Home Article പെൺകുട്ടികളെ വീട്ടിൽ ഒറ്റക്കാക്കി പോകുന്ന അച്ഛനമ്മമാർ ഉറപ്പായും വായിക്കണം ഷെയർ ചെയ്യണം

പെൺകുട്ടികളെ വീട്ടിൽ ഒറ്റക്കാക്കി പോകുന്ന അച്ഛനമ്മമാർ ഉറപ്പായും വായിക്കണം ഷെയർ ചെയ്യണം

0

ആഴ്ചയും മാസവുമൊന്നും ഓർമ്മയില്ല പ്രായവും പഠിച്ചിരുന്ന ക്ലാസ്സും വ്യക്തമായി അറിയില്ല . ഒരെട്ടും പൊട്ടും തിരിയാത്ത പെണ്ണായിരുന്നെന്നറിയാം . പലതിനെ കുറിച്ചും വ്യക്തമായ ധാരണ ഇല്ലാത്ത ഒരു വെറും പെണ്ണ് . കാണാൻ അത്ര സുന്ദരിയോ കാഴ്ചയ്ക്ക് നല്ല തണ്ടും തടിയുമുള്ളവളോ ആയിരുന്നില്ല . നീണ്ടു മെലിഞ്ഞൊരു കോലം . ഇന്നത്തെ എൻറെ മുഖവും രൂപവുമായി വലിയ സാമ്യമില്ലെങ്കിലും അത് ഞാനായിരുന്നു എന്ന് മാത്രമറിയാം . ബാക്കിയുള്ളതെല്ലാം മറവിയുടെ ചെറ്റക്കുടിലിലേക്ക് ഞാനും കൂടെ ചേർന്ന് തിരികിവച്ച കാര്യങ്ങളാണ് . ഓർത്തെടുക്കുന്നത് അത് ഞാനായിരുന്നെന്ന് എന്നെ തന്നെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് .

നട്ടുച്ച എന്നൊക്കെ പറയാവുന്ന സമയത്താണ് . വീട്ടിൽ മറ്റാരുമില്ല . അമ്മയും അച്ഛനും അന്ന് അടക്കാ കമ്പനിയിലാണ് പണിക്ക് പോകുന്നത് . അമ്മ അടയ്ക്ക പെറുക്കാനും അച്ഛൻ അവിടെ പണിക്കാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനും . ഉണ്ണിക്കുട്ടൻ അന്ന് എവിടെപ്പോയെന്ന് എനിക്കിപ്പോഴും അറിയില്ല. സാധാരണ അവൻ എപ്പോഴും എൻറെ കൂടെത്തന്നെ ഉണ്ടാവാറുള്ളതാണ് . സ്കൂളില്ലാത്ത ദിവസങ്ങളിൽ തെണ്ടിത്തിരിഞ്ഞ് നടക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചാണുണ്ടാവാറ് . വല്ലാതെ വെശക്കുമ്പോഴാണ് വീടിനകത്ത് കയറി ചട്ടിയും കലവും തപ്പാറുള്ളത് .

അന്ന് ഞാൻ ഊണ് കഴിച്ച് കൈ കഴുകുമ്പോൾ ഒറ്റയ്ക്കായതെന്താണെന്നറിയില്ല . അവൻ കൂട്ടുകാരുടെ കൂടെ മീൻ പിടിക്കാനോ മറ്റോ പോയതായിരിക്കുമോ ? ഓർമ്മയില്ല .

