Home Article അർദ്ധരാത്രി ഏട്ടൻ്റെയും ഏടത്തിയമ്മയുടെയും ‘കുശുകുശു’ സംസാരം കേട്ട ഒരു അനിയന്റെ വാക്കുകൾ 

അർദ്ധരാത്രി ഏട്ടൻ്റെയും ഏടത്തിയമ്മയുടെയും ‘കുശുകുശു’ സംസാരം കേട്ട ഒരു അനിയന്റെ വാക്കുകൾ 

0

അർദ്ധരാത്രി ഏട്ടൻ്റെയും ഏടത്തിയമ്മയുടെയും ‘കുശുകുശു’ സംസാരം കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. ഒാടിട്ട ചെറിയ വീടായതുകൊണ്ട് പറയുന്നത് ഏകദേശം എനിക്കു കേൾക്കാം. സംസാരത്തിൽ എൻ്റെ പേരു വന്നതു കൊണ്ടാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്… മൂന്നു മാസമായി പണിയൊന്നുമില്ലാതെ രണ്ടാമത്തെ ഏട്ടൻ്റെയും ഏടത്തിയമ്മയുടെയും കൂടെ നാട്ടിലാണ് ഞാൻ. എല്ലാ ചെറുപ്പക്കാർക്കും ഒരിക്കലെങ്കിലും പറ്റുന്ന അബദ്ധം എനിക്കും പറ്റി… കൂട്ടുകാരൻ വലിയൊരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തപ്പോൾ മറ്റൊന്നും ആലോചിക്കാതെ ചെയ്തുകൊണ്ടിരുന്ന ജോലി രാജിവച്ചു. പുതിയ ജോലി കിട്ടിയതുമില്ല. അങ്ങനെ ഒരുപാടു സങ്കടത്തിൽ വീട്ടിൽ ഇരിക്കുന്ന സമയം.

ആദ്യമൊക്കെ പുറത്തേക്ക് ഇറങ്ങുന്നത് രസമായിരുന്നു പിന്നീട് നാട്ടുകാരുടെ ചോദ്യങ്ങൾ കൂടി കൂടി വന്നു. എപ്പോഴാ തിരിച്ചുപോകുന്നേ ? ആ ജോലി പോയോ ? അങ്ങനെ പോകുന്ന ചോദ്യങ്ങൾ…. പിന്നെ പിന്നെ പുറത്തിറങ്ങാൻ മടിയായി.വീട്ടിൽ ടിവിയും കണ്ടുകൊണ്ട് വെറുതെ ഇരിക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു. അന്നൊന്നും മൊബൈലും ഇല്ലല്ലോ ചിലപ്പോഴൊക്കെ ഏടത്തിയമ്മയെ അടുക്കളയിൽ സഹായിക്കും. പക്ഷേ വല്ല ജോലിയും ചെയ്യാൻ പുള്ളിക്കാരി സമ്മതിക്ക്വോ അതുമില്ല. ഈ സമയത്താവും കൂലിപ്പണിയെടുത്തു ക്ഷീണിച്ച് ഏട്ടൻ വരുന്നത്… ആദ്യമൊക്കെ നന്നായി സംസാരിച്ചിരുന്ന ഏട്ടൻ ദിവസങ്ങൾ കഴിയുന്തോറും അധികം മിണ്ടാതെയായി… വിയർത്തു കുളിച്ചു വരുന്ന ഏട്ടനെ കാണുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാൻ ഉള്ളിൽ കരയും….

ഒരു പണിയും ചെയ്യാനില്ലാതെ വീട്ടിൽ ഭക്ഷണം കഴിക്കാൻ മാത്രമായി ഇരിക്കുന്നതിൽ കുറ്റബോധം എന്നെ വേട്ടയാടികൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഏട്ടൻ പണി കഴിഞ്ഞു വരുമ്പോൾ ഞാൻ സ്നാക്സും കഴിച്ച് കാലിനുമുകളിൽ കാലൊക്കെ കയറ്റിവച്ച് ടിവിയും കണ്ടിരിക്കുകയായിരുന്നു. ഏട്ടൻ പുറകിലൂടെ വന്നത് ഞാൻ കണ്ടിട്ടില്ല.

