Home Latest “മോനെ… അന്നു നമ്മൾ സ്റ്റാൻഡിൽ വച്ചു പരിചയപ്പെട്ട കുട്ടി വന്നിരിക്കുന്നു…”

“മോനെ… അന്നു നമ്മൾ സ്റ്റാൻഡിൽ വച്ചു പരിചയപ്പെട്ട കുട്ടി വന്നിരിക്കുന്നു…”

0

ട്രാൻസ്‌പോർട്ട് ബസ്സ്റ്റാൻഡിലെ തിക്കിലും തിരക്കിലും പ്രാന്തു പിടിച്ചു നിൽക്കുമ്പോൾ ആണ് അയാളുടെ കൈമുട്ട് എന്റെ മാറിൽ തട്ടിയത്…

രണ്ടാമതൊന്നു ആലോചിക്കാതെ മുഖമടച്ചു ഒന്ന് പൊട്ടിച്ചപ്പോൾ ചുറ്റുമുള്ളവർ എല്ലാം ഞെട്ടി….

” തന്നെ പോലെ ഉള്ള ഞെരമ്പുകളെ ഒക്കെ തല്ലുകയല്ല വേണ്ടത്….”

എന്റെ കലി അടങ്ങുന്നില്ലായിരുന്നു…

അപ്പോളേക്കും വക്കാലത്തുമായി ഒരുപാട് പേർ വന്നു…

അവിടെ നിൽക്കുന്ന യാത്രക്കാർ എല്ലാവരും അവനെ കൈ വക്കും എന്നായതും…

“അയ്യോ… ന്റെ കുട്ടിനെ ഒന്നും ചെയ്യല്ലേ.. കാഴ്ച ഇല്ലാത്ത മോനാ… ”

എന്നും പറഞ്ഞു പ്രായമായൊരു സ്ത്രീ ഓടി വന്നു…

“യ്യോ.. മോളെ ഒന്നും ചെയ്യല്ലേ.. പാലക്കാട്ടേക്കു എപ്പോളാ ബസ് എന്നൊന്ന് അന്നെഷിക്കാൻ പോയതാ… ഇവിടെ ഇരിക്കാൻ പറഞ്ഞു പോയതാ പക്ഷെ… മോള് ക്ഷമിക്കണം.. വേണേൽ അമ്മ മോൾടെ കാല് പിടിക്കാം… ”

ഈശ്വര…. കണ്ണിൽ ഇരുട്ടു കേറുന്ന പോലെ തോന്നി എനിക്ക്….

അപ്പോളാണ് കാഴ്ചയില്ലാത്ത അവന്റെ കരിനീല കണ്ണുകൾ ഞാൻ ശ്രദ്ധിച്ചത്…

ആ തിളങ്ങുന്ന കണ്ണുകൾ കണ്ടാൽ ആരും പറയില്ല അവനു കാഴ്ച ഇല്ലായെന്ന്…

നല്ല സുന്ദരൻ ആയൊരു പയ്യൻ… പാവം… തല്ലേണ്ടിയിരുന്നില്ല….

എന്നെ അനുകൂലിക്കാൻ വന്നവർ എല്ലാം വാലും കുത്തി ഓടി…

“സോറി അമ്മേ.. എനിക്ക് അറിയില്ലായിരുന്നു അമ്മേടെ മോന്…. …. …. ക്ഷമിക്കണം…. ”

“സാരല്ല്യ മോളെ… ”

“വിരോധം ഇല്ലെങ്കിൽ അമ്മേടെ നമ്പർ എനിക്കൊന്നു തരുമോ… ”

“യ്യോ… എനിക്ക് ഫോൺ ഒന്നും ഇല്ല മോളെ.. ”

“എങ്കിൽ അഡ്രസ്സ് പറയു… ”

“ഇവിടെ അടുത്ത് തന്നാ മോളെ… അമ്പലക്കടവ് ശിവന്റെ അമ്പലത്തിന്റെ അടുത്ത് തന്നാ…അംഗനവാടി ടീച്ചർ ആയിരുന്ന ഊർമ്മിളടെ വീട് പറഞ്ഞാൽ ആരും കാട്ടി തരും… ”

“ഇപ്പൊ എവിടെ പോകുന്നു.. ”

“പാലക്കാട്‌ ഒരു ഡോക്ടർ നെ കാണാൻ പോവാ… ”

കുറച്ചു നേരം ഞാൻ അവരോടു സംസാരിച്ചു നിന്നു…

അപ്പോളേക്കും എന്റെ ബസ് വന്നു…

ഞാൻ അവരോടു യാത്ര പറഞ്ഞു വണ്ടിയിൽ കയറി..

