Home Latest “കല്യാണത്തിനൊക്കെ എനിക്ക് സമ്മതാ… പക്ഷെ എനിക്കൊരു ഡിമാൻഡ് ഉണ്ട്”

“കല്യാണത്തിനൊക്കെ എനിക്ക് സമ്മതാ… പക്ഷെ എനിക്കൊരു ഡിമാൻഡ് ഉണ്ട്”

0

“ദെയ് പെണ്ണിന് പ്രായം കൂടി വരുവാ ഇപ്പോ തന്നെ വയസ്സ് ഇരുപത്തിയഞ്ചായി, നാട്ടുകാരൊക്കെ ചോദിച്ചു തുടങ്ങി പെണ്ണിനെ കെട്ടിച്ചുവിടുന്നില്ലിയൊന്നു”
‘അമ്മ തന്റെ പുന്നാരമോളെക്കുറിച്ചുള്ള ആവലാതി അച്ഛനോട് പറഞ്ഞു തീർന്നില്ല എവിടെനിന്നോ പെട്ടെന്ന് പൊട്ടിമുളച്ചത് പോലെ അഛമ്മ രംഗപ്രവേശ൦ ചെയ്‌തു. അച്ഛമ്മയുടെ നോട്ടത്തിൽ വളർന്നു വലുതായി വീടിന്റെ മോന്തായവും പൊളിച്ചു നിൽക്കുന്ന ഞാൻ രണ്ടു പെറേണ്ട പ്രായം എന്നെ കഴിഞ്ഞു പോയിരിക്കുന്നു.
“നിന്റെ മുഖത്തു കണ്ണുണ്ടോടാ? നിന്റെ കെട്ടിയോളു പറയുന്നതിലും കാര്യമുണ്ട് , പെണ്ണിന് വയസ്സ് ഇരുപത്തിയഞ്ചായി ഞാൻ പറഞ്ഞേക്കാം.. ഇനിം എന്നാ മൂക്കിപ്പല്ലു വരുമ്പോളാണോടാ ഇവളെ കെട്ടിക്കുന്നത്?… എന്തുവാടാ ഏതൊക്കെ കേട്ടിട്ടും നീ തൊഴപോലെ നിൽക്കുന്നേ?…
അമ്മയുടെയും ഭാര്യയുടെയും ക്രോസ്സുവിസ്താരവും കേട്ട് അച്ഛൻ നിശബ്ദം ഇരിക്കുകയാണ്. ഡിഗ്രി കഴിഞ്ഞപ്പോൾ തൊട്ടു എന്റെ കല്യാണക്കാര്യം പറഞ്ഞു അമ്മയും അച്ഛമ്മയും കൂടി അച്ഛനെ വല്ലാണ്ട് ബുദ്ധിമുട്ടിക്കുകയാണ്. പിജി കഴിഞ്ഞു മതിയെന്ന എന്റെ നിർബന്ധത്തിനു അച്ഛനൊരാൾ എസ് മൂളിയത് കൊണ്ടാണ് കല്യാണമെന്ന കുരുക്കിൽ നിന്നും ഇത്രയും വര്ഷം താൻ എസ്കെപായതു. അങ്ങനെ മൂന്നുപേരും ഒറ്റക്കെട്ടായി എന്റെ കല്യാണ കേസും പൊക്കിപിടിച്ചുകൊണ്ടു വന്നിരിക്കുകയാണ്,
“ഇത്രേം നാൾ നീ പറയുന്ന കേട്ട് നിന്നെ പഠിക്കാൻ വിട്ടു ഇനി കല്യാണക്കാര്യം സീരിയസായിട്ട് ആലോചിച്ചേ പറ്റു”
സംഭാഷണത്തിന് ‘അമ്മ തുടക്കമിട്ടു, ഞാനിങ്ങനെ സ്വച്ഛന്ദം വിഹരിക്കുന്നതു ഇവർക്ക് പിടിക്കണില്ലല്ലോ ന്റെ ദേവി
“കല്യാണത്തിനൊക്കെ എനിക്ക് സമ്മതാ… പക്ഷെ എനിക്കൊരു ഡിമാൻഡ് ഉണ്ട്”
ഡിമാൻഡോ ? അച്ഛനുമമ്മയും അച്ഛമ്മയും ഒരേ താളത്തിൽ ചോയ്ച്ചു
“ആ ഡിമാൻഡ് എന്താന്നു വെച്ച പെണ്ണുകാണലിനു ഞാൻ സമ്മതിക്കില്ല, എനിക്കെ ഒരുങ്ങി കെട്ടി ഷോ പീസ് മാതിരി നിക്കാൻ വയ്യ”


