Home Latest നിന്റെ അമ്മായിയമ്മ ആളൊരു വില്ലത്തി ആണെന്നാ നാട്ടുകാരൊക്കെ പറയുന്നത്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്…

നിന്റെ അമ്മായിയമ്മ ആളൊരു വില്ലത്തി ആണെന്നാ നാട്ടുകാരൊക്കെ പറയുന്നത്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്…

0

രചന :  അപർണ

“ഡി നീ നിന്റെ കാമുകനെ കെട്ടുന്നതൊക്കെ കൊള്ളാം. പക്ഷേ നിന്റെ അമ്മായിയമ്മ ആളൊരു വില്ലത്തി ആണെന്നാ നാട്ടുകാരൊക്കെ പറയുന്നത്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ”
കല്യാണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ അമ്മുവിന്റെ വാക്കുകൾ ഞാൻ അത്ര മുഖവിലയ്‌ക്കെടുത്തില്ല.

ശരത്തേട്ടൻ തന്റെ ഇഷ്ട്ടം വീട്ടിൽ പറഞ്ഞപ്പോൾ എതിർത്തൊന്നും പറയാതെ മാന്യമായി വീട്ടിൽ വന്നു പെണ്ണ് ചോദിച്ച ആ അമ്മയെ പറ്റിയാണ് അവളിപ്പോ പറഞ്ഞത്. അല്ലെങ്കിലും മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞു നടക്കാൻ അവളെ കഴിഞ്ഞേ ഉളളൂ വേറൊരാളും.

പെണ്ണുകാണാൻ വന്നപ്പോൾ ആണ് ഞാൻ ആദ്യമായ് എന്റെ അമ്മായിയമ്മയെ കാണുന്നത്. അവര് സംസാരിച്ചത് മുഴുവൻ എന്റെ അച്ഛനോടും അമ്മയോടും ആയിരുന്നു. വളരെ ഗൗരവം തോന്നിക്കുന്ന ഒരു മുഖഭാവമായിരുന്നു അവരുടേത്. കല്യാണമുറപ്പിച്ചു ഇത്രയും ദിവസമായിട്ടും അവരെന്നോട് നേരിട്ടോ, ഫോണിലൂടെയോ പോലും ഒന്ന് സംസാരിച്ചിട്ടില്ല . ഇനിയിപ്പോ അമ്മു പറഞ്ഞത് പോലെ അവര് സീരിയലിൽ ഒക്കെ കാണുന്നത് പോലുള്ള ഒരു അമ്മായിയമ്മ ആവുമോ?
ഉള്ളിൽ അങ്ങനെയൊരു ചെറിയ ഭയം വെച്ചിട്ടാണ് ഞാൻ ആ വീട്ടിലേക്ക് വലതുകാല് വെച്ചു കയറി ചെന്നത് തന്നെ. ആദ്യ ദിവസം തന്നെ അയൽക്കാരുടെയും നാട്ടുകാരുടെയും കുശലാന്വേഷണങ്ങൾ കൊണ്ടും സ്നേഹപ്രകടനങ്ങൾ കൊണ്ടും വീർപ്പുമുട്ടി നിൽക്കുമ്പോളാണ് അമ്മായിയമ്മ വന്നു പറഞ്ഞത് ” ആ കൊച്ച് ഇനി ഇവിടെ തന്നെ കാണും. നിങ്ങളിങ്ങനെ അതിനെ പൊതിഞ്ഞു നിന്നു ശ്വാസം മുട്ടിക്കാതെ”

അമ്മ പോയതും ചുറ്റും നിന്നവരൊക്കെ അടക്കം പറയാൻ തുടങ്ങി ‘ഓ അവൾടെ ഒരു അഹങ്കാരം കണ്ടില്ലേ, ഇനി ഈ കൊച്ചാണല്ലോ അനുഭവിക്കാൻ പോണത് പാവം ‘ അവരെന്നെ സഹതാപത്തോടെ ഒന്ന് നോക്കിയിട്ട് പിരിഞ്ഞു പോയി.
“ദൈവമേ…. ഇനി എന്റെ സംശയം സത്യമാവുമോ അവരെന്നെ കഷ്ട്ടപെടുത്തുമോ? ന്റെ കൃഷ്ണാ അങ്ങനൊന്നും ഉണ്ടാവരുതേ….. ” ഞാൻ നന്നായിട്ടൊന്ന് പ്രാർത്ഥിച്ചു.

