Home Latest കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാം…. ഇങ്ങനൊരു കുഞ്ഞ് ജീവിതകാലം മുഴുവൻ ഭാരമായിരിക്കും…

കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാം…. ഇങ്ങനൊരു കുഞ്ഞ് ജീവിതകാലം മുഴുവൻ ഭാരമായിരിക്കും…

0

ഏഴാം മാസത്തിലെ സ്കാനിംഗ് റിപ്പോർട്ടു കിട്ടിയപ്പോൾ ഡോക്ടറുടെ മുഖം മങ്ങിയിരുന്നു….
മുന്നിലിരിക്കുന്ന എന്നോടും നന്ദേട്ടനോടുമായി ഡോക്ടർ പറഞ്ഞു…. സ്കാനിങ്ങിൽ ചില പ്രശ്നങ്ങൾ കാണുന്നു….. കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇത് കേട്ടതും സകല നിയന്ത്രണവും നഷ്ടപെട്ട ഞാൻ പൊട്ടി കരഞ്ഞു….

പിന്നീട് ഡോക്ടർ ഏട്ടന് മുന്നിൽ കാര്യം വിശദമാക്കി.

കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാം…. ഇങ്ങനൊരു കുഞ്ഞ് ജീവിതകാലം മുഴുവൻ ഭാരമായിരിക്കും….

ഏട്ടന്റെ മറുപടി കേട്ട ഞാൻ ഞെട്ടി….

എന്റെ കുഞ്ഞ് എനിക്കൊരിക്കലും ഭാരമാകില്ല…..
അത്രയും നേരം നെഞ്ചു തകർന്നു കരഞ്ഞ ഞാൻ ജ്വലിക്കുന്ന കണ്ണോടെ ഏട്ടനെ നോക്കി…

കണ്ണീർ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു…

എനിക്കെന്റെ കുഞ്ഞിനെ വേണം….
ആർക്കു വേണ്ടെങ്കിലും ഞാനവനെ വളർത്തും…..
അവന്റെ കുറവുകൾക്ക് ഞാൻ പൂർണത നൽകും…..
അല്ലാതെ ഭാവി സുരക്ഷിതമാക്കാൻ ഒരു ജീവൻ ഇല്ലാതാക്കാൻ മാത്രം സ്വാർത്ഥ അല്ല ഞാൻ…

ഇത്രയും പറഞ്ഞു ഞാൻ ഡോക്ടറുടെ മുറി വിട്ടു പുറത്തിറങ്ങി.

പിന്നീടുള്ള ദിവസങ്ങളിൽ ഞാനും ഏട്ടനും തമ്മിൽ മനസുകൊണ്ട് ഒരുപാട് അകന്നത് പോലെ….. എന്റെ ആരോഗ്യനിലയിലും കുഞ്ഞിന്റെ ഭാവിയിലും ഉള്ള ആശങ്കയാവണം ഏട്ടനെ ആ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് എന്നാൽ എനിക്കതൊരിക്കലും ഉൾക്കൊള്ളാൻ ആയില്ല…….

ജനന സമയത്തു തന്നെ കുഞ്ഞിന്റെ ബുദ്ധി വൈകല്യം ഡോക്ടർ തിരിച്ചറിഞ്ഞു. വീട്ടുകാരിൽ സങ്കടമാണെങ്കിൽ നാട്ടുകാരിൽ ഒരു തരം സഹതാപം ആയിരുന്നു നിഴലിച്ചു കണ്ടത്.

പക്ഷെ ആരുടേയും മുഖം എന്നെ തളർത്തിയില്ല. അതിനോടകം ഞാനൊരു തീരുമാനത്തിൽ എത്തിയിരുന്നു.
ഏതു പ്രതിസന്ധിയെയും തരണം ചെയ്തു ഞാനെന്റെ കുഞ്ഞിനെ വളർത്തും എന്ന്…

അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാനവന് താങ്ങായി ഒപ്പം നിന്നു.

എല്ലാ കഴിവുകളും നിറഞ്ഞ ഒരു കുഞ്ഞിനെ എനിക്ക് ഈശ്വരൻ തരും എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ വന്നവരോട്….

” എനിക്ക് കിട്ടിയ വരമാണ് എന്റെ അപ്പു എനിക്കിനി മറ്റൊരു കുഞ്ഞിനെ വേണ്ട ” എന്ന എന്റെ തീരുമാനം ഉറച്ചതായിരുന്നു.

സാധാരണ കുട്ടികൾക്കൊപ്പം അവനെ സ്കൂളിൽ ചേർക്കണമെന്ന എന്റെ ആഗ്രഹത്തെ പലരും പുച്ഛിച്ചു.
പക്ഷേ ഞാൻ പിന്മാറിയില്ല. സാധാരണ സ്കൂളിൽ തന്നെ ഞാൻ അവനെ ചേർത്തു…

രാവും പകലും അവനു കൂട്ടിരുന്നു…. അവനെ പഠിപ്പിക്കാൻ ശ്രമിച്ചു ഓരോ തവണ പരാജയപെട്ടപ്പോഴും ഞാൻ കൂടുതൽ വാശിയോടെ പരിശ്രമിച്ചു. അവന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ അവൻ പലതും പഠിച്ചെടുത്തു…

അവനില്ലായിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ അർഥ രഹിതമായിരുന്നെന്നു ഞാൻ ആ നാളുകളിൽ തിരിച്ചറിഞ്ഞു…

“അമ്മേ……. ”

എന്റെ അപ്പുവിന്റെ പിൻവിളിയാണ് എന്നെ ഓർമ്മകളിൽ നിന്നുണർത്തിയത്….. തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ അവൻ ഒപ്പം അവന്റെ മാളുവും…
മാളു…. അവനെ പോലെ തന്നെ വൈകല്യത്തിനൊപ്പം പിറന്ന അവന്റെ ജീവിത പങ്കാളി….

ബുദ്ധി വികസമില്ലാത്തതിന്റെ പേരിൽ മതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയുമാണിന്നവർ…..
ഒരുപാട് കുഞ്ഞുങ്ങളുടെ ആശ്രയം….

ബാധ്യതയാവുമെന്നു കരുതി നശിപ്പിക്കാൻ ഒരുങ്ങിയവൻ ഒരുപാടു പേരുടെ താങ്ങായി മാറിയിരിക്കുന്നു…
എന്റെ തീരുമാനം ആയിരുന്നു ശരി എന്ന് അവൻ ഏവർക്കും മുന്നിൽ തെളിയിച്ചു…..

രചന : അതിഥി അമ്മു

LEAVE A REPLY

Please enter your comment!
Please enter your name here