Home Latest തൊലി പൊളിയുന്ന അവരുടെ ചീത്തയെ കുറിച്ചോർത്തു എന്റെ കുഞ്ഞിന്റെ മുഖം കാണണമെന്ന അതിയായ ആഗ്രഹം പോലും...

തൊലി പൊളിയുന്ന അവരുടെ ചീത്തയെ കുറിച്ചോർത്തു എന്റെ കുഞ്ഞിന്റെ മുഖം കാണണമെന്ന അതിയായ ആഗ്രഹം പോലും ഞാൻ ഉപേക്ഷിച്ചു….

0

“പ്രസവിക്കാൻ പറ്റില്ലെങ്കിൽ ഇതിനൊന്നും നിൽക്കരുത് ”

വേദനയിൽ പുളയുന്ന എന്റെ നിസ്സഹായാവസ്ഥയിലും ആ ഡോക്ടർ ഇങ്ങനെ ചീത്ത പറഞ്ഞു കൊണ്ടേ ഇരുന്നു. മണിക്കൂറുകൾ നീണ്ട വേദന സഹിച്ചു തളർന്നു പോയിരുന്നെങ്കിലുംഞാൻ പിന്നെയും പരിശ്രമിച്ചു കൊണ്ടേ ഇരുന്നു.

“ഇല്ല എനിക്ക് പറ്റുന്നില്ല ” ആവും വിധം ഞാൻ അവരോട് പറഞ്ഞു നോക്കി. അപ്പോഴും അവർക്ക് മറ്റൊന്നും ചിന്തിക്കാൻ തോന്നിയില്ല. അവസാനം എന്തോ അപകടം മണത്തു അവർ അങ്ങോട്ടും ഇങ്ങോട്ടും പായുന്നതാണ് കണ്ടത്. പെട്ടെന്നു തന്നെ ഒരു നേഴ്സ് എന്റെ വയറിനു മുകളിലായി നല്ല ശക്തിയിൽ അമർത്തി. പെട്ടെന്ന് തന്നെ വാക്വo ചെയ്ത് ഫോർസെപ്സ് വഴി കുഞ്ഞിനെ പുറത്തേക്ക് എടുത്തു.

തൊലി പൊളിയുന്ന അവരുടെ ചീത്തയെ കുറിച്ചോർത്തു എന്റെ കുഞ്ഞിന്റെ മുഖം കാണണമെന്ന അതിയായ ആഗ്രഹം പോലും ഞാൻ ഉപേക്ഷിച്ചു.  പിന്നീട് റൂമിലേക്ക്‌ മാറ്റിയതിന് ശേഷമാണ്‌ കുഞ്ഞ് ഐ സി യു വിൽ ആണെന്നും അവൻ പ്രസവിച്ച ഉടനെ കരയാത്തത് കാരണം ഒരു പാട് പ്രശ്നങ്ങൾ ഉണ്ടെന്നും ഏട്ടൻ പറഞ്ഞത്. ഒരക്ഷരം പോലും ഉരിയാടാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോൾ പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്നെ ഡിസ്ചാർജ് ചെയ്തു.

സ്വന്തം കുഞ്ഞില്ലാതെ നീറുന്ന മനസ്സുമായിട്ടാണ് ഞാൻ ആ വീടിന്റെ പടി കയറിയത്.
****ഒരു മരണം നടന്ന വീട് പോലെ ആ വീട് നിശബ്ദമായി തീർന്നു എന്നെ ഡിസ്ചാർജ് ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ ആ ഹോസ്പിറ്റലിൽ വെന്റിലാറ്റർ സൗകര്യം ഇല്ല എന്ന് പറഞ്ഞു കുഞ്ഞിനെ മറ്റൊരു വലിയ ഹോസ്പിറ്റലിലേക്ക് മാറ്റി. ഹോസ്പിറ്റലിൽ ഐ സി യു വിനു പുറത്ത് ഏട്ടൻ ഉറങ്ങാൻ പോലും കഴിയാതെ കാവൽ ഇരുന്നു.

പിന്നീട് നാലോ അഞ്ചോ ദിവസങ്ങൾക്കു ശേഷമാണ് അവിടുത്തെ ഡോക്ടറുടെ നിർദേശപ്രകാരം ഞാൻ അവിടെ ചെല്ലുന്നത്. പിന്നീട് പാല് പിഴിഞ്ഞ് ചെറിയൊരു പാത്രത്തിൽ ആക്കി ആ ഐ സി യു വിന്റെ ഡോറിൽ മുട്ടുമ്പോൾ ഒരു നോക്ക്എങ്കിലും എന്റെ കുഞ്ഞിനെ കാണാൻ സാധിക്കുമോ എന്ന ചിന്തയിൽ ആയിരുന്നു ഞാൻ.
**ഇടയ്ക്കിടയ്ക്ക്അവന്‌ ഫിക്സ് വരുന്നത് കൊണ്ട് വലിയ ഡോസ് മരുന്ന് ആയിരുന്നു കൊടുത്തിരുന്നത്.

കുറേ ദിവസങ്ങൾക്കു ശേഷo ആദ്യമായി കുഞ്ഞിനെ അവർ എന്റെ കൈകളിൽ വച്ച് തരുമ്പോൾ സന്തോഷം കൊണ്ട് എന്റെ കൈകൾ വിറച്ചു. പിന്നീട് ഒരു മാസത്തിനു ശേഷവും കാര്യമായ മാറ്റം ഇല്ലാത്തതിനാലുo അവർക്ക്‌ കൂടുതൽ ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞതിനാലും ആ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീടിലേക്ക്‌ പോന്നു .  അവന്റെ കരച്ചിൽ ഒന്ന് കേൾക്കാൻ ഞങ്ങൾക്ക് രണ്ടര മാസത്തെ കാത്തിരിപ്പ് വേണ്ടി വന്നു.

