Home Latest മുൻപൊരിക്കലും ഉണ്ടാവാത്ത, പറഞ്ഞറിയിക്കാൻ അറിയാത്ത എന്തോ എനിക്ക് സംഭവിച്ചു !

മുൻപൊരിക്കലും ഉണ്ടാവാത്ത, പറഞ്ഞറിയിക്കാൻ അറിയാത്ത എന്തോ എനിക്ക് സംഭവിച്ചു !

0

“വയസ്സറിയിപ്പ് “

പറയത്തക്ക പ്രേമ ബന്ധങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ലെങ്കിലും, നാട്ടിലെ കൊച്ചു സുന്ദരൻമാരുടെ ദയനീയ നോട്ടങ്ങളെ ഞങ്ങൾ കഴിയും വിധം പ്രോത്സാഹിപ്പിച്ചിരുന്നു..

രചന : Aswathy Rakhav

അച്ഛാ… അച്ഛാ…. !!!

എന്താടാ ഓടിക്കിതച്? എന്താ?

അമ്മപറഞ്ഞു വേഗം വീട്ടിലേക്കു വരാൻ.. ചേച്ചി വയസ്സറിയിച്ചുത്രെ….. !!!!!

(അതെ… ഇത് ഒരു വെറും കഥയല്ല.. ഒരുകാലഘട്ടത്തിൽ പെൺകുട്ടികൾ പ്രകൃതിയുടെ ദൈവീകഭാവം ഏറ്റുവാങ്ങുന്ന ആ ധന്യമുഹൂർത്തത്തെ നമ്മുടെ മുൻതലമുറ എത്രത്തോളം ധന്യമാക്കി തീർത്തിരുന്നു എന്ന് ഓർമ്മപെടുത്താൻ ശ്രമിക്കുന്നു … “വയസ്സറിയിപ്പ്… (തെരണ്ടുകല്യാണം …… )

എന്റെ പേര് ലക്ഷ്മി.. പാലക്കാടിന്റെ അതിർത്ഥി പ്രദേശമായ ഒരു കൊച്ചുഗ്രാമത്തിലാണ് ഞാൻ ജനിച്ചത്.. അച്ഛനും, അമ്മയും, അനിയനും, അമ്മുമ്മയും അടങ്ങുന്ന ഒരു കൊച്ചു കർഷകകുടുംബമാണ് ഞങ്ങളുടേത് !

ഞാൻ പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന കാലം.. ഞാനും, എന്റെ കൂട്ടുകാരി ഉമയും സ്ഥിരമായി തൊട്ടടുത്ത കോവിലിൽ സന്ധ്യക്കു പോയി തൊഴുതിരിന്നു.. വെള്ളിയാഴ്ചകളിൽ കോവിലിൽ താരതമ്യേനെ തിരക്കു കൂടുതലാണ്.. സ്വാഭാവികം, അത്തരം ദിവസങ്ങളിൽ ഞങ്ങൾ കുറച്ചു കൂടുതൽ ഒരുങ്ങിയിരുന്നു..

പറയത്തക്ക പ്രേമ ബന്ധങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ലെങ്കിലും, നാട്ടിലെ കൊച്ചു സുന്ദരൻമാരുടെ ദയനീയ നോട്ടങ്ങളെ ഞങ്ങൾ കഴിയും വിധം പ്രോത്സാഹിപ്പിച്ചിരുന്നു..

അച്ഛനോടുള്ള ഭയം കൊണ്ടാവും ആരും നേരിൽ വന്നു ശല്യം ചെയ്തിട്ടില്ല.. ഞാൻ പലപ്പോഴും ആശിച്ചിരുന്നു ആരെങ്കിലും ശല്യം ചെയ്യാൻ… പ്രായത്തിന്റെ ചാപല്യം എന്നിൽ അന്ന് വേണ്ടുവോളം ഉണ്ടായിരുന്നു.. നാട്ടിലെ സുന്ദരൻമാരുടെ ശ്രദ്ധ എന്നിലേക്ക് മാത്രം പതിക്കേണമേ എന്ന ഒരു കൊച്ചു പ്രാർത്ഥനയും അന്നെനിക്ക് ഉണ്ടായിരുന്നു..

