Home Latest താൻ ഗർഭിണി ആണെന്ന സന്തോഷ വാർത്ത അറിയിക്കാൻ അമ്മയുടെ അടുത്തെത്തിയ മകൾ അറിഞ്ഞത്‌ അമ്മയും ഗർഭിണിയാണെന്ന്‌…...

താൻ ഗർഭിണി ആണെന്ന സന്തോഷ വാർത്ത അറിയിക്കാൻ അമ്മയുടെ അടുത്തെത്തിയ മകൾ അറിഞ്ഞത്‌ അമ്മയും ഗർഭിണിയാണെന്ന്‌… പിന്നീട്‌ അവർക്കിടയിൽ സംഭവിച്ചത്‌!

0

ചേച്ചിയമ്മ | രചന: ലിസ് ലോന

കയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പി കാലിയാക്കി ചുണ്ടുകൾ കൂർപ്പിച്ചു പിടിച്, കാലുകൾ കൂട്ടിയുരുമ്മി വച്ച് ഞാൻ നിരഞ്ജനെ ദയനീയമായി നോക്കി. “ഏട്ടാ ഒന്ന് പോയ് ചോദിച്ചേ… ന്റെ നമ്പർ ആയോന്ന്. അല്ലെങ്കി ഞാനിപ്പോ ഇവിടിരുന്നു മുള്ളും. ഇപ്പൊ വിളിക്കാം ന്ന് പറഞ് ഇരുത്തിയതാ. ന്നേക്കാൾ മുന്നേ വന്നോരൊക്കെ പോയി….” അഞ്ചാംമാസത്തെ സ്കാനിങ്ങിനു വന്നതാണ് ഞാനും ഭർത്താവും. വന്ന് ടോക്കൺ എടുത്തപ്പോൾ മുതൽ തുടങ്ങിയ വെള്ളം കൂടിയാണ്. മൂത്രസഞ്ചി നിറഞ്ഞാലെ വ്യക്തമായി കുഞ്ഞിനെ കാണാൻ സാധിക്കൂ എന്ന് പറഞ് നേഴ്‌സാണ് വെള്ളം കുടിക്കാൻ ഏല്പിച്ചത്.

ഒരു തവണ വയറു നിറഞ് സഹിക്കാൻ പറ്റാതെ ചെന്ന് ചോദിച്ചപ്പോൾ അകത്തു വേറാളുണ്ട്. രക്ഷയില്ലാതെ മൂത്രമൊഴിച്ചു വന്ന കൃത്യസമയം നോക്കി അവര് വിളിച്ചു. അങ്ങനെ രണ്ടാമതും ഇരുന്ന് കുടിച്ചുവറ്റിച്ച വെള്ളം ഇപ്പൊ മൂത്രസഞ്ചി പൊട്ടി ചാടാറായി നിൽക്കാണ്‌. ഇവരുടെ വിളിയൊട്ടു കാണാനുമില്ല. “ഒന്ന് പിടിച്ചിരിക്കെടാ. അല്ലെങ്കിലിനിയും ഒരു മണിക്കൂർ ഇവിടിരിക്കേണ്ടി വരും…” ഏട്ടനെന്റെ കൈകൾ മെല്ലെ തലോടി പറഞ്ഞു. കാലുതൂക്കിയിട്ട് ഇരുന്നതാവാം നീര് വന്ന് ചീർത്ത കാൽവിരലുകൾ ചെരുപ്പിന്റെ വള്ളികളെയും തള്ളിക്കൊണ്ട് വീർത്തു നിൽക്കുന്നു..

