Home Latest “സാർ…, ഒരു സ്ത്രീ താങ്കളെ കാണണമെന്നു പറഞ്ഞു പുറത്തു നിൽപ്പുണ്ട്”

“സാർ…, ഒരു സ്ത്രീ താങ്കളെ കാണണമെന്നു പറഞ്ഞു പുറത്തു നിൽപ്പുണ്ട്”

0

“സാർ…, ഒരു സ്ത്രീ താങ്കളെ കാണണമെന്നു പറഞ്ഞു പുറത്തു നിൽപ്പുണ്ട്”

“വരാൻ പറയൂ”

ശീതീകരിച്ച മുറിയിലെ തിരിയുന്ന കറുത്ത കുഷ്യനിട്ട ചാരു കസേരയിൽ നിവർന്നിരുന്നു ലാപ്ടോപ്പിൽ എന്തോ ടൈപ് ചെയ്യുന്നതിനിടയിൽ അയാൾ പറഞ്ഞു.

“നമസ്കാരം സാർ..”

തടിച്ച ചില്ലുവാതിൽ തള്ളിത്തുറന്ന്, ബഹുമാനത്തോടെ തന്റെ മുന്നിൽ നൽിക്കുന്ന സ്ത്രീയെ കണ്ട് അയാൾ ഞെട്ടി ഒപ്പം ആകാംക്ഷയും

“നമസ്കാരം, ഇരിക്കൂ..”

അനുസരണയുള്ള ഒരുകുട്ടിയെപോലെ ആ സ്ത്രീ അയാൾക്ക് അഭിമുഖമായി ഇരുന്നു.

നീലയിൽ ഇളം പച്ചനിറത്തിൽ ഡിസൈൻ ചെയ്ത നിറം മങ്ങിയ സാരിയും നീല ബ്ലൗസും ധരിച്ച ഒരു സുന്ദരി.

ഉള്ളിലെ വിഷമം കാരണമാവാം സൗന്ദര്യം മുഖത്തെവിടെയോ ഒളിച്ചു നിൽക്കുന്നപോലെ തോന്നുന്നുണ്ടായിരുന്നു.

“സാർ ഞാൻ ദിവ്യ, ഒരാഴ്ചയായി എന്റെ മകൻ നിങ്ങളുടെ ഹോസ്‌പിറ്റലിൽ അഡ്മിറ്റായിരുന്നു. ഗോയീറ്ററിനു സർജറികഴിഞ്ഞു ഇന്ന് ഡിസ്ചാര്ജ്ജാണ്.”

“സാർ ബില്ലടയ്ക്കാൻ എന്റെ കയ്യിൽ കാഷ് തികയില്ല എന്തെങ്കിലും ഇളവുകിട്ടുമോ സാർ…”

സങ്കടം കൊണ്ടാവാം സാരിത്തലകൊണ്ട് മുഖം അമർത്തി അവൾ തേങ്ങി..

“കരയാതിരിക്കൂ നമുക്ക് വഴിയുണ്ടാക്കാം”

അയാൾ സമാധാനിപ്പിച്ചു.

“ദിവ്യയുടെ ഭർത്താവോ..”?

അയാളുടെ ചോദ്യം കേട്ട് അവൾ പൊട്ടിക്കരഞ്ഞു.

ഒരു ഭൂതകാല ഓർമ്മയുടെ നേർചിത്രങ്ങൾ അവളുടെ മനോമുകുരത്തിൽ മിന്നിമറഞ്ഞു ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു ലൗ അഫെയർ ഉണ്ടായതും വീട്ടുകാരുടെ വിലക്ക്‌ലങ്കിച്ചു ഒളിച്ചോടിയതും പിന്നീട് പുതുമകഴിഞ്ഞപ്പോൾ ഭർത്താവ് മറ്റൊരുത്തിയെ സ്വന്തമാക്കി തന്നെയുപേക്ഷിച്ചതും തനിക്കൊരു കുഞ്ഞിനെ തന്നു കടന്നുകളഞ്ഞതും എല്ലാം ആ കരച്ചിലിനൊപ്പം അവൾ പറഞ്ഞു നിറുത്തി.

