Home Latest കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ നിന്നെ ഇവിടുന്ന്‌ കോളേജിലേക്ക് വിടുന്നത്… ?

കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ നിന്നെ ഇവിടുന്ന്‌ കോളേജിലേക്ക് വിടുന്നത്… ?

0

” കണ്ടവന്മാരുടെ കൂടെ ലോകം ചുറ്റാനാണോടീ നിന്നെ ഇവിടുന്ന്‌ കോളേജിലേക്ക് വിടുന്നത്… ?

നാല് ദിക്കും പ്രതിധ്വനിച്ചു കൊണ്ടുള്ള എന്റെ ശബ്ദം കേട്ടവൾ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു…

” അത് കണ്ണേട്ടാ…. ഞാൻ….
വാക്കുകൾ കിട്ടാതെ ദേവു കുഴങ്ങുന്നതും കൂടി കണ്ടപ്പോൾ എന്റെ സകല നിയന്ത്രണവും പോയി…. പിന്നീട് സംസാരിച്ചത് എന്റെ കൈകളായിരുന്നു…

” ഇന്ന് നിർത്തിക്കോണം എല്ലാം… അവള്ടെ ഒരു പഠിപ്പും നാട് നിരങ്ങലും… നീയെന്താ വിചാരിച്ചേ ഞങ്ങൾ ഒന്നും അറിയില്ലാന്നോ… ?

വിരൽ ചൂണ്ടി ദേവൂന് താക്കിത് നൽകുമ്പോൾ ഒരു പൊട്ടികരച്ചിലാണ് ഞാൻ പ്രതീക്ഷിച്ചത്.. പക്ഷേ വിചാരിച്ചതൊന്നും അവിടെ നടന്നില്ല… നിറഞ്ഞ കണ്ണുകൾ കത്തുന്ന തീയേക്കാൾ ചുവന്നുവെന്നു മാത്രം…
തമാശയ്ക്ക് പോലും കൈയൊന്ന്‌ ഉയർത്തിയാൽ അമ്മയെ വിളിച്ച് നിലവിളിക്കുന്ന പെണ്ണാ.. ഇന്നൊരെണ്ണം പൊട്ടിച്ചിട്ടും കണ്ണും തള്ളി നിൽക്കുന്നത്..

” എന്താടാ ഇവിടെ…?

പതിവിലും വിപരീതമായുള്ള എന്റെ ബഹളം കേട്ടിട്ടാവാം അമ്മ അടുക്കളയിൽ നിന്ന് ഓടിവന്നത്.. പെട്ടെന്ന് നിശബ്ദമായ മുറിക്കുള്ളിൽ വന്നു അമ്മ ഞങ്ങളെ മാറി മാറി നോക്കി… അവളുടെ മുഖത്ത് ഞാനിട്ട അടയാളം കണ്ടപ്പോൾ പ്രശ്നം എത്രത്തോളം തീവ്രമാണെന്ന് അമ്മയ്ക്കും മനസ്സിലായി..

” എന്തിനാ കണ്ണാ നീ അവളെ തല്ലിയത്‌… ?

” ഇതിനെയൊക്കെ പിന്നെ എന്താ ചെയ്യണ്ടേ… ? ചെറുപ്പം മുതലേ തല്ലി വളർത്താത്തതിന്റെ കേടാ ഇവൾക്ക്… ഇളയതല്ലേ… എനിക്ക് പറ്റാത്തത്‌ അവൾക്കെങ്കിലും കഴിയട്ടെന്ന്‌ ഓർത്താ നാലക്ഷരം പഠിക്കാൻ വിട്ടത്… എന്നിട്ടിപ്പോ എന്തായി…. ?

” നീ ഈ കിടന്ന്‌ ഉറഞ്ഞുതുള്ളാൻ മാത്രം ഇവിടെ എന്തുണ്ടായെന്നാ.. ?

