Home Latest സ്വന്തം വീട്ടിൽ അതിഥിയായി കയറിച്ചെല്ലുന്ന പെണ്ണായി ഞാനും മാറിയല്ലോ എന്നോർക്കുമ്പോൾ മനസിലൊരു നീറ്റൽ…

സ്വന്തം വീട്ടിൽ അതിഥിയായി കയറിച്ചെല്ലുന്ന പെണ്ണായി ഞാനും മാറിയല്ലോ എന്നോർക്കുമ്പോൾ മനസിലൊരു നീറ്റൽ…

0

രചന : Binzy Sidhique Sam

“അമ്മാ കുഞ്ഞ് ഇളകിത്തുടങ്ങീട്ടൊ”
വയറിൽ കൈ വച്ചു ഞാനത് പറയുമ്പോൾ
മറു തലയ്ക്കൽ ഫോണിൽ അമ്മയുടെ അതിരില്ലാത്ത സന്തോഷം ഞാനറിഞ്ഞിരുന്നു..

“പിന്നേ അമ്മ ഉണ്ടാക്കാറുള്ള പൊതിച്ചോറ് കഴിക്കാൻ കൊതിയാവുന്നു.., അച്ഛനെയും കൂട്ടി എന്നാ വരുന്നേ കാണാനും സംസാരിക്കാനുമെല്ലാം കുറേയുണ്ട് ”
കഴിയുമെങ്കിൽ നാളെത്തന്നെ വരാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയുമ്പോൾ
പെറ്റു പോറ്റിയ മകളെ കാണാൻ കൊതിക്കുന്ന അമ്മയുടെ മനസ്സും പെറ്റമ്മയുടെ സാമീപ്യം കൊതിക്കുന്ന മകളുടെ മനസും ഒരു പോലെ കണ്ണുകളിൽ നനവ് പടർത്തിയിരുന്നു..

ഇത്രയും കാലം വളർത്തി വലുതാക്കി ഒരു മുൻപരിചയവും ഇല്ലാത്ത കുടുംബത്തോടൊപ്പമയച്ചു, പിന്നീടവരിൽ ഒരാളായി ജീവിക്കാൻ വിടുമ്പോൾ സ്വന്തം അമ്മയും അച്ഛനും അന്യരാകുന്ന പോലെ ഒരു തോന്നൽ..

നാടും വീടും വിട്ട്,
പേരും മേൽവിലാസവും മാറിയ,
സ്വന്തം വീട്ടിൽ അതിഥിയായി കയറിച്ചെല്ലുന്ന പെണ്ണായി ഞാനും മാറിയല്ലോ എന്നോർക്കുമ്പോൾ മനസിലൊരു നീറ്റൽ….
*******
പുറത്ത് ഓട്ടോയുടെ ശബ്ദം കേട്ടപ്പോഴേ ഞാൻ തീർച്ചയാക്കി അച്ഛനും അമ്മയും തന്നെയെന്ന്..
ഉന്തിയ വയറുമായി വേഗത്തിൽ ഉരുണ്ടു നടന്നു അവരെ സ്വീകരിക്കാൻ ഉമ്മറത്തെത്തിയപ്പോൾ,

കണ്ണിമ വെട്ടാതെ എന്റെ വയറിലേക്കും മുഖത്തേക്കും മാറി മാറി നോക്കുന്ന അമ്മയെ ഞാൻ ഇറുക്കെ കെട്ടിപ്പിടിച്ചു.

നിനക്കിഷ്ടമുള്ളതെല്ലാം കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് കൈയിലെ പൊതികൾ എനിക്ക് നീട്ടിയപ്പോൾ
അച്ഛനെന്റെ കൈകളിൽ വാത്സല്യത്തോടെ തലോടിയിരുന്നു..
കൊണ്ടു വന്ന പൊതിച്ചോറിന്റെ മണം മൂക്കിലിരച്ചു കയറി, ആർത്തിയോടെ പൊതിയഴിക്കുമ്പോൾ അമ്മ തന്നെ വാരി തരണമെന്ന് വാശി പിടിക്കുന്ന കൊച്ചു കുഞ്ഞായി ഞാൻ മാറുകയായിരുന്നു..

