Home Latest ശരിയാം വണ്ണം ഒരു ഷർട്ട് പോലും തേക്കാനറിയാത്ത എന്നെയവൾ തേച്ചൊട്ടിച്ച് പോയപ്പോൾ ജീവിതം തന്നെ മടുപ്പായിരുന്നു…

ശരിയാം വണ്ണം ഒരു ഷർട്ട് പോലും തേക്കാനറിയാത്ത എന്നെയവൾ തേച്ചൊട്ടിച്ച് പോയപ്പോൾ ജീവിതം തന്നെ മടുപ്പായിരുന്നു…

0

രചന : സോളോ-മാൻ

ശരിയാം വണ്ണം ഒരു ഷർട്ട് പോലും തേക്കാനറിയാത്ത എന്നെയവൾ തേച്ചൊട്ടിച്ച് പോയപ്പോൾ ജീവിതം തന്നെ മടുപ്പായിരുന്നു.

അന്നുവരെ ചിരിച്ചും,കളിച്ചും സന്തോഷത്തോടെ കഴിഞ്ഞിരുന്ന എന്റെ ജീവിതം ആകെ ഇരുളടഞ്ഞു പോയി.

തേപ്പ് കിട്ടിയാൽ താടി വെച്ച് നടക്കണം എന്നാണല്ലൊ നിയമം,ഈയുള്ളവനു ആകെ കക്കൂസ് കഴുകണ ബ്രഷു പോലെ അഞ്ചാറു രോമം മാത്രെ ദൈവം തമ്പുരാൻ കനിഞ്ഞിരുന്നുള്ളൂ.

ഇല്ലാത്ത കാശു മുടക്കി കരടിത്തൈലം വരെ വാങ്ങിച്ച് തേച്ചു.(ദേ പിന്നേം തേപ്പ് ).

കാശു പോയിക്കിട്ടീന്നല്ലാതെ ഒരു രോമം പോലും അധികം കിളിർത്തില്ല..ഇനീപ്പൊ ഹോർമോണിന്റെ കുറവു കൊണ്ടാകുമൊ?..( ആവശ്യമില്ലാത്തിടത്തൊക്കെ നല്ലോണം ഉണ്ടല്ലൊ.)

എന്തായാലും ഉള്ള മൂന്നാലു രോമം അടുക്കി വെച്ച് തൽക്കാലം ഒരു ഊശാൻ താടി അങ്ങട് വെച്ചു.

വിരഹത്തിന്റെ ഉപ്പും മുളകും മനസ്സീന്ന് നീറുമ്പൊ ഫൈയ്സ്ബുക്കീ കേറി മൂന്നാലു രോധന പോസ്റ്റുകളങ്ങ് കാച്ചും.

സ്കൂളീ പഠിക്കുമ്പൊ നല്ല മലയാളം പോലും എയ്താനും,വായിക്കാനും അറിയാത്ത എനിക്ക് ഇത്തറേം സാഹിത്യം എവിടുന്ന് കിട്ടുന്നു എന്നത് മറ്റുള്ളവരേക്കാൾ അൽഭുതം എനിക്കായിരുന്നു.

മാധവൻ മാഷിന്റെ മലയാളം രണ്ടു വരി കോപ്പി പുസ്തകത്തിൽ “മരം ഒരു വരം” എന്നെഴുതിയാൽ,”മരഠ ഒരു വരഠ” എന്ന് വായിക്കുന്ന എന്റെ പഴയ കാലം വെറുതെ സ്മരിച്ചു പോയി.

ഇമ്മളെ ഫേസൂക്കിലും കിളികളൊക്കെ ചിലയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു,ഈ എരണം കെട്ടോളെ( ഈശ്വരാ..അവൾക്ക് നല്ലത് മാത്രം വരുത്തണേ..) വരവോടെ അവരോട് പുഷ്പിക്കാൻ ടൈം ഇല്ലാണ്ടായി.

അതോടെ ഉള്ള കിളികളെല്ലാം മറ്റു കൂടുകളിലേയ്ക്ക് ചേക്കേറി.

അങ്ങനെ ജീവിതൊക്കെ നശിച്ച് പണ്ടാരടങ്ങി മൂഞ്ചി ശോകമടിച്ച് ഇരിക്കുമ്പോഴാണു ഫേസൂക്കിൽ ഒരു റിക്വസ്റ്റ് വന്നത്.

