Home Latest കുറച്ച് തൊലി വെളുപ്പുണ്ടെന്ന് കരുതി എന്തഹങ്കാരമായിരുന്നു’ അവൾക്കത് തന്നെ കിട്ടണം…

കുറച്ച് തൊലി വെളുപ്പുണ്ടെന്ന് കരുതി എന്തഹങ്കാരമായിരുന്നു’ അവൾക്കത് തന്നെ കിട്ടണം…

0

“ദേ നോക്കെടി; ആ വായ് നോക്കി ഇങ്ങോട്ട് വരുന്നുണ്ട് …..കൂടെ ആ വാലും ഉണ്ട്.”

രേവതി പറഞ്ഞത് കേട്ട് അർച്ചന തിരിഞ്ഞു നോക്കിയപ്പോഴേക്കും ആദി അവളുടെ തൊട്ടു മുൻപിലെത്തിയിരുന്നു.

ആദി അവളുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ടു പറഞ്ഞു.

“എനിക്കൊരു…. കാര്യം പറയാനുണ്ട്.”

“എന്ത് കാര്യം….. “?

ആദി ചുറ്റിനും ഒന്നു കണ്ണോടിച്ചു.ബസ്റ്റോപ്പിൽ ഒരുപാട് പേരുണ്ട്. എല്ലാവരുടേയും ശ്രദ്ധ തന്നിലാണെന്നറിഞ്ഞ അവനൊന്നു പതറി. എങ്കിലും ധൈര്യം സംഭരിച്ച് പറഞ്ഞു.

“എനിക്ക്;… എനിക്ക് തന്നെ ഇഷ്ടാണ്.. ”

“ഡോ;….. എനിക്ക് പ്രേമിച്ച് നടക്കാൻ ഒട്ടും താൽപ്പര്യമില്ല. പ്രത്യേകിച്ചും തന്നെപ്പോലെ ഒരാളെ. തന്നെ കാണുന്നതേ എനിക്കിഷ്ടമല്ല… .”
“എനിക്കെന്റേതായ ഒരുപാട് സങ്കല്പങ്ങളുണ്ട്. അതിന്റെ ഏഴയലത്ത് പോലും താനില്ല. എനിക്കൊരു ലക്ഷ്യമുണ്ട് എന്റെ ജീവിതാഭിലാഷമാണത്. അതിന്റെടേല് ഇഷ്ടാണ് കല്ല്യാണം കഴിക്കണം എന്നൊന്നും പറഞ്ഞ് ദയവ് ചെയ്ത് ശല്ല്യം ചെയ്യരുത് അപേക്ഷയാണ്…. ”

ഒന്നു നിർത്തിയിട്ട് അർച്ചന പരിഹാസത്തോടെ തുടർന്നു.

“ചേട്ടന് ഒരുപദേശം കൂടി തരാം; ഒരു പെൺകുട്ടിയോട് ഇഷ്ടാണെന്ന് പറഞ്ഞ് പിന്നാലെ നടക്കുമ്പോൾ അതിനുള്ള എന്തെങ്കിലും യോഗ്യത തനിക്കുണ്ടോ എന്ന് ആലോചിക്കുന്നത് നല്ലതാണ്. പ്രേമിക്കാൻ വന്നേക്കുന്നു. ഹും………”

അർച്ചനയുടെ പരിഹാസവാക്കുകളിൽ തകർന്നു പോയ ആദി ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

“സോറി;.. ഇനി ശല്ല്യം ചെയ്യില്ല .. ”

തിരിഞ്ഞു നോക്കാതെ നടന്നകലുന്ന ആദിയേയും കൂട്ടുകാരനേയും അവജ്ഞയോടെ നോക്കി അർച്ചനയും കൂട്ടുകാരികളും കളിയാക്കി ചിരിച്ചു.

