Home Latest നാളെ അഭിയേട്ടന്റെ കല്ല്യാണമാണ്,. കണ്ണീരിനിടയിലും ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല…

നാളെ അഭിയേട്ടന്റെ കല്ല്യാണമാണ്,. കണ്ണീരിനിടയിലും ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല…

0

നാളെ അഭിയേട്ടന്റെ കല്ല്യാണമാണ്,. കണ്ണീരിനിടയിലും ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല,.

പോണം എനിക്ക്, അവസാനമായി ഒരിക്കൽ കൂടെ കാണണം എനിക്കെന്റെ അഭിയേട്ടനെ,. നാളെ മറ്റൊരാളുടെ ഭർത്താവായിക്കഴിയുമ്പോൾ ഒരുപക്ഷേ എനിക്കിത്ര സ്വാതന്ത്ര്യത്തോടെ പറയാൻ കഴിഞ്ഞുവെന്ന് വരില്ല,. ‘എന്റെ അഭിയേട്ടനെന്ന് !”

കൗമാരത്തിന്റെ തുടക്കകാലങ്ങളിൽ തന്നെ മനസ്സിൽ പതിഞ്ഞതാണ് അഭിയേട്ടന്റെ മുഖം, പ്രായത്തിന്റെ പക്വതയില്ലായ്മയിൽ തോന്നിയ മോഹത്തിന് യൗവ്വനത്തിൽ ഇത്ര തീക്ഷ്ണതയേറുമെന്നു കരുതിയിരുന്നില്ല, എങ്ങനെ വിവരിക്കണമെന്നറിയാത്ത സുഖദുഃഖ സമ്മിശ്രമായ ആ വികാരം ഒടുവിൽ എനിക്ക് ബോധ്യപ്പെടുത്തിത്തന്നു എത്ര ആഴത്തിലാണ് അഭിയേട്ടൻ എന്റെ ഹൃദയത്തിൽ പതിഞ്ഞുപോയതെന്ന് !!!

പറഞ്ഞില്ല,.. പറയാൻ ധൈര്യം വന്നില്ല, ഞാനൊന്നും പറഞ്ഞില്ലെങ്കിലും എന്റെ മനസ്സ് വായിക്കാൻ കഴിഞ്ഞിരുന്നു അഭിയേട്ടന്,.
അന്ന് പിടിച്ച പിടിയാലേ
“നിനക്കെന്നെ ഇഷ്ടമാണോ?” എന്ന് ചോദിച്ചപ്പോൾ നമ്രശിരസ്കയായി നിന്ന എന്റെ മുഖം പിടിച്ചുയർത്തി പറഞ്ഞു, ആ കണ്ണുകളിൽ അപ്പോൾ നിരാശയും രൗദ്രഭാവവുമായിരുന്നു !!!

” അങ്ങനെന്തെങ്കിലും മനസ്സിൽ കയറിക്കൂടിയിട്ടുണ്ടേൽ എന്റെ മോൾ അതങ്ങ് മറന്നേക്കൂ, അതൊന്നും നടക്കണ കാര്യമല്ല ”

നിറഞ്ഞൊഴുകിയ മിഴിനീർത്തുള്ളികളെ കണ്ടില്ലെന്നു നടിച്ച് എന്നിൽ നിന്നും നടന്നു നീങ്ങുമ്പോൾ എന്തായിരുന്നു ആ മനസിലെന്ന് എനിക്ക് വായിക്കാനായില്ല,.. അന്ന് മുതൽ അഭിയേട്ടനും ഞാനും തമ്മിൽ അനിർവചനമായ ഒരു അകലം രൂപപ്പെട്ടു !!!

എനിക്ക് അഭിയേട്ടനോടൊരിഷ്ടം തോന്നി, പക്ഷേ അഭിയേട്ടനെ ഒരിക്കലും നിർബന്ധിക്കാനാവില്ലല്ലോ,. എന്നെ തിരിച്ചു സ്നേഹിക്കണമെന്ന്,. അല്ലെങ്കിലും പിടിച്ചു വാങ്ങിയ സ്നേഹം നിലനിൽക്കില്ല എന്നല്ലേ ?.

