Home Achu Vipin “ഞാൻ കോളേജിൽ പഠിക്കണ ടൈമിൽ ഒരു പൂതി…എനിക്കൊന്നു പ്രേമിക്കണം”

“ഞാൻ കോളേജിൽ പഠിക്കണ ടൈമിൽ ഒരു പൂതി…എനിക്കൊന്നു പ്രേമിക്കണം”

0

രചന : Achu Vipin

“ഞാൻ കോളേജിൽ പഠിക്കണ ടൈമിൽ ഒരു പൂതി…എനിക്കൊന്നു പ്രേമിക്കണം”.. ആരെ പ്രേമിക്കും എങ്ങനെ പ്രേമിക്കും എന്നൊക്കെ നോക്കി കോളേജിന്റെ വരാന്തയിലൂടെ അങ്ങനെ തേര പാര നടക്കുന്നുണ്ടു കഥയിലെ നായിക…. ഈ നായികക്കു സാമാന്യം നല്ല തടി ഉള്ള കൊണ്ട് ഒരുത്തനും അങ്ങട് അടുക്കുന്നില്ല……

അവന്മാർക്ക് സ്ലിം ബ്യൂട്ടി മതിയത്രെ…..കണ്ട്രികൾ അങ്ങനെ ആകപ്പാടെ ശോകമൂകമായി നടക്കണ ടൈമിൽ വീടിനടുത്തുള്ള ഒരു ചെറുപ്പക്കാരനു എന്നോട് കലശൽ ആയ പ്രേമം….. പുള്ളിക്കാരൻ ഉള്ള കാര്യം ഉള്ളപോലെ എന്റെ മുഖത്ത് നോക്കി പറഞ്ഞു…..’ഐ ലവ് യൂ അച്ചു’…. ദൈവമേ ഞാൻ ഫ്ലാറ്റ് …… ഇതിപ്പോ വൈദ്യൻ പറഞ്ഞതും രോഗി ഇച്ഛിച്ചതും ചിക്കെൻ ബിരിയാണി എന്ന് പറഞ്ഞതു പോലെയായല്ലോ …

തല്ക്കാലം ഞാൻ ഒന്നാലോചിക്കട്ടെ എന്നൊരു മറുപടി കൊടുത്തു… എന്തായാലും ഒരുപാടു അങ്ങ് ആലോചിക്കാൻ നിന്നില്ല ചെറുപ്പക്കാരൻ പറഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ഞാനും തിരിച്ചു ഇഷ്ടമാണെന്നു അങ്ങട് കാച്ചി … വെറുതെ എന്തിനാല്ലേ ജാഡ കാണിക്കുന്നത്….. അങ്ങനെ പ്രേമം ഒക്കെ സക്‌സസ് ആയി മുന്നേറി കൊണ്ടിരിക്കുന്ന ടൈമിൽ ആണ് വില്ലന്റെ എൻട്രി… വില്ലൻ വേറെ ആരുമല്ല ‘ജാതി’തന്നെ ഞാൻ നായരും ചെറുപ്പക്കാരൻ ഈഴവനും…ആഹഹാ “തക തുടി തെയ്”……

വീട്ടിൽ എന്തായാലും ഒരു വിപ്ലവം ഉറപ്പാണ്… നീ പ്രേമിക്കെടി എന്ന് പറഞ്ഞു കൂട്ടുകാർ ആണേൽ ഒടുക്കത്ത സപ്പോർട്ട്…അങ്ങനെ ബി.എ കഴിഞ്ഞു എം.എ കഴിഞ്ഞു ബി .എഡും കഴിഞ്ഞു അടുത്തുള്ള സ്കൂളിൽ ടീച്ചർ ആയി പഠിപ്പിക്കാനും കയറി…പ്രേമം ഒട്ടും ചോരാതെ മുന്നേറി കൊണ്ടിരിക്കുന്നു….. എന്റെ സുഹൃത്തുക്കൾക്കും പുള്ളിയുടെ സുഹൃത്തുക്കൾക്കും അല്ലാതെ വേറെ ആർക്കും ഇതറിയില്ല….

