Home Latest ഉമ്മയും ഉപ്പയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്….

ഉമ്മയും ഉപ്പയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്….

0

ഉമ്മയും ഉപ്പയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്….

ഒരു കിലോമീറ്റർ തികച്ചില്ലായിരുന്നു അവരുടെ വീടുകൾ തമ്മിൽ ദൂരം

അതിനാൽ ഉമ്മയെ വിവാഹം ചെയ്യാൻ ഉപ്പാടെ വീട്ടുകാർക്ക് ഒട്ടും താൽപര്യം ഇല്ലായിരുന്നു

ഉമ്മാനയല്ലാതെ വിവാഹം കഴിക്കില്ലെന്ന് ഉപ്പ അവരോട് തീർത്ത് പറഞ്ഞ്…….

ഉപ്പയുടെ വീട്ടുകാരുടെ എതിർപ്പിനെ പിടിവാശിയാൽ മറികടന്ന്
ഉപ്പയുടെ നിർബന്ധത്തിനവർക്ക് വഴങ്ങേണ്ടി വന്നു….

അങ്ങനെ ആ വിവാഹം നടന്നു…….

അന്ന് മുതൽ ഉമ്മ ഒരു രാത്രി പോലും കണ്ണീരൊഴുക്കാതെ ഉറങ്ങിയിട്ടില്ല

കുത്തുവാക്കും ആട്ടലും ദിനവും കൂടി നിവർത്തിയില്ലാതെ അന്ന് വീട്ടിൽ നിന്നിറങ്ങൽ നിർബന്ധമായി

പഴയൊരു വാടക വീട്ടിലേക്കന്ന് പടിയിറങ്ങുമ്പോൾ പെങ്ങൾക്ക് 5 വയസ്സും എനിക്ക് 1 വയസ്സും …

അവാർഡ് സിനിമയെ വെല്ലുന്ന ജീവിതം മഴ പെയ്താൽ ചോർന്നൊലിച്ച് ഉറങ്ങാതെ നേരം വെളുപ്പിച്ചിരുന്നു അന്ന്

ഏറെ കഷ്ടപ്പെട്ടും കടം വാങ്ങിയും 5 സെന്റ് ഭൂമി വാങ്ങി ഉപ്പ അവർ തന്നെ മണ്ണാൽ കട്ടയുണ്ടാക്കി വീട് പണിതു

ഒരു കുഞ്ഞ് മൺ വീട് ഞങ്ങൾക്കത് കൊട്ടാരത്തേക്കാൾ വലുത്

വർഷങ്ങൾ കഴിഞ്ഞതോടെ അതും ഇടിഞ്ഞ് വീഴാറായി കുടുംബത്തിന് അലിവ് തോന്നിയില്ലേലും ഉപ്പയുടെ കൂട്ടുകാരനായ വാർഡ് മെമ്പറുടെ കരുണയാവണം പുതിയ വീടിനായായ് പഞ്ചായത്തിൽ നിന്നും 30000 രൂപ പാസായി…

വീട് പണി തുടങ്ങിയപ്പോഴേക്കും പെങ്ങൾക്ക് കെട്ടുപ്രായം ആയി ഒരു കല്യാണാലോചന വന്നു
വീട് പണി കഴിഞ്ഞിട്ട് പതിയെ മതി കല്യാണമെന്ന് ഉമ്മ

ഉപ്പയുടെ തീരുമാനത്തിൽ കല്യാണം ഉറപ്പിച്ചു കുടുംബം ഉപ്പയുടെ അഹങ്കാരം എന്ന് ചൊല്ലി പതിയെ ഉൾവലിഞ്ഞു..

വീട് പണിയും കല്യാണവും നടത്തിയപ്പോഴേക്കും കടത്തിൻമേൽ കടം കയറി ഉപ്പ പുറത്തിറങ്ങാൻ കഴിയാത്തവണ്ണം ശരിക്കും തകർന്ന് പോയി

ഞാൻ 10 കഴിഞ്ഞ് തുടർ പഠനം വളരെ ആഗ്രഹിച്ചിരുന്നു എന്നാലും സാമ്പത്തികം അനുവതിച്ചില്ല 15 വയസിൽ തൊഴിൽ തേടിയിറങ്ങി…..

