Home Latest സർ…. എനിക്കയാളൊടൊന്നിച്ചുള്ള ജീവിതം മടുത്തു… ഇനിയും ഈ ബന്ധം തുടർന്നു പോവാൻ ബുദ്ധിമുട്ടുണ്ട്…

സർ…. എനിക്കയാളൊടൊന്നിച്ചുള്ള ജീവിതം മടുത്തു… ഇനിയും ഈ ബന്ധം തുടർന്നു പോവാൻ ബുദ്ധിമുട്ടുണ്ട്…

0

എനിക്കവളെ വേണം

“സർ…. എനിക്കയാളൊടൊന്നിച്ചുള്ള ജീവിതം മടുത്തു… ഇനിയും ഈ ബന്ധം തുടർന്നു പോവാൻ ബുദ്ധിമുട്ടുണ്ട്”

ശരി സരിക ഇരിക്കൂ… നിയമപരമായി വിവാഹം കഴിക്കാമെങ്കിൽ നിയമപരമായി തന്നെ അത് അഴിക്കാനും മാർഗ്ഗങ്ങളുണ്ട്.

“അറിയാം സർ.. ആ മാർഗ്ഗങ്ങൾ അന്വേഷിച്ച് കൊണ്ടാണ് ഞാൻ നിങ്ങടെ മുന്നിൽ വന്നത്”

ഓക്കേ… അതിനു മുമ്പ് കുറച്ചു ഫോർമാൽറ്റിക്കൽസിന്റെ ഇടവഴികളുണ്ട്, അതു കടന്നു വേണം നിയമത്തിന്റെ മുഖ്യധാരയിലെത്താൻ.

“സർ.. പ്ലീസ്…. അതൊന്നും നടക്കില്ല, എനിക്കൊട്ട് താൽപര്യവുമില്ല. വെറുതെ അതിനു വേണ്ടി സമയം കളയാൻ ഞാനിഷ്ടപ്പെടുന്നുമില്ല.

ശരി മിസ്സിസ്സ് സുധി, നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ വേണ്ട, നമുക്ക് വിവാഹമോചന പത്രിക തയ്യാറാക്കുന്നതിലേക്ക് കടക്കാം…

“സർ… അങ്ങനെ ഒരഭിസംബോധന ഞാനിഷ്ടപ്പെടുന്നില്ല.. എന്റെ മനസ്സിൽ നിന്ന് ആ പേര് എന്നോ പിഴുതുമാറ്റപ്പെട്ടിരിക്കുന്നു.. ഇനി രേഖകളിൽ നിന്നുകൂടി മാത്രമേ മാറ്റാനുള്ളൂ”

അവർ അയയുന്ന ലക്ഷണമൊന്നും കാണാത്തതു കൊണ്ടു ഭർത്താവിന്റെ നമ്പർ നോട്ടു ചെയ്തു നെക്സ്റ്റ് വീക്കിൽ വരാൻ പറഞ്ഞു.

അടുത്ത ദിവസം അവളുടെ ഭർത്താവിനെ ഓഫീസിലേക്കു വിളിച്ചു വരുത്തി വിഷയങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും സാധാരണ കുടുംബങ്ങളിൽ നടക്കുന്ന സൗന്ദര്യപ്പിണക്കത്തിനപ്പുറം ഒരു ഡൈവോയ്സിനുള്ള പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.

മാത്രമല്ല അവനവളെ പിരിയാനും താത്പര്യമില്ല.
അവന്റെ ഉള്ളിൽ ഉയിരുകൊള്ളുന്ന ആ സ്നേഹത്തെ ഊതി കത്തിക്കാനും അതിന്റെ ജ്വാല അവളിലേക്ക് പടർത്തി വിടാനുമായി എന്റെ അടുത്ത ശ്രമം.

അപ്പോയിൻമെന്റ് കൊടുത്ത ഒന്നാം തിയ്യതി കൃത്യസമയത്തു തന്നെ കൺസൾട്ടേഷന് അവളെത്തി.