കാര്യമറിയാതെ അമ്മ വലഞ്ഞു…

” മോൾക്കിപ്പോൾ പേടിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് ഏതോ പയ്യന്മാരുടെ കൂടെ ബീച്ചും പർക്കും നിരങ്ങലാ പണി…
ആ സുമേഷ് വന്നെന്നോട് പറഞ്ഞപ്പോൾ ആദ്യം ഞാൻ വിശ്വസിച്ചില്ല.. അതെന്റെ പെങ്ങളാവില്ലാന്ന്‌ എത്ര അഹങ്കാരത്തോടെയാ പറഞ്ഞത്… അവസാനം കണ്മുന്നിൽ കണ്ടപ്പോൾ തൃപ്തിയായി… എല്ലാർക്കും കൂടി ചിരിക്കാൻ ഇപ്പൊ ഒരു കാരണമായല്ലോ…. ”

എന്റെ ദേഷ്യത്തിന്റെ കടിഞ്ഞാൺ പൊട്ടുമെന്ന് ഉറപ്പായപ്പോൾ , വീണ്ടുമൊരു കടന്നാക്രമണം ഭയന്ന് അമ്മ അവളെ മുറിയിലേക്ക് പറഞ്ഞുവിട്ടു..
അന്നത്തെ ചോദ്യംചെയ്യലും ശിക്ഷാ വിധിയും പകുതിക്ക് ഉപേക്ഷിക്കാൻ കാരണം അമ്മെയെന്ന ജഡ്ജി തന്നെയായിരുന്നു…

ഞാൻ ഒന്ന് തണുത്ത ശേഷം അമ്മ മെല്ലെ എനിക്കരുകിൽ വന്നിരുന്നു..

” എന്നാലും കണ്ണാ.. അവളെ തല്ലേണ്ടിയിരുന്നില്ല.. അതും കാരണം അറിയാതെ…
ഈ പ്രായം വരെ ഒരു ഈർകില് കൊണ്ടുപോലും നീ അവളെ നോവിച്ച് ഞാൻ കണ്ടിട്ടില്ല.. ആ നീയാ ഇന്നവളെ കൈ ഉയർത്തി തല്ലിയത്‌.. ”

പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അമ്മ നെടുവീർപ്പിട്ടു…

” അമ്മേ… ദേവൂനെ അങ്ങനൊരു സാഹചര്യത്തിൽ കണ്ടപ്പോൾ.. ദേഷ്യം നിയന്ത്രിക്കാനായില്ല.. കൂടപിറപ്പായി പോയില്ലേ….?

“മ്മ്…. പോട്ടെ… സാരമില്ല…. കോളേജിൽ നിന്ന് വന്നിട്ട് ഒരു സാധനം കഴിച്ചിട്ടില്ല ആ കുട്ടി… നീ ചെന്ന്‌ അവളെ കൂട്ടികൊണ്ട് വാ.. അമ്മ ഭക്ഷണം എടുത്ത്‌ വെക്കാം… ”

മുറിയിൽ ചെന്ന്‌ മുട്ടിയിട്ടും തട്ടിയിട്ടൊന്നും ആള് വാതിൽ തുറന്നില്ല.. അല്ലേലും ‘ പിണക്കം ‘ അതവൾക്ക് മാത്രം കിട്ടാറുള്ള തുറുപ്പുചീട്ടാണല്ലോ… അമ്മ പോയി വിളിച്ചപ്പോൾ വിശപ്പില്ലന്ന്‌ പറഞ്ഞ് തിരിച്ചയച്ചു..

