Home Latest നിന്റെ സന്തോഷങ്ങളെനിക്ക് വേണ്ട,…, ദുഃഖങ്ങൾ…. അതെനിക്ക് വേണം, എനിക്കുറപ്പുണ്ട് അതിന് വേറെ അവകാശികൾ ഉണ്ടാകില്ലെന്ന്..

നിന്റെ സന്തോഷങ്ങളെനിക്ക് വേണ്ട,…, ദുഃഖങ്ങൾ…. അതെനിക്ക് വേണം, എനിക്കുറപ്പുണ്ട് അതിന് വേറെ അവകാശികൾ ഉണ്ടാകില്ലെന്ന്..

0

വായാടിപ്പെണ്ണിനെ പ്രണയിച്ചവൻ…

അജു തൊഴുത് അമ്പലമതിൽകെട്ടിന് പുറത്തിറങ്ങിയതും മഴ കനത്തിരുന്നു,

പൊടിമീശ പ്രായത്തിൽ മനസ്സില്‍ പ്രതിഷ്ടിച്ചവളുടെ പിറന്നാളാണിന്ന്, അവൾ പടിയിറങ്ങിപ്പോയിട്ട് വർഷങ്ങളായെങ്കിലും ഈ ഒരു ദിവസം ക്ഷേത്രത്തിൽ പോക്ക് അജു മുടക്കാറില്ല,,

അവളുടെ പേരിൽ കഴിപ്പിച്ച പുഷ്പാഞ്ജലിയുടെ പ്രസാദം അവന്റെ കൈയ്യിലുണ്ട്, നെറ്റിയിലെ ചന്ദനം പാഞ്ഞോടിയെത്തിയ മഴത്തുള്ളി മായ്ചിരിക്കുന്നു, അമ്പലത്തിന് പുറത്തെ നടപ്പുരയിൽ അവൻ മഴയെ പ്രാകിക്കൊണ്ട് നിന്നു,,

അവന് പ്രണയമായിരുന്ന മഴ പഴിയായത് അവളുടെ പടിയിറക്കത്തോടെയായിരുന്നു, നടപ്പുരയുടെ ചെരുവിൽ തലയടിച്ച് ജീവൻ ബലിയർപ്പിച്ച ഒാരോ തുള്ളി കണങ്ങളും അവന്റെ മുഖത്തും ശരീരത്തും അന്ധ്യവിശ്രമം കൊണ്ടു,
പാതിയും നനഞ്ഞ് വിറച്ച് എന്തോ പിറുപിറുത്ത് നിൽകുമ്പോഴാണവൻ്റെ കണ്ണിൽ ആ കാഴ്ച തെളിഞ്ഞത്,,

ഒരു കൈയ്യിൽ പ്രസാദവും, മറുകൈ നൈറുകിലും വച്ചുകൊണ്ട് അമ്പലമുറ്റത്തുനിന്നും നടപ്പുരയിലെ ചെരുവ് കുടയെന്നോണം ലക്ഷ്യമാക്കി ഓരു പെൺകുട്ടി ഓടിവരുന്നു,,

നടപ്പുരയുടെ ചുമരിനോട് ചേർന്നുനിന്നാൽ തല നനയാതെ കഷ്ടിച്ച് രക്ഷപെടാം.,
അജു ആ നിൽപ്പ് തുടങ്ങിയിട്ട് പത്തിരുപത് മിനിട്ടോളം ആയിട്ടുണ്ടാകും,,

അവളാകട്ടെ, കുടയായ് തലയിൽ വച്ചിരുന്ന കൈകൊണ്ട് മഴത്തുള്ളികളെ കൈയ്യിൽ ചിതറിപ്പിക്കുകയാണ്..
പെട്ടന്നെന്തോ ഓർമ്മയിൽ വന്നെന്നോണം അവൾ ഞെട്ടി,
അവൾ അജുവിന്റെ മുഖത്തുനോക്കിയൊന്ന് ചിരിച്ചു,,

ചേട്ടാ… സമയം എത്രായീ??..

അവനെന്തോ ഒാർത്ത് നിൽക്കുകയായിരുന്നു,

അവളുടെ ചോദ്യം അവൻ കേട്ടിട്ടില്ലയെന്ന് അവൾക്ക് മനസ്സിലായി,,
അവളും എന്തോ മനസ്സില്‍ ഓർത്തു,,
എന്നട്ടവൾ കൈ പുറത്തേയ്ക് നീട്ടി കുറച്ചുതുള്ളികളെ കൈയ്യിലൊതുക്കി അവന്റെ മുഖത്തേയ്ക് തെളിച്ചു..