വടക്കേ പുറത്ത് നിൽക്കുമ്പോഴാണ് ഒരാൾ പറമ്പിലൂടെ നടന്ന് വരുന്നത് കണ്ടത് . ഉണിക്കാട്ടെ പറമ്പിൽ നിന്നാണ് വരുന്നത് . ഞങ്ങളുടെ കുട്ടിക്കഥകളിൽ ഉണിക്കാട്ടെ പറമ്പ് പ്രേതപ്പറമ്പായിരുന്നു. ആരെയൊക്കെയോ മറവ് ചെയ്ത കല്ലറകൾ അവിടെ കണ്ടത് കൊണ്ടാണോ എന്നറിയില്ല പല ദിവസങ്ങളിലും പ്രത്യേകിച്ച് ചൊവ്വയും വെള്ളിയും അവിടെ നിറയെ പ്രേതങ്ങൾ വിഹരിക്കാറുണ്ടെന്ന് ഞാനും ഉണ്ണിയും മഹിതയും ബബിയുമൊക്കെ പരസ്പരം പറഞ്ഞ് പേടിപ്പിക്കാറുണ്ട് . ഭക്ഷണം കഴിക്കാത്ത കുട്ടികളോട് പൂതം വരും എന്ന് പറഞ്ഞ് പേടിപ്പിക്കാറുളത് പോലെ ‘ ഉണിക്കാട്ടെ പറമ്പിൽ കോക്കാൻ പൂച്ചയുണ്ട് വിളിക്കട്ടേ ‘ എന്ന് പറയുമ്പോൾ ” വേണ്ടാ ” എന്ന് പറഞ്ഞ് ചോറു വാരിയുണ്ണുകയും .. വികൃതി കാട്ടുമ്പോൾ ഉണിക്കാട്ടെ പറമ്പിലേക്ക് ചൂണ്ടി “അവിടെ കൊണ്ടോയാക്കണോ ?” എന്ന് ചോദിക്കുമ്പോൾ നല്ല കുട്ടികളാവുകയും ചെയ്യുന്നതിലൂടെ ഞങ്ങൾ കുട്ടികളുടെ ഉള്ളിൽ കണ്ടീഷണിങ്ങ് ചെയ്യപ്പെട്ടതായിരിക്കണം ഈ പ്രേത കഥകൾ . വലുതാകും തോറും ആ പേടിയില്ലാതാവുകയുണ്ടായി . പിന്നീട് മാങ്ങ പെറുക്കാനും സപ്പോട്ട പൊട്ടിക്കാനും വിഷൂന് കൊന്നപ്പൂ പറിക്കാനും ആൾ താമസമില്ലാത്ത വീടുകളുടെ മൂലോടിളക്കി അണ്ണാആൻ കുഞ്ഞുങ്ങളെ പിടിക്കാനും ഒക്കെ അവിടെ പോകാൻ തുടങ്ങിയപ്പോഴാണ് അതൊരു വിശാലമായ ലോകമാണെന്നും ഇത്തരം കഥകൾ അവിടെ തേങ്ങയും വിറകുമൊക്കെ കക്കാൻ വരുന്നവർക്ക് നല്ല മറയായിരുന്നെന്നും തിരിച്ചറിയാൻ തുടങ്ങുന്നത് .

ഇത്തരം തിരിച്ചറിവുകൾ വന്ന് തുടങ്ങുന്ന സമയത്താണ് ഉണിക്കാട്ടെ പറമ്പിൽ നിന്നും കയറിവരുന്ന ആ മനുഷ്യനെ ഞാൻ കാണുന്നത് . ആരാണതെന്ന് നോക്കി നിന്നപ്പോൾ വലിയ പേടിയൊന്നും തോന്നിയില്ല . വല്ല വിറകൊടിക്കാനോ തേങ്ങയിടാനോ മറ്റോ വന്ന ആരോ ആയിരിക്കാം എന്ന മട്ടിലാണ് ഞാൻ നിൽക്കുന്നത് . അടുത്തെത്താറായപ്പോൾ നേരിയ പരിചയമുള്ള ആളാണ് . നാട്ടിൽ പലയിടത്തും വെച്ച് കണ്ടിട്ടുമുണ്ട് . ഭയം അപ്പോഴുമില്ല. എന്തിനായിരിക്കാം വീട്ടിലേക്ക് വരുന്നതെന്ന സംശയം എൻറെ മുഖത്ത് നിന്നൂഹിച്ചത് കൊണ്ടാവാം വല്ലാതെ അടുത്തെത്തുന്നതിന് മുമ്പ് തന്നെ വെട്ടുകത്തിയുണ്ടോ എന്ന് ചോദിച്ചത് . ഉള്ള സാധനം ഇല്ല എന്ന് പറയാനൊന്നും അപ്പോൾ തോന്നിയില്ല . പിന്നെ ഞാനുദ്ദേശിച്ച പോലെത്തന്നെ വിറക് വെട്ടാൻ തന്നെ വന്നതാണല്ലോ എന്ന ആശ്വാസവും ഉള്ളിലുണ്ടായി. ഞാൻ വേഗംഅകത്ത് പോയി വെട്ടുകത്തിയെടുത്തു കൊടുത്തു . ഇതിയാൾ തിരിച്ചു തരാതെ പോയാൽ അമ്മ ചീത്ത പറയുമോ എന്ന ഭയം മാത്രമാണാസമയത്ത് എൻറെയുള്ളിൽ .

