Home Latest എന്താ സുധീഷേട്ടാ… എന്നെ കല്ല്യാണം കഴിക്കണോ… അതോ ഒരു രാത്രി മതിയോ..!!

എന്താ സുധീഷേട്ടാ… എന്നെ കല്ല്യാണം കഴിക്കണോ… അതോ ഒരു രാത്രി മതിയോ..!!

0

സുധാകരേട്ടന്റെ ചായക്കടയിലിരുന്ന് ചൂട് കടും കാപ്പി ഊതിയൂതി കുടിച്ചുകൊണ്ടിരിക്കുകയാണ് സുധി…

ഭൂമിയോടുള്ള മഴയുടെ സ്നേഹാലിംഗനമെന്നോണം ശക്തിയായ മഴയാണ് പുറത്ത്,,
തണുത്ത കാറ്റും വീശുന്നുണ്ട്,,
മഴയുടെ ശബ്ദവും കാപ്പി ക്ളാസ്സിൽ നിന്ന് മുഖത്തേയ്ക് അടിക്കുന്ന ചെറു ചൂടുള്ള ആവിയും, കടുപ്പമുള്ള കാപ്പിയും ആസ്വതിച്ചങ്ങനെ കടയുടെ ഇടത് മൂലയിൽ തിളച്ചിരിക്കുന്ന സമോവറിന്റെ ചൂടുപറ്റി അതിനടുത്ത് കിടക്കുന്ന പലക ബഞ്ചിലാണ് സുധി ഇരിപ്പുറപ്പിച്ചിരിക്കുന്നത്,,

ടാ സുധീഷേ… നീയിന്നും പണിക്ക് പോയില്ലേടാ..!!??

ഓ ഇല്ല സുധാകരേട്ടാ മഴയല്ലേ…

അപ്പോ ഇന്നലെയോ…

അതുപിന്നെ….
വയ്യായിരുന്നു അതാ പോകാഞ്ഞെ..

നീയിങ്ങനെ ഉഴപ്പി നടന്നോടാ.. ആ പാവം അച്ഛനും അമ്മയും കഷ്ടപ്പെടുന്നുണ്ടല്ലോ നിനക്കൊക്കെ വേണ്ടി.. വയസ്സ് പത്തിരുപത്തേഴ് ആയില്ലേടാ ഇനിയെങ്കിലും ഈ ഉഴപ്പൊക്കെ മാറ്റാൻ നോക്ക് നീ..

സുധാകരേട്ടന്റെ ഉപദേശം സുധിയെ സമോവറിനേക്കാൾ ചൂടുപിടിപ്പിച്ചു…

മറുത്തൊന്നും പറയാതെ സുധി നെറ്റി ചുളിച്ചുകൊണ്ട് കുടയുമെടുത്ത് കടയിൽ നിന്നുമിറങ്ങി നടന്നു, ഉള്ളിലെന്തോ പിറുപിറുത്തുകൊണ്ടാണവൻ നടക്കുന്നത്…

സുധാകരേട്ടന്റെ മകൻ ഹരിയും സുധിയും സമ പ്രായക്കാരാണ്, ഒരുമിച്ച് കളിച്ച് വളർന്നവർ., നാല് വർഷം മുൻപൊരു ബൈക്ക് ആക്സിഡന്റിൽ ഹരി……
തന്റെ ഹരിയുടെ സ്ഥാനത്താണ് സുധാകരേട്ടൻ സുധിയെ കാണുന്നത് ആ വാത്സല്യവും സ്നേഹവും സുധാകരേട്ടന് സുധിയോട് ഉണ്ട് താനും, സുധിക്കും അത് നന്നായറിയാം…

കോരിച്ചൊരിയുന്ന മഴയത്ത് കുടയും കറക്കി സുധി നടക്കുകയാണ്,,

സമയം നാല് നാലര ആയിട്ടുണ്ടാകും,
എല്ലാവന്മാരും ജോലിക്ക് പോയിട്ട് എത്തിയിട്ടില്ല,, വീട്ടിലിരുന്ന് മടുക്കേം ചെയ്തു., സുധാകരേട്ടന്റെ കടേലിരിക്കാനു വച്ചാൽ ഉപദേശം കേട്ട് ജീവിതം തന്നെ മടുക്കും… സുധി മനസ്സില്‍ പിറു പിറുത്തുകൊണ്ട് നടന്നു…

സന്ധ്യയായാൽ യൂത്തന്മാരെല്ലാം ക്ളബ്ബിൽ ആണ് ഒത്തുചേരൽ.. സുധിയുടെ നടത്തം ചെന്നവസാനിച്ചത് ക്ളബ്ബിന്റെ മുൻപിൽ തന്നെയായിരുന്നു..