എല്ലാം കേട്ടു അയാൾ അമ്പരന്നു.
ദിവ്യഎന്ന തന്റെ കൂടെ പഠിച്ച മിടുക്കിക്കുട്ടി സമ്പന്നരായ മാതാപിതാക്കളുടെ ഏക സന്തതി ക്‌ളാസിലെ സൗന്ദര്യ റാണി
ആ സൗന്ദര്യം എന്നെ ആകർഷിച്ചതും അവളോടൊരു ചെറിയ പ്രണയം മൊട്ടിട്ടതും
ഒരുദിവസം തുറന്നു പറഞ്ഞതും…

“ദിവ്യ എനിക്ക് നിന്നെ ഇഷ്ടമാണ്, ഐ ലൗ യു…ദിവ്യാ..”

അതുകേട്ടതും അവൾ തിരിഞ്ഞു നിന്നുഉറക്കെപറഞ്ഞത് ഇന്നും ഞാൻ ഓർമ്മിക്കുന്നു.

“എഡാ ദരിദ്രവാസി എന്നെ ഇഷ്ടമാണെന്ന് പറയാൻ എന്തുയോഗ്യതയാ നിനക്കുള്ളത്..?
വൃത്തിയായി നല്ല വസ്ത്രം ധരിച്ചു സ്‌കൂളിൽപോലും വരാൻ കഴിവില്ലാത്തവൻ എന്നെ പ്രേമിക്കാൻ വന്നിരിക്കുന്നു ഇനിയുമിതാവർത്തിച്ചാൽ ഞാൻ പ്രിന്സിപ്പലിനോട് കംപ്ലയിന്റ് ചെയ്യും..!

“ശരിയായിരുന്നു അമ്മയും അച്ഛനും പാടത്തുപണിക്കുപോയികിട്ടുന്ന ചെറിയകൂലികൊണ്ട് മകനെ പഠിപ്പിക്കാൻ സന്തോഷത്തോടെ പറഞ്ഞയക്കുമ്പോൾ എനിക്കുണ്ടായിരുന്നത് ഒന്നോ രണ്ടോ വസ്ത്രങ്ങളായിരുന്നു. ചിലദിവസങ്ങളിൽ അലക്കാൻ കഴിയാതിരുന്നത്കൊണ്ട് അവൾ പറഞ്ഞപോലെതന്നെയായിരുന്നു…
“സാർ എന്തെങ്കിലും പറയൂ.
ദിവ്യയുടെ വിളികേട്ട് അയാൾ ചിന്തവിട്ടുണർന്നു
ഒരുകടലാസിൽ എന്തൊഎഴുതി അവൾക്കുനീട്ടി

“ഇതു കൗണ്ടറിൽ കൊടുത്തോളു .”

അതുവാങ്ങി അവൾ പുറത്തിറങ്ങുമ്പോൾ അയാളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു…
***********
കാഷ്കൗണ്ടറിൽ ഏൽപ്പിച്ച എഴുത്ത്കണ്ട് അവിടെയുള്ളവർ എത്രയുംപെട്ടന്നു ഡിസ്ചാര്ച്ചു ഷീറ്റ് തയ്യാറാക്കി പെയ്ഡ് എന്ന സീൽ പതിച്ചു അവൾക്കുനീട്ടി.

“ഇനി നിങ്ങൾക്കുപോകാം പണം ഒന്നും അടക്കേണ്ടതില്ല..!”

ദൈവത്തോട് ഒരായിരം നന്ദി പറഞ്ഞു കൊച്ചിനെയും കൂട്ടി അവൾ പുറത്തിറങ്ങുമ്പോൾ തന്നോട് കരുണകാണിച്ച മാനേജരുടെ റൂമിലേക്ക് ഒരിക്കൽക്കൂടി നടന്നു.

“അദ്ദേഹത്തോട് നന്ദിപറയണം തന്റെ കടപ്പാട് അറിയിക്കണം” അതായിരുന്നു ലക്‌ഷ്യം.

