Home Latest തേച്ച കാമുകനോട് പകരം വീട്ടാൻ തുനിഞ്ഞു ഇറങ്ങിയതാണോ എന്തോ…

തേച്ച കാമുകനോട് പകരം വീട്ടാൻ തുനിഞ്ഞു ഇറങ്ങിയതാണോ എന്തോ…

0

ആളുകൾക്കിടയിൽ ഒരു മിന്നായം പോലെ ആണ് ഞാൻ ആ മുഖം കണ്ടത്. എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. “ശ്രീനന്ദ..”.

ഇവളെന്താ ഇവിടെ. വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞു കേറി വന്നത് എന്തു പ്രശ്നം ഉണ്ടാക്കാൻ ആണോ എന്തോ. തേച്ച കാമുകനോട് പകരം വീട്ടാൻ തുനിഞ്ഞു ഇറങ്ങിയതാണോ എന്തോ. പക്ഷെ താലികെട്ട് കഴിഞ്ഞു ഞാനും മീനാക്ഷിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടക്ക് ഇവൾ എന്തിനാ ഈ ഹാളിലേക്ക് വന്നേ?? എന്റെ നെഞ്ചു ആകെ പെരുമ്പറ കൊട്ടാൻ തുടങ്ങി. ഇനി ഇവള് വല്ല പ്രശ്നവും ഉണ്ടാക്കുമോ?എല്ലാം അവസാനിപ്പിച്ചിട്ട് വർഷം നാലു കഴിഞ്ഞു. ഇവൾ ഇതുവരെ ഇതൊന്നും മറന്നില്ലേ? ഇവള് പ്രശ്നം ഉണ്ടാക്കിയാൽ ആകെ നാറുമല്ലോ ഭഗവാനേ..
വായനക്കാർ ശെരിയായ ട്രാക്കിൽ തന്നെയാണ് ചിന്തിക്കുന്നത്. ഞാൻ തന്നെ ആയിരുന്നു ശ്രീനന്ദയുടെ ആ കാമുകൻ. മനസിന്റെ ഉള്ളിൽ എന്നോ കുഴിച്ചുമൂടിയ ആ ഓർമകൾ വീണ്ടും എന്നെ തേടി വന്നു. ഈ ഫ്ലാഷ്ബാക്കിന്‌ വരാൻ കണ്ട ഒരു നേരമേ.
* * *
ശ്രീ നന്ദ.. അവളെ ഞാൻ ആദ്യമായി കാണുന്നത് ഒരു ഇന്റർ സ്കൂൾ ക്വിസ്‌ മത്സരത്തിൽ ആണ്. പതിവുപോലെ ആ തവണയും വിജയിയായി അഭിമാനത്തോടെ നിൽക്കുമ്പോൾ ആണ് ഞാൻ അവളെ കണ്ടത്. നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും ആയി ആ ട്രോഫിയിലേക്ക് തിരിഞ്ഞു നോക്കി നോക്കി പോകുന്ന അവളെ ടീച്ചർ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു. എന്റെ സ്വന്തമായ സമ്മാനത്തെ നിറകണ്ണുകളോടെ നോക്കിയ അവളോട് എനിക്കെന്തോ പുച്ഛം ആയിരുന്നു തോന്നിയത്. തിരിച്ചിറങ്ങിയപ്പോൾ അവിടെ പലരും പറയുന്നുണ്ടായിരുന്നു ക്വിസ്മാസ്റ്റർ ക്യാൻസൽ ചെയ്ത ചോദ്യങ്ങൾക്കെല്ലാം അവൾ ശെരിയുത്തരം എഴുതിയിരുന്നു. അതൊന്നും ക്യാൻസൽ ചെയ്തില്ലായിരുന്നേൽ അവളു തന്നെ എതിരില്ലാതെ വിജയിച്ചേനെ. ഭാഗ്യം കൊണ്ടാണ് എനിക്കീ സമ്മാനം കിട്ടിയത് എന്നും അവൾക് അര്ഹതപ്പെട്ടതാണ് ഇതെന്നും ഉള്ള സംസാരങ്ങൾ എന്നെ അലോസരപ്പെടുത്തി.

