Home Latest “നമ്മള് രണ്ടാളും മാത്രമുള്ളപ്പോൾ ചേട്ടത്തിയമ്മ എന്ന് വിളിക്കുന്നതിന്‌ പകരം അമ്മയെന്ന് വിളിച്ചുകൂടെ ?”

“നമ്മള് രണ്ടാളും മാത്രമുള്ളപ്പോൾ ചേട്ടത്തിയമ്മ എന്ന് വിളിക്കുന്നതിന്‌ പകരം അമ്മയെന്ന് വിളിച്ചുകൂടെ ?”

0

ചേട്ടത്തിയമ്മ_എന്ന_അമ്മ

ഞാൻ രാഹുൽ , എനിക്ക് രണ്ട് വയസ്സുള്ളപ്പോഴാ അച്ഛന്റെ മരണം , ആയകാലത്ത് അച്ഛൻ ഗൾഫിലെല്ലാം പോയി പത്തു പുത്തനുണ്ടാക്കിയത് കൊണ്ട് കുടുംബത്തിൽ പ്രാരാബ്ദമൊന്നും ഉണ്ടായിരുന്നില്ല.

അതുകൊണ്ട് എനിക്കും അമ്മക്കും ചേട്ടനും രണ്ടു തലമുറക്ക് ഇരുന്നു തിന്നാനുള്ളതുണ്ടായിരുന്നതു കൊണ്ട് ആ ഭാഗം ക്ലിയർ.

പിന്നീട് ഞാൻ നാലിൽ പഠിക്കുമ്പോഴാണ് ചേട്ടൻ ഒരു ക്രിസ്ത്യാനി സ്ത്രീയുമായി സ്നേഹത്തിലാവുന്നതും വിളിച്ചിറക്കി കൊണ്ട് വീട്ടിലോട്ടു വന്നതും.

ചേട്ടനെയും അവരെയും കണ്ടപ്പോൾ , അമ്മ കലിതുള്ളാൻ തുടങ്ങി.

“ഇപ്പോഴിറങ്ങിക്കോണം … ഈ വീട്ടിൽനിന്ന് ഇവളേംവിളിച്ചോണ്ട് ,
ഒരു ക്രിസ്ത്യാനി പെണ്ണിനേയും കൊണ്ട് ഈ വീട്ടിൽ താമസിക്കാൻ ഞാൻ സമ്മതിക്കില്ല”.

അതും പറഞ്ഞുകൊണ്ട് അമ്മ എന്നെ പിടിച്ചു അകത്തേക്കിട്ടു ഉമ്മറവാതിൽ കൊട്ടിയടച്ചു. ഞാൻ ഉമ്മറത്തെ ജനൽ തുറന്ന് പുറത്തേക്കു നോക്കുമ്പോൾ, ചേട്ടനും ചേച്ചിയും പിന്നെ കാണികളായി അയൽ പക്കത്തെ കുറച്ചാളുകളും മുറ്റത്ത് ഉണ്ടായിരുന്നു. കാണികളായ ആളുകൾ അവരുടെ പണി അപ്പോഴേക്കും തുടങ്ങിയിരുന്നു പരദൂഷണം.

കുറച്ചുകഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു കാറും ജീപ്പും വന്നു നിന്നു. അതിൽ ഒന്ന് പോലീസ് ജീപ്പായിരുന്നു. ഞാൻ ഓടി ചെന്ന് അമ്മയോട് പറഞ്ഞു. അമ്മ ഉമ്മറവാതിൽ വീണ്ടും തുറന്നു. പോലീസ് അമ്മയുടെ അടുത്തേക്ക് വന്നു.

അപ്പോഴേക്കും കാറിൽ നിന്നും ഇറങ്ങിയ തടിച്ചൊരാൾ ചേച്ചിയുടെ മുഖമടച്ചൊരടിയും ഒരലർച്ചയും

“നീ ഞങ്ങളുടെ മാനം കളയും അല്ലേടി.. ” എന്നുപറഞ്ഞുകൊണ്ട്. അപ്പോഴേക്കും അവിടെ കൂടിനിന്നവരും പോലീസുകാരും കൂടി അയാളെ പിടിച്ചു മാറ്റി.

“നിങ്ങളാണോ മാധവിയമ്മ ?”

“അതെ സാർ”.

“നിങ്ങളുടെ മകനല്ലേ അതുൽ ?”

“അതെ സാർ”.

“നിങ്ങളുടെ മകന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്. നിങ്ങളുടെ മകൻ ആ നിൽക്കുന്ന വർഗീസിന്റെ മകൾ ആനിയെ തട്ടിക്കൊണ്ടു പോന്നൂ എന്ന്. മകൻ ചെയ്ത ഈ കൃത്യം നിങ്ങളുടെ അറിവോടു കൂടിയാണോ ?”

“അല്ല സാർ. ഞാനിപ്പോഴാ ഇവന് ഈ പെൺകുട്ടിയുമായി ബന്ധമുള്ളത് അറിയുന്നത് തന്നെ”.

പോലീസ് ചേട്ടന്റെയും ചേച്ചിയുടെയും അടുത്തേക്ക് ചെന്നു. അപ്പോഴും ആ തടിച്ചയാൾ ചേട്ടനേയും ചേച്ചിയെയും അമർഷത്തോടെ നോക്കുകയും ഇടയ്ക്കിടക്ക് കൈ തിരുമ്മുന്നുമുണ്ട്.