വാതിൽ തള്ളിത്തുറന്നു അവൾ അകത്തുകയറുമ്പോൾ ഒരു സുന്ദരിഅയാളുടെ തോളിൽ കയ്യിട്ടുപിടിച്ചു കൂടെയുണ്ടായിരുന്നു രണ്ടുപേരുംകൂടി ലാപ്ടോപ്പിൽ എന്തോനോക്കിക്കൊണ്ടിരിക്കുകയായിരുന്നു..

“ദിവ്യ വരൂ..ഇരിക്കൂ..”

അവൾ ഇരുന്നു കൂടെ മോനും ഉണ്ടായിരുന്നു.

“സാർ താങ്കളോട് എങ്ങിനെ നന്ദിപറയണമെന്നറിയില്ല എങ്കിലും പറയട്ടെ ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ..”

“നന്ദിയെല്ലാം ദൈവത്തോട് പറയൂ..
സഹായം അവിടുന്നാണ് ഞാൻ ഒരുകാരണം മാത്രം”.

അയാൾ തന്റെ അടുത്തുള്ള ഡോ സുമക്ക് ദിവ്യയെ പരിചപ്പെടുത്തികൊടുത്തു.

“ഇതെന്റെ ക്‌ളാസ് മേറ്റ് ദിവ്യ പ്ലസ്‌ടുവിനു ഒന്നിച്ചുപഠിച്ചിരുന്നു,”
“ക്‌ളാസിലെ മിടുക്കി അതിലേറെ സുന്ദരിയുമായിരുന്നു”

ദിവ്യക്കെന്നെ ഓർമ്മയുണ്ടോ…?
“ബാലചന്ദ്രൻ” വൃത്തിയില്ലാതെ ക്ലാസിൽ വന്നിരുന്ന….”

അറിയാതെ വായിൽനിന്നും പുറത്തുവന്ന വാക്കുകൾ പിടിച്ചുനിർത്താൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു…

“സാർ…ഇനിയൊന്നും എന്നോടുപറയരുത് ഞാൻ എല്ലാം ഓർക്കുന്നു. അതിനു ദൈവം തന്നശിക്ഷയാവാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്…”
“ഞാൻ ചെയ്ത അവിവേകത്തിനു എന്നോട് പൊറുക്കണം സാർ…”

“ഇതുപഴയ ബാലചന്ദ്രൻ തന്നെ…! “സറേ”ന്ന വിളിവേണ്ട..”

ഇതെന്റെ ഭാര്യ ഡോ സുമ”

അയാൾ തന്റെ ഭാര്യയെ ദിവ്യക്കു പരിചയപ്പെടുത്തി.

ആ രണ്ടുപേരെയും കൺകുളിർക്കെ കാണുന്നതിനിടയിലാണ് ആ ബോർഡ് അവളുടെ ശ്രദ്ധയിൽ പെട്ടത്..

“ദിവ്യ മെഡി ക്ലിനിക്ക്”
“മാനേജിങ് ഡൈറെക്റ്റർ ഡോ:ബാലചന്ദ്രൻ”

ബാലചന്ദ്രന് തന്നോടുണ്ടായിരുന്ന ഉദാത്ത പ്രറണയത്തിന്റെ ഒരായിരം ശക്തി ആ അക്ഷരങ്ങളിൽ മിന്നിമറഞ്ഞു തന്നെ നൊമ്പരപ്പെടുത്തുന്നതായി അവൾക്കുതോന്നി…!
*********************

ഡോക്ടർ ബാലചന്ദ്രന്റെ റൂമിൽനിന്നും ഇറങ്ങിയ ദിവ്യയെ കാത്ത് പോകാനുള്ള വാഹനം പുറത്തു കിടപ്പുണ്ടായിരുന്നു.