“ഇപ്പോ സന്തോഷായല്ലോ; അവളുടെ നാവിന് ലൈസൻസില്ലാ നാണം കെടുത്തുമെന്ന് ഞാൻ പല തവണ പറഞ്ഞതാ. കേട്ടില്ല, നാട്ടുകാരുടെ മുൻപിൽ എന്നേക്കൂടി നാണം കെടുത്തി.ഇനി പ്രേമാണ് മണ്ണാങ്കട്ടേണെന്നും പറഞ്ഞ് നീ വാ ..കോപ്പ്.. ”

കൂട്ടുകാരന്റെ ചീത്ത വിളിയൊന്നും ആദിയെ സ്പർശിച്ചതേയില്ല.. അവന്റെ മനസ്സ് തകർന്നു തരിപ്പണമായിരുന്നു.

“അവള് പറഞ്ഞത് ശരിയാണെടാ…. എനിക്കെന്ത് യോഗ്യതയുണ്ട്. ഒന്നുമില്ല…. ഒന്നും…. രാവും പകലും വ്യത്യാസമുണ്ട് ഞങ്ങള് തമ്മിൽ.പോട്ടെടാ.. വിട്ടേക്കാം…… ”

കലങ്ങിയ കണ്ണുകൾ കൂട്ടുകാരൻ കാണാതെ മറച്ച് ആദി ഓട്ടോയിൽ കയറി എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോയി…

മാസങ്ങൾ കടന്നു പോയി. ആദി പിന്നീടൊരിക്കലും അർച്ചനയെ ശല്ല്യം ചെയ്തില്ല. ചങ്ക് പൊട്ടുന്ന വേദനയോടെയാണെങ്കിലും അവൾക്കു മുന്നിൽ ചെന്നുപെടാനുള്ള സാഹചര്യങ്ങളെല്ലാം അവനൊഴിവാക്കിയിരുന്നു.

ഒരു ദിവസം രാവിലെ .. ആദി ഓട്ടോയെടുത്ത് സ്റ്റാന്റിൽ കയറിയ നേരത്ത് കൂട്ടുകാർ ഓടി വന്നു.
.
“ഡാ.. നീയറിഞ്ഞാ’…. ?

“എന്ത് ”…. ..?

“അഹങ്കാരി അർച്ചനയ്ക്ക് ആമ്പിള്ളേര് പണി കൊടുത്തെടാ….”

“തെളീച്ചു പറയെടാ…. കോപ്പേ..”?

“അവളെ ആരൊക്കെയോ ചേർന്ന് ബലാൽസംഗം ചെയ്തെത്രേ.. അവളിപ്പോ ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജിലാണ്.”

“സത്യാണോ…. നീ പറയുന്നേ.”?

“സത്യം ;.. കുറച്ച് തൊലി വെളുപ്പുണ്ടെന്ന് കരുതി എന്തഹങ്കാരമായിരുന്നു’ അവൾക്കത് തന്നെ കിട്ടണം. ക്ലിപ് ഇറങ്ങിയാൽ മതിയായിരുന്നു.”

പറഞ്ഞു തീരുന്നതിന് മുൻപേ ആദിയുടെ വലതുകൈ പടക്കം പൊട്ടുന്ന ഒച്ചയിൽ കൂട്ടുകാരന്റെ കരണത്ത് വീണു.കാലുയർത്തി നെഞ്ചിൻകൂട് നോക്കി ഒരൊറ്റ ചവിട്ടും തെറിച്ചു വീണ അവനെ പിന്നെയും ചവിട്ടാനാഞ്ഞ ആദിയെ എല്ലാവരും കൂടി പിടിച്ചു.

“നിനക്കെന്താടാ പ്രാന്തായാ.”?

“അർച്ചനയ്ക്ക് സംഭവിച്ചത്. നിന്റെയൊക്കെ പെങ്ങൻമാർക്കോ കുടുംബത്തിലുള്ള പെൺകുട്ടികൾക്കോ ആണ് സംഭവിച്ചതെങ്കിൽ നീയൊക്കെ ക്ലിപിന് വേണ്ടി കാത്തിരിക്കുമോടാ പട്ടികളെ…. ”

“ആദീ; അവൻ വിവരമില്ലാതെ എന്തേലും പറഞ്ഞൂന്ന് കരുതി. വിട്ട് കള… ”

“അല്ല രാമേട്ടാ; നിങ്ങളൊന്നാലോചിച്ച് നോക്ക്.. ഇവൻ ഈ തെണ്ടി പറഞ്ഞത്..”