“എന്താടാ നിന്റെ പേര് ?”

“അതുൽ “.

“നിങ്ങൾ രണ്ടാളും പ്രേമത്തിലാണോ ?”

“അതെ” അവർ രണ്ടാളും തലയാട്ടി.

“നിനക്ക് എത്ര വയസ്സായെടാ ?…അവൻ ഇരുപത്തിനാലെന്നു പറഞ്ഞു.

“നിനക്കോടി ?”

“പതിനെട്ട് “.

“ഓക്കെ. നിങ്ങളെല്ലാവരും ഒന്ന് സ്റ്റേഷൻ വരെ വരണം “.

ചേട്ടനേയും ചേച്ചിയെയും ജീപ്പിലും, ചേച്ചിയുടെ ആളുകൾ കാറിലും, ഞാനും അമ്മയും ഒരു ഓട്ടോയിലുമായി സ്റ്റേഷനിലോട്ട്.

അവിടുന്ന് ചേച്ചിയോട് നിനക്കാരുടെ കൂടെ പോകുവാനാണിഷ്ടം, എന്ന് പോലീസ് ചോദിച്ചപ്പോ അവർ ചേട്ടന്റെ പേരുപറഞ്ഞു. അതുകേട്ടതും ആ തടിച്ചയാൾ ചേച്ചിയുടെ മേൽ ചാടിവീണു.

പോലീസ് പ്രായപൂർത്തിയായ കമിതാക്കളായതു കൊണ്ട് ചേട്ടനുംചേച്ചിക്കും നീതികിട്ടി , ഇനി ഞങ്ങൾക്കിങ്ങനെയൊരു മകളില്ലാ എന്ന് പറഞ്ഞു ചേച്ചിയുടെ വീട്ടുകാർപോയി.

ഇതിനിടയിൽ വിവരമറിഞ്ഞു ചേട്ടന്റെ കൂട്ടുകാരനായ കുട്ടേട്ടൻ അങ്ങോട്ട് വന്നിരുന്നു. കുട്ടേട്ടൻ അമ്മയോട് അവരെ വീട്ടിലോട്ടു കൂട്ടികൂടെ എന്ന് ചോദിച്ചപ്പോ അമ്മ പറ്റില്ലാന്ന് പറഞ്ഞു. അവസാനം കുട്ടേട്ടൻ ചേട്ടനെയും ചേച്ചിയെയും കൂട്ടി കുട്ടേട്ടന്റെ വീട്ടിലേക്കും , ഞാനും അമ്മയും വീട്ടിലേക്കും പൊന്നു.

പിറ്റേ ദിവസം അടുത്തുള്ള അമ്പലത്തിൽ വെച്ച് ചേട്ടൻ ചേച്ചിയുടെ കഴുത്തിൽ താലികെട്ടി . അങ്ങനെ ആനി ആതിരയായി. താലികെട്ടു കഴിഞ്ഞു അവർ നേരെ രജിസ്റ്ററാപ്പിസിലേക്കും അവിടന്ന് കുട്ടേട്ടന്റെ വീട്ടിലേക്കും പോയി.

രണ്ടുമൂന്നുദിവസം ചേട്ടനെ കാണാതെ അമ്മ കഴിച്ചുകൂട്ടി. പിന്നെ അമ്മ തന്നെ ചേട്ടനെയും ചേച്ചിയെയും വീട്ടിലേക്കു വിളിച്ചോണ്ടു വന്നു. ചേട്ടനും ചേച്ചിയും അനുഗ്രഹത്തിനായി അമ്മയുടെ കാൽക്കൽ വീണപ്പോൾ അമ്മയുടെ ദേഷ്യം അല്പം കുറഞ്ഞു. പിന്നെ അമ്മ തന്നെ നിലവിളക്ക് ചേച്ചിയുടെ കയ്യിൽ കൊടുത്തു അകത്തേക്ക് ആനയിച്ചു കയറ്റി.

അങ്ങനെ ഓരോ ദിവസം മുന്നോട്ടു പോകവേ., അമ്മക്ക് ചേച്ചിയോടുള്ള ദേഷ്യം കുറഞ്ഞു കുറഞ്ഞു വന്നു ചേട്ടനോടും. അങ്ങനെ അമ്മക്ക് ഏറ്റവും ഇഷ്ട്ടമുള്ള മരുമകൾ എന്ന പദവി ചേച്ചി നേടിയെടുത്തു. അന്ന് മുതൽ എനിക്ക് ചേച്ചി ചേട്ടത്തിയമ്മയായി.

പിന്നീട് എന്റെ പഠിപ്പും എന്റെ ഹോംവർക്കുമെല്ലാം ചേട്ടത്തിയമ്മയുടെ അടുത്തായി. വീട്ടിലെ എന്റെ ടൂഷൻ ടീച്ചറായി ചേട്ടത്തിയമ്മ. പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നു ഞങ്ങളുടെ വീട്ടിൽ.