ഞാൻ അവളെ വീണ്ടും കണ്ടു. തൊട്ടടുത്ത വർഷം അവൾ എന്റെ സ്കൂളിൽ വന്നു ചേർന്നു. പക്ഷെ പണി കിട്ടിയത് ഈ എനിക്കായിരുന്നു. ഇന്റർ സ്കൂൾ പോയിട്ട് സ്കൂൾ തലത്തിൽ പോലും പിന്നീട് ഞാൻ ഒരു മത്സരത്തിലും ജയിച്ചിട്ടില്ല. എന്റെ കുത്തകയായിരുന്ന മേഖലകളിലെ സമ്മാനം മൊത്തം അവൾ തൂത്തു വാരി. ഞാൻ എന്ന ഹീറോ അവളുടെ മുൻപിൽ വെറും സീറോ ആയി മാറി. പക്ഷെ അവൾ ആണെങ്കിലോ ഒരു ആരാധനമൂർത്തിയെ പോലെയാണ് എന്നെ നോക്കുന്നെ. ഇതൊക്കെ ആയപ്പോൾ എനിക്ക് അവളോടുള്ള ദേഷ്യം കൂടി വന്നു. അങ്ങനെ സ്കൂൾ ജീവിതം കഴിഞ്ഞു. കോളേജിൽ എങ്കിലും ഈ കുരിശ് ഉണ്ടാകില്ലല്ലോ എന്നു വിചാരിച്ചിരിക്കുമ്പോ ദേ അവള് എന്റെ ക്ലാസ്സിൽ തന്നെ. കോളേജിൽ ഇവളുടെ പ്രശസ്തി കണ്ടു സഹിക്കാൻ പറ്റാതിരിക്കുന്ന സമയത്താണ് വിമലും അവളും തമ്മിൽ ഉള്ള പ്രശ്നം നടക്കുന്നത്.

അവൻ അവളെ കമെന്റടിച്ചതും മറുപടിയായി അവൾ അവന്റെ കരണത്തടിച്ചതും കോംപ്ലിമെന്ററി സമ്മാനമായി പ്രിൻസിപ്പൽ അവനു സസ്പെൻഷൻ കൊടുത്തതും ഒക്കെ കൂടി ആയപ്പോ എനിക്ക് മാത്രമല്ല ഫ്രണ്ട്‌സ്‌നും അവള് ശത്രു ആയി. എങ്ങനെയും അവൾക്കൊരു പണി കൊടുക്കണം എന്ന ചിന്തയിൽ നിന്നും ഒരു ഉത്തരം ഉയർന്നു വന്നു. പ്രണയ പരാജയം. അതിനു മാത്രമേ അവളെ തകർക്കാൻ പറ്റുകയുള്ളു എന്നു ഞങ്ങൾക്ക് തോന്നി. അവളെ പ്രേമിച്ചു നൈസ് ആയിട്ട് അങ്ങു തേക്കാനുള്ള നറുക്ക് എന്റെ തലയിൽ അങ്ങു വീണു. കൂട്ടത്തിൽ എന്റ്റെ വക റിവഞ്ചും ആകാമല്ലോ എന്നു ഞാനും കരുതി.
അവൾക്ക് പണ്ടേ എന്നോടൊരു ആരാധന ഉണ്ടായിരുന്നത് കൊണ്ട് അവളുമായി പെട്ടെന്ന് തന്നെ ഞാൻ സൗഹൃദത്തിൽ ആയി. ആ സൗഹൃദത്തെ പ്രണയത്തിന്റെ പാതയിലേക്ക് കൊണ്ടെത്തിക്കാനും എനിക്ക് കഴിഞ്ഞു. സന്തോഷത്തിന്റെ ഉന്നതിയിൽ നിന്നിരുന്ന അവളെ പതിയെ പതിയെ ഞാൻ കുത്തിനോവിക്കാൻ തുടങ്ങി. ഒടുവിൽ എല്ലാ കുറ്റവും അവളുടെ മേൽ ചാർത്തിക്കൊണ്ട് അവളെ ഒത്തിരി ഒത്തിരി കരയിച്ചുകൊണ്ട് ഒരു പടിയിറക്കം. കരഞ്ഞു വീർത്ത കണ്ണുകളും ആയി യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയ അവളെ ഒരു പുഞ്ചിരിയോടെ തന്നെ ആണ് ഞാൻ കണ്ടത്.