“പോട്ടെ ക്ഷമിക്ക് അവനൊരു തെറ്റ് പറ്റി.വിട്ടേക്ക്… നമുക്കെന്ത് ചെയ്യാൻ പറ്റും ആ കുട്ടീടെ വിധി അല്ലാതെന്ത് പറയാൻ.നീ വിഷമിക്കല്ലെ…..”

കൂട്ടുകാരുടെ വാക്കുകളൊന്നും ആദിയുടെ മനസിനെ ആശ്വസിപ്പിച്ചില്ല.. നീറിപ്പുകയുന്ന മനസ്സോടെ എന്ത് ചെയ്യണമെന്നറിയാതെ തല താഴ്ത്തിയിരുന്നു.

ആശുപത്രിയിൽ ചെന്ന് അർച്ചനയെ കാണാൻ ആദി പല തവണ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

മീഡിയകൾ തകർത്താഘോഷിച്ച വിദ്യാർത്ഥിനിയുടെ പീഡന വാർത്തയുടെ ചൂടും ചൂരുമൊക്കെ കുറഞ്ഞു വന്നു.അർച്ചന ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായതറിഞ്ഞ് ആദി അവളെ കാണാൻ വീട്ടിലെത്തി.

മരണ വീടിനേക്കാൾ ഭയാനകമായ ഒരു നിശബ്ദത. മരണ വീട്ടിൽ ആശ്വാസവാക്കുകളുമായി ബന്ധുക്കളുടേയോ അയൽക്കാരുടേയോ സാന്നിധ്യമുണ്ടാകും. കാമാഭാന്തൻമാർക്ക് ഇരയായ പെൺകുട്ടിയേയും അവളുടെ വീട്ടുകാരേയും ആളുകൾ പരിഹാസത്തോടു കൂടി മാത്രമേ നോക്കൂ.ആ കുടുംബത്തെ അകറ്റി നിർത്താനാണ് എല്ലാവർക്കും താൽപര്യം.

ആദി കയറിച്ചെല്ലുമ്പോൾ നാലു മനുഷ്യർ അവിടെ ജീവിച്ചിരിപ്പുണ്ടെന്ന് തോന്നുകയില്ലായിരുന്നു. ഒരവസരം കിട്ടിയാൽ മരണത്തിന്റെ കൈ പിടിക്കാൻ വെമ്പൽ കൊള്ളുന്ന പൊന്നുമോളെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ.. കരഞ്ഞു വീർത്ത മുഖവുമായി കൂട്ടിരിക്കുന്ന അച്ഛനുമമ്മയും. അനുജത്തിയുടെ ദുരവസ്ഥ കാണാനാവാതെ മുറിയടച്ചിരിക്കുന്ന ഏട്ടൻ.

കട്ടിലിൽ കണ്ണുകളടച്ച് ശരീരമൊക്കെ വിളറി വെളുത്ത് എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞ് കിടക്കുന്ന അർച്ചനയെ കണ്ടപ്പോൾ ആദിയുടെ ഉള്ളിൽ നിന്നൊരു തേങ്ങൽ പുറത്തേയ്ക്കു വന്നു.കണ്ണു നിറയാതിരിക്കാൻ പാടുപെട്ട് നെഞ്ചിലെ നീറ്റല് പുറത്ത് കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് ആദി വിളിച്ചു.

“അർച്ചനാ…. ”

പതിയെ മുഖം തിരിച്ച അർച്ചന ആദിയെ കണ്ടു ഞെട്ടി. നിറഞ്ഞു വന്ന മിഴികളോടെ അവനെ ഒന്നു നോക്കിയ ശേഷം .. അവൾ കണ്ണുകളിറുക്കിയടച്ചു.

അവളുടെ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച ആദി പറഞ്ഞു.

“അർച്ചനാ; നിന്റെ ഈ അവസ്ഥ കണ്ട് സന്തോഷിക്കാനോ സഹതപിക്കാനോ അല്ല ഞാൻ വന്നത്.. ഒന്നു കാണണമെന്ന് തോന്നി. ചിലത് പറയണമെന്നും ..”