അങ്ങനെ ദിവസങ്ങൾ ആഴ്ചകളായി, ആഴ്ചകൾ മാസങ്ങളായി, മാസങ്ങൾ വർഷങ്ങളായി…

ഒരു ദിവസം രാവിലെ വീട്ടിലെ കാറുമെടുത്ത് ചേട്ടൻ അമ്മയെയും കൂട്ടി അമ്പലത്തിലോട്ടു പോയി. തിരിച്ചു വരുന്ന വഴി കാറ് ഒരു ലോറിയിലിടിച്ചു. സംഭവസ്ഥലത്തു വെച്ചു തന്നെ അമ്മയും ചേട്ടനും മരിച്ചു.

വെട്ടിക്കീറി തുന്നിചേർത്ത ചേട്ടന്റെയും അമ്മയുടെയും മൃതശരീരം ഉമ്മറത്ത് കൊണ്ടു വന്നു കിടത്തുമ്പോൾ, ഒന്ന് പൊട്ടികരയാൻ പോലും ത്രാണിയില്ലാതെ ജീവഛവം പോലെ കിടക്കുകയായിരുന്നു ഞാനും ചേട്ടത്തിയമ്മയും.

അമ്മയുടെയും ചേട്ടന്റെയും ചിതക്ക് തീ കൊളുത്തിയതും, ബന്ധുക്കളും സ്വന്തക്കാരും അവരുടെ വിലാപവും സങ്കടങ്ങളും പറഞ്ഞു പോയിത്തുടങ്ങിയിരുന്നു.

തെക്കേ പറമ്പിലെ രണ്ടു ചിതയിലേയും തീകെട്ടു, പുക ഇരുട്ടിനെ വെളിച്ചമാക്കി മേലോട്ട് പൊങ്ങുന്നത് വീടിന്റെ ഉമ്മറത്ത് ജീവച്ഛവം പോലെ ഇരിക്കുന്ന ചേട്ടത്തിയമ്മയുടെ മടിയിലിരുന്ന് ഞാൻ കണ്ടു .

വിധിയുടെ വിളയാട്ടം ആ രാത്രി ഞാനും, ചേട്ടത്തിയമ്മയും, ആ വലിയ വീടും പകലിനെ പോലും പേടിപ്പെടുത്തുന്ന ഏകാന്തതയും മാത്രം ബാക്കിയായി.

പലപല കളറുകളുള്ള ചുരിദാറുകൾ മാത്രം ധരിച്ചിരുന്ന ചേട്ടത്തിയമ്മയുടെ ദേഹത്ത് അപ്പോഴേക്കും വെള്ളസാരി സ്ഥാനം പിടിച്ചിരുന്നു.

സഞ്ചയനം കഴിഞ്ഞതും ബന്ധുക്കളുടെ വരവും പോക്കും കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെ ഞങ്ങളുടെ സുഖവിവരങ്ങൾ തിരക്കാൻ ചേട്ടന്റെ കൂട്ടുകാരൻ കുട്ടേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു.

,എനിക്ക് ചേട്ടത്തിയമ്മയും ചേട്ടത്തിയമ്മക്ക് ഞാനും, ആ വലിയ വീടുമായി ഞങ്ങളുടെ ലോകം ചെറുതായപോലെ എനിക്കുതോന്നി.

പിന്നീട് ഓരോ നാളുകൾ കഴിയുന്തോറും ചേട്ടത്തിയമ്മക്ക് എന്നിലുള്ള കരുതൽ കൂടി കൂടി വരികയായിരുന്നു. ഒരമ്മക്ക് മകനോടുള്ളപോലെ , എന്റെ പഠനം എന്റെ ഭാവി ഇത് മാത്രമായിരുന്നു ചേട്ടത്തിയമ്മയുടെ മനസ്സിലെ ചിന്ത. ഒരുക്കണക്കിൽ ചേട്ടത്തിയമ്മയിലൂടെ എന്റെ അമ്മയെ എനിക്ക് തിരിച്ചു കിട്ടുകയായിരുന്നു.

ഒരു ദിവസം രാത്രി ഞാൻ ചേട്ടത്തിയമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ, ചേട്ടത്തിയമ്മ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു ;

“നമ്മള് രണ്ടാളും മാത്രമുള്ളപ്പോൾ ചേട്ടത്തിയമ്മ എന്ന് വിളിക്കുന്നതിന്‌ പകരം അമ്മയെന്ന് വിളിച്ചുകൂടെ ?” എന്ന്.
ഞാൻ തലപൊക്കി ചേട്ടത്തിയമ്മയെ നോക്കി ചേട്ടത്തിയമ്മയുടെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു.

ആകാംഷയോടെ ചേട്ടത്തിയമ്മ എന്നെ തന്നെ നോക്കുകയായിരുന്നു, എന്റെ മറുപടിക്കായി. ഞാൻ ഇനി അങ്ങനെ വിളിച്ചോളാമെന്നു പറഞ്ഞതും ആ കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണീർ തുള്ളികൾ എന്റെ മുഖത്തോട്ട് പെയ്തിറങ്ങി ഒരു ചെറിയ തേങ്ങലോടെ എന്റെ നെറുകയിൽ ഉമ്മ വെച്ച് ആ മാറോട് അണച്ച് പിടിച്ചു. ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ അവരുടെ മാറോടു പറ്റിച്ചേർന്നു കിടന്നു നേരം വെളുക്കുവോളം..