ചേട്ടാ ഞാൻ ചോദിച്ചത് വല്ലതും കേട്ടോ…!!

പെട്ടന്നവൻ അവളുടെ മുഖത്തേയ്ക് നോക്കി, ഒരു പരിചയവും ഇല്ലാത്ത മുഖം, മുഖത്തേയ്ക് വെള്ളം തെളിച്ചതിന്റെ ദേഷ്യവും അവന്റെ കണ്ണിൽ ഉണ്ടായിരുന്നു…

ദേഷ്യം കടിച്ചമർത്തിയവൻ ചോദിച്ചു,

എന്താ?? ഞാൻ കേട്ടില്ല..

എങ്ങനെ കേൾക്കാനാ… ആരെ ഓാർത്തിരിക്ക്യാർന്നു ചേട്ടൻ..

ഈ പെണ്ണിനെന്താ വട്ടുണ്ടോ.. എനിക്ക് ഇവളെ അറിയില്ല ആദ്യമായിട്ടാ കാണുന്നതും,, പിന്നെയെന്താ ഈ പെണ്ണ് ഇത്രേം പരിചയത്തിൽ സംസാരിക്കണേ.. അവൻ മനസ്സില്‍ പറഞ്ഞു..

ചേട്ടാ സമയം എത്രായീന്നാ ഞാൻ ചോദിച്ചേ…

ഓ….

അവൻ അരയിൽ തിരുകിയിരുന്ന മൊബൈൽ എടുത്ത് സമയം നോക്കി..
8. 48..

8. 48 ആയി…
അവൻ പറഞ്ഞു..

ന്റെ ക്യഷ്ണാ….

9.30 ന് എനിക്ക് കോളേജിൽ എത്തണ്ടതാ,,
അവളുടെ കണ്ണുകളിൽ ചെറിയൊരു പേടിയുണ്ടായിരുന്നു,

ഇനിയിപ്പോ എന്താ ചെയ്യാ ചേട്ടാ… അവൾ അവനോട് ചോദിച്ചു,,

എനിക്കെങ്ങനാ അറിയാ, കുറച്ച് ദേഷ്യത്തിൽ അവൻ പറഞ്ഞു..

ചേട്ടാ ഞങ്ങളിവിടെ പുതിയ താമസക്കാരാ.. ശനിയാഴ്ച ഇങ്ങോട്ട് താമസം മാറിയുള്ളു… ഇവിടുന്ന് കോളേജിൽ പോകാനൊന്നും എനിക്ക് അറിയില്ല, ഇവിടുന്നുള്ള ഫസ്റ്റ് ഡേ ആയതുകൊണ്ട് അമ്പലത്തിൽ പോകണമെന്ന് ഇന്നലെ തീരുമാനിച്ചതാ, അച്ഛന്‍ കൊണ്ടുവിടാമെന്ന് പറഞ്ഞിരുന്നതാണ്, പഴയ വീടിനടുത്ത് ഒരു മരണാവശ്യം, അച്ഛന്‍ രാവിലെ അങ്ങോട്ട് പോയി, അമ്പലത്തിൽ വരണമെന്ന് തീരുമാനിച്ചതല്ലേ അതുകൊണ്ട് വന്നില്ലെങ്കിൽ ന്റെ കണ്ണൻ പിണങ്ങും അതാ ഞാൻ വന്നത്, അപ്പോ ദാ ഈ മഴ പണി തന്നു..

ഒറ്റ ശ്വാസത്തിൽ അവൾപറഞ്ഞുതീർത്തു..,

ഇതൊക്കെ എന്തിനാ ഇവൾ എന്നോട് പറയണേ..
വട്ടുകേസാണെന്നാ തോന്നണേ..
അവൻ മനസ്സില്‍ പറഞ്ഞു,

മഴയുടെ ശക്തി കുറഞ്ഞുവരുന്നുണ്ടല്ലേ ചേട്ടാ…

ആ..

