Home Latest തന്റെ നിരപരാധിത്വം തെളിയിച്ച്‌ കഴിഞ്ഞാലും ഇനിയീ ലോകത്ത് ജീവിച്ചിട്ടിനി കാര്യമില്ല…

തന്റെ നിരപരാധിത്വം തെളിയിച്ച്‌ കഴിഞ്ഞാലും ഇനിയീ ലോകത്ത് ജീവിച്ചിട്ടിനി കാര്യമില്ല…

0

മകൾ അച്ഛനോട് ചെയ്ത പ്രതികാരം
_______________________________________
“ഇല്ല അച്ഛാ ഞാൻ നിങ്ങളെ വെറുതെ വിടുമെന്ന് വിചാരിക്കേണ്ട എന്റെ ഹരിയേട്ടനെ വണ്ടിയിടിപ്പിച്ചു കൊന്നിട്ട് ആക്സിഡന്റ് ആണെന്ന് വരുത്തിത്തീർത്താൽ ആരും അറിയില്ലെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി”

“നീ എന്ത് പ്രാന്താ അനു മോളെ ഇൗ പറയുന്നത് ഞാനോ…..?ഒരാളെ കൊല്ലാൻ നിന്റച്ഛനു കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…?”

“അസ്സലായി അഭിനയിക്കുന്നുണ്ട് അച്ഛൻ എല്ലാം ചെയ്തിട്ടും ഒന്നുമറിയാത്തപോലെ അഭിനയിക്കാൻ കഴിയുന്നുണ്ടല്ലോ? ”

“എന്തിന് ഞാൻ അഭിനയിക്കണം മോളെ…?പോസ്റ്റുമോർട്ടം റിപ്പോർട്ട് നീ കണ്ടതല്ലേ..? മദ്യപിച്ച് വണ്ടിയോടിച്ചല്ലെ അപകടമുണ്ടായത്? നിനക്കറിവുള്ളതല്ലേ…?”

“പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉണ്ടാക്കാനോ നിങ്ങൾക്ക് പ്രയാസം..? നിങ്ങളുടെ കയ്യിലല്ലേ നിയമപാലകരും ഉദ്യോഗസ്ഥവൃന്ദവും നിങ്ങളുടെ പണത്തിന്റെ ബലത്തിൽ നിങ്ങൾക്കെന്തു റിപ്പോർട്ട് ഉണ്ടാക്കാനാണ് പ്രയാസം..?”

“മോളെ എനിക്ക് അവനെ നിന്റെ ഭർത്താവായി വരുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല ..മക്കളുടെ ഭാവിയിൽ പ്രതീക്ഷകൾ ഉള്ള ഏത് പിതാവാണ് അവനെപ്പോലെ ഒരുത്തന് മകളെ കൊട്‌ക്കുക..? അതു കൊണ്ട് ആ ദേഷ്യത്തിൽ
ഞാൻ പറഞ്ഞതാണ് അവനെ കൊല്ലുമെന്ന്.. നീ ഞാൻ കൊണ്ടുവന്ന കല്യാണത്തിന് സമ്മതിക്കാൻ വേണ്ടി കൂടിയുമാണ് അങ്ങനെ പറഞ്ഞത് “.

“എനിക്കൊന്നും കേൾക്കണ്ട ഞാനിറങ്ങുന്നു നിങ്ങളുടെ മകൾ ഇപ്പോൾ മരിച്ചു കഴിഞ്ഞു ഞാനിന്ന് ഹരിയേട്ടന്റെ വിധവയായ ഭാര്യയാണ് എന്നെ അന്വേഷിച്ചു വരരുത് ”

“മോളെ നി ഞാൻ പറയുന്നതൊന്നു വിശ്വസിക്കു അച്ഛൻ ആരെയും കൊന്നിട്ടില്ല നിൻറെ അച്ചന്ന് ആരെയെങ്കിലും കൊല്ലാൻ കഴിയും എന്ന് നീ വിശ്വസിക്കുന്നുണ്ടെങ്കിൽ നിനക്ക് പോകാം ഞാൻ ഒന്നും പറയുന്നില്ല”

അച്ഛന്റെ വാക്കുകൾ കേട്ട് നിൽക്കാതെ അവൾ അവളുടെ കാറും എടുത്ത് വീടിനു പുറത്തേക്കു പോയി .