ആരും എത്തിയിട്ടില്ല..
സുധി ക്ളബ്ബിന്റെ മുൻപിലെ പൂച്ചട്ടിയുടെ അടിയിൽ നിന്നും താക്കോലെടുത്ത് കതക് തുറന്ന് അകത്തു കയറി, ജനലിനടുത്തേയ്ക് ഒരു കസേര വലിച്ചിട്ട് ടി.വി-യും ഓൺ ചെയ് അവിടെ ഇരിപ്പുറപ്പിച്ചു….!!

ജനലിനപ്പുറം മഴ തിമിർത്തുകൊണ്ടിരിക്യയാണ്,, ടി.വി-യിൽ ചാനലുകൾ മാറ്റി മാറ്റി ടി.വി റിമോർട്ടിന്റെ പ്രാക്ക് ഏൽക്കുകയാണ് സുധി.,

പെട്ടന്ന് ജനലിനപ്പുറം ഒരു കുടയുടെ വർണ്ണം അവന്റെ കണ്ണിൽ തെളിഞ്ഞു,
കടും നീല നിറമുള്ള ഒരു കുടയ്കു കീഴേ ലക്ഷ്മി….
ജോലി കഴിഞ്ഞുള്ള വരവാണ്,
ക്ഷണ നേരം കൊണ്ടവൾ ജനൽ പാളികളിലൂടെയുള്ള സുധിയുടെ കാഴ്ചയിൽ നിന്നും മറഞ്ഞുപോയിരുന്നു.,

****——*****——-*****
ലക്ഷ്മി… സുധിയടക്കമുള്ള അവിടുത്തെ യൂത്തന്മാരുടെ സ്വപ്നം..
പലരും പല വട്ടം അവളോട് ഇഷ്ടം പറഞ്ഞിട്ടുമുണ്ട്, പറഞ്ഞവരെല്ലാം അവളുടെ നാവിന്റെ വഴക്കം അറിഞ്ഞിട്ടൂമുണ്ട്,,
സുധിക്കെന്തോ അവളോടുള്ള ഇഷ്ടം തുറന്നുപറയാനുള്ള ദൈര്യം തോന്നിയിരുന്നില്ല,,

പറഞ്ഞിരുന്നെങ്കിൽ നേരിൽ കാണുമ്പോഴുള്ള ചിരിയും നഷ്ടമായേനേ എന്നൊരാശ്യാസവും സുധിക്കുണ്ട്,,

അവളോട് ഇഷ്ടം പറഞ്ഞവരെല്ലാം അവളുടെ സൗന്ദര്യത്തെ വർണ്ണിച്ചിരുന്നപ്പോൾ, സുധിക്ക് അവളോടുള്ള ഇഷ്ടത്തിന് അല്ലെങ്കിൽ ആരാദനയ്ക് കാരണം മറ്റൊന്നായിരുന്നു..

ലക്ഷ്മിയുടെ ചെറു പ്രായത്തിൽ തന്നെ അവൾക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു,
അമ്മയുടെ മരണശേഷം അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അച്ഛനും സമയമുണ്ടായിരുന്നില്ല, കുട്ടിയെ നോക്കാനെന്നോണം വീട്ടുകാർ അച്ഛനെ മറ്റൊരു വിവാഹത്തിന് നിർബന്തിച്ചുതുടങ്ങി,,
വീട്ടുകാരുടെ നിർബന്തത്തിനപ്പുറം തന്റെ മകൾക്കൊരു തുണയാവുമല്ലോ എന്നോർത്ത് അച്ഛന്‍ രണ്ടാം വിവാഹത്തിന്
സമ്മതം അറിയിച്ചു,
അങ്ങനെ ലക്ഷ്മിക്ക് തുണയായ് ഒരമ്മയെ കിട്ടി..
ആദ്യമൊക്കാ അച്ഛന്റെ ആഗ്രഹം പോലെ തന്നെ സ്വന്തം മകളെപോലെ ലക്ഷ്മിയെ രണ്ടാനമ്മ നോക്കിയിരുന്നു,,
അധികം താമസിയാതെ തന്നെ എല്ലാം തലകീഴായ് മറിഞ്ഞിരുന്നു,,
അച്ഛന് രണ്ടാനമ്മയിൽ കുട്ടി ജനിച്ചതോടെ ലക്ഷ്മി ആ വീട്ടിൽ ഒരധികപറ്റായി മാറുകയായിരുന്നു,
എന്നും തല്ലും വഴക്കും….
അവളുടെ ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങളായിരുന്നു കുട്ടികാലം..
തുടർന്നങ്ങോട്ടുള്ള പഠിത്തവും, ജീവിതവുമെല്ലാം ഹോസ്റ്റലിൽ നിന്നായിരുന്നു,..