“നിന്റെ മനസ്സിലൊരിടം നേടാനുള്ള അവസരമായി കാണുന്നുമില്ല.. ”

പറയാനുള്ളതെല്ലാം അടുക്കി വെക്കാനെന്ന പോലെ ഒരു നിമിഷം ഒന്നു നിർത്തി ആദി തുടർന്നു.

“നിന്റെ ശരീരത്തിനൊരു അപകടം പറ്റി അത് നിന്റെ മനസിനെ തളർത്തുകയില്ല. കാരണം നിന്റെ മനസ്സ് പരിശുദ്ധവും പവിത്രവുമാണ്. ഞാൻ സ്നേഹിച്ചത് നിന്റെ ശരീരത്തെയല്ല.. ആ മനസ്സിനേയാണ് അത് കൊണ്ടിപ്പോഴും നിന്റെ മനസ്സിലൊരിടം നേടാനുള്ള ഒരു യോഗ്യതയും എനിക്കില്ല…. ”

ദീർഘമായി ശ്വാസമെടുത്ത് നിറഞ്ഞു വന്ന കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് തുടർന്നു.

“ജീവിതത്തിൽ അപകടങ്ങളും പ്രതിസന്ധി ഘട്ടങ്ങളും സാധാരണയാണ്.ഒരു അപകടം സംഭവിച്ചുവെന്നു കരുതി എല്ലാവരും ആത്മഹത്യ ചെയ്യുകയാണോ പതിവ്.. അല്ലല്ലോ ….” “മരണമാണോ എല്ലാത്തിനും പരിഹാരം…… ?

“ജീവിതത്തെ ധീരമായി നേരിടുകയാണ് വേണ്ടത്.. നിനക്ക് ഒരുപാട് സ്വപ്നങ്ങളില്ലേ .. വലിയൊരു ലക്ഷ്യമില്ലേ. അതെന്താ നീ ഓർക്കാത്തത്.” ഏതോ നീചൻമാർ ചെയ്ത തെറ്റിന് നീയെന്തിനാ…. ? നിന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു കൊണ്ട് സ്വയം ശിക്ഷിക്കാനൊരുങ്ങുന്നത് ..?

“തെറ്റ് ചെയ്തവരാണ് ശിക്ഷിക്കപ്പെടേണ്ടത് കാലം അവരെ ശിക്ഷിക്കുകയും ചെയ്യും.”

അടക്കാനാവാത്ത ദേഷ്യം കൊണ്ടെന്ന പോലെ അവൻ കൈകൾ കൂട്ടിത്തിരുമ്മി മുറിയിലൂടെ രണ്ട് ചാൽ നടന്നു. വീണ്ടും അർച്ചനയ്ക്കഭിമുഖമായ് വന്ന ആദിയുടെ ഉറച്ച ശബ്ദം മുറിക്കുള്ളിൽ മുഴങ്ങി.

“നീ ആത്മഹത്യ ചെയ്താൽ നിനക്കാണ് നഷ്ടം .. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ നിന്റെ പ്രിയപ്പെട്ടവർ നിന്റെ മരണത്തിൽ ദുഃഖിച്ചിരിക്കുകയൊള്ളൂ.. അത് കഴിഞ്ഞാൽ നിന്നെ ഓർക്കാൻ പോലും അവരിഷ്ടപ്പെടുകയില്ല.. ”

“മറിച്ച് ഈ മുറിയ്ക്ക് പുറത്തിറങ്ങി ഒന്നു ജീവിക്കാൻ തീരുമാനിച്ചു നോക്ക്.. നിന്റെ ലക്ഷ്യത്തിലേയ്ക്ക് സ്വപ്നങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്താൻ നിന്നെ ചേർത്ത് പിടിച്ച് മുന്നോട്ട് നയിക്കുന്നവരെ കാണാം..നിനക്ക് വേണ്ടി പ്രാർത്ഥിക്കാനും കയ്യടിക്കാനും ആശംസകളർപ്പിക്കാനും സഹായിക്കാനും മത്സരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ആയിരങ്ങളെ കാണാം…”

കണ്ണുകളടച്ച് കൊണ്ട് അവനൊന്നു നിർത്തി. നിമിഷങ്ങൾ നീണ്ടു നിന്ന മൗനം വെടിഞ്ഞ് അവന്റെ കനത്ത ശബ്ദം ഉയർന്നു.