നാട്ടുകാർക്ക് പോലും… പ്രേമിച്ചു പ്രേമിച്ചു വർഷം പത്താകാറായി ഒരു സുപ്രഭാതത്തിൽ ഞങ്ങൾക്ക് ചെറുതായി കല്യാണം കഴിക്കാൻ ഒരു മോഹം….പ്രായം അതല്ലേ മോഹം കാണും … അങ്ങനെ വീട്ടിൽ വളച്ചൊടിച്ചു കാര്യങ്ങൾ പറയാൻ തീരുമാനിച്ചു…. വിഷയം അമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചു… “അതേയ് എന്റെ ഒരു കൂട്ടുകാരി ജാതി മാറി കല്യാണം കഴിച്ചമ്മേ….” “ആണോ മോളെ?” “അതെയമ്മെ…” “അവൾ ഒന്നും ഗതിപിടിക്കില്ലടി….*%$#@@ ഓ നീയെങ്ങാൻ ആയിരുന്നെ മുട്ടുകാൽ തല്ലി ഒടിചേനെ” എന്ന് പറഞ്ഞു മോന്തക്കൊരു കിഴുക്കും തന്നു കുലസ്ത്രീ ആയ എന്റെ അമ്മ … ദൈവമേ ഇതിപ്പോ എന്റെ കാര്യം വല്ലതുമാർന്നേ ചൂട് വെള്ളം കോരി ഒഴിച്ചേനേലോ…..ഭാഗ്യം മിണ്ടാതിരുന്നതു….

അതേയ് വീട്ടിൽ എന്തായാലും സമ്മതിക്കില്ല നമുക്ക് ഒളിച്ചോടിയാലോ എന്ന് ഞാൻ പുള്ളിയോട് അങ്ങട് ചോദിച്ചു… കൂട്ടുകാർ ആണേൽ രജിസ്റ്റർ കോളത്തില് സാക്ഷിയായി ഒപ്പിടാൻ തിക്കും തിരക്കും… “ഏയ് ഒളിച്ചോടണ്ടല്ലേ…. അങ്ങനെ ഒളിച്ചോടി ഞാൻ ഇറങ്ങി പോയ ആ വാശിക്ക് ‘അമ്മ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അച്ഛൻ തൂങ്ങി ചത്ത് അനിയൻ നാട് വിട്ടുപോയി എന്നൊക്കെ കേൾക്കേണ്ടി വന്നാലോ? വീട്ടുകാർ സമ്മതിക്കൂല മോനെ അവരെ വിഷമിപ്പിച്ചു ഒരു ജീവിതം നമുക്ക് വേണ്ട നമുക്ക് ഒക്കെ മറക്കാം … ഞാൻ ആണേൽ ഭയങ്കര സെന്റി…ഒരു തേപ്പു മണക്കണ്ടോ എന്നൊരു ഡൌട്ട്…. “പിന്നെ എന്തിനാ മുത്തേ ചേട്ടൻ പത്തു വർഷം കാത്തിരുന്നത്….”

“ഓവർ ആക്കി ചളമാക്കാതെ അപ്പുക്കുട്ടാ….തേപ്പുപെട്ടി ഞാൻ ഓഫ് ചെയ്തു…” ഒടുക്കം രണ്ടും കൽപ്പിച്ചു ഉള്ള കാര്യം ഉള്ളപോലെ വീട്ടിൽ അങ്ങ് പറഞ്ഞു… മോളെ എന്ന് വിളിച്ചു അമ്മ ഓടി വന്നു…. ഹാവൂ സമാധാനായി ഒരു തരത്തിലും രക്ഷയില്ല…. ചെറുപ്പക്കാരനെ മറക്കാൻ പറ്റുന്നില്ല… ഒരുമിച്ചു എന്തായാലും ജീവിക്കാൻ പറ്റൂല അങ്ങട് ചത്തേക്കാം… എങ്ങനെ ചാകും കെട്ടിത്തൂങ്ങിയ ഫാൻ പൊട്ടി തലയിൽ വീണാലോ?….എന്ന കിണറ്റിൽ ചാടാം വേണ്ട നീന്തൽ അറിയുന്ന കൊണ്ട് പൊങ്ങി വരും…

Byഅവസാനത്തെ മാർഗമെന്ന നിലയിൽ വിഷം കഴിച്ചു മരിക്കാം…ഏയ് വേണ്ട കഴിച്ചിട്ട് ചത്തില്ലേ വെറുതെ വീട്ടുകാരുടെ തല്ലു കൊള്ളണ്ടി വരും.. പുല്ലു സ്വസ്ഥമായി ഒന്ന് ചാകാൻ കൂടി പറ്റുന്നില്ലല്ലോ ദൈവമേ…എന്റെ ഭാഗത്തും തെറ്റുണ്ട് ധൈര്യം ഇല്ലാത്തവർക്ക് പറ്റിയ പണിയല്ല ആത്മഹത്യ… ഒടുക്കം അനിയനെ ചാക്കിട്ടു. അവൻ ആണേൽ ഒരു പൂനെക്കാരി ഡോക്ടറായി ഒടുക്കത്തെ പ്രേമം(ഇപ്പോൾ കക്ഷി എന്റെ നാത്തൂൻ ആയി വീട്ടിൽ ഉണ്ട് കേട്ടോ)പിന്നെ എന്നോട്