ആശുപത്രി സ്റ്റാഫിൽ ചിലർ അവരെ അനുഗമിക്കുകയും സാധനങ്ങൾ വണ്ടിയിൽ കയറ്റാൻ സഹായിക്കുന്നതും കണ്ട് അവൾക്ക് അത്ഭുതം തോന്നി. “ആരുമില്ലാത്തവൾക്ക് എങ്ങിനെ ഇതെല്ലം ലഭിക്കുന്നു…? ദൈവ നിശ്ചയമായിരിക്കാം.” അവൾ ആത്മഗതം കൊണ്ടു…

വണ്ടിയിൽ കയറാൻ നേരത്ത് പിന്നിലേക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഡോ:ബാലചന്ദ്രനുൾപ്പെടെ എല്ലാ ഡോക്ടേഴ്‌സും സ്റ്റാഫും അവൾക്ക് കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു…

താൻ താമസിക്കുന്ന വാടക വീട്ടിന്റെ മുന്നിലെ തുരുമ്പിച്ച കമ്പിഗെയ്റ്റിനുസമീപം വണ്ടിനിന്നു ദിവ്യ വണ്ടിയിൽനിന്നിറങ്ങി മോനെകൂട്ടി ഗെയ്റ്റിനരികിലേക്കു പോകുമ്പോഴാണ് അതുശ്രദ്ദിച്ചത് വണ്ടിയുടെ മുൻവശത്ത് ഗ്ലാസിന്റെ മുകൾവശത്തായി “ദിവ്യ മെഡി ക്ലിനിക്ക് ” എന്നെഴുതിയിട്ടുണ്ട്.

ഹോസ്പിറ്റലിന്റെ വണ്ടിണ്ടിയിലായിരുന്നു താൻ യാത്രചെയ്തതെന്ന് അവൾ അപ്പോഴാണ് അറിയുന്നത്

“ബാലചന്ദ്രൻ എന്നെ അതിനു മാത്രം ഇഷ്ടമായിരുന്നോ…?”
“ഇപ്പോഴും ഇഷ്ടമായിരിക്കുമോ.,?”
ഒരുപാട് ചിന്തകൾ അവളുടെ ചുവടുകൾക്കൊപ്പം മനസ്സിൽ സഞ്ചരിച്ചുകൊണ്ടിരുന്നു…

“അല്ലങ്കിലും തന്നെ സ്നേഹിച്ചവരെയൊക്കെ അകറ്റാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളു.” “അച്ഛനും അമ്മയും തന്നെ സ്നേഹിച്ചപോലെ ഒരാളും തന്നെ സ്നേഹിച്ചില്ല എന്നിട്ടും അവരെ ധിക്കരിച്ചു ഞാൻ ഒളിച്ചോടി. പിന്നീട് അവരെ കുറിച്ച് അന്വേഷിക്കാൻ പോലും തയ്യാറായില്ല.”

“ഈ പരിചയമില്ലാത്ത നഗരത്തിൽ താമസിക്കാൻ തീരുമാനിച്ചതുതന്നെ അവരുടെ കണ്മുന്നിൽ നിന്നു രക്ഷപെടാനായിരുന്നില്ലേ…?

എല്ലാം നഷ്ടപ്പെട്ടുകഴിയുന്ന ഈ നിമിഷം വരെയും അവരെ അന്വേഷിക്കാതിരുന്നത് തന്റെ കഷ്ടപ്പാടും നഷ്ടങ്ങളും അവർ അറിയാതിരിക്കാൻ കൂടിയായിരുന്നില്ലേ..”

ജീവിതത്തിലെ നടന്നുവന്ന വഴിയിൽ മറന്നിട്ട മാതാപിതാക്കൾ അവളുടെ നെഞ്ചിലെ നെരിപ്പോടിൽ കത്തി യെരിയുന്നുണ്ടായരുന്നുിരുന്നു…
******
തുടർച്ചയായ ബെല്ലടിക്കെട്ടാൻ അവൾ ഫോണെടുത്തത് ഹോസ്പിറ്റലിൽ നിന്നാണ്

“ബയോപ്സി റിപ്പോർട്ട് അറിയിക്കാനായിരിക്കും ദൈവമേ കുഴപ്പങ്ങളൊന്നും നൽകല്ലേ…”
പ്രാർത്ഥനയോടെ അവൾ ഫോൺ ചെവിയോട് ചേർത്തുവെച്ചു…

