Home Latest എടാ തരുന്ന സ്ത്രീധനത്തിലല്ല ഒരു പെണ്ണിനെ അളക്കേണ്ടത് മറിച്ച് അവളുടെ സ്വാഭാവത്തിലൂടെയാണ്…

എടാ തരുന്ന സ്ത്രീധനത്തിലല്ല ഒരു പെണ്ണിനെ അളക്കേണ്ടത് മറിച്ച് അവളുടെ സ്വാഭാവത്തിലൂടെയാണ്…

0

സ്ത്രീ സങ്കൽപം

“എടാ… നിനക്കൊരു നല്ല ജോലി ആയില്ലേ… ഇനിയെങ്കിലും നിനക്കൊരു വിവാഹം കഴിച്ചുകൂടെ?”

വിവാഹം കഴിക്കില്ലാന്നു ഞാൻ പറഞ്ഞില്ലല്ലോ അമ്മേ… പിന്നെ കെട്ടുന്നെങ്കിൽ അതു നല്ലൊരു തുക സ്ത്രീധനം വാങ്ങി ഒരു കാശുകാരി പെണ്ണിനെ ആയിരിക്കും… ”

“എടാ തരുന്ന സ്ത്രീധനത്തിലല്ല ഒരു പെണ്ണിനെ അളക്കേണ്ടത് മറിച്ച് അവളുടെ സ്വാഭാവത്തിലൂടെയാണ്. നിനക്കെന്നെങ്കിലും അത് മനസ്സിലായിക്കോളും.”

“അമ്മ എന്തു പറഞ്ഞാലും ശെരി… എനിക്കൊരു പണക്കാരിയെ മതി… ”

” നിന്നോടു പറഞ്ഞിട്ട് കാര്യമില്ല…”

” ഈ കാര്യം അമ്മയിനി പറയണ്ട….ഞാൻ ടൗണിൽ ഫ്രൺസിനെ കാണാൻ പോകുകയാണ് …”

കാറെടുത്ത് ടൗണിലേക്ക് പോകും വഴി ഫ്രണ്ടിന്റെ കോൾ വന്നു… ഫോണിൽ സംസാരിച്ച് വണ്ടിയോടിക്കുന്നതിനിടയിൽ സിഗ്നൽ ശ്രദ്ധിച്ചില്ല.

സിഗ്നൽ നോക്കാതെ വണ്ടി മുന്നോട്ടെടുത്തതും ആരോ കാറിനു മുന്നിൽ പെട്ടതും ഒരുമിച്ചായിരുന്നു.

പെട്ടെന്ന് ബ്രേക്ക് പിടിച്ച് വണ്ടി നിർത്തി ഡോർ തുറന്ന് നോക്കുമ്പോൾ ഒരു പെൺകുട്ടി റോഡിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നു.

ഓടിച്ചെന്ന് പിടിച്ചെഴുന്നേൽപിച്ചു.അവളുടെ ഒരു വലിയ ബാഗ് തെറിച്ചു മാറി കിടക്കുന്നു.

“സോറി… വല്ലതും പറ്റിയോ? ” – തെല്ലു പരിഭ്രമത്തോടെ ഞാൻ ചോദിച്ചു.

” ഇല്ല… കുഴപ്പമില്ല…”

“അയ്യാ കൈ ചെറുതായിട്ട് പൊട്ടിയിട്ടുണ്ടല്ലോ… വണ്ടിയിൽ കയറൂ … ആശുപത്രിയിൽ പോകാം.”

“ഏയ് വേണ്ട.. സാരമില്ല…”

ആദ്യം സമ്മതിച്ചില്ലെങ്കിലും ഞാൻ നിർബന്ധിച്ച് കാറിൽ കയറ്റി…

അവളുടെ വലിയ ബാഗ് എടുത്ത് പിന്നിൽ വച്ചു… നല്ല ഭാരമുണ്ട്.. ഇതെങ്ങനെ താങ്ങിക്കൊണ്ടു നടക്കുന്നു… ഞാൻ മനസിൽ ചിന്തിച്ചു.

അവൾ ഒരു സെയിൽസ് ഗേൾ ആയിരുന്നു. സാധനങ്ങൾ വീടുകൾ തോറും കയറിയിറങ്ങി വിൽക്കുന്നവൾ.

