Home Article അന്നെന്‍റെ മാരന്‍ ഇന്നവളുടെ തോഴന്‍…

അന്നെന്‍റെ മാരന്‍ ഇന്നവളുടെ തോഴന്‍…

0

അന്നെന്‍റെ മാരന്‍ ഇന്നവളുടെ തോഴന്‍…

“”അല്ല താനിപ്പോ എഴുതാറില്ലെ..?”

ഇന്‍ബോക്സ് തുറന്ന് നോക്കിയപ്പോഴാണ് പതിവായി എന്‍റെ കഥകള്‍ വായിച്ച് എന്നലഭിനന്ദനം അറിയിക്കണ ഒരു കൂട്ടുകാരിയുടെ സന്ദേശം എന്‍റെ കണ്ണില്‍ പതിഞ്ഞത്…

“”ഉണ്ട് നല്ല കഥ കിട്ടിയാല്‍ എഴുതണം..””

“”എന്‍റെ കഥ പറയട്ടെ താനത് എഴുതുമോ..ചതി കൊണ്ട് ജീവിതത്തെ തകര്‍ത്തു കളഞ്ഞ ചില രാക്ഷസന്‍മാരുടെ കഥ..””

ഒന്നും മനസിലാകാതെ ഞാന്‍ എന്താ എന്ന അര്‍ത്ഥത്തില്‍ ഒരു സ്മൈലി അയച്ചു….

“”ഞാന്‍ പറയാം എന്‍റെ കഥ..നീ ആദ്യം വായിക്കു എന്നിട്ട് എഴുതു…””

പതിയെ അവള്‍ അവളുടെ നോവുകള്‍ പകര്‍ത്തി തുടങ്ങി…ആ നോവുകളെ അക്ഷരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാം നിങ്ങള്‍ക്ക് മുന്നില്‍…

ഒരുപാട് കാലത്തെ പ്രണയത്തിന് ശേഷാണ് ജീവിതത്തിലെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ച് തുടങ്ങിയത്… പ്രാണനോളം സ്നേഹിച്ചവനെ കിട്ടിയില്ലെങ്കില്‍ അര്‍ത്ഥമില്ലാത്ത ജിവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടി വന്നേനെ ഞാന്‍…

ഒടുവില്‍ എന്‍റെ ഇഷ്ടങ്ങളെ വീട്ടില്‍ അംഗീകരിച്ചപ്പോഴാണ് മനസ് തുറന്ന് ഞാന്‍ ചിരിച്ചത്…

“”സഹലാ നമ്മുടെ സ്വപങ്ങള്‍ പൂവണിയുന്നു…എത്ര നാളായി കൊണ്ട് നടക്കണതാ നിന്നെ എന്‍റെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍…“”

ആദ്യ രാത്രിയാല്‍ എന്നെ ചേര്‍ത്ത് പിടിച്ചാണ് ഇക്ക അത് പറഞ്ഞത്… ഇക്കാന്‍റെ സ്പര്‍ശനമേറ്റപ്പോള്‍ അന്നേ വരെ ഞാന്‍ അനുഭവിച്ച സുഖങ്ങളില്‍ ഏറ്റവും വലുതായിരുന്നു ആ നെഞ്ചില്‍ തല ചായ്ച്ച് കിടക്കുമ്പോള്‍ കിട്ടിയത്…

എന്‍റെ ഇക്കയുമായുള്ള ജീവിതം ഞാന്‍ ആസ്വദിച്ച് ജീവിക്കയായിരുന്നു ഓരൊ നിമിഷവും…മാസങ്ങള്‍ കടന്ന് പോയത് ഞാന്‍ അറിഞ്ഞതില്ലായിരുന്നു..

അങ്ങനെ ഒരു ദിവസം ഇക്കയുമായ് കറങ്ങാന്‍ പോയി മടങ്ങി വരുന്ന നേരത്താണ് അപ്രതീക്ഷമായി ഞാന്‍ എന്‍റെ കൂട്ടുകാരിയെ കണ്ടത്..
അവളെ കണ്ടതോടെ വണ്ടി ഒരു ദിശയിലൊതുക്കി അവളുടെ അടുക്കലേക്ക് ഓടി ചെന്നു..