ഷാജി പ്രഭാകർ ആലോചിച്ചു വളരെ ചെറുപ്പത്തിലേ അവളുടെ അമ്മ മരിച്ചിട്ട് എല്ലാരും നിർബന്ധിച്ചിട്ടും വേറെ കല്യാണം കഴിക്കാതെ സ്നേഹം അവൾക്ക് മാത്രം നൽകണമെന്ന വാശിയിൽ വിവാഹത്തിന് സമ്മതിക്കാതെ അവളുടെ ഓരോ ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കുമ്പോഴും സന്തോഷമായിരുന്നു.

അവൾക്കു വേണ്ടിയാണ് ജീവിച്ചത്
അവളുടെ അമ്മ മരിക്കുമ്പോൾ പട്ടിണിയും പ്രയാസത്തിലും ആയിക്കഴിഞ്ഞിരുന്നു.മരിക്കുമ്പോൾ അവസാനം കയ്യിൽ പിടിച്ച് പറഞ്ഞ വാക്കാണ് എന്റെ മകളെ നല്ലവണ്ണം നോക്കണം എന്ന്. അത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ..

എന്റെ കല്യാണിക്ക് കൊടുത്ത വാക്ക് തെറ്റിക്കാൻ എനിക്ക് കഴിയാത്തതുകൊണ്ടാണ്
രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് അധ്വാനിച്ച് തന്റെ ജോലിക്കാരുടെയും പ്രയത്നംകൊണ്ട് വളർന്നുപന്തലിച്ച വലിയ ബിസിനസ് ശൃംഖലയുടെ എം ഡി ആണ് ഇന്ന് ഷാജി പ്രഭാകർ.ഇൗ ഒരു നിലയിലേക്ക് എത്തിയത് അനുമോൾക്ക് വേണ്ടിയല്ലാതെ മറ്റാർക്കു വേണ്ടിയാണ്…”

എന്നിട്ടും ഏതോ ഒരു തെണ്ടി ചെക്കനെ വേണമെന്ന് പറഞ്ഞു വന്നിരിക്കുന്നു
അതിന് സമ്മതിക്കാത്ത ഞാൻ ക്രൂരനും വഞ്ചകനും ചതിയനും ആണ്.

ഓർമ്മകൾ ഷാജി പ്രഭാകറിനെ വല്ലാതെ വേദനിപ്പിച്ച് കൊണ്ടിരുന്നു.

എന്റെ മോളല്ലേ… കൊലപാതകിയെന്ന് വിളിച്ചപ്പോൾ തന്നെ പാതി ചത്തിരുന്നു. കിടന്നിട്ടും ഉറക്കം വരുന്നില്ല…തന്റെ മകൾ… ഒരുപാട് തവണ വിളിച്ചു നോക്കി.ഫോൺ എടുക്കുന്നില്ല എന്തോ ഒരു ഭീതി അയാളെ വന്നു മൂടിയിരുന്നു.

അനുപമ പ്രഭാകർ നേരെ തന്റെ കൂട്ടുകാരിയായ ദീപയുടെ അടുത്തേക്കാണ് ചെന്നത്

“ക്രൂരനായ തന്റെ അച്ഛൻ തന്റെ എല്ലാമെല്ലാമായ ഹരിയേട്ടൻനെ ആക്സിഡന്റ് വരുത്തി നിഷ്ക്കരുണം കൊന്നു.”

“എന്നാലും അത്രയ്ക്ക് ദുഷ്ടനാണ് നിൻറെ അച്ഛൻ എന്ന് എനിക്ക് തോന്നുന്നില്ല.. ”

“എൻറെ അച്ഛനെ നിനക്ക് അറിയാത്തതുകൊണ്ടാണ് ഹരിയേട്ടനെ കൊന്നുകളയുമെന്ന് പറഞ്ഞതാ. ….
ഹരിയേട്ടന്റെ കൊലപാതകത്തിന് അച്ഛനോട് എനിക്ക് പ്രതികാരം ചെയ്യണം അതിനുള്ള വഴിയൊന്നു പറയൂ.. ”

ദീപ പറഞ്ഞു

”നമുക്ക് പോലീസിൽ പരാതിപ്പെടാം”

“പോലീസും നിയമവും എല്ലാം അച്ഛൻറ നോട്ട് കെട്ടിന്റെ ബലം അറിയുമ്പോൾ പിന്നാക്കം നിൽക്കും”

“എന്നാൽ ഒരു നോട്ടുകെട്ടുകൾക്ക് തൂക്കി നോക്കാൻ കഴിയാത്ത ഒരു നിയമമുണ്ട് ഇത്തിരി റിസ്ക്കാണ്… ഇതിൽ വീണാൽ പിന്നെ നിന്റെ അച്ഛൻ ഊരിപ്പോരാൻ പാടാ…”

“പറയൂ അച്ഛനോട് ഏത് തരത്തിലും പ്രതികാരം ചെയ്യാൻ ഞാനൊരുക്കമാണ് …”

അനു കോപം കൊണ്ട് ജ്വലിച്ചു.