“Mrs ശ്യാമ. ശ്യാമ നിരഞ്ജൻ.” സമാധാനം. പറഞ്ഞു തീർന്നില്ല വിളി വന്നു. അടിവയറ്റിൽ കയ്യൊന്ന് താങ്ങി ഏട്ടന്റെ കൈ പിടിച്ചു മെല്ലെ ഞാനെഴുന്നേറ്റു…. നടക്കാനൊരു പാട്. ഇരുന്നിരുന്ന് കാലുകൾ മരവിച്ചപോലെ. സ്കാനിങിനിടയിൽ ഡോക്ടർ കാണിച്ചു തരുന്ന അനങ്ങുന്ന ഓരോ വെളുത്ത അടയാളങ്ങളും ഉണ്ണീടെ കയ്യാണ്… കാലാണ്.. മുഖമാണ് എന്നൊക്കെ പറയുമ്പോൾ ഞാൻ തലയെത്തി നോക്കും. വാവ കിടന്ന് മറിയുന്നത് കാണുമ്പോൾ നെഞ്ചിലൊരു സന്തോഷവേലിയേറ്റം. “മാഡം… ഒന്ന് ന്റെ ഭർത്താവിനെ കൂടി കാണിക്കാമോ….”

കൺകോണിലെ നനവ് മറച്ചു ഞാൻ ഡോക്ടറോട് ചോദിച്ചതിന് അവർ ചിരിയോടെ തലയാട്ടി… അത്ഭുതത്തോടെ അതിലേറെ സന്തോഷം കൊണ്ട് ചുവന്നുതുടുത്ത ഏട്ടന്റെ ചിരി കണ്ടപ്പോൾ മനസ്സിലൊരു കുളിർ തെന്നൽ. വേണ്ടാ. ആരും വേണ്ടെനിക്ക് ഞാനും ന്റേട്ടനും ഉണ്ണിയും മാത്രം. അത് മാത്രമാണിനി ശ്യാമയുടെ ലോകം. സന്തോഷത്തിനിടയിലും എന്റെ കണ്ണിൽ വെറുപ്പിന്റെ തിരമാലകൾ നുഴഞ്ഞെത്തിയോ. എല്ലാം നോർമലാണെന്നുള്ള റിപ്പോർട്ടും കഴിക്കാനുള്ള മരുന്നിന്റെ കുറിപ്പും കൈമാറുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു. സന്തോഷമായിട്ടിരിക്കണം കേട്ടോ.

അതു കേട്ട് ഏട്ടനെന്റെ മുഖത്തേക്ക് നോക്കുന്നത് ഞാൻ ഇടംകണ്ണിട്ട് കണ്ടു. കണ്ടിട്ടും കാണാത്ത പോലെ ഞാനും നിന്നു… വീട്ടിലേക്ക് മടങ്ങും മുൻപേ എന്റെ ഇഷ്ടങ്ങളിലൊന്നായ തൈര് വട തൃപ്തിയോടെ ഞാൻ ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ നോക്കിയിരുന്ന ഏട്ടനോട് ഞാൻ കൊഞ്ചി… “അതേ ഇഷ്ടമുള്ളതൊക്കെ കഴിച്ചില്ലെങ്കി ഉണ്ണിക്കാ സങ്കടംട്ടാ അതോണ്ടാ.” കഴിച്ചു കഴിഞ്ഞു ബില്ലടയ്ക്കാൻ നിൽക്കുന്ന ഏട്ടന്റെ പിന്നിൽ നിന്ന് കൗണ്ടറിലിരുന്ന പാത്രത്തിലെ ജീരകമിട്ടായി കയ്യെത്തിപിടിച്ചു വായിലിടുംനേരമാണ് കടയിലേക്ക് കയറിവരുന്ന രണ്ടുപേരെ കണ്ടത്.

ഞാനറിയാതെ തന്നെ എന്റെ മുഖം, കടന്നൽ കുത്തിയത് പോലെ വീർത്തത് കണ്ടിട്ടാവാം എനിക്കെതിരെ നിന്ന ഏട്ടൻ തിരിഞ്ഞു നോക്കിയത്. വന്നവർക്ക് നേരെ മുഖം വെട്ടിച്ചു നടക്കുന്നതിനിടയിൽ ഞാനെന്റെ മുഖത്തെ വെറുപ്പ് പരമാവധി കൂട്ടി… തടഞ്ഞാലും ഏട്ടൻ അവരുടെ അടുക്കലേക്ക് പോകുമെന്നറിയാം… അതുകൊണ്ട് തന്നെ കാത്തുനിൽക്കാതെ ഞാൻ പുറത്തേക്ക് നടന്നു… പുറത്തെത്തി കുറെ സമയം കാത്തുനിന്നിട്ടും ആള് വരാതായപ്പോ ദേഷ്യത്തോടെ ഞാൻ വാതിൽക്കലേക്ക് ചെന്നു. “ഞാൻ ബസിൽ പൊയ്ക്കോട്ടേ. ഏട്ടൻ നാട്ടുകാരെ ഒക്കെ കണ്ട് മിണ്ടിയും പറഞ്ഞു പയ്യെ വന്നാ മതി…”