അന്ന് മുതൽ ചേട്ടത്തിയമ്മയെന്നു വിളിച്ച നാവുകൊണ്ട് ഞാൻ അവരെ ‘അമ്മ’ എന്ന് വിളിച്ചു ശീലിച്ചു. അമ്മയുടെ കാലം കഴിഞ്ഞാൽ ചേട്ടത്തിയമ്മക്ക് അമ്മയുടെ സ്ഥാനമാണ്. ആ സ്ഥാനം ഞാൻ അവർക്കു കൽപ്പിച്ചു നൽകുകയായിരുന്നു . അന്ന് എനിക്കു നഷ്ട്ടപ്പെട്ട ഓരോന്നും എനിക്ക് തിരിച്ചു കിട്ടുകയായിരുന്നു.

ഓരോ വട്ടം അമ്മയെന്ന് വിളിക്കുന്തോറും ആ വാക്കു എനിക്ക് എന്തും ചെയ്യാനുളള കരുത്ത് പകർന്നു തരുന്നുണ്ടായിരുന്നു. ആപത്തുഘട്ടങ്ങളിൽ ആ വിളി എനിക്ക് ഒരു രക്ഷാവലയം പകർന്നു തന്നുകൊണ്ടിരുന്നു .

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും വീണ്ടും മുന്നോട്ടു ചലിച്ചു തുടങ്ങി, ഞാൻ ബാല്യകാലത്തിൽ നിന്നും കൗമാരകാലത്തിലോട്ടു കാലെടുത്തു വെച്ചിരുന്നു.

TTC കോഴ്‌സും കഴിഞ്ഞു ഞാൻ എടുത്തുള്ള ഒരു പാരലൽ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന
കാലം..

കൂട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരവും നൽകി, അവരോടുള്ള മല്പിടുത്തവുമെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും സമയമേതാണ്ട് ആറു മണിയോടടുക്കും.വീട്ടിൽ വന്നു അമ്മയുണ്ടാക്കിത്തരുന്ന കല്ലുദോശയും കഴിച്ചു കവലയിലുള്ള ആൽത്തറയിൽ കൂട്ടുകാരുമൊത്ത് പോയിരിക്കുന്ന ശീലമുണ്ടായിരുന്നുയെനിക്ക്.

അങ്ങനെ ഒരു ദിവസം ഇരിക്കുമ്പോഴാണ് അമ്മയുടെ ഫോൺ വന്നത്.അതിലൂടെ കേട്ട വാർത്ത ഞെട്ടിക്കുന്നതായിരുന്നു, ചേട്ടന്റെ കൂട്ടുകാരനായ കുട്ടേട്ടന്റെ ഭാര്യ അറ്റാക്കുവന്നു മരിച്ചിരിക്കുന്നു.

കുട്ടേട്ടന് രണ്ടു മക്കളാ രണ്ടുപെൺകുട്ടികൾ, മൂത്തകുട്ടിക്ക് പതിനാലും, രണ്ടാത്തെ കുട്ടിക്ക് എട്ടും. മരണവീട്ടിൽ ചെന്നു കുട്ടേട്ടനെയും മക്കളെയും സാന്ത്വനവാക്കുകൾ പറഞ്ഞു സമാധാനിപ്പിച്ചു പോരാൻ നിൽക്കുമ്പോഴാണ് ദിവാകരൻ മാഷ് എന്റെ അടുത്തേക് വരുന്നത്. ദിവാകരൻ മാഷിന്റെ ബന്ധുവും കൂടിയായിരുന്നു കുട്ടേട്ടന്റെ ഭാര്യ. ദിവാകരൻ മാഷ്‌ടെ കൂടെ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. ഇവിടെ നിന്നാണ് എന്റെ ജീവിതത്തിന്റെ ടേണിങ്ങ് പോയിന്റ്.

“മോനെ രാഹുലെ, സുഖാണോനിനക്കു ?”

“സുഖാണ്‌ മാഷേ. മാഷിവിടെയുണ്ടായിരുന്നോ? ഞാൻ കണ്ടില്ല “.

“ആ.. ഞാൻ വിവരമറിഞ്ഞു നേരത്തെത്തിയിരുന്നു. നിന്ന് കാല് കഴച്ചപ്പോ ഒരു മൂലയിൽ അവിടെ ഇരിക്കുവായിരുന്നു. പാവം കുട്ടൻ ആ രണ്ടു പെൺകുട്ടികളുടെ കാര്യം ആലോചിക്കുമ്പോഴാ കഷ്ടം തോന്നുന്നെ”.

ദിവാകരന്മാഷ് ഞങ്ങളുടെ നാട്ടിലെ L P സ്‌കൂളിലെ ഹെഡ്മാഷാണ്. എന്റെ ക്ലാസ്മാഷും ആയിരുന്നു. അന്ന് മാഷെ കയ്യിൽ നിന്നും ഒരുപാട് അടിമേടിച്ചിട്ടുണ്ട് ഞാൻ.