സംഗതി വിരഹോം ശോകോം ഒക്കെ ഉണ്ടേലും ഉള്ളിലെ കോഴിത്തരം മായാണ്ട് കിടപ്പുണ്ടായിരുന്നു അപ്പൊഴും..ആ നിമിഷം എന്നിലെ കോഴി ഉണർന്നു ചിറകടിച്ചു കൂവി.

ഓടിപ്പിടിച്ച് പ്രൊഫൈൽ നോക്കിയപ്പൊ പേരു അശ്വതി അച്ചു, പൂവിന്റെ ഫോട്ടോം..( പണ്ടാറടങ്ങാൻ ).

മോങ്ങാനിരുന്നോന്റെ തലയിൽ തേങ്ങാ വീണ അവസ്ഥ..

എന്തായാലും ഇങ്ങാട് വന്ന റിക്വൂസ്റ്റല്ലെ,ആസെപ്റ്റിക്കളയാം..

ഞാനൊരു ഹായ് അങ്ങാട് കൊടുത്തു,,ഓളൊരു ഹോയ് ഇങ്ങാടും..

അപ്പൊ തന്നെ മനസ്സ് വാർണിങ്ങ് മെസേജ് അറിയിച്ചു..ഫേക്ക് ഫേക്ക്..

പക്ഷെ ഞാൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു.

ഇത്തരം ശോകമൂകമായ മൂഞ്ചിതാവസ്ഥയിൽ മനസ്സിനെ ശാന്തമാക്കാൻ ഇതല്ലാതെ മറ്റ് വഴിയില്ല.

പശു വെളുപ്പായാലും,കറുപ്പായാലും ഇമ്മക്കെന്താപ്പൊ,ഇമ്മക്ക് നേരത്തിനു പാൽ കിട്ടിയാ പോരെ…അശ്വതി അച്ചുവെങ്കിൽ അശ്വതി അച്ചു..

പിന്നങ്ങോട്ട് ഒരു തരം മെസേജായിരുന്നു,മെസേജോട് മെസേജ്..

എന്തായാലും പഴേ ഫേക്കുകളെ പോലെ കൊതിപ്പിച്ച് കൊതിപ്പിച്ച് റീചാർജ്ജ് ചെയ്യാനൊന്നും പറഞ്ഞീല ട്ടൊ..

അതിനൊരു പ്രത്യേക കൃതക്ഞത നുമ്മടെ ചങ്ക് അംബാനിക്കും,ജിയോക്കും അറീച്ചു..

കുറച്ചീസം കഴിഞ്ഞപ്പൊ പതിവു പോലെ നമ്പറും,ഫോട്ടോം ചോയ്ച്ചു..

എന്നെ അൽഭുതപ്പെടുത്തിക്കൊണ്ട് ചരിത്രത്തിലാദ്യമായ് നമ്പരും,ഫോട്ടോയും അശ്വതി അച്ചു നൽകുകയാണു സൂർത്തുക്കളേ..അവൾ നൽകുകയാണു..

നല്ല പശൂം പാലിന്റെ നിറമുള്ള കൊച്ച്,സുന്ദരി,സുമുഖി,സുശീല..

ഞാനാണെങ്കിൽ പൊട്ടനു ലോട്ടറിയടിച്ച അവസ്ഥേലും..

ഇപ്പൊ നമ്മൾ നല്ല മുടിഞ്ഞ പ്രേമത്തിലാ..

അല്ലെങ്കിലും വിരഹത്തിനു ഏറ്റവും നല്ല മറു മരുന്ന് പ്രണയം തന്നെയാണു..

ഈശ്വരാ..എന്നെ തേച്ചിട്ടു പോയവൾക്ക് നല്ലതു മാത്രം വരുത്തണേ..അവളൊരിക്കലും തിരിച്ചു വരല്ലേ..( കൂടെ കിടന്നോനല്ലെ രാപ്പനി അറിയൂ..കെട്ടുന്നോൻ കഷ്ടപ്പെട്ടോട്ടെ..)

അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്,ചില സമയത്ത് ഭാഗ്യവും,സന്തോഷവും അശ്വതി അച്ചൂന്റെ രൂപത്തിലും വരും..(ചില സമയത്ത് മാത്രം..)

രചന : സോളോ-മാൻ

LEAVE A REPLY

Please enter your comment!
Please enter your name here