എന്തോ വല്ലാത്ത സങ്കടം മനസിനെ അലട്ടി…

വീട്ടിൽ എത്തിയതും അച്ഛൻ ഉമ്മറത്തു ചെടി നനക്കുന്നുണ്ടായിരുന്നു…

“ഇന്നെന്താ അച്ഛന്റെ കോത നേരത്തെ ആണല്ലോ.. ”

എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അച്ഛൻ…
ബാഗ് സിറ്റ്ഔട്ടിൽ വച്ചു ഞാൻ അച്ഛനോട് കുറെ നേരം സംസാരിച്ചു ഇരുന്നു….

“അച്ഛാ.. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കണ്ണുകൾ ആർകെങ്കിലും കൊടുക്കണം കേട്ടോ… ”

“ഇപ്പൊ കൊടുക്കുന്നുണ്ടോ… ”

“തമാശ അല്ലച്ഛാ… ”

“ആദ്യം അച്ഛൻ അല്ലെ പോക… അപ്പൊ അച്ഛൻ എങ്ങനെ മോൾടെ ….. ”

ഞാൻ അച്ഛന്റെ വാ പൊത്തി…

“മതി.. ഇനി പറയണ്ട… ”

അങ്ങനെ ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു…

******

“ഈ ഊർമിള ടീച്ചർ ടെ വീടു? ”

“ആ കാണുന്ന ഓട് വീടാണ് ”

മുറ്റം വരെ കാർ എത്തില്ല..

ഞാൻ ചെല്ലുമ്പോൾ ആ അമ്മ മുറ്റത്തു ഉണക്കാൻ ഇട്ടിരുന്ന മുളക് ചിക്കുവായിരുന്നു..

“അമ്മേ… ”

“എന്നെ മനസ്സിലായോ… ”

“ഓർമ ഉണ്ട്… അന്ന് ബസ്സ്റ്റാൻഡിൽ..?? ”

“അതെ… ”

“കയറി ഇരിക്കൂ മോളെ… ”

അവർ ഓടി പോയി അകത്തു നിന്നും ഒരു പ്ലാസ്റ്റിക് കസേര എടുത്തു കൊണ്ടു വന്നു… സാരി തലപ്പ് കൊണ്ടു അതു തുടച്ചു എന്നോട് ഇരിക്കാൻ പറഞ്ഞു..

“മകൻ.. ”

“അകത്തുണ്ട്… മോനെ അഭി…

അവർ അകത്തു പോയി അവനെ കൂട്ടി കൊണ്ടു വന്നു…

ആ നീല കണ്ണുകൾ… എന്നെ വല്ലാതെ ആകർഷിക്കുന്നു…

“മോനെ… അന്നു നമ്മൾ സ്റ്റാൻഡിൽ വച്ചു പരിചയപ്പെട്ട കുട്ടി വന്നിരിക്കുന്നു… ”

“സൗണ്ട് കേട്ടപ്പോൾ തന്നെ ഓര്മ്മയുണ്ട്… ”

“ക്ഷമിക്കണം..അഭി…എനിക്ക് അറിയില്ലായിരുന്നു.. ”

“അതു സാരമില്ലടോ… തന്നെ കണ്ടില്ലെങ്കിലും ഈ സൗണ്ട് കേട്ടാൽ എനിക്ക് മനസിലാകും… ”

“മോൾ ഇരിക്കൂ.. ഞാൻ ചായ എടുക്കാം.. ”

“അഭി… കാഴ്ച ഇല്ലാത്ത ഈ കണ്ണുകൾക്ക് കാഴ്ചയുള്ള കണ്ണുകളേക്കാൾ വല്ലാത്തൊരു തിളക്കം ആടോ… അതുകൊണ്ടാണ് തന്നെ ഒന്ന് കാണാൻ ഓടി വന്നത്… ”

“എന്താ പേര്…? ”

“ഉത്തര…. ”

“എന്തു ചെയ്യുന്നു… ”

“അഡ്വക്കേറ്റ് ആണ്.. ”

“ആഹാ… ”

“ജന്മനാൽ…..??? ”

“അല്ല… ഒരു പത്തു വയസ്സ് ആയപ്പോൾ മുതൽ കാഴ്ച മങ്ങി തുടങ്ങി… ”

കുറച്ചു നേരം ആ കണ്ണുകളിൽ നോക്കി ഞാൻ സംസാരിച്ചു..

