Home Latest അനുവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനാന്ന് ആൽഫി അന്ന് അനുവിനേം കൂട്ടി ബുള്ളറ്റിൽ വാഗമണ്ണിനു പോയത്…

അനുവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനാന്ന് ആൽഫി അന്ന് അനുവിനേം കൂട്ടി ബുള്ളറ്റിൽ വാഗമണ്ണിനു പോയത്…

0

The queen of surprises
——————-

സെഡേഷന്റെ മയക്കത്തിൽ നിന്നും പതുക്കെ കണ്ണ് തുറക്കുമ്പോൾ അവൾ ആദ്യം കണ്ടത് അവന്റെ മുഖമായിരുന്നു..

“എങ്ങനെ ഉണ്ടെടാ ഇപ്പോൾ “? അവൻ പതുക്കെ അവളുടെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു.

“I am perfectly allright man “അവളുടെ കണ്ണിൽ വീണ്ടും ആ പഴയ കുറുമ്പിന്റെ തിളക്കം..

“ശരിക്കും ?” അവൻ ഒന്നുകൂടി ചോദിച്ചു.

“ഹാ അതേടോ എനിക്ക് ഒരു കുഴപ്പവുമില്ല ” അവൾ ഉഷാറായി തുടങ്ങി.

” ശേ മോശായിപ്പോയി , അപ്പോൾ നിന്നെ ഇവിടുന്നു ഡിസ്ചാർജ് ചെയ്യുമല്ലോ പെട്ടെന്ന്… കഷ്ട്ടായിപോയി ” അവൻ അവളെ കളിയാക്കി..

” ഓ നീ എന്റെ പൊക കണ്ടിട്ട് പോകാനിരിക്കുകയായിരുന്നോ തെണ്ടി, എങ്കിൽ നീ കേട്ടോ നിന്റെ 16 അടിയന്തരത്തിനു ഇഡലി വിളമ്പിയിട്ടേ ഞാൻ പോകുള്ളൂ “..

അത് കേട്ട് അവൻ അവളെ രൂക്ഷമായൊന്നു നോക്കി..
ഡി മഹാപാപി എന്ന് വിളിച്ച് അവൻ അവളുടെ ചെവിക്ക് പിടിക്കുമ്പോൾ അവൾ പൊട്ടിച്ചിരിക്കുകയായിരുന്നു, കൂടെ അവനും..
അപ്പോഴേക്കും അവളുടെ വീട്ടുകാർ അവിടേക്കു കേറി വന്നു..

“മോനെ അൽഫി, അനുവിനെ നാളെ തന്നെ ഡിസ്ചാർജ് ചെയ്യാന്നാ ഡോക്ടർ പറഞ്ഞത് ”
അനുവിന്റെ അപ്പ ആണ്..

“ആണോ? എങ്കിൽ നിങ്ങൾ ഇന്ന് വീട്ടിലേക്കു പൊക്കോ അപ്പേ , ഡിസ്ചാർജ് ആകുമ്പോൾ ഞാൻ ഇവളുമായിട്ട് അങ്ങു വന്നോളാം.. ഇനി ഇപ്പോൾ എല്ലാരും കൂടെ നിക്കണ്ടല്ലോ .. വീടൊക്കെ ഇപ്പോൾ പൊടി പിടിച്ചു കിടക്കുകയായിരിക്കില്ലേ? ആ ലുസി ആന്റിയെ വിളിച്ച് അതൊക്കെ വ്യത്തിയാക്കിയാൽ മതി , ഞങ്ങൾ അങ്ങു വന്നേക്കാം. ”

” മ് ശരി മോനെ, ജോയും ട്രീസയും വൈകിട്ട് വരുമോ? ”

“പപ്പനേം മമ്മിയെയും ഞാൻ വിളിച്ച് പറഞ്ഞോളാം ഇന്ന് ഇനി വരണ്ടാന്നു.. അവരെ അങ്ങോട്ട്‌ വിടാം നിങ്ങൾ നാല് പേരും കൂടെ ഇന്ന് അവിടെ നിക്ക് ”

“എങ്കിൽ വിളിച്ച് പറഞ്ഞേക്ക് മോനെ, ഞങ്ങൾക്ക് ഒരു കൂട്ട് ആവുമല്ലോ, മോൾ ഇല്ലാതെ ഞങ്ങൾ ആ വീട്ടിൽ ഒറ്റയ്ക്ക് ഇതുവരെ നിന്നിട്ടില്ല ” അത് പറയുമ്പോൾ അപ്പയുടെ കണ്ണ് നിറഞ്ഞു..

“എന്റെ പൊന്ന് അപ്പേ, ചുമ്മാ സെന്റി അടിച്ച് മമ്മിയെയും കൂടി കരയിക്കല്ലേ.. മമ്മി കുറച്ച് കണ്ണീർ ബാക്കി വച്ചോ ഇന്ന് വൈകിട്ട് വാനമ്പാടി സീരിയൽ കാണാനുള്ളതാ, ബാക്കി അതിലെ അനുമോൾക്കു കൂടി കൊടുക്കണ്ടേ? ഇപ്പോൾ തന്നെ തീർക്കല്ലേ ” അനു പൊട്ടിച്ചിരിച്ചു..

