Home Latest ഗവണ്മെന്റ് മിക്സഡ് കോളേജ് പണ്ടേ എന്റെ പേടി സ്വപ്നം ആയിരുന്നു…

ഗവണ്മെന്റ് മിക്സഡ് കോളേജ് പണ്ടേ എന്റെ പേടി സ്വപ്നം ആയിരുന്നു…

0

“ഈ നേദ്യച്ചോറ് അകത്തോട്ടു വക്കു മോളെ… ”

“ഇന്നെന്താ നേദ്യം കുറെ ഉണ്ടല്ലോ… ”

“ആളുകൾ കുറവായിരുന്നു… നല്ല മഴ അല്ലെ… ”

“ഞാനിത് മുത്തശ്ശിക്ക് കൊടുത്തിട്ടു വരാം… ”

“മോൾ ഇന്ന് ക്ലാസ്സിൽ പോണില്ലേ.. ”

“പോണം…. ഫസ്റ്റ് ഡേ അല്ലെ . എന്തോ വല്ലാത്ത പേടി പോലെ അച്ഛാ… ”

“അമ്പലത്തിൽ കേറി കണ്ണനെ നല്ലോണം അങ്ങ് പ്രാർത്ഥിച്ചു പൊക്കോളു കുട്ടി… ഒന്നും പേടിക്കാൻ ഇല്ല … ”

“ഉം… ”

“നല്ലോണം പഠിക്കണം ന്റെ കുട്ടി… ”

“ഉം… ഉണ്ണിക്കുട്ടൻ അമ്മേടെ കൂടെ തൊടിയിലേക്കു പോയേക്ക… അമ്മ വരുമ്പോൾ ഞാൻ പോയെന്നു പറഞ്ഞേക്ക് അച്ഛാ… ”

പടച്ചോറു കുറച്ചു എടുത്തു എന്റെ ചോറ്റുപാത്രത്തിൽ ആക്കി കുറച്ചു തൈരും രണ്ടു കൊണ്ടാട്ടൻ വറുത്തതും ഇച്ചിരി കടുംമാങ്ങാ അച്ചാറും എടുത്തു…

ബാക്കി വന്ന പടച്ചോറു മുത്തശ്ശിക്കും കൊടുത്തു…

കണ്ണന്റെ നേദ്യച്ചോറ് എനിക്കും മുത്തശ്ശിക്കും ഭയങ്കര ഇഷ്ടം ആണ്….. അതുകൊണ്ട് എന്നും അച്ഛൻ അമ്പലത്തിൽ നിന്നു വരുമ്പോൾ കയ്യിൽ ഒരു വാഴയിലയിൽ പൊതിഞ്ഞ നേദ്യം കാണും…

“പോയി വരട്ടെ അച്ഛാ… ”

പോകും വഴി ഇല്ലത്തെ അമ്പലത്തിൽ തൊഴുതു…

“ന്റെ കള്ള കൃഷ്ണ നിയെ തുണ…. ആദ്യായിട്ട് കോളേജിൽ പോകുവാ… കാത്തോണേ … വരുമ്പോൾ നല്ല മുല്ലമാല കെട്ടി തരാംട്ടോ… ”

തൊഴുതു ഇറങ്ങി വയൽ വരമ്പത്തൂടെ നേരെ റോഡിലേക്ക് കേറി…

“ലച്ചൂട്ടി കോളേജിൽ പോവാ… ”

“അതെ കുമാരേട്ടാ… ”

“ഇത്തവണേം നല്ല മാർക്ക്‌ ഒക്കെ വാങ്ങണം ട്ടോ… ”

“ഉം… ”

“നല്ല മഴ വരനുണ്ട്‌.. മോളു വേഗം നടന്നോളു”

ബസ് സ്റ്റോപ്പിൽ എത്തിയതും മഴ തല്ലിതൊഴിച്ചു പെയ്തു…

ദാവണി തലപ്പു കൊണ്ടു മുഖം തുടച്ചു കുറച്ചു നേരം അവിടെ നിന്നു… അപ്പോളേക്കും ബസ് വന്നു…

