Home Latest അമ്മ ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നിന്നു… പാവം…അമ്മ….

അമ്മ ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നിന്നു… പാവം…അമ്മ….

0

——ഒരു അമ്മ …..

ഓഹ്… അമ്മേ…. നാലു ദിവസമല്ലേ ആയുള്ളൂ…
ആ ചായപ്പൊടിയും തീര്‍ത്തോ….?

അമ്മ ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നിന്നു…

പാവം…അമ്മ…. എനിക്കു സങ്കടം തോന്നി …

ഓ ഓള്‍ഡ് പാര്‍ട്ടീസെല്ലാം വീണ്ടും സഭ കൂടി കാണും അല്ലേ ഇന്നലെ …?

ഈ അമ്മയുടെ ഒരു കാര്യം ….

ഞാന്‍ എത്ര തവണ അമ്മയോട് പറഞ്ഞിട്ടുണ്ട്…..

വരുന്നവര്‍ക്കെല്ലാം ഇങ്ങനെ കട്ടന്‍ ചായ വെച്ച് സല്‍ക്കരിക്കല്ലേന്ന്…

എന്തു പറഞ്ഞാലും മനസ്സിലാവില്ല ഈ അമ്മയ്ക്ക്…

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അമ്മ നിന്നിടം ശൂന്യം…

അടുക്കളയില്‍ പോയികാണും…

ഇതാണെന്‍റ അമ്മ….

അമ്മയ്ക്ക് പ്രായമായെങ്കിലും പശുക്കളെ നോക്കലാണ് പ്രധാന ജോലി…
എന്‍റെ ഓര്‍മ്മ വെച്ച കാലം മുതല്‍ അമ്മയും പശുക്കളും ഉണ്ട് വീട്ടില്‍ ….

ഇപ്പോള്‍ ഒരമ്മ പശുവും അതിന്‍റെ കുഞ്ഞും…..

കറവയുണ്ട്…..രാവിലെ മുതല്‍ രാത്രി വരെ അതിന്‍റെ പിറകേ തന്നെയാ…..

തൊഴുത്തീന്ന് അഴിച്ചു കെട്ടാതെ തീറ്റപുല്ല് അരിഞ്ഞു കെട്ടികൊണ്ടുവന്ന് പശുക്കളെ ഊട്ടുന്ന ഒരാള്‍ ഈ ലോകത്തുണ്ടെങ്കില്‍ അതെന്‍റ അമ്മ മാത്രമായിരിക്കും….

ഇതാ ചായ എടുത്തു വെച്ചിട്ടുണ്ട് …

അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ ഊണ് മേശയ്ക്കരികില്‍ എത്തി …..

കുറച്ചകലെ ഒരനാധി കടയിലാണെനിക്കു ജോലി …

രാവിലെ ഞാന്‍ ഒരു കാലി ചായ കുടിച്ച് പോവും…. 10 മണിക്കു കഴിക്കാനും ഉച്ചയ്ക്കു ഉണ്ണാനും എത്തണം എന്നത് അമ്മയുടെ നിര്‍ബന്ധമായിരുന്നു….
രാവിലെ ഉണര്‍ന്നാല്‍ പശുക്കളെ നോക്കുകയും എനിക്കും അമ്മയ്ക്കുമുള്ള ഭക്ഷണം പാകം ചെയ്യുകയും ചെയ്യാന്‍ എന്‍റമ്മയ്ക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് പലപ്പോഴും എനിക്കു തോന്നാറുണ്ട്…

ചായ കുടിക്കുമ്പോള്‍ അമ്മ വരാന്തയില്‍ നിലത്തു ഇരിപ്പുണ്ടാവും…ഉച്ചയ്ക്കു വേണ്ടുന്ന പച്ചക്കറി അരിഞ്ഞു കൊണ്ട്….

ഡാ ആ പാട്ടൊന്നു വെച്ചേ….