ഇത്തവണ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ കുറച്ചു മയം വന്നിട്ടുണ്ട് അതിനു വേണ്ടി തന്നെയാണ് അന്നു മടക്കി അയച്ചത്.
ഒരാൾ ഒരു സംഭവത്തിന്റെ ഷോക്കിലൊ പിരിമുറുക്കത്തിലോ നിൽക്കുമ്പോൾ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കുക എന്നത് വളരെ ദുഷ്കരമാണെന്ന് മാത്രമല്ല പലപ്പോഴും വിപരീത ഫലമായിരിക്കും ലഭിക്കുക.

“സാർ.. പുറത്ത് ഒരാൾ വന്നിട്ടു കുറേ നേരമായി ബഹളം വെക്കുന്നു.ഇത് അദ്ദേഹത്തിന് അപ്പോയിൻമെന്റ് അനുവദിച്ച സമയമാണെന്നും ഓഫീസിലെ ബ്രേക്കിംഗ് ടൈമിൽ വന്നതാണെന്നും പെട്ടെന്നു തിരിച്ചു പോവണമെന്നും പറയുന്നു. എന്തു ചെയ്യണം സർ… കടത്തി വിടട്ടെ?”

സരികയുമായി ജീവിതത്തിന്റെ കയറ്റിറക്കങ്ങളെ കുറിച്ചുള്ള സംസാരം മുറുകി നിൽക്കുമ്പഴാണ് ഡോർ പാതി തുറന്നു കൊണ്ട് ഓഫീസ് ബോയിയുടെ റെക്കമെന്റേഷൻ .

ആരാണ് കടന്നു വരാൻ പറയൂ.

“യെസ് സർ”

റൂമിലേക്ക് കടന്നു വന്ന സുധിയെ കണ്ട് സരികയുടെ മുഖത്തത്താരു അമ്പരപ്പും ചമ്മലും ദൃശ്യമായി.

“ബ്രദർ.. നിങ്ങളോട് ഞാൻ മൂന്നാം തിയ്യതിയാണല്ലോ വരാൻ പറഞ്ഞത്..!!
ഇതെന്താ ഈ സമയത്ത്..?”
ഒന്നുമറിയാത്ത പോലെ സുധിയോട് ഞാൻ തട്ടിക്കയറി.

“സോറി സർ.. ഒന്നാം തിയ്യതിയെന്നാ ഞാൻ കേട്ടത്..”

ഞങ്ങളുടെ സംഭാഷണം കേട്ട് സരിക ഞങ്ങളുടെ രണ്ടാളുടെ മുഖത്തേക്കും മാറി മാറി നോക്കുന്നുണ്ടായിരുന്നു.

അവൾക്കിത് അതി യാദൃശ്ചികമായിട്ടു തന്നെയാണ് അനുഭവപ്പെടുന്നതെന്ന് മനസ്സിലാക്കിയ ഞാൻ ഓഫീസ് ബോയിക്ക് സിഗ്നൽ കൊടുത്തു.

ഉടനെ അവൻ റെസ്റ്റ് റൂമിൽ നിന്നും വയർലെസ്സ് ഫോണിലേക്ക് വിളിച്ചു. ഫോൺ അറ്റൻറു ചെയ്തു സ്പീക്കർ മോഡിലേക്കിട്ടു .

“സാർ… അത്യാവശ്യമായി ഒരിടം വരെ പോവുന്ന വഴിയാണ്. അവിടെ കയറാൻ സമയമില്ല. ഒന്നു പുറത്തുവരെ വരുന്നതിന് ബുദ്ധിമുട്ടുണ്ടോ..ഞാനിവിടെ കാറിൽ വെയിറ്റ് ചെയ്യുന്നുണ്ട്… ”

ഇല്ല ജോൺ.. ഞാനിതാ വന്നു, എന്നും പറഞ്ഞു അവരോട് ഇപ്പോ വരാം എന്നൊരു നമ്പറുമിറക്കി മെല്ലെ റൂമിൽ നിന്നും സ്കൂട്ടായി. ഭിത്തി പങ്കിടുന്ന അടുത്ത റെസ്റ്റ റൂമിൽ കയറി സി സി ടിവിയും നിരീക്ഷിച്ചു ഇരിപ്പായി.