ഒന്ന് പോടീ കാന്താരി എന്ന് പറഞ്ഞ് മമ്മി കണ്ണീരോടെ പുഞ്ചിരിച്ചു…

ഒരു ഒമ്പതു വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ പാർട്ണർഷിപ് ബിസ്സിനസ്സ് ആണ്‌ ആ രണ്ട് കുടുംബങ്ങളേം ഒന്നാക്കിയത്.. ഗൾഫിൽ ഒരുപാട് കാലം ഒരുമിച്ചു ജോലി ചെയ്തവരാണ് അനുവിന്റെയും ആൽഫിയുടേം അപ്പന്മാർ.. പിന്നീട് അനുവിന്റെ പപ്പാ നാട്ടിലേക്കു പോന്നു.. വിവാഹശേഷം നാട്ടിൽ തന്നെ ബിസിനസ്‌ ആയി തുടർന്നു… ആൽഫിടെ അപ്പ വിവാഹശേഷവും ഗൾഫിൽ തന്നെ കുടുംബത്തോടൊപ്പം നിന്നു.. പിന്നെ മറുനാട് മടുത്തപ്പോൾ ഒമ്പത് കൊല്ലം മുന്നേ ഇങ്ങോട്ട് പോന്നു.. അതിനുശേഷമാണ് പഴയ ചങ്ങാതിമാർ ഒരുമിച്ചൊരു ബിസിനസ്‌ തുടങ്ങിയത്..

അനുവും അൽഫിയും കൂട്ട് ആവുന്നത് അവിടെ നിന്നാണ്… അവരും അച്ചന്മാരെപോലെ ഇണപിരിയാത്ത കൂട്ടുകാരായി.. എന്തിനും ഏതിനും അവൾക്കു അവൻ വേണം, അവനും അങ്ങനെ തന്നെ. വീടുകൾ തമ്മിൽ കുറച്ച് അകലം ഉണ്ടായിരുന്നെങ്കിലും അൽഫി മിക്കപ്പോഴും അനുവിന്റെ വീട്ടിൽ ആയിരുന്നു.. അങ്ങനെ കുട്ടിക്കളിയും അടിപിടിയും കുറുമ്പും കുശുമ്പും ഒക്കെ ആയിട്ട് ആരെയും അസൂയപ്പെടുത്തുന്ന പോലെ ജീവിക്കുമ്പോഴാണ് വിധി ക്രൂരമായ ഒരു തിരക്കഥയുമായ് കടന്നു വരുന്നത്…

മൊട്ടകുന്ന് കാണണമെന്ന് അനുവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനാന്ന് ആൽഫി അന്ന് അനുവിനേം കൂട്ടി ബുള്ളറ്റിൽ വാഗമണ്ണിനു പോയത്.. അവിടെ ചെന്ന് കറക്കമൊക്കെ കഴിഞ്ഞ് തിരിച്ച് പോരുമ്പോഴാണ് വണ്ടിയിൽ ഇരുന്നു അനു തലകറങ്ങുന്നെന്ന് അവനോട് പറഞ്ഞത്.. അൽഫി വണ്ടി സൈഡ് ഒതുക്കുന്നതിനു മുമ്പ് തന്നെ അവൾ താഴേക്ക് കുഴഞ്ഞു വീണു.. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കു നല്ല പരുക്ക് പറ്റി.. ചോര വാർന്നു ഒഴുക്കുന്ന അനുവിനേം നെഞ്ചോട് ചേർത്ത് അവൻ ഉറക്കെ കരഞ്ഞു.. ആൾതാമസം പോലും ഇല്ലാത്ത ഒരിടത്ത് അവന്റെ വിളി ആര് കേൾക്കാൻ..
അല്പസമയത്തിനുശേഷം അത് വഴി വന്ന താടീം മുടിയും വളർത്തിയ ചില ഫ്രീക്ക് പിള്ളേരാണ് അവരെ ഹോസ്പിറ്റലിലേക് കൊണ്ട് പോയത്.. കൂട്ടത്തിൽ ഒരാൾ ആൽഫീടെ ബുള്ളറ്റും എടുത്ത് അവരെ പിന്തുടർന്നു.. ഹോസ്പിറ്റലിൽ എത്തി അനുവിനെ അകത്തേക്ക് കേറ്റിയ ശേഷമാണ് അവന്മാർ പോയത്.. ചെയ്ത ഉപകാരത്തിനു അവരോട് നന്ദി പറഞ്ഞപ്പോൾ കൂട്ടത്തിൽ ഒരുത്തൻ അൽഫിടെ വണ്ടിടെ കീ എടുത്ത് അവന്റെ കയ്യിലേക്ക് വെച്ചിട്ടു പറഞ്ഞു ”താങ്ക്സ് ഒന്നും വേണ്ട മച്ചാ ,ഈ താടിം മുടീം വളർത്തിയവന്മാരെല്ലാം കഞ്ചാവ് അല്ല എന്നൊന്ന് അറിഞ്ഞിരുന്നാൽ മാത്രം മതി.. നാട്ടിൽ മൊത്തോം ഞങ്ങൾക്ക് അതാ പേര് അത് കൊണ്ട് പറഞ്ഞതാ ബ്രോ… ഇത്രയും പറഞ്ഞു ഇടക്ക് വെച്ച് നിന്നു പോയ അവരുടെ യാത്ര തുടരാൻ അവർ വീണ്ടും തിരിച്ച് പോകുമ്പോൾ മനസുകൊണ്ട് അവർക്ക് ഒരായിരം നന്ദി പറയുകയായിരുന്നു ആൽഫി..

