Home Latest ഈശ്വരാ ഇനി എന്തും പറഞ്ഞ് ഊരും ഈ കല്ല്യാണത്തിൽ നിന്ന്…

ഈശ്വരാ ഇനി എന്തും പറഞ്ഞ് ഊരും ഈ കല്ല്യാണത്തിൽ നിന്ന്…

2

ഭാര്യ അത്ര പോര

” ചേച്ചീ എന്നോട് ഈ ചതി വേണ്ടായിരുന്നു..

നിങ്ങളുടെ വാക്ക് കേട്ട് ഈ കല്ല്യാണത്തിന് സമ്മതിച്ചത് അബദ്ധമായി,

എന്തെല്ലാമാണ് നിങ്ങളെല്ലാരും ഫോണിലൂടെ പറഞ്ഞത്, മുട്ടറ്റം മുടി, ചന്ദനത്തിന്റെ നിറം, സിനിമാ നടി പാർവ്വതിയുടെ കണ്ണുകൾ.. തേങ്ങയാണ് മാങ്ങയാണ്.. ഇതിപ്പോ വന്ന് കണ്ടപ്പോൾ പാർവ്വതി അഞ്ചാറ് കൊല്ലം പട്ടിണി കിടന്ന പോലെ ഉണ്ട്..

ഈശ്വരാ ഇനി എന്തും പറഞ്ഞ് ഊരും ഈ കല്ല്യാണത്തിൽ നിന്ന്,

രണ്ട് ദിവസം കൂടി ഉള്ളൂ ,അപ്പോഴേ അറിയായിരുന്നു നിങ്ങൾ എല്ലാം കൂടി ഇങ്ങനെ ആക്കുമെന്ന് ”

“ഒന്ന് കിടന്ന് പിടക്കാതിരിക്ക് ചെക്കാ… നീ ഇത് വരെ നൂറ് പെണ്ണ് എങ്കിലും കണ്ടിട്ടുണ്ടാവും,

നിന്റെ ചേച്ചിയാണെന്നും പറഞ്ഞ് കൂടെ വരാൻ നാണക്കേടായി തുടങ്ങി മനുഷ്യന്,
ഈ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല നീയില്ലാത്തത് കൊണ്ടാ ഇത് എങ്കിലും ഒന്ന് ശരിയായത്..”

ദുബായിൽ നിന്ന് കൊല്ലത്തിൽ കമ്പനി കൊടുക്കുന്ന ഒരു മാസത്തെ ലീവും, അതിനിടയിൽ എച്ച് ആർ മാനേജരെ സോപ്പിട്ട് ഇടക്കിടക്ക് ഓടി വരുന്ന എമർജൻസി ലീവുകൾ എല്ലാം അഖിൽ പെണ്ണ് കണ്ട് നടന്നാ തീർക്കുന്നത്.

ഇരുപത്തഞ്ച് വയസ്സിൽ തുടങ്ങിയതാ, ഇപ്പോൾ വയസ്സ് മുപ്പത്തി രണ്ടായി. കണ്ട് തീർത്ത പെണ്ണുങ്ങളെയെല്ലാം അഖിൽ ഓരോ കാര്യം പറഞ്ഞ് വേണ്ടാന്ന് വെക്കാറാ പതിവ്.

ദുബായില് കണ്ട് വരുന്ന ലാന്റ്ക്രൂയിസർ പോലത്തെ പെണ്ണുങ്ങളെ കാണുമ്പോൾ നെഞ്ചിനുള്ളിൽ ഉണ്ടാകുന്ന പ്രത്യേകതരം ഒരു ….

‘ ടിക്… ടിക്..’

നാട്ടിൽ കണ്ട് വരുന്ന മാരുതി 800 പോലത്തെ പെണ്ണുങ്ങളെ കാണുമ്പോൾ ഉണ്ടാകുന്നില്ല, അതാണ് അഖിലിന്റെ പ്രശ്നം.

എന്തായാലും ഇത്തവണ അവന്റെ വരവ് കാത്ത് നിൽക്കാതെ വീട്ട് കാർ പണി ഒപ്പിച്ചു.

ഓഡിറ്റോറിയത്തിന്റെ മുൻവശത്ത് തന്നെ ചിരിച്ച് കൊണ്ട് നിൽക്കുന്ന അഖിലിന്റെയും ജിനിയുടെയും വലിയ ഫ്ലക്സ് വെച്ചിട്ടുണ്ട്.