പിറ്റേന്ന് ഞാൻ ജോലിക്ക് പോകാൻ തുടങ്ങുമ്പോഴും മുറി തുറന്നിരുന്നില്ല… പതിവ് ചായ തരാനും അവളെ കണ്ടില്ല.. തല്ലണ്ടായിരുന്നുവെന്ന് എനിക്കും തോന്നിപോയി.. കാര്യങ്ങളൊക്കെ ചോദിച്ച് ഒന്നുപദേശിച്ചാൽ മതിയായിരുന്നു.. അവളിൽ നിന്ന് ആദ്യമായല്ലേ ഇങ്ങനൊരു അനുഭവം.. നടന്ന വഴിയെല്ലാം സ്വയം ഓരോന്ന് ചിന്തിച്ചുകൂട്ടി.. അന്ന് വൈകുന്നേരം ദേവൂനെ സോപ്പിടാൻ അവൾക്കു പ്രീയപ്പെട്ട ചുവന്ന ഹൽവയെയും കൂട്ടുപിടിച്ചാണ് വീട്ടിലേക്കു വന്നു കയറിയത്‌…

” അമ്മേ … ദേവു എന്ത്യേ.. ?

” മുറിയിലുണ്ട്… കുളിയും ജപവും ഒന്നുല്ലാ ആ പെണ്ണിന്… കോളേജിൽ പോലും പോവാതെ ആ മുറിക്കുള്ളിൽ കുത്തിയിരിപ്പാ…. ”

പാവം ന്റെ കുട്ടി… ഞാൻ തല്ലിയത്‌ അത്രയ്ക്ക് നൊന്തിട്ടുണ്ടാവും… തെല്ലു വിഷമത്തോടെയാ ഞാൻ അവൾക്കു സമീപം ചെന്നത്..

” മോളേ… ദേവൂ…. ”
ആദ്യം പ്രതികരണം ഒന്നുമുണ്ടായില്ല..

” ദേവൂട്ടിയേ…..
രണ്ടാമത്തെ വിളിയിൽ എന്താന്നുള്ള അർത്ഥത്തിൽ ഒന്ന് തറപ്പിച്ചു നോക്കി..

” നീയെന്താ ഇന്ന് കോളേജിൽ പോവാതിരുന്നെ…?

” അതോ… ? ഇന്ന് അവിടുത്തെ ചെക്കന്മാരൊന്നും കറങ്ങാൻ കൊണ്ടുപോവാന്ന്‌ പറഞ്ഞില്ല… പിന്നെ അങ്ങോട്ട്‌ പോയിട്ട് കാര്യമില്ലല്ലോ…. ”

ഓഹ്… ഇന്നലത്തെ ഡയലോഗ് ഒന്നുപോലും മറക്കാതെ എല്ലാം തിരിച്ചു തൊടുത്ത് വിടുവാണല്ലോ കാന്താരി…

” അയ്യേ…. അത് ചേട്ടൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതല്ലേ… ”

” എനിക്ക് അത്രയ്ക്ക് തമാശയൊന്നും തോന്നീല്ലാ…. ഹും..”
മുഖം തിരിച്ചവൾ തിരിഞ്ഞ് കിടന്നപ്പോൾ കൂടുതൽ ഒന്നും നോക്കിയില്ല കാല് പിടിക്കാൻ തന്നെ തീരുമാനിച്ചു…

” ഏട്ടനോട് ക്ഷമിക്കടി.. കാര്യം പോലും അന്വഷിക്കാതെ തല്ലിയത് എന്റെ തെറ്റാ… പറ്റിപോയി… നീ അത് വിട്ടുകളയ്..

പ്രതീക്ഷ തെറ്റിയില്ല എന്റെ കാലുപിടിക്കലിൽ അവൾ മൂക്കും കുത്തി വീണു..

” മ്മ്…. ക്ഷമിക്കാം… അതിനു പകരം നാളെ എന്നെ കറങ്ങാൻ കൊണ്ട് പോകണം…ഞാൻ പറയുന്ന സ്ഥലത്ത്…

” ഓ… ഏറ്റു… ”

” എന്നാൽ എനിക്ക് കൊണ്ടുവന്ന ഹൽവ ഇങ്ങെടുത്തെ… ”

” ഏഹ്… അത് നീ എങ്ങനെ അറിഞ്ഞു… ?

