Home Latest എടാ പണ്ട് നിന്റെ കൂടെ പഠിച്ചിരുന്നില്ലേ ഒരു സാജി.. ഓൾക്ക് കല്യാണാത്രെ ഈ ഞാറാഴ്ച…

എടാ പണ്ട് നിന്റെ കൂടെ പഠിച്ചിരുന്നില്ലേ ഒരു സാജി.. ഓൾക്ക് കല്യാണാത്രെ ഈ ഞാറാഴ്ച…

0

#എന്റെ_അവിഹിത_ബന്ധം..

“ടാ.. ന്നെ പടച്ചോനുംകൂടി കൈവിട്വോ??”,.

എന്റെ കൈപ്പത്തി മുറുകെ പിടിച്ചുകൊണ്ടുള്ള അവളുടെ ഈ ചോദ്യമാണ് ചിന്തകളുടെ പിരിമുറുക്കത്തിൽനിന്നു എന്നെ ഉണർത്തിയത്..

“എന്താ സാജ്യേ.. ഒന്നുണ്ടാവൂല.. ഇജ്ജ് ധൈര്യായിട്ടിരിക്ക്.. എന്തുവന്നാലും നമുക്ക് നേരിടാ”

അവളുടെ കൈ എന്റെ നെഞ്ചോട് ചേർത്ത് സമാധാനിപ്പിക്കുമ്പോഴും എന്റെ മനസ്സ് പിടയുകയായിരുന്നു..

ഗുഡല്ലൂരിലെ പ്രസിദ്ധമായ ‘അക്കാട്’ ആശുപത്രിയിലെ ‘മക്കൾ സേവയ് മയ്യം” ത്തിനു മുമ്പിലുള്ള പഴയ സിമെന്റിന്റെ ബെഞ്ചിലിരുന്നു ശരീരം തണുത്തു വിറക്കുമ്പോഴും ഉള്ളം ചിന്തകളുടെ ചൂടിനാൽ തിളച്ചു മറിയുകയായിരുന്നു..

അത്രയുംകാലം ഒരു കാര്യത്തിനും ആത്മാർത്ഥമായി ദൈവത്തിനെ വിളിച്ചിട്ടില്ലാത്ത ഞാൻ അന്നാദ്യമായി ആത്മാർത്ഥമായി ദൈവത്തിനെ വിളിച്ചു.

“ന്റെ റബ്ബേ..ഭയപ്പെട്ടതൊന്നും സംഭവിക്കല്ലേ.. തുണയാകണേ”..

” ടാ എപ്പഴാ റിസൾട്ട് വരുക”

വീണ്ടും അവളുടെ ചോദ്യം..

“അരമണിക്കൂർ ആവുമെന്നല്ലേ അവര് പറഞ്ഞേ.. എന്തെ ടാ” അവളോടായി ഞാൻ ചോദിച്ചു..

“ഒന്നൂല്ല, എന്തോ വല്ലാത്തൊരുക്ഷീണം.. ഞാൻ കുറച്ചുനേരം നിന്റെ മടിയിലൊന്നു കിടക്കട്ടെ”

അവളുടെ ആ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ അവളുടെ തോളിൽ കയ്യിട്ട് തല എന്റെ മടിയിലേക്ക് ഞാൻ ചേർത്തുവെച്ചു..

എന്റെ മടിയിൽ മുഖം ചേർത്ത് കിടക്കുമ്പോൾ എന്റെ വിരലുകൾ അവളുടെ മുടിയിലൂടെ തലോടിക്കൊണ്ടിരുന്നു..കൂടെ എന്റെ മനസ്സ് ഒരുപാട് കാലം പിന്നോട്ട് സഞ്ചരിചു…
അവൾ.. പേര് സാജിത.. എന്റെ അകന്ന ബന്ധത്തിലുള്ള കുട്ടി..

എന്നെയും അവളെയും ഒരേ ദിവസമാണ് സ്കൂളിൽ ചേർത്തത്..

അന്നുമുതൽ ഞങ്ങൾ വലിയ കൂട്ടുകാരായി.. സൗഹൃദം ദിനംപ്രതി ദൃഢമായപ്പോഴും ഞങ്ങളുത്തമ്മിൽ എന്നും മത്സരമായിരുന്നു പഠിത്തത്തിൽ..

പക്ഷേ എന്നും നേരിയ വ്യത്യാസത്തിൽ ഒന്നാംറാങ്ക് എനിക്കുതന്നെ ആയിരുന്നു..

അന്നാമ്മ ടീച്ചർക്ക് എന്നോടുള്ള പ്രത്യേക ഇഷ്ടക്കൂടുതൽ മാർക്കിന്റെ രൂപത്തിൽ പരീക്ഷാപേപ്പറിൽ സ്ഥാനം പിടിക്കുമ്പോൾ അരമാർക്കിന്റെയും ഒരുമാർക്കിന്റെയുമൊക്കെ വ്യത്യാസത്തിൽ അവൾക്കു എന്റെ പിന്നിൽ രണ്ടാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടി വരുമായിരുന്നു.

പക്ഷെ എന്നാലും അവൾ പരിശ്രമിച്ചുകൊണ്ടേയിരുന്നു എന്നെ പിന്നിലാക്കാൻ.. അവസാനം അഞ്ചാം ക്ലാസ്സിലെ അരക്കൊല്ല പരീക്ഷയിൽ അവള് ലക്‌ഷ്യം നേടി..