എല്ലാവരുടെയും അനുഗ്രഹം വാങ്ങി കല്ല്യാണ മണ്ഡപത്തിൽ നിന്നിറങ്ങി കാറിൽ കയറി വീട്ടിലേക്ക് മടങ്ങിയപ്പോൾ, അഖിലിന്റെ മുഖത്ത് ഒരു വിഷമം പോലെ.

ജിനി അഖിലിന്റെ കൈ പിടിച്ച് ചോദിച്ചു..

“എന്ത് പറ്റി ചേട്ടാ…. ഒരു മൂഡ് ഓഫ്.. ”

”അത്…..ഒന്നുമില്ല ….. രാവിലെ തുടങ്ങിയ നിൽപ്പല്ലെ അതിന്റെയാവും നല്ല ക്ഷീണം.”

എന്തെല്ലാം പ്രതീക്ഷയായിരുന്നു ആദ്യരാത്രിയിൽ അപ്സരസിനെ പോലെ ഒരു പെണ്ണിനെ സ്വന്തമാക്കി, രാത്രി മുഴുവൻ ഉറങ്ങാതെ സംസാരിച്ച്…… എല്ലാം പോയില്ലെ… ഇനി പറഞ്ഞിട്ട് എന്ത് കാര്യം അനുഭവിക്കുക തന്നെ…

അവൻ കുളിച്ച് ഫ്രഷായി വന്ന് അവളെ കാത്തിരിക്കാൻ പോയില്ല, പെട്ടിയിൽ സൂക്ഷിച്ചിരുന്ന സ്കോച്ച് വിസ്കി എടുത്ത് നല്ല വീശ് വീശി… സുഖമായി കിടന്ന് ഉറങ്ങി…

അങ്ങനെ ആദ്യരാത്രി ബോധമില്ലാ രാത്രിയായി…

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ മാറ്റമൊന്നും ഉണ്ടായില്ല. അഖിൽ വീട്ടിലിരിക്കാറെ ഇല്ല.പകൽ മുഴുവൻ കൂട്ടുകാരുമായി കറങ്ങി നടക്കും. രാത്രി ഏറെ വൈകി ഉറങ്ങാൻ മാത്രമായി കയറി വരും അതും നാല് കാലിൽ.

അങ്ങനെയൊക്കെ ആണെങ്കിലും അവൾ മറ്റുള്ളവർക്ക് ആ വീട്ടിൽ പടി കയറി വന്ന മഹാലക്ഷ്മി ആയിരുന്നു.

കിഴക്ക് വെള്ളകീറും മുമ്പ് അവൾ ഉണരും, കുളിച്ച് വൃത്തിയായി അടുക്കളയിൽ കയറി എല്ലാവരുടെയും ഇഷ്ടങ്ങൾ അറിഞ്ഞ്, അതിനനുസരിച്ചുള്ള വിഭവങ്ങൾ ഒരുക്കും.

വീടും മുറ്റവും പരിസരവും എല്ലാം വൃത്തിയായി കിടക്കും എപ്പോഴും. മുറ്റത്ത് വാടികിടന്നിരുന്ന ചെടിത്തോട്ടം പച്ച പിടിച്ച് തുടങ്ങി.അഖിലിന്റ അമ്മയും അച്ഛനും ചേച്ചിയും വന്ന് കയറിയ മരുമകളെ കുറിച്ചോർത്ത് അഭിമാനിച്ചു.

കല്ല്യാണം കഴിഞ്ഞ് ദിവസങ്ങൾ പതിനഞ്ച് ഓടി മറഞ്ഞു.അഖിലിന്റെ ലീവ് തീരാൻ രണ്ടാഴ്ച കൂടിയും ഇനി ബാക്കി ഉള്ളു.

അഖിൽ പതിവ് പോലെ രാത്രി വൈകി തന്നെയാണ് വീട്ടിൽ വന്ന് കയറിയത്. എല്ലാവരും ഉറങ്ങിയാലും അവൾ ഭക്ഷണം വിളമ്പി കാത്തിരിക്കാറാ പതിവ്, മിക്ക ദിവസങ്ങളിലും പുറത്ത് നിന്ന് കഴിച്ച് വരാറാ പതിവ്, അവളെ ശ്രദ്ധിക്കാതെ മുറിയിൽ കയറി കടക്കും.