എന്നാലും, തന്നെ മറക്കണമെന്ന് അഭിയേട്ടൻ എന്തെളുപ്പത്തിലാ പറഞ്ഞത് ?? എനിക്കതിന് ഒരിക്കലും കഴിയില്ല എന്ന് മറ്റാരേക്കാളും ഉറപ്പുണ്ടായിട്ടു പോലും …

************

കല്യാണവീടിന്റെ പടി കയറും മുൻപ് ഒരിക്കൽക്കൂടി ഉറപ്പ് വരുത്തി, ഞാൻ സുന്ദരിയാണെന്ന്,. ഈ രാത്രിയിലെങ്കിലും എന്നെ കാണുമ്പോൾ അഭിയേട്ടന് നഷ്ടബോധം തോന്നണം,.. എന്നെ കൈവിട്ടു കളഞ്ഞതിന്,.

മുറ്റം നിറയെ ആളുകളാണ്,. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെയായി,. അഭിയേട്ടന്റെ അച്ഛനുമമ്മയും എല്ലാവരും ഓരോരോ തിരക്കുകളിലാണ് ,. അവർക്കിടയിലൂടെ ഞാൻ പതിയെ മുന്നോട്ട് നടന്നു !!

അതാ നിഖിൽ,.. അഭിയേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണുട്ടോ, എന്റേം, അവന്റെ മുഖത്ത് മാത്രം ഒരു സന്തോഷവും കാണുന്നില്ല.. അതാ വരുന്നു ദിവ്യയും ഹസ്ബൻഡ് ആൽബിയും,.. ഞങ്ങടെ ഗ്യാങ്ങിൽ തന്നെ ഉള്ളതാ, രണ്ടു പേരും കട്ട പ്രേമം, ഇന്റർകാസ്റ്റ് ആയതോണ്ട് വീട്ടുകാർ സമ്മതിച്ചില്ല, പിന്നെ ഞങ്ങൾ തന്നെ കല്ല്യാണം നടത്തിക്കൊടുത്തു,. അതൊക്കെ വല്ല്യ കഥയാണ്,.. പിന്നീടൊരിക്കൽ പറയാം.. .

അവർക്കിപ്പോൾ രണ്ടു മക്കൾ, ആദിലും അമേയയും,. ട്വിൻസ് ആണ്,.. 2 വയസ്സ്, പിന്നെ ദിവ്യ ഗർഭിണി ആണുട്ടോ,.. ഇവർക്ക് കുറച്ചു ഗ്യാപ് ഒക്കെ ഇട്ടൂടെ എന്ന് പറയണന്നുണ്ടായിരുന്നു!!!

എന്തായാലും ഈ വരുന്ന പ്രസവത്തോടെ നിർത്താനാവും സാധ്യത,. ഇതിലും ട്വിൻസ് ആണെങ്കിൽ ഇവരുടെ അഞ്ചാമത്തെ കുട്ടിക്ക് എന്റെ പേരിടേണ്ടി വരും … അത്രയും വലിയൊരു റിസ്ക് അവർ ഏറ്റെടുക്കാൻ യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല,..

നിഖിലിനെ കണ്ടതും കുശലവർത്തമാനമൊക്കെ പറഞ്ഞു കഴിഞ്ഞ അവൾ അഭിയേട്ടനെ തിരക്കി, എനിക്കും അതായിരുന്നു വേണ്ടിയിരുന്നത്,… അഭിയേട്ടനെ എങ്ങനെ ഫേസ് ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു എന്തോ ചങ്കിടിപ്പ് വല്ലാതെ കൂടി വരുന്നത് പോലെ തോന്നി

***********

അവിടെ എന്തോ ചടങ്ങ് നടക്കാൻ പോവാണ്, ദേ വരുന്നു അഭിയേട്ടൻ,. അടുത്തേക്ക് പോകാനായി ഒരുപാട് കൊതിച്ചെങ്കിലും ഞാനെന്റെ മനസിനെ അടക്കി നിർത്തി ! ഇപ്പോൾ അഭിയേട്ടന്റെ മുന്നിലേക്ക് ചെന്നാൽ ശരിയാവില്ല,..

സുന്ദരനായിരിക്കുന്നു,. മുൻപത്തേക്കാളും ഗ്ലാമർ കൂടിയിട്ടുണ്ട്,.. എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി,.. അന്യന്റെ മുതൽ ആഗ്രഹിക്കുന്നത് തെറ്റല്ലേ ?നാളെ അശ്വതിയുടെ കഴുത്തിൽ താലി ചാർത്തുന്നതോടെ ഞങ്ങൾ തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കും,…

അവളുടെ വീട്ടിലും ഓരോരോ ചടങ്ങുകൾ കാണും,. മെഹന്ദിയും ഹൽദിയും അങ്ങനൊക്കെ, എനിക്ക് നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ കല്ല്യാണം നടത്താനാണുട്ടോ ഇഷ്ട്ടം,. പക്ഷേ വിധിയില്ല,..

