Home Latest ഇവനു ഭ്രാന്താണ് , അല്ലെങ്കിൽ ഈ നൂറ്റാണ്ടിൽ കാണുമോ ഇതു പോലത്തെ ആൺകുട്ടികൾ…

ഇവനു ഭ്രാന്താണ് , അല്ലെങ്കിൽ ഈ നൂറ്റാണ്ടിൽ കാണുമോ ഇതു പോലത്തെ ആൺകുട്ടികൾ…

0

“ഇവനു ഭ്രാന്താണ് , അല്ലെങ്കിൽ ഈ നൂറ്റാണ്ടിൽ കാണുമോ ഇതു പോലത്തെ ആൺകുട്ടികളെ, അമ്മായിഅമ്മയുടെ സൽക്കാരവും, കൊച്ചിന്റെ അച്ചന്റെ സമ്പത്തും, പിന്നെ ഒന്ന് അടിപതറിയാൽ താങ്ങാൻ ഒരു അളിയനുമൊക്കെയുള്ള വീട്‌ നോക്കി കെട്ടാതെ, അനാഥപെണ്ണിനെ തിരഞ്ഞു നടക്കുന്ന ഇവനു ഭ്രാന്തല്ലെങ്കിൽ പിന്നെന്താണെന്ന” അമ്മാവന്റെ വാക്കു കേട്ട്‌ , വിഷമിച്ചിരിക്കുന്ന അമ്മയുടെ മുന്നിലേക്കാണു ഞാൻ കയറി ചെന്നത്‌…..

കുഞ്ഞിലെ അച്ചൻ മരിച്ചത്‌ കൊണ്ട്‌ എനിക്കെല്ലാം, എന്റെ അമ്മയായിരുന്നു, ആരെയും ആശ്രയിക്കാതെ, പണിയെടുത്ത്‌ എന്നെ നല്ലത്‌ പോലെ നോക്കി വളർത്തിയ അമ്മയുടെ ആഗ്രഹങ്ങൾക്ക്‌ ഒന്നും തടസ്സം നിന്നിരുന്നില്ല, എന്റെ കല്യാണക്കാര്യം ഒഴിച്ച്‌, ആദ്യം ആദ്യം തർക്കിച്ചും, സങ്കടപ്പെട്ടും എല്ലാം അമ്മ ഒന്ന് ശ്രമിച്ചെങ്കിലും എന്റെ ആഗ്രഹത്തിനു മുന്നിൽ അവസാനം മൗനസമ്മതം തന്നിരുന്നു അമ്മ…..

തിരച്ചിലുകൾക്കൊടുവിൽ, ചെറുപ്പത്തിലെ അച്ചൻ മരിച്ചത്‌ കൊണ്ട്‌, അമ്മയുടെ രണ്ടാം വിവാഹത്തോടെ ഒറ്റപെട്ടു പോയ, ഒരു പെൺകുട്ടിയുണ്ടെന്നും, പേരു നന്ദയെന്നാണെന്നും അമ്മാവൻ പറഞ്ഞത്‌ കേട്ടിട്ടാ , അവിടേക്കു പോകാനായി വണ്ടിയിലേക്ക്‌ കയറിയത്‌, “എന്നാലും നിന്റെ മോന്റെ ഈ വാശി എന്തിനാണെന്ന് എനിക്ക്‌ ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന്” അമ്മാവൻ അമ്മയോട്‌ പറഞ്ഞപ്പോഴേക്കും എന്റെ ചിന്തകൾ ആ സ്കൂൾ ജീവിതത്തിലേക്ക്‌ കടന്നിരുന്നു

വിശപ്പെന്താണെന്നു അറിഞ്ഞു തുടങ്ങിയത്‌, അമ്മക്ക്‌ സുഖമില്ലാതെ ജോലിക്ക്‌ പോകാതെയായപ്പോഴായിരുന്നു , അഞ്ചാം തരത്തിൽ ഉച്ച ബെല്ലിനു പുറത്തേക്ക്‌ പോകുന്ന എന്നെ പിടിച്ച്‌ നിർത്തി ആദ്യമായി പൊതിച്ചോർ വെച്ച്‌ നീട്ടിയത്‌ അവളായിരുന്നു “ലിസി”, കുട്ടിമനസ്സിൽ വിശപ്പിനേക്കാൾ വലുതല്ല അഭിമാനം എന്നുള്ളത്‌ കൊണ്ട്‌ അന്ന് മുതൽ അവൾ എന്റെ നല്ല സുഹൃത്തായിരുന്നു….