ചിക്കൻപോക്സ് വന്നു കിടപ്പിലായിപ്പോയ എന്റെ അന്നാമ്മ ടീച്ചറുടെ അഭാവത്തിൽ ഹാരിസ് മാഷ് നടത്തിയ ഇംഗ്ലീഷ് പേപ്പർ കറക്ഷൻ എന്റെ സകല പ്രതീക്ഷകളെയും തകിടം മറിച്ചപ്പോൾ വൻ മാർജിനിൽ അവൾ കപ്പുയർത്തി..

എന്റെ പരാജയ ത്തിന്റെ സങ്കടത്തെ പൊരുതിനേടിയ ആ പൂച്ചക്കണ്ണിയുടെ കണ്ണിലെ നക്ഷത്ര തിളക്കവും നിഷ്കളങ്കമായ പുഞ്ചിരിയും മായ്ച്ചു കളഞ്ഞു.. കാരണം ഈ വിജയം അവളെക്കാളേറെ ഞാൻ ആഗ്രഹിച്ചിരുന്നു..

ആ പൂച്ചക്കണ്ണിയോട് എനിക്കെന്തോ അന്നുതന്നെ ഒരുപാട് ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു..

പക്ഷെ ആ ആഘോഷങ്ങൾക്ക് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു..

അവളുടെ ഉപ്പാന്റെ മരണവാർത്ത കേട്ടു ഞെട്ടികൊണ്ടാണ് പിറ്റേന്ന് ഞാൻ ഉറക്കമുണർന്നത്..

അന്ന് സ്കൂളിന് അവധി നൽകി അധ്യാപകരും വിദ്യാർത്ഥികളും അവളുടെ വീട്ടിലേക്കൊഴുകി.. ഉപ്പാന്റെ കൈപിടിച്ചു ഞാനും..

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവളുടെ ഉപ്പാന്റെ ചേതനയറ്റ ശരീരത്തിന് തലഭാഗത്തായി തളർന്നിരിക്കുന്നു അവൾ എന്നെ കണ്ടതും അലമുറയിട്ട് കരഞ്ഞു..

അത് കാണാൻ കഴിയാത്തതുകൊണ്ടോ എന്തോ എനിക്കതികനേരം അവിടെനിൽക്കാൻ കഴിഞില്യാ..

പക്ഷെ പിന്നീടൊരിക്കലും അവൾ സ്കൂളിലേക്ക് വന്നതേയില്ല.. അവളുടെ ഉമ്മ അന്നന്നത്തെ അന്നത്തിനായി തേയില തോട്ടത്തിലേക്ക് ഇല നുള്ളാൻ പോകുമ്പോൾ പറക്കമുറ്റാത്ത അനിയത്തികുട്യോൾക്ക് കൂട്ടിരിക്കാനെന്ന പേരിൽ ആ കഠിനാധ്വാനിയായ കൂർമ്മ ബുദ്ധിക്കാരിയുടെ വിദ്യാഭ്യാസം അവിടെ അവസാനിക്കുകയായിരുന്നു..

എങ്കിലും വൈകുന്നേരങ്ങളിൽ ഞാൻ സ്കൂളിൽ നിന്ന് വരുന്നതും കാത്തു വഴിവക്കിൽ അവളുണ്ടാവും.. എന്റെ പുസ്തകങ്ങളെല്ലാം വാങ്ങി നോക്കും.. നോട്സുകളെല്ലാം എനിക്ക് എഴുതിത്തരും.. പദ്യ ഭാഗങ്ങളെല്ലാം അതിവേഗം മനഃപാഠമാക്കിയും സുന്ദരമായ കയ്യക്ഷരത്തിൽ എന്റെ നോട്ടുബുക്കുകളിൽ മായാജാലം തീർത്തും ആ നക്ഷത്രകണ്ണുകാരി എന്നെ അത്ഭുതപ്പെടുത്തികൊണ്ടേയിരുന്നു..

പക്ഷെ അതിനും അധികം ആയുസ്സില്ലായിരുന്നു.. ഞാൻ 7ആം ക്ലാസ്സിൽ എത്തിയതോടുകൂടി എന്റെ കുടുംബം തറവാട്ടു വീട്ടിൽനിന്നു സ്വന്തം വീടുവച്ചു ടൗണിലേക്ക് മാറിയതോടുകൂടി ആ ബന്ധവും അവസാനിക്കുകയായിരുന്നു..

ഇന്നത്തെപോലെ ഫോണുകളും മെസ്സേജുകളുമൊന്നും പ്രാപല്യത്തിൽ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ അങ്ങിനെ ആ സുന്ദരമായ ബന്ധത്തിന് വേരറ്റു.. പിന്നീട് അവളെക്കുറിച്ച ഞാനറിഞ്ഞതേയില്ല..

പതിയെ ഞാനും അവളെ മറന്നുതുടങ്ങി..

പിന്നീട് അവളെക്കുറിച്ചു ഞാൻ കേൾക്കുന്നത് എന്റെ 10 ആം തരാം പൊതുപരീക്ഷയുടെ തലേന്നാൾ ഉമ്മാന്റെ അടുത്തൂന്നാണ്..

“എടാ പണ്ട് നിന്റെ കൂടെ പഠിച്ചിരുന്നില്ലേ ഒരു സാജി.. നമ്മുടെ മരിച്ചുപോയ ഹംസാക്കാന്റെ മോൾ.. അവളുടെ ഉമ്മയും അവളുംകൂടെ ഇന്ന് ഇവിടെ വന്നിരുന്നു.. ഓൾക്ക് കല്യാണാത്രെ ഈ ഞാറാഴ്ച”..