അഖിൽ വന്നിട്ടാണ് അവൾ കഴിക്കാറുള്ളത്.മിക്കപ്പോഴും അവൾ തനിച്ചിരുന്നു കഴിക്കും, അവനും കൂടെ കഴിക്കുന്നുണ്ടെങ്കിൽ ഒരക്ഷരം മിണ്ടാതെ ഭക്ഷണം കഴിച്ച് എണീറ്റ് പോകും.

മുറിക്കുള്ളിൽ കയറിയപ്പോഴും അവളെ കണ്ടില്ല,എവിടെ പോയി കിടക്കാണാവോ..

കാൽപെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അമ്മയാണ്.

“രാവിലെ മുതൽ വിളിക്കുന്നതാ നിന്നെ.. കയ്യിൽ എന്തിനാ ആ കുന്തം വെച്ച് നടക്കുന്നത്, ജിനി മോള് രാവിലെ തറ തുടച്ച് കൊണ്ടിരുന്നപ്പോൾ വഴുക്കി വീണു.. കൈ കുത്തിയാ വീണത്, അപ്പോൾ തന്നെ നീര് വെച്ചു..

പ്ലാസ്റ്റർ ഇട്ട് ഹോസ്പിറ്റലിൽ നിന്ന് അതിന്റെ വീട്ടിൽ കൊണ്ടന്നാക്കി, അല്ലെങ്കിൽ ഒറ്റ കയ്യും വെച്ച് പിന്നേം ഉള്ള പണിയൊക്കെ എടുത്ത് നടക്കും.

മോള് കൂട്ടാക്കുന്നില്ലായിരുന്നു പോകാൻ, നിന്നെ കാണാതെ സങ്കടപ്പെട്ടാ അത് പോയത്.

നിന്നോട് എന്ത് തെറ്റാടാ ആ ക്ടാവും അതിന്റെ വീട്ട് കാരും ചെയ്തത്, നീ കല്യാണം കഴിഞ്ഞ് ഇത് വരെ അതിന്റെ വീട്ടിലേക്ക് ഒന്ന് പോയിട്ടുണ്ടോ?. അതിനോട് കാണിക്കുന്നതെല്ലാം ഞങ്ങൾ കാണുന്നുണ്ട്. എങ്കിലും മോള് ഇത് വരെ ഒന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല.

അതിനെ പോലെ ഒരു പെണ്ണിനെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണടാ, നിന്നെ പോലെ ഒരു മനസ്സാക്ഷി ഇല്ലാത്തവൻ എന്റെ വയറ്റിൽ തന്നെ പിറന്നല്ലൊ ദൈവമെ.”

അഖിലിന് കിടന്നിട്ട് ഉറക്കം വന്നില്ല, ഇന്നാണ് ഈ മുറിക്കുള്ളിൽ അവൾ ഇവിടെ ഉണ്ടായിരുന്നു എന്ന് തോന്നിയത്.

അമ്മ പറഞ്ഞത് ശരിയാ അവളെ ഒരു ഭാര്യയായി ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല, എന്തിന് ഒരു നല്ല നോട്ടം പോവും അവൾക്ക് നേരെ നോക്കിയിട്ടില്ല. എന്നിട്ടും അവൾ ഒരു പരാതിയും വിഷമവും ഇല്ലാതെ തന്റെ ഭാര്യയെന്ന പദവി എത്ര ഭംഗിയായി ആണ് അവൾ നിർവ്വഹിച്ചത്. അവളുടെ അസാനിധ്യം അറിയാതെ തന്നെ മനസ്സിൽ വലിയ ഭാരം വന്ന് കയറിയ പോലെ.

രാവിലെ തന്നെ ജിനിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. മുറ്റത്ത് തന്റെ തലവെട്ടം കണ്ട ഉടനെ അവൾ വയ്യാത്ത ആ കയ്യും വെച്ച് ഓടി വന്നു…

“അമ്മേ ദാ ചേട്ടൻ വന്നു.. ”

എന്ത് സന്തോഷമാ അവളുടെ മുഖത്ത് ആ പുഞ്ചിരിക്കുന്ന മുഖം ആദ്യമായി ഒന്ന് ശരിക്കും നോക്കി. അന്ന് അമ്മയും ചേച്ചിയും പറഞ്ഞത് ശരിയാ നല്ല ഐശ്വര്യം തന്നെയാണ് ഈ മുഖത്തിന്,

അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു..

