Home Latest നാട്ടിലെത്തുവാൻ ഒരാഴ്ചകൂടി ബാക്കിയുള്ളപ്പോഴാണ്, അവസാനഘട്ട ഷോപ്പിംഗിനു ഇറങ്ങും മുൻപേ വീട്ടിലേക്ക് ഫോൺ ചെയ്തത്…

നാട്ടിലെത്തുവാൻ ഒരാഴ്ചകൂടി ബാക്കിയുള്ളപ്പോഴാണ്, അവസാനഘട്ട ഷോപ്പിംഗിനു ഇറങ്ങും മുൻപേ വീട്ടിലേക്ക് ഫോൺ ചെയ്തത്…

0

നാട്ടിലെത്തുവാൻ ഒരാഴ്ചകൂടി ബാക്കിയുള്ളപ്പോഴാണ്, അവസാനഘട്ട ഷോപ്പിംഗിനു ഇറങ്ങും മുൻപേ വീട്ടിലേക്ക് ഫോൺ ചെയ്തത്…

”ഇനി എന്തെങ്കിലും മറന്നുപോയിട്ടുണ്ടെങ്കിൽ പറയ്…. ഞാൻ ദേ പുറത്തുപോകാൻ ഒരുങ്ങുകയാണ്..”

കേട്ടപാതി കേൾക്കാത്ത പാതി, അനിയത്തി കുട്ടി ഓരോന്നായി പറഞ്ഞു തുടങ്ങി…

”ഫെയർ ആൻഡ് ലവ്‌ലി, ചോക്കലേറ്റസ്, ടെഡി ബിയർ”

പക്ഷേ ലിസ്റ്റ് പറഞ്ഞുതീർക്കും മുൻപേ അമ്മ ഫോൺ അവളുടെ കൈകളിൽ നിന്നും തട്ടിയെടുത്തു….

”ഇതൊന്നും വാങ്ങി പൈസ ചിലവാക്കാൻ നിൽക്കണ്ട… നീ ഇങ്ങു എത്തിക്കിട്ടിയാൽ മാത്രം മതി…”

അമ്മയുടെ ആ വാക്കുകളോടുള്ള പ്രതിഷേധമെന്ന പോലെ അരികിൽ നിന്നിരുന്ന അവളുടെ ചിണുക്കം ഞാൻ അറിയുന്നുണ്ടായിരുന്നു….

ഫോൺ തിരികെ അവളെ ഏല്പിച്ചുകൊണ്ടു, അമ്മ വീണ്ടും അടുക്കളപ്പണിയിൽ മുഴുകി….

”വേറെ വിശേഷമൊന്നുമില്ലല്ലോ??”

ഫോൺ കട്ട് ചെയ്യാനൊരുങ്ങിക്കൊണ്ടു ഞാൻ ചോദിക്കുമ്പോൾ പതിഞ്ഞ സ്വരത്തോടെ അവൾ പറഞ്ഞു….

”ഈ വരവിൽ ഏട്ടനൊരു സർപ്രൈസുണ്ട്…”

“സർപ്രൈസോ?? എനിക്കോ??? എന്താ??”

ആകാംക്ഷ നിറഞ്ഞ സ്വരത്തോടെ ഞാൻ ചോദിക്കുമ്പോൾ, പലവട്ടം അവൾ ഒഴിഞ്ഞുമാറിയെങ്കിലും, ഒടുവിലിന്റെ നിർബന്ധത്തിനു വഴങ്ങി അവൾ ആ സർപ്രൈസ്‌ തുറന്നു പറഞ്ഞു…

”ഈ കുടുംബത്തിലെ അംഗമാകാൻ ഒരാളെ കണ്ടെത്തിയിട്ടുണ്ട് അച്ഛൻ… പേര് മാളു…”

ഒരു കള്ളച്ചിരിയോടെ അവൾ പറയുമ്പോൾ, ആ വാക്കുകളിൽ ഒരു നിമിഷം ഞാൻ സ്തബ്ധനായി….

”സത്യമാണോ നീ പറയണേ??”

”അതെ ഏട്ടാ… അച്ഛനും അമ്മേം പോയി കണ്ടിരുന്നു…. സംസാരിച്ചു ഉറപ്പിക്കുകയും ചെയ്തു… ബാക്കിയെല്ലാം ഏട്ടൻ വന്നതിനു ശേഷം…”

മരുഭൂമിയിലെ കൊടുംചൂടിൽ പെയ്തിറങ്ങിയ ഒരു മഴപോലെയായിരുന്നു അവളുടെ ആ വാക്കുകൾ എന്റെ കാതിൽ നുഴഞ്ഞുകയറിയത്…

അല്ലെങ്കിലും എന്റെ മനസ്സ് ആഗ്രഹിക്കുന്നത്, എന്നേക്കാൾ മുൻപേ തിരിച്ചറിയുന്നവരായിരുന്നു എന്റെ അച്ഛനും അമ്മയും….