പിന്നീട് ഞാനും അതേ തൊഴിൽ തന്നെ തിരഞ്ഞെടുത്തപ്പോൾ ഞാൻ അനുഗ്രഹംവാങ്ങാൻ മാഷിനെ കാണാൻ ചെന്നപ്പോ, മാഷ് എന്റെ നെറുകയിൽ കൈ വെച്ചുപറഞ്ഞു ; “വിദ്യ പറഞ്ഞുകൊടുക്കുന്നവനാണ് അധ്യാപകൻ. ഒരു അധ്യാപകനു വേണ്ടത് സ്നേഹം, വാൽസല്യം, ജീവിതാനുഭവം ഇതെല്ലാമാണ്. ഇതെല്ലാം നിനക്കുണ്ട്. നന്നായി വരും. എന്റെ എല്ലാ അനുഗ്രഹവുമുണ്ട് ” എന്ന് സാറ് പറഞ്ഞപ്പോൾ ഞാൻ എല്ലാ അർത്ഥത്തിലും ഒരു അദ്ധ്യാപകനെന്ന നിലയിൽ കൃതാർത്ഥനാവുകയായിരുന്നു.

” ആരാ മാഷേ ഈ കുട്ടി ? ”
ഞാൻ ആ പെൺകുട്ടിയെ നോക്കി ചോദിച്ചു. നല്ല അഴകാർന്ന മുഖം.

“എന്റെ മകളുടെ മകളാണ് നീ കണ്ടിട്ടില്ലേ ഇവളെ ഇതുവരെ ?”

“ഇല്ല ഞാൻ അദ്യമായിട്ടാ കാണുന്നത്. എന്താ പേര് ?”
ഞാൻ ആ പെൺകുട്ടിയോടു ചോദിച്ചു.

“കാർത്തിക. ചേട്ടൻ ഏതു പാരലൽ കോളേജിലാ പഠിപ്പിക്കുന്നെ ?”

ഞാൻ പഠിപ്പിക്കുന്ന കോളേജിന്റെ പേരു പറഞ്ഞു. അവളുടെ സംസാരം കേൾക്കാൻ നല്ല രസമായിരുന്നു. ഞങ്ങളുടെ സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു.

“എന്നാ ശരി ഞാൻ പോട്ടെ “.എന്ന് പറഞ്ഞപ്പോൾ അവളും ശരിയെന്നു കൈകൂപ്പി പറഞ്ഞു. അപ്പോൾ അവളോടുള്ള സൗഹൃദത്തിന്റെ പിടിവള്ളി ഒന്നുകൂടി മുറുകുകയായിരുന്നു.

പിന്നീട് പലപ്പോഴും അവളെ പലയിടത്തും വെച്ചു കാണാൻ ഇടയാവാറുണ്ട്. അപ്പോഴേക്കും ഞങ്ങളുടെ ചങ്ങാത്തം വളരെ വളരെ അടുത്തിരുന്നു. ഞാനവളെ എപ്പോ കാണുമ്പോഴും അവളുടെ നെറ്റിയിൽ ചന്ദനക്കുറി കാണുമായിരുന്നു. ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു; ‘ആരാണ് ഇഷ്ട ദൈവമെന്ന് ‘അവൾ ശിവനെന്നു പറഞ്ഞു.

അന്നു മുതൽ അമ്പലത്തിലൊന്നും അധികം പോകാതിരുന്ന ഞാൻ പിന്നീട് ശിവന്റെ അമ്പലത്തിലെ സ്ഥിരം സന്ദർശകനായി. ഇതിനിടയിൽ ഞങ്ങളുടെ സൗഹൃദം എന്ന വേലി പൊട്ടിച്ചു അതൊരു ഇഷ്ടത്തിലേക്കു വഴി മാറുകയാണെന്നു ഞങ്ങൾക്ക് മനസ്സിലായി.

ഇതിനിടയിൽ കാർത്തികാ എന്ന് നീട്ടിവിളിക്കാറുള്ള ഞാൻ ആ പേര് ചുരുക്കി കാർത്തു എന്നാക്കി. ആ വിളിയിൽ അവളോടുള്ള സ്നേഹവും വാത്സല്യവും ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ആ വിളിയിൽ അവളുടെ മുഖത്ത് ഒരു റൊമാന്റിക് മൂഡ് മിന്നിമറയുന്നത് എനിക്ക് കാണാമായിരുന്നു.

ഞങ്ങളുടെ മരംചുറ്റിപ്രേമം മാസങ്ങളും വർഷങ്ങളും കടന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഒരു ദിവസം അവളു പറഞ്ഞു അവളുടെ വീട്ടിൽ അവൾക്ക് വിവാഹാലോചനകൾ നടക്കുന്നുണ്ട് എന്ന്. അപ്പൊ എനിക്ക് മനസ്സിലായി ഇനി വൈകിക്കൂടാ എത്രയും പെട്ടന്ന് അമ്മയോട് കാര്യം ധരിപ്പിക്കണമെന്നു.

ഒരു ദിവസം അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ എനിക്ക് തോന്നി ഇതാണ് പറ്റിയ അവസരം എന്ന്. ഞാൻ പതിയെ എണീറ്റിരുന്നു, അമ്മയുടെ തലയിലെ മുടിയെല്ലാം പിടിച്ചു ഒരു ചെറുചിരിയോടെ പറഞ്ഞു ;

“അമ്മാ .,അമ്മയുടെ മുടിയെല്ലാം വെള്ളക്കാർ കയ്യടക്കി തുടങ്ങി കേട്ടോ ?”

