Home Latest ഒരു രണ്ട് രൂപ തരോ ചായകുടിക്കാൻ.. അയാൾ അവളോട് ചോദിച്ചു…

ഒരു രണ്ട് രൂപ തരോ ചായകുടിക്കാൻ.. അയാൾ അവളോട് ചോദിച്ചു…

0

ഒരു രണ്ട് രൂപ തരോ ചായകുടിക്കാൻ..
അയാൾ അവളോട് ചോദിച്ചു,.
ഒറ്റമാത്രയിൽ ഇരുണ്ട നിറം, മുഷിഞ്ഞ വസ്ത്രം, പീളകെട്ടിയ കണ്ണിൽ കണ്ണുനീരിന്റെ ഉപ്പു ഊറിക്കിടക്കുന്നു. വല്ലാത്ത വിഷമം തോന്നി..
കൂടെവരൂ എന്നും പറഞ്ഞു അവൾ അയാളെയും കൂട്ടി അടുത്ത് കണ്ട ഹോട്ടലിനടുത്തേക്കു നടന്നു..
നടക്കുന്നതിനിടയിൽ ചോദിച്ചു.. ഊണ് കഴിച്ചോ?
അയാൾ ഒന്നും പറഞ്ഞില്ല..
വീണ്ടും അവൾ ചോദിച്ചു ആരൊക്കെയുണ്ട് വീട്ടിൽ?
ഭാര്യയും രണ്ടുമക്കളും, എനിക്ക് സുഖമില്ല വാൽവിന് തകരാർ ആണ് അതാണ് എല്ലാം തകർത്തത്.. ഇപ്പോൾ പണിയെടുക്കാൻ കഴിയില്ല..
കിതച്ചുകൊണ്ടയാൾ പറഞ്ഞപ്പോൾ കണ്ണിലെ നീരുറവ ശരിക്കും പൊട്ടി..

ഹോട്ടലിന്റെ മുമ്പിൽ എത്തി കയ്യിൽ അധികം പൈസ കരുതിയിട്ടില്ല.. എന്നാലും നാലു ഊണിനു പൈസ ഉണ്ടാകും എന്ന് മനസ്സിൽ തോന്നി.. വിലചോദിച്ചു പേഴ്സിൽ നോക്കിയപ്പോൾ നാല് ഊണ് വാങ്ങിയാൽ ബസ് പൈസക്ക് രണ്ടു രൂപ കുറവാണു..
സാരമില്ല രണ്ടു രൂപയല്ലേ എന്നാണപ്പോൾ മനസ്സിൽ തോന്നിയത്..

പാർസലായി കിട്ടിയ നാലു ഊണും ആ കൈകളിൽ ഏൽപ്പിക്കുമ്പോൾ ആ കണ്ണുകളിൽ അപ്പോൾ കണ്ടത് സ്നേഹമോ വാത്സല്യമോ, അതോ നിസ്സഹായതയോ, അറിയില്ല.. ഒരുപക്ഷെ മുഷിഞ്ഞ കൈവിരൽ എന്നെ സ്പർശിക്കേണ്ട എന്ന് കരുതിയോ, അല്ലെങ്കിൽ വിണ്ടുപൊട്ടിയ ചുണ്ടുകളാൽ എന്റെ മൂർദ്ധാവിൽ ചുംബിക്കേണ്ട എന്ന് കരുതിയോ, അതും അറിയില്ല. വത്സല്യത്തോടെ ആ കൈകൾ പിടിച്ചു അവൾ യാത്ര പറഞ്ഞു..