വിശദമായ ചെക്കപ്പിന് ശേഷം ഡോക്ടർ ആൽഫിയെ റൂമിലേക്ക് വിളിച്ചു.. അനുവിന് കാര്യമായിട്ട് ഒന്നും ഉണ്ടാവല്ലേ എന്ന പ്രാർഥനയോടെ ഉള്ളിലേക്ക് കയറിയ അവൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കേട്ട് തകർന്നു പൊയി.. സംശയം മാത്രം ആണ് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിതീകരിക്കാനാവൂ എന്നൊക്കെ പറഞ്ഞ് ഡോക്ടർ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ ആകെ തകർന്നു .. മരണത്തേക്കാൾ ഭയാനകമായ ഒരു ജീവിതം ആണ് ഇനി മുന്നിൽ എന്ന് ഉള്ളിൽ ഇരുന്നു ആരോ അവനോട് പറയുന്ന പോലെ തോന്നി അവന്.

ഒടുവിൽ ഭയപെട്ടതുപോലെ തന്നെ സംഭവിച്ചു. കുറച്ച ദിവസങ്ങൾക്കു ശേഷം അനുവിന്റെ റിസൾട്ട്‌ വന്നു.. മനുഷ്യനെ കാർന്നുതിന്നുന്ന ആ മഹാരോഗം ആണ് അവൾക്കും എന്ന് ഡോക്ടർ വിധി എഴുതി.. അതോടെ തകർന്നു പോയത് ഒന്നല്ല രണ്ട് കുടുംബമാണ്.. പക്ഷെ തന്റെ രോഗ വിവരം അറിഞ്ഞിട്ടും ആ പത്തൊമ്പതുകാരിക്ക്‌ യാതൊരു ഭയവും ഇല്ലായിരുന്നു.. ജീവിച്ചിരിക്കുന്ന അത്രേം കാലം ഹാപ്പി ആയിരിക്കണം ചുമ്മാ കണ്ണീരും സെന്റിമെൻസും ഒന്നും എനിക്ക് വേണ്ടാന്ന് പറഞ്ഞ് അവൾ അവൾക്കു ചുറ്റുമുള്ള പ്രിയപെട്ടവരിലേക്കും അവളുടെ സന്തോഷം പകർന്നു… വീണ്ടും ജീവിതം പഴയപോലെയായി തുടങ്ങി. ഇടക്കൊക്കെ ചികിത്സയുടെ ഭാഗമായിട്ട് ഹോസ്പിറ്റലിൽ വന്നു പോയതൊഴിച്ചാൽ അവൾക്കു രോഗവുമായി യാതൊരു ബന്ധവുമില്ലായിരുന്നു.. അവളുടെ മനോധൈര്യത്തിനു മുന്നിൽ രോഗം പതുക്കെ കീഴടങ്ങാൻ തുടങ്ങി… അതോടെ നഷ്ടപെട്ട്പോയ പലതും പഴയതിനേക്കാൾ ഭംഗിയോടെ തിരിച്ചെത്തി… അനുവും ആൽഫിയും ഡിഗ്രി കഴിഞ്ഞു, ജോലി ആയി.. വർഷങ്ങൾ കഴിഞ്ഞു .. അന്ന് അവളുടെ ഇരുപത്തിമൂന്നാം പിറന്നാൾ ആയിരുന്നു, അതിന്റെ ആഘോഷങ്ങൾ ഗംഭീരമായി നടക്കുന്നതിനിടയിലാണ് അത് വീണ്ടും സംഭവിച്ചത്.. ഭക്ഷണം കഴിച്ച് പാർട്ടി കഴിഞ്ഞു എല്ലാരും തിരികെ പോയപ്പോൾ അനുവും അൽഫിയും മുകളിൽ അവളുടെ മുറിയിലേക്ക് പോയി… കിട്ടിയ ഗിഫ്റ്റ് ഒക്കെ തുറന്നു നോക്കാനുള്ള ആവേശം അവളെക്കാൾ കൂടുതൽ അവനായിരുന്നു…
നമ്മളുടെ ഒക്കെ ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ആകാംഷയോടെ ഇരിക്കുന്ന നിമിഷം എന്ന് പറയുന്നത് സമ്മാനപ്പൊതികൾ തുറന്ന് നോക്കുന്ന നിമിഷം തന്നെയല്ലേ.. അതിന് പ്രായഭേദം ഇല്ലല്ലോ… അല്ലേലും സർപ്രൈസുകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്.. അനു ഈ കാര്യത്തിൽ മിടുക്കിയാണ്.. കൂട്ടുകൂടിയ നാള് തൊട്ട് ആൽഫിയുടെ ഓരോ ബർത്ഡേയ്ക്കും അവൾ അവനെ ഞെട്ടിച്ചിട്ടുണ്ട്.. അവളുടെ സർപ്രൈസസ് അങ്ങനെയാണ്.. ആ കാര്യത്തിൽ അവളെ വെല്ലാൻ ആരുമില്ല… അങ്ങനെ സമ്മാനപൊതികളൊക്കെ അഴിച്ച് സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് അനുവിന് പെട്ടെന്നൊരു ദേഹാസ്വസ്ഥ്യം തോന്നിയത്. അവൾ അൽഫിയുടെ മടിയിലേക്കു കുഴഞ്ഞു വീണു.. ബോധം നഷ്ടപ്പെട്ട അവളേം വാരി എടുത്ത് ആൽഫി താഴേക്കു ഓടി.. അനുവിന്റെയും ആൽഫിയുടെയും അമ്മമാർ ആ കാഴ്ച്ച കണ്ട് കരച്ചിലായി…. അൽഫിയുടെ പപ്പ ഓടി ചെന്ന് വണ്ടിയെടുത്തു പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു… നാല് വർഷങ്ങൾക്കു മുൻപ് അനുഭവിച്ച അതെ മാനസിക പിരിമുറുക്കവുമായി അവർ പുറത്തു കാത്തുനിന്നു.. തിരിച്ച് കിട്ടിയ പൂക്കാലത്തെ തല്ലികെടുത്തികൊണ്ട് വീണ്ടും ആ തീക്കാറ്റ് എത്തി എന്നറിഞ്ഞ നിമിഷം എല്ലാവരും പൊട്ടികരഞ്ഞു.. പക്ഷെ ആൽഫിക്കു ഉറപ്പുണ്ടായിരുന്നു അവന്റെ അനു പഴയപോലെ മിടുക്കി ആയിട്ട് തിരിച്ച് വരുമെന്ന്.. രാവും പകലും അവൻ അവൾക്കു കൂട്ടിരുന്നു… ട്രീറ്റ്മെന്റ് മുറപോലെ നടന്നു.. അനു പതുക്കെ സുഖം പ്രാപിച്ചു.. അങ്ങനെ ആ നീണ്ട ഹോസ്പിറ്റൽ വാസം കഴിഞ്ഞു തിരികെ പോകുകയാണ് നാളെ വീട്ടിലോട്ട്.. ഇനി ഒരിക്കലും തിരിച്ച വരാൻ ഇടയാക്കല്ലേ എന്നാ പ്രാർത്ഥനയോടെ..
——————ഈ ഒരു രാത്രികൂടി കഴിഞ്ഞാൽ പിന്നെ വീട്ടിലേക്കു പോകാം. ഈ ഹോസ്പിറ്റൽ വാസം അനുവിന് ഒട്ടും പറ്റുന്നുണ്ടായിരുന്നില്ല. അൽഫി ഉള്ളത് മാത്രമായിരുന്നു അവളുടെ ആശ്വാസം. വൈകിട്ട് വീണ്ടും സിസ്റ്റർ വന്നു സെഡേഷൻ കൊടുത്തപ്പോൾ അവൾ ഉറങ്ങി… ഇന്നത്തോടെ കഴഞ്ഞല്ലോ പാവത്തിനെ കുത്തി നോവിക്കുന്നത് എന്നോർത്ത് ആൽഫിക്കും സമാധാനമായി…

