Home Latest എന്തൊരു വിയർപ്പു നാറ്റം ഇത്തിരി നീങ്ങി നിക്ക് ” മകൾ എഴുനേറ്റു കൈ കഴുകാൻ പോകുമ്പോൾ...

എന്തൊരു വിയർപ്പു നാറ്റം ഇത്തിരി നീങ്ങി നിക്ക് ” മകൾ എഴുനേറ്റു കൈ കഴുകാൻ പോകുമ്പോൾ പറഞ്ഞു…

1

“ചട്ണിക്ക് ഒട്ടും ഉപ്പില്ല ”

മകൾ ദോശ ചട്ണിയിൽ മുക്കി ചവച്ചു കൊണ്ട് ചുളിഞ്ഞ മുഖത്തോടെ പറഞ്ഞു

” ഞാൻ ഉപ്പിട്ടതാണല്ലോ ” അവൾ ഒരിത്തിരി എടുത്തു കൈയിൽ ഒഴിച്ച് നോക്കി .ലേശം കുറവുണ്ടന്നേയുള്ളു

” നിനക്കിപ്പോ അല്ലെങ്കിലും എന്തിനാ ശ്രദ്ധയുള്ളത്? വന്നു വന്നു എല്ലാത്തിനും മടി”

ഭർത്താവു പിറുപിറുത്തു

അവൾ ഒന്നും മിണ്ടാതെ മകളുടെ പാത്രത്തിലേക്ക് ഒരു ദോശ കൂടി വെച്ച് കൊടുത്തു

” നിക് വേണ്ട എന്നും ദോശ ഇഡ്ഡലി അമ്മയ്ക്ക് ചപ്പാത്തി ഉണ്ടാക്കി കൂടെ ?” മകൾ ദോശ തിരിച്ചു കാസറോളിൽ വെച്ചു

ചപ്പാത്തി ഭർത്താവിനിഷ്ടമല്ല .പക്ഷെ മകൾക്കദ്ദേഹം മറുപടി കൊടുത്തില്ല .ആ കുറ്റവും തൻറെ തലയിൽ തന്നെ

” എന്തൊരു വിയർപ്പു നാറ്റം ഇത്തിരി നീങ്ങി നിക്ക് ” മകൾ എഴുനേറ്റു കൈ കഴുകാൻ പോകുമ്പോൾ പറഞ്ഞു

” നിനക്ക് രാവിലെ കുളിച്ചു കൂടെ? പിള്ളേരെ കൊണ്ട് പറയിക്കാൻ ” ഭർത്താവും എഴുനേറ്റു കഴിഞ്ഞു

ഏഴുമണിക്കിറങ്ങും മൂന്നു പേരും. പ്രഭാത ഭക്ഷണവും ഉച്ചക്കത്തെക്കുള്ള ചോറും കറികളും അപ്പോളെയ്ക്കും തയ്യാറാകണം .നാലു മണിക്കുണർന്നു തുടങ്ങുന്ന ജോലികൾ ഇതിനിടയിൽ നൂറു വിളിയുണ്ടാകും

” എന്റെ നീല ഷർട്ട് കണ്ടോ ?”

” അമ്മെ ന്റെ ഇംഗ്ലീഷ് ബുക്ക് കണ്ടോ?’

” എന്റെ പാന്റ്സ് അയൺചെയ്തില്ലേ ?”

” നിന്നോടെനിക് ഷേവിങ്ങ് ക്രീം മേടിക്കാൻ പറഞ്ഞിട്ട് ചെയ്തില്ലേ ?’

” അമ്മെ എന്റെ യൂണിഫോം എവിടെ ?”

ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദ്യങ്ങൾ

ഓരോന്നിന്റെയും ഉത്തരങ്ങൾ പൂര്ണമാകുമ്പോഴേക്കും താൻ ഓടി തളർന്നിരിക്കും .പണ്ടൊക്കെ കുളിച്ചിട്ടു മാത്രമേ അടുക്കളയിൽ കയറുമായിരുന്നുള്ളു .ഇപ്പോളിപ്പോൾ നീർതാഴ്ച കൊണ്ട് പനി വരാറുണ്ട് ആരോട് പറയും ?