“”ഡി അനു ഓര്‍മീണ്ടോ അനക്ക്..””

“”ഹേയ് സഹല..അങ്ങനെ മറക്കോ ഞാന്‍ നിന്നെ..””

വര്‍ഷങ്ങളോളം കലാലയങ്ങളില്‍ സൗഹൃദം കൊണ്ടാടിയ രണ്ട് സുഹുര്‍ത്തുക്കള്‍ മുഖാമുഖം കണ്ട ആനന്ദം എന്നിലവോളം ഉണ്ടായിരുന്നു...

“”ഇതാണെന്‍റെ ഇക്ക…ഇക്ക ഇത് അനു എന്‍റെ ബെസ്റ്റിയാ..””

അവളെ നോക്കി ഇക്ക ഒന്ന് ചിരിച്ചു..

“”നിന്‍റെ നമ്പര്‍ തന്നേക്ക് ഞാന്‍ മെസെജയക്കാം..””

അവളോട് നമ്പറും വാങ്ങി ഞങ്ങള്‍ തിരികെ വീട്ടിലെത്തി..അവളുമായ് പങ്ക് വെച്ച സൗഹൃദത്തിന്‍റെ കഥകള്‍ ഇക്കയുമായ് പങ്ക് വെച്ചാണ് ആ രാത്രീ ഞാന്‍ ഉറങ്ങിയത്…അവളോട് ചാറ്റ് ചെയ്യാനും ഞാന്‍ മറന്നില്ല…

Also Read : ദമ്പതിമാർ തമ്മിൽ പിണങ്ങിയാൽ ആരാണ് ആദ്യം സോറി പറയേണ്ടത് .. ! 

ദിനങ്ങള്‍ കൊഴിഞ്ഞ് തുടങ്ങി ഇക്കയുടെ സ്നേഹവും അനൂന്‍റെ സൗഹൃദവും ഒക്കെ കൂടി ഭൂമിയിലെ സ്വര്‍ഗ്ഗത്തിലാണോ എന്‍റെ ജിവിതമെന്ന് പോലും എനിക്ക് തോന്നിപ്പോയി…

അങ്ങനെ ഒരു ദിവസം ഞാന്‍ പെട്ടെന്ന് ക്ഷീണമായി വീണു..എന്‍റെ ഇക്ക എന്നെ വാരിയെടുത്ത് ആശുപത്രി ലക്ഷ്യമാക്കി വണ്ടിയെടുത്തു...
ആശുപത്രിയില്‍ എന്നെ പരിശോധിച്ച ഡോക്ടറില്‍ നിന്നാണ് ആ സന്തോഷ വാര്‍ത്ത ഞാന്‍ അറിഞ്ഞത്…ലോകത്ത് ഏത് പെണ്ണും കൊതിക്കും ഒരുമ്മയാകാന്‍ അതെ ഞാനും ഇന്ന് ഒരു കുട്ടിയെ വയറ്റില്‍ കൊണ്ട് നടക്കണം…

“”ഡാ ഇപ്പോ എങ്ങനിണ്ട്…””

കട്ടിലില്‍ ചാരി കിടന്ന് ആപ്പിള്‍ തിന്നണ ഇടക്കാണ് അനൂന്‍റെ വരവ്…

“”നിന്‍റെ ഇക്ക പറഞ്ഞപ്പോഴാ ഞാന്‍ വിവരം അറിഞ്ഞത്..””