വെട്ടു കത്തി കയ്യിൽ വാങ്ങിയ ശേഷം കുറച്ച് വെള്ളം തരുമോ എന്ന് ചോദിച്ചതും ഞാനകത്ത് പോയി മൊന്തയിൽ വെള്ളവും ഗ്ലാസ്സുമായി വന്നു. വെള്ളം വാങ്ങിക്കുടിച്ചതിന് ശേഷമാണോ.. അതോ മുമ്പാണോ .. അയാളെൻറെ വലത് കൈ ( അതെനിക്ക് നല്ല ഓർമ്മയുണ്ട് . ഇപ്പോഴും ആ പിടിച്ചു വലി എനിക്കനുഭവിക്കാനും സാധിക്കുന്നുണ്ട് . അത്രയ്ക്ക് അപ്രതീക്ഷിതവും ഭയപ്പെടുത്തുന്നതും ആയിരുന്നത് . ) പിടിച്ച് വലിച്ചു . അയാളുടെ മേലേക്ക് എന്നെ വലിച്ചടുപ്പിക്കുന്നത് എന്തിനായിരിക്കാമെന്ന വലിയ ധാരണയൊന്നും അന്നത്തെ എനിക്ക് ഇല്ലാ എന്നുള്ളത് സത്യമാണ് . എന്നാൽ ഒരാൾ ബലത്തോടെ ചേർത്തടുപ്പിക്കുന്നത് എന്തോ ഉപദ്രവം ചെയ്യാനാണെന്ന് എൻറെയുള്ളിലെ പെൺകുട്ടിക്ക് പെട്ടെന്നറിയാൻ കഴിഞ്ഞു . കയ്യിലുള്ള മൊന്ത ഒറ്റ ഏറെറിഞ്ഞ് ഞാൻ കുതറിയോടി. നേരെ അകത്തേക്ക് …പിന്നെ ഉമ്മറത്തൂടെ പുറത്തേക്ക്…പടിക്കലേക്ക് . ഉറക്കെ കരയാനൊന്നും എനിക്കപ്പോൾ കഴിഞ്ഞില്ല .പേടിച്ചിട്ട് ശബ്ദം പുറത്ത് വരാത്തതാകാം. കരഞ്ഞില്ലെങ്കിലും എന്തോ ഒരു ശബ്ദം ഞാനുണ്ടാക്കീട്ട്ണ്ട് . എന്നിട്ടാണ് ഓടിയത്. പടിക്കലെത്തി തിരിഞ്ഞ് നോക്കിയപ്പോൾ അയാളെൻറെ പിന്നിലില്ല എന്ന് കണ്ട് ഞാൻ നിന്നു . അല്പം കഴിഞ്ഞപ്പോൾ അയാൾ ഉണിക്കാട്ടെ പറമ്പിലേക്ക് തന്നെ തിരിച്ച് പോകുന്നതും കണ്ടു. ഞാൻ വേഗം തിരിച്ച് ചെന്ന് വടക്കേ പുറത്തെ വാതിലടച്ച് … ഉമ്മറത്തെ വാതിലുമടച്ച് ഓടാബ്ബല് നീക്കി പുറത്തിറങ്ങി .

നല്ലോണം പേടിച്ചത് കൊണ്ടാവാം എത്രയും പെട്ടെന്ന് കൂട്ടുകാരുടെ കൂട്ടത്തിലെത്താൻ കൊതിച്ചത് . അമ്മയെ കാണണമെന്ന് തോന്നി. പക്ഷേ സന്ധ്യ കഴിഞ്ഞേ അമ്മ വരൂ ന്ന് അറിയാവുന്നതുകൊണ്ട് അത് വിട്ട് കൂട്ടുകാരുടെ കൂട്ടത്തിലൊരാളാവാൻ ശ്രമിച്ചു . ഒരു രഹസ്യം ഉള്ളിലുള്ളത് കൊണ്ടാവാം കളികളാസ്വദിക്കാൻ പറ്റുന്നില്ല . ആകെ ഒരു വിറയൽ പോലെ . വിഷമിച്ചിരിക്കാനോ കളിക്കാൻ കൂടാതിരിക്കാനോ പറ്റാത്തോണ്ട് പാതി മനസ്സുമായി അന്ന് അവർക്ക് മുന്നിൽ അഭിനയിക്കേണ്ടി വന്നു.