ഭർത്താവിന്റെ ചിട്ട വട്ടങ്ങൾ തെറ്റാതിരിക്കാൻ തന്റെ ചിട്ടകൾ മാറ്റി വെച്ചു താൻ ഓടി തുടങ്ങിയിട്ടു പതിനെട്ടു വര്ഷങ്ങളായി. അടുക്കളയിലേക്കു എത്തി പോലും നോക്കാതെ അവർ മൂന്നുപേരും താനുണ്ടാക്കുന്ന മെഴുപുരട്ടിക്കും സാമ്പാറിനും കുറ്റം പറയുമ്പോൾ, മേടിക്കുന്ന സാധനങ്ങൾ വേഗം തീർന്നു പോകുന്നതിനു, പരാതി പറയുമ്പോൾ കണക്കുകൾ നിരത്തി താൻ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കുന്ന പൈസ നിനക്ക് ധാരാളിത്തം കാണിക്കാനുളളതല്ല എന്ന് ശാസിക്കുമ്പോൾ വീടിനുള്ളിൽ താൻ ചെയ്യുന്നത് എന്തൊക്കെയാണ് എന്നോർത്ത് പോകാറുണ്ട് .പുലർച്ചെ മുതൽ രാത്രി വരെ നീളുന്ന ഒരു റിലേ പോലെ

താൻ എപ്പോളാണ് കഴിക്കുന്നത് എന്നിവരാരും ചോദിക്കാറില്ല.

അവർ മൂവരും കൂടി എന്തെങ്കിലുമൊക്കെ പറഞ്ഞു ചിരിക്കുമ്പോൾ ചോദിച്ചാൽ പറയും

” അമ്മയ്ക്ക് പറഞ്ഞാൽ മനസിലാകില്ല ”

” അമ്മയ്ക്കെന്തെറിയാം ?”

” അമ്മയ്ക്കിവിടെ സത്യത്തിൽ എന്താണ്
ജോലി? സുഖമല്ലേ?’

അവർ മുഷിക്കുന്ന വസ്ത്രങ്ങളിലെ മഷിക്കറ പോകാൻ തീവെയിലത്തു കല്ലിൽ അലക്കിയെടുക്കുന്ന മണിക്കൂർ കണക്കു ജോലിയല്ല. ഭർത്താവിന്റെ ശമ്പളപരിമിതികൾ അറിയാം. അത് കൊണ്ട് തന്നെ വാഷിംഗ്‌ മെഷിൻ ആകാനും മിക്സി ആകാനും ഒന്നും ഒന്നിനും മടിയില്ല.

അടയ്‌ക്കേണ്ട എല്ലാ ബില്ലുകളും തീയതി തെറ്റാതെ ഓടി നടന്നു അടയ്ക്കുന്നത് ജോലിയല്ല

അവർ പോകുമ്പോൾ കൊണ്ട് പോകുന്ന ചോറ്റു പാത്രങ്ങളിൽ നിറയ്ക്കുന്ന ഭക്ഷണത്തിനു പുറകിൽ ഒരു ജോലിയുമില്ല.
പൊടിപിടിക്കാതെ വെട്ടിത്തിളങ്ങുന്ന പ്രതലങ്ങൾ,ജനാല കണ്ണാടികൾ , വിരിപ്പുകൾ കുളിമുറിയും ടോയ്ലറ്റും ..ഒന്നുമൊന്നും ജോലിയല്ല .

” ഇതൊക്കെ കടമയല്ലേ നിനക്ക് വേറെന്താ പണി ?’

ഭർത്താവു ചോദിക്കും

” എനിക്ക് പങ്കജ് ഉധാസിന്റെ ഗസലുകൾ ഇഷ്ടമാണ് .രണ്ടുവരി കവിതകൾ വായിച്ചാൽ കൊള്ളാമെന്നുണ്ട് .നല്ല ഒരു ഫോൺ കിട്ടിയിരുന്നെങ്കിൽ വാട്സ് ഗ്രൂപ്പിൽ ചങ്ങാതിമാരുടെ വിശേഷങ്ങൾഅറിയാമായിരുന്നു .അങ്ങനെ ഒരു പാട് പറയാൻ തുടങ്ങുമ്പോഴേക്ക്

” നീ മിണ്ടാതെ കിടക്കു എനിക്ക് ജോലി ഉണ്ട് ” ഭർത്താവു പിന്തിരിഞ്ഞു കിടക്കും.