കൂടെ നിന്നവർ മിഴിയൊപ്പുന്നത് കണ്ടിട്ടും ഞാനവരെ അവജ്ഞയോടെ നോക്കി. അതേ എന്റെ അച്ഛനും അമ്മയും. ഒറ്റമകളായതു കൊണ്ട് ഇത്രേം കാലം സ്നേഹിച്ചു വളർത്തി അവരെന്നെ നല്ലൊരുവന് കൈ പിടിച്ചു കൊടുത്തു എന്നൊക്കെ നേര് തന്നെ പക്ഷേ. മകൾ ഗർഭിണിയാണെന്ന സന്തോഷം അറിയിക്കാൻ ചെല്ലുമ്പോൾ അമ്മ ഈ വയസ്സാം കാലത്തു ഗർഭിണിയത്രെ. നാണമില്ലാത്ത കൂട്ടങ്ങൾ. അന്നിറങ്ങിയതാ ആ പടി. കല്യാണം കഴിഞ്ഞു ഒരു കൊല്ലം കഴിഞ്ഞാണ് ഞാനൊരു അമ്മയാണെന്ന സന്തോഷം തേടി വന്നത്. എന്നാലെന്റെ നെഞ്ചിൽ തീ കോരിയിടുമ്പോലെയാണ് അമ്മയെന്നെ അടുക്കളയിലേക്ക് മാറ്റി നിർത്തി അവരും ഗർഭിണിയാണെന്ന് അറിയിച്ചത്.

ഒന്നുമില്ലെങ്കിലും മകൾ വേറൊരു കുടുംബത്തു എങ്ങിനെ മുഖമുയർത്തി ജീവിക്കുമെന്നെങ്കിലും ഇവരോർക്കണ്ടേ!! ഇപ്പോഴുമെന്റെ അരിശം തീരുന്നില്ല. ചെറുപ്പത്തിൽ ഒരുപാട് കാലം ഞാനാഗ്രഹിച്ചിരുന്നു എനിക്കൊരു അനിയനെയോ അനിയത്തിയെയോ പക്ഷേ ഇത്? ഒന്നും ചോദിയ്ക്കാൻ നിന്നില്ല എന്റെ വയറ്റിലും കുഞ്ഞോരെണ്ണം ഉരുവായത് കൊണ്ട് ഇല്ലാതാക്കാനൊന്നും ഞാൻ പറഞ്ഞില്ല പലരും എന്നോട് അവരെ നിർബന്ധിക്കാൻ പറഞ്ഞിട്ടും. എന്നെ കാണാനായി അവർ ഏട്ടന്റെ വീട്ടിലെത്തിയപ്പോൾ മുഖം കാണിക്കാൻ പോലും ഞാൻ തയ്യാറായില്ല. ഇനിയിങ്ങനൊരു ബന്ധം എനിക്ക് വേണ്ടെന്ന് പറയാൻ പറഞ്ഞേല്പിച്ചു ഏട്ടനെ.