”ഡാ നിനക്ക് പാടത്തുപോയി ആ വാഴയൊക്ക നനച്ചൂടെ ഇങ്ങനെ വെറുതെ ഇരുന്നു കാലം കഴിക്ക് നിനക്ക് ഇതിനൊക്കെയേ പറ്റൂ……അപ്രതീക്ഷിതമായ വാക്കുകൾ കേട്ട് ഞാനൊന്നു പതറി. ഏടത്തിയമ്മ ഏട്ടനെ പിടിച്ചു കൊണ്ടുപോയി. ഞാനാണെങ്കിൽ കരച്ചിലിന് വക്കോളമെത്തിയിരുന്നു.പിന്നീട് ആലോചിച്ചപ്പോൾ സന്തോഷമാണ് തോന്നിയത്.

ഏട്ടൻ പറഞ്ഞതാണ് ശരി അടുത്ത ദിവസം ചെറിയൊരു ബക്കറ്റും തൂമ്പയുമെടുത്ത് പാടത്തുപോയി പത്തുമുന്നൂറു വാഴയുണ്ട്. ചാലിൽ നിന്ന് ബക്കറ്റുകൊണ്ട് ഓരോ വാഴയായി നനച്ചു. കുറച്ചു കാലമായി ജോലിയൊന്നും ചെയ്യാതിരുന്നതു കൊണ്ട് ശരീരത്തിന് ഭയങ്കര വേദന തോന്നി പക്ഷേ മനസ്സ് ഒത്തിരി സന്തോഷിച്ചു. അടുത്ത ദിവസം വാഴ നനയോടൊപ്പം തൂമ്പകൊണ്ട് വാഴകൾക്കിടയിലെ കളകളും ചെത്തിക്കോരി വൃത്തിയാക്കി തിരിച്ചു വീട്ടിലെത്തുമ്പോൾ ഏട്ടൻ എന്നെയും കാത്തിരിക്കുകയാണ് കാപ്പികുടിക്കാൻ… പക്ഷേ ഏട്ടൻ്റെ മുഖം വാടിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. രണ്ടുമൂന്നു ദിവസം പണിയെടുത്തപ്പോൾ ശരീരത്തോടൊപ്പം മനസ്സിനും നല്ല ഉഷാർ തോന്നി.

അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഏട്ടൻ്റെ മുഖം ശ്രദ്ധിച്ചു അവിടെ ഒരു കടലിരമ്പുന്നത് എനിക്ക് കാണാം. എൻ്റെ പുറകിലൂടെ വന്ന് എൻ്റെ പുറത്തു അറിയാത്തപോലെ തട്ടിയിട്ട് പോയി. എന്നോട് എന്തൊക്കെയോ ഏട്ടന് പറയണമെന്നുള്ളതുപോലെ എനിക്കു തോന്നി…….
ഞാനുറങ്ങിയെന്നു കരുതി രണ്ടുപേരും സംസാരിക്കുകയാണ്…
”പാവം അവനെകൊണ്ട് പാടത്തെ പണിയൊക്കെ ചെയ്യിപ്പിച്ച് നിങ്ങളെന്താ ഇങ്ങനെ ? വേണ്ടായിരുന്നു ” ഏടത്തിയമ്മ ഏട്ടനെ കുറ്റപ്പെടുത്തുകയാണ്…. അബദ്ധം പറ്റിയെടീന്നു പറഞ്ഞ് ഏട്ടൻ കരയുകയാണ്.. ഈശ്വരാ എന്തായിത് ഏട്ടൻ കരയുകയോ.

”അവൻ്റെ മുഖം വല്ലാതെ വാടിയിട്ടുണ്ട് എനിക്കവൻ്റെ മുഖത്തു നോക്കാൻ വയ്യ..” ഏടത്തിയമ്മയും കരയുന്നു….
തലയണയെ നനച്ച് ഞാൻ എപ്പഴോ ഉറങ്ങിപോയി.രാവിലെ…ഏട്ടൻ്റെ വിരൽ സ്പർശമാണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത് ഒരു കൊച്ചു കുട്ടിയെപോലെ ഏട്ടൻ്റെ കൈവിരലുകൾ എൻ്റെ മുടിയിഴകളെ പതുക്കെ തലോടുന്നുണ്ടായിരുന്നു. ആ കൈകൾ വിറകൊള്ളുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഒരു കൊച്ചു കുട്ടിയെപോലെ ഞാനും കണ്ണടച്ചു കിടന്നു മനസ്സും കണ്ണും നിറഞ്ഞ്……!!

കടപ്പാട് : ഉണ്ണികൃഷ്ണൻ തച്ചമ്പാറ

LEAVE A REPLY

Please enter your comment!
Please enter your name here