Home Latest “വീട്ടുകാർക്കെല്ലാം ഉറക്കഗുളിക ഭക്ഷണത്തിൽ കലർത്തി കൊടുത്താൽ മതി.ഞാൻ തന്നത് നിന്റെ കൈവശം ഉണ്ടല്ലോ

“വീട്ടുകാർക്കെല്ലാം ഉറക്കഗുളിക ഭക്ഷണത്തിൽ കലർത്തി കൊടുത്താൽ മതി.ഞാൻ തന്നത് നിന്റെ കൈവശം ഉണ്ടല്ലോ

0

#ഒളിച്ചോട്ടം

“വീട്ടുകാർക്കെല്ലാം ഉറക്കഗുളിക ഭക്ഷണത്തിൽ കലർത്തി കൊടുത്താൽ മതി.ഞാൻ തന്നത് നിന്റെ കൈവശം ഉണ്ടല്ലോ.രാത്രി കൃത്യം രണ്ടുമണിക്ക് നമ്മൾ നാടുവിടുന്നു.നീ റെഡിയായിരിക്കണം…”

വാട്ട്സാപ്പിൽ ഹരി അയച്ച മെസേജ് കീർത്തിയൊരിക്കൽ കൂടി എടുത്തു വായിച്ചു. ഉള്ളിൽ വല്ലാത്തൊരു വിറയൽ.അവൾ ഹാളിലേക്ക് വന്നു.അച്ഛനും അമ്മയും അനിയത്തിയും ടീവിയും കണ്ടുകൊണ്ടിരിക്കുന്നു…

“വാ മോളേ ഇവിടെ വന്നിരിക്ക്…”

അച്ഛൻ ഒരുകസേര നീക്കിയിട്ട് അദ്ദേഹത്തിനരുകിലിട്ട് കീർത്തിയെ വിളിച്ചു..അവൾ തെല്ലു സങ്കോചത്തോടെ അവിടെ വന്നിരുന്നു…

“മോൾക്കെന്താ വയ്യാഴ്ക വല്ല പനിയുമുണ്ടോ..?”

അച്ഛൻ അവളുടെ നെറ്റിയിൽ കൈവെച്ചു നോക്കി ചെറിയ ചൂടുണ്ട്..

“ചെറിയ ചൂടാണെങ്കിലും ശ്രദ്ധിക്കണം.ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനം പെട്ടന്നാണ്.നാളെത്തന്നെ അമ്മയെയും കൂട്ടി ആശുപത്രിയിൽ പോകണം..”

മനസ്സൊന്ന് പിടച്ചുവോ..കണ്ണുകളിൽ നനവ് പടരുന്നത്പോലെ.നെഞ്ചിടിപ്പ് വല്ലാതെ ഉയരുന്നത് കീർത്തിയറിയുന്നുണ്ട്..

“അവൾക്ക് ഒരുകുഴപ്പവുമില്ല.നിങ്ങൾ വെറുതെ ഓരോന്നും പറഞ്ഞു അവളെ ഭയപ്പെടുത്തണ്ട…”

അമ്മ അച്ഛനു മറുപടിയായി പറയുമ്പോൾ അനിയത്തിയുടെ മുഖം വല്ലാതെ വീർക്കുന്നത് കീർത്തന കണ്ടു..

“ഹും എല്ലാവർക്കും സ്നേഹം ചേച്ചിയെയാ.എന്നെയാർക്കും വേണ്ടാലോ..”
കുശുമ്പു നിറഞ്ഞ മുഖഭാവത്തോടെ അനിയത്തി കീർത്തന പറഞ്ഞത് കീർത്തി ശ്രദ്ധിച്ചു..

“മക്കളുണ്ടാകിഞ്ഞിട്ട് ഒരുപാട് നേർച്ചകളും പ്രാർത്ഥനകൾക്കും ശേഷമാണ് കടിഞ്ഞൂൽ സന്തതി ഉണ്ടായത്.അവൾ ജനിച്ചതിനു ശേഷമാണ് നമുക്കീ സൗഭാഗ്യങ്ങളെല്ലാം ഉണ്ടായത്…

” കേട്ടോടി കുറുമ്പത്തി..അമ്മ അവളുടെ ചെവിയിൽ ചെറുതായി കിഴുക്കി…

തനിക്ക് നോവുന്നതായി കീർത്തന ഭാവിച്ചു.