അമ്മ പറയുമ്പോള്‍ ഞാന്‍ മൊബൈല്‍ ഓണ്‍ ചെയ്യുന്നുണ്ടായിരുന്നു…
കുറച്ചു നാളായി എനിക്കു വാട്സാപ്പില്‍ ആരോ അയച്ചു തന്നതായിരുന്നു ആ കവിത …..
ഒരു ദിവസം ഞാന്‍ വെറുതേ കേള്‍പ്പിച്ചതായിരുന്നു അമ്മയെ ആ കവിത ….
പിന്നെ എന്നും രാവിലെ ചായയ്ക്ക് വന്നാല്‍ കേള്‍ക്കണം അമ്മയ്ക്കത്…

”മക്കളായ് നാലു പേരുണ്ടെങ്കിലും …
അമ്മ… ഏകയാണേകയാണീയൂഴിയില്‍…
അച്ഛന്‍ മറഞ്ഞൊരാ കാലം മുതല്‍
അമ്മ ഭാരമായ് തീര്‍ന്നുവോ നാലുപേര്‍ക്കും…”’

ആ കവിത എനിക്കും ഇപ്പോള്‍ ഒരുപാട് ഇഷ്ടമായിരുന്നു….

ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി …
അമ്മ മൗനമായ് ഏതോ ഭൂതകാലത്തിന്‍റ തേരിലേറി എങ്ങോ യാത്ര പോവുന്നപോലെ ലയിച്ചിരിക്കുന്നു….
ആ കണ്ണുകള്‍ നനഞ്ഞിട്ടുണ്ടാവും…
ഞാന്‍ നോട്ടം പിന്‍വലിച്ചു…

പാവം എന്‍റമ്മ…..

ചായ കുടിച്ച് പോവാനിറങ്ങുമ്പോള്‍
അമ്മ പറഞ്ഞു….കാലിത്തീറ്റയും പുണ്ണാക്കും കൊണ്ടു വര്വോ നീ…..

ഞാനെല്ലാതെ പിന്നാരുമല്ല അമ്മയ്ക്ക് എല്ലാം കൊണ്ടു കൊടുക്കുന്നത്….

ഇന്നാ ഇതേ എന്‍റെ കയ്യിലുള്ളൂ…

അമ്മ 500 രൂപ ചുരുട്ടി പിടിച്ചത് എന്‍റ നേര്‍ക്ക് നീട്ടി….
അതും വാങ്ങി നടക്കുമ്പോള്‍ അമ്മ ഓര്‍മ്മിപ്പിച്ചു…
ചായപ്പൊടീം പഞ്ചസാരയും….

ഓ….അതും വേണോ….

ആരേലും വന്നാല്‍ ഒരു തുള്ളി വെള്ളം കൊടുക്കേണ്ടേ മോനേ…

അമ്മ പറഞ്ഞു….

അമ്മയ്ക്കു് ചുറ്റിലുംഉള്ള ഒരഞ്ചാറു സമ പ്രായക്കാരായ സ്ത്രീകളുണ്ട് കൂട്ടുകാരായിട്ട്…..

എന്നും ആരേലും കാണാന്‍ വരും…
ഏതെങ്കിലും സമയങ്ങളിലായിട്ട്…
വന്നാലോ….. വേണ്ടാന്ന് പറഞ്ഞാലും അമ്മ അവരെ വിടത്തില്ല ചായയോ പലഹാരമോ കഴിക്കാതെ…..
അതറിഞ്ഞു കൊണ്ടാവും വൈകിട്ട് വീട്ടിലേക്ക് വരുമ്പോള്‍ എന്തേലും ഒരു പൊതിക്കെട്ട് വാങ്ങാതെ വരാനെനിക്ക് തോന്നാറുമില്ല…..

”ഇന്നു കൊടുക്കുന്ന ഈ വെള്ളം നാളെ ആരെങ്കിലും തരും നമുക്ക്….”

ഓ….ഇതെത്രാമത്തെ തവണയാ എന്നോട് പറയുന്നെ…….?

എന്നാലും പിന്നെയും അമ്മ അതു തന്നെ പറയും….

ഞാന്‍ മാത്രമല്ല അമ്മയ്ക്ക് മക്കള്‍.
എനിക്കു മൂത്തതായ് രണ്ടാണുംഇളയ ഒരു പെങ്ങളും കൂടി നാലു മക്കള്‍…
ഏട്ടന്‍മാര്‍ കുറച്ചു ദൂരെ സ്വന്തം വീടുകളില്‍….അനിയത്തി ഭര്‍ത്താവിന്‍റെ വീട്ടിലും….അവള്‍ വല്ലപ്പോഴും വരും മകനേയും കൂട്ടി രണ്ടു നാള്‍ അമ്മയ്ക്കു കൂട്ടായിട്ട്….അപ്പോഴേ ഞാന്‍ എന്‍റെ വീട്ടിലേക്ക് പോവാറുള്ളൂ….