പക്ഷേ ഒന്നിലും മനസ്സ് നിൽക്കുന്നില്ല . ഒരു ഭയമിങ്ങനെ വിട്ട് മാറാതെ നിൽക്കുന്നു. ആരോടെങ്കിലുമൊന്ന് പറഞ്ഞിരുന്നെങ്കിൽ നെഞ്ചിടിപ്പൊന്ന് കുറയും . പക്ഷേ ആരോട് ?
ഈ കുട്ടികളോട് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടാവോ .? ചോദ്യങ്ങൾ ചോദിച്ച് വീണ്ടും ഭയപ്പെടുത്തുമെന്നല്ലാതെ .
അമ്മയും അച്ഛനും വന്നാൽ പറയണോ? .. വേണ്ട . ആകെ പ്രശ്നമാവും വലിയ വഴക്കുണ്ടാവും . പിന്നെ ആരോട് പറയാൻ !
ഇങ്ങിനെയൊക്കെ ആയിരുന്നു എൻറെ ചിന്ത പോയ്ക്കൊണ്ടിരുന്നത് .

കളിയും മതിയാക്കി വീടിൻറെ ഉമ്മറത്തിരിക്കുമ്പോഴാണ് അപ്പുറത്തെ വീട്ടിലെ ചേച്ചി ഒരു വല്ലം പുല്ലുമായി വരുന്നത് . ഉണിക്കാട്ടെ പറമ്പിൽ നിന്നും പുല്ലുമരിഞ്ഞ് ഞങ്ങടെ വീട്ടു മുറ്റത്തൂടെ വേണം അവർക്ക് വീട്ടിലേക്കെത്താൻ . കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ സംഭവിച്ച കാര്യങ്ങൾ എനിക്ക് ചേച്ചിയോട് പറയേണ്ടിവന്നതിൽ അത്ഭുതമൊന്നുമുണ്ടായില്ല . ആരെങ്കിലും ചോദിക്കാൻ കാത്തിരിക്കുകയായിരുന്നിരിക്കണം ഞാനപ്പോൾ . ചേച്ചി വീട്ടിൽ പോകാതെ അന്നവിടെ കൂട്ടിരുന്നു . അച്ഛനുമമ്മയും വന്ന ഉടനെ തന്നെ എല്ലാം പറയുകയും ചെയ്തു. അമ്മ വെറുതെ കരഞ്ഞു . “ഒറ്റക്കിരിക്കരുതെന്ന് പറഞ്ഞിട്ടില്ലേ ?” എന്ന് വീണ്ടും വീണ്ടും ചോദിച്ചു. ശരിയാണ് . ഒറ്റക്കിരിക്കരുതെന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട് . എന്നാൽ ഒറ്റക്കിരുന്നാൽ എന്ത് സംഭവിക്കുമെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല .

അച്ഛൻ ദേഷ്യത്തിലാണ് . ‘അവനെ വെറുതെ വിടില്ല ‘ എന്നിടയ്ക്ക് പറയുന്നത് കേട്ടു . ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ കുഴപ്പങ്ങൾ നടന്നേക്കാമെന്ന് ഞാൻ ഭയപ്പെട്ടു .

“കുട്ടിയെ വല്ലതും ചെയ്ത് ..മടവാളോണ്ട് വെട്ടിക്കൊന്നാൽ ആരേലും അറിയോ…
ആ നേരത്ത് പുറത്തേക്കോടാൻ തോന്നീത് നന്നായി . അല്ലെങ്കിലെന്താണ്ടാവാ ന്ന് ആർക്കറിയാം ”

അച്ഛനും അമ്മയും മിണ്ടാതിരിക്കാൻ ഉദ്ദേശിച്ചിട്ടില്ല . വലിയ പ്രശ്നമെന്തോ സംഭവിക്കാൻ പോകുന്നെന്ന് എൻറെ മനസ്സ് പറഞ്ഞു . എനിക്ക് വീണ്ടും പേടി കൂടിക്കൂടി വന്നു. അച്ഛൻ അയാളോട് വഴക്കിട്ട് വല്ലതും പറ്റുമോ എന്നാണ് ഞാൻ ഭയന്നത് . അതെന്നെ ഉറക്കത്തിലും ഭയപ്പെടുത്തി .