എന്തോ കടമ ചെയ്തു തീർക്കുന്നതു പോലെയുള്ള, രണ്ടാനമ്മ അറിയാതെയുള്ള അച്ഛന്റെ സ്നേഹപ്രകടനമായിരുന്നു അവളുടെ ഏക ആശ്വാസം…

ലക്ഷ്മിയുടെ ജീവിതത്തിൽ വീണ്ടും വിധി കരിനിഴൽ വീഴ്ത്തിയത് അവളുടെ P.G പഠനകാലത്തായിരുന്നു,
നിർമ്മാണ തൊഴിലാളിയായിരുന്ന അവളുടെ അച്ഛന്‍ ഒരപകടത്തിൽ പെട്ട് കിടപ്പിലായി,, അതോടെ പഠനം നിലച്ചു..

അവളുടെ ജാതക ദോഷം കൊണ്ടാണ് അമ്മ മരിച്ചതെന്നും ദേ… ഇപ്പോൾ അച്ഛന്‍ കിടപ്പിലായതും അവളുടെ ജാതക ദോഷം കൊണ്ട് തന്നെയാണെന്നുമാണ് രണ്ടാനമ്മയുടെ അടക്കം പറച്ചിൽ,,

നമ്മുടെ നാട്ടുകാർ എന്തേലും കിട്ടാൻ കാത്തിരിക്യയല്ലേ..
അവരും അതങ്ങ് ഏറ്റുപിടിച്ചു, അങ്ങനെ അവൾ ഒരു ദോഷക്കാരി പെണ്ണായി എല്ലാവരുടെയും കണ്ണിൽ..
കാണുന്നവർക്കെല്ലാം ഒരു പുച്ഛഭാവം ആയിരുന്നു അവളോട്,..

ഇത്രയൊക്കെ അവഗണനകള്‍ സഹിച്ചും ആ കുടുംബം പോറ്റുന്നത് അവളാണ്, അച്ഛന്റെ മരുന്നും വീട്ടുചിലവും എല്ലാം നടക്കുന്നത് അവളുടെ വരുമാനം കൊണ്ടാണ്..
എന്നിട്ടും നശിച്ചവൾ എന്നുള്ള വിളിയാണ് അവൾക്കലങ്കാരം..

”ഒരു പെണ്ണൊരുത്തി ഇത്രയൊക്കെ കഷ്ടപ്പെടുന്നുണ്ടല്ലോ ആ കുടുംബത്തിന് വേണ്ടി.. അവളെ സമ്മതിക്കണം.”… അവളെ കാണുമ്പോഴെല്ലാം സുധിയുടെ മനസ്സില്‍ ആദ്യം കടന്നുവരുന്ന വാചകങ്ങളാണിത്, അതുകൊണ്ട് തന്നെയാവണം അവന്റെ മനസ്സില്‍ ഒരു പ്രതേ്യക സ്ഥാനം അവൾക്കുണ്ടായതും…..