“അൽഫി ഞങ്ങൾ ഇറങ്ങട്ടെ, നാളെ രാവിലെ തന്നെ ഡിസ്ചാർജ് എഴുതി തരാന്ന് ഡോക്ടർ പറഞ്ഞത്.. അപ്പോൾ രാവിലെ തന്നെ പോന്നോളൂ, ജോയിയേയും ട്രീസനേം വിളിച്ച് പറഞ്ഞായിരുന്നോ മോനെ ? ”
” പറഞ്ഞു അപ്പേ.. അവർ രാത്രി അങ്ങോട്ട്‌ വന്നോളും.. നിങ്ങൾ ഇറങ്ങിക്കോ ഇപ്പോൾ തന്നെ ലേറ്റ് ആയി, ഇനിയും നിന്നാൽ ട്രാഫിക് ബ്ലോക്ക്‌ ആകും ”

അൽഫിയോട് യാത്ര പറഞ്ഞ് അവർ ഇറങ്ങി.
അനു അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു, അൽഫി അവളുടെ അരികിലേക്ക് വന്നിരുന്നു.. പതുക്കെ അവളുടെ മുടിയിൽ തലോടി.. പിന്നെ അവളുടെ കൈയിൽ മുഖം ചേർത്ത് അവൻ ഉറങ്ങി.. പിറ്റേന്ന് രാവിലെ സിസ്റ്റർ വന്നു വിളിച്ചപ്പോഴാണ് അവൻ ഉണർന്നത്.. കൂടെ അനുവും ഉണർന്നു.. രാവിലെ തന്നെ ഡിസ്ചാർജ് ആയി, അവൻ അവളേം ചേർത്ത് പിടിച്ച് പുറത്തിറങ്ങി.. നീണ്ട 38 ദിവസങ്ങൾക്കു ശേഷം വീണ്ടും പുറംലോകത്തേക്ക്…
അവൾ കുറച്ച് സമയം അമ്പരപ്പോടെ പുറത്തേക്കു നോക്കി നിന്നു. കാഴ്ച ഇല്ലാത്ത ഒരാൾക്ക് ആദ്യമായി കാഴ്ച കിട്ടിയ അതേ കൗതുകത്തോടെ.. അവൻ അവളെ നോക്കി..
“അനൂട്ടാ പോവണ്ടെടാ നമുക്ക്, വീട്ടിൽ എല്ലാരും വെയിറ്റ് ചെയുകയാ.. നീ എന്താ ഈ ആലോചിച്ചു നിക്കുന്നെ “.. അൽഫി അവളോട് ചോദിച്ചു .

“ഒന്നുല്ലടാ , എത്ര നാളായി ഈ കാഴ്ച ഒക്കെ ഒന്ന് ശരിക്കു കണ്ടിട്ട്.. ഇനി എത്ര നാള് കൂടി കാണാൻ പറ്റുമെന്ന് അറിയില്ലല്ലോടാ ” അത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..