പിറ്റേന്ന് അച്ഛനും അമ്മയും പണിക്ക് പോയില്ല . സംഭവം വലിയ ചർച്ചയായി അയൽ വീടുകളിലേക്കും വ്യാപിച്ചു . ചിലർ അതേക്കുറിച്ച് ചോദിച്ചതുകൊണ്ടു തന്നെ ഞാൻ വീട്ടിൽ തന്നെ ആരോടും മിണ്ടാതെ ഇരുന്നു. ആരോ പറഞ്ഞു . ഞാൻ വെട്ടുകത്തി കൊടുത്തത് വലിയ മണ്ടത്തരമായിപ്പോയെന്ന് .അതും കൊണ്ടയാൾ എന്നെ വെട്ടിക്കൊന്നാൽ എൻറെ അച്ഛനായിരിക്കും ജയിലിൽ പോകേണ്ടി വരാ എന്ന് . അത് കേട്ടതു മുതൽ ഞാൻ വല്ലാതെ വിഷമിച്ചു . ഞാൻ മരിക്കുന്നതിനേക്കാൾ അച്ഛൻ പോലീസുകാർക്കൊപ്പം ജീപ്പിൽ കയറി ജയിലിലേക്ക് പോകുന്നതാണ് എന്നെ ഭയപ്പെടുത്തിയത്. വെട്ടുകത്തിയെടുത്തു കൊടുത്ത എൻറെ വിവരക്കേടിനെ ഞാൻ ശപിച്ചു. അച്ഛനൊന്നും വരല്ലേ എന്ന് പ്രാർത്ഥിച്ചു .

ഉച്ചയ്ക്കൊരാൾ വന്ന് ഉണ്ടായ കാര്യങ്ങളൊക്കെ ചോദിച്ചു. സംഭവിച്ച പോലെത്തന്നെ ആ മാമനോട് പറഞ്ഞുകൊടുക്കണമെന്ന് അച്ഛനെന്നോട് പറഞ്ഞിരുന്നു .അയാൾ പോയതിന് ശേഷം അമ്മ പറഞ്ഞപ്പോഴാണത് പോലീസുകാരനാണെന്നറിയുന്നത് . അച്ഛനെന്തിനാണീ പ്രശ്നം ഇത്ര വലുതാക്കുന്നതെന്ന് ഞാനന്ന് അത്ഭുതപ്പെട്ടു . എനിക്കൊന്നും സംഭവിച്ചില്ലല്ലോ ഞാനോടി രക്ഷപ്പെട്ടില്ലേ എന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നതത്രയും . അമ്മ ആരോടോ പറയുന്നത് കേട്ടു .

” ൻറെ കുട്ടി പുറത്തേക്ക് ഓടിയത് നന്നായി . അകത്തേക്കോടി വാതിലടച്ചിരുന്നേൽ ഒറ്റച്ചവിട്ടിന് വാതിൽ പൊളിച്ച് ആ കള്ളന് അകത്ത് കേറായിരുന്നു. ”

ശരിയാണമ്മ പറയുന്നതെന്ന് എനിക്കപ്പൊ തോന്നി . വടക്കേപ്പുറത്തെ വാതിൽ ചിതൽ പിടിച്ചതും പൊളിഞ്ഞതുമായിരുന്നു . അതൊന്നുമോർത്തല്ല ഞാൻ പുറത്തേക്കോടിയത് എങ്കിലും എൻറെ ആ പ്രവൃത്തിയിൽ എനിക്ക് സന്തോഷം തോന്നി . ചർച്ചകൾ തകൃതിയായി അപ്പോഴും നടന്നു. അച്ഛൻ പോലീസിൽ പരാതിപ്പെട്ടത് നന്നായെന്ന് പലരും പറഞ്ഞു . അവരുടെ വീട്ടിലും പെൺകുട്ടികൾ ഉണ്ട് .