“അമ്മക്ക് വയസ്സായിത്തുടങ്ങിയില്ലേടാ അപ്പൊ മുടിയെല്ലാം നരക്കും “.

“ആരു പറഞ്ഞു എന്റമ്മക്ക് വയസ്സായെന്ന് ?എന്റെയമ്മ ഇപ്പോഴും ചെറുപ്പമാ ഒരു പതിനാറുകാരിയുടെ മൊഞ്ചാ എന്റമ്മയുടെമുഖത്തിന്‌ “.

“ഇന്നെന്താടാ അമ്മയോട് ഒരു പതിവില്ലാത്ത സ്നേഹം.. എന്റെ മുടിനോക്കുന്നൂ, എന്റെ മുഖത്തിനെപറ്റി വർണിക്കുന്നു.. എന്തുപറ്റി എന്റെ മോന് ? എന്നെകൊണ്ട് എന്തോ കാര്യംസാധിക്കാനുള്ളപോലെ….”

“അങ്ങനെ പറയരുതെന്റമ്മ എനിക്കെന്തെങ്കിലും എന്റമ്മയോടു പറയാൻ എന്തിനാ ഒരു മുഖവുര ? എനിക്കന്റെമ്മയോടു ഒരു കാര്യം പറയാനുണ്ട് അതു സത്യാ ” അവൻ കൊഞ്ചിക്കൊണ്ട്പറഞ്ഞു.

“എന്നാ പറ. വളച്ചു കെട്ടാതെ, നിന്റെ മുഖം കണ്ടാലറിയാം സംഭവം സീരിയസ്സാണെന്നു. സംഭവം നിന്റെ അസ്ഥിക്ക് പിടിച്ച എന്തോ ഒന്നാണ് അതമ്മക്കറിയാം”. അതൊരു ചിരിയോടെയാണ്
അമ്മ പറഞ്ഞവസാനിപ്പിച്ചത്.

“ഞാൻ പറയാം അമ്മ പറ്റില്ലാന്നും സമ്മതമല്ലാന്നും പറയരുത് “.

“നീയൊന്നു പറയുന്നുണ്ടോ രാഹു.. അമ്മയെ ദേഷ്യം പിടിപ്പിക്കാണ്ട് “.

“എനിക്കൊരു…ഒരു പെൺകുട്ടിയെ ഇഷ്ടാ. അമ്മ അവളുടെ വീട്ടുകാരുമായി ആലോചിച്ചു ഞങ്ങളുടെ കല്യാണം നടത്തി തരണം “.

അതു പറഞ്ഞു തീർന്നതും ഞാൻ നെടുവീർപ്പിട്ടു. എന്നിട്ട് അമ്മയുടെ മുഖത്തേക്കു നോക്കി. അമ്മയുടെ മുഖത്ത് ദേഷ്യമാണോ, സന്തോഷമാണോ അതോ അമ്പരപ്പാണോ എന്ന് അറിയാൻ…

ആ സത്യം അമ്മയുടെ മുഖമൊന്ന് മുറുക്കിയെങ്കിലും പിന്നീടതയഞ്ഞു. ആ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു.

“ഇതു പറയാനാണല്ലേ നീ എന്നെ പുകഴ്ത്തിയത് ? അമ്മക്ക് സമ്മതക്കുറവൊന്നൂല്ല. സന്തോഷമേയുള്ളൂ. ആട്ടെ ആരാ കക്ഷി ഒപ്പം വർക്ക്ചെയ്യുന്ന ഏതെങ്കിലും ടീച്ചർമാരാണോ ?”

“അല്ല. അമ്മക്കറിയില്ലേ നമ്മുടെ ദിവാകരൻമാഷേ? എന്റെ പഴേക്ലാസ് മാഷ് അങ്ങേരുടെ മകളുടെ മകളാ “.

“ആട്ടെ ആള് സുന്ദരിയാണോ ?എന്താ അവളുടെ പേര് ?”

“സുന്ദരിയാണമ്മേ. എന്റെ അമ്മയെ പോലെ, പേര് കാർത്തിക. അമ്മ കണ്ടിട്ടുണ്ട് അവളെ, ഒരിക്കൽ ശിവന്റെ അമ്പലത്തിൽ വെച്ച് അന്നവൾ അമ്മയുടെ കാൽ തോട്ടു വന്ദിച്ചതോർക്കുന്നുവോ ?”.

“ഓ ഇപ്പൊ മനസ്സിലായി.. നീ നിന്റെ കൂട്ടുകാരന്റെ പെങ്ങളാണ് നാളെ അവളുടെ പരീക്ഷയാണ് അനുഗ്രഹിക്കണം എന്ന് പറഞ്ഞു എന്റെ കാലേ വീണ ആ പെൺകുട്ടി. എടാ കള്ളാ… അപ്പൊ ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ല അല്ലെ ? അവർ സമ്മതിക്കോടാ?”