അവൻ അവളെ ചേർത്ത് പിടിച്ചു..
“ഞാൻ ഉള്ളപ്പോൾ ഒന്നിനും നിന്നെ വിട്ടുകൊടുക്കില്ലെടാ.. നമ്മളുടെ ഫ്രണ്ട്ഷിപ് കണ്ടിട്ട് ദൈവത്തിനുപോലും അസൂയ തോന്നിയിട്ടുണ്ടാകും അതാകും ഇടക്കൊക്കെ നമ്മളെ ഇങ്ങനെ പേടിപ്പിക്കുന്നത്.. പക്ഷെ നമ്മളുടെ സ്നേഹത്തിനു മുന്നിൽ ദൈവം തോൽക്കും എനിക്ക് ഉറപ്പുണ്ട്.. നീ വാ “. അവൻ അവൾക്കു ധൈര്യം നൽകി..

മ് .. എന്ന് ഒന്ന് ഇരുത്തി മൂളിക്കൊണ്ട് അവൾ അവനൊപ്പം നടന്നു..

വീട്ടിലെത്തിയപ്പോൾ അവിടെ അവരെ കാത്തിരുന്നത് ഡൈനിങ്ങ് ടേബിളിൽ അമ്മമാർ നിരത്തി വെച്ച സർപ്രൈസുകൾ ആയിരുന്നു.. ആർത്തിയോടെ അതൊക്കെ വാരി വലിച്ച് തിന്നുമ്പോൾ അവളെ നോക്കി അവൻ ചോദിക്കുന്നുണ്ടായിരുന്നു നീ സോമാലിയയിലെ ആശുപത്രിന്നാണോ വന്നതെന്ന്..
ഓ ആക്രാന്തം ഒട്ടും ഇല്ലാത്ത ഒരു മോൻ എന്ന് പറഞ്ഞ് അവൾ അവന്റെ തുടക്കിട്ട് പിച്ചുമ്പോൾ അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങുന്നുണ്ടായിരുന്നു..

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പൊയി.. അനുവിന്റെ രോഗം കൂടിയും കുറഞ്ഞും നിന്നു.. മരുന്നും മന്ത്രവുമൊക്കെയായി പിന്നെയും ഒരു വർഷം കൂടി കടന്നു പൊയി.. പിന്നീടുള്ള പല സമയങ്ങളിലും അവളുടെ സംസാരം മരണത്തെ കുറിച്ചായി.. ആൽഫി പല തവണ വിലക്കിയിട്ടും അവൾ അത് തുടർന്നു..
അവൾ എന്തോ എല്ലാം മുൻകൂട്ടി അറിഞ്ഞിരിക്കുന്ന പോലെ..

അന്നൊരു ഞായറാഴ്ച്ച പള്ളിയും കഴിഞ്ഞു വരുമ്പോഴാണ് ആൽഫിക്ക് അനുവിന്റെ അങ്കിളിന്റെ വിളി വരുന്നത് .. വേഗം വീട്ടിലേക്ക് വരണം അനുവിന് കൂടുതൽ ആണെന്ന് പറഞ്ഞു ആ കാൾ കട്ട് ആയി.. ആൽഫി അവന്റെ പപ്പേനേം മമ്മിയെയും കൂട്ടി അവിടെ ചെല്ലുമ്പോൾ അടുത്ത ബന്ധുക്കൾ എല്ലാം വീട്ടിൽ എത്തിയിട്ടുണ്ട്..

ആൽഫി വണ്ടി ഒതുക്കി അകത്തേക്ക് കയറുമ്പോൾ അനുവിന്റെ പൊട്ടിച്ചിരികൾ മാത്രം മുഴങ്ങി കേട്ടിരുന്ന ആ വീട് തീർത്തും നിശബ്‌ദം ആയിരുന്നു.. ആരും ആർക്കും മുഖം കൊടുക്കാതെ നിൽക്കുന്നുണ്ടായിരുന്നു.. അകത്തേക്ക് ചെന്നപ്പോൾ എല്ലാം നഷ്ടപെട്ട പോലെ അവളുടെ പപ്പ നിർവികാരനായി അവിടെ ഇരിക്കുന്നു.. അകത്തെ മുറിയിൽ നിന്നും ചില അടക്കിപ്പിടിച്ച തേങ്ങലുകൾ കേൾക്കാം.. ആൽഫി അവളുടെ മുറിയിലേക്ക് കയറി..
ആൽഫിയെ കണ്ടതോടെ അവിടെ കൂടി ഇരുന്നവരുടെ തേങ്ങലുകൾ പൊട്ടിക്കരച്ചിലായ് മാറി.. കണ്ണു ചിമ്മാതെ അനുവിന്റെ അമ്മ അവൾക്കരികിൽ അവളെ തന്നെ നോക്കി ഇരിക്കുന്നു..

അവൾ ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുകയായിരുന്നു.. . പണ്ടൊരു ബർത്ത്ടേയ്ക്കു ആൽഫി കൊടുത്ത ആ ഗിഫ്റ്റ് അവൾ ഒരു കൈ കൊണ്ട് നെഞ്ചോട് ചേർത്തിട്ടുണ്ട്.
‘ we go together like copy and paste’ എന്നെഴുതിയ ഒരു കുഞ്ഞി തലയിണ.. അത് കെട്ടിപിടിച്ചേ അവൾ ഇന്ന് വരെ ഉറങ്ങീട്ടുള്ളൂ.. അവളുടെ ആ കിടപ്പ് അവനു താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.. ആൽഫിയുടെ മമ്മി മോളേ …. എന്നൊരു അലർച്ചയോട് അനുവിന്റെ നെഞ്ചിലേക്ക് വീണപ്പോൾ അനുവിന്റെ അമ്മ ഒരു ഞെട്ടലോടെ ചുറ്റും നോക്കി.. ഇനിയുള്ള കാഴ്ചകൾ വാക്കുകൾക്കധീതം.. ആൽഫി ഒന്നും വിശ്വാസിക്കാനാവാതെ തറയിലേക്കിരുന്നു..