ജോലി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടയിലാണ് പാവം എന്റെ കാറിനു മുന്നിൽ പെട്ടത്.

ആശുപത്രിയിലെത്തി മുറിവ് വച്ചുകെട്ടി. പോകാൻ നേരം ഞാൻ കുറച്ചു കാശു കൊടുത്തെങ്കിലും അവൾ വാങ്ങിയില്ല.

വയ്യാത്ത കൈയ്യും വച്ച് നല്ല ഭാരമുള്ള ആ ബാഗുമെടുത്ത് ഹോസ്പിറ്റലിൽ നിന്നിറങ്ങി നടന്ന അവളെ ഞാൻ നോക്കി നിന്നു.

ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് അവൾ നിർത്തുന്നത് ഞാൻ കണ്ടു. ഓട്ടോക്കാരനോട് എന്തോ തിരക്കി പേഴ്സിൽ ഉള്ള പണം എണ്ണി നോക്കി ഓട്ടോക്കാരനെ പറഞ്ഞയച്ച് വീണ്ടും നടന്ന അവളെ കണ്ടപ്പോൾ സഹതാപം തോന്നി.

ഞാൻ വണ്ടിയെടുത്ത് അവളുടെ പിന്നാലെ ചെന്നു.

“അതേയ്… ഈ വയ്യാത്ത കയ്യും വച്ച് ഇത്രയും ഭാരമുള്ള ബാഗും തൂക്കി തനിക്ക് നടക്കാൻ കഴിയില്ല… കാറിൽ കയറൂ.. ഞാൻ വീട്ടിൽ ആക്കാം…”

” വേണ്ട… താങ്ക്സ്…. എനിക്ക് രണ്ടു മൂന്നു സ്ഥലങ്ങളിൽ കയറാനുണ്ട്..”

“അത് സാരമില്ല… ഞാൻ കാരണമല്ലേ ഇങ്ങനെ ഉണ്ടായത് എവിടെയാണെങ്കിലും ഞാൻ കൊണ്ടാക്കാം.. ” – വീണ്ടും നിർബന്ധിച്ച് ഞാൻ അവളെ കാറിൽ കയറ്റി.

ആദ്യം അവൾക്ക് പോകേണ്ടിയിരുന്നത് ഒരു തുണിക്കടയിലേക്കായിരുന്നു.

അവൾ അവിടെ നിന്ന് ഒരു സാരിയും ഒരു ടി ഷർട്ടും ജീൻസും വാങ്ങി.

അതിനിടയിൽ ഇളംനീല നിറത്തിലുള്ള ഒരു ചുരിദാറെടുത്ത് നോക്കിയെങ്കിലും അതിന്റെ പ്രൈസ് ടാഗ് കണ്ട് തെല്ലു നിരാശയോടെ അതു മാറ്റി വയ്ക്കുന്നത് കണ്ടപ്പോൾ ആയിരങ്ങൾക്കും പതിനായിരങ്ങൾക്കും പർച്ചേസ് നടത്തുന്ന എന്റെ അനിയത്തിയെ ഞാൻ ഒത്തു പോയി.

അടുത്തത് ഒരു ചെരിപ്പു കടയിലേക്കായിരുന്നു.

ഏഴ് സൈസിലുള്ള ഒരു ഷൂവും കുറച്ചു പ്രായമുള്ള സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു ലേഡീസ് ചെരിപ്പും വാങ്ങി.

ആ ലേഡീസ് ചെരിപ്പ് അവളുടെ അമ്മയ്ക്ക് ആണെന്നെനിക്കു തോന്നി.

വള്ളി പൊട്ടിയ അവളുടെ പഴയ ചെരിപ്പിലേക്ക് അവളൊന്നു നോക്കിയ ശേഷം ലേഡീസ് ചെരിപ്പുകളിരിക്കുന്ന ഷെൽഫിലേക്ക് ഒരു നോട്ടമെറിഞ്ഞെങ്കിലും അവളത് പിൻവലിച്ചു.