“ദിവ്യമേഡം…നിങ്ങൾ ഹോസ്‌പിറ്റലിൽ ഒന്നുവരണം രാവിലെ 10 മണിക്ക് നിങ്ങൾക്ക് വരാനുള്ള വണ്ടി അവിടെ എത്തിയിരിക്കും”

അവൾ സമ്മതം മൂളി ഫോൺ വെച്ചു…

“ബയോപ്സിയിൽഎന്തെങ്കിലും കുഴപ്പംകാണുമോ..?
അവളുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി…”

പറഞ്ഞപോലെ കൃത്യസമയത്തുതന്നെ വണ്ടി അവളുടെ വീട്ടുമുന്നിലെത്തി അവൾ മോനെയും കൂട്ടി വണ്ടിയിൽ കയറി…

ഹോസ്പിറ്റലിൽ വന്നിറങ്ങുമ്പോൾ അവളുടെ നെഞ്ചുപിടച്ചു..
സാധാരണയിൽ കവിഞ്ഞ ആൾകൂട്ടം വിലപിടിപ്പുള്ള വാഹനങ്ങൾ ഹോസ്‌പിറ്റൽ പാർക്കിങ്ങിൽ കിടപ്പുണ്ട്..

ഹോസ്പിറ്റൽ സ്റ്റാഫും ഡോക്ടർസും തന്നെ സ്വീകകരിക്കാൻ തയ്യാറായി നില്കുന്നു..
കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ അവൾ തളർന്നു…
പ്രത്യേകം തയ്യാറാക്കിയ മീറ്റിങ് ഹാളിലേക്ക് അവൾ ആനയിക്കപ്പെട്ടു..
എല്ലാം ഒരു പ്രഭാത സ്വാപ്നമായി അവൾക്കുതോന്നി…

മീറ്റിങ് റൂമിലെ പ്രമുഖർക്കൊപ്പം ഡോക്ടർ ബാലചന്ദ്രനു സമീപം തനിക്കായി തയ്യാറാക്കിയ ഇരിപ്പിടത്തിനു മുന്നിലായി വെച്ച നെയിംബോർഡും അതിനു തൊട്ടടുത്തു വെച്ച നെയിം ബോർഡും കണ്ട് അവൾ അത്ഭുതപ്പെട്ടു…
അവിടെ വരാൻ പോകുന്ന ആളെ കാണാൻ വല്ലാത്ത കൊതിയോടെ അവൾ ആബോർഡിൽ തന്നെ നോക്കികൊണ്ടിരുന്നു…

*********************

ഒരുപാട് നാളത്തെ ആഗ്രഹം സാക്ഷാത്കരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഡോ:ബാലചന്ദ്രനിന്ന്.

തന്റെ ജീവിതം മാറ്റിമറിച്ച നിമിഷങ്ങൾ അയാളുടെ ഓർമ്മകളിൽ കുളിരായി കൂട്ടിനുണ്ട്. ദിവ്യയോടുള്ള വെറുപ്പും വാശിയുമാണ് തന്നെ ഉയർച്ചയിലെത്തിച്തെന്ന് പലപ്പോഴും ഓർക്കാറുണ്ട്

എം ബി ബി എസ് നു ചേർന്ന് ഒരുവർഷം കഴിഞ്ഞു ദിവ്യയെകാണാൻ
വീടന്വേഷിച്ചു പുറപ്പെട്ടത് അയാൾ ഓർക്കുന്നു.
അവളോടുള്ള പ്രണയമായിരുന്നില്ല മറിച്ചു തന്റെ
ഉയർച്ച അവളെ കാണിക്കാൻ വേണ്ടിയായിരുന്നു.

വീട്ടിലെത്തുമ്പോൾ അവളുടെ അച്ഛനും അമ്മയും കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് തന്നെ വരവേറ്റത്. ദിവ്യയുടെ ഒളിച്ചോട്ടം തളർത്തിയ പാവം രണ്ടു ജീവച്ഛവങ്ങൾ.