”നീ കണ്ടോ?? എങ്ങനെയുണ്ട്??”

ഒരു നേർത്ത പുഞ്ചിരിയോടെ ഞാൻ ചോദിച്ചു…

”സുന്ദരിയാണ്… ഞാനെന്നും കോളേജിൽ പോകുമ്പോൾ കാണാറുണ്ട്… ബസ് ഇറങ്ങുന്നിടത്താ വീട്…”

അനിയത്തികുട്ടിക്കും ഇഷ്ടമായെന്നു കേട്ടതോടെ, ഇടനെഞ്ചിൽ തിരമാലകൾ എന്തിനോവേണ്ടി ആർത്തിരമ്പുന്നുണ്ടായിരുന്നു….

പിന്നീടുള്ള ഏഴു ദിവസങ്ങൾക്ക് യുഗങ്ങളുടെ കാലതാമസമായിരുന്നു… ആ ദിവസങ്ങളിൽ, നാട്ടിലേക്ക് വിളിക്കുമ്പോൾ എന്റെ കാതുകൾ കാതോർത്തിരുന്നത് അവളുടെ വിശേഷങ്ങളറിയുവാനായിരുന്നു…..

അവളുടെ സൗന്ദര്യത്തെ പറ്റി അനിയത്തികുട്ടി വർണ്ണിക്കുമ്പോൾ, എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു ഉള്ളിൽ….

ആ അനുഭൂതിയിൽ, ഉള്ളിലുളവെടുത്ത ഒരു കുഞ്ഞു ആഗ്രഹം അന്ന് ഞാൻ അവളോടായി തുറന്നു പറഞ്ഞു….

ആദ്യമായി കാണുമ്പോൾ, അവളുടെ കഴുത്തിൽ കരിമണിമാലയും, നെറ്റിയിൽ ചന്ദനക്കുറിയും, അതിനു മാറ്റേകാൻ മൂക്കുത്തിയും വേണമെന്ന്….

ഒരു നിമിഷത്തെ ആലോചനക്ക് ശേഷം, അനിയത്തികുട്ടിയുടെ മറുപടിയുമെത്തി…

”അത് ഞാൻ ഏറ്റു ഏട്ടാ…”

അവളുടെ ആ ഉറപ്പിന്മേൽ ഉള്ളിലുയർന്ന ആവേശത്തിൽ, ഞാനവൾക്ക് വേണ്ടി വാങ്ങിയത്, ഒന്നല്ല…. ഒരായിരം മിട്ടായികളും, ഫെയർ ആൻഡ് ലവ്‌ലികളുമായിരുന്നു….

ഒടുവിൽ കാത്തിരുന്നു കാത്തിരുന്നു നാട്ടിലേക്കെത്തുമ്പോൾ, മണ്ണിന്റെ മണവും, മഴയുടെ കുളിരിനുമൊപ്പം കൊതിയോടെ ഞാൻ ആ പേരും ഉരുവിട്ടുകൊണ്ടേയിരുന്നു…. മാളു….

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം, നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തന്നെ കുളിച്ചൊരുങ്ങി കുറിവരച്ചു മാളുവിനെ കാണുവാനായി ഇറങ്ങുമ്പോൾ, അടുക്കളയിൽ പുട്ടുചുടുന്ന അമ്മയേയും,,,മുറ്റത്തെ വരിക്ക പ്ലാവിന് തടമെടുക്കുന്ന അച്ഛനേയും,,, ഉമ്മറം തൂത്തുവാരി പല്ലിളിച്ചു നിൽക്കുന്ന പെങ്ങളെയും ഞാൻ മാറി മാറി നോക്കി…

പെണ്ണ് കാണാൻ പോണമെന്നു പറഞ്ഞിട്ടെന്താ ഇവർക്കൊരാനക്കവുമില്ലാത്തതെന്ന സംശയത്തിൽ മിഴിച്ചു നിൽക്കുമ്പോൾ അടുക്കളയിൽ നിന്നും അമ്മ ആവി പറക്കുന്ന പുട്ടുമായി അടുത്തെത്തി..

”നീ ഇതെങ്ങോട്ടാ കുളിച്ചു കുറിവരച്ച് രാവിലെ തന്നെ??”

ഇടിത്തീ പോലെ തലയിൽ വീണ ആ ചോദ്യത്തിന് മുൻപിൽ, ഒരു നിമിഷം കണ്ണുകൾ ചുളിച്ചു നിശബ്ദനായി ഞാൻ നിൽപ്പുറപ്പിച്ചു….

ആ നിൽപ്പ് കണ്ടിട്ടാകണം, അച്ഛനും പെങ്ങളും കാര്യമറിയാതെ പരസ്പരം മുഖത്തോടു മുഖം നോക്കി…

വീണ്ടും വീണ്ടും അമ്മ കാര്യം തിരക്കിയപ്പോൾ, ഒടുവിൽ ഞാൻ പറഞ്ഞു….