****

നഗരത്തിലെ ആ വലിയ കോളേജ് കാണുമ്പോൾ തന്നെ എനിക്ക് പേടി ആണ്…

അന്ന് അപേക്ഷ കൊടുക്കാൻ പോയ ദിവസം ഇന്നും ഓർമയിൽ ഉണ്ട്…

ക്ലാസ്സ്‌ കട്ട്‌ ചെയ്തു ചുറ്റി തിരിയുന്ന കുറെ ആൺകുട്ടികളും പെൺകുട്ടികളും…

ഓരോ മരത്തിനു ചുവട്ടിലും ആരെയും കൂസാതെ പ്രണയിച്ചു നടക്കുന്നവർ വേറെ…

സത്യത്തിൽ വല്ലാത്തൊരു ഭയം ആയിരുന്നു മനസ്സിൽ…

ഇതുവരെ പഠിച്ച ലേഡീസ് ഓൺലി പോലെ അല്ല… ഗവണ്മെന്റ് മിക്സഡ് കോളേജ് പണ്ടേ എന്റെ പേടി സ്വപ്നം ആയിരുന്നു…

റാഗിംഗ് വല്ലതും കാണുമോ എന്നോർത്ത് മനസ്സിൽ വല്ലാത്ത ഒരു പേടി…

എന്റെ മോതിരവിരലിൽ ഗുരുവായൂരുന്നു വാങ്ങിയ കള്ളക്കണ്ണന്റെ രൂപം പതിച്ച ഒരു മോതിരം ഉണ്ട്
..ഞാൻ ആ മോതിരം തൊട്ടു നിറയിൽ വച്ചു…

ബസ് ഇറങ്ങി കുറച്ചു നടക്കണം കോളേജിലേക്ക്…

ചുറ്റും തുറിച്ചു നോട്ടങ്ങൾ.

സത്യത്തിൽ എന്റെ കാലുകളുടെ വേഗത കുറഞ്ഞു വരുന്നുണ്ടായിരുന്നു….

കോളേജിന്റെ പടി കടന്നതും കുറച്ചു ആൺകുട്ടികൾ എന്റെ അടുത്തേക്ക് വന്നു…

“ന്യൂ അഡ്മിഷൻ ആണോ… ”

“അതെ… ”

“എന്താ തന്റെ പേര്…? ”

കൂട്ടത്തിൽ മെലിഞ്ഞൊരു പയ്യൻ എന്റെ മുന്നിലേക്ക് കയറി നിന്നു ചോദിച്ചു…
“ദുർഗ്ഗ… ദുർഗ്ഗ ലക്ഷ്മി….. ”

“ഹോ എന്തു പേരാടി കൊച്ചേ… ആട്ടെ… നീ ഏതാ ഗ്രൂപ്പ്‌.. ”

“കോമേഴ്‌സ്… ”

“ഓഹ് b.Com ആണോ.. അപ്പൊ നമ്മുടെ ശത്രു ആണല്ലോടാ സേതു… ”

“വിട്ടേക്കെടാ… കുറച്ചു കഴിഞ്ഞു കുടയാം.. ഇപ്പൊ നമ്മുക്ക് ഒരു ചായ കുടിച്ചിട്ട് വരാം… ”

“എങ്കിൽ പൊക്കോ .. ഇനിയും കാണാം കേട്ടോ… ”

ക്ലാസ്സ്‌ തപ്പി പിടിച്ചു എത്തുമ്പോൾ എന്റെ നെഞ്ചിന്റെ മിടിപ്പ് പുറത്തേക്കു കേൾക്കാതിരിക്കാൻ ഞാൻ കൈകൾ മാറോടു അടുക്കി പിടിച്ചു…

അകത്തോട്ടു കയറി വലതു വശത്തു മൂന്നാമതായി ഒഴിഞ്ഞു കിടന്ന സീറ്റിൽ പോയി ഇരുന്നു ഞാൻ…

കുറച്ചു കഴിഞ്ഞപ്പോൾ ഒന്നെനിക്ക് മനസിലായി… ഈ ഇരിക്കുന്നവർ എല്ലാം എന്നെപോലെ പേടിച്ചു വിറച്ചു തന്നെ ആണ് ഇരിക്കുന്നത് എന്ന്…