ദിവസ്സങ്ങളോരോന്നായ് കടന്നു പോയ്കൊണ്ടിരുന്നു.,
വീട്ടിലെ ഉത്തരവാദിത്വങ്ങളോരോന്നായ് സുധിയിലേയ്ക് വന്നെത്തിപ്പെട്ടുകൊണ്ടിരുന്നു,, അതോടെ മടിപിടിച്ചുള്ള ലീവെടുപ്പും ഉഴപ്പും സുധിക്ക് അവസാനിപ്പിക്കേണ്ടിവന്നു…
അല്ല… അതു തുടർന്നാൽ ഒരു മാസം കൂട്ടിമുട്ടിക്കാൻ കഴിയില്ലെന്നവൻ മനസ്സിലാക്കി എന്നുവേണം പറയാൻ…
കുടുംബം നോക്കുന്ന സംതൃപ്തിയും ഇത്രയും കാലം അച്ഛന്‍ അനുഭവിച്ച കഷ്ടപ്പാടും തിരിച്ചറിഞ്ഞ നാളുകളായിരുന്നു സുധിക്ക് പിന്നീടങ്ങോട്ട്….

നേർത്ത ചാറ്റൽ മഴയുള്ളൊരു സന്ധ്യയിൽ, ജോലി കഴിഞ്ഞ് വീട്ടിലേയ്ക് സാധനങ്ങൾ വാങ്ങാൻ അമ്മ എഴുതി തന്നുവിട്ട തുണ്ട് കടലാസുമായി ചന്തയിൽ നിൽക്കുകയാണ് സുധി..,
പെട്ടന്നാണ് അവന്റെ കണ്ണിൽ ലക്ഷ്മിയുടെ മുഖം തെളിഞ്ഞത്,,

അപ്പുറത്തെ പച്ചകറികടയിൽ ലക്ഷ്മി നിൽകുന്നു..

അവൻ കൈയ്യിലെ സാധനങ്ങളുടെ ബില്ലെടുത്ത് കടക്കാരന് കൊടുത്തു..

ഇതെല്ലാമൊന്ന് എടുത്ത് വയ്ക്ക് ചേട്ടാ… ഞാൻ ദാ വരുന്നു..,,

ബില്ല് കടക്കാരനെ ഏൽപ്പിച്ച് സുധി ലക്ഷ്മിയെ ലക്ഷ്യമാക്കി നടന്നു

ഇതാര് ലക്ഷ്മിയോ…
എന്താ ഇവിടെ…!!

അവന്റെ കുശലാന്വോഷണം, അവൾക്കത്ര രസിച്ചിട്ടില്ലാത്ത ഭാവത്തിലാണ് ലക്ഷ്മിയുടെ നിൽപ്..

സുധി വീണ്ടും തുടർന്നു..

പച്ചക്കറി വാങ്ങാൻ വന്നതാവും അല്ലേ..?!!,,

ഉം… അതേ…

ലക്ഷ്മി ചെറൂ മൂളൽ കൊണ്ടവനെ ഒതുക്കി..

ലക്ഷ്മി…
അതേ… എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ടാർന്നു…
കുറേയേറെ നാളായി പറയണം പറയണം എന്നുകരുതി നടക്കുകയായിരുന്നു,
ഇപ്പോഴാ അതിനുള്ള അവസരം ഒത്തുവന്നത്..,

സുധിയുടെ ചുറ്റി വളയ്ക്കൽ എങ്ങോട്ടാണെന്ന് മധസ്സിലായെന്നോണം ലക്ഷ്മിയുടെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു..

എന്താ സുധീഷേട്ടാ…
എന്നെ കല്ല്യാണം കഴിക്കണോ… അതോ ഒരു രാത്രി മതിയോ..!!

ലക്ഷ്മിയുടെ വാക്കുകളൾ അവന്റെ കാതുകളിൽ തുളച്ചുകയറി.,

ലക്ഷ്മി തുടർന്നു..
ചിലർക്ക് ദിവ്യ പ്രേമമാണ് പോലും, മറ്റുചിലർക്ക് വീട്ടിലെ കഷ്ടപ്പാടറിഞ്ഞ് സഹായിക്കണം, പകരം ഞാനെന്റെ ശരീരം കാഴ്ച വയ്കണം… എല്ലാവരുടെയും നോട്ടം ഒരുപോലെ തന്നെ,,
പട്ടിണി മാറ്റാൻ മടിക്കുത്തഴിക്കണോ ഞാൻ??
അതോ വീട്ടുകാരെ കൊടും ദാരിദ്രത്തിലേയ്ക്ക് തള്ളി എന്റെ മാത്രം സുഖം നോക്കി ജീവിക്കണോ..??