പലപ്പോഴും മധ്യസ്ഥന്റെ കുപ്പായമിട്ട് ഏട്ടൻ വരാൻ ശ്രമിക്കുമ്പോഴൊക്കെയും ഞാനെന്റെ വാശിയിൽ ഉറച്ചു നിന്നു. അതേ ഇനി എനിക്കെന്റെ കുഞ്ഞാണ് വലുത്. ഈ പ്രായത്തിൽ ന്റെ കുഞ്ഞിന്റെ പ്രായത്തിലുള്ള സഹോദരങ്ങളെ കൊഞ്ചിക്കാൻ മാത്രം വലുതല്ല ന്റെ മനസ്. “എന്തിനാ ശ്യാമേ അവരെ വിഷമിപ്പിക്കുന്നേ… പറ്റിപ്പോയി ഇനി അവരാ കുഞ്ഞിനെ വയറ്റിൽ വച്ചു കൊല്ലണോ. നിന്നെപ്പോലെ തന്നെയല്ലേ ഇതും അവർക്ക്. അമ്മക്കൊത്തിരി സങ്കടമുണ്ട്. പാവം പ്രായത്തിന്റെ ആവും വേറെയും കുഴപ്പങ്ങൾ ഉണ്ടെന്നാ അച്ഛൻ പറഞ്ഞേ…”

“കണക്കായിപ്പോയി… ഈ ചാവാൻ കാലത്തു സൂക്കേട് മാറ്റാനും പെറാനും നടക്കുന്നേനു മുൻപേ ഇതൊക്കെ ഓർക്കണമായിരുന്നു…ന്നെ ക്കൊണ്ട് അധികം പറയിപ്പിക്കണ്ട..മരുമോനോട് ഒരുളുപ്പും ഇല്ലാതെ പറയാനും വേണം ഒരു ധൈര്യം..” എന്റെ പരിഹാസത്തിൽ പൊതിഞ്ഞ ചിരിയിലേക്കും വീർത്ത വയറിലേക്കും നോക്കി ഏട്ടൻ നിന്നു.. “ഞാനൊന്നും പറയുന്നില്ല…ഞാനായിട്ട് നിന്നെ ഒന്നും പറഞ്ഞു സങ്കടപെടുത്തുന്നില്ല. നടക്ക്. പോവാം നമുക്ക് വീട്ടിലേക്ക്. ഇങ്ങനെ നീ കൊണ്ട് നടക്കുന്ന വെറുപ്പ് ന്റെ ഉണ്ണീടെ മനസിലും തട്ടും. ഞാനത് ഓർമിപ്പിച്ചു എന്ന് മാത്രം…”

വീട്ടിലെത്തിയിട്ടും അവരെ കണ്ട അതൃപ്തി എന്റെ മനസ് വിട്ട് പോവാത്തപോലെ. ഒന്നിനും ഒരുഷാറ് തോന്നാത്തത് കൊണ്ട് ഞാൻ കിടന്നു. സങ്കടമല്ല ദേഷ്യമാണ്. അമ്മക്കും മോൾക്കും ഒരുമിച്ചാ പേറെന്ന് കളിയാക്കുന്നവരുടെ മുന്നിൽ പെടാതെ ഞാനൊളിച്ചു. എല്ലാരുടെയും മുൻപിൽ എന്നെയവർ നാണം കെടുത്തി. ഇങ്ങനൊരു കാര്യം അവർക്ക് വേണമായിരുന്നെങ്കിൽ എന്റെ കല്യാണത്തിന് മുൻപേ ചെയ്യാമായിരുന്നില്ലേ. മാസങ്ങൾ കടന്നു പോകെ നടുവേദനയും കാലിലെ മസിൽ പിടുത്തവുമെല്ലാം ഒരുപാട് ബുദ്ധിമുട്ടിച്ചെങ്കിലും ഒരിക്കൽ പോലും വീട്ടിൽ പോകണമെന്നോ അമ്മയെ കാണണമെന്നോ എനിക്ക് തോന്നിയില്ല.