“എന്റമ്മ ഒരാലോചനയുമായിട്ടു അങ്ങു ചെന്നാ മതി. അവർ സമ്മതിക്കും. അതെനിക്കുറപ്പാ.ബാക്കിയെല്ലാം അവള് നോക്കിക്കൊള്ളും “.

“അമ്മ നാളെ തന്നെ നമ്മുടെ ബ്രോക്കർ നാണുവേട്ടനെ ഒരു ആലോചനയുമായി അങ്ങോട്ടയക്കാം.ഇനി അവർ സമ്മതിച്ചില്ലെങ്കിൽ വിളിച്ചറക്കി കൊണ്ടുവരാനൊന്നും നിൽക്കരുത്. അങ്ങനെ ചെയ്താൽ അതാ കുട്ടിയുടെ അമ്മയെയും അച്ഛനെയും ഒരുപാട് വേദനിപ്പിക്കും. സ്വന്തം അച്ഛന്റെയും അമ്മയുടെയും ശാപം ഏറ്റുവാങ്ങിയുള്ള ജീവിതം ഒരിക്കലും സുഖകരമാകില്ല. ചേട്ടത്തിയമ്മയുടെ ജീവിതം പോലെ …”

അതു പറഞ്ഞുതീർന്നപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതു കണ്ടപ്പോൾ എനിക്കും വിഷമായി. അതെന്റെ നെഞ്ചിൽ ഒരു നീറ്റലായി നിന്നു.

“അതുകൊണ്ട് അമ്മ തന്നെ അവളെ പിടിച്ചു നിന്റെ കയ്യിൽ ഏൽപിച്ചു തരാം പോരെ ?”

“മതി അതു മതി. എന്റെ പുന്നാര അമ്മ”. എന്നും പറഞ്ഞു ആ കവിളത്തു ഒരുമ്മയും കൊടുത്തു ഒരു മൂളിപ്പാട്ടും പാടി ഞാൻ അകത്തോട്ട് പോയി.

പിന്നെയെല്ലാം പെട്ടന്നായിരുന്നു. നാണുവേട്ടൻ കാർത്തൂന്റെ വീട്ടുകാരോട് കല്യാണക്കാര്യം സംസാരിച്ചപ്പോൾ അവർക്കു പൂർണ സമ്മതമായിരുന്നു. അങ്ങനെ മഞ്ഞുപെയ്യുന്ന ഒരു ഡിസംബർ മാസത്തേക്ക് ഞങ്ങളുടെ കല്ല്യാണം നിശ്ചയിക്കപ്പെട്ടു.

ഞാൻ കല്യാണത്തിന്റെ തിരക്കുകളുമായി ഓടി നടക്കുന്ന സമയത്താണ് ഒരുദിവസം കുട്ടേട്ടൻ എന്നെകാണാൻ വരുന്നത്.

“എന്താ കുട്ടേട്ടാ കാര്യം ?”

“ഞാൻ പറയുന്ന കാര്യം നീയെങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത ഒരു തീരുമാനമാണ്, നീ ആലോചിച്ചു ഒരു തീരുമാനം പറയണം “.

“എന്തിനാ കുട്ടേട്ടാ എന്റെമുന്നിൽ ഈ മുഖവുര ? കുട്ടേട്ടന് എന്നോട് എന്തും പറയാനുള്ള അവകാശം ഞാൻ തന്നിട്ടില്ലേ ,എനിക്കും എന്റെ ചേട്ടത്തിയമ്മക്കും ദോഷം വരുന്നതൊന്നും ചേട്ടൻ പറയില്ലായെന്ന് എനിക്കറിയാം. അതുകൊണ്ടു ധൈര്യമായിട്ട് പറഞ്ഞോളൂ “.

“നിങ്ങൾക്ക് രണ്ടാൾക്കും സമ്മതമാണെങ്കിൽ നിന്റെ ചേട്ടത്തിയമ്മയെ എനിക്ക് കല്ല്യാണം കഴിച്ചാകൊള്ളാമെന്നുണ്ട്. ഇതൊരു സഹതാപത്തിന്റെ പേരിലൂടെ എടുത്ത തീരുമാനമല്ല. ശരിക്കും ഇഷ്ട്ടമായിട്ടു തന്നെയാ. അങ്ങനെയെങ്കിൽ എന്റെ രണ്ട് മക്കൾക്കും ഒരമ്മയെ കിട്ടും. ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു തുണയുമാകും. ഒരർത്ഥത്തിൽ നമ്മൾ രണ്ടു കൂട്ടരും അനുഭവിക്കുന്നത് ഒരേ വേദനയല്ലേ ? അതുകൊണ്ടാ… ഞാൻ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത് എന്താ നിന്റെ അഭിപ്രായം ?”

“എനിക്ക് സമ്മതോക്കെ തന്നെയാ. ചേട്ടത്തിയമ്മ ഇന്നും ചേട്ടന്റെ ഓർമകളുമായി കഴിയുന്ന സ്ത്രീയാണ്. ഞാൻ സംസാരിക്കാം, ചേട്ടത്തിയമ്മക്ക് ഒരു നല്ല ജീവിതം കിട്ടിയാൽ ഈ ലോകത്ത്‌ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും “.