ചടങ്ങ് കഴിഞ്ഞു ദിവ്യയെ കണ്ടപ്പോൾ അഭിയേട്ടൻ ഒന്ന് വിരസമായി പുഞ്ചിരിച്ചു,. നാലു പേരും മുഖത്തോട് മുഖം നോക്കി നിന്നതല്ലാതെ അധികമൊന്നും സംസാരിച്ചില്ല,..

“അല്ല അഭി നീ പോയി കിടന്നോളൂട്ടോ,. നാളെ വെളുപ്പിന് എണീക്കണ്ടതാ ”

“അത് കുഴപ്പമില്ല അമ്മേ ഞാൻഎഴുന്നേറ്റോളം !”

“എന്റെ അഭി നീ ഇപ്പോൾ വേണമെങ്കിൽ ഒന്ന് കിടന്നോട്ടോ നാളെ ഉറക്കമൊന്നും ഉണ്ടാവില്ല,. ” അമ്മായിമാരുടെ തമാശക്കൊപ്പം ചിരിക്കാൻ അഭിയേട്ടൻ ചെറിയൊരു ശ്രമം നടത്തി,…

“നീ പോയി റസ്റ്റ്‌ എടുത്തോടാ,.. ഞങ്ങൾ അപ്പുറത്തുണ്ടാവും,.. ”

അമ്മായിമാരുടെ ആ ക്ലീഷേ ചളി ഒഴിച്ചാൽ, പിന്നൊരു അവാർഡ് പടത്തിന്റെ നിശബ്ദത,.. അത്രേ ഉള്ളൂ ഈ സീനിൽ,…

**********

അഭിയേട്ടൻ ടവൽ എടുത്ത് കുളിക്കാനായി കയറി,.. ഞാൻ പതിയെ കട്ടിലിൽ ഇരുന്നു,. അഭിയേട്ടന്റെ മനസ്സിൽ എന്നോട് ഒരുതരി ഇഷ്ടമെങ്കിലും ഉണ്ടായിരുന്നെങ്കിൽ നാളെ അശ്വതിയുടെ സ്ഥാനത്ത് അഭിയേട്ടന്റെ ഈ മുറി എന്റേതാകുമായിരുന്നു,. അതുണ്ടായില്ല,.

അഭിയേട്ടന്റെ ഫോൺ റിങ് ചെയ്തു അശ്വതി ആണ്,. എടുക്കണോ ? അഭിയേട്ടന്റെ ഭാര്യയാകാൻ പോകുന്നവളുടെ ശബ്ദം കേൾക്കണമെന്ന് ആഗ്രഹമുണ്ടായെങ്കിലും വേണ്ടെന്ന് വെച്ചു,. 7 മിസ്സ്ഡ് കോൾസ്,. അപ്പോൾ ഇങ്ങേര് എന്റെ മാത്രമല്ല ഇവളുടെയും കോൾ എടുക്കാറില്ല,

ഞാൻ പതിയെ സിറ്റ് ഔട്ടിലേക്കിറങ്ങി,. മുറ്റം നിറയെ ആളുകളാണ്,. പാചകപ്പുരയിൽ നിന്നും ഉച്ചത്തിൽ സംസാരം കേൾക്കാം,. അതിനിടയിൽ കുറേ വിരുതന്മാർ ഓടി നടക്കുന്നുണ്ട്, ഇവർക്കൊന്നും ഉറക്കമില്ലേ എന്ന് ചോദിച്ചവരുടെ അമ്മമാരും,.. അഭിയേട്ടന്റെ കൂട്ടുകാരൊക്കെ അവസാനവട്ട മിനുക്ക് പണികളിലാണ്,. നിഖിലിന്റെ മുഖത്തു മാത്രം ആവേശമൊന്നും കാണാനില്ല,. അപ്പോഴാണ് അഭിയേട്ടൻ കുളി കഴിഞ്ഞു പുറത്തിറങ്ങിയത്,.

ഞാൻ ഉള്ളിലേക്ക് പോയില്ല, നാളെ മറ്റൊരുവളുടെ ഭർത്താവാകാൻ പോകുന്ന ആളാണ് അഭിയേട്ടൻ, അതോണ്ട് ഇപ്പോൾ അടുത്തേക്ക് ചെല്ലുന്നത് മോശമാണ്,.

