Home Latest പനിക്കോൾ വന്നത് മുതൽ തുടങ്ങിയതാണ് പാരസെറ്റമോളും ചുക്കാപ്പിയുമായി പിന്നാലെ നടന്നുളള മൂപ്പരുടെ ആധി….

പനിക്കോൾ വന്നത് മുതൽ തുടങ്ങിയതാണ് പാരസെറ്റമോളും ചുക്കാപ്പിയുമായി പിന്നാലെ നടന്നുളള മൂപ്പരുടെ ആധി….

0

“ടീ അവൾക്ക് പനിക്ക് കുറവുണ്ടോ “?

രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഉപ്പച്ചി ഉമ്മയുടെ ഫോണിലേക്ക് വിളിച്ചു കാര്യം അന്വേഷിച്ചപ്പോൾ
“നിങ്ങളീ വീട്ടീന്നല്ലേ മനുഷ്യാ ഇപ്പൊ ഇറങ്ങിപോയെന്ന് പറഞ്ഞ് കയർത്ത ഉമ്മയുടെ മറുപടി കേട്ട് ഞാൻ ഉറപ്പിച്ചതാ ഉപ്പച്ചി പോയ സ്പീഡിൽ ഇപ്പോ തിരിച്ചെത്തുമെന്ന്..

പനിക്കോൾ വന്നത് മുതൽ തുടങ്ങിയതാണ് പാരസെറ്റമോളും ചുക്കാപ്പിയുമായി പിന്നാലെ നടന്നുളള മൂപ്പരുടെ ആധി.

രാത്രി പലതവണ റൂമിൽ വന്ന് നെറ്റിയിൽ കൈവെച്ചും മുടിയിൽ തലോടിയും ഇട്ടുമൂടിയ പുതപ്പ് ശരിയാക്കിയും എന്റെയുറക്കം ഉറപ്പ് വരുത്താൻ ഉപ്പച്ചി വന്നപ്പോൾ കണ്ണടച്ച് അഭിനയിക്കാൻ ഞാൻ കുറച്ച് പാട്പെട്ടു.

ഒരു ചെറിയ വേദനയുണ്ടായാൽ കൂടി ഉപ്പയിലുണ്ടാകുന്ന ആധി കണ്ട് “ഞാനെന്താ ഇളള കുട്ടിയാണോ ഉപ്പാ..ഒന്നുല്ലേലും എനിക്ക് പ്രായം 24ആയില്ലേ ” എന്നും പറഞ്ഞ് കളിയാക്കുമ്പോൾ എന്റെ നേർക്കൊരു നോട്ടം നോക്കി പറയുo
“നിനക്കല്ലേടീ നീ വലുതായെന്ന തോന്നലുള്ളത്..
എനിക്കിപ്പോഴും നീ ഏറിയിട്ടില്ലെന്ന് പറഞ്ഞ് എന്റെ വാ അടപ്പിക്കും..

കല്യാണം കഴിഞ്ഞ് നീണ്ട ആറു വർഷങ്ങൾക്ക് ശേഷം കളിയാക്കലുകൾക്കും കുറ്റപ്പെടുത്തലുകൾക്ക് ഒടുവിൽ ഉമ്മച്ചി എനിക്ക് ജന്മം തരുമ്പോൾ ഒരു രാജകുമാരിയുടെ പരിവേഷമായിരുന്നു എനിക്ക്..

പാലൂട്ടുന്ന കർത്തവ്യം ഒഴിച്ച് ഊട്ടലും ഉറക്കലും ഉടുപ്പിക്കലും തുടങ്ങി എന്റെ സുഹൃത്തായും വഴികാട്ടിയായും ഉപ്പച്ചി മുന്പേ നടന്നപ്പോൾ എന്റെ വഴിയിലെന്നും നന്മയുടെ പൂക്കളായിരുന്നു വിരിഞ്ഞത്.

പ്രായം പത്തു കഴിഞ്ഞും ഉപ്പച്ചിയുടെ നെഞ്ചിലെ ചൂടുംപറ്റി മുഖത്തെ കട്ടിയുളള മീശയിൽ കൈ വെച്ച് ഉറങ്ങിയ ഇന്നലെകൾ എന്റെ മനസ്സിലിപ്പോഴും തെളിഞ്ഞു നിൽക്കുന്നുണ്ട്.

ഒരു പെരുന്നാളോ വിശേഷ ദിവസങ്ങളോ വന്നാൽ പുത്തൻ ഉടുപ്പിച്ചും ഉപ്പച്ചിക്ക് മാത്രം വരയ്ക്കാൻ അറിയാവുന്ന താമരപ്പൂ എന്റെ കൈകളിലെ മൈലാഞ്ചി ചിത്രമായി വരച്ചുo ആയിരിക്കും എന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.. കളിപ്പാട്ടങ്ങളിൽ ഏറെയും ഉപ്പച്ചിയുണ്ടാക്കിയ ഓലപന്തും പീപ്പിയും കടലാസ് പൂക്കളുമായിരുന്നു..