അവനൊന്ന് മൂളി,,

പതിയെ മഴ തോർന്നു,

ചേട്ടാ ബൈ…

അവൾ നടപ്പുരയിൽ നിന്നുമിറങ്ങിയോടി.,

അമ്പലനടയിലേക്ക് നോക്കി ഒന്നുതൊഴുത് അവനും ഇറങ്ങി നടന്നു..

ദിവസങ്ങൾക്ക് ശേഷം
ബസ്സ് കാത്തുനിൽക്കുകയായിരുന്നു അജു,

ബസ്സ് കാണുന്നില്ലല്ലോ മോനേ… 4 മിനിറ്റ് കൂടെ ഉണ്ട് വേണുവേട്ടാ.. സമയം ആവുന്നതേയുള്ളൂ..

അല്ലാ.. നീയിതെവിടെയായിരുന്നു..??!
ഒരാഴ്ചയായല്ലോ കണ്ടിട്ട്..!

ഒന്നും പറയണ്ട വേണുവേട്ടാ, കംപനി ആവശ്യത്തിന് മുംബൈ വരെ പോകണ്ടിവന്നു, ആകെ അലച്ചിൽ ആയിരുന്നു..

ആഹാ വായാടി വന്നോ.. വേണുവേട്ടൻ തിരിഞ്ഞുനോക്കികൊണ്ട് പറഞ്ഞു,,

വായാടിയോ അതിപ്പൊ ആരാണാവോ., അജുവും തിരിഞ്ഞ് നോക്കി, ആ ഇതു നമ്മുടെ വട്ടുകേസാണല്ലോ.. അവൻ പതുക്കെ അടക്കം പറഞ്ഞു,,

വേണുവേട്ടാ.. സുഖല്ലേ..,
അതേ മോളേ..

മോളേ ഇത് അജിത്ത് ഇവനും രാവിലെ ഉണ്ടാകും ഈ വണ്ടിക്ക് ഒരാഴ്ച ഇവിടെ ഉണ്ടായിരുന്നില്ല അതാ മോൾ കാണാതിരുന്നത്..

ആരാ പറഞ്ഞേ കണ്ടില്ലാന്ന്.. ഞാൻ ഇവിടെ വന്നിട്ട് ആദ്യം പരിചയപ്പെട്ടത് ഈ ചേട്ടനേയാ,, അമ്പലത്തിൽ വച്ച് ഞങ്ങള്‍ കണ്ടിരുന്നു അല്ലേ ചേട്ടാ അവൾ അവന്റെ മുഖത്തുനോക്കി ചോദിച്ചു,,

ബസ്സ് വരുന്നുണ്ട് വേണുവേട്ടാ അതായിരുന്നു അവന്റെ മറുപടി..

ബസ്സ് കോളേജ് സ്റ്റോപിൽ എത്തിയപ്പോൾ അവൾ ഇറങ്ങി, ബൈ വേണുവേട്ടാ എന്നും പറഞ്ഞാണവൾ ഇറങ്ങിപോയത്.,

നീയറിയില്ലേടാ ആ കുട്ടിയെ ??
അമ്പലത്തിൽ വച്ച് കണ്ടിട്ടുണ്ട് വേണുവേട്ടാ..

നമ്മുടെ ശ്രീദരൻ നായരുടെ വീട്ടിലെ പുതിയ വാടകക്കാരാടാ,
വല്ലാത്ത കഷ്ടാ അതിന്റെ കാര്യം..
അതെന്താ വേണുവേട്ടാ അജു ആശ്ചര്യത്തോടെ ചോദിച്ചു..

അതിന്റെ മറുപടി പറയും മുമ്പേ വേണുവേട്ടൻ ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു…

*****************

എന്തായിരിക്കും വേണുവേട്ടൻ അങ്ങനെ പറഞ്ഞത്..!!,
ആ എന്തായാലും വേണുവേട്ടനോട് അതിനെകുറിച്ച് ചോദിക്കണമെന്നവൻ മനസ്സില്‍ ഉറപ്പിച്ചു..

രണ്ടുദിവസങ്ങൾക്ക് ശേഷം ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന അജുവിനെ ഒരു പിൻവിളി നിശ്ചലനാക്കി,
തോമാസേട്ടന്റെ കടയിൽ ചായകുടിച്ച് നിന്നിരുന്ന വേണുവേട്ടനായിരുന്നു അത്..

എന്താ വേണുവേട്ടാ…??

