Home Latest തന്റെ ഭാര്യ ഭ്രാന്തിന് മരുന്നു കഴിക്കുന്നവളാണെന്നുള്ള ചിന്ത അയാളിൽ വെറുപ്പുണ്ടാക്കി കൊണ്ടിരുന്നു…

തന്റെ ഭാര്യ ഭ്രാന്തിന് മരുന്നു കഴിക്കുന്നവളാണെന്നുള്ള ചിന്ത അയാളിൽ വെറുപ്പുണ്ടാക്കി കൊണ്ടിരുന്നു…

0

ആറു മാസത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് അയാൾക്ക് മനസിലായത് ഭാര്യക്ക് ചെറിയ രീതിയിൽ എന്തൊക്കയോ കുറവുകൾ ഉണ്ടെന്ന്.

ആദ്യം ഒന്നും പുറത്ത് പറഞ്ഞില്ലങ്കിലും പിന്നീട് അയാൾക്ക് തന്നെ സഹിക്കാൻ പറ്റാതെയായി.

വീട്ടുകാരോട് കാര്യങ്ങൾ അവതരിപ്പിച്ചു.

പിരിയുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലന്നിരിക്കെയാണ് തന്റെ ഭാര്യ ഗർഭിണിയാണെന്നു അറിയുന്നതും.

വീട്ടുകാർ തമ്മിലുള്ള ചർച്ചകൾക്കൊടുവിൽ അയാൾ വിട്ടുവീഴ്ച്ചക്ക് തയ്യാറായി.

മാസങ്ങൾ കടന്നു പോയി ഒരു ഭാര്യ എന്ന നിലക്ക് അവൾ അയാളുടെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധാലു ആയിരുന്നു.

എന്നാൽ പോലും തന്റെ ഭാര്യ ഭ്രാന്തിന് മരുന്നു കഴിക്കുന്നവളാണെന്നുള്ള ചിന്ത അയാളിൽ വെറുപ്പുണ്ടാക്കി കൊണ്ടിരുന്നു.

സ്നേഹവും പരിചരണവും വേണ്ട സഹാചര്യമായിട്ടു പോലും അയാളുടെ അവഗണന അവളിൽ നിരാശയുടെ വലിയ കാർമേഘമായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ഒറ്റപ്പെടലിന്റെ മനോനിലക്കുള്ളിൽ ആ മഴമേഘങ്ങൾ നന്നായി പെയ്തു കൊണ്ടിരുന്നു.

ഉൾകനം ഒട്ടും തന്നെയില്ലാത്ത പെൺ മനസിന് ഒറ്റക്കിരുന്നു കരയുവാനും വേണം ഒരു ഉൾക്കരുത്തു എന്നിരിക്കെ,…… ,

കഷ്ടപ്പെട്ട് ഉൾകൊള്ളണ്ട നിങ്ങൾക്ക് വേണ്ടത് കുട്ടിയല്ലേ ആ ഒരു സന്തോഷം തന്നിട്ട് ഞാൻ പോയിക്കൊള്ളാം.

അതു കേട്ടതുകൊണ്ടാകാം ഒരുപാടു നാൾക്ക് ശേഷം അയാൾ ഒന്നു ചിരിച്ചു

ദിനങ്ങൾ ഇലകൾപോലെ കൊഴിയും അതിൽ നിരാശയും സന്തോഷവും ചില്ലകൾ അടർത്തിയിട്ട വിധികളായി മാത്രമേ നമുക്ക് തോന്നു.എന്നാൽ നാളെകൾ നമ്മൾക്കായ് കാത്തിരിക്കും എന്ന് ആരും ചിന്തിക്കാറുമില്ല.പുതിയ മുകുളങ്ങൾ പുതിയ പ്രതീക്ഷകളായി ഉൾകൊള്ളണം. അതല്ലങ്കിൽ നമ്മളും മരുന്നു കഴിക്കാത്ത മനോരോഗികൾ തന്നെയാണ്.

മാസങ്ങൾക്കൊടുവിൽ സുഖപ്രസവം .പെണ്ണിന്റെ പൂർണ്ണതക്കായ് ദൈവം കരുതി വെച്ച നാമധാരിയായി അവളും മാറി, ………….അമ്മ.

ജീവിതത്തിന്റെ വേദനയോളം വരില്ലായിരുന്നു പ്രസവവേദന. അത്രത്തോളം അനുഭവിച്ചതിന്റെ ബാക്കി വീണ്ടും അവളെ തേടിയെത്തി.