“ആരാ…? മനസ്സിലായില്ല…”

തന്റെ മകളുടെ എന്തെങ്കിലും വിവരവുമായി വന്നതാണെന്ന ധാരണയിൽ അവർ ചോദിച്ചു.

തന്നെക്കുറിച്ചു അവരെ ചെറുതായി പരിചയപ്പെടുത്തി. എല്ലാം കേട്ട്
അവർ മനം തുറന്നു.

“എന്റെ മോളെ ഒരു ഡോക്ടർ ആക്കണമെന്ന മോഹത്തിലായിരുന്നു ഞങ്ങൾ. അതിനുള്ള ബുദ്ദിയും അവർക്കുണ്ടായിരുന്നു പക്ഷെ എല്ലാം തട്ടിത്തെറിപ്പിച്ചു അവൾ പോയില്ലേ…
അവൾ ഒന്നുമായില്ലെങ്കിലും അവളെയൊന്നു കണ്ടാൽ മതി ഞങ്ങൾക്ക്
ഞങ്ങൾ അന്വേഷിക്കാത്ത സ്ഥലങ്ങളില്ല…”

ആ വാക്കുകൾ ഒരുപൊട്ടിക്കരച്ചിലിൽ അവസാനിച്ചു.

“സമധാനിക്കൂ.. നമുക്ക്
കണ്ടുപിടിക്കാം”

ഞാൻ അവരെ അശ്വസിപ്പിച്ചുകൊണ്ടിരുന്നു…

ഞാൻ യാത്രപറയുമ്പോൾ തന്റെ കൈപിടിച്ചുകൊണ്ട് അവർ പറഞ്ഞത് ഇന്നുമോർക്കുന്നു.

“മോൻ ഒഴിവു സമയങ്ങളിൽ ഞങ്ങളെ കാണാൻ വരണം നിന്റെ സാനിദ്യം ഞങ്ങൾ വല്ലാതെ കൊതിക്കുന്നു”

പിന്നീട് പലരൂപത്തിലും ഞാൻ ദിവ്യയെ അന്വേഷിച്ചു ഒരുകാമുകനായിട്ടല്ല ആ മാതാപിതാക്കൾക്കുവേണ്ടി ഒരുസഹായിയായിട്ട്. പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നീട് പലപ്പോഴായി ഞാൻ അവരെ കാണാൻ പോയി ക്രമേണ അവർ ആ ഷോക്കില് നിന്നു രക്ഷപ്പെട്ടതായി എനിക്ക് തോന്നി.

പഠനം കഴിഞ്ഞു അവരെക്കാണാൻ ചെന്നപ്പോൾ അവർ പൂർണ്ണ സന്തോഷത്തോടെ കാണപ്പെട്ടു…
മകൾ നഷ്ടപ്പെട്ട ദുഃഖം മറക്കാൻ അവർ പഠിച്ചുകഴിഞ്ഞിരുന്നു.

ദിവ്യയുടെ അമ്മയുടെ മരണവർത്തകേട്ടാണ്
പിന്നീട് അവിടെപോയത് കാര്യമായി അസുഖമൊന്നുമില്ലാതിരുന്നിട്ടും ദൈവം അവരെ അങ്ങോട്ടുവിളിച്ചു ഹാർട്ട് അറ്റാക്കായിരുന്നു മരണകാരണം. ഇനിയും ദുഃഖം സഹിക്കാൻ കഴിയാത്തതുകൊണ്ടാവാം ആകാശത്തെവിടെയോ നക്ഷത്രങ്ങൾക്കിടയിൽ അവർ മറഞ്ഞു.
എല്ലാം കഴിഞ്ഞു വിടപറയാൻ നേരം അയാൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“എന്റെ മോൾ ഒരുഡോക്ടറായി കാണാൻ ഞങ്ങൾ വല്ലാതെ കൊതിച്ചു പക്ഷെ അവൾക്ക് അതിനു ഭാഗ്യമുണ്ടായില്ല എങ്കിലും അവളുടെ ഓർമ്മക്കായി എനിക്കൊരു ആശുപത്രി പണിയണം അതിനുവേണ്ട പണം ഞാൻ മുടക്കാം
ചികിൽത്സ തേടിയെത്തുന്ന പാവങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഒരു ഹോസ്പിറ്റൽ.
എന്റെ ആഗ്രഹം താങ്കൾ സാധിപ്പിചുതരണം”