“എടീ ലക്ഷ്മി, നാളെ എക്സാം റിസൾട്ട്‌ വരും… എനിക്ക് പേടിയാവുന്നു… എന്താവും എന്നാലോചിച്ചു ഒരു സമാധാനമില്ല “…

എന്താവാനാ മണ്ടുസേ… മ്മള് ജയിക്കും… നല്ല മാർക്കും ഉണ്ടാവും…

ഈശ്വരാ.. ന്നാലും അറിയണവരെ ഒരു പേടി… തോറ്റാൽ ഞാൻ ജീവിച്ചിരിക്കില്ല… വല്ലതും ചെയ്തു കളയും..

പിന്നേ… ഒന്ന് പോടീ… തോറ്റാൽ ഞാൻ വീണ്ടും എഴുതും … ആത്മഹത്യ എന്റെ പട്ടി ചെയ്യും… ഹാ ഹാ…

നിനക്ക് തമാശ… ഞാൻ പോയി വേഗം കുളിച്ചു വരാം.. മ്മക്ക് ഇന്ന് കോവിലിൽ പോയി നന്നായി പ്രാർത്ഥിക്കണം..

ശരി.. ഞാനും കുളിക്കട്ടെ.. !

കോവിലിൽ ഇരുന്നു ഉമ ഉച്ചത്തിൽ പ്രാര്ഥിക്കുന്നതുകേട്ട് എനിക്ക് ചിരി അടക്കാനേ കഴിഞ്ഞിരുന്നില്ല..

“എടീ ഉമപെണ്ണേ, പരീക്ഷ നമ്മൾ എഴുതി കുറേ ദിവസായി.. ഇനി ദൈവത്തിനു ഒന്നും ചെയ്യാനില്ല “…

മിണ്ടാതിരുന്നു പ്രാര്ഥിക്കടി ഭൂതമേ.. ഓഹ്.. ഒറ്റക്ക് വന്നാൽ മതിയായിരുന്നു…

ഓഹ് പിന്നേ… ഞാൻ പുറത്തുണ്ടാവും.. നീ പ്രാർത്ഥന കഴിഞ്ഞ് അങ്ങോട്ട്‌ വായോ.. ന്റെ അനിയൻ പുറത്തുണ്ട്..

നിൽക്കടീ…….

പോടീ…..

നേരം പതിയെ ഇരുട്ടിതുടങ്ങിയിരുന്നു.. ഞങ്ങൾ ഇത്ര വൈകാറില്ല… എന്നിൽ എന്തോ ഭയം പിറക്കുന്നപോലെ..

“ടാ കുട്ടുസേ, ഇരുട്ടത്തു ഓടാതെ എന്റെ അടുത്ത് നിന്നേ.. മതി കളിച്ചത് ” . ..

ഉം…. വീട്ടിൽ പോവാ ചേച്ചി…

പോവാ.. ആ ചേച്ചി വന്നിട്ട് പോവാ…

എന്റെ കൈ കുതറി വീണ്ടും ഓടാൻ ശ്രമിച്ച കുട്ടൂസിനെ ചാടി പിടിച്ചു നിർത്തവേയാണ് ഒരു പേമാരി പോലെ അത് എന്റെ ഉള്ളിൽ നിന്നും പെയ്തിറങ്ങിയത്… ആകെ വിയർത്തുപോയഞാൻ എന്ത് എന്നിൽ സംഭവിച്ചു എന്ന് മനസിലാക്കാൻ നിമിഷങ്ങൾ വേണ്ടിവന്നു… മുൻപൊരിക്കലും ഉണ്ടാവാത്ത, പറഞ്ഞറിയിക്കാൻ അറിയാത്ത എന്തോ എനിക്ക് സംഭവിച്ചു !