“നീ ഈ വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന ആദ്യത്തെ രണ്ട് ദിവസം. നിന്നെ കാണുമ്പോൾ അടക്കിപ്പിടിച്ച സംസാരവും പരിഹാസം കലർന്ന നോട്ടവും ആളുകളിൽ നിന്നുണ്ടാവും. പക്ഷേ തളർന്നു പോകരുത്.”

“മൂന്നാം ദിവസം പരിഹാസം തുടിച്ചു നിന്ന കണ്ണുകളിൽ അഭിനന്ദനം കാണാം.. അടക്കിപ്പിടിച്ചു അവജ്ഞയോടെ സംസാരിച്ചവർ തോൽക്കാനിഷ്ടമില്ലാത്ത നിന്റെ മനസ്സിനെ ഉച്ചത്തിൽ പുകഴ്ത്തുന്നത് നിനക്ക് കേൾക്കാം.. ”

“ജീവിക്കണോ? മരിക്കണോ? ഇത് നിന്റെ ജീവിതമാണ് നിനക്ക് തീരുമാനിക്കാം. നീയാണ് തീരുമാനിക്കേണ്ടത്….”

ഒന്നു നിർത്തിയ ശേഷം അർച്ചനയുടെ ചെവിക്കരികിലേക്ക് ചുണ്ടുകൾ ചേർത്ത് അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൻ പറഞ്ഞു.

“നിന്നെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ആ ബസ്റ്റോപ്പിൽ വച്ചാണ്. ഇനിയും ഞാൻ കാത്തിരിക്കും ആ ബസ്റ്റോപ്പിലേക്കുള്ള നിന്റെ വരവിനായി …..”

ആദി പോയിട്ടൊരുപാട് നേരമായി.പക്ഷെ അവന്റെ വാക്കുകൾ ഇപ്പഴും മുറിയിൽ നിറഞ്ഞ് നിൽക്കുന്നത് പോലെ അർച്ചനയ്ക്ക് തോന്നി..

അവളൊരുപാട് ആലോചിച്ചു ജീവിക്കണോ മരിക്കണോന്ന്. സ്നേഹസമ്പന്നരായ അച്ഛനും അമ്മയും അനിയത്തിയുടെ സന്തോഷത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ഏട്ടൻ. തള്ളിപ്പറഞ്ഞിട്ടും അപമാനിച്ചിട്ടും വിട്ടു പോകാതെ തന്റെ ഉയർച്ചയെ മാത്രം സ്വപ്നം കാണുന്ന ആദി .. ഇവരെയൊക്കെ ഇനിയും വേദനിപ്പിക്കണോ?

ആദിയുടെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന് ഇന്ന് പതിനഞ്ചാം ദിവസം.

ഓട്ടോയിലിരുന്ന് അർച്ചന വരുന്ന വഴിയിലേയ്ക്ക് ഇടക്കിടക്ക് നോക്കിക്കൊണ്ടിരിക്കുന്ന ആദിയോട് രാമേട്ടൻ അടുത്ത് വന്നിട്ട് ചോദിച്ചു.

“ആ കുട്ടി പഠിപ്പ് നിർത്തോ മറ്റോ ചെയ്തിട്ടുണ്ടാവോടാ..”

“അറിയില്ല രാമേട്ടാന്നും പറഞ്ഞ്.” തിരിഞ്ഞു നോക്കിയ ആദിയ്ക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി.

തല കുനിച്ച് ആരെയും നോക്കാതെ നടന്നു വരുന്ന അർച്ചന.

രാമേട്ടൻ അവനെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.

“നിന്റെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഫലമുണ്ടായെടാ….”

ബസ് സ്റ്റോപ്പിലേയ്ക്ക് കയറിയ അർച്ചനയ്ക്കരികിലേയ്ക്ക് കൂട്ടുകാരികൾ ഓരോരുത്തരായ് വരാൻ തുടങ്ങി.

“മോളേ..”