കൂട്ടുകാരനൊത്ത് ആദ്യത്തെ ജോലി പ്രവേശനം നിലമ്പൂരിൽ ഒരു ഹോട്ടലിൽ ക്ലീനിങ്ങിന്
ഉമ്മയും ഉപ്പയും പലവട്ടം വേണ്ടെന്ന് പറഞ്ഞിട്ടും ഞാൻ സമ്മതിച്ചില്ല …..

മാസം 1500 രാവിലെ 6 മണിക്ക് തുടങ്ങും രാത്രി 11 മണി വരെ ചെയ്യുന്ന ജോലിക്ക് 50 രൂപ കൂലി

മാസത്തിൽ ഒരു ദിവസം മാത്രം വീട്ടിലേക്ക് മടങ്ങും പണം ഉമ്മയെ ഏൽപ്പിക്കും അത് തുടർന്നു..

ഒരു തവണ വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുന്നു അയലത്തെ ചേച്ചിയോട് ചോതിച്ചപ്പോ ഒരു പരുങ്ങൽ മോൻ ഉപ്പാടെ വീട്ടിലേക്ക് ചെല്ല് അവരൊക്കെ അവിടെയുണ്ടാവും

എനിക്ക് ഒന്നും മനസിലായില്ല

തറവാട്ടിലേക്കെത്തുംബോൾ വീട്ടിലെ പഴയ കട്ടിലും പാത്രങ്ങളും മുറ്റത്ത് കണ്ട് അമ്പരന്നു

ഉമ്മയോട് എന്താ ഉമ്മാ…..

എന്നെയും കൊണ്ട് ഇത്തിരി മാറി നിന്ന് ഡാ നമ്മുടെ വീട് വിറ്റു എന്ന് പറഞ്ഞത് കേട്ട് ഞാൻ തകർന്നു..

ഉമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്
ഉപ്പ ഒന്നും പറയാതെ തറവാടിന്റെ മൂലയിൽ തല താഴ്ത്തി നിൽക്കുന്നു

20 ദിവസം മുത്തുപ്പയുടെ വീട്ടിൽ താമസം ( ഉപ്പയുടെ മൂത്തത്)
ചെറിയ വീടായതിനാൽ അവിടെയും ബുദ്ധിമുട്ടായി …….

പെങ്ങളുടെ നിർബന്ധത്തിൽ അളിയന്റെ സമ്മതത്താൽ അവളുടെ സ്വർണം പണയപ്പെടുത്തി
തറവാട്ടിൽ നിന്നും ഭൂമി വിലക്കുവാങ്ങി

ഉപ്പയുടെ കൂട്ടുകാരും ഞങ്ങളും ഒരുമിച്ച് ചെറിയൊരു മറപ്പുര പണിതു പ്ലാസ്റ്റിക്കാൽ മറച്ച് കവുങ്ങാൻ പട്ടിക കെട്ടി ഓടുമേഞ്ഞ കുഞ്ഞു വീട്

3 വർഷം അവിടെയുള്ള ഉറക്കം ഇന്നും ഓർത്താൽ ഉറക്കം വരാറില്ല..
ഒരിക്കൽ കൂട്ടുകാരിയുടെ കല്യാണം വിളിക്കാൻ അവൾ കൂട്ടുകാരുമൊത്ത് വരുന്നത് കണ്ട് നാണം കാരണം അടുക്കള വഴി ഇറങ്ങിയോടി ഞാൻ.

