Home Latest അല്ല മാഷേ ഈ വയസ്സുകാലത്തു സ്വന്തം പെമ്പറന്നോളെ മൊഴിച്ചെല്ലാനാണോ ഇപ്പൊ കുടുംബകോടതിയിലേക്ക് പോകുന്നെ…

അല്ല മാഷേ ഈ വയസ്സുകാലത്തു സ്വന്തം പെമ്പറന്നോളെ മൊഴിച്ചെല്ലാനാണോ ഇപ്പൊ കുടുംബകോടതിയിലേക്ക് പോകുന്നെ…

0

ഓട്ടോക്കാരൻ

മോനെ വണ്ടിയുടെ വേഗത അൽപം കുറച്ചേ. പ്രായമായ ആളാണെ അതുകൊണ്ടാണ്.
നിന്റെ വണ്ടിച്ചെന്നു ചാടുന്ന കുഴികളുടെ ആഴമൊന്നും എന്റെ ശരീരം ക്ഷമിക്കില്ല.
എനിക്ക് വലിയ തിരക്കൊന്നുമില്ല. പതിയെ പോയാൽ മതി.

മുന്നിലുള്ള കാക്കിയിട്ട ഓട്ടോ ഡ്രൈവറുടെ പുറത്തുതട്ടി ഞാനിത് പറഞ്ഞപ്പോൾ അയാൾ എന്നെ തിരിഞ്ഞുനോക്കി ചെറുതായൊന്ന് ചിരിച്ചു. ശേഷം ഓട്ടോയുടെ വേഗത പതുക്കെയാക്കി.
ഒരു ശകാരമോ അല്ലെങ്കിൽ ഡ്രൈവറെന്ന ജോലിയുടെ പ്രയാസങ്ങളുടെ കെട്ടഴിക്കലോ, ഇതായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്.
പക്ഷെ തീർത്തും അപ്രതീക്ഷിതമായ അയാളുടെ സൗമ്യത എന്നെ വല്ലാതെ അത്ഭുദപ്പെടുത്തി. അല്ലേലും എന്റെ കണക്കുകൂട്ടലുകളൊക്കെ താളം തെറ്റാൻ തുടങ്ങിയിട്ട് നാളുകളായല്ലോ..
വേഗത കുറഞ്ഞ തെല്ലാശ്വാസത്തോടെ ഞാൻ പിന്നിലേക്ക് ചാരിയിരുന്നു.

മകളുടെ കാര്യമോർക്കുമ്പോൾ ഹൃദയം വിങ്ങുന്നുണ്ട്.
പാവമെന്റെ കുട്ടി, വൈവാഹിക ജീവിതത്തിന്റെ സുഖമനുഭവിക്കാനുള്ള യോഗമില്ലാതായി അവൾക്ക്
ദാമ്പത്യജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മോചിതയാകേണ്ടിവരുന്ന അവളുടെ വിധി എന്റെ കണ്ണ് നിറക്കുന്നുണ്ട്.
ഇത്രനാളുകൊണ്ടുതന്നെ അവൾ ഒത്തിരി അനുഭവിച്ചു.
ഇനിയും വേണ്ട. അതുതന്നെയാണ് അവളുടെയും ആഗ്രഹം.

ശ്യാം..
സുന്ദരനായിരുന്നു അയാൾ. എപ്പോഴും ചിരിച്ചുകൊണ്ടുമാത്രം സംസാരിക്കുന്ന, ഏതൊരാളുടെയും മനസ്സിലേക്ക് പെട്ടെന്ന് കയറിക്കൂടാൻ കഴിവുള്ള അതിബുദ്ധിമാനായ ഒരു സ്കൂൾ അദ്ധ്യാപകൻ..
ഒത്തിരി ആലോചനകൾക്ക് ശേഷം എന്റെ തന്നെ കണ്ടെത്തലായിരുന്നു അയാൾ.. ആ കൈകളിൽ എന്റെ മകളുടെ ഭാവി സുരക്ഷിതമാവുമെന്ന് കരുതി.. പക്ഷെ

പുറമെ കാണുന്ന സൗദര്യത്തിനപ്പുറം അയാൾക്ക് മറ്റൊരു മുഖം കൂടെയുണ്ടായിരുന്നു. കല്യാണം കഴിഞ്ഞു ഒരുമാസം തികയും മുന്നേ അയാളുടെ പരസ്ത്രീ ബന്ധം എന്റെ മകൾ കയ്യോടെ പിടിച്ചു. അതിൽപിന്നെ അവളവിടെ അയാൾക്കൊരു ഭാരമായി തുടങ്ങി. പീഡനങ്ങളുടെ നാളുകളായിരുന്നു പിന്നീട് അവൾക്ക്. സഹികെട്ട് എല്ലാം വിട്ടെറിഞ്ഞു വീണ്ടും എന്റെ അരികിലേക്ക് വന്നപ്പോൾ ഒന്നേ അവൾ എന്നോട് ആവിശ്യപ്പെട്ടുള്ളു..
ഞാനായി കണ്ടെത്തിക്കൊടുത്ത ആ ജീവിതത്തിൽ നിന്നൊരു മോചനം..
അതിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ് ഞാനിന്ന്.