എന്തിനും ഏതിനും ഏട്ടനും ഏട്ടന്റെ അമ്മയും എല്ലാവരുമുണ്ടായിരുന്നു ഒപ്പം. ഏഴാംമാസത്തിലെ ചടങ്ങുകൾ നടത്തണ്ടേ എന്ന് ചോദിച്ചു വന്ന അച്ഛനോട് അറുത്തുമുറിച്ചാണ് ഞാൻ വേണ്ടെന്നറിയിച്ചത്. പോയി ഭാര്യയുടെ ചടങ്ങുകൾ ഭംഗിയായി നടത്തിക്കോളൂ എന്ന വാക്ക് കേട്ടപ്പോൾ പകച്ചു നിൽക്കുന്ന അച്ഛന്റെ മുഖമിപ്പോഴും മനസ്സിലുണ്ട്. പാതിരാത്രിയിലെപ്പോഴോ വന്ന മസിൽവേദനയിൽ ഞാൻ അലറിക്കരഞ്ഞപ്പോൾ ഉഴിഞ്ഞുതരുന്നതിനിടയിലാണ് ഏട്ടൻ. “ശ്യാമേ എപ്പോഴെങ്കിലും നീ അമ്മയെക്കുറിച്ചു ഓർത്തിട്ടുണ്ടോ… ഈ പ്രായത്തിൽ നിനക്ക് വരുന്നതിന്റെ ഇരട്ടിയാകില്ലേ അമ്മക്കുള്ള ബുദ്ധിമുട്ട്.. പാവം ആരുമില്ല അടുത്ത്…”

ഞാനും മനസ്സുകൊണ്ട് അമ്മയായതുകൊണ്ടാണോ എന്റെ മനസ്സിലേക്ക് അമ്മയുടെ മുഖം ഓടിവന്ന് ഞാൻ നിശബ്ദയായി… ഒന്നും മിണ്ടാതെയും എതിർപ്പ് കാണിക്കാതെയുമുള്ള എന്റെയിരുപ്പ് കണ്ടിട്ടാകാം ഏട്ടൻ തുടർന്നു. “അമ്മക്ക് ഷുഗറും പ്രഷറും ഒക്കെ കൂടുതലാണെന്ന്… നടക്കാനൊന്നും പറ്റില്ല കിടപ്പാണ്… പിന്നെ നിന്നെയൊന്ന് കാണാൻ പോലും പറ്റാത്ത സങ്കടവും. അച്ഛനെന്റെ മുൻപിൽ കരഞ്ഞാ പറഞ്ഞത്….”

പെട്ടെന്നെന്തോ ഹൃദയത്തിൽ മുള്ളുതറച്ച പോറൽ പോലെ വേദന എങ്കിലും ഞാനത് മുഖത്തു കാണിച്ചില്ല… “മതി… എനിക്ക് കേൾക്കണ്ട. ന്നെ കണ്ടില്ലെങ്കിലും മരുമോൻ അന്വേഷിക്കുന്നുണ്ടല്ലോ അതുമതി…” മറുപടിയിലെ കർശനം കേട്ടാവാം ആളൊന്നും മിണ്ടിയില്ല… പ്രസവതീയതി അടുത്തപ്പോൾ ഏട്ടന്റമ്മ ആസ്പത്രിയിലേക്കുള്ള ബാഗൊരുക്കാൻ തുടങ്ങി.. കഴുകിയുണക്കിയ തുണിക്കഷ്ണങ്ങളും കുഞ്ഞു തോർത്തും കുഞ്ഞിനുള്ള പിന്നീക്കെട്ടിയുമൊക്കെ ഒതുക്കി വക്കുന്ന കണ്ടതും എപ്പോഴൊക്കെയോ അമ്മ മനസ്സിലേക്കോടി വന്നു…