പ്രേമിക്കണ്ട എന്ന് പറയാൻ അവനു പറ്റൊ… മോനെ എങ്ങനേലും വീട്ടുകാരോട് പറഞ്ഞു ചേച്ചിക്ക് ഇത് നടത്തി താ…ഞാൻ ഉള്ളി ഒക്കെ കണ്ണിൽ തേച്ചു കരച്ചിൽ തുടങ്ങി… കിടന്നു മോങ്ങണ്ടഡി പോർക്കേ ഞാൻ സംസാരിക്കാം…. അങ്ങനെ അവന്റെ നേതൃത്വത്തിൽ എന്റെ പ്രേമം വീണ്ടും റീലോഡട് വിത്ത് മ്യൂസിക്….. അങ്ങനെ ഒരുപ്രകാരത്തിൽ രണ്ടു വീട്ടുകാരെയും പറഞ്ഞു കരക്കടുപ്പിച്ചു …

കല്യാണ കച്ചേരി പാടാമെഡി എന്ന പാട്ടൊക്കെ ഇട്ടു ഞാൻ വീടുകുലുക്കി ഡാൻസ് കളിച്ചു നടന്നു ….. അങ്ങനെ ഇരിക്കുമ്പോഴാണ് ഫെസ്റ്റിവൽ സീസണിൽ മാത്രം മുളച്ചു പൊങ്ങാറുള്ള ചില ബന്ധുക്കളുടെ എൻട്രി…..വിത്ത് മ്യൂസിക്… അല്ല പാർവതി നീയിത് എന്തുദ്ദേശിച്ച അച്ചുവിനെ ആ ചെറുക്കനെ കൊണ്ട് കെട്ടിക്കുന്നത് അതും ഒരു “ചോചെക്കൻ”നമ്മടെ അന്തസ്സ്,ആഭിജാത്യം,തറവാടിത്തം കുടുംബപ്പേര് ഇതുവല്ലതും നീയോർത്തോ?അവൻ നമ്മടെ കൊച്ചിനെ കൊണ്ടുപോയി കഷ്ടപെടുത്തും അല്ലെ നീ കണ്ടോടി….

മണ്ണാങ്കട്ട .. മര്യാദക്ക് ഇരുന്ന എന്റെ അമ്മയോട് ഇമ്മാതിരി വർത്താനം പറഞ്ഞു കൊടുത്ത ആ അമ്മായിയെ ഏറുപടക്കം വെച്ചെറിയാനാ എനിക്ക് തോന്നിയത്….(അല്ലെ വേണ്ട ..പടക്കം പൊട്ടണ സൗണ്ട് കേട്ട് പുള്ളികാരി എങ്ങാനും തട്ടിപ്പോയ കോടതി ആയി ജയിൽ ആയി ആകെ ജീവിതം പത്മരാജൻ സിനിമ പോലെ ആകും)….എന്തിനാ വെറുതെ…. എവിടെ നിന്നോ ഒരശരീരി കേൾക്കുന്നുണ്ടോ എന്നൊരു സംശയം… അവൾക്കിഷ്ടാണെ അത് നടക്കട്ടെ ചേച്ചി…അച്ഛന്റെ മാസ്സ് എൻട്രി…. “ഹോ അച്ഛനാണ് അച്ഛാ അച്ഛൻ…..ബഹുത്തച്ച”… മ്മ്….നടത്തി കൊടുത്തോഡാ അവൾ ഇതിനു അനുഭവിക്കും…