മറ്റൊന്നിനും എന്റെ കണ്ണുകളെ നൽകാതെ എങ്ങുനിന്നോ കടമെടുത്ത പക്വതയുമായി വീട്‌ ലക്ഷ്യമാക്കി ഞാൻ നടന്നുതുടങ്ങി.. ചെവികൾ കൊട്ടിയടച്ചപോലെ.. പലരും എന്നോട് എന്തൊക്കെയോ ചോദിച്ചിരുന്നു..

“നിൽക്കടീ, ഞാനുണ്ട്.. ” എന്ന ഉമയുടെ പിന്നിൽ നിന്നുമുള്ള വിളി എന്നിൽ ഒരു ഭാവമാറ്റവും ഉണ്ടാക്കിയില്ല…

ഒടുവിൽ വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കേറുമ്പോൾ പൂമുഖത് എന്നെ കാത്തുനിൽക്കുന്ന അമ്മയുടെ അടുത്തേക്ക് ഓടി ചെന്ന് ഞാൻ കെട്ടിപ്പിടിച്ചു ആദ്യമായി ഉച്ചത്തിൽ അലാറതെ കരഞ്ഞു…

എന്താടീ… ന്താ ഉണ്ടായേ…?

മറുപടി എനിക്കറിയില്ലായിരുന്നു…

പിന്നിൽ ഓടിയെത്തിയ ഉമയോട് അമ്മയുടെ ചോദ്യങ്ങൾ ആവർത്തിച്ചു…

“എനിക്കറിയില്ലമ്മേ… പെട്ടന്ന് കോവിലിൽ നിന്ന് നടന്നു പോന്നു… ഞാൻ കുറേ വിളിച്ചു.. നിന്നില്ല “….,

ഒടുവിൽ അമ്മ ഇരുകൈകളും എന്റെ കവിളിൽ ചേർത്ത് പിടിച്ചു എന്റെ കണ്ണിൽ നിന്നും വീഴുന്ന ഉത്തരങ്ങളെ കണ്ണുനീരോടെ ഏറ്റുവാങ്ങി അമ്മുമ്മയെ വിളിച്ചു…

” അമ്മാ… ഒന്ന് ഉമ്മറത്തേക് വരൂ… വേഗം… ”

ന്താ… ന്താ ഉണ്ടായേ?

മോള് വയസറിയിച്ചു…. (അത് പറയുമ്പോൾ അമ്മയും, അമ്മുമ്മയും വികാരഭരിതരാവുന്നതു ഞാൻ കണ്ടു.. ഉമ ഗേറ്റ് തുറന്ന് ഓടുന്നതും കണ്ടു… ഒന്നുമറിയാത്ത നിഷ്കളങ്കഭാവത്തിൽ നിൽക്കുന്ന കുട്ടൂസിനെയും കണ്ടു )…

കുട്ടുസേ…

ന്താ അമ്മേ…?

അച്ഛൻ പീടികയിൽ പോയിരിക്കാണ്… നീ ഓടി ചെന്ന് അച്ഛനോട് വരാൻ പറ…

ഉം…

മുറ്റത്തുകൂടി ഓടി പോകുന്ന കുട്ടൂസിനെ നോക്കി നിൽക്കവേ അമ്മുമ്മ എന്റെ കൈ പിടിച്ചു ഉള്ളിലേക്ക് കൊണ്ടുപോയി..

അമ്മുമ്മേടെ ലക്ഷ്മികുട്ടി… ഇപ്പോൾ വല്യേ കൂട്ടിയായി…

ഒടുവിൽ അമ്മുമ്മ എന്നെ ഒരു മുറിക്കുള്ളിൽ ഇരുത്തി ആ പതിഞ്ഞ പ്രകാശത്തിൽ എന്റെ മുഖത്തേക്ക് നോക്കുമ്പോൾ നാണം അശുദ്ധിയുടെ രൂപത്തിലാണ് എന്നിൽ പിറന്നത്…

“അമ്മേ ദേ അച്ഛൻ വന്നു “.. എന്ന കുട്ടൂസിന്റെ ശബ്ദം കേട്ടാണ് ഞാൻ പാതിതുറന്ന വാതിലിലൂടെ കൊലായിലേക് നോക്കിയത്… അച്ഛൻ അമ്മയെ നോക്കി വികാരഭരിതനാവുന്നതും, അമ്മ, “മ്മടെ മോളു വലിയ കുട്ടിയായി ” എന്ന് പറയുന്നതും ഞാൻ കാണാതെ കണ്ടു….