നിൽകെടാ ഞാനും വരുന്നെടാ… മകളുടെ വീടുവരെയൊന്ന് പോണം, രാത്രി മരുമകൻ ലീവ് കഴിഞ്ഞ് തിരിച്ച് പോകും ദുബായ്ക്ക് ഇത് കുറച്ച് അച്ചാറും കായ വറുത്തതുമൊക്കെയാ അവന് കൊണ്ടുപോകാൻ… അതുകൊണ്ട് ഇന്ന് ലീവാക്കാമെന്നു വച്ചു…

ആ എല്ലാ വരവിലും അമ്മായച്ഛന് കുപ്പി കൊണ്ടുവരണതല്ലേ.. അപ്പൊ മരുമകന് വേണ്ടിയൊരു ലീവൊക്കെ എടുക്കാം..
ഒരു കവർ ഇങ്ങു തന്നേക്ക് വേണുവേട്ടാ ഞാന്‍ പിടിച്ചോളാം അജു വേണുവേട്ടന്റെ കയ്യീന്നൊരു കവർ വാങ്ങി പിടിച്ചു,,

അല്ലാ.. നീയിന്നെന്താ മോനേ വൈകിയത്??..

അമ്മയ്ക് ചെറിയൊരു പനി ഹോസ്പിറ്റലിൽ കൊണ്ടുപോയി വന്നപ്പോഴേക്കും സമയം വൈകി, എന്നാപിന്നെ ഹാഫ് ഡേ കേറാന്നു വച്ചു അതാ ഈ നേരത്ത്..

അല്ല വേണുവേട്ടാ..
ആ കുട്ടിയുടെ കാര്യം കഷ്ടാന്ന് എന്താ പറഞ്ഞത്..
ആ വായാടീടെ കാര്യം..!!??

ഓ അതോ,
ഒന്നും പറയണ്ടടാ… അതിന്റെ അച്ഛന് ടൗണിൽ ഓട്ടോ ഒടിക്കലാണ്, വൈകുന്നേരമായാൽ നാലുകാലിലാ വരവ്,
എന്നും തല്ലും വഴക്കുമൊഴിഞ്ഞ നേരമില്ല ആ അമ്മയ്കും മക്കൾക്കും,
അതിന് താഴെ ഒരു പെൺകുട്ടി കൂടെയുണ്ടേ…

ഉണ്ടായിരുന്ന വീടും സ്ഥലവും അയാൾ കുടിച്ച് നശിപ്പിച്ചു,
ഇപ്പോ വാടകവീടുകൾ മാറി മാറി നടക്കുകയാ…

അല്ല ഇത്രേം പെട്ടന്ന് വേണുവേട്ടൻ ഇതെങ്ങനെ അറിഞ്ഞു?!

എന്റെ മൂത്തവളുടെ വീടിനടുത്താ ഇവർ ഇതിനുമുന്പ് താമസിച്ചിരുന്നത്, ഇയാളുടെ ശല്യം സഹിക്കാതായപ്പോൾ അവിടുത്തെ ഹൗസ് ഓണർ ഒഴിയാൻ പറഞ്ഞു,
എന്റെ മോൾക്ക് ഈ കുട്ടികൾ ആയിരുന്നു ഒരാശ്വാസം അവൻ നാട്ടിലും ഇല്ലല്ലോ…
അങ്ങനെ അവൾ വിളിച്ചുപറഞ്ഞിട്ട് ഞാനാണ് ഈ വീട് ഏർപ്പാടാക്കി കൊടുത്തത്.,
അയാൾ കണ്ടാലൊരു മാന്യനാ പെരുമാറാനും നല്ലതാ.. രാത്രിയായാൽ വിധം മാറും, എന്താ ചെയ്യാ.. ഭർത്താവും അച്ഛനുമൊക്കെ ആയിപ്പോയില്ലേ… സഹിക്ക്യതന്നേ…

കഷ്ടം….
അവന്റെ മറുപടി ഒറ്റവാക്കിലൊതുങ്ങി..
കുട്ടികൾ രണ്ടും നല്ല മിടുക്കികളാ.. അതാ ആ അമ്മയുടെ ഏക ആശ്വാസം,
മൂത്തവൾ അനഘ, m com- നാണ് പഠിക്കണേ,നമ്മുടെ ശ്രീ ക്യഷ്ണ കോളേജിൽ, താഴെയുള്ളവൾ അനന്യ.. നമ്മുടെ ബാബുവിന്റെ കണ്ണന്റെ കൂടെയാ പഠിക്കണേ +2 ന് ..
രണ്ടാളും നന്നായി പഠിക്കും,. ഇനി ആ കുട്ടികൾ നന്നായാലേ ആ അമ്മേടെ കണ്ണീര് തോരുള്ളു.,