ഹോട്ടൽ ജോലി നിർത്തി ഞാൻ ചാലിയാറിൽ മണൽ വാരാനിറങ്ങി ഇത്തിരി കൂടുതൽ പണം കിട്ടിത്തുടങ്ങി വീട്ടുകാരറിയാതെ അന്ന് ഒരു കുറിയിൽ കൂടി 60000 രൂപയുടെ മാസം 1000 രൂപ

നാലാമത്തെ മാസം നറുക്ക് എനിക്ക് വീണു അന്ന് രാത്രി ഭക്ഷണം കഴിക്കുന്ന നേരം വീട്ടിൽ ആ കാര്യം അറിയിച്ചു…

ഞാൻ വീടുപണി തുടങ്ങുന്നു എന്ന് പറഞ്ഞപ്പോൾ ഉമ്മയുടെയും ഉപ്പയുടെയും മുഖത്ത് കണ്ട സന്തോഷം എനിക്ക് എഴുതിയറിയിക്കാൻ കഴിയില്ല

ഉപ്പയും ഞാനും ഒരുമിച്ച് കച്ചകെട്ടിയിറങ്ങി എന്റെ കൂട്ടുകാരുടെ വക വീടിന് ഫൗണ്ടേഷൻ കീറി തന്നു

കൽപടവിന് ഒരു പണിക്കാരനെ മാത്രം വിളിച്ച് കയ്യാളായി ഞാനും ഉപ്പയും 2 വർഷത്തെ കഠിനമായ പരിശ്രമത്തിൽ ഇന്ന് ഞാനുറങ്ങുന്ന വീടിന്റെ വാർക്കപ്പണി തീർന്നു..

കുട്ടിക്കാലവും ബാല്യവും കൗമാരവും കഷ്ടപ്പാടുകളാൽ കറുത്തൊരു പുകയാണെനിക്ക്..

കടം തീർക്കാൻ ഞാൻ എന്നെ വിലക്ക് വിറ്റു അന്ന് ഗൾഫിലേക്ക് യാത്ര തിരിക്കുംബോഴും

നാടും വീടും കൂട്ടുകാരെയും പിരിയുന്നതിൽ
തെല്ലും സങ്കടം മനസിലില്ലായിരുന്നു…..

വീട് പണി തീർക്കുക എന്നും കടം വീട്ടുക എന്നുമുള്ള ചിന്ത മാത്രം

നാല് വർഷത്തെ പ്രവാസ ജീവിതത്തിൽ നേട്ടങ്ങൾ കുന്നോളമൊന്നും ഇല്ല എങ്കിലും ഞാൻ കുഞ്ഞുന്നാൾ മുതൽ കണ്ടുതുടങ്ങിയ വീട് എന്ന സ്വപ്നം ഉടയോന്റെ അനുഗ്രഹത്താൽ പൂർത്തിയാക്കി

ഭാര്യയോടും വീട്ടുകാരോടും ഞാൻ പറഞ്ഞു ഒരിക്കലും എന്റെ മോനെ ഇതൊന്നും അറിയിക്കരുത് എന്നും
അവന്റെ കുട്ടിക്കാലവും വരാനുള്ള ബാല്യവും അവനെയെനിക്ക് രാജകുമാരനായ് വളർത്തണം എന്നും

അന്ന് ഞങ്ങളെ

ആട്ടിയിറക്കിയവർ ഇന്ന് വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞിരിക്കുന്നത്

എന്റെ കഷ്ടപ്പാടിന്റെ കോലായിലിരുന്നെന്ന് ഓർക്കുംബോൾ ഞാൻ

രാജ്യങ്ങൾ കീഴടക്കിയ മുസോളിനിയെക്കാൾ ഞാൻ
സന്തോഷിക്കുന്നു……

എന്ന് കരുതി അയ്യൊ.. പാവം എന്ന് ആരും Cmnt ചെയ്യണ്ട കോടീശ്വരൻ ഒന്നുമല്ലേലും
അത്ര പാവമൊന്നുമല്ല ഇന്ന്
ഫസൽ…

രചന ; Fazal richu

LEAVE A REPLY

Please enter your comment!
Please enter your name here