നിമിഷനേരം കൊണ്ട് ആ വീട് ജന സാഗരം ആയി.. അവളുടെ പ്രിയപെട്ടവരുടെ കണ്ണുനീരിൽ പലപ്പോഴും പുരോഹിതരുടെ പ്രാർത്ഥന പോലും മുങ്ങി പൊയി. . ഒടുവിൽ അവസാന യാത്ര പറഞ്ഞു ആ വീടിന്റെ വെട്ടം എന്നന്നേക്കുമായ് പടി ഇറങ്ങുമ്പോൾ ഒരു നാട് മുഴുവൻ അവളെ ഓർത്ത് കണ്ണീരു വാർത്തു.. അവൾക്ക് വേണ്ടി തീർത്ത ആറടി മണ്ണിലേക്കു പ്രാർത്ഥനകളോടെ അവളെ പറഞ്ഞയക്കുന്നതിനു മുമ്പ് അന്ത്യചുംബനം നല്കാൻ അവൾടെ പ്രിയപ്പെട്ടവർ അവൾക്കരികിലേക്ക് വന്നത് കാണ്ണുനീർ മറക്കുന്ന കാഴ്ച്ചയായ് മാറി.. അവൾടെ അപ്പയെയും അമ്മയെയും ബന്ധുക്കൾ താങ്ങി നിർത്തി..

ഒടുവിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അവൻ അവൾക്കരികിലേക്ക് ഇരുന്നു.. കയ്യിൽ കരുതിയ ആ കുഞ്ഞിത്തലയിണ അവൾടെ നെഞ്ചിലേക്ക് ചേർത്ത് വെച്ച് അവൻ അവൾക്ക് കണ്ണീരിൽ കുതിർന്ന അവസാന ചുംബനം നല്കി..
” അനൂട്ടാ .. നീ എന്നെ ഒറ്റയ്ക്കാക്കി എങ്ങോട്ടാടാ പോണേ ” എന്ന് ചോദിച്ച് അവൻ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു..

കൂട്ടുകാർ വന്ന് അവനെ താങ്ങി എണീപ്പിക്കുമ്പോൾ അവനു ബോധം നഷ്ടപ്പെട്ടിരുന്നു.. അവൻ അവളുടെ നെഞ്ചിലേക്ക് വെച്ച് കൊടുത്ത ആ സമ്മാനം എടുത്ത് മാറ്റാൻ വന്ന കാര്യകാരനെ ഇടവകയിലെ അച്ഛൻ തടഞ്ഞു.. അത് മാറ്റണ്ട ജോസെഫേ അത് അവൾ കൊണ്ട് പോയ്ക്കോട്ടെ.. അവൾടെ കൂട്ടുകാരന്റെ ഓർമ്മക്ക് അവൾ അത് നെഞ്ചോട് ചേർത്ത് വെച്ച് തന്നെ ഉറങ്ങട്ടെ..

അത് പറയുമ്പോൾ അച്ഛന്റെ കണ്ണിലും പൊടിഞ്ഞു നഷ്ടബോധത്തിന്റെ കണ്ണീർതുള്ളികൾ.. ഇനി പള്ളിയിലെ ക്വയർ സംഘത്തിൽ അവളുടെ ശബ്ദം കേൾക്കാൻ ജന്മങ്ങൾക് അപ്പുറം കാത്തിരിക്കണം എന്ന തിരിച്ചറിവ് മറ്റെന്തിനേക്കാളും വലിയ തീരാനഷ്ടം തന്നെ അയിരുന്നു..

മരണ വീട്ടിൽ നിന്നും ആളുകൾ ഒഴിഞ്ഞു തുടങ്ങി. അവൾ ഇല്ലായ്മയുടെ ആ വലിയ ശൂന്യത തീർത്ത മൂകതയിൽ മരിച്ചു ജീവിച്ച് അനുവിന്റേം അപ്പനും അമ്മയും ദിവസങ്ങൾ തള്ളിനീക്കി.. വീണ്ടും ആ വീട്ടിൽ ആളുകൾ ഒത്തുകൂടി അനുവിന്റെ നാൽപ്പത്തിയൊന്നാം ദിവസത്തെ ചടങ്ങുകൾക്കു വേണ്ടി.. യാദൃശ്ചികമാണോ വിധിയുടെ മറ്റൊരു ക്രൂരത ആണോന്നറിയില്ല അന്ന് തന്നെ അയിരുന്നു ആൽഫിയുടെ ജന്മദിനവും.. . പള്ളിയിൽ പ്രാർത്ഥനയൊക്കെ കഴിഞ്ഞു ബന്ധുക്കൾ വന്ന വഴിയെ പിരിഞ്ഞു പോയ്..

ആൽഫി പപ്പയുടെം മമ്മിയുടേം ഒപ്പം അനുവിന്റെ വീട്ടിലേക്ക് പോയി.. ശരിക്കും പറഞ്ഞാൽ അവൾ മരിച്ചതിന് ശേഷം ആദ്യമായിട്ടാണ് അവൻ അവിടേക്ക് പോകുന്നത്.. അവന്റെ പപ്പേം അമ്മേം മിക്ക ദിവസങ്ങളിലും അവിടെ ആയിരുന്നെങ്കിലും അവൻ ഒരിക്കൽ പോലും പൊയില്ല . അവളില്ലാത്ത ആ വീട്ടിലേക്ക് കയറി ചെല്ലാൻ അവനു കഴിയുമായിരുന്നില്ല.. പക്ഷെ ഇന്ന് പോകാതിരിക്കാനാവില്ല..