പിറ്റേന്ന് രാവിലെ തന്നെ അമ്മ ആരോടോ ‘ വേണ്ട ‘ … ‘പറ്റില്ല ‘ എന്നൊക്കെ പറയുന്നത് കേട്ടാണ് ഞാൻ ഉമ്മറത്തെത്തുന്നത് . അയാളുടെ അമ്മയാണ്. എന്നോട് സംസാരിക്കാനാണ് വന്നത് അമ്മ സമ്മതിക്കുന്നില്ല . ഞാനടുത്ത് ചെന്നപ്പോൾ അവർ കൈകൂപ്പി എന്നോടെന്തൊക്കെയോ പറഞ്ഞു. ചുളിവുകൾ വീണ അവരുടെ മുഖം എന്നെ വേദനിപ്പിച്ചു . ആ കണ്ണുകൾ നിറഞ്ഞത് എന്നേയും സങ്കടപ്പെടുത്തി . അമ്മ എന്നെ അകത്തേക്ക് കൂട്ടി . കുറച്ച് നേരം കൂടെ തങ്ങി നിന്ന് ആ അമ്മ പോയി. മോനെ സ്റ്റേഷനിൽ നിന്ന് വിടണമെങ്കിൽ പരാതി പിൻവലിക്കണമെന്നാണവർ പറഞ്ഞത് . അതിനവർ ഇനിയും വരുമെന്നും എന്നാൽ പരാതി പിൻ വലിക്കില്ലെന്നും അച്ഛൻ അമ്മയോട് പറഞ്ഞു . അത് കേട്ടപ്പോഴാണ് പ്രശ്നം എത്രമാത്രം വലുതായിരിക്കുന്നെന്ന് ഞാനറിയുന്നത് .

ആരൊക്കെയോ അയാൾക്ക് വേണ്ടി വക്കാലത്ത്മായി വന്നുകൊണ്ടേയിരുന്നു . വീട്ടിലും സ്റ്റേഷനിലും മറ്റും . പാർട്ടിക്കാരും നാട്ടു പ്രമാണിമാരുമൊക്കെ സട കുടഞ്ഞെഴുന്നേൽക്കുന്നത് ഇങ്ങനെ ചില സന്ദർഭങ്ങളിലാവുമല്ലോ .

അച്ഛന് വിഷമത്തോടെയാണെങ്കിലും കീഴടങ്ങേണ്ടി വന്നു.

” എന്തായാലും നിങ്ങടെ കുട്ടിക്കൊന്നും പറ്റിയില്ലല്ലോ പിന്നെ ആ ‘പാവം ചെക്കൻറെ ജീവിതം നശിപ്പിക്കുന്നതെന്തിനാ ? ” ന്ന് അവർ മാറി മാറി ചോദിച്ചത്രേ . ‘ ഒരുപക്ഷേ ആ കുട്ടിക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ ? ‘ എന്ന ചോദ്യം അവർ മനപ്പൂർവ്വം മറന്നു. ആളുകളുടെ സമ്മർദ്ദത്തേക്കാളും അയാളുടെ അമ്മയുടെ കണ്ണീരയാളെ രക്ഷിച്ചിരിക്കണം. ഒരബദ്ധം . ! ഇനിയുണ്ടാവില്ല ! എന്ന് എല്ലാവരും ആണയിട്ടു. അതങ്ങിനെ അവിടെ തീർന്നു .

അതല്ലെങ്കിലും അങ്ങിനെയാണല്ലോ ‘ഗ്രേറ്റ് ഫാദറിൽ ‘ മമ്മൂക്കാൻറെ പെർഫോമൻസ് കണ്ട് കയ്യടിക്കാനും സ്ത്രീകളോട് മര്യാദകേട് കാണിക്കുന്നവൻറ്റെ കയ്യല്ല തലയാണ് വെട്ടേണ്ടതെന്ന് ബാഹുബലി പറയുമ്പോൾ എഴുന്നേറ്റ് നിന്ന് വിസിലടിക്കാനും ആളുണ്ടാവും . എന്നാൽ ജീവിതത്തിൽ സ്ത്രീകൾക്കോ കുട്ടികൾക്കോ വേണ്ടി നല്ല കാര്യം ചെയ്യുമ്പോൾ എതിർ പക്ഷത്ത് അംഗസംഖ്യ കൂടുന്നതായും കൂടെ നിൽക്കാൻ വിലിലെണ്ണാവുന്നവർ മാത്രം വന്നെത്തുന്നതായും അനുഭവപ്പെടുന്നത് സ്വാഭാവികം .