പറഞ്ഞ തീയതിക്ക് രണ്ടുദിവസം മുൻപേ പെട്ടെന്ന് കണ്ട നടുവേദനയും വെള്ളപോക്കും. ഏട്ടനെന്നെയും കൊണ്ട് പാഞ്ഞു ഹോസ്പിറ്റലിലേക്ക്. പരിശോധനകൾക്കൊടുവിൽ ലേബർറൂമിലെ തണുപ്പിനുള്ളിൽ കിടന്ന് ഗർഭാശയമുഖം വികസിക്കാനുള്ള മരുന്ന് തുള്ളി തുള്ളിയായി എന്റെ ശരീരത്തിലേക്ക് കയറാൻ തുടങ്ങി… കുറെ കഴിഞ്ഞപ്പോൾ വേദനയും തുടങ്ങി… നടുപൊളിയുന്ന പ്രസവവേദനക്കിടയിൽ പലപ്പോഴും ഞാൻ നേഴ്സിന്റെ കാലു പിടിച്ചു, ടോയ്‌ലെറ്റിൽ പോകണമെന്ന കരച്ചിലോടെ… അരക്കെട്ട് പിളർന്നു പോകുന്ന വേദനയും അതിനിടക്ക് കയ്യിട്ട് പരിശോധിക്കുന്നവരുടെ വിരലഭ്യാസവും അറിയാതെ ഞാനമ്മയെ വിളിച്ചു ഉറക്കെയുറക്കെ.

സമയമായില്ല ഇനിയും കുഞ്ഞിന്റെ തലയിറങ്ങിവരാനുണ്ടെന്ന് പറഞ്ഞ ഡോക്ടറോട് എനിക്കെന്റെ അമ്മയെ കാണണമെന്ന് പറഞ്ഞു. ഞാനനുഭവിക്കുന്ന വേദനയും ബുദ്ധിമുട്ടും ഈ പ്രായത്തിൽ ഇരട്ടിയാകില്ലേ അമ്മക്ക്….ഈ വേദനകളെല്ലാം സഹിച്ചല്ലേ എന്നെയെന്റമ്മ പെറ്റതെന്നോർത്തപ്പോഴേ നെഞ്ചു പൊള്ളിപ്പിടഞ്ഞു. പ്രസവവേദനയെന്ന മരണവേദനയേക്കാൾ ഞാനെന്റെ അമ്മയോട് ഇന്ന് വരെ കാണിച്ച അവഗണനയും പരിഹാസവും എന്തുമാത്രമെന്റെയമ്മ സങ്കടപ്പെട്ടിട്ടുണ്ടാകുമെന്ന ചിന്തകളെന്നെ അകംപുറം പൊള്ളിച്ചുകൊണ്ടിരുന്നു. ഞാനാദ്യമായി ചിരിച്ചതെന്റെ അമ്മയെ നോക്കിയല്ലേ. എന്നും എപ്പോഴും താങ്ങായ് കൂടെ നിന്ന അമ്മക്കൈകൾ അങ്ങനെ കൈവിട്ടുകളയാനുള്ളതാണോ…

പുറത്തേക്ക് പോയി വന്ന നേഴ്‌സ് എന്തോ സ്വകാര്യമായി ഡോക്ടറിനോട് പറയുന്നത് ഞാൻ കണ്ടു… “ശ്യാമ… താൻ വിഷമിക്കണ്ട അമ്മയും ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ട്… തന്റെ കാര്യമോർത്തുള്ള ടെൻഷൻ ആകാം ബിപി കുറച്ചു കൂടുതലായി….” അതിനുള്ള മറുപടി പറയുംമുൻപേ മിന്നൽപിണറായി വന്ന എല്ലു നുറുങ്ങും വേദനയിൽ ഞാൻ ഞെളിപിരികൊണ്ടു… “കുഞ്ഞിന്റെ തല കാണുന്നുണ്ടല്ലോ സിസ്റ്ററെ… വേഗം… ഗ്ലൗസ്…” ഡോക്ടറതും പറഞ് പെട്ടെന്ന് ഏപ്രണും ഗ്ലൗസും എടുത്തണിയുന്നതും ഞാൻ അടുത്തൊരു വേദനയിൽ അടുത്ത് നിന്ന സിസ്റ്ററിന്റെ കൈ പിടിച്ചു ഞെരിച് പല്ലുകൂട്ടി കടിച്ചു…