എല്ലാ ബർത്ഡേയ്ക്കും അവനുള്ള സമ്മാനങ്ങൾ ആ വീടിന്റെ പല ഭാഗങ്ങളിലും ഒളിപ്പിച്ച വെച്ചാണ്‌ അവൾ കൊടുത്തിരുന്നത്.. ഒരു ട്രഷർഹണ്ട് പോലെ അവനെ ഇട്ടു കുറേ വട്ടം കറക്കിയേ അവൾ അത് അവനു കൊടുത്തിരുന്നുള്ളൂ .പക്ഷെ ഇനി അങ്ങോട്ട് ആ സർപ്രൈസുകൾ ഒന്നും ഇല്ല എന്ന തിരിച്ചറിവോടെ തന്നെ ആണ് ആൽഫി ആ വീടിന്റെ പടികൾ കേറിയത്.. അവൻ അവളുടെ മുറിയിലേക്ക് കയറി അകത്തു നിന്ന് വാതിലടച്ചു.. അവരുടെ സൗഹൃദം ഏറ്റവും കൂടുതൽ കണ്ടറിഞ്ഞ ഇടമാണത്.. ആ മുറി ആയിരുന്നു അവരുടെ ലോകം.. അവൻ അവളുടെ കട്ടിലിലേക് കിടന്നു.. എവിടെയൊക്കെയോ ഇപ്പോഴും അവളുടെ ഗന്ധം ഉണ്ട്.. അവൾ ആ മുറി വിട്ടു ഇനിയും പോയിട്ടില്ലെന്ന് അവനു തോന്നി… നെഞ്ച് പൊട്ടുന്ന വേദന കടിച്ചമർത്തി അവൻ കിടന്നു..

അവളെ കുറിച്ചുള്ള ഓർമകളിലൂടെ കടന്നു പോയപ്പോഴാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവൾ പറഞ്ഞ ഒരു കാര്യം അവന് ഓർമ്മ വന്നത്.. മരണത്തെ പറ്റി അവൾ അന്ന് പറഞ്ഞപ്പോൾ അവളോട് പിണങ്ങി മിണ്ടാതിരുന്ന അവന്റടുത്ത് ചെന്ന് തോളിൽ ചാരിയിരുന്ന് അവൾ പറഞ്ഞു ‘ഡാ ഞാൻ മരിച്ച് പോയാലും നീ ഈ മുറിയിൽ വരണം ബെഡിന്റെ താഴെ ഉള്ള സ്റ്റോറേജ് സ്പേസിൽ ഒരു കീ ഉണ്ട് ,അപ്പുറത്തെ ആ പൂട്ടിയിട്ടേക്കുന്ന മുറിയുടേതാണ്.. അത് തുറന്നിട്ട്‌ അവിടെ മുഴുവൻ എന്റെയും നിന്റെയും ഫോട്ടോസ് കൊണ്ട് നിറയ്ക്കണം.. എന്നിട്ട് നീ ഇടക്കൊക്കെ അവിടെ വന്നിരിക്കണം ”

അന്ന് അവൾ പറഞ്ഞത് താല്പര്യമില്ലാതെ കേട്ടത് കൊണ്ടാവണം പിന്നെ അതെപറ്റി ഇത്രേം ദിവസമായിട്ടും ഓർക്കാതിരുന്നത്.. പക്ഷെ ഇന്നെന്താ പെട്ടന്ന് അത് ഓർമ വന്നതെന്ന് അവൻ ആലോചിച്ചു.. എന്തായാലും അവൾ അവസാനമായിട്ട് തന്നോട് ആവശ്യപ്പെട്ട കാര്യം അതായിരുന്നു, അതെന്തായാലും ചെയ്ത് കൊടുക്കണമെന്ന് തീരുമാനിച്ച് അവൻ ആ കീ കണ്ടെടുത്തു ആ മുറിയിലേക്ക് നടന്നു… പഴയ സാധനങ്ങൾ ഒക്കെ വെക്കാൻ ആയിട്ട് ഉപയോഗിച്ചിരുന്ന ഒരു മുറിയാണ് അത്.. ഇനി അതൊക്കെ വൃത്തിയാക്കി ഞങ്ങളുടെ മാത്രം ലോകമാക്കണമെന്നു തീരുമാനിച്ച് അവൻ മുറിയുടെ മുന്നിലെത്തി… പതിയെ ആ മുറി തുറന്നു അകത്ത് കയറിയപ്പോൾ ആ കാഴ്ച കണ്ട് അവൻ നടുങ്ങി…

ആ മുറി മുഴുവൻ സമ്മാനപൊതികളായിരുന്നു.. നൂറ് കണക്കിന് സമ്മാനപ്പൊതികൾ.. അവൻ ആശ്ചര്യത്തോടെ സ്വയം മറന്നു നിന്നു.. പിങ്ക് പെയിന്റ് അടിച്ച് മനോഹരമാക്കിയ ആ ഭിത്തിയിൽ വെള്ള നിറം കൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നു ‘എനിക്കേറ്റവും പ്രിയപ്പെട്ട നിനക്ക് ‘.. അത് വായിച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. തൊട്ടടുത്തിരുന്ന ഒരു ഗിഫ്റ്റ് എടുത്ത് നോക്കിയപ്പോൾ അതിൽ എഴുതിയിരുന്നത് ‘This is for ur 30 th birthday’ എന്നായിരുന്നു.. അതിനപ്പുറം ഇരുന്നതിൽ ‘This is for 50th birthday ‘എന്ന് എഴുതിയിരുന്നു.. എന്തിനാണവൾ മുറി മുഴുവൻ ഗിഫ്റ്റുകൾ കൊണ്ട് നിറച്ചതെന്നു അവന് അപ്പോഴാണ് മനസിലായത്.. അവൻ ആ സമ്മാനപൊതികളിൽ നിന്നും ആ ഗിഫ്റ്റ് തപ്പി ഏടുത്തു.. ‘This is for ur 25 th birthday’ എന്നെഴുതിയ ആ ഗിഫ്റ്റ്..