അഭിയേട്ടൻ ഫോൺ എടുത്ത് തിരികെ വിളിച്ചത് അവളെ ആവും അശ്വതിയെ .. അഭിയേട്ടന്റെ പേര് സ്‌ക്രീനിൽ തെളിയുമ്പോൾ അവൾക്കുണ്ടാകുന്ന വികാരങ്ങൾ എന്തൊക്കെയാകും എന്നെനിക്ക് ഊഹിക്കുവാൻ കഴിഞ്ഞു,.

” എന്താ വിളിച്ചേ? ഞാൻ ചടങ്ങിലായിരുന്നു,.. ”

നാളെ താലികെട്ടാൻ പോണ പെണ്ണിനോട് ഇങ്ങനാണോ സംസാരിക്കുന്നത്,.. ഇപ്പോൾ അവളുടെ ഹൃദയം ഒന്ന് പിടഞ്ഞിട്ടുണ്ടാവും,. അതാണ് അഭിയേട്ടന്റെ പെട്ടന്നുണ്ടായ നിശ്ശബ്ദതക്ക് കാരണവും,..

“സോറി, ഞാൻ തിരക്കിലായിരുന്നു, ഫോൺ ചാർജ് ചെയ്യാൻ വെച്ചതാ, തന്റെ കോൾ ഞാൻ കണ്ടില്ല !”

അഭിയേട്ടൻ പണ്ടേ ഇങ്ങനെയാണ്, ആദ്യം ഭയങ്കര റൂഡ് ആയി സംസാരിക്കും, പിന്നെ വിഷമം ആയെന്ന് തോന്നിയാൽ സോഫ്റ്റ്‌ ആകും,.

സ്വഭാവത്തിൽ ഒരുപാട് മാറ്റം വരുത്താനുണ്ട്,. അശ്വതിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഈ സജ്ജെഷൻ ഇവിടെ പറയില്ലായിരുന്നു,. കാരണം എനിക്ക് ഈ ആംഗ്രി യങ് മാനെ ആണ് ഇഷ്ടം,. അശ്വതി എന്നെപ്പോലെ അല്ലല്ലോ !!

“അശ്വതി, എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലായിരുന്നുവെങ്കിൽ, ഈ ബന്ധം അന്ന് പെണ്ണുകാണൽ കഴിഞ്ഞു അവസാനിച്ചേനെ,. താൻ കിടന്നോളു, നേരത്തെ എണീക്കാനുള്ളതല്ലേ,.. നാളെ കാണാം ഗുഡ് നൈറ്റ്‌,.. ”

ഓ അപ്പോൾ റൊമാന്റിക് ആയും സംസാരിക്കാൻ അറിയാം,. മിക്കവാറും അവൾ ചോദിച്ചിട്ടുണ്ടാവുക ഈ കല്യാണത്തിന് അഭിയേട്ടന് ശരിക്കും സമ്മതം അല്ലേ എന്ന് തന്നെയാവും,.. അഭിയേട്ടന്റെ മുഖത്ത് എന്തോ വിഷമം ഉണ്ട്,..

വാതിലിൽ ഒരു മുട്ട് കേട്ടു, രേണുകേച്ചി ആണ്,..

“അഭി നിന്റെ റൂം ഒക്കെ ഒതുക്കീതാണ്, പിന്നെ അലമാരയുടെ കീ കണ്ടില്ല, വേണ്ടാത്തത് എന്തേലും ഉണ്ടേൽ ഈ ബോക്സിലേക്ക്ഇട്ടോളൂ, ആ കുട്ടിക്ക് ഒരു ബുദ്ധിമുട്ടാവണ്ട,.. ”

അനാവശ്യ സാധനങ്ങൾ പെറുക്കി ബോക്സിൽ ഇടുന്നതിനിടക്ക് എന്തിലോ അഭിയേട്ടന്റെ കൈയും കണ്ണുകളും ഉടക്കി,..

അത് ഞാൻ കൊടുത്ത വാലെന്റൈൻസ് ഗിഫ്റ്റ് ആണ്,. ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ ? ഞാൻ വിചാരിച്ചു അന്ന് തന്നെ അത് കുപ്പത്തൊട്ടിയിൽ എറിഞ്ഞു കാണുമെന്ന്,. എത്ര കടയിൽ കേറിയിറങ്ങിയിട്ടാണെന്നറിയുവോ അത് വാങ്ങിയത്,. എന്റെ ഇഷ്ടങ്ങളെക്കാളേറെ അഭിയേട്ടന്റെ ഇഷ്ടങ്ങൾക്ക് വില കൊടുത്ത നാളുകളായിരുന്നു അത്,.