“ആർക്ക്? സാജിക്കോ? അതിനവൾക്കു പത്തുപതിനാല് വയസ്സല്ലേ ആവണോള്ളു.. ഇപ്പൊത്തന്നെ അതിനെ കെട്ടിക്യാ?”

എന്റെ ചോദ്യത്തിന് പെങ്ങളാണ് മറുപടി പറഞ്ഞത്

“ആ ഇവൻ പത്തുകഴിഞ്ഞാൽ ഓളെ കെട്ടാനിരിക്കെയായിരുന്നു.. അപ്പഴേക്ക് ഓളെ കെട്ടിക്കുന്നത് മോശാട്ടോ”

“പോടീ പിത്തകാളീ”

ന്നും പറഞ്ഞു അവളെയൊരു കിഴുക്കും കൊടുത്തു ഞാൻ എന്റെ റൂമിലേക്ക് പോയി..

കല്യാണ കമ്പോളത്തിൽ തൂക്കത്തിനനുസരിച്ചു പൊന്നുകൊടുക്കാൻ ഇല്ലാത്തതിനാലും അവൾക്കു താഴെ രണ്ടു പെൺകുട്ടികൾ വളർന്നു വരുന്നതിനാലും വേറെ നിവൃത്തി ഇല്ലാത്തതിനാലും അവളുടെ ഉമ്മ അവളെ അക്കാലത്തു പാവപ്പെട്ട പെൺകുട്ടികളുടെ പേടി സ്വപ്നമായിരുന്നു “മൈസൂർ കല്യാണ” ഇരയാക്കുകയായിരുന്നു.

കല്യാണത്തിനാണ് ഒരുപാട് കാലത്തിനുശേഷം അവളെ പിന്നീട് ഞാൻ കാണുന്നത്..

കല്യാണ കോലത്തിൽ ഒരുങ്ങിനിക്കുന്ന അവൾ അതി സുന്ദരി ആയിരിക്കുന്നു..കവിളൊക്കെ തുടുത്തു.. പഴയപോലെയല്ല .. പെണ്ണ് ഒരുപാട് വളർന്നുപോയിരിക്കുന്നു..
എങ്കിലുംആ നക്ഷത്രകണ്ണുകൾ മാത്രം അപ്പോഴും തിളങ്ങിക്കൊണ്ടേയിരുന്നു.. പഴയപോലെതന്നെ..

എന്നെ കണ്ടതും ഓടിവന്നു കൈപിടിച്ചു ഒരുപാട് സംസാരിച്ചു..

മനസ്സിനൊരു സങ്കടം വന്നതിനാലോ എന്തോ ഞാൻ തിരക്കുണ്ടെന്നു പറഞ്ഞു അവളോട് യാത്രയും പറഞ്ഞു വേഗം ഇറങ്ങി..

കാലചക്രം വീണ്ടും ഉരുണ്ടു.. ഞാൻ പത്താം ക്ലാസും പ്ലസ് ടു വും പൂർത്തിയാക്കി.. ഡിഗ്രിക്ക് ചേർന്നതിന്റെ രണ്ടാം വർഷം ഒരു വലിയ പെരുന്നാൾ തലേന്നാണ് നീണ്ട അഞ്ചു വർഷങ്ങൾക്കിപ്പുറം അവളെ ഞാൻ വീണ്ടും കാണുന്നത്..

പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി വണ്ടിയിലേക്ക് കയറാൻ ഒരുങ്ങവെ “ടാ” എന്ന് വിളിച്ചോണ്ട് ഒരു പെണ്ണ് ഓടി വന്നെന്റെ കൈ പിടിക്കുന്നു..

മെലിഞ്ഞൊട്ടിയ ഒരു രൂപം.. കവിളുകൾ ഒട്ടിയിരിക്കുന്നു.. കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു..
ഒരു പഴയ നരച്ചു കീറാറായ പർദ്ദയിട്ടു ഒരു 30/35 വയസ്സ് പ്രായം തോന്നിക്കുന്നൊരു പെണ്ണ്..

വല്ല പെരുന്നാൾ പൈസക്കും വേണ്ടി ആരെങ്കിലും കൈ നീട്ടുന്നതാവും എന്ന് കരുതി പോക്കറ്റിലേക്ക് കൈ കൊണ്ടുപോകുന്നതിനിടെ ചുമ്മാ ആ സ്ത്രീയുടെ കണ്ണുകളിലേക്ക് നോക്കിയ എന്റെ ഇടനെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു..

“റബ്ബേ.. സാജി”

കണ്ണുകളിലെ ആ നക്ഷത്ര തിളക്കം മാത്രം ബാക്കി.. മറ്റെല്ലാം മാറിപ്പോയിരിക്കണൂ.. രൂപം മൊത്തം മാറി.. വെളുത്തുതുടുത്തു കല്യാണത്തിന് ഒരുങ്ങിനിന്നിരുന്ന രൂപം അവസാനമായി പതിഞ്ഞിരുന്ന എന്റെ മനസ്സിന് 10/15 വയസ്സോളം പ്രായക്കൂടുതൽ തോന്നിക്കുന്ന അവളുടെ ഈ മെലിഞ്ഞൊട്ടിയ പ്രേതരൂപം കണ്ടു അന്ധാളിച്ചു നിൽക്കാനേ ആയുള്ളൂ..

“എന്താടാ.. ഇന്നെ അനക്ക് മനസ്സിലായില്ലേ”

എന്നുള്ള അവളുടെ ചോദ്യം

“സാജ്യേ.. ന്ദ് കോലാടി ദ്”

എന്നുള്ള മറുചോദ്യം കൊണ്ടാണ് ഞാൻ നേരിട്ടത്..