“അയ്യോ ഞാനൊന്നും പറഞ്ഞില്ലേ…”
കീർത്തന പ്രത്യേക താളത്തിൽ പറഞ്ഞു ചിരിച്ചു…

പഠിക്കാൻ മിടുക്കരാണ് കീർത്തിയും കീർത്തനയും.അച്ഛൻ വീട് പണയപ്പെടുത്തി മക്കളെ ഇഷ്ടമുള്ളവരെ പഠിപ്പിച്ചു..

“പെൺകുട്ടികളെ അധികം പഠിപ്പിക്കരുത് ദിവാകരാ.നാളെ ഒരുത്തനെ പിടിച്ചു ഏൽപ്പിക്കണ്ടതാ.അപ്പോൾ കല്യാണവും സ്ത്രീധനത്തുകയും എല്ലാം കൂടി നല്ലൊരു സംഖ്യ ചെലവാകും.ജോലി കിട്ടിയാലും നമുക്ക് പ്രയോജനമൊന്നും ഉണ്ടാകില്ല.പഠിപ്പിക്കുന്ന ക്യാഷും നമുക്ക് നഷ്ടം…”

അച്ഛനെ ചിലർ ഉപദേശിക്കുമ്പോൾ തിരികെ നല്ല മറുപടി കൊടുത്തിരിക്കും…

“എനിക്ക് ആകെയുള്ള സമ്പാദ്യം എന്റെ പെണ്മക്കളാണ്.അവരുടെ ഇഷ്ടത്തിനു അനുസരിച്ച് പഠിപ്പിക്കും.നാളെ അവർക്കൊരു അടിസ്ഥാനം ലഭിച്ചു അവരുടെ ജീവിതം സുരക്ഷിതമാവുകയല്ലേ.അതിനു ആണെന്നൊ പെണ്ണെന്നോ എനിക്ക് വേർതിരിരിവില്ല…”
അതോടെ പറയുന്നവരെല്ലാം നിശബ്ദരാകും…

“മോളേ അച്ഛനൊരു കൂട്ടം പറയാനുണ്ട്…”
അച്ഛന്റെ ശബ്ദം അവളുടെ ചിന്തകളെ ഉണർത്തി..

“അച്ഛൻ പറയ്…”
കീർത്തി മറുപടി നൽകിയതോടെ കീർത്തന ചെവി കൂർപ്പിച്ചു..

“ബ്രോക്കർ ദാമുവേട്ടൻ നല്ലൊരു ആലോചന കൊണ്ടുവന്നിട്ടുണ്ട്.ചെങ്ങന്നൂരാണു ചെറുക്കന്റെ വീട്.നിന്നോട് പറഞ്ഞിട്ട്, നിന്റെ ഇഷ്ടം അറിഞ്ഞിട്ട് അവരോട് പറയാമെന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്…”

അച്ഛൻ പറഞ്ഞതുകേട്ട് അവളൊന്ന് ഞെട്ടി…

“എന്താണെങ്കിലും നീ ധൈര്യമായി പറഞ്ഞോളൂ. മോൾടെ സമ്മതമില്ലാതെ അച്ഛനൊന്നും ചെയ്യില്ല…”

അവൾ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് അദ്ദേഹം പിന്നെയും പറഞ്ഞു..

കീർത്തിയൊന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു..

“അവളുടെ മനസിൽ ആരെങ്കിലും കാണും ലച്ചു.നീ രാവിലെ അവളുടെ മനസ്സൊന്ന് തിരക്ക്.മോൾടെ മനസ്സിൽ എന്താണെങ്കിലും നമുക്ക് അതങ്ങട് നടത്താം.നമുക്ക് അവരുടെ സന്തോഷമാണ് വലുത്…”

അദ്ദേഹം ഭാര്യയുടെ മുഖത്തേക്ക് നോക്കി..ശരിയെന്നു അവർ തലകുലുക്കി.

“ടീ കാന്താരി നീയിനി ചേച്ചിയും മനസ്സ് തുരക്കാൻ നിൽക്കണ്ട…”
അമ്മ കീർത്തനക്ക് മുന്നറിയിപ്പ് നൽകി…

അപ്പോൾ കീർത്തി മുറിയിലാകെ വിളറി നടക്കുകയായിരുന്നു.