വേദനയ്ക്കും വെപ്രാളത്തിനുമിടയിലും കത്രിക കൊണ്ട് അടിയിലെ പച്ച മാംസം കീറിമുറിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു… കഠിനവേദനക്കൊടുവിൽ കൂടെയുണ്ടായിരുന്ന നേഴ്‌സുമാർ വയറിൽ അമർത്തി പിടിച്ചതോടെ വയറിലെ ഭാരം പ്രഷറോട് കൂടി താഴേക്കൊഴുകി പുറത്തേക്ക് വന്നത് ഞാനറിഞ്ഞു… പൊക്കിൾകൊടി മുറിക്കും മുൻപേ കുഞ്ഞിനെയെടുത്തവർ കാലിനിടയിലൂടെ എന്റെ വയറിലേക്ക് ചേർത്ത് കിടത്തി.. ഞാൻ ദീർഘനിശ്വാസം വിട്ട് താഴേക്ക് നോക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു. “മോനാണ് കേട്ടോ ശ്യാമേ..”

വെള്ളപ്പശയിൽ മുങ്ങിയപോലുള്ള അവന്റെ കുഞ്ഞുമുഖം നോക്കുന്നതിനിടയിലും ഞാൻ ചോദിച്ചത് എന്റമ്മയെ പറ്റിയായിരുന്നു…. താനൊന്ന് ക്ഷമിക്കേടോ ഇതൊന്നു കഴിഞ്ഞിട്ട് പറയാമെന്ന വാക്ക് ആരോ പറഞ്ഞു കേട്ടതോടെ ഞാൻ കണ്ണടച്ചു… അടഞ്ഞ കണ്ണുകൾക്ക് മുൻപിൽ അമ്മ വന്ന് നിറഞ്ഞതും എന്റെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി… കുറെ മണിക്കൂറുകൾക്കപ്പുറം റൂമിലേക്ക് മാറ്റിയ എന്നെയും കുഞ്ഞിനേയും കാണാൻ വന്നവർക്കിടയിലെല്ലാം ഞാനെന്റെ അച്ഛനെയും അമ്മയെയും തിരഞ്ഞു. ഇതിനിടയിൽ സന്തോഷം നിറഞ്ഞു തൂകേണ്ട ഏട്ടന്റെയൊക്കെ മുഖത്തെ സംഘർഷം ഞാനപ്പോഴാണ് ശ്രദ്ധിച്ചത്.

അമ്മ പ്രസവിച്ചു പെൺകുഞ്ഞാണ്‌. ഓപ്പറേഷൻ കഴിഞ്ഞതും നിലക്കാതുള്ള രക്തസ്രാവത്തെത്തുടർന്ന് അമ്മയെ വേറൊരു ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നു. മാസം തികയാതുള്ള ജനനവും കൂടെ തൂക്കക്കുറവും വളർച്ചക്കുറവും. കുഞ്ഞനിയത്തി ഐസിയുവിലാണ്. മനസ്സ് പറിഞ്ഞു പോകുന്ന പോലെ പൊട്ടിക്കരഞ്ഞു ഞാൻ. ഭഗവാനേ. ന്റെ അമ്മയേയും അനിയത്തിനേം കാത്തോളണേ. ന്റെ അവിവേകം പൊറുക്കണേ ന്ന് മനസ്സുരുകി ഞാൻ കരഞ്ഞു.

അരികെ കിടക്കുന്ന ന്റെ പൊന്നുണ്ണിയെ നോക്കുന്തോറും അമ്മയരികിലില്ലാതെ കിടക്കുന്ന ന്റെ അനിയത്തികുട്ടിയുടെ ചിന്ത. കണ്ണുകൾ പെയ്തു തീരുന്നില്ല. “ശ്യാമേ വിഷമിക്കല്ലേ അമ്മക്കൊന്നും വരില്ല. നമ്മുടെയെല്ലാം പ്രാര്ഥനയില്ലേ…. പേടിക്കാതിരിക്ക്” ധൈര്യം തന്ന് ഏട്ടനെന്റെ നെറ്റിയിൽ ചുണ്ടമർത്തിയതും എന്റെ നിയന്ത്രണം വിട്ടു… “ഇല്ലേട്ടാ ഞാനാ ന്റെ അമ്മയെ ഇങ്ങനാക്കിയെ… ചേർത്തുപിടിക്കാതെ അറപ്പോടെയും വെറുപ്പോടെയും ഞാനമ്മയെ മാറ്റിനിർത്തി…” രണ്ടുദിവസങ്ങൾക്കപ്പുറം മനസ്സുരുകിയുള്ള പ്രാർത്ഥന ദൈവം കേട്ടു… അമ്മയ്ക്കല്പം ഭേദമുണ്ടെന്നറിഞ്ഞു…