“എനിക്കു വേണ്ടിയാ ചേട്ടത്തിയമ്മ ഇത്രയും കാലം കഴിഞ്ഞത്.
ഞാൻ ചേട്ടത്തിയമ്മയോട് സംസാരിച്ചിട്ട് കുട്ടേട്ടനെ വിവരമറിയിക്കാം. അതുവരെ കുട്ടേട്ടൻ ഇതാരോടും പറയണ്ടാ. ആട്ടെ മക്കൾക്കൊക്കെ സമ്മതമാണോ അവരോട് സംസാരിച്ചോ ?”

“അവരോടാണ് ഞാനാദ്യംസംസാരിച്ചത് അവർക്ക് നൂറുവട്ടം സമ്മതമാണ്. എന്റെ വരവും കാത്തിരിക്കാവും രണ്ടാളും വിവരമറിയാൻ “.

ഞാൻ വീട്ടിൽ വന്നു ചേട്ടത്തിയമ്മയോട് കാര്യം ധരിപ്പിച്ചപ്പോൾ ആദ്യം ദേഷ്യപ്പെടുകയും നിരസിക്കുകയും ചെയ്തു. എനിക്കു വേണ്ടിയാ ചേട്ടത്തിയമ്മ ഇത്രയും കാലം ജീവിച്ചത്. ഇനിയും ഈ വീട്ടിലെ അടുക്കളയിലും അകത്തളങ്ങളിലും ഒതുങ്ങിക്കൂടാൻ ഞാൻ സമ്മതിക്കില്ല.

വിധിയുടെ വിളയാട്ടംപോലെ കാലം മായിച്ച ചേട്ടത്തിയമ്മയുടെ ഈ നെറ്റിയിലെ സിന്ദൂരവും, ഈ വെള്ളസാരിയിൽനിന്നൊരു മോചനവും, അതെനിക്ക് കാണണം.എനിക്കും വേണ്ടി ചേട്ടത്തിയമ്മ ഈ വിവാഹത്തിന് സമ്മതിക്കണം.

ചേട്ടത്തിയമ്മയെന്നുവിളിച്ചിരുന്ന എന്നെകൊണ്ട് ‘അമ്മ ‘എന്ന് വിളിപ്പിച്ച എന്റെ അമ്മയാണെങ്കിൽ ഇതിനു സമ്മതിക്കണം. ‘അമ്മ ‘ ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ എനിക്കും വേണ്ട ഒരു ജീവിതം. ഈ വിവാഹത്തിന് അമ്മ സമ്മതിക്കുന്നതു വരെ ജലപാനം കഴിക്കില്ലാ എന്നും പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് നടന്നു.

എന്റെ പിന്നിൽ നിന്നും അപ്പോഴും ഒരു അടക്കിപ്പിടിച്ച തേങ്ങൽ എന്റെ കാതിൽ കേൾക്കാമായിരുന്നു.

രാത്രി എന്റെ കട്ടിലിൽ വന്നിരുന്ന് എന്റെ തലയിൽ തലോടികൊണ്ട്, എനിക്കു വേണ്ടി സമ്മതിക്കാമെന്ന് അമ്മ പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷംതോന്നി.

കണിയാരുവന്നു മുഹൂർത്തം കുറിച്ചപ്പോൾ എനിക്കൊരൊറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ, എന്റെ താലികെട്ടിന്റെ ഒരു മണിക്കൂർ മുന്നേയെങ്കിലും ചേട്ടത്തിയമ്മയുടെയും കുട്ടേട്ടന്റെയും താലികെട്ട് നടക്കണം…
#തുടരും..

#രചന…

#ഫൈസൽ_കണിയാരി

#കുറ്റിപ്പുറം

[ ഈ കഥ മുഴുവൻ പാർട്ടും തീർച്ചയായിട്ടും നിങ്ങൾ എല്ലാവരും വായിക്കണം… കാരണം ഇതൊരു ഹൃദയസ്പർഷിയായ ഒരു കുടുംബ കഥയാണ്….. ഇതിൽ ഒരു സ്നേഹ സമ്പന്നമായ ഒരു അമ്മയും മകനും ആണ് കഥാപാത്രങ്ങൾ… അവർ നിങ്ങളുടെ കണ്ണും മനസ്സും നിറക്കും. ഇതിന്റെ ഓരോ പാർട്ടും ഓരോ ദിവസം ഇടവിട്ട് ഞാൻ പോസ്റ്റുന്നതാണ്…… ഇതു വായിച്ചു നിങ്ങൾക്ക് ഇഷ്ട്ട പെട്ടാൽ നിങ്ങൾ കമന്റ് ബോക്സിലൂടെ നിങ്ങളുടെ പ്രതികരണം അറിയിക്കുക… അത് നെഗറ്റിവ്. ആണെങ്കിലും പോസ്റ്റിവ് ആണെങ്കിലും …..]

【 ഈ കഥ ഞാൻ മക്കളെ സ്നേഹിക്കുന്ന നമ്മുടെ എല്ലാ അമ്മമാർക്കും… അമ്മയെ ഈശ്വരന് തുല്യം സ്നേഹിക്കുന്ന എല്ലാ മക്കൾക്കും സമർപ്പിക്കുന്നു 】

രചന ; Faisal Babu Nashva

LEAVE A REPLY

Please enter your comment!
Please enter your name here