Home Latest കെട്ട കഴിഞ്ഞാൽ പിന്നെ പെങ്കുട്ട്യോൾ സ്വന്തം വീട്ടിലേക് വരുന്നത് ഒരതിഥിയെ പോലെയാ…

കെട്ട കഴിഞ്ഞാൽ പിന്നെ പെങ്കുട്ട്യോൾ സ്വന്തം വീട്ടിലേക് വരുന്നത് ഒരതിഥിയെ പോലെയാ…

0

കെട്ട കഴിഞ്ഞാൽ പിന്നെ പെങ്കുട്ട്യോൾ സ്വന്തം വീട്ടിലേക് വരുന്നത് ഒരതിഥിയെ പോലെയാ..

ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ഒരാഴ്ചത്തെ ലീവിന് വരും.മക്കളെ സ്കൂളിൽ കൂടി ചേർത്തിയാൽ പിന്നെ കലണ്ടറിൽ ചോപ്പ നിറം വരുന്നത് വരെ കാക്കണം .. കുറച്ചു ദിവസത്തേക്ക് ആണെങ്കിൽ കൂടി പോകുന്നത് വലിയ സഞ്ചിയൊക്കെ കെട്ടിയായിരിക്കും. . വീട്ടിലെത്തിയാൽ പിന്നെ ദിവസം തീരുന്നതും അറിയില്ല.. മണിക്കൂറും ദിവസങ്ങളും ശരവേഗത്തിൽ അങ്ങ് പോകും..

അങ്ങനെ നാല് മാസം മുൻപ് കെട്ട്യോന്റെ സമ്മതം വാങ്ങി വീട്ടിലേക്കു പോന്നത് കുറച്ചു ആരോഗ്യ പ്രശ്നങ്ങളും കൊണ്ടായിരുന്നു. പിന്നീട് ആശുപത്രി വാസവും ഓപ്പറേഷനും ആയിട്ട് ഉമ്മച്ചിയുടെയും ഉപ്പയുടെയും സ്നേഹവും പരിചരണവും കിട്ടി സുഖവാസം. .. ഡോക്ടർ റസ്റ്റ്‌ കൂടി പറഞ്ഞതോടെ പറയേം വേണ്ട..

സുബ്ഹിക്ക് മുൻപ് ഉണർന്ന അടുക്കളയിൽ കയറേണ്ട..

മുറ്റം അടിക്കേണ്ട..

തിന്ന പാത്രമോ ഉടുത്ത ഡ്രെസ്സോ അലക്കണ്ട..

മോൾടെ പിന്നാലെ ഓടേണ്ട…

ഭക്ഷണം മുറിയിൽ…
അതിഥികൾ കൊണ്ട് വരുന്ന ഫ്രൂട്ട്സും പലഹാരങ്ങളും ഇഷ്ടപെട്ട ഭക്ഷണവും വയറു മുട്ടെ തിന്ന് മൊബൈലിൽ തോണ്ടി ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും നോക്കി കിടത്തം..
എല്ലാം കൊണ്ടും സുഖവാസം ..

 

അതിനിടയ്ക്കാണ് അനിയത്തി പെണ്ണിന്റെ കല്യാണ നിശ്ചയവും ഡേറ്റ് ഉറപ്പിക്കലും കഴിഞ്ഞത് . പിന്നീട് അതിന്റെ പിന്നാലെയായിരുന്നു..

ഒരുക്കങ്ങൾ തുടങ്ങിയതോടെ എപ്പോഴും ആരെങ്കിലുമായി വീട്ടിൽ ഉണ്ടാകും.. ഒച്ചയും ബഹളവും… വഴക്കും..

എന്റെ ആരോഗ്യം കൂടെ വീണ്ടെടുത്തതോടെ ഞാൻ തനി സ്വരൂപം കാണിച്ചുo തുടങ്ങി..

ഉമ്മച്ചി ഒതുക്കി വെക്കുന്നത് വലിച്ചു വാരിയിട്ടും..

ചുളുവില്ലാതെ വിരിച്ചിട്ട ബെഡ്ഷീറ് അലങ്കോലമാക്കിയും..

നടക്കുന്നിടത്തെല്ലാം ഫാനും ലൈറ്റും ഓണാക്കിയും

സമയത്തിന് തിന്നാതെയും കുളിക്കാതെയും ഇരുന്നും

അങ്ങനെ കുരുത്തക്കേടുകൾ ഓരോന്ന് കാണിക്കും ..കൂടെ അനിയത്തിയും.

പലതും മനപ്പൂർവം
ഉമ്മീടെ തെറി കേൾക്കാൻ..

തിരക്കും ഒരുക്കങ്ങളും കഴിഞ്ഞ് കല്യാണം കഴിഞ്ഞ് അവൾ വീട്ടിൽ നിന്ന് പോയ അന്ന് മുതൽ ഒരു തരം മടുപ്പ് ആയിരുന്നു വീട്ടിൽ..