”മാളൂനെ കാണാൻ………”

വാക്കുകൾ മുഴുവനാക്കാതെ, തല താഴുമ്പോൾ, അനിയത്തികുട്ടിയുടെ മുഖത്തൊരു ചിരി വിടർന്നിരുന്നു….

ആളിപ്പടരുന്ന തീ പോലെ ആ ചിരി അച്ഛനിലേക്കും, അമ്മയിലേക്കും അതിവേഗം പടർന്നു പിടിച്ചു…

”അവളെ കാണുവാനാണോ ഈ ഒരുക്കം… നീ ഇങ്ങു വന്നേ..”

പുട്ടുപാത്രം മേശയിൽ വെച്ചുകൊണ്ട്, എന്റെ കയ്യുംപിടിച്ചു, അമ്മ അടുക്കളവാതിലിലൂടെ പുറത്തേക്ക് നടന്നു….

”ദേ നിൽക്കുന്നു മാളു…”

പിന്നാമ്പുറത്തെ ചവിട്ടുപടിയിൽ നിന്നുകൊണ്ട്, അമ്മ കൈചൂണ്ടിയിടത്തേക്ക് ഞാൻ ആകാംക്ഷയോടെ നോക്കി….

അവിടെ തൊഴുത്തിൽ എന്നെയും നോക്കി നിൽക്കുന്ന ഒരു പൂവാലി പശുക്കുട്ടി….

”മാളൂ….”

സ്നേഹത്തോടെ അമ്മ അവളെ നീട്ടിവിളിക്കവേ,, അമറിക്കൊണ്ടവൾ വിളി കേൾക്കുമ്പോൾ,, അമ്മ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു…

”കണ്ടില്ലേ… നല്ല അനുസരണയുള്ള അടക്കോം ഒതുക്കവുമുള്ള കുട്ടിയാ… നീ വന്നിട്ട് വാങ്ങാമെന്ന കരുതിയത്… പക്ഷേ ആരെങ്കിലും കൊണ്ടുപോയാലോ എന്ന പേടിയിൽ, അച്ഛൻ ഇന്നലെത്തന്നെ ഇങ്ങോട്ടു കൊണ്ടുപോന്നു..”

അടുക്കളയിൽ നിന്നും കുക്കറിന്റെ വിസിൽ നീട്ടിയൊരു ചൂളം വിളിച്ചു…. എന്നെ പരിഹസിക്കും പോലെ….

ആ വിളിയുടെ പൊരുളറിയാതെ അമ്മ അടുക്കളയിലേക്ക് പാഞ്ഞു….

എന്തോ പോയ അണ്ണാനെ പോലെ നിസ്സഹായതയോടെ ഞാൻ ആ പൂവാലി പശുവിനെ ഒരിക്കൽ കൂടി നോക്കി….

അവളുടെ കഴുത്തിൽ ആടികിടന്നിരുന്ന കരിമണി മാലയിലേക്കും, നെറ്റിയിലെ ചന്ദനക്കുറിയിലേക്കും മാറി മാറി നോക്കുമ്പോൾ, അരികിലെത്തിയ അനിയത്തികുട്ടി എന്റെ കാതിൽ മന്ത്രിക്കുന്നുണ്ടായിരുന്നു….

”മൂക്കുകുത്താൻ അവൾക്ക് പ്രായമായിട്ടില്ലെന്ന് അച്ഛൻ പറഞ്ഞു….”

സഹതാപം നിറഞ്ഞ കണ്ണുകളോടെ ഞാൻ അനിയത്തികുട്ടിയെ നോക്കി….

‘ഒരിക്കലെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ… നോക്കി വെച്ചത്, ഒരു പശുക്കുട്ടിയെയാണെന്ന്…’ എന്നെന്റെ മനസ്സ് ആക്രോശം മുഴക്കിയിരുന്നെങ്കിലും, ഞാൻ മൂകനായി തന്നെ നിന്നു…

കാരണം,

നോക്കിവെച്ചത് എനിക്കൊരു കൂട്ടാനെന്നോ…. മാളു ഒരു പെണ്കുട്ടിയാണെന്നോ… അവരൊരിക്കൽ പോലും പറഞ്ഞില്ല…. ഞാൻ ചോദിച്ചതുമില്ല…..

അല്ലേലും, നമ്മളങ്ങനെയാണല്ലോ….. പാതി കേൾക്കുന്നതിൽ നിന്നും ബാക്കിയെല്ലാം ഊഹിച്ചെടുത്തു സ്വപ്നങ്ങളും, കഥകളും മെനയുന്നവർ….

ആ തിരിച്ചറിവിന്റെ സൈറൺ എന്നോണം,, തൊഴുത്തിൽ നിന്നും അവളുടെ കരച്ചിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു….

മാളുവിന്റെ…..

രചന :  Saran Prakash

LEAVE A REPLY

Please enter your comment!
Please enter your name here