ഡിസ്ചാർജ് ആയിട്ടും അനിയത്തിയുടെ ഡിസ്ചാർജിനായി ഞങ്ങൾ കാത്തിരുന്നു അമ്മയ്ക്കരികിലേക്ക് കുഞ്ഞനിയത്തിയേം കൊണ്ട്പോകാൻ… ഉണ്ണിക്ക് പാല് കൊടുക്കുന്നതിനിടക്കാണ് അവളെയും കൊണ്ട് നേഴ്‌സ് മുറിയിലേക്ക് കടന്ന് വന്നത്. ഇനിയൊരു പനിനീർപ്പൂ പോലൊരു കുഞ്ഞുമുഖവുമായി ഇളംറോസ് നിറത്തിലുള്ള തുണിയിൽ പൊതിഞ്ഞെന്റെ കുഞ്ഞുമാലാഖ. “ഒരു പത്തുമിനിറ്റ് കഴിഞ്ഞാൽ ഈ പാലൊന്നു കൊടുക്കണേ..” സിസ്റ്ററെന്നെ ഒരു കുഞ്ഞുപാൽക്കുപ്പിയേല്പിച് മുറിവിട്ട് പോയി..

പത്തുമിനിറ്റ് കഴിഞ്ഞവളെ മെല്ലെയെടുത്തു പാൽകൊടുക്കാൻ നേരം അപ്പുറത്തെ കട്ടിലിലിരുന്ന് ഏട്ടനെന്നെ നോക്കി പുഞ്ചിരിച്ചു…. ഒരുപാട് സ്നേഹമൊളിപ്പിച്ച ആ പുഞ്ചിരിക്കൊരു മറുപുഞ്ചിരി കൊടുക്കുമ്പോൾ വേസ്റ്റ് ബാസ്ക്കെറ്റിൽ കിടന്ന പാൽകുപ്പിയിലായിരുന്നെന്റെ കണ്ണുകൾ. അമ്മക്കരികിലെത്തും വരെ. ആരോഗ്യത്തോടെ അമ്മയവളെ മുലയൂട്ടും വരെ എന്റെ കുഞ്ഞുണ്ണിക്കൊപ്പം അവളുമെന്റെ പാൽ കുടിക്കട്ടെ. മനസ്സിലടിഞ്ഞ വെറുപ്പും വാശിയും കഴുകിക്കളഞ്ഞു ശുദ്ധികലശം നടത്തിയതോടെ നിറഞ്ഞൊഴുകുന്ന സന്തോഷക്കണ്ണീരാൽ എന്റെ കാഴ്ചകൾ മറയുന്നുണ്ടായിരുന്നു

ചേച്ചിയായല്ല ചേച്ചിയമ്മയായി ന്റെ കുഞ്ഞോൾക്ക് ഞാനുണ്ടാകും ഇനിയെന്നും. മാസങ്ങൾക്ക് ശേഷം കുട്ടികുറുമ്പുകൾ കണ്ട് കഥ പറഞ്ഞു ചിരിച്ചു ഉമ്മറപ്പടിയിൽ ഉണ്ണിക്കുട്ടനും കുഞ്ഞോളും കളിക്കുന്നതും നോക്കി ഞാനും അമ്മയുമിരിക്കുമ്പോൾ ഞങ്ങളെയും നോക്കി ഏട്ടനും അച്ഛനും കുടുംബം തിരികെ തന്ന ഈശ്വരനോട് നന്ദി പറയുന്നുണ്ടായിരുന്നു.

ചേച്ചിയമ്മ | രചന: ലിസ് ലോന

LEAVE A REPLY

Please enter your comment!
Please enter your name here