അവളൊന്നു ചിരിക്യ മാത്രം ചെയ്തു.. നിഷ്കളങ്കമായി നാക്കു കടിച്ചോണ്ടുള്ള അവളുടെ ആ പഴയ ചിരി..

“സുഖാനോടി മുത്തേ”

എന്ന എന്റെ അടുത്ത ചോദ്യത്തിനും

“അൽഹംദുലില്ലാഹ് സുഖം”

എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും പുഞ്ചിരിച്ചു..
പക്ഷെ അവളുടെ സുഖത്തിന്റെ തീവ്രത അവളുടെ രൂപംതന്നെ എന്നോട് എമ്പാടും വിളിച്ചു പറയുന്നുണ്ടായിരുന്നു..

അപ്പഴേക്ക് അവൾക്കുള്ള ബസ് വന്നു.. കയറുന്നതിനിടക്ക് അവളുടെ ഫോൺ നമ്പർ ചോദിച്ചു ഞാൻ..

“ന്റെ നമ്പറൊന്നും കാണാതെ ഇച്ചറീലടാ.. അന്റെ നമ്പറൊരു പേപ്പറിലെഴുതീട്ടു താ”

എന്നവൾ പറഞ്ഞപ്പഴേക്ക് ഞാൻ വേഗം ഒരു പേപ്പറിൽ എന്റെ നമ്പറെഴുതി അവൾക്കു കൊടുത്തു.. അപ്പഴേക്കു ബസ്സ് പുറപ്പെട്ടു..

ഒന്നൊന്നര പേജ് വരുന്ന പദ്യഭാഗളൊക്കെ വെറും മിനിറ്റുകൾകൊണ്ട് മനഃപാഠം ആക്കിയിരുന്ന അവൾക്ക് അവളുടെ നമ്പർപോലും ഓർമയിൽ ഇല്ലാ എന്ന് പറഞ്ഞതും അവളുടെ ഇപ്പോഴത്തെ രൂപവും അത്ഭുതത്തോടെയും അതിലേറെ ഞെട്ടലോടെയും ഓർത്തുകൊണ്ട് അവളുടെ ബസ്സ് നീങ്ങുന്നതും നോക്കി ഞാൻ കുറച്ചുനേരം അവിടത്തന്നെ നിന്നു..

അന്ന് അവളുടെ ഒരു കോൾ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു.. പക്ഷേ അന്നോ അതിനു ശേഷമോ അവൾ ഒരിക്കൽപോലും എന്നെ വിളിച്ചതേയില്ല..

അങ്ങനെ വീണ്ടും അവൾ മറവിയുടെ വിഹായസ്സിലേക്ക് ഊളിയിട്ടു..

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഓടി മറഞ്ഞു..

ഒട്ടും ഒട്ടും പ്രതീക്ഷിക്കാത്തൊരു സമയത്തു, ഒരുദിവസം രാവിലെ 9 മണിക്ക് എനിക്കൊരു കോൾ വന്നു.. ഫോൺ അറ്റന്റ് ചെയ്തപ്പോൾ മറുതലക്കൽ അവളുടെ ശബ്ദം.. പക്ഷേ പതിവിലും കൂടുതൽ ആ ശബ്ദത്തിനു ഇടർച്ച പോലെ..

“ടാ ഒരത്യാവിശ്യത്തിനാ.. ബുദ്ധിമുട്ടില്ലെങ്കിൽ പുഷ്പഗിരി ആശുപത്രി വരെ ഒന്ന് വര്വോ?.. ഞാനവിടെ ഉണ്ടാകും പ്ലീസ്”

അവളുടെ ആ ചോദ്യം വളരെ ദയനീയമായിട്ടായിരുന്നു..
“എന്തേടാ? വല്ല പ്രശ്നവും?”

എന്റെ ചോദ്യം മുഴുവിക്കുന്നതിനു മുമ്പുതന്നെ

“പ്ലീസ് ടാ.. വേഗംവാ,. ഒക്കെ വന്നിട്ട് പറയാ”

മെന്നുള്ള മറുപടി അവളിൽനിന്നുണ്ടായി..

അവളെന്തോ വലിയ അപകടത്തിൽ പെട്ടിരിക്കുന്നെന്നു മനസ്സിലാക്കിയ ഞാൻ വേഗം വണ്ടി ആശുപത്രി ലക്ഷ്യമാക്കി തിരിച്ചു..

പറഞ്ഞറിയിക്കാൻ പറ്റാത്ത നിഗൂഢമായൊരു ഭയം അപ്പഴൊക്കെ എന്റെ മനസ്സിനെ ഉലച്ചുകൊണ്ടേയിരുന്നു,..അവൾ ക്കത്യാപത്തൊന്നും ഉണ്ടായിട്ടുണ്ടാവല്ലേ പടച്ചോനെന്നുള്ള ഒരേയൊരു പ്രാർത്ഥന മാത്രമായിരുന്നു പോകുന്ന വഴിയെല്ലാം മനസ്സ് നിറയെ..

അരമണിക്കൂറിനകം ഞാൻ സ്ഥലത്തെത്തി.. എന്റെ വരവും പ്രതീക്ഷിച്ചു ഹോസ്പിറ്റൽ ഗേറ്റിനു മുമ്പിൽ തന്നെ അവൾ നിൽക്കുന്നത് അങ്ങുദൂരെനിന്നേ ഞാൻ കണ്ടു.. അവളെക്കണ്ടപ്പോൾ മനസ്സിനു എന്തെന്നില്ലാത്ത സന്തോഷം തോന്നി..

