമ്പി നിൽക്കുന്നത് കണ്ടപ്പോൾ നെഞ്ചിലൊരു നീറ്റൽ അവൾക്ക് അനുഭവപ്പെട്ടു..
തന്റെ മക്കൾ..?

തിരികെ മടങ്ങുമ്പോൾ അവൾ മക്കളോട് പറഞ്ഞു.. ബാപ്പയോട് പറയേണ്ട.. ആർ.സി സിയിലൊക്കെ ചികിത്സിക്കാൻ ഒരു പാട് പണം വേണം.. ഇത്ര ദിവസമായിട്ടും ടെസ്റ്റിന്റെ പൈസ കണക്കു പറഞ്ഞ് ദേഷ്യപ്പെട്ട അയാളുടെ മുഖം മക്കൾക്കും ഓർമ വന്നു..

വെറുതെ അയാളെ ദേഷ്യം പിടിപ്പിക്കേണ്ട..

എന്താ ഉമ്മാ.. നമുക്ക് ഈ വിധി..?
എന്ന് മക്കളുടെ മനസ്സിൽ തിങ്ങി നിറയുന്നത് അവരുടെ നെടുവീർപ്പുകളിൽ നിന്നവൾക്ക് തിരിച്ചറിയാമായിരുന്നു…

*******************************

അറിഞ്ഞില്ലേ…? മരണം… എന്നാലും ആ മക്കൾക്ക് ഇനി ആരുണ്ട്..?
എന്ന ചോദ്യം.. വന്നവരിൽ നിന്നൊക്കെ ഉയരുമ്പോയും ആ കുഞ്ഞുമക്കൾ കൈകൾ ചേർത്തു പിടിച്ച് തേങ്ങുകയായിരുന്നു..
പരസ്പരം സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ…
ഉമ്മാ…. എന്നു വിളിച്ച്…

അന്നവൾക്ക് അവസാനമായി ശ്വാസതടസ്സം നേരിട്ടപ്പോൾ മോനാണ് ആദ്യമായി കയർത്ത് ബാപ്പയോട് സംസാരിച്ചത്.. എന്റെ ഉമ്മയെ നിങ്ങൾ …. എന്തൊക്കെയോ പറഞ്ഞവൻ അയാളുടെ കാല് പിടിച്ചു പറഞ്ഞു ഹോസ്പിറ്റലിൽ എത്തിക്കാൻ…

തരിച്ചിരുന്ന അയാൾ അവളെ വാരിയെടുത്ത് കാറിൽ മക്കളുടെ മടിയിൽ കിടത്തി വേഗത്തിൽ ആശുപത്രി ലക്ഷ്യമാക്കി വണ്ടി പറപ്പിച്ചു..

പക്ഷേ അപ്പോയേക്കും എല്ലാം അവസാനിച്ചിരുന്നു..

ഞാൻ പറഞ്ഞതാ ഒരു മാസം മുൻപേ ഇവരോട് ഓങ്കോളജിക്ക് ചികിത്സ തേടാൻ..

ശ്വാസകോശ അർബുദമായിരുന്നു.. ഒരു പക്ഷേ അന്നേ ശ്രമിച്ചിരുന്നെങ്കിൽ…
എന്ന് പറഞ്ഞു നിർത്തി ഡോക്ടർ അയാളോട് ചോദിച്ചു

നിങ്ങൾ അവരുടെ..?

ഭ…,,ർ,… ത്താവ്…
അസുഖത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലേ…

പുച്ഛമായ ഒരു നോട്ടത്തോടെ ഡോക്ടർ അയാളെ ശക്തമായി നോക്കി..

ആദ്യമായി അയാൾ അവളെ ഓർത്തു..
എന്ത് രോഗമാണെന്ന് പോലും അറിയിക്കാതെ അവൾ ജയത്തോടെ പോയി…
ഡോക്ടർക്ക് ചിലവായ പൈസ കണക്ക് പറഞ്ഞ് അവളെ വഴക്ക് പറഞ്ഞതോർത്തു…

തന്റെ പാതി…. അങ്ങനെ ഓർക്കാൻ കൂടെ യോഗ്യത ഇല്ലെന്ന യാഥാർത്യം തീച്ചൂളയായി ചുട്ടുപൊള്ളിക്കുന്നതായി … അയാളറിഞ്ഞു.. കഴിഞ്ഞ നാളുകൾ ഇടിമുഴക്കത്തോടെ മനസ്സിൽ പ്രതിഫലിച്ചു..

അവസാനമായി ബോഡി എടുക്കാൻ നേരത്ത് അവളുടെ മുഖം കണ്ടപ്പോൾ രണ്ടു തുള്ളി കണ്ണീരു അവളുടെ കാൽക്കൽ വീണതയാൾ അറിഞ്ഞില്ല…

സ്വാർത്ഥനായ അയാൾ ആദ്യമായി ആ വീട്ടിൽ അവളുടെ സ്ഥാനമെത്രത്തോളം ആയിരുന്നെന്നറിഞ്ഞു…

മക്കളെ ചേർത്തു പിടിക്കാനാഗ്രഹിച്ചു… പക്ഷേ അവര് അയാളിൽ നിന്നും എന്നോ അടർന്നു പോയിരുന്നു… ഇന്നേ വരെ സ്നേഹത്തോടെ ഒരു നോട്ടം പോലും അവർക്കയാൾ കൊടുക്കാൻ മറന്നിരുന്നല്ലോ..

പണം…. അതു മാത്രമായിരുന്നു അയാൾക്ക് അപ്പോഴും ബാക്കിയായി ബന്ധുവായി അവശേഷിച്ചത്…

(നഷ്ടപ്പെട്ടാൽ പലതും നികത്താനായെന്ന് വരില്ല.. ഒരു പത്ര വാർത്ത വായിച്ചപ്പോൾ എഴുതാൻ തോന്നി…ചെറിയ ഒരു പാഠം.. അതു മാത്രമാണ് വായനക്കാർ ഉൾക്കൊള്ളേണ്ടത്.. ….)

രചന – ഷെയ്റ ഷാന

LEAVE A REPLY

Please enter your comment!
Please enter your name here