വിളി കേട്ട് അർച്ചന തലയുയർത്തി നോക്കിയപ്പോൾ ആദിയുടെ കൂട്ടുകാരായ ഓട്ടോഡ്രൈവർമാരാണ്. കൂട്ടത്തിലെ മുതിർന്ന ആളായ രാമേട്ടൻ പറഞ്ഞു.

“മോളൊന്നും ഓർത്ത് വിഷമിക്കണ്ട.’ മോൾക്കൊപ്പം ഞങ്ങളുണ്ട്. ഈ നാടുമുണ്ട്.. എന്താവശ്യമുണ്ടെങ്കിലും പറയാൻ മടിക്കരുത്. മോള് ധൈര്യായിട്ട് കോളേജിൽ പൊയ്ക്കോ.”

അർച്ചന തലയാട്ടി..

ആദി എവിടെയെന്നറിയാൻ ചുറ്റിനും നോക്കിയ അർച്ചന ഓട്ടോയിലിരുന്ന് തന്നെ നോക്കുന്ന ആദിയെ കണ്ടു. കണ്ണുകൾ പരസ്പരം ഇടഞ്ഞപ്പോൾ ആദി പെരുവിരലുയർത്തി കാണിച്ചു. അർച്ചന ഒരു ചെറു മന്ദഹാസം നന്ദിപൂർവ്വം അവന് സമ്മാനിച്ചു.

അവൾ അറിയുകയായിരുന്നു. ചേർത്ത് പിടിച്ച് കൂടെ നടക്കാൻ മത്സരിക്കുന്ന സഹപാഠികളുടെ സ്നേഹം.. രാവും പകലും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച് തന്റെ സ്വപ്ന സക്ഷാത്കാരത്തിനായ് കൂടെ നിൽക്കുന്ന മാതാപിതാക്കളുടെ, ഏട്ടന്റെ കരുതൽ. തന്നെ നോക്കുന്ന ഒരോ കണ്ണുകളിലും നിറഞ്ഞു നിൽക്കുന്ന അഭിനന്ദനങ്ങൾ.

കുറച്ച് ദിവസങ്ങൾക്ക് ശേഷം.ആദിയോട് സംസാരിക്കാൻ വേണ്ടി. അർച്ചന അവന്റെ അടുത്തേക്ക് ചെന്നു.

“ഈ സ്നേഹത്തിന് പകരം തരാൻ എന്റെ കയ്യിലൊന്നുമില്ല. കളങ്കപ്പെട്ടൊരു….” പൂർത്തിയാക്കാൻ അനുവദിക്കാതെ അവളുടെ വായ പൊത്തി ആദി പറഞ്ഞു.

“ഇനി ആ വാക്ക് പറയരുത്….ആദ്യം നിന്റെ ലക്ഷ്യം നേടൂ..അതിനു ശേഷം ബാക്കി എല്ലാം .. അന്ന് ഏറ്റവും യോഗ്യതയുള്ള ഒരാൾ തന്നെ നിന്റെ കൈ പിടിക്കാൻ ഉണ്ടാവും.”

അർച്ചന കഥ പറഞ്ഞു നിർത്തി.

നിറഞ്ഞു കവിഞ്ഞ സദസ്സിൽ
സൂചി വീണാൽ കേൾക്കാവുന്നത്ര നിശബ്ദത…..

മൈക്ക് ചേംബറിനടുത്ത് വച്ച വെള്ളക്കുപ്പിയിൽ നിന്നും ഒരിറക്ക് വെള്ളം കുടിച്ച് കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് മുഖം തുടച്ചു.പിന്നെ സദസിനെ നോക്കി തുടർന്നു.

” ഈ കഥ ഇവിടെ എന്തിനാണ് പറയുന്നത് എന്ന് നിങ്ങളിൽ പലരും ചിന്തിക്കുന്നുണ്ടാവും. അല്ലേ”……?

“ഞാനീ പറഞ്ഞ കഥയിലെ അർച്ചന തന്നെയാണ് സബ് കളക്ടറായി ഇന്ന് സ്ഥാനമേറ്റ അർച്ചന ഐ.എ.എസ്. എന്ന ഞാൻ…..”