അവൾ എല്ലാം ഓർത്തു ദീർഘമായി ശ്വസിച്ചു കൊണ്ട് തുണി കഴുകി ബക്കറ്റിൽ നിറച്ചു

” മോനെ ഈ തുണി ഒന്ന് അയയിൽ കൊണ്ട് വിരിക്കെടാ ..അമ്മയ്ക്ക് അടുക്കളയിൽ ഒരു പാട് ജോലി ഉണ്ട് ”

ഞായറാഴ്ച ആണ്.

അവധി ദിവസം ആണ് ഏറ്റവും കൂടുതൽ ജോലി ഉണ്ടാകുക .ഭർത്താവു മാർക്കറ്റിൽ പോയി ധാരാളം ഇറച്ചിയും മീനും വാങ്ങിക്കുന്ന ദിവസം

” ഒന്ന് പോയെ അമ്മെ ..” മകൻ മുറിയിൽ കയറി വാതിലടച്ചു

ഉച്ചയായിട്ടും മീൻ മീനായും ഇറച്ചി ഇറച്ചിയായും ഇരിക്കുന്നത് കണ്ടു ഭർത്താവു അവളെ അന്വേഷിച്ചു .ടെറസിൽ നിന്നും താഴേക്കുള്ള പടികളിൽ ബോധമറ്റു കിടക്കുന്നു

” കാൽ ഒടിഞ്ഞിട്ടുണ്ട് ..ചെറിയ ഒടിവ് ആണ് എന്നാലും നല്ല റസ്റ്റ്‌ വേണം .പിന്നെ ബിപിയും ഷുഗറുമൊക്കെ വളരെ താഴ്ന്ന അവസ്ഥയിലാണ് .നല്ല വിളർച്ചയും. ഇവർ നേരെ ഭക്ഷണം കഴിക്കുമായിരുന്നില്ലേ?”

ഭർത്താവു തളർന്നു കിടക്കയിൽ ക്ഷീണിതയായി കണ്ണ് പൂട്ടിക്കിടക്കുന്ന ആ സ്ത്രീ രൂപത്തെ നോക്കി. പിന്നെ മുഖം താഴ്ത്തി

അയാളുടെ ‘അമ്മ മുട്ടുവേദനയെക്കുറിച്ചും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞപ്പോൾ അയാൾ കുട്ടികളെയും കൂട്ടി അടുക്കളയിൽ കയറി

തീന്മേശയിൽ ഉപ്പില്ലാത്ത കഞ്ഞിക്കും ഉപ്പു കയ്ക്കുന്ന ചമ്മന്തിക്കും സ്വാദ് കൂടി. ആർക്കും പരാതികളില്ല പാത്രങ്ങൾ കലമ്പുന്ന ഒച്ച മാത്രം കേൾക്കാം കളിചിരികളില്ല, തമാശകളില്ല

അവൾക്കു വേദന തോന്നി . അവരിൽ താൻ ഉണ്ടായിരുന്നു .അവർ തന്നെ ഉള്ളിന്റെ ഉള്ളിൽ ഒരു പാട് സ്നേഹിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിൽ ഇത്രയും നിശ്ശബ്ദരാകുന്നതെങ്ങനെ? പറയാതെ പ്രകടിപ്പിക്കാതെ ആ സ്നേഹം മഞ്ഞു പോലെ ഉറഞ്ഞിരിക്കുന്നുണ്ടായിരുന്നു അവരുടെ മനസ്സിൽ.

ചില സ്നേഹങ്ങൾ അങ്ങനെയാണ് കാർമേഘം നീങ്ങി പുറത്തു വരുന്ന സൂര്യകിരണം പോലെ തേജസ്‌ ഉള്ളത്. അതുണ്ടെങ്കിൽ ഏതു അവഗണയും സഹിക്കും. ഏതു കൊടിയ വേദനയും പൂ പോലെയാകും സ്നേഹം അങ്ങനെയുമുണ്ട്

മകൻ അമ്മയുടെ അരികിൽ വന്നിരുന്നു അവന്റെ മുഖത്തു ഒരു കരച്ചിൽ വന്നു മുട്ടുന്നു.