മനുഷ്യർടെ ഓരോ അവസ്ഥ.. അല്ലേ വേണുവേട്ടാ..
നിസ്സാരവത്കരിച്ചാണ് അജിത്തത് പറഞ്ഞതെങ്കിലും,, ഇത്രയും പ്രശ്നങ്ങളുടെ നടുവിൽ നിന്നിട്ടും ചിരിച്ച് കളിച്ച് നടക്കുന്ന ആ വായാടിയോട് അവന്റെ മനസ്സിലൊരു ബഹുമാനം തോന്നിയിരുന്നു…

പിറ്റേന്ന് മുതൽ അവന്റെ ചുണ്ടിലൊരു ചിരി അവൾക്കായ് മാറ്റിവച്ചിരുന്നു അജു…!!

വൈകാതെ തന്നെ അവർ നല്ല ചങ്ങാതിമാരാവുകയായിരുന്നു,.,
ഉള്ളം പൊള്ളുമ്പോഴും പുറമേ ചിരിച്ച് വായാടുന്ന അവളുടെ ആരാധകനായവൻ മാറുകയായിരുന്നു എന്നുവേണം പറയാൻ…

പെണ്ണിന്റെ പര്യായം ചതിയെന്ന് ഉറപ്പിച്ചുനടന്നിരുന്ന അവന്റെ ഹ്യദയത്തെ പിടിച്ചൊന്ന് കുലുക്കാൻ അവളുടെ കുസ്യതിത്തരത്തിന് കഴിഞ്ഞിരുന്നു എന്നതാണ് സത്യം..,

ഒരുദിവസം രാവിലെ ബസ്സ് സ്റ്റോപ്പിൽ..

ആ വേണുവേട്ടാ വേഗം വായോ..,ബസ്സിപ്പം വരും,

അജൂ നമ്മുടെ വായാടി എത്തിയില്ലേ..
ഇല്ലല്ലോ ഏട്ടാ കണ്ടില്ലല്ലോ…

ഇന്ന് ചിലപ്പോൾ കേളേജ് വല്ല മുടക്കോ മറ്റോ ആയിരിക്കും വേണുവേട്ടൻ പറഞ്ഞു..

അങ്ങനെ ആണെങ്കിൽ ഇന്നലെ പറയേണ്ടതല്ലേ അവൾ.. ചിലപ്പോൾ പെട്ടന്നുള്ള സ്ട്രയ്ക്കെങ്ങാനും ആവും അജിത്ത് മനസ്സില്‍ പറഞ്ഞു…

ബസ്സ് കോളേജ് സ്റ്റോപ്പ് എത്തിയപ്പോൾ അവന്റെ കണ്ണുകള്‍ ചുറ്റുമൊന്ന് ഓടിച്ചു അവൻ,
ഏയ് പിള്ളേരൊക്കെ പോണുണ്ടല്ലോ.., സ്ട്രയ്ക്കൊന്നുമല്ല,

പിറ്റേന്നും അവളെ കണ്ടില്ല…

അടുത്ത ദിവസം അവൻ സ്റ്റോപ്പിലെത്തിയപ്പോൾ അവൾ എത്തിയിരുന്നു,
എന്നും കാണുന്ന അവളില്‍ എന്തോ മാറ്റം അവന് തോന്നിയിരുന്നു..

എന്താടോ വായാീ.. മടി പിടിച്ചോ..!!??
രണ്ടുദിവസം കണ്ടില്ലല്ലോ..??

മൗനമായിരുന്നു അവളുടെ മറുപടി..

ഇവൾക്കിതെന്തുപറ്റി.. വാ തോരാതെ സംസാരിക്കുന്നവൾക്ക് വാക്കുകളില്ലാതെ നിൽകുകയോ… എന്തോ ഗൗരവമുള്ള കാര്യമാണെന്ന് അവന് മനസ്സിലായി., കൂടുതലൊന്നും അവൻ ചോദിച്ചതുമില്ല,,

വേണുവേട്ടൻ വരട്ടെ ആളേക്കൊണ്ട് ചോദിപ്പിക്കാം എന്നുറച്ചവൻ നിന്നു.,,

ദാ വേണുവേട്ടൻ വരുന്നുണ്ട് അവൻ പറഞ്ഞു,

എന്താ മോളേ.. രണ്ടീസം എന്താ ക്ളാസ്സുണ്ടായില്ലേ..!!!??