വണ്ടി പാർക്കിങ്ങിലിട്ടു തിരിഞ്ഞു നോക്കുമ്പോഴേക്ക് അവളെന്റെ അടുത്തെത്തിയിരുന്നു..
” എന്തെടാ”

എന്റെ ചോദ്യത്തിന് മറുപടിയൊന്നും നൽകാതെ എന്റെ കൈപിടിച്ചവൾ ആശുപത്രിക്ക് മുമ്പിലുള്ള താണിമര ചുവട്ടിലെ ഇരിപ്പിടം ലക്ഷ്യമാക്കി നടന്നു..

ഞങ്ങൾ രണ്ടുപേരും അവിടിരുന്നു..

“സാജ്യേ.. എന്താടോ”

എന്ന് ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു.. പക്ഷെ കുറച്ചുനേരത്തേക്ക് ഒന്നും സംസാരിക്കാതെ അവൾ മുഖം പൊത്തി കരയുകയായിരുന്നു..
“ടീ ആൾക്കാര് ശ്രദ്ധിക്കുന്നുണ്ട്.. നീ കരയല്ലേ.. കാര്യം പറ..”

എന്ന കുറച്ചു ഗൗരവത്തോടെയുള്ള എന്റെ ആജ്ഞക്കുമുമ്പിൽ അവൾ കരച്ചിലടക്കി സംസാരിക്കാൻ തുടങ്ങി.. താളം തെറ്റിയ ഹൃദയമിടിപ്പുമായി അവളുടെ വാക്കുകൾക്കായി ഞാനും കാതുകൾ കൂർപ്പിച്ചു..

” എടാ നിന്നോടിത് പറയാമൊന്നെനിക്കറിയൂല , പക്ഷേ നിന്നോടല്ലാതെ വേറാരൊടും എനിക്കിതു പറയാനുമാവൂല.. ഇനിയെത്രനാൾ ഈ
ലോകത്തുണ്ടാവും എന്നെനിക്കൊരുറപ്പൂല്യ.. അതോണ്ടാ ഇപ്പൊ നിന്നെഞാൻ ബുദ്ധിമുട്ടിച്ചേ”

പതിവില്നിന്നു വിപരീതമായ അവളുടെ മുഖവുരയോടുകൂടിത്തന്നെ പറയാൻപോകുന്നകാര്യം കുറച്ചു ഗൗരവമുള്ളതാണെന്നെനിക്കു തോന്നി..

“നീ കാര്യം പറയെടി.. ടെൻഷനടിപ്പിക്കാതെ”

അവളുടെ കവിളത്തു ചെറുതായൊരു അടികൊടുത്തുകൊണ്ടു ഞാൻ പറഞ്ഞു.. അവൾ പറയാൻ തുടങ്ങി..

“എടാ എന്നെ കെട്ടിച്ചത് കർണാടകയിലെ ഗുണ്ടല്പെട്ടയില്നിന്നു 5 കിലോമീറ്റർ ദൂരെയുള്ള കാക്കനഹല്ല എന്ന സ്ഥലത്തേക്കാണ്.. ഭർത്താവ് ഡ്രൈവർ ആയിരുന്നു.. എല്ലാവിധ ദുസ്സ്വഭാവങ്ങളുമുണ്ടായിരുന്ന അയാൾ എനിക്ക് വെറും പേരിനുമാത്രമുള്ള ഭർത്താവായിരുന്ന.. അയാളുടെ ആവിശ്യത്തിന് മാത്രാമുള്ളൊരു കളിപ്പാവ,.എന്നെ നോക്കുകയോ സ്നേഹിക്കുകയോ ഒന്നും ചെയ്യാത്തൊരാൾ.. പക്ഷേ പേരിനെങ്കിലും ഒരു ഭർത്താവുണ്ടല്ലോ എന്ന് കരുതി എല്ലാം വിധിയായി സമാധാനിച്ചു ഞാൻ ആരെയും ഒന്നും അറിയിക്കാതെ അവിടെ ജീവിച്ചുപോന്നു”

അവൾ ഇടക്കൊന്നു നിർത്തി.. ഞാൻ

“മ്മ്മ്”

എന്ന് മൂളുക മാത്രം ചെയ്തു.. അവൾ ഉമിനീരുകൊണ്ടൊന്നു തൊണ്ടനനച്ചുകൊണ്ടു തുടർന്ന്..

“പക്ഷേ അയാൾക്ക്‌ ഒരുമാസം മുമ്പ് ഒരു പനിപിടിച്ചു.. എവിടെകൊണ്ടോയിട്ടും ഒരുകുറവുണ്ടായില്യ.. അവസാനം അയാളെ ഗുണ്ടപെട്ട വലിയആശുപത്രീൽ കൊണ്ടോയി അഡ്മിറ്റ് ആക്കി.. മൂന്നാഴ്ചയോളം അവിടെ കിടന്നു.. ഒരു മാറ്റോം ഉണ്ടായില്ല.. ഒരുദിവസം അവിടുത്തെ വലിയ ഡോക്ടർ എന്നെ അയാളുടെ റൂമിലേക്ക് വിളിപ്പിച്ചു.. എന്നെ പൂർണ്ണമായും തകർത്തു കളയുന്ന ഒരു കാര്യമായിരുന്നു അദ്ദേഹമെന്നോട് പറഞ്ഞത്”

ഇതുംപറഞ്ഞു വീണ്ടും ആ നക്ഷത്രക്കണ്ണുകളിൽനിന്നു കണ്ണുനീർ ധാരധാരയായി ഒഴുകികൊണ്ടേയിരുന്നു..