പിറ്റേ ദിവസം പുലർച്ചെ ഷാജി പ്രഭാകരൻ തന്റെ വാതിലിൽ നിർത്താതെയുള്ള മുട്ട് കേട്ടാണ് വാതിൽ തുറന്നത്.

തന്റെ വീട് പോലീസുകാരും കാമറക്കാരും ചുറ്റപ്പെട്ടതായി അദ്ദേഹം കണ്ടു.

എന്താണ് സംഭവിക്കുന്നത് എന്ന് പോലുമറിയാതെ വാതിൽ തുറന്നുവന്ന ഉടനെ അയാളെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

കാമറക്കണ്ണുകളാൽ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് പോലെ അവിടമാകെ പ്രകാശപൂരിതമായി.

വലിച്ചിഴച്ചു കൊണ്ടാണ് അദ്ദേഹത്തെ അവർ കൊണ്ടുപോയത് എന്താണ് കാര്യം എന്ന് പോലും അദേഹത്തിനു അപ്പോഴും അറിയില്ലായിരുന്നു.

പിറ്റേദിവസം പത്രങ്ങളിലും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും ആഞ്ഞടിക്കുന്ന വാർത്ത കേട്ടാണ് നാടും നാട്ടുകാരും നഗരവും ഉണർന്നത് .

പ്രമുഖ വ്യവസായി ഷാജി പ്രഭാകർ സ്വന്തം മകളെ പീഡിപ്പിച്ചതിന് അറസ്റ്റ് …….

പതിനഞ്ച്ദിവസം റിമാൻഡ് ചെയ്തു
അദ്ദേഹത്തെ ജയിലിലടച്ചു.

അദ്ദേഹത്തെ മകളെ പീഡിപ്പിച്ച കാട്ടാളൻ എന്ന്‌ വിളിച്ച് ആക്രോശിച്ച്‌ സഹതടവുകാർ ആക്രമിച്ചു.

“അദ്ദേഹം കൈകൾ കൂപ്പിക്കൊണ്ടു പറഞ്ഞു നിങ്ങളെങ്കിലും എന്നെ വിശ്വസിക്കണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല അവൾക്കു വേണ്ടിയായിരുന്നു ഞാൻ ഇത്രയും നാൾ ജീവിച്ചത്…”

അദ്ദേഹത്തിന്റെ വാക്കുകൾ ആരും കേട്ടില്ല.

വിദ്യാർത്ഥി പ്രസ്ഥാനങ്ങളും സ്ത്രീ സംഘടനകളും നയിച്ച പ്രതിഷേധത്തിന്റെ ബാക്കിപത്രമായി അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളും വീടുമെല്ലാം അക്രമിക്കപ്പെട്ടു .

സോഷ്യൽമീഡിയയിലും വാർത്ത മാധ്യമങ്ങളിലും അദ്ദേഹത്തെ നരാധമനും പിശാചുമായി മുദ്രകുത്തി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് തീർത്തു.

സഹതടവുകാർ അദ്ദേഹത്തെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്
വ്യാപാരി വ്യവസായ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചു.

ഷാജി പ്രഭാകർ വ്യാപാര സംഘടനകളുടെ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു.

” തെറ്റുചെയ്തവരെ കോടതി ശിക്ഷിക്കട്ടേ” എന്ന മുദ്രവാക്യവുമായി ലോക്കപ്പ് മർദ്ധനങ്ങൾക്കെതിരെ അവർ ആഞ്ഞടിച്ചു.

വ്യാപാരി വ്യവസായിയുടെ സംഘടനകൾ കടയടപ്പ് സമരം നടത്തി.
നാടെങ്ങും പ്രതിഷേധസ്വരങ്ങൾ ആളിക്കത്തി.

അദ്ദേഹത്തെ എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ശരീരത്തിൽ സാരമായ പരിക്ക് പറ്റിയിരുന്നു.

ഷാജി പ്രഭാകർ ഹൃദയം തകർന്നവനെപ്പോലെ വിങ്ങിപ്പൊട്ടി.