അവളെന്നെ ചേര്‍ത്ത് പിടിച്ച് കൊണ്ട് പറഞ്ഞു..ഞാനും ഒന്ന് ചിരിച്ചു… ഇക്ക അവളോട് ചാറ്റിയത് എനിക്ക് അത്രക്ക് ഇഷ്ടായില്ലായിരുന്നു പക്ഷെ അത് ഇക്കാനോട് പറഞ്ഞാല്‍ ആ ഹൃദയം വേദനിക്കും…എന്‍റെ സന്തോഷത്തിനാകും ചാറ്റിയത്…കാരണം അനു എന്‍റെ നല്ലൊരു കൂട്ടുകാരിയാണെന്ന് ഇക്കാക്ക് അറിയാമല്ലോ…

കുറച്ച് നേരം സംസാരിച്ച് അവള്‍ പോകാന്‍ ഒരുങ്ങി…ഞാന്‍ അവിടെ ഒക്കെ ഇക്കാനെ നോക്കി..ഫോണ്‍ വന്ന് പുറത്തേക്ക് പോയതായിരുന്നു ഇക്ക…

കുറെ നേരം കഴിഞ്ഞാണ് ഇക്ക തിരികെ വന്നത്..

“”അന്‍റെ കൂട്ടുകാരിയുടെ ബസ്സ് മിസ്സായി പിന്നെ ഞാന്‍ കൊണ്ട് വിട്ടു ഇന്ന് പരീക്ഷയാണത്രേ..“”

ഇക്കാനോട് എന്തേലും പറയുന്നതിന് മുന്നെ എന്നെ കാണാനായ് കുറെ ആള്‍ക്കാരൊക്കെ വന്നിരുന്നു…

പിന്നെയാണ് ഡോക്ടര്‍ വന്ന് പറഞ്ഞത് രണ്ട് ദിവസം അഡ്മിറ്റ് ആകണം എന്ന്… എന്‍റെ ഉമ്മയും ഇക്കാന്‍റെ ഉമ്മയും ആശുപത്രി കൂട്ട് നിക്കുന്നോണ്ട് എന്‍റെ ഇക്ക വീട്ടില്‍ പോകും പകല്‍ വരും… പക്ഷെ ഇക്കാന്‍റെ സാമിപ്യം ഇല്ലാത്ത ഓരോ നിമിഷവും എനിക്ക് വളരെ ദുഃഖം നിറഞ്ഞ ഒന്നായിരുന്നു...

എങ്ങനെയൊക്കെയോ ഞാന്‍ ആ ദിനങ്ങള്‍ കഴിച്ച്കൂട്ടി... വീട്ടിലെത്തി ഇക്കയുമായുള്ള വര്‍ത്താനം കഴിഞ്ഞ് ഫോണ്‍ എടുക്കാന്‍ നേരത്താണ് ഇക്ക അത് വാങ്ങിയത്..

“”ഇനി എന്‍റെ മോള് ഫോണ്‍ തൊടരുത് കേട്ടല്ലോ എല്ലാം പ്രസവം കഴിഞ്ഞ്..””

എന്നെ ചേര്‍ത്ത് പിടിച്ച് നെറൂകയില്‍ ചുംബിച്ച് കൊണ്ട് പറഞ്ഞു…

ഇക്ക കുളിക്കാന്‍ പോയപ്പോള്‍ വെഴുതെ ഇക്കാന്‍റെ ഫോണ്‍ നോക്കി..ഇത്രയും കാലം ലോക്കല്ലായിരുന്നു ഫോണ്‍ ഞാന്‍ എടുക്കാതിരിക്കാന്‍ പാവം ലോക്ക് ഒക്കെ വെച്ചിരിക്കുന്നു…

അങ്ങനെ മാസങ്ങള്‍ കൊഴിഞ്ഞ് പോയി.. എനിക്ക് നല്ല വയറ് വന്നിരിക്കുന്നു

പക്ഷെ പഴയ സന്തോഷം എന്നിലില്ല എന്‍റെ ഇക്ക എന്‍റെ അടുത്ത് ഇല്ലല്ലോ… ഏഴായാല്‍ പ്രസവം വരെ എന്‍റെ വീട്ടില്‍ നില്‍ക്കണമല്ലോ... ആദ്യമക്കെ ദിവസം ഇക്ക വരും പിന്നെയത് കുറഞ്ഞ് തുടങ്ങി.. എനിക്ക് ഇക്കാനെ കണ്ടില്ലേല്‍ ഭക്ഷണം പോലും ഇറങ്ങില്ലായിയുന്നു…