പീഡനം എന്ന വാക്ക് ഇത്ര മേൽ സാധാരണമാകുന്നതിനുമെത്രയോ മുമ്പുള്ള ഒരു അനുഭവവും അനുബന്ധ സംഭവങ്ങളുമാണിവിടെ പറഞ്ഞത് . അന്ന് കുട്ടികൾക്ക് ഇത്തരം അപകടങ്ങളെക്കുറിച്ച് വലിയ അറിവില്ല.
എന്നാൽ ഗുഡ് ടച്ചും ബാഡ് ടച്ചും പീഡനവും പീഡോഫീലിയയുമൊക്കെ തുറന്ന ചർച്ചകളായി നടക്കുന്ന ഈ കാലത്തും നമ്മുടെ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നു . മഞ്ചും ഐസ്ക്രീമും ചോക്ലേറ്റ്സും നൽകി അവരെ സമർത്ഥമായി ഉപയോഗിക്കുന്നവർ ; ബലപ്രയോഗത്തിലൂടെ അവരെ കീഴ്പെടുത്തിയ ശേഷം ഭയപ്പെടുത്തി നിശബ്ദരാക്കുന്നവർ തുടങ്ങി വേട്ടക്കാർ പെരുകുന്നു . ഇരകളുടെ തൊണ്ട വരളുന്നു . ഉള്ള് നീറുന്നു .

ഇവിടെയിപ്പോൾ നാമെന്ത് വേണം ? കുടുംബങ്ങളിൽ ഇനിയും മാറ്റങ്ങൾ വരണം . കുട്ടികൾക്ക് എന്തും തുറന്ന് സംസാരിക്കാനുള്ള സാഹചര്യം അവിടെയുണ്ടാവണം . ഭയമില്ലാതെ എന്തും പറയാനുള്ള ധൈര്യം അച്ഛനമ്മമാർ അവർക്ക് നൽകണം. പെൺകുട്ടികളുടെ സംരക്ഷണത്തിനെടുക്കുന്ന സമയത്തിനൊരു പങ്ക് ആൺകുട്ടികളുടെ സ്വഭാവ സംസ്കരണത്തിനും ചെലവിടുക . പെൺ കുട്ടികളെ അരുത്കൾ പഠിപ്പിക്കാനാവേശം കാണിക്കുന്നവർ ആൺ കുട്ടികൾക്കും അരുതുകളെ.. അതിരുകളെ … നിർണ്ണയിച്ച് കൊടുക്കുക . കടന്ന് ചെല്ലാൻ പാടാത്ത ഇടങ്ങൾ മനസ്സിലാക്കേണ്ടത് ആണും പെണ്ണുമാണ് . നിങ്ങളുടെ പെൺ കുട്ടികളെ… പ്രതികരിക്കാൻ പഠിപ്പിക്കൂ . മിണ്ടാതിരിക്കാനല്ല.. മിണ്ടിക്കൊണ്ടേയിരിക്കാൻ …ഒച്ചയിടാൻ.. അലറാൻ…. തിരിച്ചടിക്കാൻ.

അവർ കാണട്ടേ.. അറിയട്ടേ.. പ്രതികരിക്കട്ടെ.

പലതിൽ നിന്നും അവരുടെ കണ്ണുകളെ മൂടിവെക്കാതെ തുറന്ന് കാണിക്കൂ ..

തള്ളക്കോഴി കുഞ്ഞിനോട് പറഞ്ഞത് പറഞ്ഞത് പോലെ..

‘കണ്ണ് വേണമിരുപുറമെപ്പോഴും

കണ്ണ് വേണം മുകളിലും താഴേം

കണ്ണിനുള്ളിൽ കത്തിജ്വലിക്കു-

മുൾക്കണ്ണ് വേണമണയാത്ത കണ്ണ് . ‘

പെണ്ണേ ആ കണ്ണുകൾ ജ്വലിക്കട്ടെ . നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നിതീക്കു മുമ്പിൽ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക . വേട്ടയാടാൻ മാത്രമറിയുന്ന കാട്ടാളൻമാരേ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനൽ .

രചന : അശ്വനി സജീഷ്

LEAVE A REPLY

Please enter your comment!
Please enter your name here