Home Latest വേദയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ വിനു ഉഴറി നടന്നു…

വേദയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ വിനു ഉഴറി നടന്നു…

0

Written by Shivanya Abhilash

കട്ടിലിൽ പുറം തിരിഞ്ഞ് കിടന്ന് കരയുന്ന വേദയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ വിനു ഉഴറി നടന്നു.

എന്ത് പറഞ്ഞാലും അവളെ സമാധാനിപ്പിക്കാൻ സാധിക്കില്ലെന്ന് അവനറിയാമായിരുന്നു.

അവൻ പടികളിറങ്ങി താഴേക്ക് ചെന്നു. ഒരു ചെറിയ ബോട്ടിൽ വോഡ്കയിരിപ്പുണ്ടായിരുന്നു, അവനതിൽ നിന്നും ഒരു പെഗ് എടുത്തു സിപ്പ് ചെയ്‌തു.

കുപ്പിയിലുണ്ടായിരുന്ന വോഡ്ക മുഴുവനായി അകത്താക്കിയിട്ടും അവന്റെ ഉള്ളിലെ അഗ്നിശമിച്ചിരുന്നില്ല.

അവൻ സെറ്റിയിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചെങ്കിലും മുൻപിലേക്ക് തെളിഞ്ഞു വന്നു അച്ചാ എന്ന് വിളിച്ചു കൊണ്ട് ഓടി വന്ന മിന്നു മോളുടെ മുഖം…

മുറപ്പെണ്ണായ വേദയെ വിനു വിവാഹം ചെയ്ത് കൊണ്ടു വരുമ്പോൾ , വിനു ജീവിതത്തിൽ ചെയ്ത ഒരേയൊരു പാപത്തിന്റെ വിത്തായി മിന്നുമോൾ നീതയുടെ ഉദരത്തിൽ മുളച്ചിരുന്നു.

അറിവില്ലാത്ത പ്രായമോ, കഴിച്ച മദ്യത്തിന്റെ ലഹരിയോ ആയിരുന്നില്ല തന്റെ പ്രണയം നിരസിച്ചതിനോടുള്ള പക ആയിരുന്നു ആരുമില്ലാത്ത സമയം നോക്കി നീതയുടെ വീട്ടിൽ കയറി അവളെ കടിച്ചുകീറാൻ വിനുവിനെ പ്രേരിപ്പിച്ചത്..

രോഗബാധിതയായ അമ്മയുടെ അവസാന ആഗ്രഹമായി അമ്മാവന്റെ മകളായ വേദയുടെ കഴുത്തിൽ താലിചാർത്തുമ്പോഴും വിനുവിന്റെ മനസ്സ് നീതയെ ആഗ്രഹിച്ചു….

ചെയ്തുപോയ തെറ്റിന് മാപ്പ് പറയാൻ ആരുമറിയാതെ നീതയെ അന്വേഷിച്ചെങ്കിലും നീതയും അവളുടെ അമ്മയും അപ്പോഴേക്കും ആ നാട് ഉപേക്ഷിച്ചിരുന്നു… പക്ഷേ വർഷങ്ങൾക്കിപ്പുറം ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്ത വേദയുടെ നിർബന്ധപ്രകാരം പല അനാഥാലയങ്ങളിലും കയറി ഇറങ്ങിയ നേരത്താണ് തന്റെ ചോരയിൽ പിറന്ന മകൾ തൊട്ടടുത്ത അനാഥാലയത്തിൽ വളരുന്ന വിവരം വിനു മനസ്സിലാക്കിയത്.

നൊന്ത് പ്രസവിച്ച തന്റെ കുഞ്ഞിനെ അന്തോണി അച്ചന്റെ കയ്യിൽ ഏൽപ്പിച്ച നീത അന്ത്യശ്വാസം എടുത്തപ്പോൾ എന്നെങ്കിലുമൊരിക്കൽ വിനു കുഞ്ഞിനെ തേടിവരുമെന്ന് അവൾ പ്രതീക്ഷിച്ചിരിക്കാം……
അന്തോണി അച്ചന്റെ വായിൽ നിന്നും സത്യം അറിഞ്ഞ വിനു പിന്നെ അവിടുത്തെ നിത്യ സന്ദർശകനായി തീർന്നു …..

തനിക്കൊരു കുഞ്ഞുണ്ടെന്ന് വേദയോട് പറയണം എന്ന് പലവട്ടം ആഗ്രഹിച്ചിരുന്നതാണ് പക്ഷേ അവളുടെ പ്രതികരണം എന്താവുമെന്നോർത്ത് പറയാൻ അവൻ ഭയപ്പെട്ടു.

പക്ഷേ ഇന്ന് തന്റെ ഡയറിയിലൂടെ വേദ എല്ലാം മനസ്സിലാക്കിയിരിക്കുന്നു

” വിനു ഏട്ടാ ”
പതിഞ്ഞ ശബ്ദത്തിലുള്ള വേദയുടെ വിളി കേട്ട് അവൻ കണ്ണ് തുറന്നു…

“എനിക്കവളെ വേണം വിനു ഏട്ടാ… നമ്മുടെ മോളെ ”

പെട്ടെന്ന് അവൻ അവളുടെ കാലിലേക്ക് വീണു

” ക്ഷമിക്ക് മോളേ.. ഞാൻ… പറ്റിപ്പോയി…. ”

വേദ ഒന്നും മിണ്ടിയില്ല.. കാല് വലിച്ചതുമില്ല…
അവന്റെ മനസ്സിലെ കറ കണ്ണിരായ് പോകുകയായിരുന്നെന്ന് അവൾക്കറിയാമായിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ മിന്നുമോളെ കാണാൻ പുറപ്പെടുമ്പോൾ വേദ വളരെ സന്തോഷവതിയായിരുന്നു.

” എന്താ മോളുടെ പേര് ”

മിന്നു മോളെ ചേർത്ത് നിർത്തി കൊണ്ട് വേദ ചോദിച്ചു.

”വേദാംഗി ”

വേദാംഗി എന്ന പേര് കേട്ടപ്പോൾ വേദയുടെ കണ്ണ് നിറഞ്ഞിരുന്നു കാരണം അവളുടെ പേരും വേദാംഗി എന്ന് തന്നെ ആയിരുന്നു.

Written by Shivanya Abhilash

LEAVE A REPLY

Please enter your comment!
Please enter your name here