വീട്ടിലൽപം സാമ്പത്തിക ബുദ്ധിമുട്ടുണ്ട്.., എന്നുകരൂതി മാനം പണയം വച്ചിട്ടില്ല ഇതുവരെ…

ലക്ഷ്മിയുടെ വാക്കുകൾ കേട്ട് സുധി അമ്പരന്ന് നിന്നു,,

അവളുടെ വാക്കുകൾക്ക് മൂർച്ചയല്പം കൂടിപോയെന്ന് അവൾക്കറിയാം, എന്നും അവൾക്കുണ്ടാവുന്ന അനുഭവങ്ങളുടെ തിരിച്ചറിവിലാണ് അവളങ്ങനെയൊക്കെ പറഞ്ഞതും,
പെണ്ണായ് പിറന്നതിൽ സ്വയം വെറുത്തിരുന്നു ലക്ഷ്മി/ അല്ലെങ്കിൽ (നാമടക്കമുള്ള സമൂഹം അവളെയതിന് പ്രേരിപ്പിച്ചിരുന്നു എന്നൂവേണം പറയാൻ..)

മാന്യമായി തന്റെ വീട്ടിൽ ആലോചിച്ച് വിവാഹം കഴിക്കണമെന്നേ എനിക്കുണ്ടായിരുന്നുള്ളു ലക്ഷ്മി..
താൻ ഇങ്ങനെയാണോ എന്നെ കരുതിയിരിക്കുന്നത്..!!?
സുധി താഴ്ന്ന സ്വരത്തിൽ പറഞ്ഞു..

ഞാന്‍ പോട്ടേ ലക്ഷ്മി…
കടയിൽ ഒന്നു കയറണം…

ഒറ്റ ശ്വാസത്തിൽ വാക്കുകൾ അവസാനിപ്പിച്ച് സുധി തിരിഞ്ഞ് നടന്നു…

ച്ഛേ…. ഒന്നും പറയണ്ടായിരുന്നു, കാണുമ്പോൾ ഉള്ള ചിരിയും ഇനി ഉണ്ടാകില്ല… സുധി മനസ്സില്‍ പറഞ്ഞു..

തന്റെ വാക്കുകൾ അല്പം കനത്തുപോയോ എന്നൊരു ചിന്ത ലക്ഷ്മിയുടെ മനസ്സിലും തോന്നിയിരുന്നു…

ഇന്നെന്താ മോനേ നീ നേരത്തേയാണല്ലോ..??!!

കുറച്ച് നേരത്തേയിറങ്ങി സുധാകരേട്ടാ, ടൗണിൽ പോയിട്ട കുറച്ച് കാര്യങ്ങളുണ്ടായിരുന്നു..
ഒരു കടും കാപ്പിയെടുക്ക് സുധാകരേട്ടാ….
സുധി ബൈക്ക് സ്റ്റാന്റിലിട്ട് കടയിലെ സ്ഥിരം ബഞ്ചിൽ ഇരുന്നു…

കാപ്പി ക്ളാസ്സും ചുണ്ടിലുറപ്പിച്ച് സുധി സുധാകരേട്ടനോട് കുശലം പറഞ്ഞിരുന്നു..

എന്തോ…. സ്ഥിരം ഉപദേശം ഇല്ല സുധാകരേട്ടന്റെ സംസാരത്തിൽ…

ഉപദേശിച്ച് മടുത്തതോ… അതോ ഞാന്‍ നന്നായതോ..!!!!
സുധിയുടെ മനസ്സില്‍ ഈ ചോദ്യത്തോടൊപ്പം മുഖത്തൊരു പുഞ്ചിരിയും വിടർന്നിരുന്നു…

മാസങ്ങൾക്ക് ശേഷം…
മരണക്കുയിലിന്റെ കൂക്കൽ അലയടിക്കുന്നൊരു രാത്രി..

ലക്ഷ്മിയുടെ ജീവിതത്തിൽ വീണ്ടും വിധിയുടെ വിളയാട്ടം..,
അവളുടെ അച്ഛന്‍…
അച്ഛനും അമ്മയുടെ അടുത്തേയ്ക് യാത്രയായിരിക്കുന്നു..

