Home Latest ഞാൻ കൂടുതൽ സന്തോഷവാനാകുന്നത് അവൾക്കൊപ്പമാണ്…

ഞാൻ കൂടുതൽ സന്തോഷവാനാകുന്നത് അവൾക്കൊപ്പമാണ്…

0

ഒറ്റയ്ക്കാകുമ്പോൾ

” ഞാൻ ഒരു റിലേഷനിലാണ് ”

പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ അഖിൽ അത് പറഞ്ഞപ്പോൾ ഉള്ളിലെ പിടച്ചിൽ പുറത്തു കാട്ടാതെ ഞാനും നിസ്സംഗയായി ഇരുന്നു .ഞാൻ അത് പ്രതീക്ഷിച്ചിരുന്നു .എപ്പോളാണ് പറയുക എന്നേ അറിയേണ്ടതായിട്ടുണ്ടായിരുന്നുള്ളു .പലരും പറഞ്ഞിരുന്നു . ചിലതൊക്കെ കണ്ടിരുന്നു . അഖിലിന്റെ സ്വഭാവം അറിയാമായിരുന്നത് കൊണ്ട് സ്വയം പറയട്ടെ എന്ന് കരുതി.

” മോളെ എനിക്ക് കാണാനുള്ള സ്വാതന്ത്ര്യം വേണം അതിനു എതിര് പറയരുത് ”

അഖിൽ വീണ്ടും പറഞ്ഞു

” ഇല്ല ” ഞാൻ ചിരിക്കാൻ ശ്രമിച്ചു

” അപ്പോൾ ലീഗൽ ആയി മുന്നോട്ടു പോകട്ടെ ?”

” ഉം ഒൺലി വൺ കൊസ്ററ്യൻ ?”ഞാൻ മുന്നോട്ടു ആഞ്ഞിരുന്നു

” ചോദിക്കു ”

” എന്താണ് എന്നിലെ കുറവ് ?”

അഖിൽ ആ ചോദ്യം പ്രതീക്ഷിച്ചില്ല എന്ന് തോന്നി .

” പറയു അഖിൽ എനിക്ക് അതറിയണം” “ഞാൻ വീണ്ടും പറഞ്ഞു

” അനു നീ സുന്ദരിയാണ് .യെസ്, വെൽ എഡ്യൂക്കേറ്റഡ് , ഫ്രണ്ട്‌ലി ,ഫൈനാൻഷ്യലി വെരി റിച്ച്. പക്ഷെ അവൾ ഇതൊന്നുമല്ല ..എന്നാലും ഞാൻ കൂടുതൽ സന്തോഷവാനാകുന്നത് അവൾക്കൊപ്പമാണ് .വേണമെങ്കിൽ എനിക്ക് ഇത് ഒളിച്ചു വെയ്ക്കാം നിന്നെയും അവളെയും ചതിക്കാം. പക്ഷെ അത് ശരിയല്ല ”

ഇത് ശരിയാണോ എന്ന് എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു .എന്തിന് ?

ഉത്തരംപൂർണമായിരുന്നു . സത്യസന്ധവും.
മനുഷ്യമനസ്സിന്റെ സങ്കീർണതകൾ ആര് അറിയുന്നു?

“പിരിഞ്ഞാലും നീ എന്റെ നല്ല സുഹൃത്തായിരിക്കും .നമ്മുടെ മകൾക്കുള്ളതെല്ലാം നിന്റെ പേരിൽ ഞാൻ ഡെപ്പോസിറ്റ് ചെയ്യാം .നിനക്കാവശ്യമുള്ളതു എത്രയാ അതും ”
ഞാൻ മെല്ലെ ചിരിച്ചു

” മകൾക്കുള്ളത് അവൾ ജോലി ചെയ്തു സമ്പാദിക്കട്ടെ അഖിൽ .നാളെ അവൾക്കും ഇതാണ് വിധി എങ്കിലോ ?”

അഖിലിന്റെ മുഖം വിളറി

” ഞാൻ കുറ്റപ്പടുത്തിയതല്ല .ഒന്നും വേണ്ട അഖിൽ .എനിക്ക് ഒരു ജോലി ഉണ്ടല്ലോ ഐ ക്യാൻ ലീവ്”

അഖിൽ മുഖം താഴ്ത്തി. പിന്നെ എഴുനേറ്റു പോയി.