പഠനം കഴിഞ്ഞു കടം കയറിയ എന്റെമുന്നിൽ തുറന്നുവെക്കപ്പെട്ട ഈ സുവർണ്ണാവസരം ഞാനങ്ങ് ഏറ്റടുത്തു അതാണ് “ദിവ്യാ മെഡിക്ലിനിക്കെ”ന്നപേരിൽ തലയുറത്തി നിൽക്കുന്ന ഈ സ്ഥാപനം

“സാർ പ്രോഗ്രാം തുടങ്ങാൻ സമയമായി”
സഹപ്രവർത്തകരിൽ ഒരാൾ പറഞ്ഞപ്പോഴാണ് ഡോ:ബാലചന്ദ്രൻ ചിന്ത വിട്ടുണർന്നത്.
അയാൾ പരിസരബോധം വീണ്ടെടുത്തു ചുറ്റിലും നോക്കി എല്ലാവരും എത്തിയിട്ടുണ്ട്.

ആകാംക്ഷനിറഞ്ഞ കണ്ണുകളോടെ ദിവ്യ ചുറ്റും നോക്കുന്നു.,
തൊട്ടടുത്തു വരാൻപോകുന്ന വ്യക്തിയെ തിരഞ്ഞു അവളുടെ കണ്ണുകൾ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു…

അപ്പോഴാണ് മെയിൻ വാതിൽ തുറന്ന് അദ്ദേഹം വന്നത് ആശുപത്രി സ്റ്റാഫുകൾ അദ്ദേഹത്തെ അനുഗമിക്കുന്നു ദിവ്യയുടെ കണ്ണുകൾ അങ്ങോട്ട് പതിഞ്ഞു അവൾ അറിയാതെ എഴുനേറ്റുപോയി ഓടിച്ചെന്ന് ആ കാലിൽ വീണു “അച്ഛാ…”
അവൾ ഉറക്കെ വിളിച്ചു അച്ഛനെ കാത്തുനിൽക്കുന്ന ഒരു കുഞ്ഞിന്റെ വിളിയാളം പോലെ അവിടമാകെ മുഴങ്ങുന്നുണ്ടായിരുന്നു…

മകളെ ചേർത്തുപിടിച്ചു മുഖത്തു തുരുതുരാ ഉമ്മവെക്കുമ്പോൾ അടക്കിപ്പിടിച്ച വിഷമവും ദേഷ്യവും അലിഞ്ഞു സന്തോഷ ബാഷ്പമായ് കണ്ണിലൂടെ അവിടമാകെ പരക്കുന്നുണ്ടായിരുന്നു..

ഈ സന്തോഷനിമിഷം പങ്കുവെക്കാൻ തന്റെ പ്രിയതമ ഉണ്ടായിരുന്നെങ്കിൽ അയാൾ ആഗ്രഹിച്ചുപോയി…
***********
“ഇനിമുതൽ “ദിവ്യാ മെഡിക്ലിനിക്കിന്” മൂന്നു പാർട്ണർമാരായിരിക്കും ഡോ:ബാലചന്ദ്രൻ ബഹു: കേശവമേനോൻ ദിവ്യ”
പ്രഖ്യാപനം കേട്ട് സദസ് കയ്യടിക്കുമ്പോഴും അച്ഛന്റെ കരം കവർന്ന് ദിവ്യ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു…
തന്റെ അവിവേകം നഷ്ടപ്പെടുത്തിയ അമ്മയെ ഓർത്ത്…

രചന :  അബ്ദുൾ ഗഫൂർ

LEAVE A REPLY

Please enter your comment!
Please enter your name here