അച്ഛന്റെ ശവശരീരത്തിന് മുൻപിൽ അലമുറയിട്ട് കരയുകയാണ് രണ്ടാനമ്മയും ബന്ധുക്കളും..,
അച്ഛന്റെ തലക്കാം ഭാഗത്തായ് ലക്ഷ്മി ഇരിക്കുന്നുണ്ട്, നിശ്ചലയാണവൾ, കണ്ണീരിൽ കുതിർന്ന അവളുടെ കണ്ണുകളിൽ രണ്ടായ് പകുത്ത നാളികേര-മുറിയിൽ എരിയുന്ന തിരിനാളം കാണാം…

ആ നാല് ചുമരുകൾക്കിടയിൽ അവൾക്കുണ്ടായിരുന്ന ഏക ആശ്വാസം അച്ഛന്‍…..
അച്ഛനും ഒരോർമ്മയായ് മാറിയിരിക്കുന്നു ലക്ഷ്മിക്ക്…
കുറച്ച് നാളുകളെടുത്തു അവൾ ആ ഷോക്കിൽനിന്ന് മുക്തയാവാൻ,,

ദിവസങ്ങൾക്ക് ശേഷം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അവളേയും കാത്തെന്നോണം രണ്ടാനമ്മ ഉമ്മറത്ത് തന്നെ നിൽകുന്നുണ്ടായിരുന്നു,, തിണ്ണയിൽ ഒരു ബാഗും ഉണ്ടായിരുന്നു..

ലക്ഷ്മി മുറ്റത്തെത്തിയതും ആ ബാഗ് അവർ അവളുടെ മുന്നിലേയ്ക്ക് എറിഞ്ഞു…

എങ്ങോട്ടാ ഈ കയറി വരുന്നത്…!!!
അമ്മയേയും കൊന്നു, ദാ ഇപ്പോഴെന്റെ താലിയും അറുത്തു…
ഇനി നിനക്ക് ഞങ്ങളുടെ കൂടെ ശവം കാണണോ ഒരുമ്പെട്ടവളേ…..!!
രണ്ടാനമ്മ കത്തികയറുകയാണ്…

അവരുടെ ശബ്ദം കേട്ട് അയൽക്കാരും ഓടിക്കൂടി…

മറുത്തൊന്നും പറയാതെ നിശ്ചലയായ് നിൽക്കുകയാണ് ലക്ഷ്മി..

എന്ത് അക്രമമാണ് ഈ സ്ത്രീ കാണിക്കൂന്നത് കണ്ണിൽ ചോരയില്ലേ അവർക്ക്…!! അവിടെ കൂടിയ അയൽക്കാരിലൊരാൾ പറഞ്ഞു..

ആ അതുതന്നെ ചെയ്യണം അല്ലെങ്കിൽ അവളുടെ ജാതക ദോഷം കാരണം ആ കുടുംബം ഇല്ലാതാകും…
മറ്റൊരാളുടെ അഭിപ്രായം അതായിരുന്നു…
(പെറ്റമ്മയെ തല്ലിയാലും രണ്ടുപക്ഷം പറയാനും ആളുണ്ടാവുമല്ലോ നമ്മുടെ നാട്ടില്‍ )

വാക്കുകളില്ലാതെ, എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കയാണ് ലക്ഷ്മി….

ആൾക്കൂട്ടം കണ്ടിട്ടാണ്, ജോലികഴിഞ്ഞ് വരികയായിരുന്ന സുധി ലക്ഷ്മിയുടെ വീടിനുമുൻപിൽ വണ്ടിനിർത്തിയത്…
കാര്യമെന്തെന്നറിയാനവൻ, മുറ്റത്തേയ്ക് കടന്നു നിന്നു..
അയൽക്കാരെല്ലാം മൂക്കിൽ വിരലും വച്ച് നിൽക്കയാണ്..

രണ്ടാനമ്മയുടെ വാക്കുകൾ കനത്തുകൊണ്ടേയിരുന്നു..