“മുത്തേ പ്ലീസ്.. കരയല്ലേടാ”

എന്റെ ദയനീയമായ ആ അഭ്യർത്ഥന അനുസരിച്ചുകൊണ്ടു അവൾ വീണ്ടും കരച്ചിലടക്കി.. സംസാരിച്ചു തുടങ്ങി..

“എന്റെ ഭർത്താവിന് എയ്ഡ്സ് ആണെന്നും അയാൾ അധികകാലം ഇനി ജീവിക്കില്ലെന്നും ഡോക്ടറിൽ നിന്ന് കേട്ട ഞാൻ നിശ്ചലയായി അവിടെ ഇരുന്നു പോവുകയായിരുന്നു.. പക്ഷേ അതിനു ശേഷം ഡോക്ടർ പറഞ്ഞത് കേട്ടപ്പോഴാണ് ഞാൻ തീർത്തും തകർന്നുപോയത് ടാ”

ഇത്രയും പറഞ്ഞു അവൾഅവളുടെ കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും അരലിട്ടലോളം വെള്ളം ഒറ്റയിരുപ്പിൽ കുടിച്ചുതീർത്തു..

എന്താ ഞാനീ കേൾക്കുന്നെയൊന്നൊരു രൂപവുമില്ലാതെ നിശ്ചലനായി ഒന്നും പറയാനാവാതെ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് ഞാനങ്ങനെ ഇരുന്നു..

എന്നിൽനിന്നും ഒരു പ്രതികാരണോം ഇല്ലാതിരുന്നിട്ട് കൂടി അവൾ വീണ്ടും തുടർന്നു.. എന്റെ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്യാതെ അവൾ തലകുമ്പിട്ടിരുന്നു സംസാരം തുടർന്നു..

“അയാളിൽ നിന്ന് എനിക്കും അത് പകർന്നിട്ടുണ്ടത്രെ.. ഉടനെ ചികിത്സ തുടങ്ങാണെന്നാ അയാള് പറഞ്ഞേ.. അതിനവർക്ക് ഏതൊക്കെയോ പേപ്പറുകളിൽ കയ്യെഴുത്തും വേണത്രെ.. ഞാൻ എന്റെ വിധിയോർത്തു ഒരുപാട് കരഞ്ഞു.. മരണം ഉറപ്പായ എനിക്ക് പക്ഷെ എന്നെ ചതിച്ച ആ മണ്ണിൽ കിടന്നു മരിക്കാൻ വയ്യെടാ.. മരിക്കുവാണേൽ ഞാൻ ജനിച്ചുവീണ, എന്റെ ഉപ്പ മണ്ണടിഞ്ഞ ഈ മണ്ണിൽ കിടന്നു മരിക്കണം.. അതോണ്ട് ഞാനന്നുതന്നെ ആരോടും പറയാതെ ഹോസ്പിറ്റലിൽ നിന്നിറങ്ങി.. ആരോടും ഞാനൊന്നും പറഞ്ഞിട്ടില്ല.. പറയുന്നുമില്ല.. ആരേലും ഇതറിഞ്ഞാൽ ഒരു പിഴച്ച പെണ്ണായെന്നെ മുദ്രകുത്തി കൊന്നുതള്ളും.. ഈയൊരു ജീവിതംകൊണ്ട് ഒരുപാടാനുഭവിച്ചു.. ഇനിയതുംകൂടി വയ്യെടാ.. ആർക്കും ഒന്നും അറിയാണ്ട് ഞാനവാസിക്കട്ടെ.. പക്ഷെ നിന്നോടിതൊക്കെയൊന്ന് പറയണമെന്ന് തോന്നി.. എന്റെ രോഗവിവരം അറിഞ്ഞാൽ എന്നെ ആട്ടിപ്പായിക്കാത്ത ഒരാളുണ്ടെൽ അത് നീ മാത്രമാവും എന്നെനിക്കു ഉറപ്പുണ്ടായിരുന്നു.. അതോണ്ടാ നിന്നോട് ഇതൊക്കെ പറഞ്ഞത്.. ഞാനെങ്ങനെത്തന്നെ ഉറപ്പിച്ചോട്ടെ ടാ”..

ഒറ്റ ശ്വാസത്തിൽ അവളീ പറഞ്ഞതൊക്കെയും അവിശ്വസനീയതയോടെ കേട്ടുകൊണ്ടിരുന്ന എനിക്ക് തൊണ്ടയൊന്നനക്കാൻ പോലും ആവണില്ല.. ഒരുപാടുനേരം ഞങ്ങൾക്കിടയിൽ ഭയപ്പെടുത്തുന്ന ഒരു നിശബദ്ധത തളംകെട്ടി,.

അൽപ്പ സമയത്തിനകം തന്നെ സമചിത്തത വീണ്ടെടുത്ത ഞാൻ ഒന്നും പറയാണ്ട് അവളേ എന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..

മലവെള്ളപ്പാച്ചില് പോലെ അവളുടെ കണ്ണിൽനിന്ന് പൊട്ടിയൊഴുകിയ കണ്ണുനീർ എന്റെ വത്രങ്ങൾ നനച്ചുകുതിർക്കുമ്പോൾ എന്റെ കണ്ണുനീർ അവളുടെ നെറുകയിലും നീർച്ചാലുകൾ തീർത്തിരുന്നു..