“എന്താ പേര്… ”

ഞാൻ അടുത്തിരുന്ന കുട്ടിയെ പരിചയപ്പെട്ടു…

“അളക മുരളി… തന്റെയോ… ”

“ദുർഗ്ഗ ലക്ഷ്മി.. ”

“എവിടാ വീട്… ”

“കല്ലൂർകുന്ന്… ”

അങ്ങനെ അവിടെ ഒരു നല്ല കൂട്ടുകാരിയെ എനിക്ക് കിട്ടി…

കുറച്ചു കഴിഞ്ഞതും സർ ക്ലാസിലേക്ക് വന്നു…

ഒരു പ്രായം ചെന്ന സർ ആണ്..

“അയ്യേ ഇത് കിളവൻ ആണല്ലോ ദുർഗ്ഗ… ”

“യ്യോ.. പതുക്കെ പറ… ”

അവളുടെ പറച്ചിൽ കേട്ടു എനിക്ക് ചിരി വന്നു..

സർ എന്തൊക്കെയോ കുറേ പറഞ്ഞു പുറത്തേക്കു പോയതും ഒരു പറ്റം ആൺകുട്ടികൾ അകത്തേക്ക് വന്നു…

“സീനിയർസ് ആടോ.. ”

“ഉം… ”

അവർ ഓരോരുത്തരെ ആയി അടുത്തേക്ക് വിളിച്ചു..

കൂട്ടത്തിൽ ഒരുത്തൻ കുറച്ചു പുളിയില കൊണ്ടു വന്നു ഞങ്ങളുടെ ഇടയിൽ ഇട്ടു…

“വേഗം ഇത് ഓരോന്നായി പെറുക്കി എടുക്കണം എന്നിട്ട് .. ഏറ്റവും കൂടുതൽ പെറുക്കുന്ന ആൾടെ വക ചേട്ടന്മാർക്ക് ഒരു ട്രീറ്റ്‌ ഉണ്ട്… ”

ഞാൻ പയ്യെ പിറകിൽ ഒളിച്ചു..

അടുത്തത് ഒരുത്തൻ ഒരു പൂ പറിച്ചു കൊണ്ടു വന്നു… ജയൻ സീമയെ പ്രൊപ്പോസ് ചെയ്യുന്ന പോലെ ആക്ട് ചെയ്യാൻ പറഞ്ഞു….

എങ്ങനെയോ ഇതിലൊന്നും പെടാതെ ഒതുങ്ങി നിന്ന എന്നെ പൊക്കി…

കയ്യിൽ ഒരു പേന തന്നിട്ട്… അതു ചൂടുള്ള ചായ ആണ് ഊതി കുടിക്കാൻ പറഞ്ഞു…

എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു.. കണ്മഷി ഒക്കെ മുഖത്തു പടർന്നു…

“തന്നെ ഞങ്ങൾ വല്ലതും ചെയ്‌തോ…? ”

“ഇല്ല… ”

“പിന്നെ എന്തിനാ കരായണേ… ”

ഞാൻ കണ്ണൊക്കെ തുടച്ചു ചായ കുടിക്കുന്ന പോലെ അഭിനയിച്ചു…

പക്ഷെ എന്നിട്ടും അവർ എന്നെ വിട്ടില്ല…

“ദുർഗ്ഗമോൾ ചേട്ടന്റെ ഷർട്ട്‌ ഒന്ന് അയേൺ ചെയ്യൂ… ”

അതുപോലെ കാട്ടി… പെട്ടന്ന് തിരിഞ്ഞു പോകാൻ നോക്കിയതും…വെള്ളാരംകണ്ണുള്ള ഒരു സീനിയർ വന്നു എന്റെ കയ്യിൽ പിടിച്ചു…

“ഇന്നത്തെ ചിലവ് മോൾടെ വക… വാ ചേട്ടന് ഒരു ചായ വാങ്ങി താ… ”