അമ്മ വരുന്നതിനു മുൻപായി ഞാൻ അഭിടെ കുറച്ചു ഫോട്ടോസ് എന്റെ ഫോണിൽ പകർത്തി…. ചറപറാ കുറെ സെൽഫികളും എടുത്തു കൂട്ടി…

പാവം അവൻ ഇതൊന്നും അറിയുന്നില്ല…

അപ്പോളേക്കും അമ്മ കട്ടൻചായയുമായി വന്നു..

കയ്യിൽ ഉണ്ടായിരുന്ന കവർ ഞാൻ അവർക്കു കൊടുത്തു..

“ഓണം അല്ലെ.. ഇത് അമ്മക്ക് ഒരു സാരിയും അഭിക്ക് ഒരു ജോഡി ഷർട്ടും മുണ്ടും ആണ്… ഇത്തവണത്തെ ഓണക്കോടി ഈ മോൾടെ വക ആണെന്ന് കൂട്ടിക്കോ… ”

“അയ്യോ.. ധിക്കാരം ആണെന്ന് തോന്നരുത് ഇത് ഞങ്ങൾക്ക് വേണ്ട മോളെ… ”

“വാങ്ങിച്ചോളൂ അമ്മേ… ആ കുട്ടിയെ വിഷമിപ്പിക്കണ്ട.. ”

അഭി അതു പറയുമ്പോൾ ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി….

“ഇനി പിന്നൊരിക്കൽ വരാം… ഇറങ്ങട്ടെ … ”

തിരിച്ചു വരും വഴി ഒക്കെ ആ കുടുംബം ആയിരുന്നു മനസ്സിൽ…

ഫോണിലെ ഫോട്ടോസ് എല്ലാം ഞാൻ അച്ഛനെ കാണിച്ചു കൊടുത്തു… നോക്കു അച്ഛാ.. ആ കണ്ണുകൾ… എന്തോ എനിക്ക് ആ കണ്ണുകളിൽ വല്ലാത്ത ആകർഷണം തോന്നുന്നു…

“എന്താ.. അച്ഛന്റെ കോതക്ക് പറ്റിയെ… ”

“അറിയില്ല അച്ഛാ… ”

അമ്മ ഞങ്ങളെ ഒറ്റക്കാക്കി ഈ ലോകത്തുന്നു പോയിട്ട് വർഷം അഞ്ചായി… എനിക്ക് അച്ഛനും അച്ഛന് ഞാനും മാത്രം…

എന്റെ മനസ്സ് അച്ഛന് പെട്ടന്ന് മനസിലാകുമായിരുന്നു…

*******

“പതുക്കെ നടക്കു സാർ … ”

“ദീപ… ”

“പറയു സർ… ”

“ഉത്തര പോയിട്ട് നാളേക്ക് നാല് വർഷം ആകുന്നു…”

“ഉം.. ”

” എനിക്ക് ഒന്ന് അഭിയെ കാണണം… ”

“പോകാം സർ… ”

“എന്റെ മകളുടെ കണ്ണുകൾ എങ്കിലും എനിക്ക് ജീവനോടെ കാണാലോ…. ”

അഭിയുടെ വീടിന്റെ മുറ്റത്തു കാറ്‌ നിർത്തി… അച്ഛൻ പതുക്കെ ഇറങ്ങി… ദീപ അച്ഛന്റെ ഹോം നഴ്സ് ആണ്. അവൾ അച്ഛനെ താങ്ങി നടത്തി…

“അച്ഛാ….. ”

അഭി ഓടി വന്ന് അച്ഛനെ കെട്ടിപിടിച്ചു…

“മോനെ…. ”

“വരൂ അച്ഛാ… ”

അഭിയുടെ കണ്ണുകളിലൂടെ ഞാൻ എന്റെ അച്ഛനെ കണ്ണു നിറയെ കണ്ടു…

“മോനെ… അച്ഛനെ ഒന്ന് അവിടെ ഇരുത്തു…എന്നിട്ട് അച്ഛന്റെ അടുത്തൊന്നു ഇരിക്കൂ മോനെ… ”

അഭിയുടെ കണ്ണുകളിൽ നോക്കി കരയുന്ന എന്റെ അച്ഛനെ കണ്ടു എനിക്ക് സങ്കടം സഹിക്കാൻ വയ്യായിരുന്നു ….