വിവാഹവസ്ത്രം മാറ്റി ഒന്ന് കുളിച്ചു ഫ്രഷ് ആയി ഞാൻ പെട്ടന്ന് തന്നെ അടുക്കളയിലേക്ക് ചെന്നു. ഇനിയിപ്പോ അടുക്കളയിൽ കയറാത്തതിന്റെ പേരിൽ ഇന്ന് തന്നെ വഴക്ക് കേൾക്കണ്ടല്ലോ. അമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്. ഞാൻ ചുറ്റിലുമൊന്നു നോക്കി, അവിടെയുണ്ടായിരുന്ന കഴുകി വെച്ചിരുന്ന ഗ്ലാസ്‌ എടുത്തു വീണ്ടും ഒന്ന് കഴുകി വെച്ചു .
‘ഇന്ന് വന്ന് കയറിയതല്ലേ ഉള്ളൂ. അടുക്കളയിൽ കാര്യമായ പണിയൊന്നുമില്ല. നല്ല ക്ഷീണം കാണും നീ മുറിയിലേക്ക് ചെല്ല്. ‘ അമ്മ മുഖത്ത് പോലും നോക്കാതെ ഇത്രയും പറഞ്ഞു. പിന്നെ ഞാൻ അവിടെ നിന്നില്ല മുറിയിലേക്ക് ചെന്നു.

പിറ്റേന്ന് രാവിലെ തന്നെ അമ്മായിയമ്മയെ കയ്യിലെടുക്കാൻ അലാറം വെച്ചു എഴുന്നേറ്റു. കുളിച്ചു അടുക്കളയിൽ കയറി ചായ ഉണ്ടാക്കി വെച്ച് മാതൃക മരുമകൾ അവനൊരു ശ്രമം നടത്തി.
‘നീ എന്തിനാ ഇത്രയും നേരത്തെ എണീറ്റത്, കുറച്ചൂടെ ഉറങ്ങിക്കൂടായിരുന്നോ. ഇവിടെ മൂന്നുപേർക്കുള്ളത് വെച്ചുണ്ടാക്കാൻ ഞാൻ തന്നെ ധാരാളമാണ് ‘ ഗൗരവം ഒട്ടും കുറയ്ക്കാതെ തന്നെ അമ്മ പറഞ്ഞു.
ഹാ ഇവരെന്താ ഇങ്ങനെ നല്ലത് ചെയ്താലെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞൂടെ ഞാൻ മനസ്സിൽ വിചാരിച്ചു.

ദിവസങ്ങൾ കടന്നുപോയി. പക്ഷേ എന്റെ അമ്മായിയമ്മേടെ സ്വഭാവത്തിൽ മാത്രം ഒരു മാറ്റവും ഉണ്ടായില്ല. ആവിശ്യത്തിന് മാത്രമേ അവർ എന്റെ അടുത്ത് സംസാരിച്ചിരുന്നുള്ളൂ. എന്നാലും എന്റെ ആഗ്രഹങ്ങൾക്കൊന്നും അവർ എതിര് നിന്നിട്ടില്ല. എനിക്ക് എന്റെ വീട്ടിൽ പോകാനും, പഠിക്കാൻ പോകാനും, ഏട്ടന്റെ കൂടെ സിനിമയ്ക്ക് പോകാനുമൊക്കെ പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ് പെട്ടന്ന് എനിക്കൊരു തലകറക്കം വന്നത്. അമ്മയായിരുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞഥിതി കൂടെ വരാൻ പോവുകയാണെന്ന സന്തോഷ വാർത്ത ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ആദ്യമായി അമ്മയുടെ മുഖത്ത് ചിരി കണ്ടു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഒക്കെയും അമ്മ എന്നെ അത്ഭുതപെടുത്തുകയായിരുന്നു. എപ്പോളും എന്റെ കൂടെ നടന്ന് ഉപദേശങ്ങൾ നൽകുകയും, ഞാൻ പറയാതെ തന്നെ എനിക്കിഷ്ട്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കിത്തരുകയും ചെയ്യുന്ന അമ്മയെ ഞാൻ അത്ഭുതത്തോടെ നോക്കി. എന്റെയുള്ളിലെ സംശയങ്ങൾ അറിഞ്ഞിട്ടാവണം അമ്മ പറഞ്ഞു തുടങ്ങി…..,