തന്റെ നിരപരാധിത്വം തെളിയിച്ച്‌ കഴിഞ്ഞാലും
ഇനിയീ ലോകത്ത് ജീവിച്ചിട്ടിനി കാര്യമില്ല… അദ്ദേഹം വിചാരിച്ചു. എന്നും ഇൗ ഒരു കണ്ണുകൊണ്ട് മാത്രമേ ഇനി ആളുകൾ കാണുകയുള്ളൂ..
സ്വന്തം മകളെ… പീഡിപ്പിച്ച വൻ എന്ന പേര് കേട്ട് ജീവിക്കാനാവില്ല… തനിക്ക് അത് താങ്ങാനുള്ള കരുത്തും ഇല്ല.

അദ്ദേഹം തന്റെ വക്കീലിനെ വിളിച്ചു.

“എന്തിനാണ് ഞാൻ ഈ ഭൂമിക്ക് ഭാരമായി ഇങ്ങനെ നിൽക്കുന്നു… എന്ത് തെറ്റാണ് ഞാൻ എന്റെ മകളോട് ചെയ്തത്…?
അവളെ ഞാൻ ജനിപ്പിച്ച്‌ പോയതാണ് എന്റെ തെറ്റ് എന്നെനിക്ക് തോന്നുന്നു..
അവൾക്ക് വേണ്ടിയല്ലേ ഞാൻ ജീവിച്ചത് വേറൊരു വിവാഹം പോലും കഴിക്കാതെ.. എന്നിട്ട് അവൾ എന്നെ സ്വന്തം മകളിൽ കാമം തീർക്കുന്ന നാരാധമനായി ചിത്രീകരിച്ചത് സഹിക്കാനാവുന്നില്ല
ഇത്രമാത്രം അവൾക്കെന്നെ വൈരാഗ്യം ഉണ്ടെങ്കിൽ ഭക്ഷണത്തിൽ വിഷം തന്നെന്നെ കൊല്ലാമായിരുന്നില്ലേ… ഡോ..”
അദ്ദേഹം വക്കീലിനോട് സങ്കടം പറഞ്ഞു വിങ്ങിപ്പൊട്ടി.

“എന്റെ വസ്തുവകകളുടെ ഓഹരി എത്രയും പെട്ടെന്ന് നടക്കണം ഡോക്കുമെന്റുകൾ തയ്യാറാക്കണം
ഇവിടെ വന്ന് എല്ലാം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കണം”

അങ്ങനെ അദ്ദേഹത്തിന്റെ എല്ലാ വസ്തു വകകളുടെയും അൻപത് ശതമാനം നിർധനരായ ക്യാൻസർ രോഗികൾക്ക് ചികിത്സയ്ക്കുവേണ്ടി മാറ്റിവച്ചു. ഇരുപത് ശമാനത്തോളം തന്റെ സ്ഥാപനത്തിൽ ഉള്ള തൊഴിലാളികൾക്ക് തുല്യമായി വീതിച്ചു കൊടുക്കാനും
പത്ത് ശതമാനം തന്റെ സഹോദരന്മാർക്കും ഇരുപത് ശതമാനം മകൾക്കും വേണ്ടി
മാറ്റിവെച്ചു.

അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ കുറച്ചുദിവസമായി നഷ്ടമായ സമാധാനവും സന്തോഷവും തിരിച്ചു കിട്ടിയപോലെ തോന്നി.

വേദന തിന്ന് ജീവിക്കുന്ന കാൻസർ രോഗികളെ സഹായിക്കുന്നതിൽ പരം സൽപ്രവർത്തി വേറെയില്ല.

ഓരോന്ന് ചിന്തിച്ചിരിക്കെ ഹോസ്പിറ്റലിലെ റൂമിൽ നിന്ന് അദ്ദേഹത്തിന് പുറത്തുകടക്കാൻ ഒരു മോഹം.

പോലീസുകാർ കാവൽ നിൽക്കുന്ന തന്റെ മുറിയിൽ നിന്നും പോലീസുകാരുടെ അനുവാദത്തോടെ അദ്ദേഹം പുറത്ത് വന്നു. ബാൽക്കണിയിലൂടെ നടക്കാൻ തുടങ്ങി…

മേഘപാളികളിലേക്ക് നോക്കുമ്പോൾ അദ്ദേഹത്തിൻറെ ഭാര്യ അദ്ദേഹത്തെ മാടി വിളിക്കുന്നതായി തോന്നി.