“പെണ്ണുകാണൽ വേണ്ടാന്നോ അതൊക്കെയൊരു നാട്ടുനടപ്പല്ലേ പെണ്ണെ കല്യാണത്തിന്റെ ഒരു ഭാഗല്ലേ അത് ”
“നിങ്ങളെന്തൊക്കെ പറഞ്ഞാലും പെണ്ണുകാണലിനു ഉടുത്തൊരുങ്ങി നിൽക്കാനേ എനിക്ക് വയ്യ , ഞാൻ വേറെ ഒരു വഴി കണ്ടുപിടിച്ചു വെച്ചിട്ടിണ്ട്, പെണ്ണുകാണലിനു പകരം നമുക്കൊരു ആണ്കാണൽ മതി കെട്ടാൻ പോണ ചെറുക്കനേം കുടുംബക്കാരെമൊക്കെ നമുക്ക് അങ്ങോട്ട് പോയി കാണാ”

“ആണുകാണലാ” വീണ്ടും മൂവരും ഒരേതാളത്തിൽ ചോദിച്ചു
“അതിലിപ്പോ എന്താ ഇത്ര തെറ്റ് കെട്ടാൻ പോണ ചെറുക്കനേം കുടുംബക്കാരേം ഒക്കെ കണ്ടു മനസ്സിലാക്കണ്ടേ,കല്യാണം കഴിഞ്ഞ ഞാൻ അവിടല്ലേ പോയി താമസിക്കണ്ടേ അവരടെ ചുറ്റുപാടൊക്കെ ഞാനല്ലേ നന്നായിട്ട് മനസ്സിലാക്കണ്ടേ അതല്ലേ ലോജിക്?ആണുകാണലിനു സമ്മതിക്കുന്ന ഒരു ചെറുക്കനെയേ ഞാൻ കെട്ടു, അച്ഛൻ വേഗം പത്രത്തില് പരസ്യം കൊടുത്തോളൂട്ടോ”
ഈ ഡയലോഗും കാച്ചി സ്ലോ മോഷനിൽ നടന്ന എന്നെയും നോക്കി മൂന്നുപേരും വായുംപൊളിച്ചു നിന്നു.
“അഹങ്കാര പെണ്ണിന് നല്ല മുഴുത്ത അഹങ്കാരം, പഠിപ്പിക്കാൻ വിട്ടു വലിയ കളക്ടർ ആക്കാൻ നോക്കിതല്ലേ നിനക്കെ അങ്ങനെ തന്നെ വേണം”
ഗ്യാസ് പോയ ബലൂൺ പോലെ നിന്നിരുന്ന അച്ഛനെ കനപ്പിച്ചൊന്നു നോക്കി അഛമ്മ പറഞ്ഞു. ഗദ്യന്തരമില്ലാതെ ആണുകാണലിനു തയാറായ പുരുഷപ്രജകളെ ആവശ്യമുണ്ടെന്നു കാട്ടി അച്ഛൻ പത്രത്തിൽ പരസ്യം കൊടുത്തു കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വെച്ചു
“കാലം പോയൊരു പോക്കേ ” നാട്ടുകാർ ഒരേ ശബ്ദത്തിൽ പറഞ്ഞു.
അങ്ങനെ ദിവസങ്ങൾ പോകെ ഞങ്ങളെയൊക്കെ അത്ഭുതപ്പെടുത്തി ആണുകാണലിനു തയാറായി ഒരു പുരുഷപ്രജ മുന്നോട്ട് വന്നു. അങ്ങനെ ഞാനും അച്ഛനുമമ്മയും അച്ഛമ്മയും ഒരുങ്ങിക്കെട്ടി ആണുകാണലിനു പുറപ്പെട്ടു.
ചെറുക്കന്റെ വീടെത്തി. കാണാൻ തരക്കേടില്ലാത്ത ഇരുനിലവീട്. ചെറുക്കന്റെ ബന്ധുക്കൾ ആചാരപൂർവ്വം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ചെറുക്കന്റെ കുടുംബാന്ഗങ്ങളെ വിശദമായി പരിചയപ്പെടുത്തി. ചെറുക്കന്റെ അമ്മയെ ഞാനൊന്നു നോക്കി, അവർ കാണുന്ന സീരിയലിന്റെ ലിസ്റ്റ് നേരത്തെ ചോദിച്ചു വാങ്ങണം അത് ഞാൻ കാണുന്ന സീരിയലിന്റേതുമായി ഒത്തുപോവുന്നേൽ മതി കല്യാണം, അല്ലേൽ പിന്നെ റിമോട്ടിന് വേണ്ടി അടി പുതിയ ടിവിക്കു വേണ്ടി കരച്ചിൽ ഹോ അതൊന്നും ശരിയാവൂല്ല.
ചടങ്ങിലെ പ്രധാന ഐറ്റത്തിനു സമയമായി. എന്ന ചെറുക്കനെ ഇങ്ങോട്ട് വിളിച്ചോളൂ. തല മൂത്ത ഒരു കാരണവർ ഓർഡറിട്ടു .

