Home Latest ഇത് തെണ്ടി തിരിഞ്ഞു നടക്കുന്ന ഈ മകൻ അദ്ധ്വാനിച്ചു കിട്ടിയ പൈസകൊണ്ട് വാങ്ങിയതാണ്. ധൈര്യമായി എടുത്തുവെച്ചോളു

ഇത് തെണ്ടി തിരിഞ്ഞു നടക്കുന്ന ഈ മകൻ അദ്ധ്വാനിച്ചു കിട്ടിയ പൈസകൊണ്ട് വാങ്ങിയതാണ്. ധൈര്യമായി എടുത്തുവെച്ചോളു

0

അതേ… ഇന്നെനിക്ക് എന്റെ അച്ഛന്റെ മുന്നിൽ തല ഉയർത്തി പിടിച്ചു നിൽക്കാൻ പറ്റി. ഞാൻ അദ്ധ്വാനിച്ച പൈസകൊണ്ട് വാങ്ങിയ സാധനങ്ങൾ കയ്യിൽ പിടിച്ചു എന്റെ അച്ഛന്റെ മുന്നിലൂടെ ചവിട്ടുപടി കയറുമ്പോൾ കുറെ വർഷത്തെ അച്ഛന്റെ പരിഹാസങ്ങൾക്കും പുച്ഛത്തിനും അവസാനം ഇന്നത്തോടെ തീരും എന്നുള്ള അഹങ്കാരം എന്റെ മുഖത്ത് ഞാൻ വേണ്ടുവോളം വരുത്തി.

അടുക്കളയിൽ നിൽക്കുന്ന അമ്മയുടെ കൈകളിൽ പലചരക്ക് സാധനങ്ങളുടെ സഞ്ചികൾ ഏൽപ്പിക്കുമ്പോൾ ഞാനുറക്കെ പറഞ്ഞു..

“ഇത് തെണ്ടി തിരിഞ്ഞു നടക്കുന്ന ഈ മകൻ അദ്ധ്വാനിച്ചു കിട്ടിയ പൈസകൊണ്ട് വാങ്ങിയതാണ്. ധൈര്യമായി എടുത്തുവെച്ചോളു എന്ന് ഉമ്മറത്തോട്ട് നോക്കി പറയുമ്പോൾ ചാരുകസേരയിൽ മുറ്റത്തു ഉണക്കാൻ ഇട്ടിരുന്ന ഉണക്കമുളകിലേക്ക് നോക്കി ഇരിക്കുന്ന അച്ഛൻ ഒരു തവണ പോലും തിരിഞ്ഞു നോക്കിയില്ല.”

വീടിനടുത്തുള്ള സുഹൃത്തുക്കളുമായി പഠിത്തം കഴിഞ്ഞു രണ്ടുവർഷം കളിച്ചു നടന്നപ്പോൾ അച്ഛന്റെ വായിൽ നിന്നും കേട്ടിരുന്ന വാക്കുകളിൽ ഒന്നാണ് തെണ്ടിതിരിയൽ എന്നത്. അന്നൊക്കെ അച്ഛന്റെ വായിൽ നിന്നും അങ്ങനെ കേൾക്കുമ്പോൾ അച്ഛനോട് വെറുപ്പും ദേഷ്യവും ഉണ്ടായിരുന്നു.

വീട്ടിൽ വിരുന്നുകാർ ആരേലും വന്നാലും അവരെന്നോട് ഇപ്പൊ എന്ത് ചെയ്യുന്നു എന്ന് ചോദിക്കുമ്പോൾ അച്ഛൻ തുറന്നടിച്ചു പറയാറുണ്ട് “അവനൊരു ജോലിയുമില്ല, തിന്നും ഉറങ്ങിയും നടക്കുകയാണെന്ന്”. അവരുടെ മുന്നിൽ പുഞ്ചിരിച്ചു മുഖം മറക്കാനേ ഞാൻ ശ്രമിച്ചിട്ടുള്ളൂ.

വീട്ടിൽ ഭക്ഷണമായാലും മീൻ ആയാലും എന്തിന് പപ്പടം ആയാലും എണ്ണം കുറഞ്ഞുപോയാലോ അച്ഛന് മതിയാകും വരെ അതൊന്നും ലഭിച്ചിട്ടില്ലെങ്കിൽ അപ്പൊ പറയും “എങ്ങനെ ബാക്കിയുണ്ടാകാനാ ഇവിടെ ഞാൻ തീറ്റ കൊടുത്തു വളർത്തുന്ന ഒരു ജീവിയുണ്ടല്ലോ ” എന്ന്.

നാട്ടിൽ ഉള്ള കൂട്ടുകാർ ഓരോരുത്തരായി വിദേശത്തും മറ്റും ജോലിക്ക് പോയിതുടങ്ങിയപ്പോൾ മനസ്സിന് കനം വെച്ച് തുടങ്ങി. എങ്കിലും എന്നെകൊണ്ടാകും വിധം ഞാൻ ജോലി അന്ന്വേഷിച്ചെങ്കിലും കിട്ടാതെ പോകുന്നത് എനിക്കും അച്ഛനും ഇടയിലുള്ള ബന്ധത്തെ അകലമുണ്ടാക്കാൻ വിനയായി.