വേണുവേട്ടന്റെ ചോദ്യത്തിൽ നിന്നുമൊഴിഞ്ഞ് മാറാൻ അവൾക്ക് കഴിഞ്ഞില്ല..!

അച്ഛന്‍…
അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയി വേണുവേട്ടാ..
കഴിഞ്ഞ ദിവസം കുടിച്ച് വന്ന് കയറിയപ്പോൾ, അമ്മ പറഞ്ഞു ഇനിയിതിവിടെ നടക്കില്ല, മക്കൾ പ്രായമായി എന്നൊക്കെ, അതും പറഞ്ഞ് വഴക്കായി,
നിങ്ങൾ എങ്ങനേലും ജീവിച്ചോ എന്നെയിനി നോക്കണ്ടാനും പറഞ്ഞച്ഛൻ പോയി..
അല്ലേലും അച്ഛൻ വീട്ടിലെ ഒരു കാര്യോം അറിയാറില്ല, അമ്മ കടകളിലേയ്ക് തയ്ച് കൊടുക്കുന്നതുകൊണ്ടാ ഞങ്ങൾ കഴിയണേ, അതുകൊണ്ട് ഞങ്ങൾക്ക് വിഷമമൊന്നുമില്ല വേണുവേട്ടാ..
ചിരിക്കാൻ ശ്രമിച്ചുകൊണ്ടാണവളത് പറഞ്ഞതെങ്കിലും മിഴിനീർ ചുണ്ടിലെത്തിയിരുന്നു..

എല്ലാം ശരിയാകും മോളേ.. വേണുവേട്ടന് വേറൊന്നും പറയാൻ കഴിഞ്ഞില്ല,

താനാ കണ്ണൊന്ന് തുടക്കടോ… അജു താഴ്ന്ന സ്വരത്തിലവളോട് പറഞ്ഞു,,

അന്നത്തെ ദിവസം മുഴുവൻ, അവന്റെ മനസ്സില്‍ അവളെക്കുറിച്ചുള്ള ചിന്തയായിരുന്നു..

പതിയേ പതിയേ അവൾ പഴയപോലെയായി മാറി.,

അവളോടുള്ള ഇഷ്ടം അജുവിന്റെ മനസ്സില്‍ കൂടിക്കൂടി വന്നു..,,

ഇനിയൊരു പെണ്ണ് തന്റെ ജീവിതത്തിൽ വേണ്ടെന്നുറപ്പിച്ചിരുന്ന അവന്റെ മനസ്സിൽ തന്റെ പാതിയായ് അവൾ വേണമെന്നൊരു തോന്നൽ അവന്റെ ഉറക്കം കെടുത്തി,,

ദിവസങ്ങൾ കടന്നുപോയ്…

നേർത്ത കുളിരുള്ള ഒരു സന്ധ്യാസമയം,,

അമ്പലമുറ്റത്ത് ആൽത്തറയിലിരുന്ന് ഫോണിലെന്തോ തോണ്ടിക്കുറിക്കുകയായിരുന്നു അജീത്ത്,,

ചേട്ടോ… എന്താ പരിപാടി…??!

ഫോണിൽനിന്നും അവന്റെ കണ്ണുകൾ പതിഞ്ഞത് അവളുടെ മുഖത്തായിരുന്നു..

ഇതാര് അനഘയോ..

ചേട്ടാ ഇതെന്റെ അനുജത്തിയാട്ടോ, അവൾ കൂടെയുണ്ടായിരുന്ന കുട്ടിയെ തൊട്ട് പറഞ്ഞു..
ആണോ..

ആദ്യമായിട്ടാ ഇയാളെ ഞാൻ കാണണേ..

എന്താ മോൾടെ പേര്…

അവളുടെ ഉണ്ടക്കണ്ണിൽ നോക്കിയവൻ ചോദിച്ചു..

