Home Latest “നിങ്ങൾ കുറച്ച് കാലം ഒരുമിച്ച് നിന്നാലേ കുഞ്ഞുങ്ങൾ ഉണ്ടാവൂ..”

“നിങ്ങൾ കുറച്ച് കാലം ഒരുമിച്ച് നിന്നാലേ കുഞ്ഞുങ്ങൾ ഉണ്ടാവൂ..”

0

ഒരു ഗർഭച്ഛിദ്രത്തിന്റെ ഓർമ്മക്ക്….

ഉടഞ്ഞു തൂങ്ങാൻ പോകുന്ന മാറും ആലില വയറിൽ വരാനിരിക്കുന്ന സ്ട്രെച്ച് മാർക്കുകളും അവളെ എന്നല്ല അവനേയും ആശങ്കാകുലനാക്കി. ഇനിയുമൊരു രണ്ട് വർഷം കൂടി കഴിഞ്ഞിട്ടാവാമെന്ന തീരുമാനത്തിൽ അടിവയറ്റിലെ ജീവന്റെ തുടിപ്പുകൾ ആധുനിക മരുന്നിന്റെ സഹായത്തോടെ സെപ്റ്റിക്ക് ടാങ്കിലേക്ക് നിർലജ്ജം ഒഴുക്കി വിട്ട് അവൾ അവനെ കുബ്ബൂസ് തിന്നാനും ഹയവാൻ എന്ന വിളി കേൾക്കാനും വേണ്ടി വീണ്ടും യാത്രയാക്കി.

അവർക്ക് ശേഷം താലി ചാർത്തിയവരുടെ കുഞ്ഞുങ്ങൾ പ്രൈമറി ക്ലാസിലെത്തിയ കാലത്ത് അവനും അവളും ആശുപത്രി തോറും കയറിയിറങ്ങുകയായിരുന്നു. ഒരു കുഞ്ഞിക്കാലു കാണാൻ ! രണ്ട് മാസം അവധിക്ക് വന്ന് പ്രത്യുത്പാദന പ്രക്രിയയിലേർപ്പെടുന്ന ഗൾഫിലെ അടിസ്ഥാന വർഗ്ഗക്കാരനായ അവനോട് ഡോക്ടർ കല്പിച്ചു.

“നിങ്ങൾ കുറച്ച് കാലം ഒരുമിച്ച് നിന്നാലേ കുഞ്ഞുങ്ങൾ ഉണ്ടാവൂ..”

കുടുംബ പരമ്പര നിലനിർത്തുന്നതിനേക്കാൾ വലിയതൊന്നുമല്ല അറബി നാട്ടിലെ ജോലി എന്ന് മനസ്സിലാക്കിയതിനാൽ അവൻ നാട്ടിലേക്ക് മടങ്ങി.

3-4 വർഷത്തെ ഒരുമിച്ചു നിന്നുള്ള അശാന്തമായ പരിശ്രമത്തിനൊടുവിൽ ഒരു ദിവസം അവൾക്ക് അവന്റെ ഗന്ധം പിടിക്കാതെ വന്നു!. എരിവുള്ളതും പുളിയുള്ളതുമവൾ ആഗ്രഹിച്ചു തുടങ്ങി!.

നിലവിലുള്ള പ്രാരാബ്ധങ്ങളും വരാനുള്ള ചിലവുകളുമോർത്ത് അവൻ വീണ്ടും വിമാനം കയറി.

ജോലി കഴിഞ്ഞ് മുറിയിലെത്തിയ അവനെ തേടി ഒരു ഒരു അന്താരാഷ്ട്ര ഫോൺ കോൾ വന്നു. അങ്ങേ അറ്റത്ത് നിന്നും കേട്ട വാർത്ത കേട്ട് അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. നെഞ്ചിൽ നിന്നും കഴുത്തിലേക്ക് ആരോ പിടിച്ച് വലിക്കുന്നത് പോലെ അവന് തോന്നി. അപ്പോഴേക്കും കണ്ണിൽ ഇരുട്ട് പടർന്നിരുന്നു.

ചില്ല് കൊണ്ട് ചുമരിട്ട ശീതള റൂമിലെ നിശ്ശബ്ദതയിൽ അവൻ മെല്ലെ കണ്ണു തുറന്നു നോക്കി. സ്വബോധം തിരിച്ച് കിട്ടി! നെഞ്ചിലും മൂക്കിലും ഘടിപ്പിച്ച കുഴലുകളിൽ നിന്നും പലതും മനസ്സിലാക്കി.. മരുന്ന് കഴിച്ച് അന്ന് ഒഴുക്കി വിട്ട ജീവന്റെ തുടിപ്പിന്റെ വിലയയാൾ എന്നോ മനസ്സിലാക്കിയിരുന്നു. എന്നാൽ സ്വമേധയാ അടിവയറ്റിൽ നിന്നും വീണ്ടും ഒഴുകിപ്പോയ തന്റെ ജീവന്റെ തുടിപ്പ് അവനെ അതിയായി നൊമ്പരപ്പെടുത്തി.

വീണ്ടും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ; അവസാനത്തെ കാഴ്ചയിൽ ചിറകുകൾ വിടർത്തി പാഞ്ഞടുക്കുന്ന ഒരത്ഭുത ജീവിയെ അയാൾ കണ്ടു!. എന്തൊക്കെയോ പറയാനായി നാവ് കൊതിച്ചു. പക്ഷേ…

മണലാരണ്യത്തിലെ വരണ്ട മണ്ണിൽ അലിഞ്ഞില്ലാതാവാൻ അവന്റെ ശരീരം ഒരുങ്ങിയത് അവൾ നിർവികാരയായി കേട്ടറിഞ്ഞു. ഉടയാത്ത മാറിടവും ആലില വയറും ഒരു ചോദ്യചിഹ്നമായി അവളെ കൊഞ്ഞനം കുത്തി!. അതുമാത്രമായിരുന്നു അവളുടെ ഉപ്പയുടെ ആശ്വാസവും. വിവാഹ കമ്പോളത്തിൽ ഇനിയും വിറ്റ് പോകാനുള്ളതൊക്കെ ഒരു ബാധ്യതയുമില്ലാത്ത അവൾക്കുണ്ടെന്നയാൾ വെറുതെ ആശ്വസിച്ചു.

രചന : Muhiyudheen MP

LEAVE A REPLY

Please enter your comment!
Please enter your name here