പഠിക്കാൻ ഞാൻ മിടുക്കനാണെങ്കിലും വീട്ടിൽ കാര്യങ്ങൾ നോക്കാനും നിയന്ത്രിക്കാനും അച്ഛനുണ്ടല്ലോ എന്നുള്ള അഹങ്കാരമാകാം ഞാൻ രണ്ടു വർഷത്തോളം ചുമ്മാ നടന്നത്. എങ്കിലും ആ രണ്ടു വര്ഷം അച്ഛന്റെ കളിയാക്കലും അവഗണനയും സഹിക്കവയ്യാതെയാണ് ഞാൻ ജോലിക്ക് വേണ്ടി ശ്രമിക്കാൻ തുടങ്ങിയത്.

ഇന്റർവ്യൂകൾ ഓരോന്നായി അറ്റൻഡ് ചെയ്യാൻ വിളിവന്നു. ഓരോ സ്ഥലത്തും ഓരോ കമ്പനികളിലും ഞാൻ കയറി ഇറങ്ങി. ഒന്നിനും ഫലമുണ്ടായിട്ടും. പരാജിതനായി ഞാൻ വീട്ടിൽ വന്നു കേറുമ്പോൾ മുറ്റത്തോ ഉമ്മറത്തോ ഇരിക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കാതെയാണ് വീട്ടിലേക്ക് ഞാൻ കയറിയിരുന്നത്.

ഒരു സുപ്രഭാതത്തിൽ വീട്ടിൽ പോസ്റ്മാൻ അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊണ്ടുവന്നപ്പോൾ ഞാൻ അമ്പരന്നുപോയി. ഇതുവരെ പോയ ഇന്റർവ്യൂകൾ ഒന്നിലും എനിക്ക് നന്നായി പെർഫോമൻസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും എന്നെ തേടി എന്റെ വീട്ടിൽ ഒരു IT കമ്പനിയിൽ ജോലി ചെയ്യാൻ ലെറ്റർ വന്നപ്പോഴും ഞാൻ അച്ഛന്റെ മുഖത്തുനോക്കി അഹങ്കാരത്തോടെ ആക്കി ചിരിച്ചു ആ ലെറ്ററുമായി അമ്മയെ കാണിക്കാൻ അകത്തേക്ക് പോകുകയാണ് ഉണ്ടായത്.

പിന്നീടുള്ള നാളുകൾ ശമ്പളം കിട്ടാൻ ദിവസങ്ങൾ അടുക്കും തോറും ഞാൻ വീട്ടിൽ ഒരു അവകാശത്തോടെ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. അപ്പോഴും അച്ഛൻ മിണ്ടാതെ പുഞ്ചിരിച്ചുകൊണ്ട് എന്റെ മുന്നിലൂടെ നടക്കുകയും എന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുകയും ചെയ്തു.

ഇന്നാണ്.. ഇന്നായിരുന്നു ഞാൻ കാത്തിരുന്ന ദിനം. ഇന്നെനിക്ക് ശമ്പളം കിട്ടി. ഒരു മാസത്തെ ദിവസക്കൂലി എല്ലാം ചേർത്ത് ഒരുമിച്ചു കിട്ടിയപ്പോൾ എന്തെന്നില്ലാത്ത ഒരുതരം സന്തോഷവും അഹങ്കാരവും ഒരുമിച്ചു വന്നു. നേരെ പോയത് ചന്തയിലേക്കാണ്. കുറച്ചു പലചരക്കും പച്ചക്കറിയും വാങ്ങി ഓട്ടോ വിളിച്ചാണ് വീട്ടിലേക്ക് വന്നത്.

അപ്പോഴും ഉമ്മറത്തെ കസേരയിൽ പത്രവും പിടിച്ചിരിക്കുന്ന അച്ഛൻ ഓട്ടോയിൽ നിന്നും ഇറങ്ങി വന്നത് ആരാണ് എന്ന് നോക്കിയതല്ലാതെ സാധങ്ങൾ ഇറക്കിവെക്കാനോ വാങ്ങാനോ എന്റെ അടുത്തേക്ക് വന്നില്ല. ഞാനെല്ലാം എടുത്തു അകത്തേക്ക് നടക്കുമ്പോഴും അച്ഛൻ പത്രത്തിൽ നിന്നും കണ്ണെടുത്തില്ല.

അന്ന് രാത്രി ഞാൻ അച്ഛനോടുള്ള പകയോ ജോലിക്കാരൻ ആയി എന്നതിലുള്ള അഹംഭാവമോ കിട്ടിയ ശമ്പളത്തിന്റെ ഒരുഭാഗം അച്ഛന്റെ കൈകളിൽ വെച്ചുകൊടുത്തു രണ്ടു ഡയലോഗ് അടിക്കാൻ വേണ്ടി അച്ഛന്റെ മുറിയുടെ അടുത്തേക്ക് നടന്നു.