അതെടുത്ത് നെഞ്ചോടു ചേർത്തപ്പോൾ അതിൽ നിന്നും ഒരു വർണക്കടലാസ്സ് ഇളകി താഴ്ത്തേക്കു വീണു.. അവൻ അതെടുത്തു.. അതിൽ അവളുടെ കൈപ്പട.. നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവൻ അത് വായിച്ചു..

“എനിക്കേറ്റവും പ്രിയപ്പെട്ട നിനക്ക്, നീ എന്നെങ്കിലും ഇവിടെ വരുമെന്ന് എനിക്കറിയാം.. എന്റെ ആഗ്രഹങ്ങൾ ഒന്നും നീ സാധിച്ചു തരാതെ ഇരുന്നിട്ടില്ലല്ലോ.. പക്ഷെ അത് എന്നാണെന്നു എനിക്കറിയില്ല, എന്നാലും വിധി ഉണ്ടെങ്കിൽ നിന്റെ ബർത്ഡേയ്ക്ക്‌ തന്നെ നീ ഇവിടെ വരണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്.. എനിക്ക് ഇനി അധികം ദിവസമൊന്നുമില്ലന്നു ആരോ എന്നോട് പറയുന്നത് പോലെ തോന്നുന്നു അൽഫി.. നിന്റെ ഈ വർഷത്തെ ബർത്ഡേയ് ആഘോഷിക്കാൻ പോലും ഞാൻ ഉണ്ടാവുമെന്ന് തോന്നുന്നില്ല.. പക്ഷെ എവിടെയാണേലും നിന്റെ ബർത്ഡേയ് ക്ക്‌ സർപ്രൈസ് തരാതിരിക്കാൻ ആവില്ലല്ലോ എനിക്ക്.. അതോണ്ടാ ഞാൻ ഇങ്ങനൊരു സർപ്രൈസ് വെച്ചത്.. പപ്പയും മമ്മിയും എന്നെ ഹെല്പ് ചെയ്തു ഒരുപാട്… നീ ഇല്ലാത്ത സമയം നോക്കി ഇതൊക്കെ ഒപ്പിക്കാൻ ഞാൻ ശരിക്കും പാട് പെട്ടു കേട്ടോ.. എന്നാലും സന്തോഷമേ ഉള്ളു ഇനി എനിക്ക് ധൈര്യമായിട്ട് പോകാലോ.. എല്ലാ ഗിഫ്റ്റിന് മുകളിലും അത് തുറക്കേണ്ട ദിവസം ഉണ്ട്.. അന്നേ അത് തുറക്കാവൂ. ഇല്ലേൽ ഞാൻ കൊല്ലും നിന്നെ.. നീ എന്നെ പറ്റിക്കില്ലന്ന് എനിക്കറിയാം.. ഇപ്പോൾ ഈ സർപ്രൈസ് നിന്നെ ശരിക്കും ഞെട്ടിച്ചിട്ടുണ്ടെന്നും എനിക്കറിയാം.. പിന്നെ 100 ആം പിറന്നാള് വരെ ഉള്ള ഗിഫ്റ്റ് മാത്രമേ ഉള്ളു ഇതിൽ.. അത് കഴിഞ്ഞു നീ അങ്ങോട്ട്‌ വന്നേക്കണം എന്റെ അടുത്തേക്ക് കേട്ടോ.. കാത്തിരിക്കും ഞാൻ ”
അത്രയും വായിച്ചു തീർന്നപ്പോഴേക്കും ആ കടലാസ് അവന്റെ കണ്ണുനീരിൽ കുതിർന്നിരുന്നു… ഇതുപോലൊരു കൂട്ടുകാരിയെ വേറെ ആർക്കും കിട്ടിയിട്ടുണ്ടാവില്ല എന്ന് അവൻ വേദനയോടെ ഓർത്തു.. അവൾ അവന്റെ കൂടെതെന്നയുണ്ട് എന്ന വിശ്വാസത്തോടെ തന്റെ ഇരുപത്തിയഞ്ചാമത്തെ പിറന്നാൾ സമ്മാനവുമായി അവൻ മുറിക്കു പുറത്തേക്കു കടക്കുമ്പോൾ കത്തിച്ചു വെച്ച മെഴുകുതിരിക്ക്‌ മുന്നിലിരുന്ന് അവന്റെ അനു പുഞ്ചിരി തൂകുന്നുണ്ടായിരുന്നു…

Nb: ജീവിച്ചിരിക്കുമ്പോൾ ജീവനെക്കാളേറെ സ്നേഹിക്കുന്നതാണ് യഥാർത്ഥ സൗഹൃദമെങ്കിൽ മരണത്തിനപ്പുറവും സ്നേഹം കൊണ്ട് തോൽപ്പിക്കുന്ന ബന്ധങ്ങളെ എന്ത് പേരിട്ടാണ് വിളിക്കുക…..

രചന ; Niharika Ammu

LEAVE A REPLY

Please enter your comment!
Please enter your name here