ആസൂത്രണം ചെയ്ത പ്രകാരം സുധിയും ഓഫീസ് ബോയിയും അവരുടെ റോൾ തകർത്തഭിനയിക്കുന്നതു കൊണ്ട് എനിക്ക് കാര്യങ്ങൾ എളുപ്പമായി.

ബോധപൂർവ്വം കട്ട് ചെയ്യാതെ വെച്ച വയർലെസ്സ് ഫോണിൽ നിന്നും അവരുടെ സംഭാഷണങ്ങൾക്കൊപ്പം സി സി ടിവിയിൽഅവരുടെ ബോഡി ലാംഗേജും നന്നായി നിരീക്ഷിച്ചു.

സുധി തുടക്കമിട്ട സംസാരത്തിനോട് സരിക ക്രിയാത്മകമായി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.

കുറച്ചു സമയം കൂടെ അവരെ അങ്ങനെ സംസാരിക്കാൻ വിട്ട ശേഷം, “ഓഹ് ക്ഷമിക്കണം ട്ടോ.. ഇത്തിരി വൈകിയോ” എന്നു ചോദിച്ചു കൺസൾട്ടിംഗ് റൂമിലേക്ക് ചെന്നപ്പോൾ രണ്ടാളും ഒരേ സ്വരത്തിൽ ഇല്ലസർ… എന്നു മൊഴിഞ്ഞു.

“ആഹാ… കണ്ടോ ഇപ്പോ നിങ്ങൾ സ്വരച്ചേർച്ചയിലെത്തിയിരിക്കുന്നു.. അങ്ങനെ തന്നെയല്ലേ വേണ്ടത്.. ഒന്നിച്ചു ഉണ്ടും ഉറങ്ങിയും ഉണർന്നും ഒരേ മെയ്യും മനസ്സുമായി കഴിയേണ്ടവരല്ലേ ഇണകൾ.. പിന്നെ ചട്ടിയും കലവുമാവുമ്പോൾ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കുംന്നേ…” എന്നൊക്കെ കുറേ നുറുങ്ങുകൾ പറഞ്ഞു മറ്റൊരു ദിവസം രണ്ടു പേരോടും ഒന്നിച്ചു വരാൻ പറഞ്ഞു.

പറഞ്ഞ പോലെ രണ്ടാളുമെത്തി.അവർ ഏകദേശം നന്നായി ഇഴുകിച്ചേർന്നിട്ടുണ്ട്. എന്നാലും പരസ്പരം മനസ്സിലാക്കിയില്ലെങ്കിൽ ഇതേ പ്രശ്നത്തിനു വീണ്ടും ഉടക്കു നട്ക്കും. അപ്പോൾ മുമ്പുള്ളതു കൂടെ കൂട്ടിവെച്ച് ഊതി വീർപ്പിക്കും. അതോണ്ട് അതങ്ങു മൊത്തത്തിൽ ഉടച്ചുവാർക്കാനായി രണ്ടാളോടും ഫ്രണ്ട്ലിയായി കുറേ സംസാരിച്ചു കൊണ്ടു അവരുടെ മനസ്സ് തുറന്നു.

സുധി അറു പിശുക്കനും അവളുടെയും കുട്ടികളുടെയും കാര്യത്തിൽ ശ്രദ്ധയില്ലാത്തവനുമാണെന്നു സരികയുടെയും. സരിക ദുരഭിമാനിയും അത്യാർഭാടക്കാരിയുമാണെന്നു സുധിയുടെയും ഉള്ളു തുരന്നു ഞാൻ മാന്തിയെടുത്തു.

എന്നിട്ടു രണ്ടു പേരോടുമായി ഞാൻ പറഞ്ഞു.
” ഞമ്മളെപ്പഴും ഞമ്മളായി ജീവിക്കുക. ഞമ്മൾ മറ്റുള്ളവരെപ്പോലെ ജീവിക്കാൻ കൊതിക്കുമ്പോഴാണ് ഒന്നിലും സംതൃപ്തരാവാത്തതും നമുക്കൊന്നും തികയാതെ വരുന്നതും.

എല്ലാവരും അവരുടെ ജോലിയിലും സമ്പത്തിലും സാമർത്ഥ്യത്തിലും വ്യത്യസ്തരാണ്. ആ വ്യത്യാസം ഉൾക്കൊള്ളാൻ നമുക്ക് കഴിയണം.

