Home Latest നേരത്തെ പറഞ്ഞുറപ്പിച്ച പോലെ അവളാ രാത്രി പിൻവാതിൽ സാക്ഷയിടാതെ വെറുതെ അടച്ചു വെച്ചിട്ടേയുണ്ടായിരുന്നുള്ളൂ…

നേരത്തെ പറഞ്ഞുറപ്പിച്ച പോലെ അവളാ രാത്രി പിൻവാതിൽ സാക്ഷയിടാതെ വെറുതെ അടച്ചു വെച്ചിട്ടേയുണ്ടായിരുന്നുള്ളൂ…

0

ആ രാത്രി.

നേരത്തെ പറഞ്ഞുറപ്പിച്ച പോലെ അവളാ രാത്രി പിൻവാതിൽ സാക്ഷയിടാതെ വെറുതെ അടച്ചു വെച്ചിട്ടേയുണ്ടായിരുന്നുള്ളൂ.

ഉറങ്ങിപ്പോയാൽ ഫോൺ റിംഗ് ചെയ്താലും ചിലപ്പോഴവൾ അറിയാറില്ലാത്തതു കൊണ്ടും വാതിൽ ലോക്ക് തുറക്കുമ്പോൾ അടുത്ത റൂമിൽ കിടക്കുന്ന അവളുടെ ഉപ്പച്ചിയും ഉമ്മച്ചിയും അറിയാതിരിക്കാനുമാണ് പലപ്പോഴും എനിക്ക് വേണ്ടി അവളങ്ങനെ ചെയ്തിരുന്നത്.

അവൾ വിളിച്ചതു കൊണ്ടു മാത്രമല്ല, അവളെ കാണാനും ഒന്നിച്ചിരിക്കാനുമുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടു കൂടിയാണ് ഞാൻ പോയത്.

അന്നത്തെ ആ രാവ് അതിന്റെ അർദ്ധ യാമത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.
എല്ലാവരും സ്വപ്നങ്ങളുടെ മായാലോകത്തിലൂടെ മായിക കാഴ്ചകളിലേക്ക് ഊളിയിട്ടിറങ്ങിയുട്ടുണ്ടാവണം.

ചെറിയ ഒരിറക്കം അവസാനിക്കുന്നിടത്താണ് എന്റെ പ്രണയിനിയുടെ വീട്.
ഇറക്കം തുടങ്ങുന്നിടത്ത് വെച്ച് ശബ്ദം കേൾക്കാതിരിക്കാൻ ഞാൻ ബൈക്ക് എഞ്ചിൻ ഓഫ് ചെയ്തു.അനന്തരം ന്യൂട്ടറിലേക്കിട്ടു കാലുകൊണ്ടൊന്നു തുഴഞ്ഞു കൊടുത്തു .

ഭൂഗുരുത്വാകർഷണ സിദ്ധാത്തിന്റെ പിൻബലത്തിൽ ബൈക്ക് എന്നെയും വഹിച്ചു അവളുടെ വീട്ടുമുറ്റത്ത് ശബ്ദമില്ലാതെ ചെന്നു നിന്നു.

പിൻവാതിലിലൂടെ ഗൃഗപ്രവേശം നടത്തിയ ശേഷം ഞാൻ വാതിൽ ഭദ്രമായി അടച്ചു സാക്ഷയിട്ടു.

മന്ദം മന്ദം കാൽപള്ളയുടെ മുൻഭാഗം മാത്രം നിലത്തൂന്നി വളരെ ഏകാക്രതയോടെ കാൽപാദപതന ശബ്ദം പോലുമുണ്ടാക്കാതെ അവൾ കിടക്കുന്ന ബെഡ് റൂമിന് അടുത്തെത്തി.

ആ വാതിലും ചാരി വെച്ചിട്ടേയുണ്ടായിരുന്നുള്ളൂ.. വാതിൽ തുറന്ന് ശ്വാസമടക്കിപ്പിടിച്ച് നോക്കുമ്പോൾ പിസ്തപ്പച്ചയുടെ നിറമുള്ള സീറോ ബൾബിന്റെ വെളിച്ചത്തിൽ ഉമ്മച്ചിക്കുട്ടി കൂടുതൽ സുന്ദരിയായിരിക്കുന്നു.

മിഴികളടച്ചു നിഷ്കളങ്കമായുറങ്ങുന്ന ആ മുഖത്ത് എന്നെ കാത്തിരുന്നതിന്റെ പ്രതീക്ഷാ ഭാവം അടയാളപ്പെട്ടു കിടക്കുന്നുണ്ട്.
റൂമിലെത്തിയാൽ വിളിച്ചുണർത്തണം എന്നവൾ ആദ്യമേ പറഞ്ഞു വെച്ചിരുന്നു.

അവൾ കണ്ട് കൊണ്ടിരിക്കുന്നത് മനോഹരമായ ഏതെങ്കിലും സ്വപ്നമാണെങ്കിലോ, ചില സ്വപ്നങ്ങൾക്ക് എന്തൊരു മനോഹാരിതയായിരിക്കും, ആ സ്വപ്നം നെടുകെ പിളർന്നാൽ അവളിഷ്ടപ്പെടുമോ, ഇനി വിളിച്ചില്ലെങ്കിൽ അവൾ പരിഭവം പറയുമോ, പറയുമായിരിക്കും അതാണല്ലോ പതിവ്, എന്നിത്യാദി മനസ്സിൽ നിന്നും കിളിർത്തു വന്ന ചോദ്യത്തിന്റെ മുനകളെ “ഉറങ്ങുന്നവരെ ശല്യം ചെയ്യരുതെന്ന ” പ്രവാചക വചനമായിട്ട് ഒടിച്ചു മടക്കി ജനലഴികൾക്കിടയിലൂടെ പുറത്തേക്കെറിഞ്ഞു.