എന്തായാലും എന്റെ മനസ്സ് നിറഞ്ഞു.. എന്തൊക്കെയാവും ആ മനസ്സിൽ ഇപ്പോൾ തോന്നിയിട്ടുണ്ടാവുക. എന്നെ കുറിച്ച് ഓർത്തു കാണില്ലേ ?ആ കണ്ണുകളിൽ എന്തൊക്കെയോ ഉണ്ട്,. അല്പനേരം അതും നോക്കി നിന്ന ശേഷം നിർദാക്ഷീണം അഭിയേട്ടൻ അത് ബോക്സിലേക്കിട്ടു,. ചങ്ക് പറിച്ചെടുക്കുന്ന ഒരു വേദന തോന്നി എനിക്കപ്പോൾ,.

“ഡാ ഇതെന്തിനാ കളയുന്നത് ? നല്ല ഭംഗി ഉണ്ടല്ലോ,.. ”

“പഴേതാ രേണുകേച്ചി,.. ”

പഴയ ഓർമ്മകൾ എല്ലാം തന്നിൽനിന്നും പറിച്ചു കളയുകയാണ്,. ആ കൂട്ടത്തിൽ എന്നെയും,..

രേണുകേച്ചി മുറിയിൽ നിന്ന് പോവാൻ തുടങ്ങിയതും അഭിയേട്ടൻ വെപ്രാളപ്പെട്ട് തിരികെ വിളിച്ചു,.. “അത് കളയണ്ട ചേച്ചി, അതെനിക്കെന്റെ ഫ്രണ്ട് തന്നതാ,.. ”

ഫ്രണ്ട്,.. ആ സ്ഥാനത്തെങ്കിലും എന്നെ കാണുന്നുണ്ടല്ലോ,. രേണുകേച്ചി അത് തിരികെ കൊടുത്തപ്പോൾ അഭിയേട്ടനെ സംശയപൂർവ്വം ഒന്ന് നോക്കി,.

“ഗേൾ ഫ്രണ്ടോ, ബോയ്‌ഫ്രണ്ടോ ???”

“ഗേൾ ഫ്രണ്ട്,… ”

“മ്മ്,.. ” രേണുകേച്ചി കൂടുതൽ ഒന്നും ചോദിച്ചില്ല,.. അഭിയേട്ടന്റെ മുഖം കണ്ടപ്പോൾ അതെന്തോ ആശ്വാസമായെന്നു തോന്നി,.

അഭിയേട്ടൻ വാതിലടച്ചു,.. പിന്നെ അതിൽ നോക്കി കട്ടിലിൽ ഇരുന്നു,… ഇപ്പോൾ ഇവിടെ ഞാനും അഭിയേട്ടനും മാത്രം,.. എന്നിട്ടും അടുത്തേക്ക് പോകാൻ എനിക്കെന്തോ ധൈര്യം വന്നില്ല,..

“അനു,.. ”

എനിക്ക് വിശ്വസിക്കാനായില്ല,.

“നാളെ എന്റെ കല്ല്യാണമാണ്,. നിന്റെ ഒരു ഓർമകളും എന്നിൽ അവശേഷിക്കരുത് എന്ന് കരുതിയതാണ്,.. എന്നിട്ടും എനിക്കെന്താ നിന്നെ മറക്കാനാവാത്തത് ???”

എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല . ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണ് ഇത്,. ഞാൻ പതിയെ അഭിയേട്ടനരികിലേക്ക് നടന്നു,.

” പലപ്പോഴും നിന്റെ അടുത്ത് എന്റെ മനസ്സ് തുറക്കണമെന്ന് കരുതിയതാ,. പക്ഷേ അന്നൊന്നും എനിക്കവസരം കിട്ടിയില്ല, അവസാനനിമിഷം എന്നോട് ഒരുതരി പോലും ഇഷ്ടം തോന്നീട്ടില്ലേ എന്ന് നീ ചോദിച്ചപ്പോൾ പറയണമെന്ന് കരുതിയതാ,. നീയെന്റെ ജീവനാണെന്ന്,. പക്ഷേ അത് കേൾക്കാൻ നീ നിന്നില്ല,. എന്നെ ഒറ്റയ്ക്കാക്കി നീ പോയി,. ഒരിക്കൽ,.. ഒരിക്കൽ കൂടി മാത്രം എനിക്ക് നിന്നെയൊന്നു കാണണം അനു,.. ”