അന്ന് ഞാൻ ആദ്യമായി അവളോട്‌ വീടിനെക്കുറിച്ച്‌ സംസാരിച്ചപ്പോൾ നിറ കണ്ണുകളോടെ അവൾ പറഞ്ഞതാ, അവൾ അനാഥയാണെന്ന്.. , ജനിപ്പിച്ചിട്ട്‌ ആർക്കും വേണ്ടാതെ ഉപേക്ഷിച്ചവളെ , പള്ളി വക മഠത്തിൽ ആക്കിയതും, അഞ്ച്‌ വയസ്സ്‌ വരെ വളർത്തിയതും , ഞാൻ ജനിച്ച്‌ വീണ ഹോസ്പിറ്റലിലെ നേഴ്സ്‌ അമ്മയാണെന്നും, പിന്നിട്‌ ഭർത്താവിനൊപ്പം എവിടേക്കോ സ്ഥലം മാറി പോയപ്പോൾ കുറെ നേരം എന്നെ കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞത്‌, ഞാൻ ഒറ്റപ്പെടാൻ പോവുകയാണെന്ന് എനിക്ക്‌ അന്ന് മനസ്സിലായില്ലായിരുന്നു എന്നവൾ പറഞ്ഞപ്പോൾ, അമ്മയെ ചേർന്ന് വളരുന്ന അഞ്ചാം ക്ലാസുകാരന്റെ മനസ്സിൽ വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല,

പതിയെ പതിയെ വളർന്ന് വലുതായ ആ സൗഹൃദം എനിക്ക്‌ പഠിപ്പിച്ചു തന്നിരുന്നു, അമ്മയില്ലാത്തതിന്റെ കുറവുകൾ, ഒറ്റക്ക്‌ തുണികഴുകുന്നതും, സമയം തെറ്റി പോയാൽ ആഹാരം കിട്ടാത്തതും എല്ലാം അവൾ എന്നോട്‌ ചിരിച്ച്‌ കൊണ്ട്‌ പറയുമ്പോൾ , പതിയെ പതിയെ മനസ്സിൽ അവളുടെ വിഷമങ്ങൾ എന്റേതുമാകുമായിരുന്നു, “നിന്റെ അമ്മയെ എനിക്കുടെ തരാമോ” എന്നവളുടെ ചോദ്യത്തിനു ‘അതിനെന്താ എങ്കിൽ നീയിങ്ങു പോരെന്ന്’ പറഞ്ഞപ്പോൾ ആദ്യമായി എന്നെ കെട്ടിപ്പിടിച്ച്‌ കരഞ്ഞത്‌ , ഒരമ്മയെ കിട്ടി എന്ന സന്തോഷത്തിലാണെന്ന് ഞാൻ കരുതിയെങ്കിലും , തുടർച്ചയായി അവൾ ക്ലാസിൽ വരാതെയായപ്പോഴാണു അവളെ കുറിച്ച്‌ ടീച്ചറോട് തിരക്കിയത്‌, കാരണം ഒന്നുമറിയില്ലെന്നും അവളുടെ ടിസി വാങ്ങാൻ ആളു കോൺവെന്റിൽ നിന്നും വന്നു എന്ന് ടീച്ചറിന്റെ വാക്കിൽ, അവളെ ഇനി കാണാൻ കഴിയില്ലെന്ന സത്യം മനസ്സിനെ പറഞ്ഞ്‌ മനസ്സിലാക്കൻ മാസങ്ങൾ വേണ്ടി വന്നു..

അവളെ പതിയെ മറന്ന് തുടങ്ങിയെങ്കിലും , നിന്റെ അമ്മയെ എനിക്കുടെ തരാമോ എന്നവളുടെ വാക്ക്‌ ചങ്കിൽ തട്ടിയത്‌ കൊണ്ടാണു, ഇത്‌ വരെ അമ്മയുടെ സ്നേഹം അറിയാത്തവൾക്കു എന്റെ അമ്മയുടെ സ്നേഹം പകുത്ത്‌ നൽകണമെന്ന ആഗ്രഹം എന്ന് മനസ്സിൽ കരുതിയപ്പോഴേക്കും വീടെത്തി എന്ന അമ്മാവന്റെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നും ഉണർത്തി….

അകത്തേക്ക്‌ കയറി, സൽക്കരങ്ങൾക്കൊടുവിൽ . അമ്മാവൻ വാക്ക്‌ കൊടുത്തിട്ട്‌,
അവളോട്‌ സംസാരിക്കുന്നതിനിടയിൽ, “എന്തിനാണു എന്നെ പോലെയൊരു കുട്ടിയെന്ന” അവളുടെ ചോദ്യത്തിനു, കണ്ണൊന്നു ഇറുക്കിയടച്ച്‌, അവളുടെ മുഖത്ത്‌ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട്‌, അവിടെ നിന്ന് പടിയിറങ്ങുമ്പോഴും മനസ്സ്‌ ഒരുങ്ങി കഴിഞ്ഞിരുന്നു, അവളുടെ അച്ചനായും , ആങ്ങളയായും , ഭർത്താവായും അവൾക്കു നഷ്ടമായതെല്ലാം തിരിച്ച്‌ നൽകുവാൻ…

രചന : Shanavas Jalal

LEAVE A REPLY

Please enter your comment!
Please enter your name here