” കൊല്ലം പത്തിരുപത്‌ ആയില്ലേ എന്റെ ആങ്ങളെയെ കാണുന്നു.. കളിക്കാതെ വേഗം എടുക്ക് മോനെ… ”

” ഹോ.. ദുഷ്ടെ.. എന്തായിരുന്നു അഭിനയം… പിണക്കവും… നിരാഹാരവും…. നീയൊക്കെ വല്ല സിനിമയിലും അഭിനയിക്കാൻ പോടീ… കുറഞ്ഞത്‌ ഒരു സ്റ്റേറ്റ് അവാർഡ് എങ്കിലും കിട്ടാതിരിക്കില്ല…”

ആരോട് പറയാൻ… എല്ലാം കേട്ടിട്ടും ഒരു കൂസലുമില്ലാതെ ഹൽവയിലേക്ക്‌ ചാടി വീണു ന്റെ പുന്നാര പെങ്ങള്..

കറങ്ങാണെന്നും പറഞ്ഞ് പിറ്റേന്ന് അവളെന്നെയും കൂട്ടി പോയത്‌ നേരെ ബീച്ചിലേക്കായിരുന്നു. അവിടെ അടുത്തുള്ള ചുരുക്കം വീടുകളിൽ ഒന്നിനെ ലക്ഷ്യമാക്കി ദേവു മുന്നിൽ നടന്നു നീങ്ങി..

” എവിടേക്കാ പെണ്ണെ… ഇതാരുടെ വീടാ….?

” പറയാം… കണ്ണേട്ടൻ വാ…. ”

വയ്യാത്ത ഒരമ്മയും അവർക്ക് ഭക്ഷണം നൽകുന്ന ഒരു ചെറുപ്പാക്കരനുമായിരുന്നു അവിടെ എന്നെ കാത്തിരുന്ന കാഴ്ച്ച.. അടുത്തു ചെല്ലുന്തോറും ഇന്നലെത്തെ അതേ മുഖമാണ് അതെന്നും എനിക്ക് വ്യക്തമായി..

ദേവൂനെ കണ്ടതും ആ അമ്മ ഭക്ഷണം തട്ടി മാറ്റി അവൾക്കരുകിലേക്ക്‌ നടക്കാൻ ശ്രമിച്ചു.. പക്ഷേ ആരോ പിന്നിലേക്ക്‌ വലിച്ചതു പോലെ അവർ വീഴാൻ തുടങ്ങി…കാലിലെ ചങ്ങല കണ്ണികൾ മുറുകിയത്‌ കാണാൻ ഞാൻ എന്തുകൊണ്ടോ വൈകിയിരുന്നു….

ശരീരത്തിനല്ല മനസ്സിനാണ് അമ്മയ്ക്ക് അസുഖമെന്ന് പതിയെ ഞാനും തിരിച്ചറിഞ്ഞു… രോഗം മൂർച്ചിക്കുന്ന അവസ്ഥയിൽ ദേവു അവിടെ വരാറുണ്ടെന്നും അവളെ കാണുമ്പോൾ നഷ്ടമായ മകളെ തിരിച്ചു കിട്ടിയെന്നു കരുതി അമ്മ ശാന്തമാകാറുണ്ടെന്നും ആ പയ്യൻ പിന്നീട് എനിക്കായി പറഞ്ഞു തന്നു..

കാരണം പോലും അറിയാതെ അവളെ തല്ലിയതിൽ എനിക്ക് അപ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നാതിരുന്നില്ല..
അവന്റെ കൈയ്യിൽ നിന്നും ഭക്ഷണം വാങ്ങി അമ്മയ്ക്ക് നൽകുന്ന ദേവൂന്റെ കവിളിൽ ഞാൻ സ്നേഹത്തോടെ തൊടുമ്പോൾ, മായാത്ത അഞ്ച് വിരലുകൾ ആ മുഖത്തെ അപ്പോഴും ചുവപ്പിക്കുന്നുണ്ടായിരുന്നു…

രചന : Kavitha Thirumeni..

LEAVE A REPLY

Please enter your comment!
Please enter your name here