” ചേട്ടാ കയറി ഇരിക്ക്… ”

കൈക്ക് എങ്ങനെയുണ്ട്…?

” ഇത് കുഴപ്പം ഒന്നും ഇല്ല ചെറുതായി എല്ലിന് ഒരു ചിന്നൽ അത്രയേ ഉള്ളു…. ”

പിന്നെ അവിടെ കണ്ടത് ആകെ ഒരു ബഹളമാണ്… ഒറ്റ കയ്യും വെച്ച് എന്തെല്ലാമൊ ഒരുക്കലും വെക്കലും ഒരു സമാധാനമില്ലാതെ വെപ്രാളം ആയിരുന്നു അവൾക്ക്.

അവളുടെ അച്ഛനും അമ്മയും അനിയത്തിയും കാണിക്കുന്ന സ്നേഹം കണ്ട് അവൻ വീർപ്പ്മുട്ടി.

ഇന്ന് രാത്രി ഇവിടെ നിൽക്കുമോ? എന്ന അവളുടെ ചോദ്യത്തിന് സമ്മതം മൂളിയപ്പോൾ അവളുടെ മുഖം വിടർന്ന് ചുമന്ന് തുടുത്തു.

രാത്രി മുറിയിലേക്ക് കയറി വന്ന അവളുടെ മുഖത്ത് നോക്കിയപ്പോൾ അവൻ കണ്ടു താൻ കണ്ടതിൽ വെച്ച് ഏറ്റവും സൗന്ദര്യം ഉള്ള പെണ്ണിനെ.

അവളുടെ മെല്ലെ അടുപ്പിച്ച് താടിയിൽ കൈ വെച്ച് മെല്ലെ ഉയർത്തി ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

” എന്നോട് നിനക്ക് ഒരു ദേഷ്യവും ഇല്ലെ പെണ്ണെ?”

“ഒരിക്കലും ഇല്ല ഏട്ടാ, ഏട്ടൻ എന്നെ കാണാൻ വന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്നെ ഇഷ്ടപ്പെട്ടില്ലെന്ന്, ഏട്ടന് ചേർന്ന ഒരു പെണ്ണല്ല ഞാൻ, എന്നിട്ടും എന്നെ വേണ്ടാന്ന് വെച്ചില്ലല്ലൊ.. ”

അവളുടെ നിഷ്കളങ്കമായ മറുപടി കേട്ട അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.പ്ലാസ്റ്റർ ഇട്ട കൈയ്യിൽ തലോടി അവൻ പറഞ്ഞു.

“ആര് പറഞ്ഞു നീ എനിക്ക് ചേർന്ന പെണ്ണല്ല എന്ന്, നിന്നെ എന്റെ ഭാര്യയായി കിട്ടിയത് എന്റെ ഭാഗ്യമാണ്, പിന്നെ അന്ന് നിന്നെ കാണാൻ വന്നപ്പോൾ എന്റെ കണ്ണ് കണ്ണീക്കേട് പിടിച്ച് ഇരിക്കുകയായിരുന്നു, ഇപ്പോഴാ ശരിയായത്.

അതൊക്കെ പോട്ടെ …. ആ ലൈറ്റ് ഒന്ന് ഓഫ് ചെയ്തോളൂ…ഇനി കുറച്ച് ദിവസം ഉള്ളുട്ടാ…പ്ലാസ്റ്റർ ഇട്ട കൈ ഒന്ന് സൂക്ഷിച് പിടിച്ചോളൂട്ടാ കുട്ടാ… ചിലപ്പോൾ ഞാൻ മറന്ന് പോകും”

[കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് കർന്നോന്മാര് വെറുതെ പറയുന്നതല്ല… പെണ്ണിന്റെ ബാഹ്യ സൗന്ദര്യം ഭർത്താവിന്റെ കൈകളിലാണ്. കെട്ടിയ പുരുഷൻ സ്നേഹവും സംരക്ഷണവും വേണ്ടുവോളം നൽകിയാൽ ഏത് പെണ്ണിന്റെ സൗന്ദര്യവും കലാഭവൻ മണിച്ചേട്ടൻ പറഞ്ഞ പോലെ “ഓടപ്പഴം ” പോലെ തിളങ്ങും… മനസ്സിന് സൗന്ദര്യം ഉള്ള പെണ്ണിനെ കിട്ടാൻ ഭാഗ്യം തന്നെ ചെയ്യണം.]

രചന : സിയാദ് ചിലങ്ക

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here