കയ്യിൽ ചായക്കപ്പുകളുമായി വെള്ളമുണ്ടും ചുകന്ന ഷർട്ടും ധരിച്ചു നമ്രമുഖനായി ചെറുക്കനതാ വരുന്നു.
“നാണിക്കാതെ ഇങ്ങോട്ടു പോന്നോളൂ”
ചായക്കപ്പുകൾ എനിക്ക് നീട്ടുന്ന ഗ്യാപ്പിൽ ചെറുക്കനെ ഞാനൊന്നു കടാക്ഷിച്ചു. ആകെ മൊത്തം ടോട്ടൽ കൊഴപ്പം ഇല്ലാ,മുടി ഒരല്പം കുറവാണ് ഭാവിയിൽ കഷണ്ടിക്കുള്ള സാധ്യത തെളിഞ്ഞു കാണണുന്നുണ്ട്, ഫഹദ് ഫാസിലിനെ മനസ്സാ ഒന്നോർത്തു കഷണ്ടിയെ സൗന്ദര്യവത്കരിച്ചതിൽ പുള്ളിയുടെ പങ്കു ചെറുതല്ല.
ചായക്കപ്പു എനിക്ക് നീട്ടുന്ന ഗ്യാപ്പിൽ ഞാൻ ചെറുക്കന്റെ കയ്യിലൊന്നു തൊട്ടു.
“ഡീ ഇതു എന്തൊരുറക്കമാ? ഇന്നിവിടെ ഒന്നും വെക്കുന്നില്ലിയോ? ”
ആരുടെയോ സംസാരം കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. കണ്ണുതുറന്നതും കണ്മുന്നിൽ എന്റെ കെട്ടിയോൻ,
“അല്ല ചേട്ടനോ, കയ്യിലിരുന്ന ചായക്കപ്പും ലഡും ജിലേബിമൊക്കെ എന്തിയേ”
“അവളുടെ ഒരു ലഡും ജിലേബി൦, ഉറക്കത്തിലും നിനക്ക് തിന്നുന്ന വിചാരം മാത്രേ ഉള്ളോ, പോയി ചായയിടടി ചായ കുടിക്കാഞ്ഞിട്ട് മനുഷ്യനിവിടെ വയറ്റിലൊരു വെപ്രാളവുമായിട്ട് നിൽക്കുമ്പോളാ അവളുടെയൊരു ലഡും ജിലേബി൦ ”
കണ്ട സ്വപ്‌നങ്ങൾ ഒന്നുകൂടി മനസ്സിൽ റീവൈൻഡ് ചെയ്തു നോക്കിയിട്ട് അവൾ അടുക്കളയിലേക്കു വെച്ചു പിടിച്ചു കെട്ടിയോന് ചായയൊണ്ടാക്കാൻ…

രചന: Anjali Kini

LEAVE A REPLY

Please enter your comment!
Please enter your name here