അനന്യ…
ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട്,, വഴീക്കൂടെ പോണത്…
പിന്നെ ചേച്ചി കാട്ടിതന്നിരുന്നു, അജിത്തെന്നല്ലേ ചേട്ടന്റെ പേര്… എനിക്കറിയാം…

ആഹാ കൊള്ളാലോ.. ചേച്ചിയെപ്പോലത്തന്നെ നാക്കിന് നീട്ടം കൂടുതലാണല്ലോ..

ഞങ്ങളെ നോക്കാൻ ഞങ്ങളല്ലേയുള്ളൂ ചേട്ടാ.. അപ്പോ നാക്കിനിത്തിരി നീളം നല്ലതാ അനഘയുടെ വകയായിരുന്നു മറുപടി…

അവനെന്തോ അതുകേട്ടപ്പോൾ സങ്കടമാണ് വന്നത്..

ചേട്ടൻ തൊഴുതോ..

ഏയ് ഇല്ല..
നിങ്ങൾ തൊഴുതിട്ട് വായോ ഞാൻ കയറുന്നില്ല,

വായനോട്ടമാണോ അപ്പോ ഉദ്ധേശം… അനന്യ ചിരിച്ചുകൊണ്ട് പറഞ്ഞു..

അതിനുത്തരമെന്നോണം അവനൊന്ന് കണ്ണ് മിഴിച്ചു..,

ഞങ്ങള്‍ തൊഴുതിട്ടുവരാം ചേട്ടാ ചെറു ചിരിയോടെ അനഘ പറഞ്ഞു…

ആ പോയിട്ട് വരൂ…

തൊഴുത് മടങ്ങുന്ന അവളേയും കാത്തവൻ ആൽത്തറയിലിരുന്നു..

ക്ഷേത്ര മതിൽക്കെട്ട് കടന്നവർ വരുന്നത് അവൻ കണ്ടു…

അനഘേ…
ഒന്നുനിന്നേ ഒരു കാര്യം പറയാനുണ്ട്…

എന്താ ചേട്ടാ…

ചേച്ചീ ഒന്നു വേഗം വായോ മഴ വരുന്നൂ..

നീ പൊയ്ക്കോ ഞാൻ വന്നേക്കാം..

ശരി ചേച്ചീ.. ചേട്ടാ ബൈ…. ഇത്രയും പറഞ്ഞ് അനന്യ ഓടി..

എന്താ ചേട്ടാ എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..??..

അവളോട് ഇഷ്ടം പറയാനുള്ള റിഹേഴ്സൽ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും, അജിത്തിന്റെ മനസ്സില്‍ അപ്പോഴൊന്നും തെളിഞ്ഞുവന്നില്ല,,

വേഗം പറ ചേട്ടാ.. മഴ വരുന്നൂട്ടോ, എന്റെ കയ്യിൽ കുടയില്ലാട്ടോ…

പറഞ്ഞുതീരും മുൻപേ മഴ പൊടിഞ്ഞിരുന്നു..!!

അവൾ ഓടി.. നടപ്പുരയാണ് ലക്ഷ്യം,
അവനും അങ്ങോട്ടോടി..,

അനഘേ..
നമ്മൾ ആദ്യമായി കണ്ടതോർമ്മയുണ്ടോ..?

ഇതുചോദിക്കാനാണോ എന്നെയീ മഴയത്ത് വലച്ചത്…
കൈകൾ മഴത്തുള്ളിക്കായ് നീട്ടിയവൾ ചോദിച്ചു..

അതല്ലടീ…. എനിക്ക് നിന്നെ ഇഷ്ടമാണ്, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്,, നിന്നോട് പറയണമെന്ന് കുറച്ച് നാളായി വിചാരിക്കുന്നു.. ഇപ്പോഴാ സന്ദർഭമൊത്തുവന്നത്…

അവളുടെ കണ്ണിൽ ഒരു ചിരിയായിരുന്നു.,

സഹതാപമാണോ ചേട്ടാ….

എനിക്കൊരുപാട് കടമകളുണ്ട്, അമ്മ… അനുജത്തീ.. അവർക്കിനി ഞാൻ മാത്രമേയുള്ളു..
പഠിച്ചൊരു ജോലി വാങ്ങണം, അവളെ പഠിപ്പിച്ചൊരു നിലയിലെത്തിക്കണം, അമ്മയുടെ കഷ്ടപ്പാടുകൾക്കൊരു അന്ധ്യം കുറിക്കണം…
ഇതല്ലാതെ മറ്റൊന്നും എന്റെ മനസ്സില്‍ ഇല്ല ചേട്ടാ..
ചേട്ടനെന്നേക്കാളും നല്ല കുട്ടിയെ കിട്ടും..