അവൻ ഒന്നും മിണ്ടാതെ അവരുടെ മടിയിൽ തല ചേർത്ത് വെച്ചു

” സോറിട്ടോ ‘അമ്മ എണീൽക്കട്ടെ. എന്റെ മോന് ചിക്കൻ ബിരിയാണി ഉണ്ടാക്കി തരാം ട്ടാ ”
അവന്റെ ഉടൽ വെട്ടി വിറയ്ക്കുന്നതവൾ അറിഞ്ഞു ഒരു ക്ഷമാപണം പോലെ അവന്റ കണ്ണീർ അവരുടെ മടിത്തട്ടിനെ നനച്ചു കൊണ്ടിരുന്നു

വാതിൽക്കൽ വാടിയ മുഖവുമായി നിൽക്കുന്ന മകളെ അവർ അടുത്ത് വിളിച്ചു

ചുളുങ്ങിയ യൂണിഫോം ശരിക്കു ചീകി വെക്കാത്ത മുടി. അടുത്ത് പിടിച്ചിരുത്തി മുടി രണ്ടായി മെടഞ്ഞിട്ടു കൊടുത്തു. കണ്ണുകളിൽ പ്രകാശം ഇല്ല. അവർ അവളുടെ കവിളിൽ ഉമ്മ വെച്ചു.

ഭർത്താവു അവൾക്കു കുടിക്കാനുള്ള ചായയുമായി അകത്തേക്ക് വന്നു

” ഇരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ എനിക്കിവിടിരുന്നു ചെയ്യാമല്ലോ? നിങ്ങൾ പച്ചക്കറികൾ എടുത്തിട്ട് വാ ഞാൻ മുറിച്ചു തരാം ”

ഭർത്താവ് ഒരു വിളറിയ ചിരി ചിരിച്ചു

” സാരമില്ലാടി കഞ്ഞിയും ചമ്മന്തിയും നല്ല രുചിയാ ”

” വെറുതെയിരി ” അവർ സ്നേഹത്തോടെ അയാളുടെ ചുമലിലേക്ക് തല ചേർത്ത് വെച്ചു.

മകൻ അനിയത്തിയെ ഒന്ന് നോക്കി

” നീ വാ സമയം ആയി പോകാം ” അവർ വാതിൽ കടക്കും മുന്നേ മകൻ വീണ്ടും തിരിഞ്ഞു നോക്കി

അച്ഛൻ അമ്മയുടെനീണ്ട മുടി ചീകി കൊടുക്കുന്നതവൻ കണ്ടു ‘അമ്മ നേർത്ത നാണത്തോടെ അച്ഛനോട് എന്തോ പറഞ്ഞു ചിരിക്കുന്നു .അച്ഛന്റെ ചൂണ്ടുകൾ അമ്മയുടെ നിറുകയിൽ പതിയുന്നത് കണ്ടു നിറഞ്ഞ കണ്ണുകളോടെ അതിലും നിറഞ്ഞ ഹൃദയത്തോടെ അവൻ വാതിൽ ചാരി

ജീവിതത്തിൽ അവൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച ആയിരുന്നു അത്. ‘അമ്മ സുഖമായി വന്നാൽ വീണ്ടും തങ്ങൾ പതിവുപോലെ ആകില്ലെന്ന് അവനു ഉറപ്പായിരുന്നു. അമ്മയുടെ നിറസാന്നിധ്യം ഇല്ലാത്ത വീട് ഭ്രാന്ത് പിടിപ്പിക്കും. അമ്മ ചെയ്തിരുന്നതൊക്കെ ആയിരം കൈകൾ കൊണ്ടായിരുന്നോ? ഇപ്പോൾ വീണു പോയപ്പോൾ അനാഥരെ പോലെ തങ്ങൾ.

വീണു കിടക്കുമ്പോളാണല്ലോ ആ ശൂന്യത അറിയുക .അമ്മയ്ക്കല്ലാതെ മറ്റാർക്കും നിറയ്ക്കാൻ കഴിയാത്ത ശൂന്യത.

രചന: Ammu Santhosh

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here