” ഇങ്ങു വരൂ..ഇവിടെ ഞാനുണ്ട് കൂടെ… എന്നോളം നിങ്ങളുടെ പ്രയാസങ്ങൾ അറിയുന്ന വേറെയാരുമില്ല”

പണ്ട് തളരുമ്പോൾ അവളോട് ചേർന്നിരിക്കുമ്പോൾ
ഏത് തലപുകഞ്ഞ പ്രശ്നമാണെങ്കിലും അവൾ തന്നെ സമാധാനിപ്പിക്കും..

അവൾ തന്റെ നേർക്ക് കൈ നീട്ടി വരുന്നതായി അദ്ദേഹത്തിനു തോന്നി അദ്ദേഹം പെട്ടെന്ന് ബാൽക്കണിക്കു മുകളിൽ നിന്ന് താഴേക്ക് ചാടി.

അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് മുൻപിൽ പൊട്ടിക്കരയുന്ന ആ മകൾ ക്യാമറക്കണ്ണുകൾക്ക് നേരെ നിന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു

“എന്റെ അച്ഛൻ എന്നെ പീഡിപ്പിച്ചിട്ടില്ല…എന്റെ ഹരിയേട്ടന്റെ മരണവുമായി അച്ഛന് ബന്ധമുണ്ടെന്ന് ഞാൻ തെറ്റിധരിച്ചതിന്റെ പേരിൽ ഞാൻ തന്നെ ഉണ്ടാക്കിയ കെട്ടുകഥയാണ് ഇൗ പീഡനകഥ… ദയവുചെയ്ത് എന്നെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലണം.. അതിൽ കുറഞ്ഞ ഒരു ശിക്ഷയും വേണ്ടാ…
പാപിയായ മകളാണ് ഞാൻ… അച്ഛാ മാപ്പ് അച്ഛാ മാപ്പ്”

അവൾ പൊട്ടിക്കരഞ്ഞ് വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു അച്ഛന്റെ ഭൗതിക ശരീരവും കെട്ടിപ്പിടിച്ചുകൊണ്ട്.

അന്ന് ഷാജി പ്രഭാകരന്റെ മഹത്വത്തെ കുറിച്ചായിരുന്നു വാർത്തകളെല്ലാം..

മനുഷ്യ സ്നേഹിയായും തൊഴിലാളി സ്നേഹിയായും അദ്ദേഹത്തെ മഹത്വവൽക്കരിച്ചു കൊണ്ടുള്ള വാർത്തകൾ മാധ്യമങ്ങളിൽ തുടരെത്തുടരെ വന്നുകൊണ്ടിരുന്നു..
സോഷ്യൽ മീഡിയകളിലും താരം ഷാജി പ്രഭാകർ ആയിരുന്നു.

കുറച്ച് ദിവസങ്ങൾക്ക്‌മുൻപു ഇൗ ഷാജി പ്രഭാകറിനെ തന്നെയായിരുന്നു മാധ്യമങ്ങൾ ഒരു തെരുവ് പട്ടിയെപ്പോലെ നിഷ്ക്കരുണം കൊല്ലാക്കൊല ചെയ്തു കൊണ്ടിരുന്നത്. കോടതി വിധി പറയുന്നതിന് മുമ്പ്തന്നെ.

ഇതെല്ലാം കണ്ട് അങ്ങകലെ ആകാശത്തിന്റെ ആഴങ്ങളിൽ ഒരു നക്ഷത്രം ചിരിക്കാനും കരയാനും ആവാതെ ഒരു പുച്ഛം കലർന്ന ഭാവത്തിൽ നിൽക്കുന്നുണ്ടായിരുന്നു.

ഇന്ന് തന്നെ മഹത്വവൽക്കരിക്കാൻ മത്സരിക്കുന്ന മാധ്യമങ്ങൾ തന്നെയാണ് അന്ന് തന്നെ നികൃഷ്ട ജീവിയെപ്പോലെ അധിക്ഷേപിച്ചിരുന്നത്….
ഇന്നു തന്റെ മകൾക്ക് നേരെ കൂർത്ത പല്ലുകളുമായി പാഞ്ഞടുക്കുന്ന ചെന്നായ്‌കൂട്ടത്തെ കണ്ട് നിൽക്കാനാവാതെ…ആ നക്ഷത്രം കണ്ണടച്ചു.

രചന  :  അലി അക്ബർ.തൂത.

LEAVE A REPLY

Please enter your comment!
Please enter your name here