ഒരു ആയ ….. അത്രേ ഉണ്ടായിരുന്നൊള്ളു അവൾക്ക് സ്ഥാനം .’ഭാര്യയിൽ നിന്നും അയാൾ അവളെ ഒരു പാട് അകറ്റി നിർത്തി .പക്ഷേ അമ്മയിൽ നിന്നും അകറ്റാൻ സാധിച്ചിരുന്നില്ല

തൊണ്ണൂറും ,പേരു വിളിയും, ചോറുണും, ഒരു സാക്ഷി മാത്രമായി അവൾ മാറിയപ്പോൾ
അവൾക്ക് അവരേക്കാൾ സ്വബോധം ഉണ്ടായിരുന്നു.

ഭ്രാന്തി എന്ന പേരിൽ അവളെ മാറ്റിനിർത്തപ്പെട്ടു കൊണ്ടു ഒന്നാം പിറന്നാൾ ആഘോഷമാക്കിയപ്പോൾ
ഭ്രാന്തുള്ള ലോകമായി അവൾക്കും തോന്നി കാണും. ഒരു യാത്ര പറച്ചിലും കൂടാതെ അവൾ യാത്രയാപ്പോൾ…………. നഷ്ടം കുഞ്ഞിനു മാത്രമായി ഒതുങ്ങി നിന്നു. മറ്റുള്ളവർക്ക് ഒരു ഭ്രാന്തിയുടെ മരണത്തിനപ്പുറത്തേക്ക് അമ്മയായിരുന്നു എന്ന ചിന്ത ജനിച്ചട്ടേ ഇല്ലായിരുന്നു.

നഷ്ടങ്ങൾ ഒരു തിരിച്ചറിവായി അയാൾക്കും തോന്നി തുടങ്ങിയത് കുഞ്ഞിന്റെ കരച്ചിലിന്റെ മുന്നിലാണ്.അമ്മയുടെ നഷ്ടത്തിനു മുന്നിലായിരുന്നു.

ഒരു പക്ഷേ ബന്ധുക്കളിലേക്ക് പരിഹാരം കണ്ടെത്താൻ വിട്ടു കൊടുത്തില്ലായിരുന്നു എങ്കിൽ .

അവൾ ഭ്രാന്തില്ലാത്ത ഒരു ഭാര്യ ആകുമായിരുന്നു.

ഓർമ്മകളുടെ ചില്ലയിൽ പൂത്ത ഒരു നീർമാതളം കൊഴിഞ്ഞു വീണു. കൃത്യമായി അവൾ ഒരുക്കി വെക്കാറുള്ളതെല്ലാം സ്ഥാനം തെറ്റി അങ്ങ് ഇങ്ങായി ചിതറി കിടക്കുന്നുണ്ട് .
ആവശ്യങ്ങൾക്ക് തിരയാറുള്ള അയാളുടെ കാഴ്ചയിൽ വല്ലാത്തൊരു ശൂന്യം തോന്നിയതപ്പോഴാണ്.ഒരുപക്ഷേ അയാൾ ഇപ്പോൾ ചിന്തിക്കന്നുണ്ടാകും

ലക്ഷണം മാത്രം അവളിലുണ്ടായിരുന്നൊള്ളു.
മനോനില തെറ്റിയത് ബാക്കിയുള്ളവർക്കായിരുന്നു.

അച്ഛാ’…. എന്റെ അമ്മേ എവിടെ?

എപ്പോഴെക്കയോ അടക്കിപിടിച്ച വേദന കടിച്ചമർത്തി കൊണ്ടു അയാൾ കുഞ്ഞിനെ ചേർത്തു പിടിച്ചു ,തെക്കുഭാഗത്തെ തുളസിയിലേക്ക് ചൂണ്ടി കൊണ്ടു പറഞ്ഞു.

,,അതാ അവിടെ ഉണ്ട് മോന്റെ അമ്മ

പൂത്തു നിന്ന തുളസി കാറ്റിൽ ഒന്നു ആടി ഉലഞ്ഞു……..

ഒരിറ്റു തുളസിയിലയിൽ നിന്നും, അയാളുടെ കണ്ണിൽ നിന്നും പെയ്തിറങ്ങി.

രചന ; സിറിൾ കുണ്ടൂർ

LEAVE A REPLY

Please enter your comment!
Please enter your name here