മാഷിന് എങ്ങോട്ടാണ് പോകേണ്ടത് എന്ന്പറഞ്ഞില്ലല്ലോ..

അയാളുടെ ശബ്ദമാണ് ചിന്ത മുറിച്ചത്..
കണ്ണുതുറന്നുനോക്കിയപ്പോൾ നാല് റോഡുകൾ കൂടിചേരുന്നൊരു ജംഗ്ഷനിൽ എത്തിയിരിക്കുന്നു ഓട്ടോ.
വലത്തോട്ട്.. കുടുംബകോടതിയിലേക്കാണ് പോകേണ്ടത്..
ചിന്തയിലെപ്പോഴോ നിറഞ്ഞ എന്റെ കണ്ണുകൾ അയാൾ കാണാതെ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു.
എന്റെ ശബ്ദം ഇടറിയിരുന്നോ.. അയാളത് മനസ്സിലാക്കിയോ..
എന്ത് ഫലം. സ്വാന്തന വാക്കുകൾ കൊണ്ട് കരകയറാൻ ഉതകുന്നൊരു ആഴിയിലല്ലല്ലോ ഞാൻ മുങ്ങിത്താഴുന്നത്.

അല്പനേരത്തെ മൗനത്തിനുശേഷം അയാൾ തന്നെയാണ് പറഞ്ഞുതുടങ്ങിയത്.
അല്ല മാഷേ ഈ വയസ്സുകാലത്തു സ്വന്തം പെമ്പറന്നോളെ മൊഴിച്ചെല്ലാനാണോ ഇപ്പൊ കുടുംബകോടതിയിലേക്ക് പോകുന്നെ.
അതോ ആരെങ്കിലും ഈ പഴഞ്ചൻ ഹൃദയം അടിച്ചോണ്ടുപോയതാണോ..
ഒരു കള്ളചിരിയോടെയുള്ള അയാളുടെ സംസാരം കേട്ടപ്പോൾ അറിയാതെ ചുണ്ട് വിടർന്നു. പെടുന്നനെ അത് മായുകയും ചെയ്തു.

രസികൻ..
ഒരു നിമിഷത്തേക്ക് എന്റെ മനസ്സിലെ മുഴുവൻ ചിന്തകളെയും മായ്ക്കാൻ അയാൾക്ക് കഴിഞ്ഞു..
അറിയാതെ എങ്കിലും നാളുകൾക്ക് ശേഷം എന്റെ ചുണ്ടൊന്ന് പുഞ്ചിരിച്ചു…

മാഷൊന്നും പറഞ്ഞില്ല.
അയാൾ ഒരു മിന്നലാട്ടം പോലെ തല എന്നിലേക്ക് തിരിച്ചു ചോദ്യം തുടർന്നു.
എനിക്കുവേണ്ടിയല്ല.. എന്റെ മകൾ.. വാക്കുകൾ മുറിഞ്ഞു..

ആര് ജാനുവോ..
ഞാനൊന്ന് ഞെട്ടി. അറിയോ എന്റെ മോളെ തനിക്ക്..
അറിയാലോ മാഷെ.
ജാനുവിന് വേണ്ടി ഒരിക്കൽ ഞാൻ മാഷുടെ വീട് കയറിയിറങ്ങിയിട്ടുണ്ട്..
അവൾക്ക് വേണ്ടിയോ.. എന്തിന്..
അതെ മാഷെ പെണ്ണുകാണാൻ വേണ്ടി തന്നെ..
ജാനുവിന് വന്ന ഒരുപാട് ആലോചനകളിൽ ഒന്ന് എന്റെയായിരുന്നു. മാഷ് മടക്കിയയച്ച ഒത്തിരിപേരിൽ ഞാനുമുണ്ടായിരുന്നു..

പക്ഷെ ജാനുവിനെ എനിക്ക് അതിനും മുന്നേ തന്നെ അറിയാം ട്ടോ.
സ്കൂൾ യൂണിഫോമിൽ അവളൊത്തിരി എന്റെ വണ്ടിയിൽ കയറിയിട്ടുണ്ട്.
എന്നും കാണുന്ന ആ മുഖത്തോട് മനസ്സിൽ പതിയെ ഒരിഷ്ടം മുളച്ചു. പക്ഷെ പറഞ്ഞില്ലട്ടോ അവളോട്.
അമ്മയോടാ ആദ്യം പറഞ്ഞത്.
അതിന് മറുപടി സ്വന്തം പ്രണയത്തിന്റെ പേരിൽ കുടുംബം മറക്കരുത് എന്നായിരുന്നു,
അച്ഛനില്ലാത്ത രണ്ടുപെങ്ങമ്മാർക്ക് ഞാനായിരുന്നെ അന്ന് ഏക ആശ്രയം..
പതിയെ ഞാൻ തന്നെ മുളപൊട്ടിയ ആ ഇഷ്ടത്തെ തല്ലിതൊഴിച്ചു,