അങ്ങനെ ഒരു ദിവസം കിടക്കുമ്പോഴാണ് വയറ്റില്‍ വല്ലാത്തൊരു വേദന.. ആദ്യം ഞാന്‍ ക്ഷമിച്ചു പക്ഷെ ക്ഷമയെ പോലും നശിപ്പിക്കും വിധം എന്‍റെ വേദന കൂടി വന്നു…നിമിഷങ്ങള്‍ കൊണ്ട് തന്നെ ആശുപത്രി ലേബര്‍ റൂമിലേക്ക് എന്നെ കയറ്റി… എന്‍റെ ഇക്കാനെ മാത്രം ഞാന്‍ അവിടെ കണ്ടില്ല…

ഒന്ന് രണ്ട് മണിക്കുറിന് ശേഷാണ് ഒരു സ്ത്രീ സഹിക്കാവുന്നതിലും അപ്പുറത്തൊരു വേദന സഹിച്ച് ഞാന്‍ ഒരാണ്‍കുഞ്ഞിനെ ഈ ഭൂമിയില്‍ ജന്‍മം നല്‍കിയത് എന്‍റെ ഇക്കാനെ പോലൊരു മൊഞ്ചന്‍…

പക്ഷെ എനിക്ക് ചുറ്റും നിന്ന ആരിലും പുഞ്ചിരി കാണുന്നില്ലായിരുന്നു എന്‍റെ മോനെ കണ്ടിട്ടും എന്താ ആര്‍ക്കും ഒരു ഉഷാറില്ലാത്തെ...

“”അല്ല ഇക്ക എവിടെ..””

ചുറ്റും നോക്കി കൊണ്ട് ഞാന്‍ ചോദിച്ചു..

“”മോളവനെ മറന്നേക്ക്..””

“”എന്ത്…!!?? ഇക്കാനെ മറക്കാനൊ..!! എന്താ ഉമ്മ ഉപ്പ ഈ പറയണെ..മറക്കാനോ.. ഉപ്പ ഈ സിരയില്‍ ഓടുന്ന രക്ത തുള്ളികള്‍ അതുമല്ല ഈ ഹൃദയമിടിപ്പ് അല്ല എന്‍റെ ജീവനാ എന്‍റെ ഇക്ക…ഇത് നല്ല കഥ എന്നിട്ട് മറക്കണത്രേ നടന്നത് തന്നെ…””

ഉപ്പാന്‍റെ സങ്കടത്തോടെയുള്ള വാക്കുകള്‍ക്ക് ഞാന്‍ മറുപടി നല്‍കി..

“”മോള് നല്‍കണ സ്നഹത്തിന്‍റെ പകുതി അവനുണ്ടേല്‍ അവനിത് ചെയ്യില്ലായിരുന്നു..””

ഉപ്പ പറഞ്ഞത് മനസിലാകാതെ എന്താ എന്നര്‍ത്ഥത്തില്‍ ഉപ്പയെയും ചുറ്റുമള്ളവരെയും ഞാന്‍ ഒന്ന് നോക്കി…

“”ഓന്‍ പോയി അന്‍റെ കൂട്ടുകാരിയുടെ കൂടെ ജിവിക്കാന്‍…ഓള് ഓനുമായ് കൊഞ്ചി കുഴയണ കണ്ടപ്പോഴെ നിക്ക് തോന്നിയതാ..””

“”ഉപ്പാ….!!!!??””

ഞെട്ടലോടെ ഞാന്‍ എണീറ്റിരുന്നു... വിശ്വസിക്കാന്‍ ആകാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി…

“”ഇല്ല എന്‍റെ ഇക്ക അങ്ങനെ ചെയ്യൂല..””