പക്ഷേ കർണാടകയിലെ ഒരു മെഡിക്കൽ റിപ്പോർട്ട് പൂർണ്ണമായും വിശ്വസിക്കാൻ എന്റെ മനസ്സ് ഒരുക്കമായില്ല.. ഒരുപാട് സങ്കടങ്ങൾ വാരിക്കോരി നൽകിയ ഒരു പെൺകുട്ടിയെ ഇനിയും ദൈവം പരീക്ഷിക്കില്ല എന്ന എന്റെ ഉപബോധ മനസ്സിന്റെ ആന്തലാണ് ഇന്ന് ഞങ്ങളെ ഈ തണുത്ത ബെഞ്ചിൽ പിടിച്ചിരുത്തിയിരിക്കുന്നത്..

രക്തം ടെസ്റ്റിനായി നൽകി റിസൾട്ടിനായി കാത്തിരിക്കുന്ന ഞങ്ങൾക്കു മുമ്പിൽ ഒരു നേഴ്സ് വന്നു നിന്നു,

“ഉങ്കള രണ്ടുപേരെയും സാർ കൂപ്പിഡറാങ്ക”

നല്ല പച്ചത്തമിഴിൽ അതും പറഞ്ഞു ആ കുട്ടിയൊരു റൂമിലേക്ക് കൈചൂണ്ടി.. ഞാനവളെയും കൂട്ടി ആ മുറിയിലേക്ക് നടന്നു.. അകത്തേക്ക് കയറിയ ഞങ്ങളെ ഒരു സുമുഖനായ ഒരാൾ സ്വാഗതം ചെയ്തു ഇരിക്കാൻ പറഞ്ഞു..

അയാളുടെ മുമ്പിലിരിക്കുന്ന പേപ്പറിൽ സാജിത എന്ന് എഴുതിയത് കണ്ടപ്പോൾ തന്നെ അവളുടെ റിപ്പോർട്ട് വന്നെന്നെനിക്കു മനസ്സിലായി..

അറിയാത്തതും അറിയുന്നതുമായ നേർച്ച സ്ഥലങ്ങളിലേക്കെല്ലാം നേർച്ചകൾ ചെയ്തു ഞാനദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു.. ഞങ്ങൾ മലയാളികളാണെന്നു മനസ്സിലാക്കിയ അദ്ദേഹം കാര്യങ്ങളെല്ലാം അവളോട് മലയാളത്തിൽ തന്നെ ചോദിച്ചു മനസ്സിലാക്കിയ ശേഷം സംസാരിച്ചുതുടങ്ങി..

“നിങ്ങളുടെ അവിടുത്തെ റിപ്പോർട്ട് ശരിതന്നെയാണ്..ഈ കുട്ടി hiv പോസിറ്റീവ് തന്നെയാണ്.. പക്ഷെ നിങ്ങള് കരുതുന്നതുപോലെയൊന്നുമല്ല .. മരണം ഇതിന്റെ അവസാന സ്റ്റേജ് ആണ്.. കൃത്യമായി മരുന്നുകളും പരിചരണവും പോഷക ആഹാരങ്ങളും കൊണ്ട് ഇതിനെ പ്രതിരോധിക്കാൻ നമുക്കാവും.. എന്റെ പേഷ്യൻസിൽ ത്തന്നെ 15 വർഷത്തിലധികമായി hiv ബാധിച്ച പലരും സുഖമായി തന്നെ ഇന്നും ജീവിക്കുന്നുണ്ട്”

എന്നൊക്കെ അദ്ദേഹമിങ്ങനെ പറയുന്നുണ്ടെങ്കിലും എന്റെ മനസ്സാകെ തളർന്നിരുന്നു, ദൈവത്തോടൊക്കെ ഒരുതരം വെറുപ്പ്..

ഞാനവളെയുംകൂട്ടി അവിടുന്നിറങ്ങി.. അതിനിടക്കെപ്പഴോ അവളുടെ ഭർത്താവ് മരിച്ചതും ഞാനറിഞ്ഞിരുന്നു..

ഈ സംഭാവത്തോടുകൂടി അവൾ ആകെ തളർന്നു.. ഊണും ഉറക്കവും പോയി.. ചിന്ത വെറും മരണത്തെക്കുറിച്ചു മാത്രമായി.. പെട്ടെന്നുതന്നെ ഒരുതരം വിഷാദം അവളെ പിടികൂടി.. അടുത്തകാലത്തുതന്നെ വിധി അവളുടെ മേൽ വിജയം നേടും എന്നെനിക്കുറപ്പായി..
പക്ഷെ അങ്ങനെയവളെ വിധിക്കു വിട്ടുകൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു..

അവളെയും കൂട്ടി ഞാൻ പ്രശസ്ത മനഃശാസ്ത്രജ്ഞൻ മഞ്ചേരി മനസ്‌നേഹ ഹോസ്പിറ്റലിലെ പ്രോഫ്ഫസർ മുഹമ്മദ് ഹസ്സന്റെ അടുക്കലെത്തി..

അദ്ദേഹത്തിന്റെ അർത്ഥഗർഭമായ ഉപദേശങ്ങളും മനഃശാസ്ത്ര ചികിത്സയിലൂടെയും സാജി പതിയ വീണ്ടും ഒരു ജീവിതത്തിലേക്ക് നടന്നടുത്തു..

ചിട്ടയായ മരുന്നുകളും ക്ലാസ്സുകളും ആഹാരങ്ങളുമൊക്കെയായി അവൾ ഉഷാറായി.. ആ കണ്ണുകളിൽ വീണ്ടും ആ പഴയ തിളക്കം കണ്ടുതുടങ്ങി..