നല്ല തിരക്കുള്ള ബസിൽ കയറിക്കഴിഞ്ഞപ്പോൾ ആണ് രണ്ടു രൂപയുടെ കുറവ് ഓർമയിൽ വന്നത്.. കണ്ടക്ടറെ കണ്ടപ്പോൾ ചെറിയ പേടി തോന്നി..
സ്ഥലപ്പേര് പറഞ്ഞു പൈസ കൊടുത്തു..
പത്തല്ല, പന്ത്രണ്ട്.. കണ്ടക്ടർ പരുക്കൻ ഭാവത്തിൽ പറഞ്ഞു..
ഒന്നും മറുപടി പറയാൻ പറ്റാതെ തല താഴ്ത്തി നിന്നു…
കണ്ടക്ടർ വിടാൻ ഭാവമില്ല അൽപ്പം കൂടി ഉയർന്ന ശബ്ദത്തിൽ പിന്നെയും ആവശ്യപ്പെട്ടു… രണ്ടു രൂപകൂടി എടുക്കൂ..
ആളുകൾ എല്ലാം ശ്രദ്ധിച്ചു തുടങ്ങി… ചുറ്റുപാടുള്ളവരുടെ ശ്രദ്ധ മുഴുവൻ ഇവിടെക്കായെന്ന് അവിടെയുള്ള നിശബ്ദത പറഞ്ഞു..
വളരെ സ്വരം താഴ്ത്തി അവൾ പറഞ്ഞു എന്റെ കയ്യിൽ ഇപ്പോൾ ഇല്ല, പിന്നീട് ഞാൻ അത് തരാം..
അയാൾ ശബ്ദം ഒന്നുകൂടി ഉയർത്തി പറഞ്ഞു. ഒരോർത്തൽ കേറിക്കൊള്ളും കയ്യിൽ പൈസയും ഇല്ലാതെ,
പിന്നെ തരാം ന്നു എവിടുന്നു..
അയാൾ ഓരോന്നും ഇങ്ങിനെ നിർത്താതെ പറയുന്നതിനിടയിൽ പുറകിൽ നിന്നാരോ പറയുന്നത് കേട്ടു,
വിട് മാഷെ… ഞാൻ തരാം രണ്ടുരൂപ..
തിരിഞ്ഞു നോക്കാൻ തോന്നിയില്ല പുറകിലുള്ള ഓരോ കണ്ണുകളും അപ്പോൾ തൻറെ മുഖത്തെ ദൈന്യത കാണാൻ ആഗ്രഹിക്കുന്നു എന്ന് തോന്നി..

 

സങ്കടം കൊണ്ട് കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു അവൾ,
വെറും രണ്ടുരൂപയ്ക്കു എല്ലാവരുടെയും ഇടയിൽ തലതാഴ്ത്തി. ആൾക്കൂട്ടത്തിൽ നഗ്നയാക്കപ്പെട്ടപോലെ അപമാനവും പേറി. പക്ഷെ കരഞ്ഞില്ല. പിടിച്ചുനിന്നു…

സ്റ്റോപ്പിൽ ഇറങ്ങുപ്പോൾ ബസിൽ നിന്നും കാണുന്ന കാഴ്ചക്കാരുടെ കണ്ണുകൾ കാണാതെ കണ്ടു.. തലതാഴ്ത്തി വീട്ടിലേക്കെത്തുമ്പോൾ.. ഇക്ക ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു ചിരിക്കാൻ നോക്കിയിട്ടും കണ്ണ് നിറഞ്ഞു കരഞ്ഞുപോയി.. ബെഡിൽ കിടന്ന് ഏങ്ങലടിച്ചു കരയുന്ന അവളോട് സ്നേഹത്തോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അയാൾ അവളെ മടിയിൽ കിടത്തി ആ നെറ്റിയിൽ ഒരു മുത്തം കൊടുത്തു..

ആ കണ്ണുകളിൽ നോക്കി അയാൾ പറഞ്ഞു ഇത്രയും സ്നേഹവും കരുണയും ഉള്ള ഒരാളെ ജീവിതത്തിൽ കിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണ്..
സാരമില്ല, നിത്യേനയുള്ള തിരക്കിൽ കണ്ടക്ടർ പലപ്പോഴും സ്നേഹം മറക്കുന്നതാകാം..
എന്നാലും ഇക്ക ബസിൽ എല്ലാവരുടെയും മുമ്പിൽ രണ്ടുരൂപയ്ക്കു വേണ്ടി ഞാൻ ആകെ..
മുഴുപ്പിക്കാൻ അനുവദിക്കാതെ അയാൾ പറഞ്ഞു..
ആ ബസിൽ ഉള്ള ആർക്കെങ്കിലും അറിയുമോ എന്റെ പൊന്നൂസ് ഇത്രേം വലിയ ഒരു കാര്യം ചെയ്തിട്ടാണ് വരുന്നതെന്ന്.. എല്ലാവരും അവരവരുടെ ലോകത്താണ്, എല്ലാവര്ക്കും വലുത് അവരവരുടെ പ്രശ്നങ്ങളും കാര്യങ്ങളും, നമ്മുടെ നന്മ നമ്മുടെ മനസ്സിൽ മാത്രം മതി ആരും അറിഞ്ഞില്ലെങ്കിലും സാരമില്ല.

ശരിയാണ് നമ്മുടെ മനസ്സിൽ മാത്രം മതി. ആ സമയത്തു അവൾ കണ്ടത് ആ പീളകെട്ടിയ കണ്ണിൽ നിന്നും ഇറ്റു വീണ സന്തോഷത്തിന്റെ കണ്ണുനീരാണ്…

രചന : കെ. കെ  റഷീദ്

LEAVE A REPLY

Please enter your comment!
Please enter your name here