അവളുടെ മറുപടി അവളോടുള്ള ഇഷ്ടം അവനിൽ, കൂട്ടുകയായിരുന്ന..

നിന്നേക്കാൾ നല്ലതോ പൊട്ടയോ വേറെ കിട്ടുമായിരിക്കും..
നിന്നെപോലെ നീ മാത്രമേയുള്ളു അനഘേ..

നിന്റെ സന്തോഷങ്ങളെനിക്ക് വേണ്ട,…,
ദുഃഖങ്ങൾ…. അതെനിക്ക് വേണം, എനിക്കുറപ്പുണ്ട് അതിന് വേറെ അവകാശികൾ ഉണ്ടാകില്ലെന്ന്..
നിന്റെ സ്വപ്നങ്ങൾക്കും കടമകൾക്കും ഞാനും ഉണ്ടാകും കുടെയെന്നും…

അവന്റെ ഉറച്ച വാക്കുകളിൽ കരുതലും സ്നേഹവുമവൾക്ക് തോന്നി..

അവളുടെ കൈയ്യിലിരുന്ന വാഴയിലച്ചീന്തിലെ ചന്ദനക്കുറിയവൾ അവന്റെ നെറ്റിയിൽ ചാർത്ത..
കുസ്യതിക്കാരിയുടെ കണ്ണിൽ ആദ്യമായ് നാണമെന്ന വികാരം അവൻ കണ്ടു.. ചെറിയൊരു ചിരി ചുണ്ടിൽ വിരിച്ചുകൊണ്ടവൾ മഴയത്തിറങ്ങിയോടി…

തന്റെ മുന്നിൽ പെയ്യുന്നത് മഴയല്ല….
പ്രണയമാണെന്നവൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്….

പിന്നീടങ്ങോട്ടുള്ള വർഷങ്ങളൾ, അവരുടേതായിരുന്നു,,
ഒരാണിന്റെ സ്നേഹവും, സുരക്ഷയും അവളുടെ ലക്ഷ്യങ്ങളോരേന്നായ് നേടിയെടുക്കാനവളെ സഹായിച്ചു, ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും അവരുടെ
പ്രണയത്തേയും മധുരമാക്കി..!

അവർ ആദ്യമായ് കണ്ടുമുട്ടിയ… ഇഷ്ടം തുറന്നു പറഞ്ഞ…
പിന്നീട് പലവട്ടം പ്രണയം പങ്കുവച്ച ആ ആ അമ്പലത്തിന്റെ നടപ്പുര ഇന്നവർ കടക്കുകയാണ്……..

അവന്റെ വായാടിയെ,
ഒരു താലിച്ചരടിൽ, ഒരുനുള്ള് സിന്ധൂര തൂളിൽ സ്വന്തമാക്കുന്ന ദിവസമാണിന്ന്..,
വീട്ടുകാരുടെ അനുഗ്യ്രഹത്തോടെ അവരൊന്നിക്കുന്ന ദിവസം……

വായാടിയും, അവളുടെ അജുവേട്ടനും ഇനിയങ്ങോട്ടുള്ള യാത്രകളിൽ ഒന്നിച്ചാണ്..
അവന്റെ നെഞ്ചിൽ മുഖമമർത്തി വിതുമ്പിയാൽ തീരാത്ത ദുഃഖങ്ങളില്ലായെന്ന് കാലം അവളെ പഠിപ്പിച്ചു…

ഇപ്പോഴാണവൾക്ക് അവനന്ന് പറഞ്ഞ വാക്കുകളൾ ഗ്രഹിച്ചത്..

“നിന്റെ സന്തോഷങ്ങളെനിക്ക് വേണ്ടാ…
ദുഃഖങ്ങൾ…
അതെനിക്ക് വേണം..
എനിക്കുറപ്പുണ്ട് അതിനുവേറെ അവകാശികൾ ഉണ്ടാകില്ലെന്ന്..”

രചന : അർjuൻ KP ചെറുVAത്തൂർ

LEAVE A REPLY

Please enter your comment!
Please enter your name here