പൂർവികന്മാരുടെ ശാപം മേടിച്ചു കൂട്ടണോ വെറുതെ….ഞാൻ പറയാൻ ഉള്ളത് പറഞ്ഞു നിങ്ങടെ ഇഷ്ടം നിങ്ങടെ കൊച്ചു….. അമ്മായി രംഗം വിടുന്നു. അങ്ങനെ പ്രേമത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയില് അല്ലെങ്കി അവസരത്തില് ഇവള് പണ്ടാരമടങ്ങി പോട്ടെ എന്ന് പറഞ്ഞു ചില ബന്ധുക്കളും നന്നായി വരട്ടെ എന്ന് പറഞ്ഞു വീട്ടുകാരും ചോറ്റാനിക്കര അമ്മയുടെ നടക്കൽ വെച്ച് വിപിൻഗോപി എന്ന ചെറുപ്പക്കാരന്റെ കയ്യിൽ നിനക്കങ്ങനെ തന്നെ വേണമെട എന്ന് പറഞ്ഞു കൊണ്ടെന്റെ കൈ പിടിച്ചു കൊടുത്തു.. ” കൊട്ടെടാ മേളം കെട്ടട താലി” ചെറുപ്പക്കാരന്റെ അച്ഛൻ ഉറക്കെ വിളിച്ചു പറയുന്നു.അങ്ങനെ 2015മെയ് നാലിന് ഞാൻ ആ ചെറുപ്പക്കാരന്റെ ഭാര്യയായി… ഒരു വർഷത്തിന് ശേഷം 2016 ജൂൺ 16നു വൈകിട്ട് 6.45നു ആ ചെറുപ്പക്കാരന്റെ തക്കുടുമുണ്ടൻ ആൺകൊച്ചിന്റെ അമ്മയായി….

ജാതി വേറെ ആണേലും ഉണ്ടായ കൊച്ചിന്റെ ചോരയുടെ നിറം ഞങ്ങടെ പോലെ തന്നെ ചുവപ്പാന്നെ… അതൊരു അത്ഭുതമായി പോയിട്ടോ …. കഥ തീർന്നില്ല പോകല്ലേ …അങ്ങനെ 2018 ജൂണിൽ കൊച്ചിനെയും എടുത്തു ഒക്കത്തു വെച്ച് അങ്ങ് ദൂരെ മലേഷ്യയിലേക്ക് കൊച്ചിന്റെ അച്ഛന്റെ കയ്യും പിടിച്ചു നായര് പെണ്ണ് ബീമാനത്തിൽ കയറി പോയി….. എന്റെ പൊന്നമ്മായി ഈ ചോചെക്കൻ അമ്മായി പറഞ്ഞ പോലെ ശരിക്കും എന്നെ കഷ്ടപെടുത്തുവാട്ടോ …

എപ്പഴും ഓരോരോ നിർബന്ധങ്ങൾ ആണ്… ജോലിക്കു പോകുമ്പോ ടാറ്റ കൊടുക്കണം മൂന്നു നേരം സമയം തെറ്റാതെ ഭക്ഷണം കഴിച്ചോണം..ഫ്ലാറ്റിൽ ഇരുന്നു താഴത്തെ കാഴ്ചകൾ കണ്ടോളണം…ആഴ്ചയിൽ സ്ഥലങ്ങൾ കാണാൻ പുറത്തേക്കു കൂടെ ചെന്നോണം….എപ്പഴും പൊട്ടൊക്കെ കുത്തി സുന്ദരി ആയി ഇരുന്നോളണം ആകപ്പാടെ കഷ്ടപ്പാട് സഹിക്കാൻ വയ്യാട്ടോ….. സ്നേഹിച്ചു ഉള്ളം കയ്യിൽ കൊണ്ട് നടന്നു ഈ അന്യജാതിക്കാരൻ എന്നെ കഷ്ടപെടുത്തുവാ…..

ഇപ്പൊ കൂടെ കൂടിയിട്ട് വർഷം 13ആകുന്നു…(നിങ്ങള് ചുമ്മാ അതും ഇതും വിചാരിക്കണ്ട ഞാൻ വലിയ തള്ളയൊന്നുമായിട്ടില്ല.ചെറുപ്പക്കാരി ആണന്നെ..) ഒക്കെ വിധി ഇനി പറഞ്ഞിട്ടെന്താ… അനുഭവിക്കാതെ വയ്യല്ലോ പൂർവികന്മാരുടെ ശാപം അല്ലെ കിട്ടിയേക്കുന്നത്….. NB:ഡിവോഴ്സ് ആയി വീട്ടിൽ വന്നു നിക്കണ അമ്മായിടെ മോൾക്ക് ആഭിജാത്യം ഒട്ടും കുറയാത്ത ഒരാളെ തന്നെ ഇനി വരനായി കണ്ടുപിടിക്കണം ആ കുട്ടി എങ്കിലും എന്നെ പോലെ കഷ്ടപെടാതെ ജീവിക്കണം… അതാണെന്റെ അന്ത്യാഭിലാഷം….ശുഭം…

രചന : Sreevarya Varun

LEAVE A REPLY

Please enter your comment!
Please enter your name here