മുറിക്കുള്ളിൽ നിന്നും അച്ഛന്റെയും അമ്മയുടെ പതുങ്ങിയ സംസാരത്തിനു ഞാൻ കാതോർത്തു.

“എന്തിനാ നിങ്ങളിനിയും അവനോട് ഇങ്ങനെ പെരുമാറുന്നെ. നിങ്ങൾ ശരിയാക്കി കൊടുത്ത ജോലി ആണെങ്കിലും അവൻ ഇന്റർവ്യൂ ന് പോയിട്ട് കിട്ടിയതാണെന്നാണ് ഇപ്പോഴും അവൻ വിചാരിക്കുന്നത്. എന്നാലും സാരല്യ അവനാകെ മാറിയില്ലേ. ഇനിയെങ്കിലും അവനോട് സംസാരിച്ചൂടെ. അല്ലെങ്കിൽ ഇനിയും അവന്റെ ഉള്ളിൽ നിങ്ങളോട് വെറുപ്പാകും”

“അത് സാരമില്ലെടി.. എനിക്ക് അവന്റെ ഉയർച്ചയാണ് കാണേണ്ടത്. അതിനുവേണ്ടി അവന്റെ ഉള്ളിൽ എന്നോട് സ്നേഹം അല്ല വേണ്ടത് വാശിയാണ്. അതുകൊണ്ടാ ഞാനെപ്പോഴും അവനോട് അങ്ങനൊക്കെ പറയുന്നതും കാണിക്കുന്നതും. ഇപ്പൊ അവന് കിട്ടിയ ജോലി എന്റെ കൂടെ പഠിച്ച ഒരാളുടെ മകന്റെ കമ്പനിയിലാണ്. ഞാൻ അവനോട് ഒന്ന് പറഞ്ഞേയുള്ളൂ. കണ്ടില്ലേ പിറ്റെന്നാൾ കത്ത് അയച്ചത്.”

“ഇതെല്ലാം ഞാൻ ഉണ്ടാക്കിയത് അവനു വേണ്ടി തന്നെയല്ലെടോ. എല്ലാം ഞാൻ ഇപ്പൊത്തന്നെ അവന്റെ പേരിൽ എഴുതി വെച്ചിട്ടുണ്ട്. ഞാൻ നടക്കാൻ പറ്റുന്ന കാലം വരെ ഇനിയും എന്നെകൊണ്ട് പറ്റുന്ന വിധം അദ്ധ്വാനിക്കും. കിടപ്പിലായാൽ അന്നെനിക്ക് അവന്റെ കൈകൊണ്ട് കുറച്ചു വെള്ളം കിട്ടിയാൽ മതി. അത്രേയുള്ളൂ ആഗ്രഹം.”

ഇത്രയും പറഞ്ഞു തീരുമ്പോഴേക്കും അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. മുറിക്ക് മുന്നിൽ വാതിലിന്റെ പുറത്തു നിന്നിരുന്ന അവന്റെ കയ്യില്ലേ നോട്ടുകൾ ഞെരുങ്ങി അമർന്നു. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ നിറഞ്ഞൊഴുകി. ഒന്നും മിണ്ടാതെ അവൻ അവന്റെ റൂമിലേക്ക് നടന്നു.

പിറ്റെന്നാൾ രാവിലെ അവൻ ജോലിക്ക് പോകാൻ വേണ്ടി ഒരുങ്ങി. അമ്മയുടെ അടുത്തുപോയി ചായ കുടിച്ചു ബാഗുമെടുത്തു അവൻ ഉമ്മറത്തോട്ട് നടന്നു. ഉമ്മറത്തു കസേരയിൽ ഇരുന്നു പത്രം വായിക്കുന്ന അച്ഛന്റെ അടുത്ത് ചെന്ന് ആ കാൽക്കൽ വീണു അവൻ കരഞ്ഞു. നിറകണ്ണോടെ അച്ഛൻ അവന്റെ തലയിൽ കൈവെച്ചു. ഒന്നും മിണ്ടാതെ എഴുന്നേറ്റ അവൻ മുട്ടത്തോട്ട് ഇറങ്ങി നടന്നു.

അതെ ഇന്നും അച്ഛൻ തന്നെ ജയിച്ചു. തോൽപ്പിക്കാൻ ആകുന്നില്ല എനിക്ക്. തോറ്റുതരാൻ അച്ഛൻ തയ്യാറാകുന്നില്ല. ഇനിമുതൽ ഞാൻ അച്ഛന്റെ മകനാണ്. അച്ഛനെപ്പോലെ ആകാൻ വേണ്ടി അച്ഛനെ പഠിക്കുന്ന അച്ഛന്റെ മകൻ.

രചനവി ; പിൻ‌ദാസ് അയിരൂർ.

LEAVE A REPLY

Please enter your comment!
Please enter your name here