അഭിയുടെ കണ്ണുകളിലൂടെ എന്റെ സങ്കടം പെയ്തിറങ്ങി….

അന്ന് ഇരച്ചു പെയ്ത മഴയിൽ ചീറി പാഞ്ഞു വന്ന ലോറിയുടെ അടിയിലേക്ക് എന്റെ കാർ ഇടിച്ചു കയറുമ്പോൾ അഭിയോട് പറയാതെ പോയ എന്റെ പ്രണയവും ഉരുകി തീരുവായിരുന്നു..

അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ പാതി മരിച്ച എന്റെ കണ്ണുകൾ അഭിക്ക് നൽകുമ്പോൾ എന്റെ അച്ഛൻ കരഞ്ഞില്ല… ആ കണ്ണുകൾ എന്നും അച്ഛനോടൊപ്പം ഉണ്ടാകുമല്ലോ എന്ന സന്തോഷം ആയിരുന്നു ആ മനുഷ്യന്…

അമ്മ ഉറങ്ങുന്ന മണ്ണിൽ നിന്നു മാറി നിൽക്കാൻ ആകാതെ അച്ഛൻ ആ വീട്ടിൽ ഒറ്റക്കായി….

“അച്ഛനോടൊപ്പം ഇത്തവണ ഞാനും അമ്മയും അങ്ങോട്ട്‌ വരുവാട്ടോ… ഇനിയും അവിടെ തനിച്ചു നിർത്തിയാൽ എന്റെ ഉത്തര എന്നോട് പൊറുക്കില്ല… ”

“മോനെ നിനക്കും ഒരു ജീവിതം ഒക്കെ വേണ്ടെടാ…”

“വേണ്ട അച്ഛാ…ഈ ജീവിതം മുഴുവൻ എന്റെ ഉത്തരയെ സ്നേഹിച്ചു ആ ഓർമ്മകളിൽ ജീവിച്ചാലും….. ഈ പൊട്ടക്കണ്ണനായിരുന്ന എന്നെ ജീവനോളം സ്നേഹിച് ഈ കാഴ്ചയുടെ വര്ണ്ണപ്രപഞ്ചം എനിക്ക് നൽകിയ എന്റെ ഉത്തരയുടെ ത്യാഗത്തോളം വരില്ല..

****

അന്ന് കണ്ണു ഓപ്പറേഷൻ കഴിഞ്ഞു അഭി ആദ്യം ഓടിയത് എന്റെ അച്ഛനെ കാണാൻ ആയിരുന്നു…

സംസാരിക്കാൻ വയ്യാതെ അച്ഛൻ അഭിയെ കൂട്ടികൊണ്ടു പോയത്… എന്റെ മുറിയിലേക്ക് ആയിരുന്നു…

വാതിൽ തുറന്നു അകത്തു കയറിയതും അഭി ശരിക്കും തകർന്നു പോയി..

ചുവരിൽ നിറയെ അഭിയുടെ ചിത്രങ്ങൾ…ഞാനും അഭിയും ചേർന്നുള്ള ചിത്രങ്ങൾ…. അവന്റെ കണ്ണുകൾ മാത്രമായുള്ള ചിത്രങ്ങൾ… എല്ലാം കൂടെ ആയപ്പോൾ അഭി അലറി കരഞ്ഞു പോയി ..

എന്റെ മനസ്സ്…. അവനു മുന്നിൽ തുറക്കുകയായിരുന്നു ആ ചിത്രങ്ങൾ….

“എനിക്ക് നിന്റെ കണ്ണുകളോട് വല്ലാത്ത പ്രാന്താണ് അഭി….. ”

ചുവരിൽ ഞാൻ എഴുതിയ ആ വരികൾ വായിച്ചതും കുഴഞ്ഞു നിലത്തിരുന്നു പോയി എന്റെ അഭി….

ആ മിഴികൾ നിറഞ്ഞു ഒഴുകി…..

“അഭി…നിന്റെ ഈ കരിനീല മിഴികളോട് എനിക്ക് അടങ്ങാത്ത ആവേശം ആയിരുന്നു… ഒടുവിൽ ആ കണ്ണുകൾ ഞാൻ സ്വന്തമാക്കി…… നിന്റെ കണ്ണിലൂടെ ഇന്ന് ഞാൻ പെയ്തിറങ്ങുന്നു…. “””””

******

കടപ്പാട്
ജ്വാലമുഖി

LEAVE A REPLY

Please enter your comment!
Please enter your name here