അവൾക്കിട്ടൊരു ഉഗ്രൻ പണി കൊടുത്തതിന്റെ സന്തോഷം ഞങ്ങൾ നന്നായിട്ട് ആഘോഷിച്ചു.
അടുത്ത സെമസ്റ്റർ തുടങ്ങിയപ്പോൾ കുറച്ചു ദിവസം അവളെ ക്ലാസ്സിൽ കണ്ടില്ല. പ്രണയനൈരാശ്യത്തിൽ അവൾ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുക ആവും എന്നു ഞാൻ കരുതി. മനസിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെടുന്നുണ്ടാർന്നു. ഒരു ഇടവേളയ്ക്കു ശേഷം അവൾ തിരിച്ചെത്തി.പക്ഷെ അതൊരു ഒന്നൊന്നര തിരിച്ചു വരവായിരുന്നു. പഴയ നന്ദ യിൽ നിന്നും അവൾ ഒത്തിരി മാറി. നേട്ടങ്ങളുടെ പെരുമഴയായിരുന്നു അവളുടെ ജീവിതത്തിൽ. ക്യാംപസ് പ്ലേയ്സ്മെന്റും വളരെ മികച്ച ഗേറ്റ് സ്കോറും ഒക്കെ ആയി അവൾ ആ കോളേജിനോട്‌ യാത്രപറയാൻ ഒരുങ്ങുക ആയിരുന്നു. ഞാൻ എന്ന വ്യക്തിയെ അവൾ മനപൂർവം കണ്ടില്ലെന്നു നടിച്ചു. അവളുടെ കണ്ണിൽ എന്നോടുണ്ടായിരുന്ന ആരാധന എങ്ങോ പോയ് മറഞ്ഞു.
പതിയെ ഞാൻ തന്നെ തിരിച്ചറിയുകയായിരുന്നു ഞാൻ അവളെ എപ്പോഴോ സ്നേഹിച്ചു തുടങ്ങി എന്നു.

കോളേജിലെ അവസാനത്തെ ദിവസം അവളോട് എല്ലാം തുറന്നു പറയാനായി ചെന്ന എന്റെ മുന്നിലേക്ക് അവൾ നിരത്തിയത് ഞങ്ങൾ അഞ്ചു പേരും തമ്മിൽ ഉള്ള ചാറ്റുകളുടെ പ്രിന്റൗട്ട് ആയിരുന്നു. അവൾക്കെതിരെ ഉള്ള പ്ലാനുകൾ മുതൽ പെണ്കുട്ടികളോട് മോശമായി വിമൽ അയച്ച മെസ്സേജുകൾ വരെ എന്റെ മുന്നിൽ നിരന്നു.എന്റെ നേർക്ക് വിരൽ ചൂണ്ടി അവൾ നിറകണ്ണുകളോടെ പറഞ്ഞു. “എനിക്ക്‌ ഇയാളോട് ഒത്തിരി ആരാധന ആയിരുന്നു. പിന്നീട് അത് ഒത്തിരി ഇഷ്ടമായി മാറി. പക്ഷെ ഇപ്പോൾ ഞാൻ ഈ ലോകത്തിൽ ഏറ്റവും വെറുക്കുന്നത് നിങ്ങളെയാണ്. എന്തിനായിരുന്നു ഇത്? നന്ദി ഉണ്ട് എന്റെ ജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടാക്കി തന്നതിന്. ഇനി ഒരിക്കലും തമ്മിൽ കാണാതിരിക്കട്ടെ.”
* * *

അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച. പിന്നീട് അവൾക്ക് റാങ്ക് കിട്ടിയത് ഒക്കെ പത്രത്തിൽ വായിച്ചു. ചിലപ്പോ അവളുടെ ശാപം ആവാം എന്റെ ജീവിതം എങ്ങും എത്താതെ പോയതും. സിവിൽ സർവിസ് സ്വപ്നം കണ്ട ഞാൻ ജീവിതം ഗൾഫ് മരുഭൂമിയിലെ എണ്ണപ്പാടങ്ങളിലേക്ക് പറിച്ചു നടേണ്ടി വന്നതും. ഇന്ന് വീണ്ടും വിധി എന്നെ നന്ദയുടെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുകയാണ്. അതും എന്റെ വിവാഹദിവസം തന്നെ. അവള് എന്താ ഉദ്ദേശിക്കുന്നത് എന്നത് മാത്രം എനിക്ക് മനസിലാകുന്നില്ല. പക തീർക്കാൻ ആണോ എന്നു എനിക്ക് അറിയില്ല.
അവൾ സ്റ്റേജിലേക്ക് കയറി. കൂടെ ഒരു ചെറുപ്പക്കാരൻ ഉണ്ട്. ആരാന്നു മാത്രം മനസിലാകുന്നില്ല.
പെട്ടെന്ന് മീനാക്ഷി അവളെ കെട്ടിപിടിച്ചു.”നന്ദേച്ചി.. എപ്പഴാ വന്നേ” “ഇന്നലെ രാത്രി എത്തി. സോറി മോളു നിശ്ചയത്തിനു വരാൻ പറ്റിയില്ല” ഒന്നും മനസിലാകാതെ നിന്ന എന്നെ നോക്കി മീനാക്ഷി പറഞ്ഞു.
“ഇത് ഹരിയേട്ടൻ. എന്റെ വല്യമ്മേടെ മോനാ. ഇത് നന്ദേച്ചി.ഹരിയേട്ടൻ കെട്ടാൻ പോകുന്ന പെണ്ണാ. പിന്നെ ഇവരു നമ്മളെ പോലെ അറേഞ്ച്ഡ് ഒന്നും അല്ല. ലൗ ബെർഡ്‌സ് 3 വർഷം ആയി ശക്തമായ പ്രണയത്തിലാ. “”ഉം” “നന്ദേച്ചി കണ്ണേട്ടന്റെ കോളേജിലാ പഠിച്ചത്. അറിയില്ലേ?””കണ്ടിട്ടുണ്ടെന്നു തോന്നുന്നു” ” ചേച്ചി സിവിൽ സർവിസ് കിട്ടി ട്രൈനിംഗിലാർന്നു അതാ നമ്മുടെ എൻഗേജ്‌മെന്റിന് വരാത്തെ.” അവരോടൊപ്പം നിന്നു ഫോട്ടോ എടുക്കുമ്പോഴും എന്റെ പേടി മാറിയിട്ടില്ലായിരുന്നു.
വിവാഹ മംഗളം നേർന്നു കൈ തന്ന കൂട്ടത്തിൽ ഹരി എന്റെ ചെവിയിൽ പറഞ്ഞു.
” എനിക്ക് അറിയാം കേട്ടോ ഇയാളുടെ പഴയ ചരിത്രം മുഴുവൻ. ഇയാളോടുള്ള വാശിയാണ് നന്ദയെ ഇന്ന് ഈ പൊസിഷനിൽ എത്തിച്ചത്. ഇയാളുടെ ആയിരുന്നല്ലോ സിവിൽ സർവീസ് സ്വപ്നം. Thanks bro for making her ambitious.”

അടുത്ത ഊഴം അവളുടെ ആയിരുന്നു.  “അഭിനയം കലക്കി കേട്ടോ. ആ പഴയ ഡയലോഗ്‌ ഞാൻ ഇന്ന് തിരിച്ചെടുക്കുവാ. അപരിചിതരായി നമുക്ക് ഇനിയും കാണണം. എന്നാൽ അല്ലെ ഇയാളുടെ ഉള്ളിലെ ആ നീറ്റൽ എനിക് ഇനിയും കാണാൻ പറ്റു. ഓൾ ദി ബെസ്റ്റ്”
തലയുയർത്തി പിടിച്ചു ഹരിയോടൊപ്പം നടന്നു നീങ്ങുന്ന നന്ദയെ നോക്കി എന്തു ചെയ്യണം എന്നറിയാതെ ഞാൻ നിന്നു.

രചന: Rani Nidhi

LEAVE A REPLY

Please enter your comment!
Please enter your name here