ഏതു പാതിരാത്രി ആയാലും ഞാൻ വരുന്നവരേ മോളെ ഉറക്കല്ലേന്ന് ഉമ്മയോട് വിളിച്ചു പറയുമ്പോൾ ഉപ്പ കൊണ്ട് വരുന്ന മിട്ടായിപൊതി ആയിരുന്നു എന്റെ ഉറക്കം കളഞ്ഞതെങ്കിൽ ഉപ്പച്ചിക്ക് കാണേണ്ടത് എന്റെ കണ്ണിലെ തിളക്കവും പുതുമയുമായിരുന്നു.

കപ്പലണ്ടിയും തേനുണ്ടയും പൊതിഞ്ഞ മിട്ടായിപൊതി കാലങ്ങൾക്കിപ്പുറവും ഉപ്പയുടെ തുണിയുടെ മടികുത്തിൽ വെച്ച് കൊണ്ട് വരുമ്പോൾ ഇന്നതിന്റെ അവകാശി പേരക്കുട്ടി ആണെന്നൊരു മാറ്റം മാത്രമേയുള്ളൂ.

ഞാനിന്നുമോർക്കുന്നു..

ഒരുരാത്രിക്കപ്പുറം എവിടെയും അന്തിയുറങ്ങാത്ത ഞാൻ ഇക്കാടെ കയ്യും പിടിച്ചിറങ്ങിയ ദിവസം… സങ്കടം കണ്ണീരിന്റെ രൂപത്തിൽ ഉമ്മച്ചി ഒഴുക്കി വിട്ടപ്പോൾ ഉപ്പയുടെ മുഖത്ത് പോലും നോക്കാതെയാണ് ഞാൻ പടിയിറങ്ങിയത്.. എന്റെ കലങ്ങിയ കണ്ണുകൾ ഉപ്പയെ തളർത്തുമെന്ന് അറിയാവുന്നത് കൊണ്ടായിരിന്നു മുഖം കൊടുക്കാൻ പോലും ഞാനവസരം നൽകാഞ്ഞത്..

കൈനിറയെ പലഹാരങ്ങൾക്കു പുറമെ വീട്ടിലെ വാഴ കുലച്ചാൽ വരെ എന്റെ പങ്ക് ഉപ്പച്ചി ഇന്ന് കെട്ട്യോന്റെ വീട്ടിലെത്തിക്കുമ്പോൾ..
” തിന്നാൻ ഇവടൊന്നും ഇല്ലാഞ്ഞിട്ടാണോടീ നിന്റെ വാപ്പച്ചി ഇങ്ങനെ വരുന്നേ “എന്ന ഇക്കാടെ കളിയാക്കി പറച്ചിലിന്
“രണ്ടും മൂന്നും കൊല്ലം കഴിഞ്ഞ് ഇക്കാടെ ഉപ്പ നാട്ടിൽ വരുമ്പോൾ സമ്മാനിക്കുന്ന വാച്ചും പെർഫ്യൂമും നാട്ടിൽ കിട്ടൂലെ എന്ന മറുപടി കൊടുത്തായിരുന്നു ഞാൻ വാ അടപ്പിച്ചത്.

“ഒരു വാപ്പേം മോളും വന്നേക്കുന്നു എന്നും പറഞ്ഞ് പാര പണിയുന്ന കെട്ട്യോനും..
കുഞ്ഞ് ആഗ്രഹങ്ങൾ വരെ സാധിപ്പിച്ചു തന്ന് സന്തോഷിപ്പിക്കുന്ന ഉപ്പച്ചിയെ നോക്കി
“നിങ്ങൾക്ക് മാത്രേ മക്കളുള്ളൂന്നും പറഞ്ഞ് കയർക്കുന്ന ഉമ്മച്ചിക്കും അറിയാം..

ഞാൻ കണ്ട ലോകമത്രയും ആ കണ്ണിലൂടെയാണെന്ന്..

ആ കൈകളിൽ തൂങ്ങിയായിരുന്നു കാഴ്ചകൾ കാണാൻ യാത്ര തുടങ്ങിയതെന്ന്…

ശരിയും തെറ്റും തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന്..
എന്തും നേരിടാനുള്ള കരുത്ത്‌ പകർന്നതെന്ന്..

എന്റെ വേദനയിൽ വേദനിച്ചും മറ്റെന്തിനേക്കാളും എനിക്ക് സുരക്ഷിതത്വം നൽകിയും
അനുകരിക്കാനാവാത്ത സാനിധ്യവുമായി
എന്റെ വഴിയിൽ ചൂണ്ടുവിരലായി ഉപ്പച്ചിയുള്ള കാലത്തോളം എനിക്ക് തോൽവിയില്ല….
എന്റെ വഴിയിൽ ഒരു ഇരുട്ടിനും സ്ഥാനവുമില്ല…

രചന ; nafiya

LEAVE A REPLY

Please enter your comment!
Please enter your name here