നടന്നുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങളിലേക്കു ഞാൻ പതിയെ ഒരു സ്വപനലോകത്തിൽ നിന്നും വഴുതിവീണു.. അതെ, ഞാൻ വലിയ പെണ്ണായി.. രക്തം അശുദ്ധിയുടെ കൈവരികളായി മനസിലൂടെ ഒഴുകുമ്പോൾ കണ്ണുകളിൽ നിന്നും തനിക്കു നഷ്ടപെട്ട ബാല്യം പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു…

അമ്മ എന്നെ ആശ്വസിപ്പിച്ചുകൊണ്ടേ ഇരുന്നു… അപ്പുറത്തുനിന്നും വരുന്ന അച്ഛന്റെ ശബ്ദത്തിനും എന്നെ സമാധാനപ്പിക്കാൻ കഴിഞ്ഞില്ല..

അന്ന് രാത്രി നാലുചുമരുകൾക്കുള്ളിൽ ബന്ധിക്കപ്പെട്ട തന്റെ ബാല്യത്തിന്റെ ചേതനയറ്റ ശരീരവുമായി എങ്ങനെയോ കഴിഞ്ഞുകൂട്ടി…

രണ്ടാംദിവസം പ്രഭാതം എന്നിലേക്കു വന്നുചേർന്നത് വിരുന്നുകാരുടെയും, സമ്മാനങ്ങളുടെയും അകമ്പടിയോടുകൂടിയാണ്.. എന്നിലെ ആ കുട്ടിലക്ഷ്മിയെ ആരും തേടിയിരുന്നില്ല എന്നതാണ് വാസ്തവം !

അശുദ്ധിയും, ആത്മസങ്കർഷവും എന്നെ ഒറ്റപ്പെടാൻ പോലും അനുവദിച്ചില്ല…ഞാൻ കണ്ടിരുന്ന കാഴ്ചകൾ,ആകാശം, സൂര്യൻ, ചന്ദ്രൻ, കോവിൽ എല്ലാം എനിക്ക് ഇന്ന് നിഷിദ്ധം…..ഒരു ദിനം ഈ ഇരുണ്ട മുറിയിൽ…. കാഴ്ചകൾ എല്ലാം ഒരു വാൽക്കണ്ണാടിയിലേക് മാത്രം… !

“ലക്ഷ്മിക്കുട്ടി, ന്റെ ചുന്ദരി “…. വിളി അമ്മുമ്മയുടെതാണ്..

ഒരു മൂളൽ മാത്രമേ ഞാൻ ഉത്തരമായി കൊടുത്തുള്ളൂ…

അമ്മുമ്മ പതിയെ എന്റെ അടുത്തിരുന്നു…
“ന്തിനാ ന്റെ കുട്ടി വിഷമിക്കണേ?… വലിയ കുട്ടിയായതിന്റെ ദുഖമാണോ അതോ അശുദ്ധിയായി തോന്നുന്നുണ്ടോ?

നിക്കറിയില്ല അമ്മുമ്മേ… ആകെ എന്തോ പോലെ !

അമ്മുമ്മ ഒരു കാര്യം പറയട്ടെ… ഒരു വലിയ സത്യം…

ആ… അമ്മുമ്മ പറയൂ !