“ശരത്തിനു അഞ്ചു വയസ്സുള്ളപ്പോൾ ആണ് അവന്റെ അച്ഛൻ മരിക്കുന്നത്. പ്രണയവിവാഹം ആയതുകൊണ്ട് തന്നെ ബന്ധുക്കളുമായി ഞങ്ങൾക്ക് അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. വാടക വീട്ടിലായിരുന്നു താമസിച്ചത് അവന്റെ അച്ഛൻ മരിച്ചപ്പോൾ അവിടുന്നും ഇറക്കി വിട്ടു. പിന്നീട് കുറെ അലഞ്ഞിട്ടാണ് വേറൊരു വീട് കണ്ടുപിടിച്ചത്, പക്ഷേ വിധവയായ, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരു സ്ത്രീക്ക് സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പരിഹാസങ്ങളും ഉണ്ടല്ലോ, അവിടെയും അതെന്നെ പിന്തുടർന്നു. എന്തൊക്കെ സംഭവിച്ചാലും അവനെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണമെന്ന അതിയായ ആഗ്രഹമുള്ളതു കൊണ്ട് എല്ലാം ധൈര്യത്തോടെ അതിജീവിച്ചു. പിന്നെ കൂട്ടുകാരിയുടെ സഹായത്തോടെ ചെറിയ ജോലി കണ്ടുപിടിച്ചു, ശരത്തിനെ നല്ലൊരു സ്കൂളിൽ ചേർത്തു ഒപ്പം ഞാനും പാതി നിർത്തിയ പഠനം പൂർത്തിയാക്കി. നല്ലൊരു ജോലിയും ലഭിച്ചു. പക്ഷേ അവിടെയും നേരിടേണ്ടി വന്നു ഒരുപാട് പ്രശ്നങ്ങൾ. അന്ന് ഒരു തീരുമാനമെടുത്തു പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുമെന്ന്. അങ്ങനെ തന്നെ ചെയ്തു മാനത്തിന് വിലപറഞ്ഞവരൊക്കെയും എന്റെ കൈകരുതറിഞ്ഞു. അതുകൊണ്ട് ഉണ്ടായിരുന്ന ജോലി എനിക്ക് നഷ്ടമായി പക്ഷേ തളർന്നില്ല. ഒരുപാട് പോരാടി തന്നെയാണ് ഇവിടെ വരെയെത്തിയത് അതിനിടയ്ക്ക് ചിരിക്കാനൊക്കെ മറന്നുപോയിരുന്നു. പക്ഷേ ഇന്ന് ഞാൻ മനസ്സ് തുറന്നു ചിരിക്കും ഇതിന് വേണ്ടിയാണ് ഞാനിത്രയും ജീവിച്ചത് തന്നെ. എന്റെ മോനൊരു നല്ല ജീവിതം പിന്നെ എന്റെ പേരക്കുട്ടിയെ ഈ കൈകൾ കൊണ്ട് താലോലിക്കണം. അത് കഴിഞ്ഞു എനിക്ക് സന്തോഷമായിട്ട് കണ്ണടയ്ക്കാം. ” അമ്മ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
എന്തു പറയണമെന്നെനിക്കറിയില്ലായിരുന്നു,
നിറഞ്ഞ കണ്ണുകൾ തുടച്ചു ആ അമ്മയെ ചേർത്തു പിടിച്ചു ഇനി ഈ കണ്ണുകൾ നിറയാൻ ഞാൻ സമ്മതിക്കില്ല എന്ന് മനസ്സിലുറപ്പിച്ചു.

“അമ്മേ അമ്മയ്ക്കറിയുമോ. അമ്മ സീരിയലിൽ ഒക്കെ കാണണപോലുള്ള ഒരു വില്ലത്തിയാണെന്നാ ഞാൻ ആദ്യം കരുതിയെ. എന്നാണ് പോര് തുടങ്ങുവാന്ന് കാത്തിരിക്കുവായിരുന്നു ഞാൻ. ശോ ആ ത്രില്ല് അങ്ങ് പോയി ”

‘എടി കള്ളി…… എന്നാ ഇപ്പോ തന്നെ പോര് തുടങ്ങിയേക്കാം ‘

അപ്പോ തുടങ്ങുവാണ് അമ്മായിയമ്മേടേം മരുമകളുടെയും പോരല്ല. ഞങ്ങളുടെ സന്തുഷ്ടമായ കുടുംബജീവിതം.

രചന :  അപർണ

LEAVE A REPLY

Please enter your comment!
Please enter your name here