ഒരുമിച്ചു കിടന്ന കട്ടിൽ കാണുമ്പോൾ ഉള്ള് പിടയും..
ദിവസം നൂറിൽ കൂടുതൽ തവണ ആയിരിക്കും അവളുടെ പേര് വായിൽ വരുന്നത്… പിന്നീട് ആണ് ഓർമ വരിക അവളില്ല എന്ന്..
വഴക്കുണ്ടാക്കാൻ ആരുമില്ലാത്തതോടെ വീട്ടിൽ ഒച്ചയും കുറഞ്ഞു..

ഉമ്മച്ചി നിസ്കാരപായയിൽ ഇരുന്നായിരുന്നു പലപ്പോഴും സങ്കടം പറഞ്ഞത്.
എല്ലാത്തിനും പുറമെ മോളാകട്ടെ മേമ എന്നാ വരുന്നേ എന്ന് ചോദ്യവും.

വിരുന്നും പരിപാടികളും എല്ലാം കഴിഞ്ഞപ്പോഴാണ് ഇന്നലെ കെട്ട്യോന്റെ ഓർഡർ വന്നത്..
“മാസം കുറച്ചായില്ലേ വന്നിട്ട് ഒരു തിരിച്ചു പോക്ക് വേണ്ടേന്ന് ”

ഇടിവെട്ടിയവനെ പാമ്പ് കടിച്ച പ്രതീതി.
രാവിലെ എഴുന്നേറ്റു ഡ്രസ്സ്‌ ഓരോന്ന് അടുക്കി വെച്ചപ്പോൾ മനസ്സിന് വല്ലാത്ത ഭാരം അനുഭവപ്പെട്ടു.. ഉമ്മിച്ചി ഇന്ന് ഉണ്ടാക്കി തന്നതെല്ലാം ഇഷ്ട വിഭവങ്ങൾ..
പക്ഷെ ഒന്നും ഇറങ്ങുന്നില്ല.. ഉപ്പയുടെ മുഖത്ത്‌ പതിവായിട്ടുള്ള ചിരിയൊന്നും കാണുന്നില്ല….

തമാശ പറഞ്ഞും പൊട്ടത്തരം വിളിച്ചു പറഞ്ഞും മൂഡ് മാറ്റാൻ ശ്രമിച്ചെങ്കിലും ഉമ്മയുടെ മുഖത്ത് ഭാവ മാറ്റമൊന്നും കണ്ടില്ല..
എനിക്ക് ചായ ഒഴിക്കുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു
“ഭാസ്കരേട്ടനോട് നാളെ മുതൽ പാല് വേണ്ടാന്ന് പറ ഇനിയിവിടെ ആർക്കാ പാലെന്ന് “.

“പൊന്നുമ്മാ ഒരു ബസ് കയറിയാൽ എത്തുന്ന ദൂരമല്ലേയുള്ളൂ?
എന്റെ ചോദ്യം മുഴുവൻ ആകുന്നതിനു മുന്പേ ഉമ്മച്ചി തട്ടം കൊണ്ട് കണ്ണ് തുടച്ച് മോളെ ഉമ്മ വെക്കാൻ തുടങ്ങിയിരുന്നു..

അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളും ഡ്രെസ്സും അലങ്കോലമാക്കാനും വൃത്തിയായി വിരിച്ച ബെഡ്ഷീറ് ചുളുക്കിയിടാനും..
ഉപ്പച്ചി കൊണ്ട് വരുന്ന മിട്ടായിക്ക് അടിയുണ്ടാക്കാനും വഴക്കിനും ഇന്ന് നിങ്ങളാരും ഉണ്ടാകൂലല്ലോ എന്നാലോചികുമ്പോ…
ഉമ്മ കണ്ണ് നിറച്ചു കൊണ്ട് പൂർത്തിയാക്കിയപ്പോൾ..

എന്റെ കണ്ണും നിറഞ്ഞെങ്കിലും
“എനിക്ക് പനി വരാൻ പ്രാർത്ഥിച്ചോ ഉമ്മിചീ..എന്നാ വേഗം വരാമെന്നു പറഞ്ഞു ഞാൻ വിഷയം മാറ്റുകയായിരുന്നു…

ഉമ്മയുടെ കവിളിൽ ഒരുമ്മ വെച്ച സലാം പറഞ്ഞു കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പിന്നീട് ഞാൻ പിറകിലേക്ക് നോക്കിയില്ല.. കലങ്ങിയ കണ്ണുമായി ഉമ്മറത്തു നിൽക്കുന്ന ഉമ്മയെയും ഉപ്പയെയും നോക്കാതെ തന്നെ എനിക്ക് കാണാമായിരുന്നു..

വണ്ടിയിൽ കയറി കണ്ണ് നിറച്ചപ്പോൾ പതിവായി കളിയാക്കാറുള്ള കെട്ട്യോൻ ഇന്നൊന്നും പറഞ്ഞില്ല…

“നമുക്ക് വരാo നീയാ കണ്ണ് തുടച്ചെ എന്നും പറഞ്ഞു എന്റെ കയ്യിൽ മുറുകെ പിടിച്ചപ്പോൾ
ഇന്ന് ജീവിതത്തിൽ ആദ്യമായി തോന്നിപോയി..
“ഒരാണായി ജനിച്ചിരുന്നുവെങ്കിലെന്ന് ”

രചന : Nafiya Nafi

LEAVE A REPLY

Please enter your comment!
Please enter your name here