പൊട്ടിക്കരഞ്ഞ് കൊണ്ട് ഉപ്പാന്‍റെ നെഞ്ചോടെ ചേര്‍ന്ന് ഞാന്‍ കരയാന്‍ തുടങ്ങി…

ഇക്കയോടുള്ള സ്നേഹത്തിന്‍റെ ആഴം എന്നെ ദിനങ്ങളോളം ചങ്ങലക്കുള്ളില്‍ ഇരുട്ട് മുറിക്കകത്ത് പൂട്ടിയിടേണ്ടി വന്നു..
മുലപ്പാലിന്‍റെ രുചി അറിയാതെ ഉപ്പാനെ ഒരു നോക്ക് കാണാതെ എന്‍റെ മോന്‍ വളരുന്നുണ്ടായിരുന്നു….

“”നിനക്ക് ബോറടിച്ചോ എന്‍റെ കഥ കേട്ടിട്ട്..””

പെട്ടെന്ന് ആണ് അവളുടെ ചോദ്യം കണ്ട് കണ്ണ് തുടച്ച് കൊണ്ട് ഞാന്‍ ഒരു സങ്കടം നിറഞ്ഞ സ്മൈലി അയച്ചത്…

“”ഡാ എന്‍റെ തെറ്റാണോ എന്ന് എനിക്ക് അറിയില്ല…പക്ഷെ  നീ എഴുതണം…””

“”സഹല എന്താ അയാളെ പേര്..””

“”ആ നശിച്ച പേര് പോലും ഞാന്‍ ഉച്ഛയിക്കാറില്ല…അപ്പോ ഇന്‍ശാ അല്ലാഹ് എന്‍റെ മോന്‍ ചായ കൊടുക്കട്ടെ ഓന്‍ സ്കൂളില്‍ നിന്ന് വന്നു..””

“”ഓനെത്രീലാ..””

“”നാലിലാ പിന്നെ വരാം നീ എഴുതു…. നിന്‍റെ കഥകള്‍ എല്ലാം എന്തേലും പോയന്‍റ് കാണും ഇതിലെന്താ ഉള്ളത് എന്ന് എനിക്ക് അറിയില്ല… .””

അതും പറഞ്ഞ് അവള്‍ പോയി… എന്ത് എഴുതും എന്‍റെ കൈകള്‍ നിശ്ചലമായത് പോലെ വരികള്‍ ഒന്നും വരുന്നില്ലായിരുന്നു…

“ഇല്ല എനിക്ക് ആകില്ല എഴുതാന്‍ ഈ സംഭാഷണം അത് തന്നെയാണ് അവളുടെ ജിവിതം ഞാന്‍ എന്ത് പകര്‍ത്തി വെക്കാന്‍ ആണ് പക്ഷെ തലക്കെട്ട് ഞാന്‍ നല്‍കാം…

അന്നെന്റ്റെ_മാരൻ_ഇന്നവളുടെ_തോഴന്‍.

★★★…..ശുഭം…..★★★

(ഇതൊരു കഥയാണ് ഒരു രസത്തിന് വേണ്ടി ഇങ്ങനെ എഴുതിയയാണ്.. പക്ഷെ എവിടെയൊക്കെയോ നടക്കുന്നുണ്ടാകും ഇത്തരം സാഹചര്യങ്ങള്‍ ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യമാരും ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവിനെയും നാമിന്ന് ദൈനന്ദിനം കണ്ട് കൊണ്ടിരിക്കുന്ന കാലമാണിത്..

(കഥയില്‍ കഥാപാത്രങ്ങള്‍ വെറും സാങ്കല്‍പികം മാത്രമാണ് അത് ആരുമായ് ഒരു ബന്ധവുമില്ല…)

പരസ്പര സ്നേഹത്തോടെ ജീവിതത്തെ മൂന്നോട്ട് കൊണ്ട് പോകാന്‍ എല്ലാരിലും സര്‍വ്വശക്തന്‍റെ അനുഗ്രഹമുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ താല്‍ക്കാലികം വിട….

LEAVE A REPLY

Please enter your comment!
Please enter your name here