“അതേ കുറച്ചു വർഷങ്ങൾക്ക് മുൻപ് പത്രത്താളുകളിൽ നിറഞ്ഞു നിന്നിരുന്ന ഇരയുടെ മുഖം അതെന്റേതായിരുന്നു……”

“തളർന്നു പോയ എന്നെ. വീണുപോകാതെ എന്റെ ലക്ഷ്യത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയ മാതാപിതാക്കളോടും സഹപാഠികളോടും കൂട്ടുകാരോടും നല്ലവരായ നാട്ടുകാരോടും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു….”

“ആദി;… നിന്നോട് നന്ദി പറയേണ്ടത് എങ്ങനെയാണെന്നെനിക്കറിയില്ല.
വളർന്നു വരുന്ന തലമുറ ആദിയെ മാതൃകയാക്കട്ടെ. അവന്റെ പാത പിന്തുടരട്ടെ.. ഒരുപാടൊരുപാട് ആദിമാർ ഇനിയും ജനിക്കട്ടെ…….”

“നന്ദി നമസ്ക്കാരം ……”

ഒരു സെക്കന്റ് നേരത്തെ നിശബ്ദത..
കാതടപ്പിക്കുന്ന കരഘോഷം മുഴങ്ങി.സദസ്സിലുള്ളവർ മുഴുവനും എഴുന്നേറ്റു നിന്നു കയ്യടിച്ചു.

തിരക്കിനിടയിലൂടെ പുറത്തേയ്ക്ക് നടക്കുമ്പോഴും അർച്ചനയുടെ കണ്ണുകൾ ആദിയെ തിരയുകയായിരുന്നു.

ഓഡിറ്റോറിയത്തിനു പുറത്ത്
അനുമോദനത്തിന്റെയും ആംശസകളുടെയും തീരാപ്രവാഹത്തിൽ ലയിച്ചുനിൽക്കുമ്പോൾ അവളുടെ ഹൃദയം തേടിക്കൊണ്ടിരുന്ന പ്രണയത്തെ കണ്ണുകൾ കണ്ടെത്തി.

കുറച്ചപ്പുറത്തായി പാർക്ക് ചെയ്ത ഓട്ടോയിൽ ചാരി ആദി..

പ്രണയക്കടലിൻ തിരയിളക്കവുമായി നാലു കണ്ണുകളും കൂട്ടിമുട്ടി.

അർച്ചന ഓടി ആദിയുടെ അടുത്തെത്തി.അനുമോദിക്കാനായ് നീട്ടിയ ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു.

കുറച്ച് സമയം രണ്ട് പേരും ഒന്നും മിണ്ടിയില്ല. അവരുടെ മിഴികൾ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. പവിത്രമായൊരു പ്രണയത്തിനു സാക്ഷിയാകാനെന്ന പോലെ മന്ദമാരുതന്റെ ഒരു നേർത്ത തലോടൽ അവരെ കടന്നു പോയി.

“യോഗ്യതയില്ലെന്നു പറഞ്ഞപമാനിച്ച ആ നശിച്ച നിമിഷങ്ങളെയോർത്ത് ഉരുകിയുരുകി തീരുകയാണ് ഞാനിന്നും. ഈ കയ്യടികൾക്കും ആരവങ്ങൾക്കും നടുവിൽ നിൽക്കുമ്പോഴും ഞാനൊന്നേ ആഗ്രഹിച്ചൊള്ളൂ.. പ്രാർത്ഥിച്ചൊള്ളൂ, ഈ മാറിലൊന്നു വീണു പൊട്ടിക്കരയുവാനുള്ള ഭാഗ്യമുണ്ടാവണേന്ന്.”

വിതുമ്പിക്കരയുന്ന അർച്ചനയെ തന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിക്കുമ്പോൾ ആദിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

ആ പരിശുദ്ധ പ്രണയത്തിന് ഹർഷാരവങ്ങളോടെ സാക്ഷികളായവരുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. അവരുടെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. ഇതാണ് പ്രണയം…….!!

രചന : കൃഷ്ണ മദ്രസുംപടി

LEAVE A REPLY

Please enter your comment!
Please enter your name here