അവളുടെ ഉറക്കുണരാനായി കാത്തിരിക്കുന്നതിനിടയിൽ
മെല്ലെ മെല്ലെ അവൾ പുതച്ച പുതപ്പിനുള്ളിലേക്ക് ഞാനും ചൂളി അവളുടെ ചുടു പറ്റിക്കിടന്നു.

ഇടക്കെപ്പഴോ അവളുടെ ചുടുനിശ്വാസങ്ങളേറ്റ് ഞാനറിയാതെ എന്റെ കണ്ണിമകളെ ഉറക്ക് കട്ടെടുത്തു സ്വപ്ന ലോകത്തേക്ക് കള്ളക്കടത്തു നടത്തി.

പ്രഭാതസൂര്യന്റെ പൊൻ കിരണങ്ങളാൽ പ്രഭാവലയം ചെയ്യപ്പെട്ട ആ റൂമിലേക്ക് എന്തോ സാധനം എടുക്കാൻ വന്ന അവളുടെ ഉമ്മ എന്നെ കണ്ട് ഞെട്ടിത്തരിച്ചു.
ഞാൻ കണ്ണുകളടച്ച് ഉറങ്ങിയപോലെ കിടന്നു.

അടുത്ത നിമിഷം പുറത്തേക്കിറങ്ങിയ അവർ പുറത്ത് നിന്നും വാതിൽ ഓടാമ്പലയിട്ട് അടുക്കളയിൽ ഒന്നുമറിയാത്ത പോലെ പാചകത്തിലേർട്ടിരിക്കുകയായിന്ന ഉമ്മച്ചി ക്കുട്ടിയുടെ അടുത്തേക്കൊരു ഓട്ടവും പടക്കം പൊട്ടുന്ന പോലൊരു ചോദ്യവും ഒന്നിച്ചായിരുന്നു.

” എന്ത്യോടി ഇബു വന്നിട്ട് നീ ഒരു വാക്ക് മിണ്ടാഞ്ഞത് ആ കുട്ടിക്ക് ചായകൊടുക്കണ്ടേ… ഒന്നു പറഞ്ഞിരുന്നെങ്കിൽ ഫ്രിഡ്ജിലെ ചിക്കനെടുത്ത് കറി വെക്കാമായിരുന്നു. ഇതിപ്പോ നേരം കൊറേ ആയില്ലേ മാളുകുരിപ്പേ..ആ വാതിലും അടച്ചില്ല.. കുട്ടികൾ റൂമീ കേറി ബഹളമുണ്ടാക്കിയാൽ ആ കുട്ടീടെ ഒറക്കോം പോവൂലേ..”

എന്ന് ഓൾടെ ഉമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ
” ഓഹ് ഒരു അമ്മായിമ്മേം മരുമോനും വന്നിരിക്കുന്നു.. എന്തോരം സ്നേഹം.. ഈ എന്നോടു പോലുമില്ല ഉമ്മച്ചിക്ക് ഇത്രേം സ്നേഹം.. നിങ്ങൾ പേടിക്കണ്ട ദേണ്ട് അടുപ്പിലേക്ക് നോക്കീം.. കോഴിക്കറിയൊക്കെ വെന്തു തിളച്ചു വാങ്ങി വെക്കാറായി ” എന്നവൾ പറഞ്ഞത് പരിശോദിച്ചുറപ്പ് വരുത്തിയപ്പോൾ എന്റെ അമ്മായിയമ്മയു (ഉമ്മച്ചി)ടെ മുഖത്ത് ആശ്വാസത്തിന്റെ ഒരായിരം ചന്ദ്രനുദിച്ചുയർന്നിരുന്നു.

നടുക്ഷ്ണം:
1_വിവാഹം കഴിഞ്ഞു നാളുകളേറെയായെങ്കിലും പ്രണയത്തിന് തീക്ഷണത കൂടിയിട്ടേയുള്ളൂ. കാരണം ഞങ്ങൾ പ്രണയിക്കാൻ തുടങ്ങിയത് വീട്ടുകാർ കണ്ടെത്തി പരസ്പരം ഇഷ്ടപ്പെട്ട് വിവാഹമുറപ്പിച്ച ശേഷമാണ്. ദാമ്പത്യത്തിലെ പ്രണയത്തിനാണ് ആത്മാവും നിലനിൽപ്പും പരിശുദ്ധിയുമുള്ളതെന്നത് വസ്തുതയാണ്

2-ഇണകൾ പരസ്പരം കെയർ ചെയ്യണം. പരസ്പരം സ്വന്തമാണെങ്കിലും പരമാവധി മറ്റയാളെ ബുദ്ധിമുട്ടിപ്പാക്കാതിരിക്കുക.

രചന : ഇബ്രാഹീം നിലമ്പൂർ

LEAVE A REPLY

Please enter your comment!
Please enter your name here