വാട്ടിയ ഇലയിൽ പൊതിഞ്ഞ ചോറിൽ, നാരങ്ങാ അച്ചാറും തേങ്ങാ ചമ്മന്തിയും കൂടിക്കുഴഞ്ഞിരുന്നു.. ചില ഓർമ്മകൾ പോലെ,

പൊരിച്ച മുട്ടയും വറുത്ത മുളകും ചേർത്ത് ഓരോ ഉരുളയും കുഴച്ചു വായിൽ വച്ചു തരുമ്പോൾ എന്നത്തേതിലും സ്വാദുള്ളത് കൊണ്ടായിരിക്കും വയറു നിറഞ്ഞിട്ടും ഞാൻ കഴിച്ചത് ..

വിശേഷങ്ങൾ പങ്കു വച്ചും കണ്ടും കേട്ടും കൊതി തീരാതെ അവരെ യാത്ര അയക്കുമ്പോൾ അറിയാതെ എന്റെ നെഞ്ചൊന്ന് പിടഞ്ഞിരുന്നു..
******
“ഏട്ടാ .., നമുക്ക് ആൺ കുട്ടിയെ മതീട്ടോ ”

ഏട്ടന്റെ നെഞ്ചിൽ വിരലാൽ വരയ്ക്കുകയായിരുന്ന ഞാൻ അല്പം പരുങ്ങലോടെയാണ് പറഞ്ഞത്.

“ആഹാ ഇത്രയും നാൾ പെൺകുട്ടി മതിയെന്നായിരുന്നല്ലോ.., പെട്ടെന്നെന്താ
ഇങ്ങനെ ഒരു ആഗ്രഹം..?!”

തലയുയർത്തിയെന്നെ നോക്കിയിട്ട് ചോദിച്ചു.

“ആൺകുട്ടിയായാൽ കെട്ടിച്ചു വിടണ്ടല്ലോ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവുമല്ലോ,
പെണ്ണായാൽ………”

മുഴുമിക്കാതെ ഞാൻ നിർത്തുമ്പോഴേക്കും ഏട്ടൻ തുടർന്നു.. .

“അച്ഛനും അമ്മയും വന്നു പോയപ്പോൾ തുടങ്ങീതാ നീയിങ്ങനെ..
ഡീ പോത്തേ, അങ്ങനെ കെട്ടിച്ചു വിട്ടത് കൊണ്ടല്ലേ എനിക്ക് നിന്നെ കിട്ടിയേ…,

ഇതൊക്കെ നാട്ടു നടപ്പാണ്..
വിവാഹ ശേഷം,
പെണ്ണിന്റെ ജീവിതത്തിൽ പ്രാധാന്യം അവളുടെ ഭർത്താവും കുഞ്ഞുങ്ങളും തന്നെയാണ്..

നമ്മുടെ കുഞ്ഞു വളർന്നു വരുമ്പോൾ നിനക്കെല്ലാം മനസിലായിക്കൊള്ളും .. ഇതൊക്കെയാണ് ജീവിതം..,
ഓരോന്ന് ആലോചിച്ചിരിക്കാതെ കിടന്നുറങ്ങാൻ നോക്ക് ”

എന്റെ മറുപടി നീണ്ട മൗനമായത് കൊണ്ടാവണം മറ്റൊന്നും പറയാതെ ഏട്ടൻ ഉറങ്ങാൻ തിടുക്കം കൂട്ടിയത്..

എന്റെ അമ്മയും, മറ്റെല്ലാ സ്ത്രീകളും ഇങ്ങനെയൊക്കെ തന്നെയല്ലേ… !

ജീവിതം അറിയാനുള്ള പക്വത എനിക്ക് ആയില്ല..

ക്ഷമയും സഹനവും ആവോളം വേണ്ടുന്ന
“സ്ത്രീ” ആവണം ഞാനും, എന്ന് മനസിനെ പറഞ്ഞു പാകപ്പെടുത്തി നിറവയറിൽ തലോടി ഞാനും ഉറങ്ങാൻ കിടന്നു.

രചന ; Binzy Sidhique Sam

LEAVE A REPLY

Please enter your comment!
Please enter your name here