റോഡരികിലെ പച്ചക്കറിക്കടയിൽ കയറി പലതിന്റെയും വില തിരക്കി നെറ്റി ചുളിച്ച അവൾ അത്യാവശ്യം ചില സാധനങ്ങൾ മാത്രമേ വാങ്ങിയുള്ളൂവെങ്കിലും കടക്കാരന് കൊടുക്കാൻ അവളുടെ പഴ്സിലെ അവസാനത്തെ കുറച്ചു നാണയത്തുട്ടുകൾ വരെ കൊടുക്കേണ്ടി വന്നതു കണ്ടപ്പോൾ സങ്കടം തോന്നി.

ജീവിതത്തിൽ ദാരിദ്ര്യമറിയാതെ ജീവിച്ച എനിക്ക് അതൊക്കെ ഒരു പുതിയ അനുഭവമായിരുന്നു.

ഓണത്തിന് വീട്ടിലേക്കായുള്ള സാധനങ്ങളാണവൾ വാങ്ങിയതൊക്കെ.

തേയ്ക്കാത്ത ഒരു ഓടിട്ട വീടാരുന്നു അവളുടേത്.വീട്ടിൽ അമ്മയും അനിയനും… അച്ഛൻ നേത്തേ മരിച്ചു പോയി.

പ്ലസ് ടു കഴിഞ്ഞു പഠനം നിർത്തേണ്ടി വന്ന അവളാണിന്നു ആ വീടു നോക്കുന്നത്.

പ്ലസ് ടു വിനു ഉന്നത മാർക്ക് വാങ്ങിയ അവൾക്ക് സ്കൂൾ പ്രിൻസിപ്പൾ ഉപഹാരം കൊടുക്കുന്ന ഫോട്ടോ ആ ചുമരിൽ മാറാല പിടിച്ചു കിടക്കുന്നതു അവൾ തന്ന കട്ടൻ കാപ്പി കുടിക്കുന്നതിനിടെ ഞാൻ കണ്ടു.

വാങ്ങിയ തുണികളും ചെരിപ്പുമൊക്കെ അമ്മയ്ക്കും അനിയനും വേണ്ടിയുള്ളതായിരുന്നു. അതൊക്കെ അവർക്കു നല്കിയപ്പോൾ കിട്ടിയ സംതൃപ്തി മാത്രമായിരുന്നു അവളുടെ ഓണക്കോടി.

സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറ്റുള്ളോർക്കായി മാറ്റിവച്ചു ജീവിക്കുന്ന അവളോട് വല്ലാത്തൊരു ബഹുമാനവും ഇഷ്ടവും തോന്നി.

പെണ്ണിനെപ്പറ്റിയുള്ള എന്റെ സങ്കൽപങ്ങളെല്ലാം ഒരു വൈകുന്നേരം കൊണ്ടവൾ മാറ്റിയെഴുതി.

അവിടെ നിന്നുമിറങ്ങിയിട്ടും എന്റെ മനസ്സു മുഴുവൻ അവളായിരുന്നു.

അമ്മയോട് അവളെപ്പറ്റി പറഞ്ഞപ്പോൾ “അവളെയങ്ങു കെട്ടടാ… ലക്ഷങ്ങൾ സ്ത്രീധനം കിട്ടുന്നതിനേക്കാൾ വിലയുണ്ട് അതുപോലൊരു പെണ്ണിന്റെ മനസ്സിന്….” – എന്നായിരുന്നു അമ്മയുടെ മറുപടി.

അത് സത്യമാണെന്ന് എനിക്കും തോന്നി.

അമ്മയുമായി ചെന്ന് ഒഫീഷ്യലായി വീട്ടിൽ കാര്യം അവതരിപ്പിച്ചു. അവളുടെ അമ്മയ്ക്ക് പൂർണ സമ്മതമായിരുന്നു.

അനിയനെ പഠിപ്പ് കഴിഞ്ഞിട്ടേ സ്വന്തം ജീവിതത്തെപ്പറ്റി ചിന്തിക്കൂ എന്നവൾ പറഞ്ഞപ്പോൾ എനിക്കവളോടുള്ള ഇഷ്ടം കൂടിയേ ഉള്ളൂ.

അവൾക്കുവേണ്ടി എത്രനാൾ കാത്തിരിക്കാനും എനിക്ക് സമ്മതമായിരുന്നു…

രചന :  P. Sudhi

LEAVE A REPLY

Please enter your comment!
Please enter your name here