എന്‍റമ്മയെ തനിച്ചാക്കി പോയിട്ടില്ല ഒരു രാത്രി പോലും….അമ്മയ്ക്ക് പേടിയാ…

പിന്നെ പ്രായമായി വരികയല്ലേ…..
ആരും കണാതെ അമ്മയ്ക്ക് എന്തേലും സംഭവിക്കുമോ എന്ന പേടിയാ എനിക്കും…….

അമ്മ പറയാറുണ്ട് നീ പോയ്ക്കോന്ന്…
ഞാന്‍ ആ യശോദയെ വിളിച്ചോളാം രാത്രിക്ക് കൂട്ടിന്നെന്ന്….
യശോദേച്ചിയും പ്രായമായൊരു സ്ത്രീയാ….
അമ്മയുടെ നിത്യ സന്ദര്‍ശക….
വീട്ടില്‍ ആര്‍ക്കും വേണ്ടാ അവരെ……
മക്കളും മക്കളുടെ മക്കളുമൊക്ക ഉണ്ടെങ്കിലും അവരുടെ സ്വത്തെല്ലാം മുന്നേ തന്നെ എല്ലാവരും ഭാഗം വെച്ചു കൈക്കലാക്കിയിരുന്നു….
അതും പറഞ്ഞ് അമ്മ എപ്പോഴും അവരെ ശകാരിക്കാറുണ്ടായിരുന്നു….

പറ്റിപ്പോയ തെറ്റോര്‍ത്ത് യശോദേച്ചി കരയുമ്പോള്‍ അമ്മയ്ക്കും സങ്കടാവും…..
അപ്പോള്‍ അമ്മ തന്നെ അവരെ സമാധാനിപ്പിക്കുകയും ചെയ്യും ….
എന്നിട്ട് സ്വയം ആശ്വസിക്കാനായി പറയും….എല്ലാവരും എന്നോട് എത്ര തവണ വന്നിട്ട് അടി കൂടിയും മിണ്ടാതെയും പോയിട്ടും ഞാന്‍ ഈ സ്ഥലം വില്‍ക്കാന്‍‍ സമ്മതിക്കാത്തത് ഇതു കൊണ്ടു തന്നെയാ….!

അതു ഞാന്‍ കേള്‍ക്കാനായാ എന്നും പറയുന്നെ….അപ്പോള്‍ ഞാനൊന്നും മിണ്ടാതെ പോവും….എനിക്കും വീടെടുത്ത വകയില്‍ കുറേ കടങ്ങളുണ്ടെങ്കിലും അമ്മയെ വേദനിപ്പിച്ചിട്ട് ഒന്നും വേണ്ടെനിക്ക്….
ചെറു പ്രായത്തില്‍ തന്നെ അച്ഛനുപേക്ഷിച്ചു പോയപ്പോള്‍ എന്‍റമ്മ തളരാതെ കൂലി പണി ചെയ്തൊക്കെയാ നമ്മള്‍ നാലുപേരെയും വളര്‍ത്തി വലുതാക്കിയത്……
അതിലൊരു ബഹുമാനം ഞാനെന്‍റ ഉള്ളില്‍ അമ്മയ്ക്കു വേണ്ടി സൂക്ഷിച്ചിട്ടുണ്ട്………

******* ***********

അപ്പുറത്തെ വീട്ടിലെ സുരേഷേട്ടന്‍ വിളിച്ചു പറഞ്ഞിട്ടാണ് ഞാന്‍ ഹോസ്പിറ്റലില്‍ പാഞ്ഞെത്തിയത്…ഷോപ്പിലെ ആവശ്യത്തിനായി കുറച്ചു ദൂരെ പോവേണ്ടി വന്നതിനാല്‍ ഉച്ചയ്ക്കുണ്ണാന്‍ പോയിരുന്നില്ല….
റൂമിലേക്ക് കടക്കുമ്പോള്‍ തന്നെ കണ്ടു അമ്മയുടെ കൂട്ടുകാരികളായ വീട്ടിന്നടുത്തുള്ള എല്ലാവരും …..
അവരെ കടന്നു ഞാന്‍ അമ്മയ്ക്കരികിലെത്തി….