എന്തിനാണ് നഷ്ടപരിഹാരം? .പന്ത്രണ്ടു വർഷം ഒപ്പം കഴിഞ്ഞതിനോ ? ചായ ഉണ്ടാക്കി കൊടുത്തതിന് ? ഭക്ഷണം ഉണ്ടാക്കി കൊടുത്തതിന് ? തുല്യമായി പങ്കിട്ട മനോഹര നിമിഷങ്ങൾക്ക് എന്തിനാണ് ഒരാൾ ഒരാൾക്ക് നഷ്ടപരിഹാരം കൊടുക്കുന്നത് ?ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു പങ്കാളിക്ക് ചിലപ്പോൾ അതാവശ്യമായേക്കും .തനിക്കതു വേണ്ട .വിവാഹം ഒരു സ്നേഹ ഉടമ്പടിയാണ്. സ്നേഹം അവസാനിക്കുന്നിടത്തു ഉടമ്പടിയും അവസാനിക്കുന്നു അഖിൽ ഒരു ശരിയാണ് എന്ന് ഞാൻ പറയില്ല പക്ഷെ അഖിൽ ഒരു തെറ്റുമില്ല .ഇഷ്ടം ഉള്ള ബന്ധം തുടരാൻ സാധിച്ചില്ല എങ്കിൽ അത് കലഹത്തിലേക്കും അസഹിഷ്ണുതയിലേക്കും വഴുതി പോകും. ഇപ്പോളത്തെ സൗഹൃദം പോലുമില്ലാതാകും .കലഹം നിറഞ്ഞ കുടുംബത്തിൽ വളരുന്ന കുഞ്ഞുങ്ങൾ വഴിതെറ്റിപ്പോകും കുട്ടികൾക്ക് വേണ്ടി പൊരുത്തപ്പെടാനാകാത്തത് കൂട്ടിച്ചേർത്തു ഒരു കൂരയ്ക്ക് കീഴിൽ അന്യരെ പോലെ കഴിയുന്നതെന്തിന് ?

ഞാൻ അൽപനേരം കൂടി അങ്ങനെ ചിന്തകളിൽ മുഴുകി ഇരുന്നു .മോളോട് കാര്യങ്ങൾ പറയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി

രാത്രി
ഒപ്പം കിടക്കുമ്പോൾ ഞാൻ മോളുടെ ശിരസ്സിൽ മെല്ലെ തലോടി

” അമ്മയൊരു കഥ പറയട്ടെ ?”
” ഉം “മോൾക്ക്‌ കഥകൾ വലിയ ഇഷ്ടം ആണ്. എത്ര തിരക്കുണ്ടെങ്കിലും ഉറങ്ങും മുന്നേ ഒരു കഥ അവളുടെ അവകാശമാണ്. തനിക്കതു സന്തോഷവും

” ഒരിടത്തു ഒരു രാജകുമാരിയുണ്ടാ യിരുന്നു .ഒരു നാൾ രാജകുമാരൻ രാജകുമാരിയോട് പറഞ്ഞു രാജകുമാരനു മറ്റൊരു രാജകുമാരിയെ ആണ് ഇഷ്ടം എന്ന്, അവളുടെ ഒപ്പം ജീവിക്കണം എന്ന് .പക്ഷെ രാജകുമാരനു തന്റെ മകളെ വലിയ ഇഷ്ടം ആണ് മോൾക്കു അച്ഛനെയും. വേർപിരിഞ്ഞാലും മോളെ കാണണം എന്ന് രാജകുമാരൻ വാശി പിടിച്ചു .”

” മകൾ പോകില്ല “മോൾ മെല്ലെ പറയുന്നത് കെട്ടു ഞാൻ ലൈറ്റ് ഇട്ടു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു ഞാൻ അവളെ മാറോടു ചേർത്ത് പിടിച്ചു.

” അച്ഛൻ വേറെ ആന്റിയെ കല്യാണവും കഴിക്കാൻ പോവാ അല്ലെ അമ്മെ ?”ഇടറിയ ഒച്ച

” ഉം ” ഞാൻ ഒന്ന് മൂളി

” അതെന്തിനാ?’