“എനിക്ക് നിന്റെ മടിയിൽ തലവെച്ചുറങ്ങണം, നിന്റെ ആഗ്രഹം പോലെ നിന്നെ എന്റെ നെഞ്ചിൽ കിടത്തിയുറക്കണം, നിന്റെ അധരങ്ങളിൽ എനിക്ക് ചുംബിക്കണം,.. ”

സാഹിത്യം ഒട്ടും ഇഷ്ടമല്ലാത്ത ആളാണ് ഈ വൈകിയ വേളയിൽ സെന്റി അടിക്കുന്നത്,. ഞാൻ അഭിയേട്ടന്റെ ചുമലിൽ കൈ വെച്ചു,.

“ഞാനുണ്ട് അഭിയേട്ടാ, അഭിയേട്ടന്റെ അരികിൽ ഞാനുണ്ട്!! അഭിയേട്ടന് അറിയാൻ കഴിയുന്നില്ലേ എന്റെ സാന്നിധ്യം,. ഞാനടുത്തുണ്ട് അഭിയേട്ടാ ”

അഭിയേട്ടൻ ആദ്യമായി കരയുന്നത് ഞാൻ കണ്ടു,.. തലവണയും കെട്ടിപ്പിച്ച്,. അഭിയേട്ടൻ സങ്കൽപ്പിച്ചത് എന്നെയാവും,.. എനിക്കെന്ത് ചെയ്യാനാവും, ഞാനിനി എത്ര ആഗ്രഹിച്ചാലും എനിക്കിനി തിരികെ വരാനാവില്ല,. ഇത്ര അരികിൽ ഞാൻ നിൽക്കുമ്പോഴും ഞങ്ങൾ തമ്മിലുള്ള അകലം ഏറെയാണ്,..

ഒരു കൊച്ചുകുട്ടിയെപോലെ എന്റെ അഭിയേട്ടൻ,..

ഞാനാ മുടിയിഴകളിൽ തലോടി,. അധരങ്ങളിൽ അമർത്തി ചുംബിച്ചു,..

“അഭിയേട്ടനെന്നെ അറിയാൻ കഴിയുന്നുണ്ടോ ?? എന്നെ കേൾക്കാൻ കഴിയുന്നുണ്ടോ ??? ഈ രാത്രി ഇരുട്ടി വെളുക്കുമ്പോൾ, അഭിയേട്ടന്റെ പുതിയ ജീവിതത്തിൽ ഒരു നിഴലായ് പോലും ഞാനുണ്ടാവില്ല,.. എന്റെ ജന്മം സഫലമായിരിക്കുന്നു,.. ”

പിന്നെ അശ്വതി,.. ഈ ജന്മത്തിൽ മാത്രമാട്ടോ അഭിയേട്ടനെ നിനക്ക് തന്നത്,.. വരും ജന്മങ്ങളിലെല്ലാം അഭിയേട്ടൻ എന്റെ മാത്രം ആയിരിക്കും,…

ആ രാത്രി, അവസാനമായി അഭിയേട്ടന്റെ നെറുകയിൽ ചുംബിച്ചു ഞാൻ ഇറങ്ങി,. ഒരിക്കലും പിരിയാനാവില്ല എന്ന് കരുതിയതാണ്,. പിരിഞ്ഞല്ലേ പറ്റൂ,. കാരണം ആത്മാവിനൊരിക്കലും മനുഷ്യന്റെ ആഗ്രഹങ്ങളെ പൂർത്തീകരിക്കാനാവില്ലല്ലോ !!!

“മെഹ്ഫിൽ മേ തേരി, ഹം നാ രഹെ ജോ, ഖം തോ നഹി ഹേ, ,.. കിസ്സേ ഹമാരെ നസ്ദ്ധീഖിയോ മേ , കം തോ നഹീ ഹേ,. ”

നിന്റെ ഓർമകളിൽ ഞാനില്ലെങ്കിലും എനിക്ക് ദുഃഖമില്ല,. ഓർക്കുവാൻ നമ്മുടെ സൗഹൃദത്തിന്റെ കഥകൾ എനിക്ക് ഏറെയുണ്ട് …

“ചന്നാ മേരെ യാ മേരെയ്യാ ബേ ലിയാ,…. ഓ പിയാ!!! ”

കല്യാണവീട്ടിൽ നിന്നും ആരോ പ്ലേ ചെയ്തതാണ് …

രചന :  അനുശ്രീ

LEAVE A REPLY

Please enter your comment!
Please enter your name here