പെട്ടന്നവൻ മുൻപിലേയ്ക് കടന്ന് ആ ബാഗെടുത്ത് കൈയ്യിൽ പിടിച്ചു.,
മറുകൈ ലക്ഷ്മിയുടെ വലം കൈയ്യിലും,

ലക്ഷ്മിയുടെ മുഖം വാടിയ താമര പോലെയായിരുന്നു,
അവളുടെ കൈകളിൽ പിടിച്ചിരിക്കുന്ന അവന്റെ കൈകളിലേക്ക് അവളുടെ നോട്ടം പതിഞ്ഞു, ശേഷം അവന്റെ മുഖത്തേയ്ക്കും..,

എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു അവന്റെ മുഖഭാവം,
കൈകളിലും ആ വിശ്വാസം ഉള്ളതായി അവൾക്ക് തിരിച്ചറിയാമായിരുന്നു…

ജാതകം……
ജാതക ദോഷം പോലും, നാണമില്ലേ തള്ളേ നിങ്ങൾക്ക്…!!
ഈ കാലത്തും ഇതൊക്കെ വിശ്വസിച്ച് ജീവിക്കുന്നവരുണ്ടല്ലേ.. കഷ്ടം….
ജാതക ദോഷമൊന്നുമല്ല നിങ്ങളുടെ പ്രശ്നം…
ഇവളെ ഈ പേരും പറഞ്ഞ് ഇറക്കിവിട്ടാൽ പിന്നെ ഈ വീടും പറമ്പും തട്ടിയെടുക്കാലോ അല്ലേ…
നാണമില്ലല്ലോ തള്ളേ….

സുധിയുടെ ശബ്ദം ആ മുറ്റത്ത് ഉയർന്നു…

നിങ്ങൾക്കിവൾ കരിവിളക്കാകാം..,
എല്ലാവർക്കും അങ്ങനെയാവണം എന്നില്ല, എനിക്കിവൾ നിലവിളക്കാണ്,,
അവന്റെ സ്വരം ഉറച്ചതായിരുന്നു.,

അവളോടൊരു വാക്കുപോലും ചോദിക്ക്യാതെ അവൻ അവളുടെ കൈയ്യും പിടിച്ച് ആ പടിയിറങ്ങി,,

പല പുരഷമുഖങ്ങളും അവളൾക്കുമുന്നിലൂടെ കടന്നുപോയിട്ടുണ്ട്, മറ്റാരിലും കാണാത്ത ഒരു വിശ്വാസം അവൾക്ക് സുധിയുടെ കണ്ണിൽ കാണാമായിരുന്നു..,,

അവളുടെ കൈയ്യും പിടിച്ചവൻ നടന്നുകയറിയത് അവന്റെ ജീവിതത്തിലേയ്കായിരുന്നു,

മറുത്തൊരുവാക്ക് പോലും പറയാതെയാണവൾ അവനൊപ്പം നടന്നുനീങ്ങിയതെങ്കിലും, ഒരുമിച്ചൊരു ജീവിതം അതവൾ എതിർത്തിരുന്നു, തന്റെ ദോഷത്തിൽ സുധിക്കും എന്തെങ്കിലും സംഭവിച്ചാലോയെന്നൊരു ഉൾഭയമായിരുന്നു അതിനുപിന്നിൽ,,..

അവന്റെ സ്നേഹവും കരുതലും കണ്ടില്ലെന്ന് നടിക്കാനും അവൾക്ക് കഴിഞ്ഞില്ല.

സുധിയേട്ടാ….
ഞാന്‍ കാരണം ഏട്ടനെന്തേലും സംഭവിച്ചാൽ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ലാട്ടോ..

ജാതകവും ദോഷവുമെല്ലാം മനുഷ്യ സൃഷ്ടിയല്ലേ പെണ്ണേ….
അതിനുമപ്പുറത്താണെടോ സ്നേഹമെന്ന സത്യം….

നീ ദോഷമാണെങ്കാൽ അതിനുള്ള പ്രതിവിദിയാടോ മാഷേ ഈ ഞാൻ……!!!

ഒടുവിൽ
ദോഷക്കാരി പെണ്ണ് സുധിയുടെ ജീവിതത്തിൽ നിലവിളക്കായി മാറി,
ഇന്നവൾ സുധിയുടെ പ്രിയ പത്നിയാണ്,,

അവളുടെ ജാതകദോഷം അവരുടെ ജീവിതത്തിൽ ഇരട്ടക്കുട്ടികളുടെ രൂപത്തിലായിരിക്കണം ഭവിച്ചത്…

ശുഭം…!!!

ARjuN kP chEruvatHooR

LEAVE A REPLY

Please enter your comment!
Please enter your name here