പിന്നീട് കല്യാണപ്രായമായെന്ന് ‘അമ്മ പറഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് ജാനുവായിരുന്നു. അതേ സമയം തന്നെ അവളും വരനെതേടുകയാണെന്നറിഞ്ഞപ്പോൾ ഒത്തിരി പ്രതീക്ഷയോടെയാണ് ഞാൻ മാഷിന്റെ വീട് ലക്ഷ്യമാക്കിവന്നത്.
പക്ഷെ ഈ മൂന്നുചക്രവണ്ടിയുമായി റോഡിലേക്കിറങ്ങുന്നവന് സ്വന്തം മകളെ കൈപിടിച്ച് കൊടുക്കാൻ മാഷിനന്ന് മനസ്സുവന്നില്ല. യാതൊരു ഗ്യാരണ്ടിയും ഇല്ലാത്ത ജീവിതമാണല്ലോ ഞങ്ങളുടേത്.
അല്ലെ.. മാഷെ..

ഇത്രയൊക്കെ പറഞ്ഞിട്ടും അയാളുടെ ചുണ്ടിൽ നിന്നും ആ ചിരി മാഞ്ഞിട്ടില്ല..

അത് ഞാൻ…
ഹേയ് എനിക്ക് മഷിനോടോ അവളോടോ ഒന്നും യാതൊരു വെറുപ്പോ ദേഷ്യമോ ഒന്നുമില്ല.
ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇതും വിധിയാകും. അങ്ങനെ വിശ്വസിക്കാനാ എനിക്കിഷ്ടം.

പക്ഷെ മാഷേ..
കഷ്ടപ്പാടുകൾ അറിഞ്ഞു ജീവിക്കുന്ന എന്നെപ്പോലുള്ളവർക്ക് സ്നേഹിക്കാനുള്ളൊരു മനസ്സുണ്ടാവും. എത്രയൊക്കെ വലിയ പ്രശ്നങ്ങൾ വന്നാലും അത് നേരിടാനുള്ള ചങ്കൂറ്റമുണ്ടാവും..
ജാനുവിനെ അന്ന് മാഷ് എന്റെ കൈകളിലാണ് ഏൽപ്പിച്ചിരുന്നതെങ്കിൽ ഇന്ന് മാഷിന് ഈ കോടതി കയറിയിറങ്ങേണ്ടി വരില്ലായിരുന്നു.

അയാളുടെ ഓരോ വക്കും എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ടിരുന്നു.

മാഷെ കോടതി എത്തി അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
പതിയെ ഇറങ്ങി. മനസ്സിൽ കുറ്റബോധം നിറഞ്ഞുതുളുമ്പുന്നുണ്ട്. തലയുയർത്തി അയാളെ നോക്കാൻ ആവുന്നില്ല.
കീശയിൽ നിന്നും അഞ്ഞൂറിന്റെ ഒറ്റനോട്ടെടുത്തു അയാൾക്ക് നേരെ നീട്ടിയപ്പോൾ കൈവിറക്കുന്നുണ്ടായിരുന്നു.
വേണ്ട മാഷേ. ഈ ഓട്ടം ഞാൻ ജാനുവിനോടുണ്ടായിരുന്ന എന്റെ സ്നേഹത്തിൽ കുറിച്ചോളാം..
മാഷ് പൊയ്ക്കോ. എല്ലാം ഭംഗിയാവും.. നല്ല മനസ്സുള്ളോരേ ദൈവം കാണാതിരിക്കില്ല..

ഇത്രയും പറഞ്ഞു അയാൾ ഓട്ടോയുടെ കിക്കർ ആഞ്ഞുവലിച്ചു.. തിരിഞ്ഞു നടക്കാനൊരുങ്ങിയ എന്നെ അയാൾ ഒന്നൂടെ വിളിച്ചു..
മാഷേ.. ഈ ഓട്ടോക്കാരന്റെ ജീവിതങ്ങൾക്ക് നിറംപകരാൻ വീട്ടിൽ ഇന്നൊരു ആത്മാവുണ്ടായിപോയി അല്ലേൽ രണ്ടുകയ്യും നീട്ടി സ്വീകരിച്ചേനെ ഞാനിന്ന് എന്റെ ജാനൂനെ..
എനിക്കൊരു പുഞ്ചിരി തന്ന് തിരിച്ചുപോകുന്ന ആ മൂന്ന് ചക്ര വണ്ടിയുടെ പിന്നാമ്പുറത്തിങ്ങനെ എഴുതിയിരുന്നു,

“ആദ്യാനുരാഗം നോവായിരുന്നു..”

രചന : ഉനൈസ്

LEAVE A REPLY

Please enter your comment!
Please enter your name here