വലതു കയ്യില്‍ പ്ളാസ്റ്ററിട്ടിട്ട്….കട്ടിലില്‍ ഇരിക്കുന്നു…..

അമ്മേ……എന്താ ഉണ്ടായേ….?

ഞാന്‍ കഞ്ഞിവെള്ളമെടുക്കാന്‍ ദേവീടെ വീട്ടില്‍ പോയതായിരുന്നു….അവിടത്തെ നടേന്ന് കാലു തെന്നി വീണതാ…

കയ്യിലെ എല്ലിന്ന് ചെറിയ പൊട്ടലുണ്ട്….രണ്ടുമാസം വിശ്രമിക്കണംന്നാ ഡോക്ടര്‍ പറഞ്ഞെ….

എന്‍റെ കണ്ണുകള്‍ നിറഞ്ഞതു കണ്ടിട്ടാവാം അമ്മ പറയുകയാ……

ഓഹ്… അമ്മയ്ക്ക് വേദനയൊന്നും ഇല്ലാട്ടോ….മോന്‍ വിഷമിക്കയൊന്നും വേണ്ടാ…..

ഇനി എന്‍റെ പൈക്കളെ ആരാ നോക്കുകാ….ഓ ഓര്‍ത്തിട്ടൊരു സമാധാനവും കിട്ടുന്നില്ലല്ലോ ഈശ്വരാ…. അമ്മ പറഞ്ഞു….

അമ്മ കൈ വേദനകളെല്ലാം മറന്ന് പശുക്കളെ ഓര്‍ത്താണല്ലോ ഇപ്പോഴും സങ്കടപ്പെടുന്നത്….

അമ്മേ ഇനി എങ്ങനാ വരുന്നോര്‍ക്കെല്ലാം ചായ കൊടുക്കുക….

ഞാന്‍ വെറുതേ ചോദിച്ചു …

ഓ അതിനൊന്നും ഒരു തടസ്സോമില്ല…
യശോദേച്ചി ഇപ്പോള്‍ തന്നെ പ
റഞ്ഞല്ലോ…
മോളെ വിളിക്കാനൊന്നും നില്‍ക്കേണ്ടാ ഞാന്‍ നോക്കിക്കൊള്ളാം എല്ലാംന്ന്….

ഞാന്‍ നോക്കുമ്പോള്‍ യശോദേച്ചി അമ്മയെ കഞ്ഞി കോരി
കുടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു….

അമ്മയ്ക്ക്‍ ഇപ്പോള്‍ എന്‍റെ സഹായം വേണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ വെളിയിലേക്ക് ഇറങ്ങി………

”ഇന്നു കൊടുക്കുന്ന ഈ വെള്ളം നാളെ ആരെങ്കിലും തരും നമുക്ക്……”

എത്ര അര്‍ത്ഥവത്തായ വാക്കുകള്‍ …

അമ്മയുടെ വാക്കുകള്‍ ഞാന്‍ ഓര്‍ത്തു…

( ഒരപേക്ഷയാ…. എല്ലാവരോടും..)

നമ്മുടെ വീട്ടിലെ പ്രായമായ അച്ഛനമ്മമാര്‍ക്കെല്ലാം കാണും ഇതു പോലുള്ള കൂട്ടുകെട്ടുകള്‍…..നമ്മുടെ അന്തസ്സും അഭിമാനവുമെന്നൊക്കെ പറഞ്ഞ് നമുക്കത് ഇല്ലാതാക്കാനാവും….പക്ഷേ അപ്പോള്‍ വേദനിക്കുന്ന ആ മനസ്സിനെ എന്തുകൊടുത്താലും പിന്നെ നമുക്ക് സമാധാനിപ്പിക്കാനാവില്ല……

പ്രായമായവര്‍ കുറച്ചു കാലത്തെ ആ ആയുസ്സ് ജീവിച്ചു തീര്‍ത്തോട്ടെ അവരുടെ ഇഷ്ടം പോലെ……

പാവമല്ലേ…….അവര്‍…..

രചന :  Nkr Mattannur…

LEAVE A REPLY

Please enter your comment!
Please enter your name here