” അറിയില്ല .മോൾ അച്ഛനെ വെറുക്കരുത് ട്ടോ .വലുതാകുമ്പോൾ മോൾക്ക് ഇതൊക്കെ മനസിലാകും .ജീവിതം എപ്പോൾ വേണമെങ്കിലും നമ്മുടെ വിരൽത്തുമ്പിലൂടെ അങ്ങ് ഒഴുകി പോകും .നമ്മൾ തനിച്ചാകും .പതറരുത് .പഠിച്ചു നല്ല ജോലി വാങ്ങണം അപ്പോൾ ഒരു പരിധി വരെയൊക്കെ ഇതിനെ മറികടക്കാൻ പറ്റും ”

മോൾക്ക് മനസിലാകുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കുന്നില്ലായിരുന്നു .ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു .എന്റെ ഉള്ളിലെ തിളയ്ക്കുന്ന ലാവയെ ഞാൻ പുറത്തേക്കു ഒഴുക്കി വിട്ടു കൊണ്ടിരുന്നു

കോടതിയിൽ നിന്നിറങ്ങുമ്പോൾ ഞാൻ അഖിലിന്റെ മുന്നിൽ ചെന്നു. അയാൾക്കൊപ്പം അയാളുടെ പെൺകുട്ടിയെ കണ്ടു ഞാൻ മെല്ലെ പുഞ്ചിരിച്ചു

” എന്താ പേര് ”

” ദേവിക ”
അവളുടെ മുഖത്ത് ഒരു വല്ലായ്മയുണ്ടായിരുന്നു.

” അഖിലിന് സൈനസിന്റെ അസുഖം ഉണ്ട് ഒരു പാട് തണുപ്പായാൽ ശ്വാസം മുട്ടലുണ്ടാകും ശ്രദ്ധിക്കണം ”
അവളുടെ മുഖം താഴ്ന്നു

“ഇടയ്ക്കു ഒന്നിച്ചു വരൂ രണ്ടാളും ഞാൻ നിങ്ങളുടെ ശത്രു ഒന്നുമല്ല”ഞാൻ പുഞ്ചിരിച്ചു. പിന്നെ ഞാൻ എന്റെ മോളെ ചേർത്ത് പിടിച്ചു നടന്നു തുടങ്ങി

തിരികെ നടന്നപ്പോൾ ഞാൻ ആലോചിച്ചു ഞാൻ എന്ത് കൊണ്ട് അങ്ങനെ ? എനിക്ക് എങ്ങനെ ആണ് ഇങ്ങനെ സാധിച്ചത് ? അറിയില്ല. പക്ഷെ എന്റെ മനസ്സ് ശാന്തമായിരുന്നു

അഖിൽ കാർ സ്റ്റാർട്ട് ചെയ്തു

” എത്ര നല്ല ചേച്ചിയാണവർ ” അഖിൽ ദേവികയെ ഒരു ഞെട്ടലോടെ നോക്കി

” എങ്ങനെയാണ് അവരെ ഉപേക്ഷിക്കാൻ തോന്നിയത് ? ഈശ്വര ! അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു.

അഖിൽ മറുപടി പറയാതെ കാർ ഓടിച്ചു കൊണ്ടിരുന്നു സത്യതിൽ അയാൾക്ക്‌ അതിനു മറുപടി ഉണ്ടായിരുന്നില്ല അല്ലെങ്കിൽ അത് വ്യക്തമാക്കാൻ അയാൾക്ക്‌ അറിയുമായിരുന്നില്ല.

” ഐ ആം ഹാപ്പി വിത്ത് യു ” അയാൾ മെല്ലെ പറഞ്ഞു

” നാളെ കൂടുതൽ സന്തോഷം മറ്റൊരാൾക്കൊപ്പമാണെന്നു തോന്നിയാൽ എന്നെയും ?’
ദേവിക തീ പാറുന്ന കണ്ണുകളോടെ ചോദിച്ചു

അയാൾ അതിനു മറുപടി പറഞ്ഞില്ല .പക്ഷേ
അയാൾക്കറിയാമായിരുന്നു അശാന്തി നിറഞ്ഞ ജീവിതതിന്റെ തുടക്കമാണ് ഇതെന്ന്.

രചന : അമ്മു സന്തോഷ്

LEAVE A REPLY

Please enter your comment!
Please enter your name here