സരിക, മറ്റുള്ളവരെപ്പോലെ വലിയ വീടും വാഹനവും അപ്പപ്പോൾ ഇറങ്ങുന്ന പുതുപുത്തൻ മോഡേൺ ഡ്രസ്സും ഹോട്ടൽ ഭക്ഷണവുമൊക്കെ ശരാശരിക്കാരനായ സുധിയിൽ നിന്നും മോഹിക്കുന്നത് അസംബന്ധമാണ്.

എന്നാൽ സമ്പാദ്യമെല്ലാം ഭാവിയുടെ സുരക്ഷക്കെന്ന് പറഞ്ഞു ഇറുക്കിപ്പിടിച്ച് ജീവിതച്ചിലവുകൾ നന്നേ പരുക്കനാക്കുന്നത് സുധിയുടെയും തെറ്റാണ്.

ഉള്ള സമ്പാദ്യത്തിനനുസരിച്ച് കുഴപ്പമില്ലാത്ത വസ്ത്രങ്ങളും ഇടക്കൊക്കെ കുടുംബവുമൊന്നിച്ച് പുറത്തൊക്കെ പോയി ഭക്ഷണം കഴിക്കുകയും സമയം ചിലവഴിക്കുകയും ചെയ്യണമെന്ന് സുധിയോടും,

സുധി സമ്പാദിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണെന്നും,ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിച്ചാൽ ഇതിലും വലിയ സ്വർഗം ഭൂമിയിൽ സാധ്യമല്ലെന്നു സരികയോടും പറഞ്ഞപ്പോൾ അവരുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരാത്മ സംതൃപ്തി മൊട്ടിട്ടുണ്ടായിരുന്നു.

മാസങ്ങൾക്കു ശേഷം കുടുംബസമേതം
എന്റെ ഓഫീസ് റൂമിലെ മേശക്ക് ചുറ്റുമിരുന്ന മേശമേൽ് സുധി കൊണ്ടുവെച്ച വിവാഹ വാർഷികാഘോഷത്തിനുള്ള കേക്ക് സരിക തന്ന കത്തികൊണ്ട് മുറിച്ച് കൊടുക്കണം എന്നു പറഞ്ഞപ്പോൾ അവരുടെ മുഖത്ത മൊട്ടിട്ടിരുന്ന ആത്മസംതൃപ്തി അപ്പോഴേക്കും വിരിഞ്ഞു വിടർന്നു ദാമ്പത്യ സൗന്ദര്യത്തിന്റെ അഴകായി അവരുടെ ജീവിതത്തിലേക്ക് പടർന്നു പന്തലിച്ചിരുന്നു.
മുറിച്ച കേക്കിൻ കഷ്ണം അവരുടെ കുട്ടികളുടെ വായിലേക്ക് വെച്ചു കൊടുത്തപ്പോൾ ആനന്ദത്തിന്റെ കണ്ണുനീർ അതിലേക്കിറ്റു വീണിരുന്നോ ആവോ..

നടുക്കഷ്ണം:
ഒരു കുടുംബം പൊളിച്ചടുക്കാൻ സുഖമാണ്. വിളക്കി ചേർക്കാനാണ് പാട്.

വിളങ്ങിയാൽ ഇത്ര തിളങ്ങുന്ന മറ്റൊന്നുമില്ല.
നാം നാമായി ജീവിക്കുക.
മറ്റുള്ളവരുടെ സുഖശീതളിമയിലേക്കു കണ്ണെറിഞ്ഞു സ്വസ്ഥതകളയാതെ ഉള്ളതുകൊണ്ട് പരസ്പരം അറിഞ്ഞു ജീവിക്കുക.

സമാധാനത്തേക്കാൾ വലിയ സൗഭാഗ്യം ഈ ലോകത്തില്ല. അതൊട്ടു കാശു കൊടുത്താൽ കിട്ടുന്നതുമല്ല.

രചന :  ഇബ്രാഹീം നിലമ്പൂർ

LEAVE A REPLY

Please enter your comment!
Please enter your name here