പക്ഷെ വിധി വിടാൻ ഒരുക്കമല്ലായിരുന്നു.. ഭർത്താവ് മരിച്ച ഒരുപെണ്ണും സമപ്രായക്കാരനായ ഒരാണും എന്നും കാണുന്നതും ഒരുമിച്ചു യാത്രകൾ ചെയ്യുന്നതുമൊക്കെ കപട സതാചാരകരുടെ കണ്ണിലൂടെ “അവിഹിതം” എന്ന പേരിൽ കാട്ടുതീയായി നാട്ടിലാകെ പടർത്തികൊണ്ട് വിധി ഞങ്ങൾക്കുനേരെ അതിന്റെ അവസാനത്തെ ആയുധം പുറത്തെടുത്തു.. അത് ഞങ്ങളെയാകെ കരിച്ചുകളയാനും മാത്രം ശക്തമായബ്രഹ്മാസ്ത്രം ആയിരുന്നു എന്ന് മനസ്സിലാക്കാൻ എനിക്ക് തുടർന്നുള്ള കുറച്ചു ദിവസങ്ങളെ വേണ്ടിവന്നുള്ളൂ..

പലതരം ഭീഷണികളും വിലക്കുകളും വേദനകളും കയ്യേറ്റങ്ങളുമൊക്കെയായി ഒരിടത്തു എന്നെ തളച്ചിടാൻ അതിനു കഴിഞ്ഞു.. ഉരുക്കുപോലെ എന്തും നേരിടാനുള്ള ശക്തിയായി അവളുടെ ഇടംകൈയിൽ എന്നുമുണ്ടായിരുന്ന എന്റെ വലംകൈയ്യിന്റെ പിടിയൊന്നയഞ്ഞതോടുകൂടി അവൾ വീണ്ടും പഴയ പോലെയായി.. കുറച്ചുദിവസങ്ങൾക്ക് ശേഷം തിരക്കുള്ള ഊട്ടി മൈസൂർ റോഡിൽവച്ചുണ്ടായ ഒരാപകടത്തില്പെട്ടു അവൾ അവസാന ശ്വാസം വലിച്ചു..

ജീവിതം വെറുത്ത അവൾ പെട്ടെന്ന് ആത്മഹത്യ ചെയ്‌തൂന്നറിഞ്ഞാൽ അത് ആ അപവാദക്കത്തയിലെ നായകനായ എന്റെ നേർക്ക് വിരൽചൂണ്ടും എന്നറിയാമായിരുന്ന ആ പഴയ അഞ്ചാം ക്‌ളാസ്സിലെ ടോപ് റാങ്കുകാരി വളരെ വിദഗ്ധമായി എഴുതിയ തിരക്കഥയിലെ ക്ലൈമാക്സ് സീൻ ആയിരുന്നു ആ പാണ്ടിലോറിക്ക് മുമ്പിലെ അപകടം എന്ന് മനസ്സിലാക്കാൻ ഞാൻ പഠിച്ച MBA യുടെ ബുദ്ധിയൊന്നും എനിക്ക് വേണ്ടായിരുന്നു.. അവളുടെ കൂടെ പഠിച്ച ആ അഞ്ചാം ക്ലാസ്സിലെ രണ്ടാം റാങ്കുതന്നെ ധാരാളമായിരുന്നു..

വർഷങ്ങൾക്കിപ്പുറം മുപ്പതു നോമ്പിന്റെ നിർവൃതിയിൽ വന്ന ഒരു ചെറിയ പെരുന്നാൾ പകലിൽ അവൾഅന്തിയുറങ്ങുന്ന മണ്ണിൽ കുറ്റബോധം താഴ്ത്തിയ ശിരസ്സുമായി നിൽക്കുമ്പോൾ അവളുറങ്ങുന്ന മണ്ണിന്റെ തലഭാഗത്തു എന്റെ കൈകൊണ്ട് ഞാൻ നാട്ടിയ, ഇപ്പോൾ എന്നേക്കാൾ ഉയരത്തിൽ പടർന്നു നിൽക്കുന്ന മൈലാഞ്ചി ചെടിയിൽ നിന്നുറ്റിവീഴുന്ന മഴത്തുള്ളികൾ എന്റെ വസ്ത്രങ്ങൾ നനക്കുന്നുണ്ടായിരുന്നു..

പണ്ട് പുഷ്പഗിരിയുടെ ഉമ്മറത്തെ താണിയുടെ ചോട്ടിൽവച്ചു എന്റെ നെഞ്ചത്തേക്കമർന്ന അവളുടെ പൂച്ചക്കണ്ണുകളിൽനിന്നൊഴുകിയ തെളിനീർ എന്നെ നനച്ചപോലെ..

കണ്ണുകൾ ഈറനണിഞ്ഞു നിൽക്കുന്ന എന്റെ നെറുകയിലൂടെ ആ മൈലാഞ്ചിച്ചെടി അപ്പോഴും തലോടിക്കൊണ്ടിരുന്നു..

” പോട്ടെടോ.. ഈ വേദനകൾ മാത്രം നൽകിയ നശിച്ച ലോകത്തുനിന്ന് വേദനകളില്ലാത്ത ലോകത്തേക്ക് സുഖിക്കാനല്ലേ നിന്റെ നക്ഷത്ര കണ്ണുകാരി പോയത്.. സന്തോഷിക്കുകയല്ലേ നീ വേണ്ടത്”

എന്ന് പറഞ്ഞതെന്നേ ആശ്വസിപ്പിക്കുകയായിരിക്കും..

ശുഭം..
ഷെരിഫ് ഗൂഡല്ലൂർ..

LEAVE A REPLY

Please enter your comment!
Please enter your name here