ഡോക്ടറുടെ നിർദേശപ്രകാരം അവനെ ഞങ്ങൾ പ്രത്യേകം കെയർ ചെയ്തിരുന്നു. തെറാപ്പിസ്റ്റിന്റെ നിർദേശപ്രകാരം ഞങ്ങൾ അവന്റെ കുഞ്ഞികാലുകളും കൈകളും പതുക്കെ മടക്കുകയും നിവർത്തു കയും ചെയ്തു. അധിക രാത്രികളിലും അവന്‌ ഫിക്സ് വരുന്നത് കാരണം ഞാൻ ഉറങ്ങാതെ ഇരുന്നു . അങ്ങനെ എന്റെ ലോകം അവനും ആ നാലു ചുമരുകളും മാത്രം ആയി മാറി.

വേദനിക്കുമ്പോൾ മാത്രം അവൻ കരഞ്ഞു. വിശന്നാലും മൂത്രമൊഴിചാലും ഒന്നും അവൻ അറിഞ്ഞിരുന്നില്ല. ***
മാസങ്ങൾ പോയി വർഷമായിട്ടും അവന്‌ ഒരു മാറ്റവും കണ്ടില്ല. അതിനിടയിൽ ചികിത്സകൾ മാറി മാറി പരീക്ഷിച്ചു. സെറിബ്രൽ പാൾസി എന്ന രോഗത്തിന്റെ തീവ്രതയിൽ ഒന്നും തന്നെ ഫലം കണ്ടില്ല.ജീവിതം തന്നെ നിരാശയിൽ ആഴ്ന്നു പോയി.

കൂടുതൽ ക്ഷമ ഉള്ളവർക്കേ ദൈവം ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കൊടുക്കൂ എന്ന് കേട്ടിട്ടുണ്ട്.

അതു കൊണ്ട് ദൈവത്തിനോട് പോലും പരാതികൾ പറഞ്ഞില്ല. അവൻ വേദനിച്ചു കരയുന്നത് കാണുമ്പോൾ ചങ്കു പൊട്ടി പോകുന്ന വേദനയാകും. കരഞ്ഞു കരഞ്ഞ് കണ്ണിൽ നിന്നും കണ്ണുനീർ വരാത്ത അവസ്ഥയായി.  മൂന്നു വയസ്സായപ്പോഴും അവന്റെ തല ഉറക്കുകയോ പ്രായത്തിനനുസരച്ചുള്ള വളർച്ചയോ അവനിൽ ഉണ്ടായിരുന്നില്ല.****

ഞങ്ങൾക്ക് അവൻ മാത്രം മതി എന്ന് വിചാരിച്ചിരുന്ന
സമയത്താണ് മറ്റുള്ളവരുടെ നിർബന്ധത്താൽ ഞാൻ വീണ്ടും അമ്മ ആകാൻ ഒരുങ്ങിയത്. ഡോക്ടറോട് കാര്യങ്ങൾ എല്ലാo പറഞ്ഞത് കൊണ്ട് ഇനി ഒരു റിസ്ക് വേണ്ടെന്നുo സിസെറിയാൻ ചെയ്യാം എന്നും ഇങ്ങോട്ട് നിർദേശിച്ചത് ഡോക്ടർ തന്നെയായിരുന്നു.പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ അങ്ങനെ എനിക്ക് വേറെ ഒരു മോന കൂടി കിട്ടി.

രണ്ടാമത്തെ പ്രസവം കഴിഞ്ഞ് ഹോസ്പിറ്റലിൽ കിടക്കുമ്പോഴും എന്റെ ചിന്ത മുഴുവൻ വീട്ടിലുള്ള മോനെപ്പറ്റി യായിരുന്നു. കാരണം എന്നേക്കാൾ നന്നായി മറ്റാർക്കും അവനെ നോക്കാൻ കഴിയില്ലെന്ന് എനിക്ക് നന്നായറിയാം. ചെറിയവനെക്കാൾ കൂടുതൽ ശ്രദ്ധ ഞങ്ങൾ മൂത്ത മോനു കൊടുത്തു.  ചെറിയവൻ കയും കാലും ഇളക്കുമ്പോൾ  ആദ്യമൊക്കെ അത്ഭുതമായിരുന്നു.

നാലര കൊല്ലത്തെ കഷ്ടപ്പാടുകൾ എല്ലാo മതിയാക്കിഒരു പനിയുടെ രൂപത്തിൽ വന്ന് അവൻ ഇവിടെ നിന്നും… ഞങ്ങളിൽ നിന്നും യാത്രയായപ്പോൾ ചെറിയ വന് പത്തു മാസം പ്രായം.

പിന്നീട് ആ ഡോക്ടർ കാരണം ഒരു പാട് പേർക്ക് ഇതേ അനുഭവം ഉണ്ടായതായി കേട്ടു.
മനുഷ്യനായി ജനിച്ചാൽ മാത്രം പോര പ്രവർത്തിയിലും അത് തെളിയിക്കാൻ കഴിയണം.

ഒരു ഡോക്ടറിൽ നിന്നും ആർക്കും ഇത്തരം ഒരനുഭവം ഉണ്ടാകാതിരിക്കട്ടെ……….
ഒരു കുഞ്ഞും ഇങ്ങനെ വേദനിക്കാതെ ഇരിക്കട്ടെ…….

രചന : Sreena Unni

LEAVE A REPLY

Please enter your comment!
Please enter your name here