ന്റെ കുട്ടീടെ ദുഃഖം അശുദ്ധയാണ്, എല്ലാം നഷ്ടപ്പെട്ടു എന്നൊക്കെയുള്ള ചിന്തകളല്ലേ?
എന്നാൽ സത്യം എന്താന്ന് അറിയോ, എല്ലാരുടെയും വിചാരം പെൺകുട്ടികൾ വയസറിയിച്ചു എന്ന് പറയുമ്പോൾ എന്തോ നഷ്ടപെട്ടപോലെയാണ്, ആർത്തവം പ്രകൃതിയുടെ വരദാനമാണ്..പെൺകുട്ടികൾ പ്രത്യുല്പാദനതിന്നു അർഹയായി എന്ന് കാണിച്ചുതരാൻ, ആ ധന്യമുഹൂർത്തത്തിൽ അവർ ഒരു മുറിയിൽ അടച്ചു മാനം പോലും കാണാതെ ഇരുത്തുന്നത് എന്താച്ചാൽ അവളോളം ശുദ്ധയായ മറ്റൊന്നും ഭൂമിയിൽ ഇല്ല..

അത്രയും അവൾ പവിത്രയാണ് ! സൂര്യനും, ചന്ദ്രനും പോലും അവളെ കാണാൻ യോഗ്യത ഇല്ല, പിന്നെയാണോ മനുഷ്യർ പ്രതിഷ്ഠിച്ച വിഗ്രഹങ്ങൾ, അത്രയും പവിത്രയയ അവളെ കാണാൻ കുടുംബക്കാരും, നാട്ടുകാരും സമ്മാനങ്ങളുമായി വരും..

അങ്ങനെ മൂന്ന് ദിവസങ്ങൾ അടച്ച മുറിയിൽ ഇരുന്നു സ്വയം അവൾ മാനസികമായും, ശാരീരികമായും പ്രകൃതിയുടെ ആ ദിവ്യത്വത്തെ സ്വീകരിക്കാൻ പ്രാപ്തയാവുന്നു..

നാലാംദിനം രാവിലെ അവളെ പ്രകൃതിയുടെ പുത്രിയായി സങ്കൽപ്പിച്ചു, മനസിനെയും,ശരീരത്തെയും ഒരു പുതുലോകത്തിലേക്കു കുറച്ചു പാരമ്പര്യ ചടങ്ങുകളോടെ, പല സുഗന്ധദ്രവ്യങ്ങളുടെ ഗുണങ്ങളെ ഉപയോഗിച്ച് നടത്തുന്ന സ്നാനത്തോടെ അവൾ യാഥാർഥ്യത്തെ ഇരുകൈയും നീട്ടി തെളിഞ്ഞ മനസ്സോടെ സ്വീകരിക്കാൻ പ്രാപ്‌തയാകുന്നു… !

അത് കഴിഞ്ഞ് വീട്ടിൽ വച്ചു ബന്ധുമിത്രാതികൾക്കു കൊടുക്കുന്ന സൽക്കാരങ്ങൾ പ്രത്യക്ഷവും, പരോക്ഷവുമായ ഒരു അറിയിപ്പാണ്.. എന്തെന്നാൽ ഇവളുടെ പൂർണ്ണസംരക്ഷണം ഇനിമുതൽ എല്ലാവരുടെയും ഉത്തരവാദിത്തമാണ്… !!

എല്ലാം വളരെ അനുസരണയോടെ ഞാൻ കേട്ടുകൊണ്ടിരുന്നു… എനിക്ക് സ്വയം കാര്യങ്ങൾ തിരിച്ചറിയാൻ അന്ന് അമ്മുമ്മ പറഞ്ഞ് തന്ന കാര്യങ്ങൾ ഇന്ന് ഒരു തരിപോലും നഷ്ടം വരാതെ ഓർക്കാൻ ഒരു കാരണമുണ്ട്… എന്തെന്നാൽ “എന്റെ മൂത്ത മകൾ അനുകുട്ടി ഇന്ന് വയസ്സറിയിച്ചു “…. !!!!

Aswathy Rakhav

LEAVE A REPLY

Please enter your comment!
Please enter your name here