ഈശ്വര ആകെ കയ്യിൽ ഉള്ളത് അമ്പതു രൂപ ആണ്…

എന്തു ചെയ്യും ഭഗവാനെ… എന്നോർത്ത് വിഷമിച്ചിരിക്കുമ്പോൾ ആണ് ആ താടിക്കാരന്റെ വരവ്…

“മതിയെടാ… എല്ലാരും ക്ലാസ്സിൽ പോകാൻ നോക്ക്… ”

അവൻ വന്നതും എല്ലാവരും അവരവരുടെ വഴിക്ക് പോയി…

അന്നത്തെ ഒരു ദിവസം എങ്ങനെയോ കഴിച്ചു കൂട്ടി..

“എങ്ങനെ ഉണ്ടായിരുന്നു മോളെ ക്ലാസ്സൊക്കെ..? ”

“ഹോ.. സീനിയേർസ് നല്ല റാഗിംഗ് ആണ്.. ഈ വീക്ക്‌ മൊത്തം കാണും… ”

“മോൾ ഒന്നിലും നിൽക്കണ്ട ട്ടോ… ”

“ഉം… ”

“പോയി കുളിക്കു… ”

നേരെ കുളത്തിൽ പോയി നല്ലൊരു കുളി പാസാക്കി…

വിശന്നു ഓടി വന്നു അകത്തേക്ക് ചെന്നപ്പോൾ അമ്മ നല്ല ചക്ക ഉപ്പേരിയും കട്ടൻചായയും എടുത്തു വച്ചിരുന്നു…

അതൊക്കെ കഴിച്ചു…

കുറച്ചു നേരം മുത്തശ്ശിടെ കൂടെ നാമം ചൊല്ലി…

“ഇനി പോയി പഠിക്കൂ… മോളെ…”

“ക്ലാസ്സ്‌ ഒന്നും എടുത്തു തുടങ്ങിയിട്ടില്ല അമ്മേ.. ബുക്സ് പോലും കിട്ടിയിട്ടില്ല… ”

“ഉം… ”

മുറ്റത്തു പടർന്നു നിൽക്കുന്ന മുല്ല വിരിഞ്ഞു മണം ഉമ്മറത്തേക്ക് വരുന്നു…

പടിപ്പുര കടന്നു വരുന്ന അച്ഛനെ കണ്ടതും ഉണ്ണിക്കുട്ടൻ ഓടി ചെന്നു…

ഇന്ന് അമ്പലത്തിൽ ഗണപതിഹോമം ഉണ്ടായിരുന്നു… അതിന്റെ ഒരു പൊതി പ്രസാദം അച്ഛൻ ഞങ്ങൾക്ക് കൊണ്ടു വരും…

“അച്ഛന്റെ കുട്ടി വന്നോ…? ”

“ഉം… ”

“എങ്ങനെ ഉണ്ടായിരുന്നു ന്റെ മോൾടെ കോളേജ് ഒക്കെ… ”

“കുഴപ്പം ഇല്ല അച്ഛാ… ”

അച്ഛൻ നേരെ കുളത്തിലേക്കു പോയി… വീണ്ടും കുളിച്ചു… ഒരു തോർത്തുടുത്തു ഉമ്മറത്തുകൂടെ അകത്തേക്ക് കയറി പോയി…

“നാരായണ നാരായണ… ”

മുത്തശ്ശി പിന്നേം നാമജപം തുടങ്ങി….

ഞാൻ എന്റെ മുറിയിലേക്കു പോന്നു…

നാളെ ഇനി ഏത് രീതിയിൽ ആണാവോ റാഗിംഗ് എന്നോർത്ത് എനിക്ക് ഉറക്കം വന്നില്ല…

തുടരും……

(ഉണ്ണിമായ, വേദ, അഗ്നി, സാരംഗി, താത്രിക്കുട്ടി, വൃന്ദ… ഇനി നിങ്ങൾക്കായി ദുർഗ്ഗയും കൂടെ…. നിങ്ങളുടെ എല്ലാം സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ..

എന്ന്

നിങ്ങളുടെ സ്വന്തം…

ജ്വാലാമുഖി )

LEAVE A REPLY

Please enter your comment!
Please enter your name here