‘ഇന്നുവരെ ആരെക്കൊണ്ടും മോശമായിട്ടൊന്നു പറയിച്ചിട്ടില്ല.പക്ഷേ മനസിന്റെ വാതിൽ തുറന്നു ഹരിയെപ്പഴോ തന്റെ മനസ്സിൽ കൂടുകൂട്ടി.പലപ്പോഴും സ്വയം ഒഴിഞ്ഞുമാറിയതാണ്.കഴിഞ്ഞില്ല..

വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലെ വിവാഹം നടക്കൂ.അല്ലാതെ ഇറങ്ങി വരില്ലെന്ന് മുമ്പേ പറഞ്ഞിട്ടുള്ളതാണ്.സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന ഞാനും ജാതിയിൽ താഴെ നിൽക്കുന്നവളുമായ കീർത്തിയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ലെന്നും ഹരി പറഞ്ഞത്….

ഹരിയെ നഷ്ടപ്പെടുത്താനും കഴിയില്ല.വിവാഹം കഴിഞ്ഞു കുറച്ചു നാളാകുമ്പം എല്ലാവരുടെയും എതിർപ്പ് മാറും.അതിനു ഒളിച്ചോടിയാലെ പറ്റൂ.ഇല്ലെങ്കിൽ എന്നെ മറന്നേക്ക് അതായിരുന്നു ഹരിയുടെ അവസാന വാക്ക്…

ഒടുവിൽ വീട്ടുകാർ അറിയാതെ ഒളിച്ചോടുള്ളവഴി അവനാണ് അവൾക്ക് പറഞ്ഞു കൊടുത്തത്.ഉറക്ക ഗുളിക ഭക്ഷണത്തിൽ കലർത്താൻ കയ്യിലെടുത്തതും കൈ വിറച്ചത് താഴേക്ക് വീണു…

മനസ്സിന്റെ രണ്ടു വശത്തെ ത്രാസുകളിൽ ഒന്നിൽ ഹരിയും മറുവശത്ത് സ്നേഹം നിറഞ്ഞ വീട്ടുകാരും.കീർത്തിയുടെ ഹൃദയം പുകഞ്ഞു…

“എന്തായി ഉറക്ക ഗുളിക കൊടുത്തോ….”

വാട്ട്സാപ്പ് തുറന്നതും ഹരിയുടെ മെസേജ് അവൾ വായിച്ചു…

വിറക്കുന്ന കൈകളോടെ അതിലുപരി നെഞ്ച് കീറിപ്പിടയുന്ന വേദനയോടെ വാട്ട്സാപ്പിൽ മെസേജവൾ ടൈപ്പ് ചെയ്തു…

“സ്നേഹം നിറഞ്ഞ വീട്ടുകാരെ ഉപേക്ഷിച്ച് ഒളിച്ചോടി വരാൻ എനിക്ക് കഴിയില്ല.നിനക്ക് എന്നെ അത്രക്ക് ഇഷ്ടമാണെങ്കിൽ വീട്ടുകാരെയും കൂട്ടി ഇങ്ങോട്ട് വന്ന് പെണ്ണ് ചോദിക്കുക.. ഇത്രയും കാലം വളർത്തി വലുതാക്കിയ വീട്ടുകാർക്ക് ഉറക്കഗുളിക നൽകാൻ എന്നെക്കൊണ്ടാകില്ല ഹരി..ക്ഷമിക്കണം…”

കീർത്തി അയച്ച മെസേജ് വായിക്കുമ്പോൾ അവന്റെയുള്ളിൽ വല്ലാത്ത നിരാശയായിരുന്നു

“കയ്യിൽ കിട്ടിയെന്നു കരുതി ഇരയെ നഷ്ടപ്പെട്ടതിന്റെ സങ്കടം മറികടക്കാൻ മറ്റൊരു ഇരക്കായി തീറ്റ ചൂണ്ടയിൽ കോർക്കുന്ന തിരക്കിലായി കഴിഞ്ഞിരുന്നു അവനപ്പോഴേക്കും….”

(Copyright protect )

A story by സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here